വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവമേ, നിന്റെ പ്രകാശം അയച്ചുതരേണമേ’

‘ദൈവമേ, നിന്റെ പ്രകാശം അയച്ചുതരേണമേ’

‘ദൈവമേ, നിന്റെ പ്രകാശം അയച്ചുതരേണമേ’

“നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ.”—സങ്കീർത്തനം 43:3.

1. യഹോവ തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

യഹോവ തന്റെ ഉദ്ദേശ്യങ്ങൾ വളരെ പരിഗണനാപൂർവമാണ്‌ തന്റെ ദാസന്മാരെ അറിയിക്കുന്നത്‌. നമ്മെ അന്ധരാക്കാൻ പോന്നത്ര ശക്തമായ ഒരു ഒളിമിന്നൽ പോലെ ഒറ്റയടിക്ക്‌ അവൻ സത്യം വെളിപ്പെടുത്തുന്നില്ല, പകരം അവൻ നമ്മെ പടിപടിയായി പ്രബുദ്ധരാക്കുന്നു. ജീവന്റെ പാതയിലൂടെയുള്ള നമ്മുടെ യാത്രയെ ഒരു കാൽനടയാത്രക്കാരന്റെ ദീർഘദൂര യാത്രയോട്‌ ഉപമിക്കാനാകും. അയാൾ നേരം വെളുക്കും മുമ്പേ യാത്ര തുടങ്ങുന്നു. അപ്പോൾ അയാൾക്ക്‌ കാര്യമായി ഒന്നുംതന്നെ കാണാൻ കഴിയുന്നില്ല. എന്നാൽ സൂര്യൻ കിഴക്കൻ ചക്രവാളത്തിൽ സാവധാനം ഉയരാൻ തുടങ്ങുന്നതോടെ ചുറ്റുമുള്ള ചിലതൊക്കെ അയാൾക്കു തിരിച്ചറിയാൻ സാധിക്കുന്നു. ബാക്കിയുള്ളവയുടെ ഒരു അവ്യക്ത രൂപമാണ്‌ അയാൾ കാണുന്നത്‌. എന്നാൽ സൂര്യൻ ഉയർന്നുവരവെ, കുറെ അകലെയുള്ള വസ്‌തുക്കളെപ്പോലും അയാൾക്കു കാണാൻ സാധിക്കുന്നു. ദൈവം പ്രദാനം ചെയ്യുന്ന ആത്മീയ വെളിച്ചത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്‌. ഒരു സമയത്ത്‌ ഏതാനും ചില കാര്യങ്ങൾ മാത്രം തിരിച്ചറിയാൻ അവൻ നമ്മെ അനുവദിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്‌തു ആത്മീയ പ്രബുദ്ധത നൽകിയതും സമാനമായ വിധത്തിലാണ്‌. നമുക്കിപ്പോൾ, പുരാതന കാലത്ത്‌ യഹോവ തന്റെ ജനത്തെ എങ്ങനെ പ്രബുദ്ധരാക്കിയെന്നും ഇന്ന്‌ അവൻ അത്‌ എങ്ങനെ ചെയ്യുന്നുവെന്നും പരിശോധിക്കാം.

2. ക്രിസ്‌തീയ പൂർവ കാലങ്ങളിൽ യഹോവ തന്റെ ദാസന്മാരെ പ്രബുദ്ധരാക്കിയത്‌ എങ്ങനെ?

2 സാധ്യതയനുസരിച്ച്‌ കോരഹ്‌ പുത്രന്മാരാണ്‌ 43-ാം സങ്കീർത്തനം രചിച്ചത്‌. ലേവ്യർ എന്ന നിലയിൽ അവർക്ക്‌ ദൈവത്തിന്റെ ന്യായപ്രമാണം ജനങ്ങളെ പഠിപ്പിക്കുന്നതിനുള്ള പദവി ഉണ്ടായിരുന്നു. (മലാഖി 2:7) തീർച്ചയായും യഹോവ ആയിരുന്നു അവരുടെ മഹാ ഉപദേഷ്ടാവ്‌. സമസ്‌ത ജ്ഞാനത്തിന്റെയും പ്രഭവസ്ഥാനമായ അവനിലേക്ക്‌ അവർ സഹായത്തിനായി നോക്കി. (യെശയ്യാവു 30:20) “ദൈവമേ, . . . നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ” എന്ന്‌ ആ സങ്കീർത്തനക്കാരൻ പ്രാർഥിച്ചു. (സങ്കീർത്തനം 43:1, 3) ഇസ്രായേല്യർ യഹോവയോടു വിശ്വസ്‌തർ ആയിരുന്നിടത്തോളം കാലം അവൻ അവരെ തന്റെ വഴികൾ പഠിപ്പിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞ്‌, ഏറ്റവും ശ്രദ്ധേയമായ തരത്തിലുള്ള പ്രകാശവും സത്യവും നൽകി യഹോവ അവരോടു പ്രീതി കാട്ടി. ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക്‌ അയച്ചപ്പോഴായിരുന്നു അത്‌.

3. യേശുവിന്റെ പഠിപ്പിക്കൽ യഹൂദന്മാർക്ക്‌ ഒരു പരിശോധന ആയിത്തീർന്നത്‌ എങ്ങനെ?

