വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിരുത്തൽ സ്വീകരിച്ച ഒരു മാതൃകാപുരുഷൻ

തിരുത്തൽ സ്വീകരിച്ച ഒരു മാതൃകാപുരുഷൻ

തിരുത്തൽ സ്വീകരിച്ച ഒരു മാതൃകാപുരുഷൻ

“സാംബിയ മുതലകൾ ഒരു മാസംകൊണ്ട്‌ 30 പേരെ അകത്താക്കുന്നു.” ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ആഫ്രിക്കയിലെ ഒരു വർത്തമാനപത്രം റിപ്പോർട്ട്‌ ചെയ്‌തതാണ്‌ അത്‌. നിരീക്ഷണത്തിനായി ഈ ഉരഗങ്ങളെ പിടിച്ച ഒരു ജന്തുശാസ്‌ത്രജ്ഞൻ പറയുന്നതനുസരിച്ച്‌, “ഒരു മുതലയെ നിയന്ത്രണാധീനമാക്കാൻ 12 പേർ വേണ്ടിവന്നു.” അതേ, കരുത്തുറ്റ വാലും ബലവത്തായ താടികളും ഉള്ള മുതല ഭയമുളവാക്കുന്ന ഒരു ജന്തുതന്നെ!

സാധ്യതയനുസരിച്ച്‌ ലിവ്യാഥാൻ എന്നു പരാമർശിച്ചുകൊണ്ട്‌ ‘മദിച്ച ജന്തുക്കൾക്കെല്ലാം രാജാവായ’ മുതലയെ തന്റെ ദാസനായ ഇയ്യോബിനെ ഒരു സുപ്രധാന പാഠം പഠിപ്പിക്കാനായി യഹോവ ഉപയോഗിച്ചു. (ഇയ്യോബ്‌ 41:1, 34, NW) വടക്കൻ അറേബ്യയിൽ എവിടെയോ ഉള്ള ഊസ്‌ എന്ന സ്ഥലത്ത്‌ 3,500 വർഷം മുമ്പാണ്‌ ഈ സംഭവം നടന്നത്‌. ഈ ജീവിയെ വർണിച്ചുകൊണ്ട്‌ ദൈവം ഇയ്യോബിനോടു പറഞ്ഞു: “അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിർത്തുനില്‌ക്കുന്നവൻ ആർ?” (ഇയ്യോബ്‌ 41:10) എത്ര ശരിയാണ്‌! മുതലയെ നമുക്കു ഭയമാണെങ്കിൽ, അതിനെ സൃഷ്ടിച്ചവന്‌ എതിരായി സംസാരിക്കാൻ നാം എത്രയധികം ഭയപ്പെടണം! തെറ്റ്‌ ഏറ്റുപറഞ്ഞുകൊണ്ട്‌ ഇയ്യോബ്‌, ദൈവം പഠിപ്പിച്ച ആ പാഠത്തോടു വിലമതിപ്പു പ്രകടമാക്കി.—ഇയ്യോബ്‌ 42:1-6.

ഇയ്യോബിനെക്കുറിച്ച്‌ കേൾക്കുമ്പോൾ, പരിശോധനകൾ സഹിച്ചുനിൽക്കുന്നതിൽ അവൻ കാട്ടിയ വിശ്വസ്‌ത മാതൃകയാകാം നമ്മുടെ ഓർമയിലേക്കു വരുന്നത്‌. (യാക്കോബ്‌ 5:11) വാസ്‌തവത്തിൽ, ഇയ്യോബിന്റെ വിശ്വാസം കഠിനമായി പരിശോധിക്കപ്പെടുന്നതിനു മുമ്പുതന്നെ, യഹോവ അവനിൽ സംപ്രീതനായിരുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ ആ സമയത്ത്‌, ‘അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലായിരുന്നു.’ (ഇയ്യോബ്‌ 1:8) ഇയ്യോബിനെക്കുറിച്ച്‌ കൂടുതൽ പഠിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌. കാരണം, നമുക്കും ദൈവത്തെ എങ്ങനെ പസാദിപ്പിക്കാം എന്നു മനസ്സിലാക്കാൻ ആ പഠനം സഹായിക്കും.

