സെനെഗലിൽ ക്രിസ്‌തീയ പ്രത്യാശ പങ്കുവെക്കുന്നു
നാം വിശ്വാസമുള്ള തരക്കാരാണ്
സെനെഗലിൽ ക്രിസ്‌തീയ പ്രത്യാശ പങ്കുവെക്കുന്നു
പുരാതന കാലം മുതൽക്കേ മത്സ്യം ഒരു പ്രധാന ഭക്ഷ്യവിഭവമാണ്. ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾ കടലിലും തടാകങ്ങളിലും നദികളിലുമെല്ലാം മത്സ്യബന്ധനം നടത്തുന്നു. യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരിൽ ചിലർ ഗലീലാക്കടലിലെ മീൻപിടിത്തക്കാർ ആയിരുന്നു. എന്നാൽ, യേശു അവർക്ക് മറ്റൊരുതരം മത്സ്യബന്ധനം പരിചയപ്പെടുത്തി. മീൻപിടിത്തക്കാർക്കു മാത്രമല്ല മീനുകൾക്കും പ്രയോജനം ചെയ്യുന്ന ആത്മീയ മത്സ്യബന്ധനമായിരുന്നു അത്.
അതേക്കുറിച്ച് മീൻപിടിത്തക്കാരനായ പത്രൊസിനോട് യേശു പറഞ്ഞു: “ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും.” (ലൂക്കൊസ് 5:10) സെനെഗൽ ഉൾപ്പെടെ 230-ലധികം രാജ്യങ്ങളിൽ ഇന്ന് ഇത്തരത്തിലുള്ള മത്സ്യബന്ധനം നടക്കുന്നുണ്ട്. (മത്തായി 24:14) ആധുനികകാലത്ത് സെനെഗലിൽ ‘മനുഷ്യരെ പിടിക്കുന്നവർ’ തങ്ങളുടെ ക്രിസ്‌തീയ വിശ്വാസം മറ്റുള്ളവരുമായി ധൈര്യപൂർവം പങ്കുവെക്കുന്നു.—മത്തായി 4:19.
ആഫ്രിക്കയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്താണു സെനെഗൽ സ്ഥിതി ചെയ്യുന്നത്. വടക്ക് സഹാറയുടെ അതിർത്തിയിലുള്ള മണലാരണ്യം മുതൽ തെക്ക് കാസമാൻസിലെ നീരോട്ടമുള്ള വനപ്രദേശങ്ങൾവരെ അതു വ്യാപിച്ചുകിടക്കുന്നു. മരുഭൂമിയിൽനിന്നുള്ള ഉഷ്‌ണക്കാറ്റും അറ്റ്‌ലാന്റിക് സമുദ്രത്തിൽനിന്നുള്ള തണുത്ത, നവോന്മേഷദായകമായ ഇളംകാറ്റും ഏറ്റുകിടക്കുന്ന ഒരു രാജ്യമാണ് സെനെഗൽ. ഇവിടത്തെ ജനസംഖ്യ 90 ലക്ഷത്തിലധികമാണ്. സെനെഗലിലെ ആളുകൾ ആതിഥ്യമര്യാദയ്‌ക്കു പേരുകേട്ടവരാണ്. ബഹുഭൂരിപക്ഷവും ക്രൈസ്‌തവേതര മതക്കാരാണ്. അവരിൽ അനേകരും ആട്ടിടയന്മാരോ കന്നുകാലികളെയോ ഒട്ടകങ്ങളെയോ മറ്റും വളർത്തുന്നവരോ ആണ്. കർഷകരും ഉണ്ട്, നിലക്കടല, പരുത്തി, നെല്ല് തുടങ്ങിയവയാണ് അവരുടെ കൃഷി. ചിലർ മീൻപിടിത്തക്കാരാണ്, അറ്റ്‌ലാന്റിക് സമുദ്രത്തിൽനിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള വൻ നദികളിൽനിന്നും അവർക്കു വലനിറയെ മീൻ ലഭിക്കുന്നു. മത്സ്യവ്യവസായം സെനെഗലിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. അവരുടെ വിഖ്യാതമായ ദേശീയ വിഭവമാണ് ചിബ് ജെൻ. ചോറും മീനും പച്ചക്കറികളും അടങ്ങിയ രുചികരമായ ഒരു വിഭവമാണ് അത്.
