വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുക്രിസ്‌തുവിനു നമ്മെ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

യേശുക്രിസ്‌തുവിനു നമ്മെ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

യേശുക്രിസ്‌തുവിനു നമ്മെ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ആളുകളെ സഹായിക്കാനായി അതിശയകരമായ പലതും ചെയ്‌തു. അതുകൊണ്ടുതന്നെയാണ്‌ യേശുവിന്റെ ജീവിതത്തിലെ അനേകം സംഭവങ്ങൾ വിവരിച്ച ശേഷം ഒരു ദൃക്‌സാക്ഷി ഇങ്ങനെ പറഞ്ഞത്‌: “യേശു ചെയ്‌തതു മററു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്‌തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.” (യോഹന്നാൻ 21:25) ഭൂമിയിൽ യേശു വളരെയധികം കാര്യങ്ങൾ ചെയ്‌തു എന്നതു ശരിതന്നെ. എന്നാൽ നാം ഒരുപക്ഷേ ഇങ്ങനെ ചോദിച്ചേക്കാം: ‘സ്വർഗത്തിൽ ഇരുന്നുകൊണ്ട്‌ അവന്‌ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും? യേശുവിന്റെ ആർദ്രാനുകമ്പയിൽനിന്ന്‌ നമുക്ക്‌ ഇപ്പോൾ പ്രയോജനം നേടാൻ കഴിയുമോ?’

അതിന്റെ ഉത്തരം അങ്ങേയറ്റം ഹൃദയോഷ്‌മളവും ആശ്വാസദായകവുമാണ്‌. ക്രിസ്‌തു ‘നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു’ എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (എബ്രായർ 9:24) അവൻ നമുക്കു വേണ്ടി എന്താണ്‌ ചെയ്‌തത്‌? “[ക്രിസ്‌തു] ആട്ടുകൊററന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ [‘സ്വർഗത്തിൽ’] പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ വിശദീകരിക്കുന്നു.—എബ്രായർ 9:12; 1 യോഹന്നാൻ 2:2.

എത്ര നല്ലൊരു വാർത്ത! ആളുകൾക്കു വേണ്ടി താൻ ചെയ്‌തിരുന്ന മഹത്തായ വേല അവസാനിപ്പിക്കുന്നതിനു പകരം, അവർക്കു വേണ്ടി അതിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സ്വർഗാരോഹണം യേശുവിനെ പ്രാപ്‌തനാക്കി. കാരണം, തന്റെ അനർഹദയ ഹേതുവായി ദൈവം ‘സ്വർഗ്ഗത്തിൽ തന്റെ മഹിമാസനത്തിന്റെ വലത്തുഭാഗത്ത്‌’ യേശുവിനെ ഒരു ‘ശുശ്രൂഷകൻ’—മഹാപുരോഹിതൻ—ആയി നിയമിച്ചു.—എബ്രായർ 8:1, 2.

ഒരു ‘ശുശ്രൂഷകൻ’

അതുകൊണ്ട്‌ യേശു സ്വർഗത്തിൽ മനുഷ്യവർഗത്തിനു വേണ്ടിയുള്ള ഒരു ശുശ്രൂഷകൻ ആയിരിക്കുമായിരുന്നു. പുരാതന കാലങ്ങളിൽ ദൈവത്തിന്റെ ആരാധകർക്കായി ഇസ്രായേലിലെ മഹാപുരോഹിതൻ ചെയ്‌തിരുന്നതു പോലുള്ള ഒരു ജോലി അവൻ ചെയ്യുമായിരുന്നു. മഹാപുരോഹിതന്റെ ആ ജോലി എന്തായിരുന്നു? പൗലൊസ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിപ്പാൻ ഇവന്നും [സ്വർഗാരോഹണം ചെയ്‌ത യേശുക്രിസ്‌തുവിനും] വല്ലതും വേണം.”—എബ്രായർ 8:3.

