വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ—മഹാശക്തിമാൻ

യഹോവ—മഹാശക്തിമാൻ

യഹോവ—മഹാശക്തിമാൻ

“അവന്റെ വീര്യമാഹാത്മ്യം [“ചലനാത്മക ഊർജത്തിന്റെ ബാഹുല്യം,” NW] നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”—യെശയ്യാവു 40:26.

1, 2. (എ) നാം എല്ലാവരും ആശ്രയിക്കുന്ന ഭൗതിക ഊർജത്തിന്റെ ഉറവിടം ഏത്‌? (ബി) സകല ശക്തിയുടെയും ആത്യന്തിക ഉറവ്‌ യഹോവ ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്നു വിവരിക്കുക.

നമ്മിൽ മിക്കവരും അത്ര ഗൗരവമായി എടുക്കാത്ത ഒന്നാണ്‌ ശക്തി. ദൃഷ്ടാന്തത്തിന്‌, നമുക്കു ചൂടും വെളിച്ചവും നൽകുന്ന അല്ലെങ്കിൽ നമ്മുടെ വൈദ്യുതോപകരണങ്ങളെ പ്രവർത്തിപ്പിക്കുന്ന വിദ്യുച്ഛക്തിയെ കുറിച്ച്‌ നാം ഏറെയൊന്നും ചിന്തിക്കാറില്ല. അവിചാരിതമായി വിദ്യുച്ഛക്തി പ്രവാഹം നിലയ്‌ക്കുമ്പോൾ മാത്രമേ, ആ ശക്തിയില്ലെങ്കിൽ നഗരങ്ങളിലെ മുഴു പ്രവർത്തനവും സ്‌തംഭിക്കും എന്നു നാം തിരിച്ചറിയുന്നുള്ളൂ. നമുക്കു വളരെ അനിവാര്യമായ ഈ വിദ്യുച്ഛക്തിയിൽ ഭൂരിഭാഗവും പരോക്ഷമായി എത്തുന്നത്‌ ഭൂമിയുടെ ഏറ്റവും ആശ്രയയോഗ്യമായ ഊർജ സ്രോതസ്സാകുന്ന സൂര്യനിൽ നിന്നാണ്‌. * ഈ സൗര-റിയാക്ടറിൽ ഓരോ സെക്കൻഡിലും 50 ലക്ഷം ടൺ വീതം ന്യൂക്ലിയർ ഇന്ധനം കത്തിയെരിഞ്ഞാണ്‌ ജീവദായകമായ ഊർജം സമൃദ്ധമായി ഭൂമിയിലെത്തുന്നത്‌.

2 എന്നാൽ ഈ സൗരോർജത്തിന്റെ ആത്യന്തിക ഉറവ്‌ ഏതാണ്‌? ഈ ആകാശ വൈദ്യുതനിലയം നിർമിച്ചത്‌ ആരാണ്‌? അത്‌ യഹോവയാം ദൈവം ആണ്‌. അവനെ പരാമർശിച്ചുകൊണ്ട്‌ സങ്കീർത്തനം 74:16 പറയുന്നു: “വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.” സകല ജീവന്റെയും ഉറവ്‌ യഹോവ ആയിരിക്കുന്നതുപോലെ, സകല ഊർജത്തിന്റെയും അഥവാ ശക്തിയുടെയും ആത്യന്തിക ഉറവും അവൻ തന്നെയാണ്‌. (സങ്കീർത്തനം 36:9) ഈ ശക്തിയെ നാം ഒരിക്കലും നിസ്സാരമായി എടുക്കരുത്‌. സൂര്യനെയും നക്ഷത്രങ്ങളെയും പോലുള്ള ആകാശ ഗോളങ്ങളെ നോക്കി, അവ എങ്ങനെ അസ്‌തിത്വത്തിൽ വന്നു എന്നതിനെ കുറിച്ചു ധ്യാനിക്കാൻ പ്രവാചകനായ യെശയ്യാവു മുഖാന്തരം യഹോവ നമ്മെ ഓർമിപ്പിക്കുന്നു. “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”—യെശയ്യാവു 40:26; യിരെമ്യാവു 32:17.

3. യഹോവയുടെ ശക്തിയുടെ പ്രകടനങ്ങളിൽനിന്ന്‌ നാം പ്രയോജനം അനുഭവിക്കുന്നത്‌ എങ്ങനെ?

3 യഹോവ മഹാശക്തിമാൻ ആയതിനാൽ, നമ്മുടെ ജീവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ ചൂടും വെളിച്ചവും സൂര്യൻ തുടർന്നും പ്രദാനം ചെയ്യുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌. എന്നാൽ, നമ്മുടെ അടിസ്ഥാന ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി മാത്രമല്ല വളരെ പ്രധാനപ്പെട്ട മറ്റു കാര്യങ്ങൾക്കു വേണ്ടിയും നാം ദൈവത്തിന്റെ ശക്തിയെ ആശ്രയിക്കുന്നു. പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഉള്ള നമ്മുടെ വിടുതൽ, നമ്മുടെ ഭാവി പ്രത്യാശ, യഹോവയിലുള്ള നമ്മുടെ ആശ്രയം എന്നിവയെല്ലാം അവൻ തന്റെ ശക്തി വിനിയോഗിക്കുന്നതിനോട്‌ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 28:6-9; യെശയ്യാവു 50:2) സൃഷ്ടിക്കാനും വിടുവിക്കാനും, അതുപോലെതന്നെ തന്റെ ജനത്തെ രക്ഷിക്കാനും ശത്രുക്കളെ നശിപ്പിക്കാനും യഹോവയ്‌ക്കുള്ള ശക്തി വിളിച്ചോതുന്ന അനേകം ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌.