ദൈവവുമായുള്ള ബന്ധത്തിന്‌ ഒന്നാം സ്ഥാനം

ഇയ്യോബ്‌ ധനികനായിരുന്നു. സ്വർണം കൂടാതെ അവന്‌, 7,000 ചെമ്മരിയാടുകളും 3,000 ഒട്ടകങ്ങളും 500 പെൺകഴുതകളും 1,000 കാളകളും അനവധി ഭൃത്യന്മാരും ഉണ്ടായിരുന്നു. (ഇയ്യോബ്‌ 1:3) എങ്കിലും ഇയ്യോബ്‌ ആശ്രയം വെച്ചത്‌ യഹോവയിൽ ആയിരുന്നു, ധനത്തിൽ അല്ലായിരുന്നു. അവൻ ഇങ്ങനെ ന്യായവാദം ചെയ്‌തു: “ഞാൻ പൊന്നു എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ, എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ, . . . അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.” (ഇയ്യോബ്‌ 31:24-28) ഇയ്യോബിനെപ്പോലെ നാമും ഭൗതിക വസ്‌തുക്കളെക്കാൾ പരമായി യഹോവയാം ദൈവവുമായുള്ള അടുത്ത ബന്ധത്തെ വിലമതിക്കേണ്ടതാണ്‌.

സഹമനുഷ്യരോടുള്ള നീതിനിഷ്‌ഠമായ ഇടപെടലുകൾ

തന്റെ ഭൃത്യന്മാരോട്‌ ഇയ്യോബ്‌ എങ്ങനെയാണ്‌ ഇടപെട്ടത്‌? അവരെ സംബന്ധിച്ചിടത്തോളം ഇയ്യോബ്‌ നീതിമാനും സമീപിക്കാവുന്നവനും ആയിരുന്നുവെന്ന്‌ ഇയ്യോബിന്റെ പിൻവരുന്ന വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്‌: “എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, ദൈവം എഴുന്നേല്‌ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? അവൻ സന്ദർശിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും?” (ഇയ്യോബ്‌ 31:13, 14) ഇയ്യോബ്‌ യഹോവയുടെ കരുണയെ വിലമതിച്ചതിനാൽ തന്റെ ഭൃത്യന്മാരോടു കരുണയോടെ ഇടപെട്ടു. പ്രത്യേകിച്ച്‌ ക്രിസ്‌തീയ സഭയിൽ മേൽവിചാരക സ്ഥാനങ്ങളിലുള്ളവർക്ക്‌ എത്ര നല്ല മാതൃക! അവർ സത്യസന്ധരും പക്ഷപാതരഹിതരും സമീപിക്കാവുന്നവരും ആയിരിക്കണം.

തന്റെ കുടുംബത്തിനു വെളിയിൽ ഉള്ളവരോടും ഇയ്യോബ്‌ താത്‌പര്യം കാണിച്ചു. മറ്റുള്ളവരോടുള്ള തന്റെ താത്‌പര്യം പ്രകടമാക്കിക്കൊണ്ട്‌ അവൻ പറഞ്ഞു: “ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ . . . പട്ടണവാതില്‌ക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ, എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.” (ഇയ്യോബ്‌ 31:16-22) നമ്മുടെ സഭയിലെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരായ ആളുകളോട്‌ നമുക്കു സമാനമായ പരിഗണന കാണിക്കാം.