അർപ്പിക്കുന്നതിനായി യേശുവിന്റെ പക്കൽ, പുരാതന കാലത്തെ മഹാപുരോഹിതൻ അർപ്പിച്ചിരുന്നതിനെക്കാൾ വളരെയേറെ ശ്രേഷ്‌ഠമായ ഒന്ന്‌ ഉണ്ടായിരുന്നു. പുരാതന ഇസ്രായേലിന്‌ ഒരളവുവരെയുള്ള ആത്മീയ ശുദ്ധി കൈവരുത്താൻ “ആട്ടുകൊററന്മാരുടെയും കാളകളുടെയും രക്ത”ത്തിനു സാധിച്ചെങ്കിൽ “ക്രിസ്‌തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ [നമ്മുടെ] മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?”—എബ്രായർ 9:13, 14.

മറ്റൊരു തരത്തിലും യേശു ഒരു ശ്രദ്ധേയ ശുശ്രൂഷകൻ ആണ്‌, കാരണം അവന്‌ അമർത്യത നൽകപ്പെട്ടിരിക്കുന്നു. പുരാതന ഇസ്രായേലിൽ ‘മരണം നിമിത്തം നിലനിൽപ്പാൻ മുടക്കം വരികകൊണ്ട്‌ പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആയിരുന്നു.’ എന്നാൽ യേശുവിന്റെ കാര്യമോ? പൗലൊസ്‌ ഇങ്ങനെ എഴുതുന്നു: “[യേശു] എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്‌തനാകുന്നു.” (എബ്രായർ 7:23-25; റോമർ 6:9) അതേ, ‘നമുക്കു വേണ്ടി പക്ഷവാദം ചെയ്യാൻ സദാ ജീവിച്ചിരിക്കുന്ന’ ഒരു ശുശ്രൂഷകൻ സ്വർഗത്തിൽ ദൈവത്തിന്റെ വലത്തു ഭാഗത്തുണ്ട്‌. അത്‌ നമുക്ക്‌ ഇന്ന്‌ എന്ത്‌ അർഥമാക്കുന്നുവെന്നു ചിന്തിച്ചു നോക്കുക!

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ സഹായത്തിനായി ആളുകൾ അവന്റെ അടുക്കൽ തടിച്ചുകൂടി. ചിലപ്പോഴൊക്കെ അതിനായി അവർ ദീർഘ ദൂരം യാത്ര ചെയ്‌തു. (മത്തായി 4:24, 25) സ്വർഗത്തിൽ ആയിരിക്കുന്ന യേശു ഒരു ശുശ്രൂഷകൻ എന്ന നിലയിൽ സകല ജനതകളിലും പെട്ട ആളുകളെ എല്ലായ്‌പോഴും സഹായിക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണ്‌.

യേശു എങ്ങനെയുള്ള മഹാപുരോഹിതനാണ്‌?

യേശുവിനെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ അവന്റെ സഹായ മനസ്ഥിതിയും ആർദ്രാനുകമ്പയും വളരെ വ്യക്തമായി വരച്ചുകാണിക്കുന്നു. അവൻ എത്ര ആത്മത്യാഗ മനോഭാവം ഉള്ളവൻ ആയിരുന്നു! യേശുവിന്‌ വിശ്രമം വളരെയേറെ ആവശ്യമായിരുന്ന ഒന്നിലേറെ അവസരങ്ങളിൽ അവന്റെ സ്വകാര്യതയ്‌ക്കു ഭംഗം നേരിട്ടു. ഒന്നു സ്വസ്ഥമായിരിക്കാനുള്ള വിലപ്പെട്ട സമയമാണല്ലോ നഷ്ടപ്പെട്ടത്‌ എന്ന്‌ അവൻ പരിതപിച്ചില്ല, പകരം സഹായം തേടിയെത്തിയ ആളുകളോട്‌ അവനു ‘മനസ്സലിവു’ തോന്നി. നല്ല ക്ഷീണവും വിശപ്പും ദാഹവും ഒക്കെ ഉണ്ടായിരുന്നപ്പോൾ പോലും “അവൻ അവരെ ദയാപൂർവം കൈക്കൊണ്ടു.” ആത്മാർഥഹൃദയരായ പാപികളെ സഹായിക്കാനായി ഭക്ഷണം പോലും വേണ്ടെന്നുവെക്കാൻ അവൻ സന്നദ്ധനായിരുന്നു.—മർക്കൊസ്‌ 6:31-34; ലൂക്കൊസ്‌ 9:11-17, NW; യോഹന്നാൻ 4:4-6, 31-34.