3 യേശുക്രിസ്‌തു എന്ന മനുഷ്യൻ ആയിരിക്കെ ദൈവപുത്രൻ “ലോകത്തിന്റെ വെളിച്ചം” ആയിരുന്നു. (യോഹന്നാൻ 8:12) അവൻ “ഉപമകളാൽ” ജനങ്ങളെ പുതിയ കാര്യങ്ങൾ “പലതും ഉപദേശിച്ചു.” (മർക്കൊസ്‌ 4:2) അവൻ പൊന്തിയൊസ്‌ പീലാത്തൊസിനോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 18:36, NW) റോമാക്കാരെയും ദേശീയവാദികളായ യഹൂദന്മാരെയും സംബന്ധിച്ചിടത്തോളം അതൊരു പുതിയ ആശയം ആയിരുന്നു. കാരണം, മിശിഹാ റോമാ സാമ്രാജ്യത്തെ മുട്ടുകുത്തിച്ച്‌ ഇസ്രായേലിനെ അതിന്റെ പൂർവകാല മഹത്ത്വത്തിലേക്കു തിരികെ കൊണ്ടുവരുമെന്നാണ്‌ അവർ കരുതിയിരുന്നത്‌. യേശു യഹോവയിൽ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിക്കുകയായിരുന്നു. എന്നാൽ, യഹൂദ ഭരണാധികാരികൾക്ക്‌ അവന്റെ വാക്കുകൾ രസിച്ചില്ല. കാരണം ‘ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെയാണ്‌ [അവർ] അധികം സ്‌നേഹിച്ചത്‌.’ (യോഹന്നാൻ 12:42, 43) ദൈവത്തിൽനിന്നുള്ള ആത്മീയ പ്രകാശവും സത്യവും സ്വീകരിക്കുന്നതിനു പകരം മാനുഷ പരമ്പര്യങ്ങളോടു പറ്റിനിൽക്കാനാണ്‌ അനേകരും ഇഷ്‌ടപ്പെട്ടത്‌.—സങ്കീർത്തനം 43:3; മത്തായി 13:15.

4. യേശുവിന്റെ ശിഷ്യന്മാർ ദൈവോദ്ദേശ്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യത്തിൽ തുടർന്നും വളരുമായിരുന്നെന്ന്‌ നാം മനസ്സിലാക്കുന്നത്‌ എങ്ങനെ?

4 എന്നാൽ ആത്മാർഥഹൃദയരായ ചില സ്‌ത്രീപുരുഷന്മാർ യേശു പഠിപ്പിച്ച സത്യം സസന്തോഷം സ്വീകരിച്ചു. ദൈവോദ്ദേശ്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യത്തിൽ അവർ ക്രമാനുഗതമായി പുരോഗതി നേടി. എങ്കിലും, അവരുടെ ഗുരുവിന്റെ ഭൗമിക ജീവിതം അതിന്റെ അവസാനത്തോട്‌ അടുത്തപ്പോൾ അവർക്കു പിന്നെയും വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു: “ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.” (യോഹന്നാൻ 16:12) അതേ, ശിഷ്യന്മാർ ദിവ്യസത്യത്തെ കുറിച്ചുള്ള പരിജ്ഞാനത്തിൽ തുടർന്നും വളരുമായിരുന്നു.

വെളിച്ചം തുടർന്നും പ്രകാശിക്കുന്നു

5. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ ഇടയിൽ ഏതു പ്രശ്‌നം തലപൊക്കി, അതു പരിഹരിക്കാനുള്ള ഉത്തരവാദിത്വം ആർക്കായിരുന്നു?

5 യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ദൈവത്തിൽ നിന്നുള്ള വെളിച്ചം മുമ്പെന്നത്തേതിലും അധികമായി പ്രകാശിച്ചു. പത്രൊസിനു നൽകിയ ഒരു ദർശനത്തിൽ, പരിച്ഛേദനയേൽക്കാത്ത വിജാതീയർക്ക്‌ അപ്പോൾ മുതൽ ക്രിസ്‌തുവിന്റെ അനുഗാമികൾ ആയിത്തീരാൻ കഴിയുമെന്നു യഹോവ വെളിപ്പെടുത്തി. (പ്രവൃത്തികൾ 10:9-17) അത്‌ ഒരു വെളിപാട്‌ ആയിരുന്നു! എന്നാൽ, പിന്നീട്‌ ഒരു പ്രശ്‌നം പൊന്തിവന്നു: ക്രിസ്‌ത്യാനികളായ ശേഷം ആ വിജാതീയർ പരിച്ഛേദനയേൽക്കാൻ യഹോവ പ്രതീക്ഷിച്ചിരുന്നോ? ആ പ്രശ്‌നത്തിന്‌ ദർശനത്തിൽ ഉത്തരമില്ലായിരുന്നു. അത്‌ ക്രിസ്‌ത്യാനികൾക്ക്‌ ഇടയിൽ ചൂടുപിടിച്ച ഒരു സംവാദത്തിനു വഴിയൊരുക്കി. അതിന്‌ ഒരു പരിഹാരം കണ്ടെത്തേണ്ടിയിരുന്നു. അല്ലാത്തപക്ഷം അവരുടെ അമൂല്യമായ ഐക്യം അപകടത്തിലാകുമായിരുന്നു. അതുകൊണ്ട്‌ “ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ” യെരൂശലേമിൽ “അപ്പൊസ്‌തലന്മാരും മൂപ്പന്മാരും വന്നുകൂടി.”—പ്രവൃത്തികൾ 15:1, 2, 6.

