യഹോവ നമ്മെ നയിക്കുന്ന വിധം
യഹോവ നമ്മെ നയിക്കുന്ന വിധം
“നേരുള്ള വഴിയിൽ എന്നെ നയിക്കേണമേ.”—സങ്കീർത്തനം 27:11, Nw.
1, 2. (എ) യഹോവ ഇന്നു തന്റെ ജനത്തെ വഴിനയിക്കുന്നത് എങ്ങനെ? (ബി) യോഗങ്ങളിൽനിന്നു പൂർണ പ്രയോജനം നേടുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
യഹോവ വെളിച്ചത്തിന്റെയും സത്യത്തിന്റെയും ഉറവാണ്. മുൻ ലേഖനത്തിൽ നാം അതു സംബന്ധിച്ചു പഠിക്കുകയുണ്ടായി. നാം നേരുള്ള വഴിയിൽ സഞ്ചരിക്കവെ, അവന്റെ വചനം നമ്മുടെ പാതകളെ പ്രകാശിപ്പിക്കുന്നു. തന്റെ വഴികൾ പഠിപ്പിച്ചുകൊണ്ട് യഹോവ നമ്മെ നയിക്കുന്നു. (സങ്കീർത്തനം 119:105) പുരാതന കാലത്തെ സങ്കീർത്തനക്കാരനെ പോലെ, നാം ദൈവത്തിന്റെ വഴിനടത്തിപ്പിനോടു നന്ദിപൂർവം പ്രതികരിച്ചുകൊണ്ട് പിൻവരുന്ന പ്രകാരം പ്രാർഥിക്കുന്നു: “യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ [“നേരുള്ള വഴിയിൽ,” NW] എന്നെ നടത്തേണമേ.”—സങ്കീർത്തനം 27:11.
2 പ്രബോധനം നൽകാൻ യഹോവ ഇന്ന് ഉപയോഗിക്കുന്ന ഒരു മാർഗം ക്രിസ്‌തീയ യോഗങ്ങളാണ്. (1) പതിവായി ഹാജരായിക്കൊണ്ടും (2) പരിപാടികൾ നന്നായി ശ്രദ്ധിച്ചുകൊണ്ടും (3) സദസ്യ പങ്കുപറ്റലോടെയുള്ള പരിപാടികളിൽ മടികൂടാതെ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടും സ്‌നേഹപൂർവകമായ ഈ കരുതലിൽനിന്ന് നാം പൂർണ പ്രയോജനം നേടുന്നുവോ? കൂടാതെ, “നേരുള്ള വഴിയിൽ” നടക്കാൻ നമ്മെ സഹായിക്കുന്ന നിർദേശങ്ങൾ ലഭിക്കുമ്പോൾ നാം നന്ദിപൂർവം അതിനോടു പ്രതികരിക്കുന്നുവോ?
നിങ്ങളുടെ യോഗഹാജർ എങ്ങനെയുണ്ട്?
3. ഒരു മുഴുസമയ ശുശ്രൂഷക യോഗങ്ങൾക്കു പതിവായി ഹാജരാകുന്ന ശീലം വളർത്തിയെടുത്തത് എങ്ങനെ?
3 ചില രാജ്യപ്രസാധകർ കുട്ടിക്കാലം മുതലേ യോഗങ്ങളിൽ പതിവായി ഹാജരാകുന്നവരാണ്. യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷക തന്റെ ബാല്യകാലത്തെ കുറിച്ച് ഇപ്രകാരം ഓർമിക്കുന്നു: “1930-കളിൽ, ഞാനും ചേച്ചിമാരും കുട്ടികളായിരുന്നപ്പോൾ, ഇന്നു യോഗത്തിനു പോകുന്നുണ്ടോ എന്നു ഞങ്ങൾക്കു മാതാപിതാക്കളോടു ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം അസുഖം ഒന്നുമില്ലെങ്കിൽ യോഗത്തിനു പോകും എന്ന കാര്യത്തിൽ ഞങ്ങൾക്കു യാതൊരു സംശയവുമില്ലായിരുന്നു. ഞങ്ങളുടെ കുടുംബം ഒരിക്കലും യോഗങ്ങൾ മുടക്കിയിരുന്നില്ല.” പ്രവാചകി ആയിരുന്ന ഹന്നായെ പോലെ, ഈ സഹോദരിയും യഹോവയുടെ ആരാധനാ ലൂക്കൊസ് 2:36, 37.