സൃഷ്ടിയിൽ ദൈവശക്തി പ്രകടം

4. (എ) നിശാനഭസ്സിനെ നിരീക്ഷിച്ചത്‌ ദാവീദിന്റെമേൽ എന്തു ഫലം ഉളവാക്കി? (ബി) ആകാശ ഗോളങ്ങൾ ദൈവിക ശക്തിയെ കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

4 നമ്മുടെ സ്രഷ്ടാവിന്റെ ‘നിത്യശക്തി അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു വരുന്നു’ എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ വിശദമാക്കി. (റോമർ 1:20) നൂറ്റാണ്ടുകൾക്കു മുമ്പ്‌, സങ്കീർത്തനക്കാരനായ ദാവീദ്‌ പ്രപഞ്ചത്തിന്റെ മാഹാത്മ്യവും അതിന്റെ സ്രഷ്ടാവിന്റെ ശക്തിയും തിരിച്ചറിഞ്ഞിരുന്നു. ഒരു ഇടയൻ ആയിരിക്കെ ദാവീദ്‌ പലപ്പോഴും നിശാനഭസ്സിലേക്കു നോക്കിയിട്ടുണ്ടാകണം. അവൻ ഇങ്ങനെ എഴുതി: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” (സങ്കീർത്തനം 8:3, 4) ആകാശ ഗോളങ്ങളെ കുറിച്ചുള്ള ദാവീദിന്റെ അറിവ്‌ പരിമിതം ആയിരുന്നെങ്കിലും, നമ്മുടെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനോടുള്ള താരതമ്യത്തിൽ താൻ തീർത്തും നിസ്സാരൻ ആണെന്ന്‌ അവൻ മനസ്സിലാക്കിയിരുന്നു. പ്രപഞ്ചത്തിന്റെ അതിബൃഹത്തായ വ്യാപ്‌തിയെയും അതിനെ നിലനിർത്തിപ്പോരുന്ന ശക്തിയെയും കുറിച്ച്‌ ഇന്നു ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ വളരെയേറെ കാര്യങ്ങൾ അറിയാം. ദൃഷ്ടാന്തത്തിന്‌, 10,000 കോടി മെഗാടൺ ടിഎൻടി സ്‌ഫോടനശേഷിക്കു തുല്യമായ അത്രയും ഊർജം സൂര്യൻ ഓരോ സെക്കൻഡിലും ഉത്സർജിക്കുന്നുണ്ടെന്ന്‌ അവർ പറയുന്നു. * ആ ഊർജത്തിന്റെ വളരെ ചെറിയ ഒരു അംശം മാത്രമേ ഭൂമിയിൽ എത്തുന്നുള്ളുവെങ്കിലും, ഈ ഗോളത്തിലെ മുഴു ജീവനെയും നിലനിർത്താൻ അതു ധാരാളം മതി. എന്നാൽ സൂര്യൻ തീർച്ചയായും ആകാശത്തിലെ ഏറ്റവും ശക്തിയേറിയ നക്ഷത്രമല്ല. സൂര്യൻ ഒരു ദിവസംകൊണ്ട്‌ ഉത്സർജിക്കുന്ന അത്രയും ഊർജം ഒറ്റ സെക്കൻഡുകൊണ്ട്‌ ഉത്സർജിക്കുന്ന നക്ഷത്രങ്ങൾവരെ ഉണ്ട്‌. അപ്പോൾ, ഈ ആകാശ ഗോളങ്ങളെ സൃഷ്ടിച്ചവന്റെ ശക്തി ഒന്നു സങ്കൽപ്പിച്ചു നോക്കൂ! എലീഹൂ ഉചിതമായിത്തന്നെ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല [“കണ്ടെത്തിയിട്ടില്ല,” NW]; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു.”—ഇയ്യോബ്‌ 37:23.

5. യഹോവയുടെ പ്രവൃത്തികളിൽ അവന്റെ ശക്തിയുടെ എന്തു തെളിവ്‌ നമുക്കു കാണാം?