സഹമനുഷ്യരോടു നിസ്വാർഥ താത്‌പര്യം ഉണ്ടായിരുന്നതിനാൽ, ഇയ്യോബ്‌ അപരിചിതർക്ക്‌ ആതിഥ്യമരുളുമായിരുന്നു. അതുകൊണ്ട്‌ അവന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടി വന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു.” (ഇയ്യോബ്‌ 31:32) യഹോവയുടെ ഇന്നത്തെ ദാസർക്ക്‌ എത്ര നല്ല മാതൃകയാണിത്‌! ബൈബിൾ സത്യത്തിൽ തത്‌പരരായ പുതിയവർ രാജ്യഹാളിലേക്കു വരുമ്പോൾ, നാം സൗഹാർദപരമായി അവരെ സ്വാഗതം ചെയ്യുന്നത്‌ അവരുടെ ആത്മീയ വളർച്ചയ്‌ക്കു സഹായകമായേക്കാം. തീർച്ചയായും, സഞ്ചാര മേൽവിചാരകന്മാർക്കും മറ്റു ക്രിസ്‌ത്യാനികൾക്കും നമ്മുടെ സ്‌നേഹപുരസ്സരമായ ആതിഥ്യം ആവശ്യമാണ്‌.—1 പത്രൊസ്‌ 4:9; 3 യോഹന്നാൻ 5-8.

ശത്രുക്കളോടു പോലും ഇയ്യോബിനു ശരിയായ മനോഭാവം ഉണ്ടായിരുന്നു. അവനെ നിന്ദിച്ചവരുടെ മേൽ വന്നേക്കാവുന്ന വിപത്തുകളെ പ്രതി അവൻ സന്തോഷിച്ചില്ല. (ഇയ്യോബ്‌ 31:29, 30) പകരം, അത്തരം ആളുകൾക്കു നന്മ ചെയ്യാൻ അവൻ സന്നദ്ധനായിരുന്നു, മൂന്നു വ്യാജ ആശ്വാസകർക്കുവേണ്ടി പ്രാർഥിക്കാനുള്ള അവന്റെ മനസ്സൊരുക്കത്തിൽ അതു പ്രകടമാണ്‌.—ഇയ്യോബ്‌ 16:2; 42:8, 9; മത്തായി 5:43-48 താരതമ്യം ചെയ്യുക.

ലൈംഗികമായി നിർമലൻ

ഇയ്യോബ്‌ തന്റെ വിവാഹ ഇണയോടു വിശ്വസ്‌തനായിരുന്നു, തന്റെ ഹൃദയത്തിൽ പരസ്‌ത്രീയോട്‌ അനുചിതമായ ഒരടുപ്പം വളർന്നുവരാൻ അവൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? എന്റെ ഹൃദയം ഒരു സ്‌ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതില്‌ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, എന്റെ ഭാര്യ മറെറാരുത്തന്നു മാവു പൊടിക്കട്ടെ; അന്യർ അവളുടെ മേൽ കുനിയട്ടെ. അതു മഹാപാതകമല്ലോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുററമത്രേ.”—ഇയ്യോബ്‌ 31:1, 9-11.

അധാർമിക മോഹങ്ങൾ തന്റെ ഹൃദയത്തെ മലിനമാക്കാൻ ഇയ്യോബ്‌ അനുവദിച്ചില്ല. പകരം, അവൻ ശരിയായ ഒരു ഗതി പിന്തുടർന്നു. അധാർമിക വശീകരണങ്ങളെ ശക്തമായി ചെറുത്തുനിന്ന ഈ വിശ്വസ്‌ത മനുഷ്യനിൽ യഹോവയാം ദൈവം സംപ്രീതനായതിൽ തെല്ലും അതിശയിക്കാനില്ല.—മത്തായി 5:27-30.