സ്ഥലത്തുനിന്ന് ഒരിക്കലും “വിട്ടുപിരിയാതെ”യിരിക്കുന്നു.—4-6. (എ) ചില രാജ്യപ്രസാധകർ യോഗങ്ങൾ മുടക്കുന്നത് എന്തുകൊണ്ട്? (ബി) യോഗങ്ങൾക്കു ഹാജരാകുന്നതു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ക്രിസ്‌തീയ യോഗങ്ങൾക്കു പതിവായി ഹാജരാകുന്ന ഒരാളാണോ നിങ്ങൾ? അതോ ഇടയ്‌ക്കൊക്കെ നിങ്ങൾ യോഗങ്ങൾ മുടക്കാറുണ്ടോ? ഇക്കാര്യത്തിൽ തങ്ങൾ സാമാന്യം നല്ല നിലയിലാണെന്നു കരുതിയ ചില ക്രിസ്‌ത്യാനികൾ അതൊന്ന് ഉറപ്പുവരുത്താൻ തീരുമാനിച്ചു. അതിനായി, കുറെ ആഴ്‌ചത്തേക്ക് തങ്ങൾ ഹാജരായ യോഗങ്ങൾ ഏതൊക്കെയാണെന്ന് അവർ കുറിച്ചിട്ടു. നിശ്ചയിച്ചിരുന്ന ആഴ്‌ചകളുടെ ഒടുവിൽ അവർ അതു പരിശോധിച്ചപ്പോൾ, തങ്ങൾ എത്രയധികം യോഗങ്ങൾ നഷ്ടപ്പെടുത്തി എന്നു കണ്ട് അവർ ഞെട്ടിപ്പോയി.
5 ‘അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല’ എന്നു ചിലർ പറഞ്ഞേക്കാം. ‘ആളുകൾക്ക് ഇന്ന് വളരെയേറെ സമ്മർദങ്ങളുണ്ട്, അതുകൊണ്ട് യോഗങ്ങൾക്കു പതിവായി ഹാജരാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.’ നാം ജീവിക്കുന്നത് സമ്മർദപൂരിതമായ നാളുകളിൽ ആണെന്നുള്ളതു ശരിതന്നെ. മാത്രമല്ല, സമ്മർദങ്ങൾ നിശ്ചയമായും വർധിച്ചുവരികയും ചെയ്യും. (2 തിമൊഥെയൊസ് 3:13) എന്നാൽ, യോഗങ്ങൾക്കു പതിവായി ഹാജരാകേണ്ടതിന്റെ ആവശ്യകതയെ അത് ഏറ്റവുമധികം വർധിപ്പിക്കുകയല്ലേ ചെയ്യുന്നത്? പരിപുഷ്ടിപ്പെടുത്തുന്ന ആരോഗ്യാവഹമായ ആത്മീയ ആഹാരം പതിവായി കഴിക്കാത്തപക്ഷം, ഈ വ്യവസ്ഥിതിയിൽ നിന്നുണ്ടാകുന്ന സമ്മർദങ്ങളെ നമുക്കു ചെറുത്തുനിൽക്കാനാകുമെന്നു പ്രതീക്ഷിക്കാനാവില്ല. പതിവായ ക്രിസ്‌തീയ സഹവാസത്തിന്റെ അഭാവത്തിൽ “നീതിമാന്മാരുടെ പാത” പാടേ ഉപേക്ഷിച്ചുകളയാൻ പോലും നാം പ്രലോഭിതരായേക്കാം! (സദൃശവാക്യങ്ങൾ 4:18) ജോലിചെയ്‌തു നന്നേ ക്ഷീണിച്ച് വീട്ടിലെത്തുന്ന നമുക്ക് യോഗത്തിനു പോകാനുള്ള താത്‌പര്യം എല്ലായ്‌പോഴും തോന്നിയെന്നു വരില്ല. എന്നാൽ ക്ഷീണം ഉണ്ടെങ്കിലും യോഗത്തിനു ഹാജരാകുന്ന പക്ഷം നമുക്കുതന്നെ പ്രയോജനം ലഭിക്കുന്നു, മാത്രമല്ല രാജ്യഹാളിൽ എത്തുന്ന സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കാനും നമുക്കു കഴിയുന്നു.
6 യോഗങ്ങൾക്കു നാം പതിവായി ഹാജരാകേണ്ടതിന്റെ മറ്റൊരു പ്രധാന കാരണം എബ്രായർ 10:25 പറയുന്നു. ‘നാൾ സമീപിക്കുന്നു എന്നു കാണുംതോറും അന്യോന്യം അധികമധികം’ കൂടിവരാൻ പൗലൊസ് അവിടെ സഹക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു. അതേ, “യഹോവയുടെ ദിവസം” അടുത്തു വരികയാണെന്നുള്ള വസ്‌തുത നാം വിസ്‌മരിക്കരുത്. (2 പത്രൊസ് 3:12, NW) ഈ വ്യവസ്ഥിതിയുടെ അന്ത്യം ഉടനെയൊന്നും ഉണ്ടാകില്ലെന്നു നിഗമനം ചെയ്യുന്നെങ്കിൽ, വ്യക്തിപരമായ അനുധാവനങ്ങൾ യോഗങ്ങളിൽ ഹാജരാകുന്നതു പോലുള്ള അനിവാര്യമായ ആത്മീയ പ്രവർത്തനങ്ങളെ പിന്തള്ളാൻ നാം അനുവദിച്ചു തുടങ്ങിയേക്കാം. അപ്പോൾ, യേശു മുന്നറിയിപ്പു നൽകിയതുപോലെ, ‘ആ ദിവസം പെട്ടെന്നു ഒരു കണിപോലെ നമ്മുടെ മേൽ വന്നേക്കാം.’—ലൂക്കൊസ് 21:34.