5 ദാവീദിനെപ്പോലെ നാം ‘ദൈവത്തിന്റെ പ്രവൃത്തികളെ നിരീക്ഷിക്കു’ന്നെങ്കിൽ എല്ലായിടത്തും, കാറ്റിലും തിരമാലയിലും, ഇടിയിലും മിന്നലിലും, ശക്തിയേറിയ നദീജല പ്രവാഹത്തിലും പ്രൗഢോജ്ജ്വലമായ പർവതങ്ങളിലും യഹോവയുടെ ശക്തിയുടെ തെളിവ്‌ നമുക്കു കാണാൻ കഴിയും. (സങ്കീർത്തനം 111:2; ഇയ്യോബ്‌ 26:12-14) അതിനു പുറമേ, യഹോവ ഇയ്യോബിനെ ഓർമിപ്പിച്ചതുപോലെ മൃഗങ്ങളും അവന്റെ ശക്തിക്കു സാക്ഷ്യം വഹിക്കുന്നു, അവയിൽ ഒന്നാണ്‌ നദീഹയം അഥവാ ഹിപ്പോപ്പൊട്ടാമസ്‌. യഹോവ ഇയ്യോബിനോട്‌ ഇങ്ങനെ പറഞ്ഞു: ‘അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്താണ്‌, അതിന്റെ എല്ലുകൾ ഇരിമ്പഴിപോലെയാണ്‌.’ (ഇയ്യോബ്‌ 40:15-18) കാട്ടുപോത്തിന്റെ ഉഗ്രമായ ശക്തിയും ബൈബിൾ കാലങ്ങളിൽ പരക്കെ അറിയപ്പെട്ടിരുന്നു. ‘സിംഹത്തിന്റെ വായിൽ നിന്നും കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ’ നിന്നും തന്നെ രക്ഷിക്കേണമേ എന്ന്‌ ദാവീദ്‌ പ്രാർഥിക്കുകയുണ്ടായി.—സങ്കീർത്തനം 22:21; ഇയ്യോബ്‌ 39:9-11.

6. തിരുവെഴുത്തുകളിൽ കാള എന്തിനെ ചിത്രീകരിക്കുന്നു, എന്തുകൊണ്ട്‌? (അടിക്കുറിപ്പു കാണുക.)

6 കാളയുടെ ശക്തി നിമിത്തം, ബൈബിൾ അതിനെ യഹോവയുടെ ശക്തിയുടെ പ്രതീകമായി ഉപയോഗിച്ചിരിക്കുന്നു. * യഹോവയുടെ സിംഹാസനത്തെ കുറിച്ചുള്ള അപ്പൊസ്‌തലനായ യോഹന്നാന്റെ ദർശനം നാലു ജീവികളെ ചിത്രീകരിക്കുന്നു. അതിൽ ഒന്നിനു കാളയുടേതു പോലുള്ള മുഖമാണ്‌ ഉണ്ടായിരുന്നത്‌. (വെളിപ്പാടു 4:6, 7) തെളിവ്‌ അനുസരിച്ച്‌, ഈ കെരൂബുകൾ യഹോവയുടെ നാല്‌ മുഖ്യ ഗുണങ്ങളെ ചിത്രീകരിക്കുന്നു, അതിലൊന്ന്‌ ശക്തിയാണ്‌. സ്‌നേഹവും ജ്ഞാനവും നീതിയുമാണ്‌ മറ്റുള്ളവ. ശക്തി ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശമായതിനാൽ, അവന്റെ ശക്തിയെയും അവൻ അത്‌ ഉപയോഗിക്കുന്ന വിധത്തെയും കുറിച്ചുള്ള വ്യക്തമായ ഗ്രാഹ്യം നമ്മെ അവനോടു കൂടുതൽ അടുപ്പിക്കുകയും നമുക്കുള്ള ശക്തി ഉചിതമായി ഉപയോഗിച്ചുകൊണ്ട്‌ അവന്റെ മാതൃക അനുകരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.—എഫെസ്യർ 5:1.

‘വല്ലഭനായ സൈന്യങ്ങളുടെ യഹോവ’

7. നന്മ തിന്മയെ ജയിച്ചടക്കുമെന്നു നമുക്ക്‌ ഉറപ്പ്‌ ഉണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

7 തിരുവെഴുത്തുകളിൽ, യഹോവയെ “സർവ്വശക്തിയുള്ള ദൈവം” എന്നു വിളിച്ചിരിക്കുന്നു. നാം ഒരിക്കലും അവന്റെ ശക്തിയെ താഴ്‌ത്തിമതിക്കുകയോ ശത്രുക്കളെ ജയിച്ചടക്കാനുള്ള അവന്റെ പ്രാപ്‌തിയെ സംശയിക്കുകയോ ചെയ്യരുതെന്ന്‌ ആ പദവിനാമം നമ്മെ ഓർമിപ്പിക്കുന്നു. (ഉല്‌പത്തി 17:1; പുറപ്പാടു 6:3) സാത്താന്റെ ദുഷ്ട വ്യവസ്ഥിതി തികച്ചും സുസ്ഥിരമാണെന്നു തോന്നിയേക്കാം. എന്നാൽ യഹോവയുടെ ദൃഷ്‌ടിയിൽ “ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും” ആണ്‌. (യെശയ്യാവു 40:15) അത്തരം ദിവ്യശക്തി ഉള്ളതിനാൽ, നന്മ തിന്മയെ ജയിച്ചടക്കും എന്നതിൽ സംശയം ഏതുമില്ല. ദുഷ്ടത വളരെ വ്യാപകമായിരിക്കുന്ന ഇക്കാലത്ത്‌, “യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവു” അത്‌ എന്നേക്കുമായി ഇല്ലായ്‌മ ചെയ്യുമെന്ന്‌ അറിയുന്നതിൽ നിന്നു നമുക്ക്‌ ആശ്വാസം നേടാനാകും.—യെശയ്യാവു 1:24; സങ്കീർത്തനം 37:9, 10.