6. പരിച്ഛേദനയെ കുറിച്ചുള്ള പ്രശ്‌നം കൈകാര്യം ചെയ്‌തപ്പോൾ അപ്പൊസ്‌തലന്മാരും മൂപ്പന്മാരും ഏതു നടപടിക്രമം പിൻപറ്റി?

6 വിശ്വാസികളായ വിജാതീയരെ കുറിച്ചുള്ള ദൈവേഷ്ടം എന്താണെന്ന്‌ ആ യോഗത്തിൽ പങ്കെടുത്തവർക്ക്‌ എങ്ങനെ നിർണയിക്കാൻ കഴിയുമായിരുന്നു? ചർച്ചകളിൽ അധ്യക്ഷത വഹിക്കാൻ യഹോവ ഒരു ദൂതനെ അയച്ചില്ല, സന്നിഹിതർ ആയിരുന്നവർക്ക്‌ ഒരു ദർശനത്തിലൂടെ അവൻ കാര്യങ്ങൾ വെളിപ്പെടുത്തിയതുമില്ല. എങ്കിലും, അപ്പൊസ്‌തലന്മാരും മൂപ്പന്മാരും യാതൊരു മാർനിർദേശവും ഇല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നില്ല. പരിച്ഛേദനയേൽക്കാത്ത വിജാതീയരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട്‌ ദൈവം ജനതകളിലെ ആളുകളുമായി ഇടപെട്ടു തുടങ്ങിയതു നേരിൽ കാണാൻ കഴിഞ്ഞ ചില യഹൂദ ക്രിസ്‌ത്യാനികളുടെ സാക്ഷ്യം അവർ കണക്കിലെടുത്തു. മാർഗദർശനത്തിനായി അവർ തിരുവെഴുത്തുകളും പരിശോധിച്ചു. തത്‌ഫലമായി, ശിഷ്യനായ യാക്കോബ്‌ പ്രബുദ്ധമാക്കുന്ന ഒരു തിരുവെഴുത്തധിഷ്‌ഠിത നിർദേശം വെച്ചു. തെളിവുകളെ കുറിച്ചു ധ്യാനിച്ചപ്പോൾ ദൈവേഷ്ടം അവർക്കു വ്യക്തമായിത്തീർന്നു. യഹോവയുടെ അംഗീകാരം ലഭിക്കാൻ ജനതകളിലെ ആളുകൾ പരിച്ഛേദന ഏൽക്കേണ്ടതില്ലായിരുന്നു. ആ തീരുമാനം സഹക്രിസ്‌ത്യാനികൾക്ക്‌ ഒരു വഴികാട്ടിയായി ഉതകേണ്ടതിന്‌ അപ്പൊസ്‌തലന്മാരും മൂപ്പന്മാരും ഒട്ടും സമയം പാഴാക്കാതെ അത്‌ എഴുതിവെച്ചു.—പ്രവൃത്തികൾ 15:12-29; 16:4.

7. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പുരോഗമന മനോഭാവം പ്രകടമാക്കിയത്‌ ഏതു വിധത്തിൽ?

7 യഹൂദ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം വിജാതീയരോടു ബന്ധപ്പെട്ട ദൈവോദ്ദേശ്യത്തെ കുറിച്ചുള്ള ശ്രദ്ധേയമായ ഈ പുതിയ ഗ്രാഹ്യം ഉൾക്കൊള്ളുന്നതിന്‌ വിജാതീയരെ പറ്റി അവർക്കു പൊതുവെ ഉണ്ടായിരുന്ന വീക്ഷണത്തിൽ മാറ്റം വരുത്തേണ്ടത്‌ ആവശ്യമായിരുന്നു. എന്നാൽ പൂർവപിതാക്കന്മാരുടെ പാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങിയ യഹൂദ മതനേതാക്കന്മാരിൽനിന്നു വ്യത്യസ്‌തമായി അവർ അതിൽ സന്തോഷിക്കുകയാണു ചെയ്‌തത്‌. യഹോവ അവരുടെ താഴ്‌മയുള്ള മനോഭാവത്തെ അനുഗ്രഹിക്കുകയും “അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്‌തു.”—പ്രവൃത്തികൾ 15:31; 16:5.

8. (എ) ഒന്നാം നൂറ്റാണ്ടിനു ശേഷം കൂടുതൽ ആത്മീയ വെളിച്ചം പ്രതീക്ഷിക്കാൻ കഴിയുമായിരുന്നെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) ബന്ധപ്പെട്ട ഏതു ചോദ്യങ്ങളാണ്‌ നാം പരിചിന്തിക്കാൻ പോകുന്നത്‌?