അനുകമ്പയാൽ പ്രേരിതനായി യേശു ആളുകളുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റാൻ പ്രായോഗിക നടപടികൾ കൈക്കൊണ്ടു. (മത്തായി 9:35-38; മർക്കൊസ്‌ 6:35-44) ശാശ്വതമായ ആശ്വാസവും ശാന്തിയും കണ്ടെത്താൻ അവൻ അവരെ പഠിപ്പിച്ചു. (യോഹന്നാൻ 4:7-30, 39-42) ദൃഷ്ടാന്തത്തിന്‌, അവന്റെ വ്യക്തിഗത ക്ഷണം എത്ര ഹൃദയസ്‌പർശിയാണ്‌: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.”—മത്തായി 11:28, 29.

പാപികളായ മനുഷ്യവർഗത്തിനു വേണ്ടി സ്വന്തം ജീവൻ പോലും നൽകാൻ തയ്യാറാകുന്ന അളവോളം അത്ര വലുതായിരുന്നു ആളുകളോടുള്ള യേശുവിന്റെ സ്‌നേഹം. (റോമർ 5:6-8) ഇതേക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ ന്യായവാദം ചെയ്‌തു: “സ്വന്തപുത്രനെ ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി ഏല്‌പിച്ചുതന്നവൻ [യഹോവയാം ദൈവം], പുത്രനോടൊപ്പം സകലവും കൃപയാൽ നമുക്കു നല്‌കാതിരിക്കുമോ? . . . മരിച്ചവനും മരിച്ചിട്ട്‌ ഉയിർത്തെഴുന്നേറ്റവനുമായ ക്രിസ്‌തുയേശു ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ടു നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നു.”—റോമർ 8:32-34.

സഹതപിക്കാൻ കഴിയുന്ന ഒരു മഹാപുരോഹിതൻ

ഒരു മനുഷ്യൻ എന്ന നിലയിൽ യേശു വിശപ്പും ദാഹവും ക്ഷീണവും വ്യസനവും വേദനയും മരണവും അനുഭവിച്ചു. അവൻ അനുഭവിച്ച സംഘർഷവും സമ്മർദവും യാതന അനുഭവിക്കുന്ന മനുഷ്യവർഗത്തിനു വേണ്ടിയുള്ള മഹാപുരോഹിതനായി സേവിക്കാൻ അവനെ അനുപമമായ ഒരു രീതിയിൽ സജ്ജനാക്കി. പൗലൊസ്‌ എഴുതി: “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ [യേശു] കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്‌ത മഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.”—എബ്രായർ 2:17, 18; 13:8.

ദൈവത്തോട്‌ അടുത്തു വരുന്നതിന്‌ ആളുകളെ സഹായിക്കാൻ താൻ യോഗ്യനും സന്നദ്ധനും ആണെന്ന്‌ യേശു പ്രകടമാക്കി. എന്നാൽ, ദൈവം ക്ഷമിക്കാൻ വൈമുഖ്യമുള്ളവനും ക്രൂരനും നിർദയനുമാണെന്നും അതിനാൽ യേശു അവന്റെമേൽ സ്വാധീനം ചെലുത്തേണ്ടതുണ്ടെന്നും ഇത്‌ അർഥമാക്കുന്നുവോ? തീർച്ചയായും ഇല്ല. കാരണം, യഹോവ “നല്ലവനും ക്ഷമിക്കുന്നവനും” ആണെന്നു ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നു. നാം “നമ്മുടെ പാപങ്ങളെ ഏററുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്‌തനും നീതിമാനും ആകുന്നു” എന്നും അതു പറയുന്നു. (സങ്കീർത്തനം 86:5; 1 യോഹന്നാൻ 1:9) യേശുവിന്റെ ആർദ്രമായ വാക്കുകളും പ്രവൃത്തികളും വാസ്‌തവത്തിൽ അവന്റെ പിതാവിന്റെ അനുകമ്പയെയും കരുണയെയും സ്‌നേഹത്തെയുമാണു പ്രതിഫലിപ്പിക്കുന്നത്‌.—യോഹന്നാൻ 5:19; 8:28; 14:9, 10.