ഒരു നല്ല ശ്രോതാവായിരിക്കുക
7. കുട്ടികൾ യോഗങ്ങൾക്കു സൂക്ഷ്‌മ ശ്രദ്ധ നൽകുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 യോഗങ്ങൾക്കു ഹാജരായാൽ മാത്രം പോരാ. അവിടെ പറയപ്പെടുന്ന കാര്യങ്ങൾക്ക് സൂക്ഷ്‌മ ശ്രദ്ധ നൽകിക്കൊണ്ട് നാം നന്നായി കേൾക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 7:24) സമാനമായി നമ്മുടെ കുട്ടികളും ശ്രദ്ധിച്ചു കേൾക്കേണ്ടതുണ്ട്. കുട്ടി സ്‌കൂളിൽ ആയിരിക്കുമ്പോൾ, അധ്യാപകൻ പറയുന്നതു ശ്രദ്ധിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു, ഒരു വിഷയം അവന് അരസികമോ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതോ ആയി തോന്നിയാൽ പോലും അവൻ അപ്രകാരം ചെയ്യേണ്ടതാണ്. കുട്ടി ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കുന്നെങ്കിൽ, പ്രസ്‌തുത പാഠത്തിൽനിന്നു അവൻ കുറെയെങ്കിലും പ്രയോജനം നേടുമെന്ന് അധ്യാപകന് അറിയാം. ആ സ്ഥിതിക്ക്, സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾ സഭായോഗങ്ങളിൽ ഉറങ്ങുന്നതിനു പകരം നൽകപ്പെടുന്ന പ്രബോധനങ്ങൾക്കു ശ്രദ്ധ കൊടുക്കണമെന്നു പറയുന്നതു ന്യായമല്ലേ? തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന അമൂല്യ സത്യങ്ങളിൽ ‘ഗ്രഹിപ്പാൻ പ്രയാസമുള്ള ചിലതുണ്ട്’ എന്നതു ശരിയാണ്. (2 പത്രൊസ് 3:16) എന്നാൽ കുട്ടികളുടെ പഠനപ്രാപ്‌തിയെ നാം താഴ്‌ത്തിമതിക്കരുത്. ദൈവം അപ്രകാരം ചെയ്യുന്നില്ല. ബൈബിൾ കാലങ്ങളിൽ, യഹോവ തന്റെ യുവ ആരാധകരോട് ‘കേട്ടു പഠിച്ചു തങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കാൻ’ കൽപ്പിച്ചു. അവയിൽ ചിലത് കുട്ടികൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവ ആയിരുന്നു എന്നതിനു സംശയമില്ല. (ആവർത്തനപുസ്‌തകം 31:12; ലേവ്യപുസ്‌തകം 18:1-30 താരതമ്യം ചെയ്യുക.) യഹോവ ഇന്ന് കുട്ടികളിൽനിന്നു പ്രതീക്ഷിക്കുന്നത് അതുതന്നെയല്ലേ?
8. യോഗങ്ങളിൽ ശ്രദ്ധിക്കുന്നതിനു കുട്ടികളെ സഹായിക്കാൻ ചില മാതാപിതാക്കൾ എന്തെല്ലാം ചെയ്യുന്നു?
8 കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾ ഭാഗികമായി നിറവേറ്റപ്പെടുന്നത് അവർ യോഗങ്ങളിൽ പഠിക്കുന്ന കാര്യങ്ങളിലൂടെ ആണെന്നു ക്രിസ്‌തീയ മാതാപിതാക്കൾ തിരിച്ചറിയുന്നു. അതുകൊണ്ട്, നവോന്മേഷിതരും പഠിക്കാൻ സജ്ജരുമായി കുട്ടികൾക്കു രാജ്യഹാളിൽ വരാൻ കഴിയേണ്ടതിനു ചില മാതാപിതാക്കൾ യോഗങ്ങൾക്കു മുമ്പ് കുട്ടികളെ കുറച്ചു നേരം ഉറക്കുന്നു. മറ്റു ചില മാതാപിതാക്കൾ യോഗങ്ങൾക്കു മുമ്പ് കുട്ടികൾ ടിവി കാണുന്നത് കർശനമായി നിയന്ത്രിക്കുകയോ അത് ജ്ഞാനപൂർവം നിരോധിക്കുകയോ ചെയ്യുന്നു. (എഫെസ്യർ 5:15, 16) അത്തരം മാതാപിതാക്കൾ ശ്രദ്ധാശൈഥില്യങ്ങൾ പരമാവധി കുറയ്‌ക്കുകയും കുട്ടികളുടെ പ്രായത്തിനും പ്രാപ്‌തിക്കും അനുസൃതമായി ശ്രദ്ധിക്കാനും പഠിക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 8:32.
9. ശ്രദ്ധാപ്രാപ്‌തി വർധിപ്പിക്കാൻ നമ്മെ എന്തു സഹായിക്കും?
