വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എളിമ—സമാധാനം ഉന്നമിപ്പിക്കുന്ന ഒരു ഗുണം

എളിമ—സമാധാനം ഉന്നമിപ്പിക്കുന്ന ഒരു ഗുണം

എളിമ—സമാധാനം ഉന്നമിപ്പിക്കുന്ന ഒരു ഗുണം

സകലരും എളിമ പ്രകടമാക്കുന്ന ഒരു ലോകത്തിൽ ജീവിതം എത്ര ആസ്വാദ്യമായിരിക്കും! ആളുകൾ കാര്യങ്ങൾ വളരെ അധികാരപൂർവം ആവശ്യപ്പെടുന്നവർ ആയിരിക്കില്ല, കുടുംബാംഗങ്ങൾ അധികം വഴക്കുണ്ടാക്കുന്നവർ ആയിരിക്കില്ല, കമ്പനികൾ തമ്മിൽ വലിയ കിടമത്സരം ഉണ്ടായിരിക്കില്ല, രാഷ്‌ട്രങ്ങൾ വളരെ യുദ്ധോത്സുകർ ആയിരിക്കില്ല. അത്തരമൊരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

യഹോവയാം ദൈവത്തിന്റെ യഥാർഥ ദാസന്മാർ അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിനായി തയ്യാറെടുക്കുകയാണ്‌. അവിടെ എളിമയെ ഒരു ദൗർബല്യമായിട്ടല്ല മറിച്ച്‌, ഒരു ധാർമികബലവും സദ്‌ഗുണവുമായിട്ടായിരിക്കും വീക്ഷിക്കുക. (2 പത്രൊസ്‌ 3:13) വാസ്‌തവത്തിൽ അവർ ഇപ്പോൾത്തന്നെ എളിമ എന്ന ഗുണം വളർത്തിയെടുക്കുകയാണ്‌. എന്തുകൊണ്ട്‌? യഹോവ അവരിൽനിന്ന്‌ അത്‌ ആവശ്യപ്പെടുന്നു എന്നതാണ്‌ ഒരു പ്രധാന കാരണം. അവന്റെ പ്രവാചകനായ മീഖാ ഇങ്ങനെ എഴുതി: “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ [“എളിമയോടെ,” NW] നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”—മീഖാ 6:8.

ഉന്നതഭാവമോ വൃഥാഭിമാനമോ ഇല്ലാത്ത അവസ്ഥ, ഒരുവന്റെ പ്രാപ്‌തികളെയും നേട്ടങ്ങളെയും സ്വത്തുക്കളെയും കുറിച്ചു പൊങ്ങച്ചം പറയാനുള്ള വിമുഖത എന്നിങ്ങനെ എളിമയ്‌ക്ക്‌ അനേകം കാര്യങ്ങളെ അർഥമാക്കാൻ കഴിയും. ഒരു പരാമർശ ഗ്രന്ഥം പറയുന്നതനുസരിച്ച്‌, “പരിധിക്കുള്ളിൽ നിൽക്കൽ” എന്ന അർഥവും ആ വാക്കിനുണ്ട്‌. എളിമയുള്ള വ്യക്തി സൽസ്വഭാവത്തിന്റെ പരിധിക്കുള്ളിലായിരിക്കും പ്രവർത്തിക്കുക. താൻ ചെയ്യേണ്ടതും ചെയ്യാൻ തനിക്കു കഴിയുന്നതുമായ കാര്യങ്ങൾക്കു പരിമിതികൾ ഉണ്ടെന്ന്‌ അയാൾ സമ്മതിക്കുന്നു. തന്റെ അധികാരപരിധിയിൽ വരാത്ത കാര്യങ്ങൾ ഉണ്ടെന്ന്‌ അയാൾക്ക്‌ അറിയാം. എളിമയുള്ളവരിലേക്കു നാം തീർച്ചയായും ആകർഷിതരാകുന്നു. “യഥാർഥ എളിമയെക്കാൾ രമ്യമായി യാതൊന്നുമില്ല” എന്ന്‌ ആംഗലേയ കവിയായ ജോസഫ്‌ അഡിസ്സൺ എഴുതി.