അനുതാപമുള്ള പാപികൾക്ക്‌ യേശു ആശ്വാസം കൈവരുത്തുന്നത്‌ എങ്ങനെയാണ്‌? ദൈവത്തെ പ്രസാദിപ്പിക്കാനുള്ള അവരുടെ ആത്മാർഥമായ ശ്രമങ്ങളിൽ സന്തോഷവും സംതൃപ്‌തിയും കണ്ടെത്താൻ അവരെ സഹായിച്ചുകൊണ്ട്‌. അഭിഷിക്തരായ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതുകയിൽ പൗലൊസ്‌ അതേക്കുറിച്ച്‌ ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്‌ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.”—എബ്രായർ 4:14-16.

‘തക്കസമയത്തെ സഹായം’

എന്നാൽ, ഗുരുതരമായ രോഗം, കഠിനമായ കുറ്റബോധം, കടുത്ത നിരുത്സാഹം, വിഷാദം എന്നിങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കാത്തതായി തോന്നുന്ന പ്രശ്‌നങ്ങളെ നേരിടുമ്പോൾ നമുക്ക്‌ എന്തു ചെയ്യാനാകും? യേശുതന്നെ പതിവായി പ്രയോജനപ്പെടുത്തിയിരുന്ന അതേ കരുതലിൽ നിന്ന്‌ നമുക്കും പ്രയോജനം നേടാൻ കഴിയും—അതാണു പ്രാർഥന എന്ന അമൂല്യ സംഗതി. ദൃഷ്ടാന്തത്തിന്‌, യേശു നമുക്കു വേണ്ടി തന്റെ ജീവൻ നൽകിയതിന്റെ തലേ രാത്രി “അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ [“ഉള്ളുരുകി,” NW] പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കൊസ്‌ 22:44) അതേ, ദൈവത്തോട്‌ ഉള്ളുരുകി പ്രാർഥിക്കുന്നത്‌ എങ്ങനെയുള്ള ഒരു അനുഭവമാണെന്ന്‌ യേശുവിന്‌ അറിയാം. അവൻ “ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്‌തു.”—എബ്രായർ 5:7.

പ്രാർഥനയ്‌ക്ക്‌ “ഉത്തരം ലഭിക്കയും” ശക്തീകരിക്കപ്പെടുകയും ചെയ്യുന്നതു മനുഷ്യരെ സംബന്ധിച്ച്‌ എത്ര പ്രധാനമാണെന്ന്‌ യേശുവിന്‌ അറിയാം. (ലൂക്കൊസ്‌ 22:43) കൂടുതലായി അവൻ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. . . . അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.” (യോഹന്നാൻ 16:23, 24) അതുകൊണ്ട്‌, തന്റെ പുത്രന്റെ അധികാരവും അവന്റെ മറുവിലയാഗത്തിന്റെ മൂല്യവും നമുക്കു വേണ്ടി ഉപയോഗിക്കാൻ ദൈവം അവനെ അനുവദിക്കുമെന്ന ഉറപ്പോടെ നമുക്കു ദൈവത്തോട്‌ അപേക്ഷിക്കാനാകും.—മത്തായി 28:18.

സ്വർഗത്തിലെ തന്റെ സ്ഥാനം ഉപയോഗിച്ച്‌ യേശു തക്കസമയത്ത്‌ ഉചിതമായ സഹായം നൽകുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാവും. ദൃഷ്ടാന്തത്തിന്‌, ചെയ്‌തുപോയ ഒരു പാപത്തെക്കുറിച്ച്‌ ആത്മാർഥമായി അനുതപിക്കുന്നെങ്കിൽ, “നീതിമാനായ യേശുക്രിസ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു” എന്ന ഉറപ്പിൽനിന്ന്‌ നമുക്ക്‌ ആശ്വാസം കണ്ടെത്താനാകും. (1 യോഹന്നാൻ 2:1, 2) സ്വർഗത്തിലെ നമ്മുടെ സഹായിയും ആശ്വാസകനുമായ യേശു, നാം അവന്റെ നാമത്തിൽ തിരുവെഴുത്ത്‌ അനുസൃതമായി നടത്തുന്ന പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കേണ്ടതിനു നമുക്കു വേണ്ടി അഭ്യർഥന കഴിക്കും.—യോഹന്നാൻ 14:13, 14; 1 യോഹന്നാൻ 5:14, 15.