8. യഹോവയുടെ ആജ്ഞ അനുസരിക്കുന്ന സ്വർഗീയ സൈന്യം ഏത്‌, അവരുടെ ശക്തിയെ കുറിച്ചു നമുക്ക്‌ എന്തു സൂചനയുണ്ട്‌?

8 ബൈബിളിൽ 285 പ്രാവശ്യം പ്രത്യക്ഷപ്പെടുന്ന “സൈന്യങ്ങളുടെ യഹോവ” എന്ന പദപ്രയോഗം ദൈവത്തിന്റെ ശക്തിയുടെ മറ്റൊരു ഓർമിപ്പിക്കലാണ്‌. ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്ന ‘സൈന്യങ്ങൾ’ യഹോവയുടെ ആജ്ഞ അനുസരിക്കുന്ന ആത്മസൃഷ്ടികളുടെ ഗണം ആണ്‌. (സങ്കീർത്തനം 103:20, 21; 148:2) യെരൂശലേമിനു ഭീഷണി ഉയർത്തിയ 1,85,000 അസീറിയൻ പടയാളികളെ ഈ ദൂതന്മാരിൽ ഒരുവൻ ഒറ്റ രാത്രിയിൽ കൊന്നൊടുക്കി. (2 രാജാക്കന്മാർ 19:35) യഹോവയുടെ സ്വർഗീയ സൈന്യങ്ങളുടെ ശക്തി നാം തിരിച്ചറിയുന്നെങ്കിൽ, എതിരാളികളെ നാം എളുപ്പം ഭയപ്പെടുകയില്ല. തന്നെ പിടിക്കാനെത്തിയ ഒരു വൻ സൈന്യത്താൽ ചുറ്റപ്പെട്ടപ്പോൾ എലീശാ പ്രവാചകൻ പരിഭ്രാന്തനായില്ല. കാരണം, തന്റെ ദാസനിൽനിന്നു വ്യത്യസ്‌തനായി അവന്‌, തന്നെ പിന്തുണയ്‌ക്കാൻ സ്വർഗീയ സൈന്യങ്ങളുടെ ഒരു വൻ ഗണം തന്നെ ഉണ്ടെന്ന്‌ വിശ്വാസ നേത്രങ്ങൾകൊണ്ടു കാണാൻ കഴിഞ്ഞു.—2 രാജാക്കന്മാർ 6:15-17.

9. യേശുവിനെ പോലെ നമുക്കും ദിവ്യസംരക്ഷണത്തിൽ ഉറപ്പുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ വലിയൊരു പുരുഷാരം വാളും വടികളുമായി തന്റെ നേരെ വന്നപ്പോൾ യേശുവും ദൂതപിന്തുണയെ കുറിച്ചു ബോധമുള്ളവനായിരുന്നു. പത്രൊസിനോടു വാൾ ഉറയിൽ തിരിച്ചിടാൻ പറഞ്ഞ ശേഷം യേശു, ആവശ്യമെങ്കിൽ “പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ” അയച്ചുതരാനായി തനിക്കു പിതാവിനോട്‌ അപേക്ഷിക്കാനാകുമെന്ന്‌ അവനോടു പറഞ്ഞു. (മത്തായി 26:47, 52, 53) ദൈവം ഉപയോഗിക്കുന്ന സ്വർഗീയ സൈന്യങ്ങളോടു നമുക്കു സമാനമായ വിലമതിപ്പ്‌ ഉണ്ടെങ്കിൽ നാം ദിവ്യ പിന്തുണയിൽ പരിപൂർണമായും ആശ്രയിക്കും. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”—റോമർ 8:31.

10. ആർക്കു വേണ്ടിയാണ്‌ യഹോവ തന്റെ ശക്തി ഉപയോഗിക്കുന്നത്‌?

10 ആയതിനാൽ, യഹോവ നൽകുന്ന സംരക്ഷണത്തിൽ ആശ്രയിക്കാൻ നമുക്കു സകല കാരണവുമുണ്ട്‌. അവൻ തന്റെ ശക്തി ഉപയോഗിക്കുന്നത്‌ എല്ലായ്‌പോഴും നന്മയെ ലാക്കാക്കിയും തന്റെ ഇതര ഗുണങ്ങളായ നീതി, ജ്ഞാനം, സ്‌നേഹം എന്നിവയോടു ചേർച്ചയിലുമാണ്‌. (ഇയ്യോബ്‌ 37:23; യിരെമ്യാവു 10:12) ശക്തരായ ആളുകൾ സ്വാർഥ നേട്ടങ്ങൾക്കായി ദരിദ്രരും എളിയവരുമായവരെ മിക്കപ്പോഴും ചവിട്ടിമെതിക്കുന്നു. എന്നാൽ, ‘രക്ഷിപ്പാൻ വല്ലഭനായ’ യഹോവ ‘എളിയവനെ പൊടിയിൽനിന്നു എഴുന്നേൽപ്പിക്കുന്നു.’ (സങ്കീർത്തനം 113:5-7; യെശയ്യാവു 63:1) “ശക്തനായ” ദൈവം തന്നെ ഭയപ്പെടുന്നവർക്കു വേണ്ടി നിസ്വാർഥമായി തന്റെ ശക്തി ഉപയോഗിച്ചുകൊണ്ട്‌ അഹങ്കാരികളെ താഴ്‌ത്തുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്നുവെന്ന്‌ എളിമയും വിനയവും ഉള്ളവളായിരുന്ന യേശുവിന്റെ അമ്മ മറിയ തിരിച്ചറിഞ്ഞു.—ലൂക്കൊസ്‌ 1:46-53.