എളിമ അപൂർണ മനുഷ്യർക്കുള്ള നൈസർഗിക ഗുണമല്ല. അത്‌ നാം ശ്രമം ചെയ്‌തു വളർത്തിയെടുക്കേണ്ടതുണ്ട്‌. എളിമയുടെ വിഭിന്ന രൂപങ്ങളെ ഉദാഹരിക്കുന്ന പല സംഭവങ്ങളും നമ്മുടെ പ്രോത്സാഹനത്തിനായി ദൈവവചനത്തിൽ വിവരിക്കുന്നുണ്ട്‌.

എളിമയുള്ള രണ്ടു രാജാക്കന്മാർ

യഹോവയുടെ ഏറ്റവും വിശ്വസ്‌തരായ ദാസന്മാരിൽ ഒരാളായിരുന്നു ദാവീദ്‌. അവനെ ഇസ്രായേലിന്റെ നിയുക്ത രാജാവായി അഭിഷേകം ചെയ്‌തപ്പോൾ അവൻ വളരെ ചെറുപ്പമായിരുന്നു. അതേത്തുടർന്ന്‌, അന്നു വാഴ്‌ച നടത്തിക്കൊണ്ടിരുന്ന ശൗൽ രാജാവ്‌ ദാവീദിനെ കൊല്ലാൻ ശ്രമിച്ചു. അങ്ങനെ കടുത്ത സമ്മർദത്തിൻ കീഴിലായിത്തീർന്ന അവൻ ഒരു അഭയാർഥിയായി ജീവിക്കാൻ നിർബന്ധിതനായി.—1 ശമൂവേൽ 16:1, 11-13; 19:9, 10; 26:2, 3.

അത്തരം സാഹചര്യങ്ങളിൽ പോലും, തന്റെ ജീവൻ സംരക്ഷിക്കാനായി തനിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക്‌ പരിധികൾ ഉണ്ടെന്ന്‌ ദാവീദ്‌ തിരിച്ചറിഞ്ഞു. ഒരവസരത്തിൽ മരുഭൂമിയിൽ വെച്ച്‌, ഉറങ്ങിക്കിടക്കുകയായിരുന്ന ശൗൽ രാജാവിനെ ഉപദ്രവിക്കുന്നതിൽനിന്ന്‌ ദാവീദ്‌ അബീശായിയെ തടഞ്ഞു. അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ വീക്ഷണഗതി അനുസരിച്ച്‌, യഹോവയുടെ അഭിഷിക്തന്റെമേൽ കൈവെക്കുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്‌.” (1 ശമൂവേൽ 26:8-11, NW) ശൗലിനെ രാജസ്ഥാനത്തുനിന്നു നീക്കം ചെയ്യുക എന്നത്‌ തന്റെ അധികാരത്തിൽപ്പെട്ട കാര്യമല്ലെന്ന്‌ ദാവീദിന്‌ അറിയാമായിരുന്നു. അതിനാൽ, സൽസ്വഭാവത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട്‌ ആ അവസരത്തിൽ ദാവീദ്‌ എളിമ പ്രകടമാക്കി. സമാനമായി, ജീവൻ അപകടത്തിൽ ആയിരിക്കുന്ന അവസരത്തിൽ പോലും, “യഹോവയുടെ വീക്ഷണഗതി അനുസരിച്ച്‌” തങ്ങൾക്ക്‌ ചെയ്യാനാവാത്ത ചില കാര്യങ്ങൾ ഉണ്ടെന്ന്‌ ദൈവത്തിന്റെ ആധുനികകാല ദാസന്മാർ മനസ്സിലാക്കുന്നു.—പ്രവൃത്തികൾ 15:28, 29; 21:25.