ക്രിസ്‌തുവിന്റെ സഹായത്തോടു വിലമതിപ്പു കാണിക്കൽ

ക്രിസ്‌തു മുഖാന്തരം ദൈവത്തോട്‌ അപേക്ഷിക്കുന്നതിൽ വളരെയധികം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. തന്റെ മറുവിലയാഗത്തിന്റെ മൂല്യംകൊണ്ട്‌ ‘ക്രിസ്‌തു നമ്മെ വിലെക്കു വാങ്ങി.’ അങ്ങനെ ആലങ്കാരികമായി അവൻ മനുഷ്യവർഗത്തെ ‘വിലെക്കു വാങ്ങിയ നാഥൻ [“ഉടമസ്ഥൻ,” NW]’ ആയിത്തീർന്നു. (ഗലാത്യർ 3:13; 4:5; 2 പത്രൊസ്‌ 2:1) ക്രിസ്‌തു നമുക്കായി ചെയ്യുന്ന സകല കാര്യങ്ങളോടുമുള്ള നന്ദി, നമ്മുടെ മേലുള്ള അവന്റെ ഉടമസ്ഥത അംഗീകരിക്കുകയും അവന്റെ പിൻവരുന്ന ക്ഷണത്തോട്‌ സസന്തോഷം പ്രതികരിക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്കു പ്രകടിപ്പിക്കാൻ കഴിയും: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു [“ത്യജിച്ച്‌,” NW] നാൾതോറും തന്റെ ക്രൂശ്‌ എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.” (ലൂക്കൊസ്‌ 9:23) “തന്നെത്താൻ ത്യജിക്കുന്ന”തിന്‌, നമ്മുടെ ഉടമസ്ഥത ക്രിസ്‌തുവിനാണെന്ന്‌ പറഞ്ഞാൽ മാത്രം പോര. “ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു [ക്രിസ്‌തു] എല്ലാവർക്കും വേണ്ടി മരി”ക്കുകയുണ്ടായല്ലോ. (2 കൊരിന്ത്യർ 5:14, 15) അതുകൊണ്ട്‌, മറുവിലയോടുള്ള വിലമതിപ്പിന്‌ നമ്മുടെ കാഴ്‌ചപ്പാടുകളുടെയും ലക്ഷ്യങ്ങളുടെയും ജീവിതരീതിയുടെയും മേൽ ശക്തമായ ഒരു ഫലം ഉണ്ടായിരിക്കും. “തന്നെത്താൻ നമുക്കുവേണ്ടി കൊടുത്ത” ക്രിസ്‌തുയേശുവിനോടുള്ള നമ്മുടെ നിത്യമായ കടപ്പാട്‌ അവനെയും അവന്റെ സ്‌നേഹവാനാം പിതാവായ യഹോവയാം ദൈവത്തെയും കുറിച്ചു കൂടുതൽ പഠിക്കാൻ നമ്മെ പ്രേരിപ്പിക്കണം. കൂടാതെ, വിശ്വാസത്തിൽ വളരാനും ദൈവത്തിന്റെ പ്രയോജനപ്രദമായ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാനും “സൽപ്രവൃത്തികളിൽ ശുഷ്‌കാന്തി” ഉള്ളവരായിരിക്കാനും നമുക്ക്‌ ആഗ്രഹം ഉണ്ടായിരിക്കണം.—തീത്തൊസ്‌ 2:13, 14; യോഹന്നാൻ 17:3.