9 “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ് 8:18) യേശു അതു പറഞ്ഞതു മുതിർന്നവരോടായിരുന്നു. ഇക്കാലത്ത്, അതു പറയാൻ എളുപ്പമായിരിക്കാം, എന്നാൽ അതുപോലെ ചെയ്യാൻ ബുദ്ധിമുട്ടാണ്. ശ്രദ്ധാപൂർവം കേൾക്കുന്നതിൽ കഠിനശ്രമം ഉൾപ്പെടുന്നെങ്കിലും ആ പ്രാപ്‌തി വളർത്തിയെടുക്കാൻ സാധിക്കും. ഒരു ബൈബിൾ പ്രസംഗമോ യോഗഭാഗമോ കേൾക്കുമ്പോൾ മുഖ്യ ആശയങ്ങൾ വേർതിരിച്ചെടുക്കാൻ ശ്രമിക്കുക. പ്രസംഗകൻ അടുത്തതായി പറയാൻ പോകുന്നത് എന്തായിരിക്കുമെന്നു ചിന്തിക്കുക. നിങ്ങൾക്കു ശുശ്രൂഷയിലോ ജീവിതത്തിലോ ബാധകമാക്കാൻ കഴിയുന്ന ആശയങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ആശയങ്ങൾ പരിചിന്തിക്കപ്പെടുമ്പോൾ അവ മനസ്സിൽ പുനരവലോകനം ചെയ്യുക. ഹ്രസ്വമായ കുറിപ്പുകൾ എടുക്കുക.
10, 11. നല്ല ശ്രോതാക്കൾ ആയിരിക്കാൻ ചില മാതാപിതാക്കൾ കുട്ടികളെ സഹായിച്ചിരിക്കുന്നത് എങ്ങനെ, സഹായകമെന്നു നിങ്ങൾ കണ്ടെത്തിയിരിക്കുന്ന രീതികൾ ഏവ?
10 നല്ല ശ്രദ്ധാശീലങ്ങൾ ഏറ്റവും നന്നായി വളർത്തിയെടുക്കാൻ കഴിയുന്നത് ചെറുപ്രായത്തിലാണ്. എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പുതന്നെ യോഗസമയത്തു “കുറിപ്പുകൾ” എടുക്കാൻ ചില മാതാപിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. “യഹോവ,” “യേശു,” “രാജ്യം” എന്നിങ്ങനെയുള്ള പരിചിതമായ വാക്കുകൾ കേൾക്കുമ്പോൾ ഒരു ചെറിയ കടലാസിൽ അവർ ഒരു അടയാളമിടുന്നു. ഈ വിധത്തിൽ, സ്റ്റേജിൽനിന്നു പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികൾക്കു പഠിക്കാനാകും.
11 ശ്രദ്ധ കേന്ദ്രീകരിക്കാൻ മുതിർന്ന കുട്ടികൾക്കും ചിലപ്പോഴൊക്കെ പ്രോത്സാഹനം ആവശ്യമാണ്. ഒരു ക്രിസ്‌തീയ കൺവെൻഷനിൽ പങ്കെടുക്കവെ, തന്റെ 11 വയസ്സുള്ള മകൻ ദിവാസ്വപ്‌നം കാണുകയാണെന്നു മനസ്സിലാക്കിയ ഒരു കുടുംബത്തലവൻ മകന്റെ കൈവശം ബൈബിൾ കൊടുത്തിട്ട് പ്രസംഗകൻ ഉപയോഗിക്കുന്ന വാക്യങ്ങൾ തുറന്നുനോക്കാൻ അവനോടു പറഞ്ഞു. അങ്ങനെ, പിതാവ് കുറിപ്പുകൾ എടുക്കുകയും മകൻ ബൈബിൾ തുറന്നുകാണിക്കുകയും ചെയ്‌തു. അതേത്തുടർന്ന് ആ കുട്ടി കൂടുതൽ ഉത്സാഹത്തോടെ കൺവെൻഷൻ പരിപാടികൾ ശ്രദ്ധിക്കാൻ തുടങ്ങി.
നിങ്ങളുടെ ശബ്ദം കേൾക്കട്ടെ
12, 13. സഭയിലെ ഗീതാലാപനത്തിൽ പങ്കെടുക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 ദാവീദ് രാജാവ് ഇങ്ങനെ പാടി: ‘സ്‌തോത്രസ്വരം കേൾപ്പിക്കേണ്ടതിന്, യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.’ (സങ്കീർത്തനം 26:6, 7) യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾ നമ്മുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാൻ വളരെ നല്ല അവസരങ്ങൾ പ്രദാനം ചെയ്യുന്നു. സഭയിലെ ഗീതാലാപനത്തിൽ പങ്കെടുക്കുന്നതാണ് അതിനുള്ള ഒരു മാർഗം. ഇത് നമ്മുടെ ആരാധനയുടെ ഒരു സുപ്രധാന വശമാണ്, എന്നാൽ അത് എളുപ്പം അവഗണിക്കപ്പെടാവുന്ന ഒന്നാണ്.