യഹോവ തന്റെ ദാസന്മാർക്കു ശക്തി വെളിപ്പെടുത്തുന്നു

11. ദൈവശക്തിയുടെ ഏതു തെളിവിന്‌ പൊ.യു.മു. 1513-ൽ ഇസ്രായേല്യർ സാക്ഷ്യം വഹിച്ചു?

11 നിരവധി അവസരങ്ങളിൽ യഹോവ തന്റെ ശക്തി തന്റെ ദാസന്മാർക്കു വെളിപ്പെടുത്തി. അതിൽ ഒന്ന്‌ പൊ.യു.മു. 1513-ൽ സീനായി പർവതത്തിൽ വെച്ചായിരുന്നു. ആ വർഷം ഇസ്രായേല്യർ ദൈവശക്തിയുടെ ശ്രദ്ധേയമായ മറ്റു തെളിവുകൾ കണ്ടിരുന്നു. യഹോവ വരുത്തിയ പത്തു വിനാശക ബാധകൾ അവന്റെ ഭുജത്തിന്റെ ശക്തി വെളിപ്പെടുത്തുന്നവ ആയിരുന്നു, ഒപ്പം മിസ്രയീമിലെ ദേവന്മാരുടെ അശക്തിയും. അതിനുശേഷം ഉടൻതന്നെ, ഇസ്രായേല്യർ അത്ഭുതകരമായി ചെങ്കടൽ കുറുകെ കടന്നതും ഫറവോന്റെ സൈന്യം നശിപ്പിക്കപ്പെട്ടതും ദിവ്യശക്തിയുടെ കൂടുതൽ തെളിവായിരുന്നു. മൂന്നു മാസം കഴിഞ്ഞ്‌ സീനായി പർവതത്തിന്റെ അടിവാരത്തു വെച്ച്‌ തനിക്ക്‌ “സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരി”ക്കാൻ ഇസ്രായേൽ ജനതയെ ദൈവം ക്ഷണിച്ചു. “യഹോവ കല്‌പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന്‌ അവർ വാഗ്‌ദാനം ചെയ്‌തു. (പുറപ്പാടു 19:5, 8) അപ്പോൾ, യഹോവ തന്റെ ശക്തിയുടെ ഒരു ഉജ്ജ്വല പ്രകടനം കാഴ്‌ചവെച്ചു. ഇടിയും മിന്നലും വലിയ കാഹളധ്വനിയും ഉണ്ടായി, സീനായി പർവതം കുലുങ്ങി, അതു പുകകൊണ്ടു മൂടി. കുറെ അകലത്തിൽ നിന്നിരുന്ന ജനം ഭയന്നുവിറച്ചു. സർവശക്തനും ഏകസത്യ ദൈവവുമായ യഹോവയെ അനുസരിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിക്കേണ്ടിയിരുന്ന ദൈവിക ഭയം ആ അനുഭവത്തിൽനിന്ന്‌ അവർ പഠിക്കേണ്ടതാണെന്ന്‌ മോശെ അവരോടു പറഞ്ഞു.—പുറപ്പാടു 19:16-19; 20:18-20.

12, 13. തന്റെ നിയമനം വിട്ടുകളയാൻ ഏലീയാവിനെ പ്രേരിപ്പിച്ച സാഹചര്യം എന്ത്‌, എന്നാൽ യഹോവ അവനെ ബലപ്പെടുത്തിയത്‌ എങ്ങനെ?