8 ആത്മീയ വെളിച്ചം ഒന്നാം നൂറ്റാണ്ടിൽ ഉടനീളം തുടർന്നും പ്രകാശിച്ചുകൊണ്ടിരുന്നു. എന്നാൽ തന്റെ ഉദ്ദേശ്യത്തെ കുറിച്ചുള്ള സകല വിശദാംശങ്ങളും യഹോവ ആദിമ ക്രിസ്‌ത്യാനികൾക്കു വെളിപ്പെടുത്തിയില്ല. ഒന്നാം നൂറ്റാണ്ടിലെ സഹവിശ്വാസികളോട്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ നാം ഒരു ലോഹക്കണ്ണാടിയിൽ അവ്യക്തമായാണു കാണുന്നത്‌.” (1 കൊരിന്ത്യർ 13:12, NW) അത്തരം ഒരു കണ്ണാടിയുടെ പ്രതലം വസ്‌തുക്കളെ നന്നായി പ്രതിഫലിപ്പിക്കുമായിരുന്നില്ല. സമാനമായി, ആത്മീയ വെളിച്ചത്തെ കുറിച്ചുള്ള ഗ്രാഹ്യം തുടക്കത്തിൽ പരിമിതം ആയിരിക്കുമായിരുന്നു. അപ്പൊസ്‌തലന്മാരുടെ മരണശേഷം കുറേക്കാലത്തേക്ക്‌ ആ വെളിച്ചം ഏറെ മങ്ങിപ്പോയിരുന്നു. എന്നാൽ ഈ സമീപ കാലങ്ങളിൽ തിരുവെഴുത്തു പരിജ്ഞാനം സമൃദ്ധമായിത്തീർന്നിരിക്കുന്നു. (ദാനീയേൽ 12:4) യഹോവ ഇന്നു തന്റെ ദാസന്മാരെ പ്രബുദ്ധരാക്കുന്നത്‌ എങ്ങനെയാണ്‌? തിരുവെഴുത്തുകളെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം അവൻ വിശാലമാക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?

വെളിച്ചത്തിന്‌ അനുക്രമം ശോഭയേറുന്നു

9. ആദ്യകാല ബൈബിൾ വിദ്യാർഥികൾ പിൻപറ്റിയ സവിശേഷവും ഫലപ്രദവുമായ ബൈബിൾ പഠനരീതി ഏത്‌?

9 19-ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ഒരു കൂട്ടം ക്രിസ്‌തീയ സ്‌ത്രീപുരുഷന്മാർ തിരുവെഴുത്തുകൾ ഉത്സാഹപൂർവം പഠിക്കാൻ തുടങ്ങിയതോടെയാണ്‌ ആധുനിക കാലത്ത്‌ യഥാർഥ ആത്മീയ വെളിച്ചം മിന്നിമിന്നി തെളിയാൻ തുടങ്ങിയത്‌. ബൈബിൾ പഠനത്തിനായി അവർ ഒരു പ്രായോഗിക രീതി വികസിപ്പിച്ചെടുത്തു. ആ കൂട്ടത്തിൽ ഒരാൾ ഒരു ചോദ്യം ഉന്നയിക്കും; തുടർന്ന്‌ എല്ലാവരും ചേർന്ന്‌ അതിനോടു ബന്ധപ്പെട്ട എല്ലാ തിരുവെഴുത്തുകളും വിശകലനം ചെയ്യും. ഒരു ബൈബിൾ വാക്യം മറ്റൊന്നുമായി പ്രഥമദൃഷ്‌ട്യാ യോജിക്കാത്തതായി തോന്നുമ്പോൾ ആത്മാർഥ ഹൃദയരായ ആ ക്രിസ്‌ത്യാനികൾ അവ തമ്മിലുള്ള പൊരുത്തം കണ്ടെത്താൻ ശ്രമിച്ചിരുന്നു. അന്നത്തെ മതനേതാക്കന്മാരിൽനിന്നു വ്യത്യസ്‌തരായി ആ ബൈബിൾ വിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌) പാരമ്പര്യത്തിനും മാനുഷ ഉപദേശത്തിനും പകരം വിശുദ്ധ തിരുവെഴുത്തുകളെ തങ്ങളുടെ വഴികാട്ടിയായി സ്വീകരിക്കാൻ ദൃഢനിശ്ചയം ചെയ്‌തു. ലഭ്യമായ എല്ലാ തിരുവെഴുത്തു തെളിവുകളും പരിചിന്തിച്ച ശേഷം അവർ തങ്ങളുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തിവെച്ചു. ആ വിധത്തിൽ, പല അടിസ്ഥാന ബൈബിൾ ഉപദേശങ്ങളെയും കുറിച്ചുള്ള അവരുടെ ഗ്രാഹ്യം വ്യക്തമായിത്തീർന്നു.

10. ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ പ്രയോജനപ്രദമായ ഏതു ബൈബിൾ പഠന സഹായികൾ എഴുതി?

10 ആ ബൈബിൾ വിദ്യാർഥികളിൽ ശ്രദ്ധേയനായിരുന്നു ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ. വേദാധ്യയന പത്രികകൾ എന്ന ശീർഷകത്തോടു കൂടിയ പ്രയോജനപ്രദമായ ആറു ബൈബിൾ പഠന സഹായികൾ അദ്ദേഹം എഴുതി. ബൈബിൾ പുസ്‌തകങ്ങളായ യെഹെസ്‌കേലിനെയും വെളിപ്പാടിനെയും കുറിച്ചുള്ള വിശദീകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്‌ ആ പരമ്പരയിലെ ഏഴാമത്തെ വാല്യം എഴുതാൻ റസ്സൽ സഹോദരൻ ഉദ്ദേശിച്ചിരുന്നു. “[ആ പുസ്‌തകങ്ങളുടെ] വിശദീകരണത്തിനുള്ള ശരിയായ അടിസ്ഥാനം ലഭിച്ചാലുടൻ ഞാൻ ഏഴാമത്തെ വാല്യം എഴുതും,” അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “എന്നാൽ കർത്താവ്‌ ആ അടിസ്ഥാനം മറ്റാർക്കെങ്കിലുമാണ്‌ നൽകുന്നതെങ്കിൽ, അദ്ദേഹത്തിന്‌ അത്‌ എഴുതാനാകും.”