13 വായിക്കാൻ അറിയില്ലാത്ത ചില കുട്ടികൾ ഓരോ ആഴ്‌ചയും യോഗങ്ങളിൽ ഉപയോഗിക്കുന്ന രാജ്യ ഗീതങ്ങളിലെ വാക്കുകൾ മനഃപാഠമാക്കുന്നു. അങ്ങനെ മുതിർന്നവരോടൊപ്പം പാടാൻ കഴിയുമ്പോൾ അവർക്കു വളരെ സന്തോഷം തോന്നുന്നു. എന്നാൽ കുട്ടികൾ വളരുന്നതോടെ രാജ്യഗീതങ്ങൾ ആലപിക്കാനുള്ള താത്‌പര്യം കുറഞ്ഞുപോയേക്കാം. ചില മുതിർന്നവർക്കും യോഗങ്ങളിൽ എഫെസ്യർ 5:19) വയൽശുശ്രൂഷയിൽ യഹോവയെ സ്‌തുതിക്കാൻ നാം നമ്മുടെ പരമാവധി ശ്രമിക്കുന്നു. ഹൃദയംഗമമായ സ്‌തുതിഗീതങ്ങൾ ആലപിച്ചുകൊണ്ടും—നമ്മുടെ ശബ്ദം ശ്രുതിമധുരമാണെങ്കിലും അല്ലെങ്കിലും—നമുക്ക് അവനെ മഹത്ത്വപ്പെടുത്തരുതോ?—എബ്രായർ 13:15.
ഗീതം ആലപിക്കാൻ മടിയാണ്. അതേ, വയൽശുശ്രൂഷപോലെതന്നെ ഗീതാലാപനവും നമ്മുടെ ആരാധനയുടെ ഒരു ഭാഗമാണ്. (14.യോഗങ്ങളിൽ നാം പഠിക്കുന്ന വിഷയങ്ങൾ ശ്രദ്ധാപൂർവം മുൻകൂട്ടി തയ്യാറാകേണ്ടത് എന്തുകൊണ്ട്?
14 സദസ്യ പങ്കുപറ്റലോടെ നടത്തുന്ന യോഗഭാഗങ്ങളിൽ പരിപുഷ്ടിപ്പെടുത്തുന്ന ഉത്തരങ്ങൾ പറയുമ്പോഴും നാം ദൈവത്തിനു സ്‌തുതി കരേറ്റുകയാണ്. ഇതിനു തയ്യാറാകൽ ആവശ്യമാണ്. ദൈവവചനത്തിലെ ഗഹനമായ കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നതിനു സമയം ചെലവിടേണ്ടതുണ്ട്. തിരുവെഴുത്തുകളുടെ ഉത്സാഹമുള്ള ഒരു പഠിതാവായിരുന്ന പൗലൊസ് അപ്പൊസ്‌തലൻ അതു തിരിച്ചറിഞ്ഞിരുന്നു. അവൻ എഴുതി: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!” (റോമർ 11:33) കുടുംബത്തലവന്മാരേ, തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവിക ജ്ഞാനത്തിലേക്കു ചുഴിഞ്ഞിറങ്ങാൻ ഓരോ കുടുംബാംഗത്തെയും സഹായിക്കുന്നതു ജീവത്‌പ്രധാനമാണ്. കുടുംബാധ്യയന സമയത്ത്, ബുദ്ധിമുട്ടുള്ള ആശയങ്ങൾ വിശദീകരിക്കാനും യോഗങ്ങൾക്കു തയ്യാറാകാൻ കുടുംബത്തെ സഹായിക്കാനും കുറെ സമയം നീക്കിവെക്കുക.
15. യോഗങ്ങളിൽ ഉത്തരങ്ങൾ പറയാൻ ഒരുവനെ സഹായിച്ചേക്കാവുന്ന ചില നിർദേശങ്ങൾ ഏവ?
15 യോഗങ്ങളിൽ ഉത്തരങ്ങൾ പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, അതു മുൻകൂട്ടി തയ്യാറാകരുതോ? വളരെ നീണ്ട ഉത്തരങ്ങളുടെ ആവശ്യമില്ല. ബോധ്യത്തോടെ വായിക്കുന്ന ഉചിതമായ ഒരു ബൈബിൾ വാക്യം; അല്ലെങ്കിൽ ഹൃദയത്തിൽനിന്നു വരുന്ന, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഏതാനും വാക്കുകൾ; ഇവയെല്ലാം അതിയായി വിലമതിക്കപ്പെടും. തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കേണ്ടതിന്, ഏതെങ്കിലുമൊരു പ്രത്യേക ഖണ്ഡികയുടെ ചോദ്യം തങ്ങളോടു ചോദിക്കണമെന്ന് ചില പ്രസാധകർ അധ്യയന നിർവാഹകനോടു മുൻകൂട്ടി പറയാറുണ്ട്.
അനുഭവജ്ഞാനം ഇല്ലാത്തവർ ജ്ഞാനികളായിത്തീരുന്നു
16, 17. ഒരു മൂപ്പൻ ഒരു ശുശ്രൂഷാദാസന് എന്തു ബുദ്ധിയുപദേശം നൽകി, അതു ഫലപ്രദമായിരുന്നത് എന്തുകൊണ്ട്?