12 അനേകം നൂറ്റാണ്ടുകൾക്കു ശേഷം, ഏലീയാവിന്റെ നാളിൽ സീനായി പർവതം ദിവ്യശക്തിയുടെ മറ്റൊരു പ്രദർശനത്തിനു സാക്ഷ്യം വഹിച്ചു. പ്രവാചകൻ ദൈവശക്തിയുടെ പ്രവർത്തനഫലം മുമ്പു കണ്ടിരുന്നു. ഇസ്രായേൽ ജനതയുടെ വിശ്വാസത്യാഗം നിമിത്തം മൂന്നര വർഷത്തേക്ക്‌ ദൈവം ‘ആകാശം അടച്ചുകളഞ്ഞു.’ (2 ദിനവൃത്താന്തം 7:13) തത്‌ഫലമായി ഉണ്ടായ വരൾച്ചയുടെ സമയത്ത്‌ കെരീത്ത്‌ തോട്ടിങ്കൽ കാക്കകൾ ഏലീയാവിനെ പോറ്റി. പിന്നീട്‌, ഒരു വിധവയുടെ പക്കൽ ഉണ്ടായിരുന്ന തുലോം തുച്ഛമായ ധാന്യവും എണ്ണയും അത്ഭുതകരമായി പെരുകാൻ ഇടയാക്കിക്കൊണ്ട്‌ അവന്‌ ആഹാരം ലഭിക്കുന്നുവെന്ന്‌ യഹോവ ഉറപ്പുവരുത്തി. ആ വിധവയുടെ പുത്രനെ ഉയിർപ്പിക്കാനുള്ള ശക്തി പോലും യഹോവ ഏലീയാവിനു നൽകി. ഒടുവിൽ, കർമേൽ പർവതത്തിൽ വെച്ച്‌ ദൈവത്വം സംബന്ധിച്ചു നടന്ന വിസ്‌മയാവഹമായ ഒരു പരിശോധനയുടെ സമയത്ത്‌ സ്വർഗത്തിൽനിന്ന്‌ തീ ഇറങ്ങി ഏലീയാവിന്റെ യാഗത്തെ ദഹിപ്പിച്ചു. (1 രാജാക്കന്മാർ 17:4-24; 18:36-40) എന്നാൽ താമസിയാതെ, ഏലീയാവിന്‌ എതിരെ ഈസേബെൽ വധഭീഷണി മുഴക്കിയപ്പോൾ അവനു ഭയവും നിരുത്സാഹവും തോന്നി. (1 രാജാക്കന്മാർ 19:1-4) ഒരു പ്രവാചകൻ എന്ന നിലയിലുള്ള തന്റെ വേല അവസാനിച്ചെന്നു ചിന്തിച്ചുകൊണ്ട്‌ അവൻ ആ രാജ്യത്തുനിന്ന്‌ ഒളിച്ചോടി. അവനു ധൈര്യവും ശക്തിയും പകരാൻ യഹോവ തന്റെ ദിവ്യശക്തി അവനു വ്യക്തിപരമായി കാണിച്ചുകൊടുത്തു.

13 ഏലീയാവ്‌ ഒരു ഗുഹയിൽ ഒളിച്ചിരിക്കെ, യഹോവയുടെ നിയന്ത്രണത്തിലുള്ള മൂന്നു ശക്തികളുടെ ഭയാദരവ്‌ ഉണർത്തുന്ന ഒരു പ്രകടനം അവൻ കണ്ടു—ഒരു ശക്തമായ കാറ്റ്‌, ഒരു ഭൂമികുലുക്കം, ഒടുവിൽ ഒരു തീ എന്നിവ ആയിരുന്നു അവ. എന്നാൽ യഹോവ ഏലീയാവിനോട്‌ സംസാരിച്ചത്‌ ‘സാവധാനം ഒരു മൃദുസ്വര’ത്തിലാണ്‌. യഹോവ അവനു കൂടുതൽ നിയമനങ്ങൾ നൽകുകയും ആ ദേശത്ത്‌ യഹോവയുടെ വിശ്വസ്‌ത ആരാധകരായി അപ്പോഴും 7,000 പേരുണ്ടെന്ന്‌ അവനെ അറിയിക്കുകയും ചെയ്‌തു. (1 രാജാക്കന്മാർ 19:9-18) ഏലീയാവിനെ പോലെ നമുക്കും, ശുശ്രൂഷയിൽ ഫലം ലഭിക്കാത്തതു നിമിത്തം എപ്പോഴെങ്കിലും നിരുത്സാഹം തോന്നുന്നെങ്കിൽ, സുവാർത്ത അനവരതം പ്രസംഗിക്കാൻ നമ്മെ ബലപ്പെടുത്തുന്ന “അത്യന്തശക്തി”ക്കായി യഹോവയോട്‌ അപേക്ഷിക്കാൻ കഴിയും.—2 കൊരിന്ത്യർ 4:7.

യഹോവയുടെ ശക്തി അവന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തിക്ക്‌ ഉറപ്പേകുന്നു

14. യഹോവയുടെ വ്യക്തിഗത നാമം എന്തു വെളിപ്പെടുത്തുന്നു, അവന്റെ ശക്തി അവന്റെ നാമത്തോടു ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

14 യഹോവയുടെ ശക്തി അവന്റെ നാമത്തോടും ഹിതനിർവഹണത്തോടും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. “അവൻ ആയിത്തീരാൻ ഇടയാക്കുന്നു” എന്നർഥമുള്ള യഹോവ എന്ന അതുല്യ നാമം, അവൻ തന്നെത്തന്നെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്നവൻ ആക്കിത്തീർക്കുന്നു എന്നു വെളിപ്പെടുത്തുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ നിന്നു ദൈവത്തെ തടയാൻ യാതൊരു വ്യക്തിക്കോ ശക്തിക്കോ സാധിക്കില്ല, ചില സന്ദേഹവാദികൾ ആ ഉദ്ദേശ്യങ്ങൾ ഒരിക്കലും നടക്കുകയില്ലെന്നു കരുതിയാൽ പോലും. ഒരിക്കൽ യേശു ശിഷ്യന്മാരോടു പറഞ്ഞതു പോലെ, “ദൈവത്തിന്നു സകലവും സാദ്ധ്യ”മാണ്‌.—മത്തായി 19:26.

15. യഹോവയ്‌ക്ക്‌ അസാധ്യമായി യാതൊന്നുമില്ലെന്ന്‌ അബ്രാഹാമിനെയും സാറായെയും അവൻ ഓർമിപ്പിച്ചത്‌ എങ്ങനെ?