അൽപ്പം വ്യത്യസ്‌തമായ ഒരു വിധത്തിൽ ആണെങ്കിലും, ദാവീദ്‌ രാജാവിന്റെ പുത്രനായ ശലോമോനും യുവപ്രായത്തിൽ എളിമ പ്രകടമാക്കി. രാജാവ്‌ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാൻ താൻ പ്രാപ്‌തനല്ലെന്ന്‌ സിംഹാസനസ്ഥൻ ആയപ്പോൾ ശലോമോനു തോന്നി. അവൻ ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.” തന്റെ പ്രാപ്‌തിക്കുറവും അനുഭവപരിചയമില്ലായ്‌മയും സംബന്ധിച്ച്‌ ശലോമോൻ ബോധവാനായിരുന്നു എന്നു വ്യക്തമാണ്‌. അവൻ എളിമയുള്ളവൻ ആയിരുന്നു, വൃഥാഭിമാനം കാണിച്ചില്ല. ശലോമോൻ യഹോവയോടു വിവേകത്തിനായി യാചിച്ചു. അവന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിക്കുകയും ചെയ്‌തു.—1 രാജാക്കൻമാർ 3:4-12.

മിശിഹായും അവനു വഴി ഒരുക്കിയവനും

ശലോമോന്റെ കാലത്തിന്‌ 1,000-ത്തിലേറെ വർഷങ്ങൾക്കു ശേഷം, യോഹന്നാൻ സ്‌നാപകൻ മിശിഹായ്‌ക്ക്‌ വഴി ഒരുക്കി. അങ്ങനെ, ‘അഭിഷിക്ത’ന്‌ വഴി ഒരുക്കുന്നവൻ എന്ന നിലയിൽ യോഹന്നാൻ ബൈബിൾ പ്രവചനം നിവർത്തിക്കുകയായിരുന്നു. അവന്‌ തന്റെ പദവിയെ കുറിച്ചു വീമ്പിളക്കാൻ കഴിയുമായിരുന്നു. കൂടാതെ മിശിഹായുടെ ഒരു ജഡിക ബന്ധു എന്ന നിലയിൽ സ്വമഹിമയ്‌ക്കായി ശ്രമിക്കാൻ യോഹന്നാന്‌ കഴിയുമായിരുന്നു. എന്നാൽ യേശുവിന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും താൻ യോഗ്യനല്ലെന്ന്‌ അവൻ മറ്റുള്ളവരോടു പറഞ്ഞു. യേശു യോർദാൻ നദിയിൽ സ്‌നാപനം ഏൽക്കാൻ വന്നപ്പോൾ യോഹന്നാൻ ഇപ്രകാരം പറഞ്ഞു: “നിന്നാൽ സ്‌നാനം ഏല്‌ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ”? യോഹന്നാൻ ഒരു പൊങ്ങച്ചക്കാരൻ ആയിരുന്നില്ലെന്ന്‌ ഇതു സൂചിപ്പിക്കുന്നു. അവന്‌ എളിമ ഉണ്ടായിരുന്നു.—മത്തായി 3:14; മലാഖി 4:5, 6; ലൂക്കൊസ്‌ 1:13-17; യോഹന്നാൻ 1:26, 27.

സ്‌നാപനമേറ്റ ശേഷം യേശു ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. യേശു പൂർണതയുള്ളവൻ ആയിരുന്നെങ്കിലും അവൻ ഇങ്ങനെ പറഞ്ഞു: “എനിക്കു സ്വതേ ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; . . . ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതു.” യേശു മനുഷ്യരിൽനിന്നുള്ള ബഹുമാനം തേടിയില്ല, പകരം താൻ ചെയ്‌ത സകലത്തിനും അവൻ യഹോവയ്‌ക്കു മഹത്ത്വം നൽകി. (യോഹന്നാൻ 5:30, 41-44) എളിമയുടെ എത്ര നല്ല ദൃഷ്ടാന്തം!

ദാവീദ്‌, ശലോമോൻ, യോഹന്നാൻ സ്‌നാപകൻ, പൂർണ മനുഷ്യനായിരുന്ന യേശുക്രിസ്‌തു എന്നിങ്ങനെയുള്ള യഹോവയുടെ വിശ്വസ്‌ത ദാസന്മാർ എളിമ പ്രകടമാക്കിയെന്നു വ്യക്തമാണ്‌. അവർ വമ്പു പറഞ്ഞില്ല, വൃഥാഭിമാനികൾ ആയിരുന്നില്ല. പകരം അവർ ഉചിതമായ പരിധിക്കുള്ളിൽ നിലകൊണ്ടു. അവരുടെ ദൃഷ്ടാന്തം യഹോവയുടെ ആധുനികകാല ദാസന്മാർക്ക്‌ എളിമ നട്ടുവളർത്താനും പ്രകടിപ്പിക്കാനും മതിയായ കാരണം നൽകുന്നു. എന്നാൽ അപ്രകാരം ചെയ്യുന്നതിനു മറ്റു കാരണങ്ങളുമുണ്ട്‌.