16 ദൈവവചനം ദിവസേന വായിക്കാനുള്ള ഓർമിപ്പിക്കൽ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ നമുക്കു മിക്കപ്പോഴും ലഭിക്കുന്നു. അതിന്റെ വായന നവോന്മേഷപ്രദമാണ്. ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാനും വ്യക്തിത്വ ഗുണങ്ങൾ മെച്ചപ്പെടുത്താനും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും തെറ്റായ ഗതിയിൽ ഒരു ചുവടു വെച്ചിരിക്കുന്നെങ്കിൽ ആത്മീയ സമനില വീണ്ടെടുക്കാനും അതു നമ്മെ സഹായിക്കുന്നു.—സങ്കീർത്തനം 19:7.
17 പരിചയസമ്പന്നരായ മൂപ്പന്മാർ നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതമായ തിരുവെഴുത്തു ബുദ്ധിയുപദേശം നൽകാൻ സദാ ഒരുക്കമാണ്. അവരുടെ ബൈബിൾ അധിഷ്‌ഠിത ബുദ്ധിയുപദേശം തേടിക്കൊണ്ട് “അതു കോരി എടുക്കു”ക മാത്രമാണു നാം ചെയ്യേണ്ടിയിരിക്കുന്നത്. (സദൃശവാക്യങ്ങൾ 20:5) തനിക്ക് എങ്ങനെ സഭയിൽ കൂടുതൽ ഉപയോഗപ്രദനായ ഒരു വ്യക്തി ആയിത്തീരാൻ കഴിയുമെന്ന് ഉത്സാഹിയായ ഒരു ശുശ്രൂഷാദാസൻ ഒരിക്കൽ ഒരു മൂപ്പനോടു ചോദിച്ചു. ആ ചെറുപ്പക്കാരനെ നന്നായി അറിയാമായിരുന്ന ആ മൂപ്പൻ, നിയമിത പുരുഷന്മാർ “ന്യായയുക്തർ” ആയിരിക്കണമെന്നു പറയുന്ന 1 തിമൊഥെയൊസ് 3:3 (NW) അവനുമായി ചർച്ച ചെയ്‌തു. ആ ചെറുപ്പക്കാരന് മറ്റുള്ളവരുമായുള്ള ഇടപെടലിൽ ന്യായയുക്തത കാണിക്കാൻ കഴിയുന്ന വിധങ്ങൾ അദ്ദേഹം ദയാപൂർവം ചൂണ്ടിക്കാട്ടി. ആ തുറന്ന ബുദ്ധിയുപദേശം ആ ചെറുപ്പക്കാരനിൽ നീരസമുളവാക്കിയോ? തീർച്ചയായുമില്ല! അവൻ ഇങ്ങനെ വിശദീകരിക്കുന്നു: “മൂപ്പൻ ബൈബിൾ ഉപയോഗിച്ചാണു സംസാരിച്ചത്, അതുകൊണ്ട് ആ ബുദ്ധിയുപദേശം യഹോവയിൽ നിന്നുള്ളതാണെന്നു ഞാൻ തിരിച്ചറിഞ്ഞു.” ആ ശുശ്രൂഷാദാസൻ പ്രസ്‌തുത ബുദ്ധിയുപദേശം നന്ദിപൂർവം ബാധകമാക്കിക്കൊണ്ട് ഇപ്പോൾ നല്ല പുരോഗതി വരുത്തുന്നു.
18. (എ) സ്‌കൂളിൽ പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ ഒരു യുവക്രിസ്‌ത്യാനിയെ സഹായിച്ചത് എന്ത്? (ബി) പ്രലോഭനത്തെ അഭിമുഖീകരിക്കുമ്പോൾ ഏതു ബൈബിൾ വാക്യങ്ങളാണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്?
18 ‘യൗവനമോഹങ്ങളെ വിട്ടോടാനും’ ദൈവവചനത്തിനു ചെറുപ്പക്കാരെ സഹായിക്കാനാകും. (2 തിമൊഥെയൊസ് 2:22) അടുത്തയിടെ ഹൈസ്‌കൂൾ പാസായ ഒരു യുവ സാക്ഷിക്ക് സ്‌കൂൾ വർഷങ്ങളിൽ ഉടനീളം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ സാധിച്ചു. ചില ബൈബിൾ വാക്യങ്ങളെ കുറിച്ച് ധ്യാനിക്കുകയും അവ ബാധകമാക്കുകയും ചെയ്‌തതാണ് അവളെ അതിനു സഹായിച്ചത്. സദൃശവാക്യങ്ങൾ 13:20-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധിയുപദേശത്തെ കുറിച്ച് അവൾ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്നാണ് ആ വാക്യം പറയുന്നത്. അതിന് അനുസരണമായി, തിരുവെഴുത്തു തത്ത്വങ്ങളെ ആഴമായി ആദരിക്കുന്നവരോടു മാത്രം സൗഹൃദം വളർത്തിയെടുക്കാൻ അവൾ ശ്രദ്ധിച്ചു. അവൾ ഇങ്ങനെ ചിന്തിച്ചു: “ഞാൻ മറ്റുള്ളവരെക്കാൾ ഒട്ടും മെച്ചമല്ല. മോശമായ കൂട്ടുകെട്ടിൽ പെട്ടാൽ സുഹൃത്തുക്കളെ പ്രസാദിപ്പിക്കാനായിരിക്കും ഞാൻ ആഗ്രഹിക്കുക. അതു പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം.” 2 തിമൊഥെയൊസ് 1:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ ബുദ്ധിയുപദേശവും അവളെ സഹായിച്ചു. അവൻ ഇങ്ങനെ എഴുതി: “അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെ . . . കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.” ആ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ സാധ്യമായ സകല അവസരങ്ങളിലും അവൾ സഹപാഠികളുമായി തന്റെ ബൈബിൾ അധിഷ്‌ഠിത വിശ്വാസങ്ങൾ ധൈര്യപൂർവം പങ്കുവെച്ചു. ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചു ഒരു പ്രസംഗം നടത്താൻ നിയമനം ലഭിക്കുമ്പോഴൊക്കെ, ദൈവരാജ്യത്തെ കുറിച്ചു നയപൂർവം ഒരു സാക്ഷ്യം നൽകാൻ തന്നെ സഹായിക്കുന്ന ഒരു വിഷയം അവൾ തിരഞ്ഞെടുത്തിരുന്നു.