‘മനുഷ്യരെ പിടിക്കുന്നവർ’
സെനെഗലിൽ ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കുന്ന 863 സജീവ സാക്ഷികളുണ്ട്. 1950-കളുടെ തുടക്കത്തിലാണ് ഇവിടെ ആത്മീയ മീൻപിടിത്തം ആരംഭിച്ചത്. 1965-ൽ തലസ്ഥാനമായ ഡാക്കാറിൽ വാച്ച്‌ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ച് ഓഫീസ് പ്രവർത്തനം തുടങ്ങി. പല വിദൂര രാജ്യങ്ങളിൽനിന്നും മിഷനറിമാരായ ‘മീൻപിടിത്തക്കാർ’ ഇവിടെ എത്തിച്ചേരാൻ തുടങ്ങി. ‘മീൻപിടിത്ത’ പ്രവർത്തനങ്ങൾ ആരംഭിച്ചു, അങ്ങനെ സെനെഗലിൽ ക്രിസ്‌തീയ പ്രത്യാശ പങ്കുവെക്കുന്ന പ്രവർത്തനം അനവരതം മുന്നേറി. കാലാന്തരത്തിൽ, ഡാക്കാറിന്റെ പ്രാന്തപ്രദേശത്തുള്ള ആൽമാഡിയെസിൽ പുതിയ ബ്രാഞ്ച് ഓഫീസ് പണിതു. 1999 ജൂണിൽ അത് യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ടു. എത്ര ആനന്ദദായകമായ ഒരു അവസരമായിരുന്നു അത്!
സത്യം സ്വീകരിക്കുന്നതിലെ വെല്ലുവിളി
വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇവിടത്തെ ആളുകളുടെ പക്കൽ യഹോവയുടെ സാക്ഷികൾ സുവാർത്ത പതിവായി എത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവവചനത്തിൽ കാണുന്ന പ്രത്യാശാ ദൂതിനോടു ചിലർ അനുകൂലമായി പ്രതികരിക്കുന്നുണ്ട്. അനേകർക്കും ബൈബിളിനെ കുറിച്ച് ഒട്ടും ഗ്രാഹ്യം ഇല്ലെങ്കിലും, യഹോവയാം ദൈവം പുരാതനകാലത്തെ വിശ്വസ്‌തരായ പ്രവാചകന്മാർക്കു നൽകിയ വാഗ്‌ദാനങ്ങൾ പെട്ടെന്നുതന്നെ നിവൃത്തിയേറുമെന്ന് അറിയുന്നതിൽ അവർ സന്തോഷിക്കുന്നു.
ക്രിസ്‌തീയ തത്ത്വങ്ങൾക്കായി ശക്തമായൊരു നിലപാടു സ്വീകരിക്കാൻ പലപ്പോഴും ധൈര്യം ആവശ്യമാണ്, വിശേഷിച്ചും കുടുംബ പാരമ്പര്യങ്ങളും ആചാരങ്ങളും ഉൾപ്പെടുമ്പോൾ. ദൃഷ്ടാന്തത്തിന്, സെനെഗലിൽ ബഹുഭാര്യാത്വം സർവസാധാരണമാണ്. ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ രണ്ടു ഭാര്യമാർ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ കാര്യം പരിചിന്തിക്കുക. ക്രിസ്‌തീയ വിശ്വാസം സ്വീകരിക്കാനും ഒരു ഭാര്യയേ പാടുള്ളൂ എന്ന തിരുവെഴുത്തു നിബന്ധന അനുസരിക്കാനുമുള്ള ധൈര്യം അദ്ദേഹം കാണിക്കുമായിരുന്നോ? (1 തിമൊഥെയൊസ് 3:2) തന്റെ യൗവനത്തിലെ ഭാര്യയെ, താൻ ആദ്യം വിവാഹം കഴിച്ച സ്‌ത്രീയെ അദ്ദേഹം ഭാര്യയായി നിലനിർത്തുമായിരുന്നോ? അതുതന്നെയാണ് അദ്ദേഹം ചെയ്‌തത്. ഡാക്കാർ പ്രദേശത്തെ വലിയ സഭകളിൽ ഒന്നിൽ അദ്ദേഹം ഇപ്പോൾ തീക്ഷ്‌ണതയുള്ള ഒരു മൂപ്പനായി സേവിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും എല്ലാ മക്കളും—ആദ്യ ഭാര്യയിൽ ജനിച്ച 10 മക്കളും രണ്ടാം ഭാര്യയിൽ ജനിച്ച 2 മക്കളും—സത്യം സ്വീകരിച്ചിരിക്കുന്നു.
