വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യവർഗത്തിന്‌ ഒരു സഹായി ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

മനുഷ്യവർഗത്തിന്‌ ഒരു സഹായി ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

മനുഷ്യവർഗത്തിന്‌ ഒരു സഹായി ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

‘ഞാൻ നിഷ്‌ഠുരനായ ഒരു ഉപദ്രവി ആയിരുന്നു,’ മുമ്പ്‌ അഹങ്കാരിയും അക്രമാസക്തനുമായിരുന്ന ഒരുവൻ സമ്മതിച്ചു പറഞ്ഞു. യേശുക്രിസ്‌തുവിന്റെ ദൈവഭയമുള്ള അനുഗാമികളെ നിർദയം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത ഒരു കടുത്ത ദൈവദൂഷകൻ ആയിരുന്നു അയാൾ. ‘എങ്കിലും എനിക്ക്‌ കരുണ ലഭിച്ചു’ എന്ന്‌ കൃതജ്ഞതയോടെ അയാൾക്കു പറയാൻ കഴിഞ്ഞു. അവിശ്വസനീയമെന്നു തോന്നിയേക്കാമെങ്കിലും, ആ നിഷ്‌ഠുര പീഡകനാണ്‌ പിന്നീട്‌ വിശ്വസ്‌ത ക്രിസ്‌തീയ അപ്പൊസ്‌തലൻ ആയിത്തീർന്ന പൗലൊസ്‌.—1 തിമൊഥെയൊസ്‌ 1:12-16; പ്രവൃത്തികൾ 9:1-19.

നമ്മിൽ മിക്കവരും പൗലൊസ്‌ ചെയ്‌തതുപോലുള്ള കാര്യങ്ങൾ ചെയ്‌തിട്ടില്ല. എന്നിരുന്നാലും, ദൈവിക നിലവാരങ്ങളിൽ എത്തിച്ചേരാൻ നാം എല്ലാവരും പരാജയപ്പെടുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർ”ന്നിരിക്കുന്നു. (റോമർ 3:23) മാത്രമല്ല, ദൈവത്തിന്റെ കരുണ ലഭിക്കാനാവാത്ത വിധം നാം അത്ര ദുഷിച്ചവരാണെന്നു ചിന്തിച്ചുകൊണ്ട്‌ നിരാശയിൽ ആണ്ടുപോകുക വളരെ എളുപ്പമാണ്‌. തന്റെ പാപപ്രവണതകളെ കുറിച്ചു ചിന്തിക്കവെ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” സ്വന്തം ചോദ്യത്തിനു മറുപടി പറഞ്ഞുകൊണ്ട്‌ അവൻ എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം ഞാൻ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു.”—റോമർ 7:24, 25.

നീതിമാനായ ഒരു സ്രഷ്ടാവിന്‌ എങ്ങനെ പാപികളുമായി ഇടപെടാൻ കഴിയും? (സങ്കീർത്തനം 5:4) പൗലൊസ്‌ പറഞ്ഞത്‌ എന്തെന്നു ശ്രദ്ധിക്കുക: ‘നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം ദൈവത്തിനു സ്‌തോത്രം.’ ദൈവത്തിന്റെ കരുണ ലഭിച്ച മറ്റൊരുവൻ എഴുതി: “ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, നീതിമാനായ യേശുക്രിസ്‌തു എന്ന കാര്യസ്ഥൻ [“സഹായി,” NW] നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം [“പ്രായശ്ചിത്ത യാഗം,” NW] ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.”—1 യോഹന്നാൻ 2:1, 2.

ക്രിസ്‌തുവിനെ ‘പിതാവിന്റെ അടുക്കലുള്ള സഹായി’ എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യേശു പാപങ്ങൾക്ക്‌ ഒരു “പ്രായശ്ചിത്ത യാഗം” ആയിരിക്കുന്നത്‌ എങ്ങനെ?