19. ഒരു ചെറുപ്പക്കാരന് ഈ ലോകത്തിന്റെ സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ കഴിയാതെവന്നത് എന്തുകൊണ്ട്, എന്നാൽ ആത്മീയ ആരോഗ്യം വീണ്ടെടുക്കാൻ അവനെ സഹായിച്ചത് എന്ത്?
19 നാം എപ്പോഴെങ്കിലും “നീതിമാന്മാരുടെ പാത”യിൽനിന്നു തെറ്റിപ്പോയാൽ, നമ്മുടെ കാലടികളെ നേരെയാക്കുന്നതിന് ദൈവവചനത്തിനു നമ്മെ സഹായിക്കാനാകും. (സദൃശവാക്യങ്ങൾ 4:18) ആഫ്രിക്കയിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ അതു സ്വന്ത അനുഭവത്തിലൂടെ മനസ്സിലാക്കി. യഹോവയുടെ സാക്ഷികളിൽ ഒരാൾ അവനെ സന്ദർശിച്ചപ്പോൾ അവൻ ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു. പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ ഇഷ്ടമായിരുന്നെങ്കിലും, താമസിയാതെ അവൻ സ്‌കൂളിലെ മോശമായ കൂട്ടുകെട്ടിൽ അകപ്പെട്ടു. കാലക്രമത്തിൽ അവൻ ഒരു അധാർമിക ജീവിതരീതിയിലേക്കു വഴുതിപ്പോയി. “എന്റെ മനസ്സാക്ഷി എന്നെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു, യോഗങ്ങൾക്കു ഞാൻ ഹാജരാകാതായി.” അവൻ സമ്മതിച്ചുപറയുന്നു. പിന്നീട് അവൻ വീണ്ടും യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി. ആ ചെറുപ്പക്കാരൻ പ്രസക്തമായ ഈ അഭിപ്രായപ്രകടനം നടത്തി: “പ്രശ്‌നങ്ങളുടെയെല്ലാം മുഖ്യ കാരണം എന്റെ ആത്മീയ ദാരിദ്ര്യം ആണെന്ന് എനിക്കു മനസ്സിലായി. എനിക്ക് വ്യക്തിപരമായ പഠനം ഇല്ലായിരുന്നു. അതുകൊണ്ടാണ് എനിക്കു പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ കഴിയാഞ്ഞത്. പിന്നീട്, ഞാൻ വീക്ഷാഗോപുരവും ഉണരുക!യും വായിക്കാൻ തുടങ്ങി. ക്രമേണ ആത്മീയ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞ ഞാൻ എന്റെ ജീവിതത്തിൽനിന്ന് അശുദ്ധമായ കാര്യങ്ങൾ ഒഴിവാക്കി. ഞാൻ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിച്ചവർക്ക് അതു നല്ലൊരു സാക്ഷ്യമായിരുന്നു. ഞാൻ സ്‌നാപനമേറ്റു. ഇപ്പോൾ ഞാൻ സന്തുഷ്ടനാണ്.” തന്റെ ജഡിക ബലഹീനതകൾ തരണം ചെയ്യാൻ ആ ചെറുപ്പക്കാരനെ ശക്തീകരിച്ചത് എന്തായിരുന്നു? പതിവായ വ്യക്തിഗത ബൈബിൾ പഠനത്തിലൂടെ അവൻ ആത്മീയ ആരോഗ്യം വീണ്ടെടുത്തു.
20. സാത്താന്റെ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ ഒരു യുവവ്യക്തിക്ക് എങ്ങനെ കഴിയും?