11. സമയവും ദൈവോദ്ദേശ്യങ്ങളെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവും തമ്മിൽ എന്തു ബന്ധമുണ്ട്‌?

11 സി. റ്റി. റസ്സലിന്റെ ആ പ്രസ്‌താവന, ചില ബൈബിൾ ഭാഗങ്ങൾ മനസ്സിലാക്കാനുള്ള നമ്മുടെ പ്രാപ്‌തിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം ഏതെന്നു വ്യക്തമാക്കുന്നു—സമയം. സമയത്തിനു മുമ്പേ ഉദിച്ചുയരുന്നതിന്‌ സൂര്യനെ സ്വാധീനിക്കാൻ ഉത്സാഹിയായ ഒരു കാൽനടയാത്രക്കാരനു സാധിക്കാത്തതു പോലെതന്നെ, സമ്മർദം ചെലുത്തി വെളിപ്പാടു പുസ്‌തകത്തിന്മേൽ വെളിച്ചം പ്രകാശിപ്പിക്കാൻ തനിക്കാവില്ലെന്ന്‌ റസ്സൽ സഹോദരന്‌ അറിയാമായിരുന്നു.

വെളിപ്പെടുന്നു—എന്നാൽ ദൈവത്തിന്റെ നിയമിത സമയത്ത്‌

12. (എ) ബൈബിൾ പ്രവചനം ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്നത്‌ എപ്പോഴാണ്‌? (ബി) ബൈബിൾ പ്രവചനം മനസ്സിലാക്കാനുള്ള നമ്മുടെ പ്രാപ്‌തി ദൈവത്തിന്റെ സമയപ്പട്ടികയെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ ഏതു ദൃഷ്ടാന്തം വ്യക്തമാക്കുന്നു? (അടിക്കുറിപ്പു കാണുക.)

12 മിശിഹായെ കുറിച്ചുള്ള അനേകം പ്രവചനങ്ങൾ അപ്പൊസ്‌തലന്മാർ മനസ്സിലാക്കിയത്‌ യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമായിരുന്നു. സമാനമായി, ഇന്ന്‌ ക്രിസ്‌ത്യാനികൾക്ക്‌ ബൈബിൾ പ്രവചനം നിവൃത്തിയേറിയ ശേഷമേ അവയെ കുറിച്ചുള്ള അതിസൂക്ഷ്‌മ വിശദാംശങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുള്ളൂ. (ലൂക്കൊസ്‌ 24:15, 27; പ്രവൃത്തികൾ 1:15-21; 4:26, 27) വെളിപ്പാടു ഒരു പ്രാവചനിക പുസ്‌തകമാണ്‌. അതുകൊണ്ട്‌ അതിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത്‌ അവ നിവൃത്തിയാകുമ്പോൾ ആയിരിക്കും. ദൃഷ്ടാന്തത്തിന്‌, വെളിപ്പാടു 17:9-11-ൽ പരാമർശിച്ചിരിക്കുന്ന കടുഞ്ചുവപ്പു നിറമുള്ള ആലങ്കാരിക കാട്ടുമൃഗം എന്തിനെ കുറിക്കുന്നുവെന്നു കൃത്യമായി മനസ്സിലാക്കാൻ സി. റ്റി. റസ്സലിനു സാധിക്കുമായിരുന്നില്ല. കാരണം, ആ മൃഗത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന സംഘടനകളായ സർവരാജ്യ സഖ്യവും ഐക്യരാഷ്‌ട്ര സംഘടനയും നിലവിൽവന്നതുതന്നെ അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. *

13. ഒരു ബൈബിൾ വിഷയത്തിന്മേൽ വെളിച്ചം പ്രകാശിക്കുമ്പോൾ ചില അവസരങ്ങളിൽ എന്തു സംഭവിക്കുന്നു?

13 പരിച്ഛേദനയേൽക്കാത്ത വിജാതീയർക്കു വിശ്വാസികൾ ആയിത്തീരാൻ സാധിക്കുമെന്ന്‌ ആദിമ ക്രിസ്‌ത്യാനികൾ മനസ്സിലാക്കിയപ്പോൾ അത്‌ വിജാതീയർ പരിച്ഛേദനയേൽക്കണമോ എന്ന പുതിയൊരു പ്രശ്‌നത്തിലേക്കു വഴിനയിച്ചു. പരിച്ഛേദന എന്ന വിഷയത്തെ കുറിച്ച്‌ സമഗ്രമായ പുനഃപരിശോധന നടത്താൻ അത്‌ അപ്പൊസ്‌തലന്മാരെയും മൂപ്പന്മാരെയും പ്രേരിപ്പിച്ചു. അതേ മാതൃകതന്നെയാണ്‌ ഇന്നും പിന്തുടരുന്നത്‌. ഒരു ബൈബിൾ വിഷയത്തെ കുറിച്ചുള്ള ഉജ്ജ്വലമായ ഒളിമിന്നൽ, അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പുനഃപരിശോധിക്കാൻ ചില അവസരങ്ങളിൽ ദൈവത്തിന്റെ അഭിഷിക്ത ദാസന്മാരായ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ പ്രേരിപ്പിക്കുന്നു. സമീപകാലത്തെ പിൻവരുന്ന ദൃഷ്ടാന്തം അതാണു വ്യക്തമാക്കുന്നത്‌.—മത്തായി 24:45, NW.