ഒരു സഹായി ആവശ്യമായിരിക്കുന്നതിന്റെ കാരണം

“അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാ”നാണ്‌ യേശു ഭൂമിയിൽ വന്നത്‌. (മത്തായി 20:28) ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും തിരികെ വാങ്ങാൻ അല്ലെങ്കിൽ വിട്ടുകിട്ടാൻ കൊടുക്കുന്ന വിലയാണ്‌ മറുവില. “മറുവില” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ ക്രിയാരൂപത്തിന്‌ പാപങ്ങൾ മൂടുക അല്ലെങ്കിൽ അവയ്‌ക്കു പ്രായശ്ചിത്തം ചെയ്യുക എന്ന ആശയമാണുള്ളത്‌. (സങ്കീർത്തനം 78:38, NW) മത്തായി 20:28 പോലെയുള്ള വാക്യങ്ങളിൽ കാണപ്പെടുന്ന ഗ്രീക്കു പദം യുദ്ധത്തടവുകാരെ വിടുവിക്കാനോ അടിമകളെ സ്വതന്ത്രരാക്കാനോ നൽകപ്പെടുന്ന വിലയെ പരാമർശിക്കാൻ ആയിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്‌. ഒന്നിനു പകരമായി അതേ മൂല്യമുള്ള മറ്റൊന്ന്‌ നൽകുക എന്നതാണ്‌ നീതിയുടെ പ്രമാണം.

ആദ്യ മനുഷ്യൻ ദൈവത്തോടു മത്സരിച്ചതിന്റെ ഫലമായി മനുഷ്യവർഗം അടിമത്തത്തിലായി. ഉല്‌പത്തി പുസ്‌തകം 3-ാം അധ്യായം പ്രകടമാക്കുന്നതുപോലെ ആ പൂർണ മനുഷ്യൻ, ആദാം, യഹോവയാം ദൈവത്തോടുള്ള അനുസരണക്കേടിന്റെതായ ഒരു ഗതി തിരഞ്ഞെടുത്തു. അപ്രകാരം ചെയ്യുക വഴി, അവൻ തന്നെത്തന്നെയും അപ്പോഴും ജനിച്ചിട്ടില്ലാഞ്ഞ തന്റെ സന്തതി പരമ്പരകളെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്കു വിറ്റുകളഞ്ഞു. അങ്ങനെ ആദാം തനിക്കും തന്റെ സന്തതികൾക്കും പൂർണ മനുഷ്യജീവൻ എന്ന ദാനം ആസ്വദിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തി.—റോമർ 5:12, 18, 19; 7:14.

പുരാതന ഇസ്രായേലിൽ, ജനങ്ങളുടെ പാപത്തിനു പ്രായശ്ചിത്തമായി അഥവാ അതിനെ മൂടുന്നതിനായി ദൈവം മൃഗബലികൾ ക്രമീകരിച്ചു. (ലേവ്യപുസ്‌തകം 1:4; 4:20, 35) ഫലത്തിൽ, ബലിമൃഗത്തിന്റെ ജീവൻ പാപിയുടെ ജീവനു പകരമായി നൽകപ്പെട്ടു. (ലേവ്യപുസ്‌തകം 17:11) ആയതിനാൽ, “പാപപരിഹാരദിവസ”ത്തെ “മറുവിലകളുടെ ദിന”മെന്നും വിളിക്കാനാകും.—ലേവ്യപുസ്‌തകം 23:26-28.

എന്നാൽ മൃഗങ്ങൾ മനുഷ്യരെക്കാൾ താണവയായതിനാൽ “കാളകളുടെയും ആട്ടുകൊററന്മാരുടെയും രക്തത്തിന്നു പാപങ്ങളെ [പൂർണമായി] നീക്കുവാൻ കഴിയുന്നതല്ല.” (എബ്രായർ 10:1-4) ആദാം നഷ്ടപ്പെടുത്തിയതിനു തുല്യ മൂല്യമുള്ള ഒരു യാഗത്തിനു മാത്രമേ പാപം ശാശ്വതമായി പരിഹരിക്കാൻ അഥവാ നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഒരു പൂർണ മനുഷ്യൻ (ആദാം) നഷ്ടപ്പെടുത്തിയതിനെ നീതിയുടെ തുലാസിൽ സമതുലനം ചെയ്യുന്നതിന്‌ മറ്റൊരു പൂർണ മനുഷ്യൻതന്നെ (യേശുക്രിസ്‌തു) വേണം. അതാണു നീതി ആവശ്യപ്പെടുന്നത്‌. ആദ്യ പിതാവ്‌ തങ്ങളെ വിറ്റുകളഞ്ഞ ആ അടിമത്തത്തിൽനിന്ന്‌ ആദാമിന്റെ സന്തതികളെ വിടുവിക്കാനുള്ള മറുവില നൽകാൻ ഒരു പൂർണ മനുഷ്യജീവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. യഥാർഥ നീതി, ‘ജീവനു പകരം ജീവൻ’ എന്നതാണ്‌.—പുറപ്പാടു 21:23-25.