മനുഷ്യ ചരിത്രത്തിലെ ഈ പ്രക്ഷുബ്‌ധ നാളുകളിൽ, യഥാർഥ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ അമൂല്യമായ ഒരു ഗുണമാണ്‌ എളിമ. യഹോവയാം ദൈവത്തോടും മറ്റുള്ളവരോടും തന്നോടുതന്നെയും സമാധാനത്തിൽ ആയിരിക്കാൻ അത്‌ ഒരുവനെ സഹായിക്കുന്നു.

യഹോവയാം ദൈവവുമായുള്ള സമാധാനം

സത്യാരാധനയ്‌ക്കായി യഹോവ വെക്കുന്ന പരിധികൾക്ക്‌ ഉള്ളിൽ നിന്നാൽ മാത്രമേ അവനുമായി നമുക്കു സമാധാനത്തിൽ ആയിരിക്കാൻ സാധിക്കൂ. നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും യഹോവ വെച്ച പരിധികൾ ലംഘിച്ചു. അങ്ങനെ അവർ എളിമ പ്രകടമാക്കുന്നതിൽ വീഴ്‌ച വരുത്തിയ ആദ്യത്തെ മനുഷ്യരായിത്തീർന്നു. യഹോവയുടെ മുമ്പാകെയുള്ള തങ്ങളുടെ നല്ല നില മാത്രമല്ല തങ്ങളുടെ പറുദീസാ ഭവനവും ഭാവിയും ജീവനും അവർ നഷ്ടപ്പെടുത്തി. (ഉല്‌പത്തി 3:1-5, 16-19) എളിമയില്ലാഞ്ഞതു നിമിത്തം അവർക്ക്‌ എത്ര വലിയ വിലയാണ്‌ ഒടുക്കേണ്ടി വന്നത്‌!

ആദാമിനും ഹവ്വായ്‌ക്കും സംഭവിച്ച പരാജയത്തിൽനിന്ന്‌ നാം പാഠം ഉൾക്കൊള്ളേണ്ടതാണ്‌. കാരണം, നാം എങ്ങനെ പ്രവർത്തിക്കണം എന്നതു സംബന്ധിച്ച്‌ സത്യാരാധന പരിധികൾ വെക്കുന്നു. ദൃഷ്ടാന്തത്തിന്‌, “ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്‌ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന്‌ ബൈബിൾ പ്രസ്‌താവിക്കുന്നു. (1 കൊരിന്ത്യർ 6:9, 10) യഹോവ ജ്ഞാനപൂർവകമായ ഈ പരിധികൾ വെക്കുന്നത്‌ നമ്മുടെ നന്മയ്‌ക്കായിട്ടാണ്‌. നാം ആ പരിധികൾക്കുള്ളിൽ നിൽക്കുന്നതു ജ്ഞാനമായിരിക്കും. (യെശയ്യാവു 48:17, 18) “എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌” എന്ന്‌ സദൃശവാക്യങ്ങൾ 11:2 [NW] നമ്മോടു പറയുന്നു.

ഈ പരിധികൾ ലംഘിച്ചാലും നമുക്കു ദൈവവുമായി സമാധാനത്തിലായിരിക്കാൻ കഴിയുമെന്ന്‌ ഒരു മതസംഘടന നമ്മോടു പറയുന്നെങ്കിലോ? ആ സംഘടന നമ്മെ വഴിതെറ്റിക്കാൻ ശ്രമിക്കുകയായിരിക്കും ചെയ്യുന്നത്‌. കാരണം, എളിമയുണ്ടെങ്കിൽ മാത്രമേ നമുക്ക്‌ യഹോവയാം ദൈവവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ.