14-16. ആത്മീയ ആലയത്തെ കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിൽ വരുത്തിയ ഒരു പൊരുത്തപ്പെടുത്തൽ യെഹെസ്‌കേൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങളെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ബാധിച്ചത്‌ എങ്ങനെ?

14 “ഞാൻ യഹോവ ആകുന്നു എന്ന്‌ ജനതകൾ അറിയും”—എങ്ങനെ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിലൂടെ 1971-ൽ യെഹെസ്‌കേലിന്റെ പ്രവചനത്തെ കുറിച്ചുള്ള ഒരു വിശദീകരണം പ്രസിദ്ധീകരിക്കപ്പെട്ടു. ആ പുസ്‌തകത്തിലെ ഒരു അധ്യായം ഒരു ആലയത്തെ കുറിച്ചുള്ള യെഹെസ്‌കേലിന്റെ ദർശനം ഹ്രസ്വമായി ചർച്ച ചെയ്‌തു. (യെഹെസ്‌കേൽ 40-48 അധ്യായങ്ങൾ) യെഹെസ്‌കേലിന്റെ ആലയദർശനം പുതിയ ലോകത്തിൽ എപ്രകാരം നിവൃത്തിയേറും എന്നതിൽ ആയിരുന്നു അന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.—2 പത്രൊസ്‌ 3:13.

15 എന്നാൽ, 1972 ഡിസംബർ 1-ലെ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങൾ യെഹെസ്‌കേലിന്റെ ദർശനത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ സ്വാധീനിക്കുകയുണ്ടായി. എബ്രായർ 10-ാം അധ്യായത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ വിവരിച്ച വലിയ ആത്മീയ ആലയത്തെ കുറിച്ചാണ്‌ ആ ലേഖനങ്ങൾ ചർച്ച ചെയ്‌തത്‌. ആത്മീയ ആലയത്തിന്റെ വിശുദ്ധ സ്ഥലവും അകത്തെ പ്രാകാരവും അഭിഷിക്തരുടെ ഭൗമിക ജീവിതകാലത്തെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ആ വീക്ഷാഗോപുരം വിശദീകരിച്ചു. യെഹെസ്‌കേൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങൾ വർഷങ്ങൾക്കു ശേഷം പുനരവലോകനം ചെയ്‌തപ്പോൾ, ആത്മീയ ആലയം ഇന്നു പ്രവർത്തനത്തിൽ ആയിരിക്കുന്നതുപോലെതന്നെ, യെഹെസ്‌കേൽ ദർശനത്തിൽ കണ്ട ആലയവും ഇന്നു പ്രവർത്തനത്തിൽ ആയിരിക്കേണ്ടതാണെന്നു തിരിച്ചറിഞ്ഞു. അത്‌ എങ്ങനെ?

16 യെഹെസ്‌കേലിന്റെ ദർശനത്തിൽ, പുരോഹിതന്മാർ പുരോഹിതേതര ഗോത്രങ്ങളെ സേവിച്ചുകൊണ്ട്‌ ആലയ പ്രാകാരങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതായി കാണപ്പെട്ടു. ഈ പുരോഹിതന്മാർ യഹോവയുടെ അഭിഷിക്ത ദാസന്മാരാകുന്ന “രാജകീയപുരോഹിതവർഗ്ഗ”ത്തെ വ്യക്തമായി ചിത്രീകരിക്കുന്നു. (1 പത്രൊസ്‌ 2:9) എന്നാൽ, അവർ ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്തുടനീളം ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ സേവിക്കുകയില്ല. (വെളിപ്പാടു 20:4) ആ കാലഘട്ടത്തിന്റെ ബഹുഭൂരിഭാഗം സമയത്തും—ഒരുപക്ഷേ ആ കാലഘട്ടത്തിൽ ഉടനീളം—അഭിഷിക്തർ ആത്മീയ ആലയത്തിന്റെ അതിവിശുദ്ധത്തിൽ, അതായത്‌ ‘സ്വർഗ്ഗത്തിൽ,’ ആയിരിക്കും സേവിക്കുക. (എബ്രായർ 9:24) യെഹെസ്‌കേലിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലൂടെ പുരോഹിതന്മാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതായി കാണപ്പെട്ട സ്ഥിതിക്ക്‌, അഭിഷിക്തരിൽ ചിലർ ഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ ഇക്കാലത്തായിരിക്കണം ആ ദർശനം നിവൃത്തിയേറുന്നത്‌. ആയതിനാൽ, 1999 മാർച്ച്‌ 1-ലെ മാസിക ഈ വിഷയത്തെ കുറിച്ചുള്ള മാറ്റം വരുത്തിയ ഒരു വീക്ഷണം പ്രസിദ്ധീകരിച്ചു. അങ്ങനെ നോക്കുമ്പോൾ, 20-ാം നൂറ്റാണ്ടിന്റെ ഒടുക്കം വരെയുള്ള കാലഘട്ടത്തിൽ യെഹെസ്‌കേൽ പ്രവചനത്തിന്മേൽ വെളിച്ചം ചൊരിയപ്പെട്ടതായി കാണാം.