ആദാം പാപം ചെയ്യുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്‌തപ്പോൾ, അവന്റെ അജാത സന്തതികൾ അപ്പോഴും അവന്റെ കടിപ്രദേശത്ത്‌ ആയിരുന്നതിനാൽ അവരും അവനോടൊപ്പം മരിച്ചു. പൂർണ മനുഷ്യനായിരുന്ന യേശു, “ഒടുക്കത്തെ ആദാം,” ഒരു കുടുംബത്തെ ഉളവാക്കേണ്ടതില്ലെന്ന്‌ സ്വമനസ്സാലെ തീരുമാനിച്ചു. (1 കൊരിന്ത്യർ 15:45) ഒരു പൂർണ മനുഷ്യബലി എന്നനിലയിൽ അവൻ മരിച്ചപ്പോൾ അവനു തന്റെ കടിപ്രദേശത്ത്‌ അജാത സന്തതികൾ ഉണ്ടായിരുന്നു. അതുകൊണ്ട്‌, അവന്റെ കടിപ്രദേശത്തുണ്ടായിരുന്ന ഭാവി മനുഷ്യവർഗം അവനോടൊപ്പം മരിച്ചെന്ന്‌ പറയാവുന്നതാണ്‌. ആദാമിന്റെ പാപഗ്രസ്‌തമായ, മരിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തെ യേശു ഏറ്റെടുത്തു. സ്വന്തമായി ഒരു കുടുംബത്തെ ഉളവാക്കാനുള്ള അവകാശം അവൻ വേണ്ടെന്നുവെച്ചു. തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലിയർപ്പിച്ചുകൊണ്ട്‌ യേശു, ആദാമിൽനിന്ന്‌ ഉത്ഭവിച്ച മുഴു മനുഷ്യവർഗത്തെയും വീണ്ടെടുത്തു. അങ്ങനെ അവർക്ക്‌ അവന്റെ കുടുംബമായിത്തീരാൻ കഴിഞ്ഞു. അവൻ അവരുടെ ‘നിത്യപിതാവും’ ആയിത്തീർന്നു.—യെശയ്യാവു 9:6, 7.

യേശുവിന്റെ മറുവില അനുസരണമുള്ള മനുഷ്യവർഗത്തിന്‌ ദൈവത്തിന്റെ കരുണയും നിത്യജീവനും നേടാനുള്ള വഴിതുറന്നു. ആയതിനാൽ, അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ.” (റോമർ 6:23) മറുവില നൽകുക വഴി തനിക്കും താൻ അതിയായി സ്‌നേഹിക്കുന്ന തന്റെ പുത്രനും വളരെയേറെ നഷ്ടം വരുത്തിവെച്ചുകൊണ്ട്‌ യഹോവ പ്രകടമാക്കിയ സ്‌നേഹത്തെയും അനുകമ്പയെയും പ്രതി അവനെ സ്‌തുതിക്കാതിരിക്കാൻ നമുക്കാവില്ല. (യോഹന്നാൻ 3:16) സ്വർഗീയ ജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെടുകയും അവിടെ ദൈവത്തിനു തന്റെ മറുവിലയുടെ മൂല്യം സമർപ്പിക്കുകയും ചെയ്‌തപ്പോൾ യേശു ‘പിതാവിന്റെ അടുക്കലുള്ള ഒരു സഹായി’യാണെന്ന്‌ വ്യക്തമായി. * (എബ്രായർ 9:11, 12, 24; 1 പത്രൊസ്‌ 3:18) എന്നാൽ യേശുക്രിസ്‌തു ഇപ്പോൾ സ്വർഗത്തിൽ നമ്മുടെ സഹായി ആണെന്നു തെളിയുന്നത്‌ എങ്ങനെ?

[അടിക്കുറിപ്പുകൾ]

^ ഖ. 12 വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 4-ഉം 7-ഉം അധ്യായങ്ങൾ കാണുക.

[4-ാം പേജിലെ ചിത്രം]

യേശുവിന്റെ പൂർണതയുള്ള മനുഷ്യജീവൻ ആദാമിന്റെ സന്തതികളുടെ വീണ്ടെടുപ്പുവില ആയിത്തീർന്നു