തക്കസമയത്തെ ആത്മീയ ആഹാരവും പ്രോത്സാഹനവും മാർഗനിർദേശവും നമുക്കു ലഭിക്കുന്നത്‌ ക്രിസ്‌തീയ സഭയാകുന്ന സരണിയിലൂടെയാണ്‌. (മത്തായി 24:45-47; എബ്രായർ 10:21-25) ദൃഷ്ടാന്തത്തിന്‌, ഒരുവൻ ആത്മീയമായി രോഗിയാണെങ്കിൽ അദ്ദേഹത്തിന്‌ ‘സഭയിലെ മൂപ്പന്മാരെ വരുത്താൻ’ കഴിയും. യാക്കോബ്‌ പിൻവരുന്ന ഉറപ്പും നമുക്കു തരുന്നു: “വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്‌പിക്കും; അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.”—യാക്കോബ്‌ 5:13-15.

ഉദാഹരണത്തിന്‌, “ദൈവരാജ്യത്തോട്‌ അടുത്തുവരുന്നതിന്‌ ആളുകളെ സഹായിക്കുന്ന, യേശുക്രിസ്‌തു ആരംഭിച്ച നല്ല വേല ചെയ്‌തുകൊണ്ടിരിക്കുന്ന എല്ലാ യഹോവയുടെ സാക്ഷിക”ളോടുമുള്ള വിലമതിപ്പു പ്രകടിപ്പിക്കുന്ന ഒരു കത്ത്‌ ജയിൽശിക്ഷ അനുഭവിക്കുന്ന ഒരു ദക്ഷിണാഫ്രിക്കക്കാരൻ ഒരു സഭാമൂപ്പന്‌ അയച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “താങ്കളുടെ കത്ത്‌ കിട്ടിയപ്പോൾ എനിക്കു സന്തോഷം അടക്കാനായില്ല. എന്റെ ആത്മീയ വീണ്ടെടുപ്പിലുള്ള താങ്കളുടെ താത്‌പര്യം എന്നെ ആഴത്തിൽ സ്‌പർശിച്ചു. അനുതപിക്കാനുള്ള യഹോവയാം ദൈവത്തിന്റെ ക്ഷണത്തോടു പ്രതികരിച്ചു തുടങ്ങാൻ എനിക്കതു കൂടുതലായ ഒരു കാരണം കൂടിയാണ്‌. കഴിഞ്ഞ 27 വർഷമായി ഞാൻ പാപം, വഞ്ചന, നിയമവിരുദ്ധ നടപടികൾ, അധാർമിക പ്രവർത്തനങ്ങൾ, വ്യാജമതങ്ങൾ എന്നിവയിൽ ഉൾപ്പെട്ടുകൊണ്ട്‌ പാപത്തിന്റെ അന്ധകാര മാർഗത്തിൽ തപ്പിത്തടയുകയായിരുന്നു. യഹോവയുടെ സാക്ഷികളെ പരിചയപ്പെട്ടതിൽപ്പിന്നെ ശരിയായ വഴി കണ്ടെത്തിയതായി എനിക്കു തോന്നുന്നു. ആകെക്കൂടി ഞാനിപ്പോൾ ചെയ്യേണ്ടത്‌ ആ വഴി പിൻപറ്റുക മാത്രമാണ്‌.”

സമീപ ഭാവിയിൽ കൂടുതൽ സഹായം

“മഹോപദ്രവം” പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പുള്ള നിർണായക കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്‌ എന്ന്‌ അധഃപതിച്ചുകൊണ്ടിരിക്കുന്ന ലോകസംഭവങ്ങൾ വ്യക്തമായി തെളിയിക്കുന്നു. ഇപ്പോൾത്തന്നെ സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നും ഉള്ള ഒരു മഹാപുരുഷാരം “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പി”ക്കുകയാണ്‌. (വെളിപ്പാടു 7:9, 13, 14; 2 തിമൊഥെയൊസ്‌ 3:1-5) യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുക വഴി അവർക്കു തങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നു. മാത്രമല്ല, ദൈവവുമായി ഒരു അടുത്ത ബന്ധത്തിൽ വരാൻ, വാസ്‌തവത്തിൽ അവന്റെ സ്‌നേഹിതരായിത്തീരാൻ, അവർ സഹായിക്കപ്പെടുകയും ചെയ്യുന്നു.—യാക്കോബ്‌ 2:23.