വീക്ഷണത്തിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ സന്നദ്ധരായിരിക്കുക

17. സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വന്നതു മുതൽ വ്യക്തിപരമായ വീക്ഷണത്തിൽ നിങ്ങൾ ഏതു പൊരുത്തപ്പെടുത്തൽ വരുത്തിയിരിക്കുന്നു, അവ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നു?

17 സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കാൻ ഇച്ഛിക്കുന്ന ഏതൊരുവനും “ക്രിസ്‌തുവിനോടുള്ള അനുസരണത്തിന്ന്‌ എല്ലാ ചിന്തകളെയും അടിമപ്പെടു”ത്താൻ സന്നദ്ധരായിരിക്കണം. (2 കൊരിന്ത്യർ 10:5, ഓശാന ബൈബിൾ) അത്‌ എല്ലായ്‌പോഴും അത്ര എളുപ്പമല്ല, വിശേഷിച്ചും നമ്മുടെ വീക്ഷണങ്ങൾ ശക്തമായി വേരുറച്ചവ ആയിരിക്കുമ്പോൾ. ദൃഷ്ടാന്തത്തിന്‌, ദൈവിക സത്യം പഠിക്കുന്നതിനു മുമ്പ്‌, നിങ്ങൾ കുടുംബത്തോടൊപ്പം മതപരമായ ചില വിശേഷദിവസങ്ങൾ ആഘോഷിച്ചിരുന്നിരിക്കാം. എന്നാൽ ഈ ആഘോഷങ്ങൾ വാസ്‌തവത്തിൽ ഉത്ഭവിച്ചത്‌ പുറജാതീയ മതങ്ങളിൽ നിന്നാണെന്നു ബൈബിൾ പഠിച്ചപ്പോൾ നിങ്ങൾ മനസ്സിലാക്കി. പഠിച്ചുകൊണ്ടിരുന്നതു ബാധകമാക്കാൻ നിങ്ങൾ ആദ്യമൊക്കെ വിമുഖത കാട്ടിയിരിക്കാം. എന്നിരുന്നാലും, ഒടുവിൽ, ദൈവത്തോടുള്ള സ്‌നേഹം മതപരമായ വികാരങ്ങളെക്കാൾ ശക്തമാണെന്നു തെളിഞ്ഞു. അങ്ങനെ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതു നിങ്ങൾ നിറുത്തി. നിങ്ങളുടെ ആ തീരുമാനത്തെ യഹോവ അനുഗ്രഹിച്ചിട്ടില്ലേ?—എബ്രായർ 11:25 താരതമ്യം ചെയ്യുക.

18. ബൈബിൾ സത്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വ്യക്തമാക്കപ്പെടുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?

18 കാര്യങ്ങൾ ദൈവിക വിധത്തിൽ ചെയ്യുന്നത്‌ നമുക്ക്‌ എല്ലായ്‌പോഴും പ്രയോജനങ്ങൾ കൈവരുത്തും. (യെശയ്യാവു 48:17, 18) ആയതിനാൽ, ഒരു ബൈബിൾ ഭാഗത്തെ കുറിച്ചുള്ള നമ്മുടെ വീക്ഷണം വ്യക്തമാക്കപ്പെടുമ്പോൾ, സത്യത്തിന്റെ അഭിവൃദ്ധിയിൽ നമുക്ക്‌ ആനന്ദിക്കാം! നാം തുടർച്ചയായി പ്രബുദ്ധരാക്കപ്പെടുന്നു എന്നതുതന്നെ നാം വാസ്‌തത്തിൽ ശരിയായ പാതയിൽ ആണെന്ന്‌ ഉറപ്പാക്കുന്നു. അതാണ്‌ “നീതിമാന്മാരുടെ പാത.” ‘പ്രഭാതത്തിന്റെ വെളിച്ചംപോലെ അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.’ (സദൃശവാക്യങ്ങൾ 4:18) ദൈവോദ്ദേശ്യത്തിന്റെ ചില വശങ്ങൾ നാം ഇപ്പോൾ “അവ്യക്തമായ രൂപ”ത്തിലാണു കാണുന്നത്‌ എന്നതു ശരിതന്നെ. എന്നാൽ, നാം നീതിമാന്മാരുടെ ‘പാതയിൽ’ത്തന്നെ തുടരുന്നപക്ഷം ദൈവത്തിന്റെ തക്കസമയത്തു സത്യത്തെ അതിന്റെ സകല മനോഹാരിതയോടുംകൂടെ നാം കാണും. എന്നാൽ ഇപ്പോൾ, യഹോവ വ്യക്തമാക്കിത്തന്നിരിക്കുന്ന സത്യങ്ങളിൽ നമുക്കു സന്തോഷിച്ച്‌ ഉല്ലസിക്കുകയും ഇനിയും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത സത്യങ്ങൾ സംബന്ധിച്ച്‌ നാം പ്രബുദ്ധരാക്കപ്പെടുന്ന സമയത്തിനായി കാത്തിരിക്കുകയും ചെയ്യാം.

19. നാം സത്യത്തെ സ്‌നേഹിക്കുന്നുവെന്നു പ്രകടമാക്കാനുള്ള ഒരു മാർഗം ഏത്‌?