ക്രിസ്‌തീയ പ്രത്യാശ സ്വീകരിക്കുന്നതിലെ മറ്റൊരു തടസ്സം നിരക്ഷരത ആയിരിക്കാം. നിരക്ഷരനായ ഒരു വ്യക്തിക്കു സത്യത്തിലേക്കു വരാനും അതനുസരിച്ചു ജീവിക്കാനും കഴിയില്ലെന്നാണോ അതിന്റെ അർഥം? തീർച്ചയായും അല്ല. എട്ടു മക്കളുള്ള കഠിനാധ്വാനിയായ മേരിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. താൻ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോകുന്നതിനു മുമ്പ് അവരുമായി ഒരു ബൈബിൾ വാക്യം ചർച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യം അവർ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. എന്നാൽ വായിക്കാൻ അറിയാഞ്ഞ അവർക്ക് അത് എങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു? അവർ അതിരാവിലെ എഴുന്നേറ്റ് തിരുവെഴുത്തുകൾ ദൈനംദിനം
പരിശോധിക്കൽ എന്ന ചെറുപുസ്‌തകം എടുത്ത് തന്റെ വീടിനു മുന്നിലുള്ള മണൽപാതയിൽ പോയി നിൽക്കും. അതിലേ കടന്നുപോകുന്ന ആളുകളോട് വായിക്കാൻ അറിയാമോ എന്ന് അവർ ചോദിക്കുമായിരുന്നു. വായിക്കാൻ അറിയാവുന്ന ഒരാളെ കണ്ടെത്തുമ്പോൾ അവർ ചെറുപുസ്‌തകം ആ വ്യക്തിയുടെ കൈയിൽ കൊടുത്തിട്ട്, “എനിക്കു വായിക്കാൻ അറിയില്ല, അതുകൊണ്ട് ദയവായി എന്നെ ഈ ഭാഗം ഒന്നു വായിച്ചു കേൾപ്പിക്കാമോ?” എന്ന് ഉത്സാഹപൂർവം ചോദിക്കുമായിരുന്നു. വായിക്കുമ്പോൾ അവർ ശ്രദ്ധാപൂർവം കേൾക്കും. തുടർന്ന് വഴിപോക്കനോടു നന്ദി പറഞ്ഞിട്ട്, വീട്ടിൽ തിരികെ വന്ന് കുട്ടികൾ സ്‌കൂളിൽ പോകുന്നതിനു മുമ്പായി അവരോടൊത്ത് അതേക്കുറിച്ച് ഉടൻതന്നെ ചർച്ച ചെയ്യുമായിരുന്നു!എല്ലാ തരത്തിലുള്ള ആളുകളും പ്രതികരിക്കുന്നു
സെനെഗലിൽ, ആളുകൾ വഴിയോരങ്ങളിലിരുന്ന് മീനും പച്ചക്കറികളും പഴങ്ങളുമൊക്കെ വിൽക്കുന്നതോ കയ്‌പുള്ള ഒരുതരം ചായയായ ആറ്റായ കുടിച്ചുകൊണ്ട് കൂറ്റൻ ബാവോബാബ് മരത്തിനു കീഴിൽ ഇരിക്കുന്നതോ കാണാം. കണ്ടുമുട്ടുന്ന സകലരുമായി സുവാർത്ത പങ്കുവെക്കാൻ തീരുമാനിച്ച രണ്ടു സഹോദരന്മാർ തെരുവിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ഒരു വികലാംഗനുമായി സംസാരിച്ചു. അദ്ദേഹത്തെ അഭിവാദ്യം ചെയ്‌തിട്ട് അവർ പറഞ്ഞു: “അനേകം ആളുകൾ താങ്കൾക്കു പണം നൽകാറുണ്ട്, എന്നാൽ അവരാരും താങ്കളോടു സംസാരിക്കാൻ മിനക്കെടാറില്ല. താങ്കളുടെ ഭാവി സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണു ഞങ്ങൾ വന്നിരിക്കുന്നത്.” ആ ഭിക്ഷക്കാരൻ അതിശയിച്ചുപോയി. “താങ്കളോട് ഞങ്ങൾ ഒരു ചോദ്യം ചോദിക്കട്ടെ,” ആ സഹോദരന്മാർ തുടർന്നു പറഞ്ഞു. “ഇന്ന് ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത്?” “അതു ദൈവഹിതമാണ്,” ഭിക്ഷക്കാരൻ മറുപടി പറഞ്ഞു.