കുഞ്ഞാടായ യേശുക്രിസ്‌തു മഹോപദ്രവത്തിന്റെ അതിജീവകരെ “മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.” (വെളിപ്പാടു 7:17) അപ്പോൾ, മഹാപുരോഹിതൻ എന്ന നിലയിലുള്ള തന്റെ കടമകൾ യേശു പൂർണമായി നിവർത്തിക്കും. ‘ജീവജലത്തിന്റെ ഉറവുകളിൽ’ നിന്ന്‌ ആത്മീയവും ശാരീരികവും മാനസികവും വൈകാരികവുമായി സമ്പൂർണ പ്രയോജനം അനുഭവിക്കാൻ അവൻ ദൈവത്തിന്റെ സകല സ്‌നേഹിതരെയും സഹായിക്കും. പൊ.യു. 33-ൽ യേശു തുടങ്ങിവെച്ചതും അതിനുശേഷം സ്വർഗത്തിൽനിന്ന്‌ അവൻ തുടർന്നിരിക്കുന്നതുമായ ആ വേല അപ്പോൾ അവൻ പൂർണമായി നിവർത്തിക്കും.

അതുകൊണ്ട്‌, ദൈവവും ക്രിസ്‌തുവും നമുക്കായി ചെയ്‌തിട്ടുള്ളതും ചെയ്‌തുകൊണ്ടിരിക്കുന്നതും ആയ സകല കാര്യങ്ങളോടും ആഴമായ വിലമതിപ്പു കാണിക്കുന്നതിൽ നാം ഒരിക്കലും വീഴ്‌ച വരുത്തരുത്‌. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; . . . ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:4, 6, 7.

സ്വർഗത്തിലെ നമ്മുടെ സഹായിയായ യേശുക്രിസ്‌തുവിനോടുള്ള നിങ്ങളുടെ വിലമതിപ്പു പ്രകടമാക്കാൻ സാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു മാർഗമുണ്ട്‌. 2000 ഏപ്രിൽ 19 ബുധനാഴ്‌ച സൂര്യാസ്‌തമയ ശേഷം ലോകത്തിലെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാനായി കൂടിവരും. (ലൂക്കൊസ്‌ 22:19) ക്രിസ്‌തുവിന്റെ മറുവിലയാഗത്തോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിപ്പിക്കാനുള്ള ഒരു അവസരമായിരിക്കും അത്‌. രക്ഷയ്‌ക്കായി യേശുക്രിസ്‌തുവിലൂടെ ദൈവം ചെയ്‌തിരിക്കുന്ന അതിശയകരമായ ക്രമീകരണത്തിൽനിന്നു നിങ്ങൾക്ക്‌ നിത്യമായി എങ്ങനെ പ്രയോജനം അനുഭവിക്കാൻ കഴിയുമെന്നു കേൾക്കാനായി ആ അവസരത്തിൽ യഹോവയുടെ സാക്ഷികളോടൊപ്പം കൂടിവരാൻ ഞങ്ങൾ നിങ്ങളെ ഊഷ്‌മളമായി സ്വാഗതം ചെയ്യുന്നു. ഈ പ്രത്യേക യോഗം നടക്കുന്ന കൃത്യമായ സമയവും സ്ഥലവും അറിയാൻ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളോട്‌ അന്വേഷിക്കുക.

[7-ാം പേജിലെ ചിത്രം]

ദൈവത്തോട്‌ ഉള്ളുരുകി പ്രാർഥിക്കുന്നത്‌ എങ്ങനെയുള്ള ഒരു അനുഭവമാണെന്ന്‌ യേശുവിന്‌ അറിയാം

[8-ാം പേജിലെ ചിത്രങ്ങൾ]

നമുക്ക്‌ ഒറ്റയ്‌ക്കു കൈകാര്യം ചെയ്യാൻ സാധിക്കാത്ത പ്രശ്‌നങ്ങളെ തരണം ചെയ്യാൻ ക്രിസ്‌തു നമ്മെ സഹായിക്കും

[9-ാം പേജിലെ ചിത്രം]

സ്‌നേഹനിധികളായ മൂപ്പന്മാരിലൂടെ ക്രിസ്‌തു നമ്മെ സഹായിക്കുന്നു