15 ദൃഷ്ടാന്തത്തിന്‌, അബ്രാഹാമിന്റെയും സാറായുടെയും പിൻതലമുറക്കാരെ താൻ ഒരു വലിയ ജനത ആക്കുമെന്നു യഹോവ ഒരിക്കൽ വാഗ്‌ദാനം ചെയ്‌തു. എന്നാൽ അവർക്കു വർഷങ്ങളോളം കുട്ടികൾ ഉണ്ടായില്ല. പ്രസ്‌തുത വാഗ്‌ദാനം നിവൃത്തിയേറാൻ സമയമായെന്ന്‌ യഹോവ അവരോടു പറഞ്ഞപ്പോൾ അവർ ഇരുവരും വളരെ വൃദ്ധരായിരുന്നു, സാറാ അതു കേട്ടു ചിരിച്ചു. എന്നാൽ മറുപടിയായി ദൈവദൂതൻ ഇങ്ങനെ പറഞ്ഞു: “യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?” (ഉല്‌പത്തി 12:1-3; 17:4-8; 18:10-14) നാലു നൂറ്റാണ്ടു കഴിഞ്ഞ്‌, അബ്രാഹാമിന്റെ പിൻതലമുറക്കാരെ മോശെ മോവാബ്‌ സമഭൂമിയിൽ ഒന്നിച്ചുകൂട്ടിയപ്പോൾ, യഹോവ തന്റെ വാഗ്‌ദാനം നിവർത്തിച്ചുവെന്ന്‌ അവൻ അവരെ ഓർമിപ്പിച്ചു, അവർ അപ്പോൾ ഒരു വലിയ ജനതയായിത്തീർന്നിരുന്നു. മോശെ ഇങ്ങനെ പറഞ്ഞു: “[യഹോവ] നിന്റെ പിതാക്കന്മാരെ സ്‌നേഹിച്ചതുകൊണ്ടു അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു. നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമിൽനിന്നു നിന്നെ പുറപ്പെടുവിച്ചു.”—ആവർത്തനപുസ്‌തകം 4:37, 38.

16. സദൂക്യർ മരിച്ചവരുടെ പുനരുത്ഥാനത്തെ നിഷേധിച്ചത്‌ എന്തുകൊണ്ട്‌?

16 നൂറ്റാണ്ടുകൾക്കു ശേഷം, പുനരുത്ഥാനത്തിൽ വിശ്വസിക്കാഞ്ഞ സദൂക്യരെ യേശു കുറ്റം വിധിച്ചു. മരിച്ചവരെ തിരികെ കൊണ്ടുവരുമെന്ന ദൈവിക വാഗ്‌ദാനത്തിൽ വിശ്വസിക്കാൻ അവർ കൂട്ടാക്കാഞ്ഞത്‌ എന്തുകൊണ്ടായിരുന്നു? യേശു അവരോടു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്‌കകൊണ്ടു തെററിപ്പോകുന്നു.” (മത്തായി 22:29) ‘കല്ലറകളിൽ ഉള്ളവർ എല്ലാവരും [മനുഷ്യപുത്രന്റെ] ശബ്ദം കേട്ടു, പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരു’മെന്നു തിരുവെഴുത്തുകൾ നമുക്ക്‌ ഉറപ്പേകുന്നു. (യോഹന്നാൻ 5:27-29) പുനരുത്ഥാനത്തെ കുറിച്ചു ബൈബിൾ പറയുന്നത്‌ നമുക്ക്‌ അറിയാമെങ്കിൽ, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമെന്നു ദൈവശക്തിയിലുള്ള വിശ്വാസം ഹേതുവായി നാം ബോധ്യമുള്ളവരായിരിക്കും. ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; . . . യഹോവയല്ലോ അരുളിച്ചെയ്‌തിരിക്കുന്നതു.”—യെശയ്യാവു 25:8.

17. ഏതു ഭാവി ദിനത്തിൽ യഹോവയിലുള്ള ആശ്രയം ഒരു പ്രത്യേക വിധത്തിൽ അനിവാര്യമായിത്തീരും?

17 ദൈവത്തിന്റെ രക്ഷാശക്തിയിൽ നാം എല്ലാവരും ഒരു പ്രത്യേക വിധത്തിൽ ആശ്രയിക്കേണ്ടിയിരിക്കുന്ന ഒരു സമയം സമീപ ഭാവിയിൽ ആഗതമാകും. സംരക്ഷണം ഇല്ലാത്തവരായി കാണപ്പെടുന്ന ദൈവജനത്തിന്മേൽ പിശാചായ സാത്താൻ ഒരു ആക്രമണം അഴിച്ചുവിടും. (യെഹെസ്‌കേൽ 38:14-16) അപ്പോൾ ദൈവം നമുക്കുവേണ്ടി തന്റെ മഹത്തായ ശക്തി പ്രകടിപ്പിക്കും. അവൻ യഹോവ ആണെന്ന്‌ സകലരും അറിയേണ്ടിവരും. (യെഹെസ്‌കേൽ 38:21-23) ആ നിർണായക സമയത്ത്‌ ചഞ്ചലരാകാതിരിക്കാൻ നാം ഇപ്പോൾത്തന്നെ സർവശക്തനായ ദൈവത്തിൽ വിശ്വാസവും ആശ്രയവും വളർത്തിയെടുക്കണം.