തുടർന്ന് ആ സഹോദരന്മാർ അദ്ദേഹവുമായി തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുകയും വെളിപ്പാടു 21:4, 5 അദ്ദേഹത്തിനു വിശദീകരിച്ചുകൊടുക്കുകയും ചെയ്‌തു. ആ പ്രത്യാശാ ദൂതും അതുപോലെതന്നെ ബൈബിളിനെ കുറിച്ചു ചർച്ച ചെയ്യാൻ തക്കവിധം അവർ തന്നോടു പ്രകടമാക്കിയ താത്‌പര്യവും ആ ഭിക്ഷക്കാരനെ ആഴത്തിൽ സ്‌പർശിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. സഹോദരന്മാരോടു പൈസ ചോദിക്കുന്നതിനു പകരം തന്റെ ഭിക്ഷപ്പാത്രത്തിലുള്ള പൈസ മുഴുവൻ എടുത്തുകൊള്ളാൻ അദ്ദേഹം അവരോട് അപേക്ഷിച്ചു! പൈസ എടുക്കാൻ അദ്ദേഹം അവരെ വളരെയധികം നിർബന്ധിച്ചതു നിമിത്തം വഴിപോക്കർ എല്ലാവരും അതു ശ്രദ്ധിക്കാനിടയായി. ആ പൈസ തന്റെ കയ്യിൽത്തന്നെ വെക്കാൻ അദ്ദേഹത്തെ ഒന്നു സമ്മതിപ്പിക്കാൻ സഹോദരന്മാർക്കു വളരെ പണിപ്പെടേണ്ടിവന്നു. എന്നാൽ തന്നെ വീണ്ടും സന്ദർശിക്കണമെന്ന് അദ്ദേഹം സഹോദരന്മാരോടു നിർബന്ധപൂർവം പറഞ്ഞു.
ഡാക്കാറിൽ ഒരു വലിയ യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെയും ആത്മീയ മീൻവലയിലേക്കു വരുന്നവരുണ്ട്. ഒരു വൈദ്യശാസ്‌ത്ര വിദ്യാർഥിയായ ഷാൻ ല്വി ബൈബിൾ പഠിക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ സത്യം സ്വീകരിച്ച അദ്ദേഹം തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച് സ്‌നാപനമേറ്റു. ഒരു മുഴുസമയ പയനിയർ എന്ന നിലയിൽ ദൈവത്തെ സേവിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. എന്നാൽ വൈദ്യശാസ്‌ത്ര പഠനവും അദ്ദേഹത്തിന് ഇഷ്‌ടമായിരുന്നു. തന്റെ മാതൃരാജ്യവുമായുള്ള ഒരു കരാറിന്റെ ഫലമായി തന്റെ പഠനം പൂർത്തിയാക്കാൻ അദ്ദേഹം ബാധ്യസ്ഥനായിരുന്നു. എങ്കിലും അദ്ദേഹം പഠനത്തോടൊപ്പം ഒരു സഹായപയനിയറായി സേവിക്കാനും തുടങ്ങി. ഒരു അംഗീകൃത ഡോക്ടർ എന്ന നിലയിലുള്ള ഡിപ്ലോമ ലഭിച്ച് അധികം താമസിയാതെ, ആഫ്രിക്കയിലെ ഒരു വലിയ ബെഥേൽ ഭവനത്തിലെ കുടുംബ ഡോക്ടറായി സേവിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. ഡാക്കാർ യൂണിവേഴ്‌സിറ്റിയിൽ വെച്ചു കണ്ടുമുട്ടിയ മറ്റൊരു ചെറുപ്പക്കാരനും ഇപ്പോൾ തന്റെ മാതൃരാജ്യത്തെ ബെഥേലിൽ സേവിക്കുന്നു.
സെനെഗലിലെ ആത്മീയ മീൻപിടിത്തം തീർച്ചയായും ഫലദായകമാണ്. യഹോവയുടെ സാക്ഷികളുടെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ അതിയായി വിലമതിക്കപ്പെടുന്നു. അവ ഇപ്പോൾ പ്രാദേശിക ഭാഷയായ വോളോഫിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. മാതൃഭാഷയിൽ സുവാർത്ത കേൾക്കാൻ സാധിക്കുന്നതിനാൽ ആത്മാർഥ ഹൃദയരായ അനേകം ആളുകൾ നന്ദിപൂർവം പ്രതികരിക്കാൻ ഇടയായിരിക്കുന്നു. സെനെഗലിൽ, ‘മനുഷ്യരെ പിടിക്കുന്നവർ’ വിശ്വസ്‌തതയോടും ധൈര്യത്തോടുംകൂടെ ക്രിസ്‌തീയ പ്രത്യാശ പങ്കുവെക്കുന്നതിൽ തുടരവെ, യഹോവയുടെ സഹായത്താൽ ഇനിയും അനേകം പ്രതീകാത്മക മീനുകളെ കൂടെ പിടിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.
[31-ാം പേജിലെ മാപ്പ്/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
സെനെഗൽ
[ചിത്രം]
സെനെഗലിൽ ക്രിസ്‌തീയ പ്രത്യാശ പങ്കുവെക്കുന്നു
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.