കുടുംബത്തിന്റെ ആത്മീയത സംബന്ധിച്ചു ചിന്തയുള്ളവൻ

ഇയ്യോബിന്റെ പുത്രീപുത്രന്മാരെല്ലാം ഒന്നിച്ചുകൂടുന്ന വിരുന്നുകൾ അവന്റെ പുത്രന്മാർ ചിലപ്പോഴൊക്കെ ഒരുക്കുമായിരുന്നു. വിരുന്നുകളുടെ ആ ദിനങ്ങൾ കഴിയുമ്പോൾ, തന്റെ മക്കൾ ഏതെങ്കിലും വിധത്തിൽ യഹോവയ്‌ക്കെതിരെ പാപം ചെയ്‌തുപോയോ എന്ന്‌ ഇയ്യോബിനു വളരെ ഉത്‌കണ്‌ഠയായിരുന്നു. അതുകൊണ്ട്‌ അവൻ നടപടിയെടുത്തിരുന്നു. ബൈബിൾ വിവരണം പറയുന്നു: “വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ്‌ പക്ഷേ എന്റെ പുത്രന്മാർ പാപം ചെയ്‌തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും രാവിലെ എഴുന്നേററു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും.” (ഇയ്യോബ്‌ 1:4, 5) തന്റെ കുടുംബാംഗങ്ങൾക്ക്‌ ആരോഗ്യാവഹമായ യഹോവാഭയം ഉണ്ടായിരിക്കുന്നതിലും അവർ അവന്റെ മാർഗത്തിൽ നടക്കുന്നതിലും ഇയ്യോബ്‌ കാണിച്ച താത്‌പര്യം അവന്റെ കുടുംബാംഗങ്ങളിൽ എത്ര മതിപ്പ്‌ ഉളവാക്കിയിരിക്കണം!

ഇന്ന്‌, ദൈവവചനമായ ബൈബിൾ ഉപയോഗിച്ചുകൊണ്ട്‌ ക്രിസ്‌തീയ കുടുംബനാഥന്മാർ തങ്ങളുടെ കുടുംബത്തെ പ്രബോധിപ്പിക്കേണ്ടതുണ്ട്‌. (1 തിമൊഥെയൊസ്‌ 5:8) കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നതും തീർച്ചയായും ഉചിതമാണ്‌.—റോമർ 12:13.

പരിശോധനയെ വിശ്വസ്‌തമായി സഹിച്ചുനിന്നു

ബൈബിൾ വായിക്കുന്ന മിക്കവരും ഇയ്യോബിനു നേരിട്ട കഠിന പരിശോധനകളെ കുറിച്ച്‌ അറിവുള്ളവരാണ്‌. പരിശോധിക്കപ്പെട്ടാൽ ഇയ്യോബ്‌ ദൈവത്തെ ശപിക്കുമെന്നാണു പിശാചായ സാത്താൻ തറപ്പിച്ചു പറഞ്ഞത്‌. യഹോവ ആ വെല്ലുവിളി സ്വീകരിച്ചു, പെട്ടെന്നുതന്നെ സാത്താൻ ഇയ്യോബിനെതിരെ വിപത്തുകളുടെ ഒരു പരമ്പരതന്നെ അഴിച്ചുവിട്ടു. തന്റെ മൃഗസമ്പത്തെല്ലാം അവനു നഷ്ടപ്പെട്ടു. അതിലും ദുഃഖകരമായി, അവന്റെ മക്കളെല്ലാം മരിച്ചു. അതു കഴിഞ്ഞയുടനെ, സാത്താൻ അവന്റെ മേൽ ആപാദചൂഡം അറപ്പുളവാക്കുന്ന പരുക്കൾ വരുത്തി.—ഇയ്യോബ്‌ 1-ഉം 2-ഉം അധ്യായങ്ങൾ.