18. (എ) യഹോവയുടെ ശക്തിയെ കുറിച്ചു ധ്യാനിക്കുന്നത്‌ നമുക്ക്‌ എന്തു പ്രയോജനങ്ങൾ കൈവരുത്തുന്നു? (ബി) പിൻവരുന്ന ലേഖനത്തിൽ ഏതു ചോദ്യം പരിചിന്തിക്കപ്പെടും?

18 യഹോവയുടെ ശക്തിയെ കുറിച്ചു ധ്യാനിക്കാൻ നമുക്ക്‌ അനേകം കാരണങ്ങൾ ഉണ്ടെന്നുള്ളതിൽ തെല്ലും സംശയമില്ല. അവന്റെ പ്രവൃത്തികളെ കുറിച്ചു ചിന്തിക്കുമ്പോൾ, നമ്മുടെ മഹാസ്രഷ്ടാവിനെ സ്‌തുതിക്കാനും അവൻ തന്റെ ശക്തി വളരെ ജ്ഞാനത്തോടും സ്‌നേഹത്തോടും കൂടെ ഉപയോഗിക്കുന്നതിൽ അവനു നന്ദി പറയാനും നാം താഴ്‌മയോടെ പ്രേരിതരാകുന്നു. സൈന്യങ്ങളുടെ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നാം ഒരിക്കലും ഭയത്തിന്‌ അടിമപ്പെടില്ല. അവന്റെ വാഗ്‌ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം അചഞ്ചലമായിരിക്കും. നാം ദൈവത്തിന്റെ പ്രതിച്ഛായയിലാണു സൃഷ്ടിക്കപ്പെട്ടതെന്ന്‌ ഓർമിക്കുക. ആയതിനാൽ, പരിമിതമായ അളവിൽ ആണെങ്കിലും, നമുക്കും ശക്തിയുണ്ട്‌. ശക്തി വിനിയോഗിക്കുന്ന കാര്യത്തിൽ നമുക്ക്‌ എങ്ങനെയാണ്‌ നമ്മുടെ സ്രഷ്ടാവിനെ അനുകരിക്കാൻ കഴിയുക? അടുത്ത ലേഖനത്തിൽ അതു പരിചിന്തിക്കപ്പെടും.

[അടിക്കുറിപ്പുകൾ]

^ ഖ. 1 വൈദ്യുത നിലയങ്ങളുടെ മുഖ്യ ഊർജ സ്രോതസ്സുകളായ പെട്രോളിയവും കൽക്കരിയും പോലുള്ള പ്രകൃതിജന്യ ഇന്ധനങ്ങളുടെ ഊർജം സൂര്യനിൽനിന്ന്‌ ലഭിക്കുന്നതാണെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.

^ ഖ. 4 എന്നാൽ, പരീക്ഷിച്ചിട്ടുള്ളതിലേക്കും ഏറ്റവും ശക്തിയേറിയ അണുബോംബിന്‌ 57 മെഗാടൺ ടിഎൻടി സ്‌ഫോടന ശേഷിയെ ഉള്ളൂ.

^ ഖ. 6 ബൈബിളിൽ പരാമർശിച്ചിരിക്കുന്ന കാട്ടുകാള സാധ്യതയനുസരിച്ച്‌ ഔറാക്‌സ്‌ (ലത്തീൻ യൂറസ്‌) ആയിരുന്നിരിക്കണം. രണ്ടായിരം വർഷം മുമ്പ്‌ ഈ മൃഗം ഗൗളിൽ (ഇപ്പോൾ ഫ്രാൻസ്‌) കാണപ്പെട്ടിരുന്നു. അതിനെ കുറിച്ച്‌ ജൂലിയസ്‌ സീസർ പിൻവരുന്ന വിവരണം നൽകി: “ഈ യൂറസുകൾക്ക്‌ ഏകദേശം ആനകളുടെ അത്രയും വലിപ്പമുണ്ട്‌, എന്നാൽ അവയുടെ സ്വഭാവവും നിറവും ശരീരവും കാളകളുടേതു പോലെയാണ്‌. അതിന്റെ ശക്തിയും വേഗവും അപാരം; അതിന്റെ കണ്ണിൽപ്പെടുന്ന മനുഷ്യനെയോ മൃഗത്തെയോ അതു വെറുതെ വിടില്ല.”

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാനാകുമോ?

സൃഷ്ടി യഹോവയുടെ ശക്തിക്കു സാക്ഷ്യം വഹിക്കുന്നത്‌ എങ്ങനെ?

തന്റെ ജനത്തെ പിന്താങ്ങാൻ യഹോവയ്‌ക്ക്‌ ഏതു സൈന്യങ്ങളെ ഉപയോഗിക്കാനാകും?

യഹോവ ശക്തി പ്രകടമാക്കിയ ചില അവസരങ്ങൾ ഏവ?

യഹോവ വാഗ്‌ദാനങ്ങൾ നിവർത്തിക്കുമെന്നതിനു നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രങ്ങൾ]

“നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ?”

[കടപ്പാട്‌]

Photo by Malin, © IAC/RGO 1991

[13-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ ശക്തിപ്രകടനങ്ങളെ കുറിച്ചു ധ്യാനിക്കുന്നത്‌ അവന്റെ വാഗ്‌ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നു