19 വെളിച്ചത്തോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു പ്രായോഗിക വിധം ഏത്‌? ദൈവവചനം പതിവായി, കഴിയുമെങ്കിൽ ദിവസേന, വായിക്കുക എന്നതാണ്‌ അതിനുള്ള ഒരു മാർഗം. പതിവായി ബൈബിൾ വായിക്കുന്ന രീതി നിങ്ങൾക്കുണ്ടോ? വീക്ഷാഗോപുരം, ഉണരുക! മാസികകളും ആരോഗ്യാവഹവും ആസ്വാദ്യവുമായ ആത്മീയ ആഹാരം സമൃദ്ധമായി നമുക്കു പ്രദാനം ചെയ്യുന്നു. നമ്മുടെ പ്രയോജനത്തിനായി തയ്യാറാക്കപ്പെട്ടിരിക്കുന്ന പുസ്‌തകങ്ങളുടെയും ലഘുപത്രികകളുടെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും കാര്യവും പരിചിന്തിക്കുക. രാജ്യപ്രസംഗ പ്രവർത്തനങ്ങളെ കുറിച്ച്‌ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകത്തിൽ പ്രസിദ്ധീകരിക്കുന്ന പ്രോത്സാഹജനകമായ റിപ്പോർട്ടുകളുടെ കാര്യമോ?

20. യഹോവയിൽ നിന്നുള്ള പ്രകാശവും സത്യവും ക്രിസ്‌തീയ യോഗങ്ങളിലെ നമ്മുടെ ഹാജരിനോട്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

20 അതേ, സങ്കീർത്തനം 43:3-ലെ പ്രാർഥനയ്‌ക്ക്‌ യഹോവ അതിശയകരമായ വിധത്തിൽ ഉത്തരം നൽകിയിരിക്കുന്നു. ആ വാക്യത്തിന്റെ ഒടുവിൽ നാം ഇങ്ങനെ വായിക്കുന്നു: “നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും [നിന്റെ പ്രകാശവും സത്യവും] എന്നെ എത്തിക്കുമാറാകട്ടെ.” മറ്റ്‌ അനേകരോടൊപ്പം യഹോവയെ ആരാധിക്കാൻ നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്നുവോ? യഹോവ ഇന്നു പ്രബുദ്ധത നൽകുന്ന ഒരു സുപ്രധാന മാർഗമാണ്‌ ആത്മീയ പ്രബോധനം നൽകുന്ന യോഗങ്ങൾ. ക്രിസ്‌തീയ യോഗങ്ങളോടുള്ള വിലമതിപ്പു വർധിപ്പിക്കുന്നതിന്‌ നമുക്ക്‌ എന്തു ചെയ്യാൻ സാധിക്കും? അടുത്ത ലേഖനത്തിൽ ഈ വിഷയം പ്രാർഥനാപൂർവം പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 12 സി. റ്റി. റസ്സലിന്റെ മരണശേഷം, യെഹെസ്‌കേൽ, വെളിപ്പാടു എന്നീ പുസ്‌തകങ്ങൾക്ക്‌ ഒരു വിശദീകരണം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി വേദാധ്യയന പത്രികകളുടെ ഏഴാമത്തെ വാല്യമായി ഒരു പ്രസിദ്ധീകരണം തയ്യാറാക്കുകയുണ്ടായി. പ്രസ്‌തുത ബൈബിൾ പുസ്‌തകങ്ങളെ കുറിച്ചുള്ള റസ്സലിന്റെ അഭിപ്രായങ്ങളിൽ ഭാഗികമായി അധിഷ്‌ഠിതമായിരുന്നു ആ വാല്യം. എന്നാൽ, ആ പ്രവചനങ്ങളുടെ അർഥം വെളിപ്പെടാനുള്ള സമയം അപ്പോഴും വന്നെത്തിയിരുന്നില്ല. ഫലത്തിൽ, വേദാധ്യയന പത്രികകളുടെ പ്രസ്‌തുത വാല്യത്തിൽ നൽകിയ വിശദീകരണം അവ്യക്തമായിരുന്നു. എന്നാൽ തുടർന്നുവന്ന വർഷങ്ങളിൽ, ആ പ്രവചന പുസ്‌തകങ്ങളുടെ അർഥം കൂടുതൽ കൃത്യമായി തിരിച്ചറിയാൻ യഹോവയുടെ അനർഹദയയും ലോകരംഗത്തെ സംഭവവികാസങ്ങളും ക്രിസ്‌ത്യാനികളെ സഹായിച്ചിരിക്കുന്നു.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• യഹോവ തന്റെ ഉദ്ദേശ്യങ്ങൾ പടിപടിയായി വെളിപ്പെടുത്തുന്നത്‌ എന്തുകൊണ്ട്‌?

• അപ്പൊസ്‌തലന്മാരും യെരൂശലേമിലെ മൂപ്പന്മാരും പരിച്ഛേദന സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചത്‌ എങ്ങനെ?

• ആദ്യകാല ബൈബിൾ വിദ്യാർഥികൾ എങ്ങനെയുള്ള പഠനരീതിയാണ്‌ അവലംബിച്ചത്‌, അത്‌ സവിശേഷത ഉള്ളത്‌ ആയിരുന്നത്‌ എന്തുകൊണ്ട്‌?

• ദൈവത്തിന്റെ തക്കസമയത്ത്‌ ആത്മീയ വെളിച്ചം ചൊരിയപ്പെടുന്നത്‌ എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ തക്കസമയത്ത്‌ വെളിപ്പാടു പുസ്‌തകത്തിന്മേൽ പ്രകാശം ചൊരിയപ്പെടുമെന്ന്‌ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിന്‌ അറിയാമായിരുന്നു