ഫലമെന്തായിരുന്നു? ദൈവത്തെ ശപിക്കാൻ ഭാര്യ അവനെ നിർബന്ധിച്ചപ്പോൾ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ”? ബൈബിൾ രേഖ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ഇതിൽ ഒന്നിലും ഇയ്യോബ്‌ അധരങ്ങളാൽ പാപം ചെയ്‌തില്ല.” (ഇയ്യോബ്‌ 2:10) അതേ, ഇയ്യോബ്‌ വിശ്വസ്‌തതയോടെ കഷ്‌ടങ്ങൾ സഹിച്ചുനിന്നുകൊണ്ട്‌ പിശാച്‌ ഒരു നുണയനാണെന്നു തെളിയിച്ചു. നമുക്കും സമാനമായി പരിശോധനകളെ സഹിച്ചുനിൽക്കാം. അങ്ങനെ, നമ്മുടെ ദൈവസേവനം യഹോവയോടുള്ള യഥാർഥ സ്‌നേഹത്താൽ പ്രേരിതമാണെന്നു തെളിയിക്കാം.—മത്തായി 22:36-38.

താഴ്‌മയോടെ തിരുത്തൽ സ്വീകരിച്ചു

പല വിധങ്ങളിലും ഇയ്യോബ്‌ ഒരു മാതൃകാപുരുഷൻ ആയിരുന്നെങ്കിലും, അവൻ പൂർണനായിരുന്നില്ല. അവൻതന്നെ ഇങ്ങനെ പറഞ്ഞു: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.” (ഇയ്യോബ്‌ 14:4; റോമർ 5:12) അതുകൊണ്ടു കളങ്കമില്ലാത്തവൻ എന്നു ദൈവം ഇയ്യോബിനെക്കുറിച്ചു പറഞ്ഞപ്പോൾ, അപൂർണരും പാപികളുമായ ദാസന്മാരിൽനിന്നു ദൈവം പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്കനുസൃതമായി അവൻ ജീവിച്ചു എന്ന അർഥത്തിലാണ്‌ അതു സത്യമായിരുന്നത്‌. പ്രോത്സാഹനത്തിന്റെ എത്ര നല്ല ഉറവ്‌!

പരിശോധനയിൽ ഇയ്യോബ്‌ സഹിച്ചുനിന്നെങ്കിലും അത്‌ അവനുണ്ടായിരുന്ന ഒരു കുറവ്‌ വെളിച്ചത്തു കൊണ്ടുവന്നു. ഇയ്യോബിനു നേരിട്ട വിപത്തുകളെ കുറിച്ചു കേട്ട മൂന്ന്‌ ആശ്വാസകർ അവനെ സന്ദർശിച്ചു. (ഇയ്യോബ്‌ 2:11-13) ഇയ്യോബ്‌ മഹാപാപങ്ങൾ ചെയ്‌തതു നിമിത്തം യഹോവ അവനെ ശിക്ഷിക്കുകയാണെന്ന്‌ അവർ ആരോപിച്ചു. ഈ വ്യാജ ആരോപണങ്ങളെല്ലാം ഇയ്യോബിനെ സ്വാഭാവികമായും വേദനിപ്പിച്ചു. അതിനാൽ അവൻ ശക്തമായ എതിർവാദം നടത്തി. എങ്കിലും സ്വയം നീതീകരിക്കാനുള്ള ശ്രമത്തിൽ അവന്റെ സമനില കൈവിട്ടുപോയി. എന്തിനധികം, താൻ ദൈവത്തെക്കാൾ പോലും നീതിമാനാണെന്ന്‌ അവൻ സൂചിപ്പിച്ചു.—ഇയ്യോബ്‌ 35:2, 3.