സഹമനുഷ്യരുമായുള്ള സമാധാനം

എളിമ മറ്റുള്ളവരുമായുള്ള സമാധാനപൂർണമായ ബന്ധത്തെയും ഊട്ടിവളർത്തുന്നു. ദൃഷ്ടാന്തത്തിന്‌, അവശ്യ കാര്യങ്ങൾകൊണ്ടു തൃപ്‌തരാകുകയും ആത്മീയ കാര്യങ്ങൾക്കു പ്രാധാന്യം നൽകുകയും ചെയ്യുന്നതിൽ മാതാപിതാക്കൾ മാതൃക വെക്കുമ്പോൾ അവരുടെ മക്കൾ അതേ മനോഭാവം നട്ടുവളർത്താൻ വളരെയേറെ സാധ്യതയുണ്ട്‌. തങ്ങൾ ആഗ്രഹിക്കുന്നതെല്ലാം എല്ലായ്‌പോഴും ലഭിച്ചില്ലെങ്കിലും, തൃപ്‌തരായിരിക്കാൻ അതു ചെറുപ്പക്കാരെ സഹായിക്കും. എളിയ ജീവിതം നയിക്കാൻ ഇത്‌ അവരെ സഹായിക്കുമെന്നു മാത്രമല്ല, കുടുംബജീവിതം കൂടുതൽ സമാധാനപൂർണവും ആയിരിക്കും.

മേൽവിചാരകന്മാർ, എളിമയുള്ളവരായിരിക്കാനും തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കാനും വിശേഷാൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. ദൃഷ്ടാന്തമായി, “എഴുതിയിരിക്കുന്നതിന്നു അപ്പുറം” പോകരുതെന്നു ക്രിസ്‌ത്യാനികൾ ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 4:6) തങ്ങളുടെ വ്യക്തിപരമായ മുൻഗണനകൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന്‌ സഭാമൂപ്പന്മാർ തിരിച്ചറിയുന്നു. പകരം, പെരുമാറ്റം, വസ്‌ത്രധാരണം, ചമയം, വിനോദം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഉചിതമായ ഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി അവർ ദൈവവചനം ഉപയോഗിക്കുന്നു. (2 തിമൊഥെയൊസ്‌ 3:14-17) മൂപ്പന്മാർ തിരുവെഴുത്തുപരമായ പരിധികൾക്ക്‌ ഉള്ളിൽ നിന്നുകൊണ്ടു പ്രവർത്തിക്കുന്നത്‌ സഭാംഗങ്ങൾ കാണുമ്പോൾ, മൂപ്പന്മാരോടുള്ള അവരുടെ ബഹുമാനം വർധിക്കും. സഭയിൽ ഊഷ്‌മളതയും സ്‌നേഹവും സമാധാനവുമുള്ള ഒരു അന്തരീക്ഷം ഉണ്ടായിരിക്കാൻ അതു സഹായിക്കുകയും ചെയ്യും.

തന്നോടുതന്നെയുള്ള സമാധാനം

എളിമ പ്രകടമാക്കുന്നവർക്ക്‌ ആന്തരിക സമാധാനമുണ്ട്‌. എളിമയുള്ള ഒരാൾ ഉത്‌കർഷേച്ഛയാൽ എരിഞ്ഞമരുന്നില്ല. അദ്ദേഹത്തിനു വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നല്ല അതിന്റെ അർഥം. ദൃഷ്ടാന്തത്തിന്‌, അദ്ദേഹം കൂടുതലായ സേവനപദവികൾ ആഗ്രഹിച്ചേക്കാം. എന്നാൽ അദ്ദേഹം യഹോവയുടെ സമയത്തിനായി കാത്തിരിക്കുന്നു. തനിക്കു ലഭിക്കുന്ന ഏതൊരു ക്രിസ്‌തീയ പദവിക്കും അദ്ദേഹം യഹോവയ്‌ക്കു ബഹുമതി നൽകുന്നു. അത്തരം പദവികളെ അദ്ദേഹം വ്യക്തിപരമായ നേട്ടമായി വീക്ഷിക്കുന്നില്ല. അത്‌ എളിമയുള്ള വ്യക്തിയെ “സമാധാനത്തിന്റെ ദൈവ”മായ യഹോവയോട്‌ കൂടുതൽ അടുപ്പിക്കുന്നു.—ഫിലിപ്പിയർ 4:9.