20 ക്രിസ്‌തീയ യുവജനങ്ങളേ, നിങ്ങൾ ഇന്ന് ആക്രമണവിധേയരാണ്! സാത്താന്റെ ആക്രമണങ്ങളെ ചെറുത്തു നിൽക്കുന്നതിന് നിങ്ങൾ ആത്മീയ ഭക്ഷണം പതിവായി കഴിക്കേണ്ടതുണ്ട്. സാധ്യതയനുസരിച്ച് യുവപ്രായത്തിൽത്തന്നെ സങ്കീർത്തനക്കാരൻ ഈ സംഗതി തിരിച്ചറിഞ്ഞിരുന്നു. ഒരു ‘ബാലനു തന്റെ നടപ്പിനെ നിർമ്മലമാക്കാൻ’ കഴിയത്തക്കവിധം യഹോവ തന്റെ വചനം പ്രദാനം ചെയ്‌തിരിക്കുന്നതിൽ അവൻ ദൈവത്തിനു നന്ദി പറഞ്ഞു.—സങ്കീർത്തനം 119:9.
ദൈവം നയിക്കുന്നിടത്തേക്കു നാം പോകും
21, 22. സത്യത്തിന്റെ പാത വളരെ ദുഷ്‌കരമാണെന്ന് നാം നിഗമനം ചെയ്യരുതാത്തത് എന്തുകൊണ്ട്?
21 യഹോവ ഇസ്രായേൽ ജനതയെ ഈജിപ്‌തിൽനിന്ന് വാഗ്‌ദത്തദേശത്തേക്കു നയിച്ചു. മാനുഷിക വീക്ഷണത്തിൽ നോക്കിയാൽ, യഹോവ അത്തരം ദുഷ്‌കരമായ ഒരു പാത തിരഞ്ഞെടുക്കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു എന്നു തോന്നിയേക്കാം. മധ്യധരണ്യാഴിയുടെ തീരത്തു കൂടിയുള്ള, പ്രത്യക്ഷത്തിൽ കൂടുതൽ എളുപ്പവും നേരെയുള്ളതുമായ ഒരു പാത തിരഞ്ഞെടുക്കുന്നതിനു പകരം മരുഭൂമിയിലൂടെയുള്ള ദുഷ്‌കരമായ ഒരു പാതയിലൂടെയാണ് യഹോവ തന്റെ ജനത്തെ നയിച്ചത്. എന്നാൽ ഇതു വാസ്‌തവത്തിൽ ദൈവം അവരോടു കാണിച്ച ഒരു ദയാപ്രവൃത്തി ആയിരുന്നു. സമുദ്രതീരത്തു കൂടിയുള്ള പാത ദൂരം കുറഞ്ഞതായിരുന്നെങ്കിലും, അത് ശത്രുക്കളായ ഫെലിസ്‌ത്യരുടെ നാട്ടിലൂടെ ആയിരുന്നു. മറ്റൊരു പാത തിരഞ്ഞെടുത്തതിനാൽ, ഫെലിസ്‌ത്യരുമായുള്ള ഒരു അകാല ഏറ്റുമുട്ടലിൽനിന്ന് യഹോവ തന്റെ ജനത്തെ സംരക്ഷിച്ചു.
22 സമാനമായി, യഹോവ ഇന്നു നമ്മെ നയിക്കുന്ന പാത ചിലപ്പോഴൊക്കെ ദുഷ്‌കരമായി തോന്നിയേക്കാം. സഭായോഗങ്ങൾ, വ്യക്തിപരമായ പഠനം, വയൽസേവനം എന്നിങ്ങനെ ക്രിസ്‌തീയ പ്രവർത്തനങ്ങളുടെ തിരക്കേറിയ ഒരു പട്ടികയാണ് ഓരോ വാരത്തിലും നമുക്കുള്ളത്. മറ്റു പാതകൾ വളരെ എളുപ്പമായി തോന്നിയേക്കാം. എന്നാൽ ഏതു ലക്ഷ്യത്തിൽ എത്തിച്ചേരാനാണോ നാം കഠിനാധ്വാനം ചെയ്യുന്നത് ആ ലക്ഷ്യത്തിൽ എത്തണമെങ്കിൽ ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റിയേ തീരൂ. അതുകൊണ്ട്, യഹോവയിൽനിന്നുള്ള ജീവത്‌പ്രധാന പ്രബോധനം തുടർന്നും സ്വീകരിച്ചുകൊണ്ട് നമുക്ക് “നേരുള്ള വഴിയിൽ” എന്നെന്നും നിലകൊള്ളാം!—സങ്കീർത്തനം 27:11, NW.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ക്രിസ്‌തീയ യോഗങ്ങൾക്കു പതിവായി ഹാജരാകേണ്ടതിന്റെ ആവശ്യം സംബന്ധിച്ചു നാം വിശേഷാൽ ബോധവാന്മാർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
• യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
• ഒരു നല്ല ശ്രോതാവായിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
• യോഗങ്ങളിൽ ഉത്തരങ്ങൾ പറയാൻ എന്തിനു നമ്മെ സഹായിക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[16, 17 പേജിലെ ചിത്രം]
ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നത് യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്താൻ നമ്മെ സഹായിക്കുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്‌തീയ യോഗങ്ങളിൽ യഹോവയെ സ്‌തുതിക്കുന്നതിന് അനേകം മാർഗങ്ങളുണ്ട്