ദൈവം ഇയ്യോബിനെ സ്‌നേഹിച്ചിരുന്നതിനാൽ, അവന്റെ തെറ്റു ചൂണ്ടിക്കാട്ടാൻ അവൻ ഒരു യുവാവിനെ ഉപയോഗിച്ചു. വിവരണം ഇങ്ങനെ പറയുന്നു: “എലീഹൂവിന്റെ കോപം ജ്വലിച്ചു . . . ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.” എലീഹൂ അഭിപ്രായപ്പെട്ടതുപോലെ, “ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു . . . എന്നിങ്ങനെ ഇയ്യോബ്‌ പറഞ്ഞു.” (ഇയ്യോബ്‌ 32:2; 34:5, 6) എന്നിരുന്നാലും, ഇയ്യോബ്‌ ചെയ്‌ത പാപങ്ങൾ നിമിത്തം ദൈവം അവനെ ശിക്ഷിക്കുകയാണെന്ന്‌ “ആശ്വാസക”രെ പോലെ എലീഹൂ തെറ്റായി നിഗമനം ചെയ്‌തില്ല. പകരം, ഇയ്യോബിന്റെ വിശ്വസ്‌തതയിൽ വിശ്വാസം പ്രകടമാക്കിയ എലീഹൂ അവനെ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “വ്യവഹാരം അവന്റെ മുമ്പിൽ ഇരിക്കയാൽ നീ അവന്നായി കാത്തിരിക്ക.” വാസ്‌തവത്തിൽ, തനിക്കുവേണ്ടിത്തന്നെ പ്രതിവാദം ചെയ്‌തുകൊണ്ട്‌ വീണ്ടുവിചാരമില്ലാതെ സംസാരിക്കുന്നതിനു പകരം, ഇയ്യോബ്‌ യഹോവയ്‌ക്കായി കാത്തിരിക്കണമായിരുന്നു. എലീഹൂ ഇയ്യോബിന്‌ ഈ ഉറപ്പു കൊടുത്തു: “അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.”—ഇയ്യോബ്‌ 35:14; 37:23.

ഇയ്യോബിന്റെ ചിന്താഗതിക്കു തിരുത്തൽ ആവശ്യമായിരുന്നു. അക്കാരണത്താൽ, ദൈവത്തിന്റെ മാഹാത്മ്യത്തോടുള്ള താരതമ്യത്തിൽ മനുഷ്യൻ എത്രയോ നിസ്സാരൻ ആണെന്നു കാണിക്കുന്ന ഒരു പാഠം യഹോവ അവനു നൽകി. ഭൂമിയെയും സമുദ്രത്തെയും താരനിബിഡമായ ആകാശത്തെയും ജന്തുക്കളെയും സൃഷ്ടിയിലെ മറ്റ്‌ അത്ഭുതങ്ങളെയും യഹോവ ചൂണ്ടിക്കാട്ടി. അവസാനമായി, ദൈവം ലിവ്യാഥാനെ—മുതലയെ—കുറിച്ചു പറഞ്ഞു. ഇയ്യോബ്‌ താഴ്‌മയോടെ തിരുത്തൽ സ്വീകരിച്ചു, ഈ കാര്യത്തിൽ അവൻ കൂടുതലായ ഒരു മാതൃക വെക്കുന്നു.

യഹോവയുടെ സേവനത്തിൽ നന്നായി പ്രവർത്തിക്കുന്നവരാണെങ്കിലും, നമുക്കെല്ലാം തെറ്റു സംഭവിക്കുന്നു. തെറ്റ്‌ ഗുരുതരമാണെങ്കിൽ ഏതെങ്കിലുമൊരു മാർഗത്തിലൂടെ അവൻ നമ്മെ തിരുത്തിയേക്കാം. (സദൃശവാക്യങ്ങൾ 3:11, 12) മനസ്സാക്ഷിയെ ഉണർത്തിയേക്കാവുന്ന ഒരു തിരുവെഴുത്തു നമ്മുടെ ഓർമയിലേക്കു വന്നേക്കാം. ഒരുപക്ഷേ, വീക്ഷാഗോപുരമോ വാച്ച്‌ടവർ സൊസൈറ്റിയുടെ മറ്റേതെങ്കിലും പ്രസിദ്ധീകരണമോ തെറ്റു സംബന്ധിച്ചു നമ്മെ ബോധവാന്മാരാക്കുന്ന കാര്യങ്ങൾ പറഞ്ഞേക്കാം. അതുമല്ലെങ്കിൽ, നാമൊരു ബൈബിൾ തത്ത്വം ബാധകമാക്കാൻ പരാജയപ്പെട്ടിരിക്കുന്നതായി ഒരു സഹക്രിസ്‌ത്യാനി ദയാപുരസ്സരം നമ്മെ ചൂണ്ടിക്കാട്ടിയേക്കാം. അത്തരം തിരുത്തലിനോടു നാം എങ്ങനെ പ്രതികരിക്കും? പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ ഇയ്യോബ്‌ തന്റെ പശ്ചാത്താപ മനസ്‌കത പ്രകടമാക്കി: “ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.”—ഇയ്യോബ്‌ 42:6.