മറ്റുള്ളവർ നമ്മെ അവഗണിക്കുന്നതായി ചില അവസരങ്ങളിൽ നമുക്കു തോന്നുന്നുവെന്നു കരുതുക. നമുക്ക്‌ എളിമ ഉണ്ടായിരിക്കുകയും നമ്മെ കുറിച്ചുതന്നെ അഹങ്കാരപൂർവകമായ ഒരു വീക്ഷണം നാം പുലർത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതിക്ക്‌ അതു കാര്യമാക്കാതിരിക്കുന്നതല്ലേ മെച്ചം? എളിമയുള്ളവർ അടങ്ങാത്ത ഉത്‌കർഷേച്ഛ ഉള്ളവരല്ല. ആയതിനാൽ അവർ തങ്ങളോടുതന്നെ സമാധാനത്തിലാണ്‌. അത്‌ അവരുടെ വൈകാരികവും ശാരീരികവുമായ ക്ഷേമത്തിൽ കലാശിക്കുകയും ചെയ്യുന്നു.

എളിമ വളർത്തിയെടുക്കുകയും നിലനിർത്തുകയും ചെയ്യൽ

എളിമയില്ലായ്‌മയ്‌ക്ക്‌ അടിമപ്പെട്ട ആദാമും ഹവ്വായും ആ സ്വഭാവം തങ്ങളുടെ സന്തതി പരമ്പരകൾക്കു കൈമാറിക്കൊടുത്തു. നമ്മുടെ ആദ്യമാതാപിതാക്കൾ വരുത്തിയ ആ പിഴവ്‌ ആവർത്തിക്കാതിരിക്കാൻ നമ്മെ എന്തു സഹായിക്കും? എളിമ എന്ന ഉത്തമ ഗുണം നമുക്ക്‌ എങ്ങനെയാണു വളർത്തിയെടുക്കാൻ കഴിയുക?

ഒന്നാമതായി, അഖിലാണ്ഡ സ്രഷ്ടാവായ യഹോവയോടുള്ള ബന്ധത്തിൽ നമുക്കുള്ള സ്ഥാനം കൃത്യമായി മനസ്സിലാക്കുന്നത്‌ ഇക്കാര്യത്തിൽ നമ്മെ സഹായിക്കും. ദൈവത്തിന്റെ പ്രവൃത്തികളോടു താരതമ്യം ചെയ്യാൻ പോന്ന വ്യക്തിപരമായ എന്തു നേട്ടമാണ്‌ നാം കൈവരിച്ചിട്ടുള്ളത്‌? യഹോവ തന്റെ വിശ്വസ്‌ത ദാസനായ ഇയ്യോബിനോട്‌ ഇങ്ങനെ ചോദിച്ചു: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്‌താവിക്ക.” (ഇയ്യോബ്‌ 38:4) ഇയ്യോബിന്‌ ഉത്തരമില്ലായിരുന്നു. അറിവിലും പ്രാപ്‌തിയിലും അനുഭവജ്ഞാനത്തിലും നാമും അതുപോലെതന്നെ പരിമിതിയുള്ളവരല്ലേ? ആ സ്ഥിതിക്ക്‌ നമ്മുടെ പരിമിതികൾ സമ്മതിക്കുന്നതല്ലേ ഉചിതമായ സംഗതി?

ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.” അതിൽ “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും” ഉൾപ്പെടുന്നു. യഹോവയ്‌ക്ക്‌ ഉചിതമായി ഇങ്ങനെയും പറയാൻ കഴിയും: “വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു.” (സങ്കീർത്തനം 24:1; 50:10; ഹഗ്ഗായി 2:8) യഹോവയ്‌ക്കുള്ള സ്വത്തിനോടു താരതമ്യം ചെയ്യാൻ കഴിയുന്നതായി നമ്മുടെ പക്കൽ എന്താണ്‌ ഉള്ളത്‌? ഏറ്റവും ധനാഢ്യനായ വ്യക്തിക്കു പോലും തനിക്ക്‌ ഉള്ളതിനെപ്രതി വീമ്പിളക്കാൻ യാതൊരു അടിസ്ഥാനവുമില്ല! അതുകൊണ്ട്‌, റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള പൗലൊസിന്റെ നിശ്വസ്‌ത പ്രബോധനം പിൻപറ്റുന്നതു ജ്ഞാനമാണ്‌: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ . . . സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.”—റോമർ 12:3.

എളിമ നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ദൈവദാസർ എന്ന നിലയിൽ നാം ആത്മാവിന്റെ ഫലത്തിനായി—സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം [നന്മ], വിശ്വസ്‌തത, സൗമ്യത, ഇന്ദ്രിയജയം എന്നീ ഗുണങ്ങൾക്കായി—പ്രാർഥിക്കണം. (ലൂക്കൊസ്‌ 11:13; ഗലാത്യർ 5:22, 23) എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഈ ഗുണങ്ങൾ ഓരോന്നും എളിമയുള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കും. ദൃഷ്ടാന്തത്തിന്‌, സഹമനുഷ്യരോടുള്ള സ്‌നേഹം പൊങ്ങച്ചവും വൃഥാഭിമാനവും കാണിക്കാനുള്ള പ്രവണതയ്‌ക്കെതിരെ പോരാടാൻ നമ്മെ സഹായിക്കും. പ്രവർത്തിക്കുന്നതിനു മുമ്പ്‌ ചിന്തിക്കാനും അങ്ങനെ എളിമയില്ലാത്ത പ്രവർത്തനങ്ങൾ ഒഴിവാക്കാനും ഇന്ദ്രിയജയം അഥവാ ആത്മനിയന്ത്രണം നമ്മെ പ്രാപ്‌തരാക്കും.

നമുക്കു ജാഗ്രത പുലർത്താം! എളിമയില്ലായ്‌മ എന്ന കെണിയിൽ വീഴാതിരിക്കാൻ നമുക്കു സദാ ജാഗരൂകരായിരിക്കാം. മുമ്പു പ്രസ്‌താവിച്ചവരിൽ രണ്ടു രാജാക്കന്മാർ എല്ലാ അവസരങ്ങളിലും എളിമ പ്രകടമാക്കിയില്ല. ദാവീദ്‌ രാജാവ്‌ ഒരിക്കൽ ദൈവഹിതത്തിനു വിരുദ്ധമായി ഇസ്രായേലിൽ അവിവേകപൂർവം ഒരു സെൻസസ്‌ നടത്തി. ശലോമോൻ രാജാവു വ്യാജാരാധനയിൽ ഏർപ്പെടുന്ന ഘട്ടത്തോളം എളിമയില്ലായ്‌മ പ്രകടമാക്കി.—2 ശമൂവേൽ 24:1-10; 1 രാജാക്കൻമാർ 11:1-13.

ഭക്തികെട്ട ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം, എളിമയുള്ളവർ ആയിരിക്കുന്നതിനു നിതാന്ത ജാഗ്രത ആവശ്യമാണ്‌. പക്ഷേ, അതിനു നടത്തുന്ന ശ്രമം തക്ക മൂല്യമുള്ളതാണ്‌. ദൈവത്തിന്റെ പുതിയ ലോകത്തിൽ എളിമയുള്ളവർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അവർ എളിമയെ ഒരു ബലഹീനതയായിട്ടല്ല, മറിച്ച്‌ ഒരു ധാർമികബലമായി വീക്ഷിക്കും. സകല മനുഷ്യരും കുടുംബങ്ങളും എളിമയിൽനിന്ന്‌ ഉളവാകുന്ന സമാധാനത്താൽ അനുഗ്രഹിക്കപ്പെടുന്ന ആ പുതിയ ലോകത്തിലെ ജീവിതം എത്ര വിസ്‌മയാവഹമായിരിക്കും!

[23-ാം പേജിലെ ചിത്രം]

തന്റെ സകല പ്രവൃത്തികൾക്കുമുള്ള ബഹുമതി യഹോവയ്‌ക്ക്‌ നൽകിക്കൊണ്ട്‌ യേശു എളിമ പ്രകടമാക്കി