യഹോവ ഇയ്യോബിനു പ്രതിഫലമേകുന്നു

തന്റെ ദാസനായ ഇയ്യോബ്‌ 140 വർഷം കൂടി ജീവിക്കാൻ അനുവദിച്ചുകൊണ്ട്‌ യഹോവ അവനു പ്രതിഫലമേകി. ആ കാലഘട്ടത്തിൽ, നഷ്ടപ്പെട്ടതിലധികം അവനു തിരികെ കിട്ടി. ഒടുവിൽ ഇയ്യോബ്‌ മരിച്ചെങ്കിലും, ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക്‌ അവൻ ഉയിർപ്പിക്കപ്പെടുമെന്നത്‌ ഉറപ്പാണ്‌.—ഇയ്യോബ്‌ 42:12-17; യെഹെസ്‌കേൽ 14:14; യോഹന്നാൻ 5:28, 29; 2 പത്രൊസ്‌ 3:13.

നമുക്കു ലഭിക്കുന്ന എല്ലാ ബൈബിളധിഷ്‌ഠിത തിരുത്തലുകളും സ്വീകരിക്കുകയും ദൈവത്തെ വിശ്വസ്‌തമായി സേവിക്കുകയും ചെയ്യുന്നെങ്കിൽ, അവന്റെ പ്രീതിയും അനുഗ്രഹവും ലഭിക്കുമെന്ന്‌ നമുക്കും ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതിന്റെ ഫലമായി, ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ ജീവന്റെ ഉറച്ച പ്രത്യാശ നമുക്കുണ്ടായിരിക്കും. അതിലും പ്രധാനമായി, നാം ദൈവത്തെ ബഹുമാനിക്കുകയായിരിക്കും ചെയ്യുക. നമ്മുടെ വിശ്വസ്‌ത നടത്തയ്‌ക്ക്‌ പ്രതിഫലം ലഭിക്കും. മാത്രമല്ല, ദൈവത്തിന്റെ ജനം അവനെ സേവിക്കുന്നത്‌ സ്വാർഥ കാരണങ്ങളാലല്ല മറിച്ച്‌, അവനെ മുഴു ഹൃദയത്തോടെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ എന്നതിന്‌ അതു തെളിവ്‌ നൽകുകയും ചെയ്യും. താഴ്‌മയോടെ തിരുത്തൽ സ്വീകരിച്ച ഇയ്യോബ്‌ ചെയ്‌തതുപോലെ, യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയെന്ന എത്ര മഹത്തായ പദവിയാണ്‌ നമുക്കുള്ളത്‌!—സദൃശവാക്യങ്ങൾ 27:11.

[26-ാം പേജിലെ ചിത്രങ്ങൾ]

അനാഥരോടും വിധവമാരോടും മറ്റുള്ളവരോടും ഇയ്യോബ്‌ സ്‌നേഹപുരസ്സരമായ പരിഗണന കാണിച്ചു

[28-ാം പേജിലെ ചിത്രങ്ങൾ]

താഴ്‌മയോടെ തിരുത്തൽ സ്വീകരിച്ചതു നിമിത്തം ഇയ്യോബ്‌ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു