വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവാത്മാവ്‌ ഇന്നു പ്രവർത്തിക്കുന്നത്‌ എങ്ങനെ?

ദൈവാത്മാവ്‌ ഇന്നു പ്രവർത്തിക്കുന്നത്‌ എങ്ങനെ?

ദൈവാത്മാവ്‌ ഇന്നു പ്രവർത്തിക്കുന്നത്‌ എങ്ങനെ?

അവൻ ജന്മനാ മുടന്തനായിരുന്നു. ദിവസവും സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കൽ ഇരുന്ന്‌ ആലയത്തിൽ വരുന്നവരോട്‌ അവൻ ഭിക്ഷ യാചിച്ചിരുന്നു. എന്നാൽ ഒരു അവസരത്തിൽ, മുടന്തനായ ഈ ഭിക്ഷക്കാരന്‌ ഏതാനും ചെറിയ നാണയങ്ങളെക്കാൾ വളരെ മൂല്യമുള്ള ഒരു സമ്മാനം ലഭിച്ചു. അവൻ സൗഖ്യമാക്കപ്പെട്ടു!—പ്രവൃത്തികൾ 3:2-8.

അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനുമാണ്‌ ‘കാലും നരിയാണിയും ഉറെക്ക’ത്തക്ക വിധം അവനെ “എഴുന്നേല്‌പിച്ച”തെങ്കിലും, ഈ സൗഖ്യമാക്കലിനുള്ള ബഹുമതി അവർ സ്വീകരിച്ചില്ല. എന്തുകൊണ്ട്‌? പത്രൊസ്‌ തന്നെ അതിന്റെ കാരണം വ്യക്തമാക്കി: “യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉററു നോക്കുന്നതും എന്തു?” തങ്ങളുടെ സ്വന്ത ശക്തിയാലല്ല, മറിച്ച്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലാണ്‌ അതു സാധ്യമായതെന്ന്‌ പത്രൊസിനും യോഹന്നാനും അറിയാമായിരുന്നു.—പ്രവൃത്തികൾ 3:7-16; 4:29-31.

പുതുതായി രൂപംകൊണ്ട ക്രിസ്‌തീയ സഭയ്‌ക്കു ദൈവത്തിന്റെ പിന്തുണ ഉണ്ടെന്നു തെളിയിക്കുന്നവ ആയിരുന്നു ഒന്നാം നൂറ്റാണ്ടിലെ ആ ‘വീര്യപ്രവൃത്തികൾ.’ (എബ്രായർ 2:3) അവയുടെ ഉദ്ദേശ്യം പൂർത്തിയായി കഴിയുമ്പോൾ, അവ നീങ്ങിപ്പോകേണ്ടതാണെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. * (1 കൊരിന്ത്യർ 13:8) തന്മൂലം, സത്യക്രിസ്‌തീയ സഭയിൽ ഇന്നു ദിവ്യ സൗഖ്യമാക്കലോ പ്രവചിക്കലോ ഭൂതങ്ങളെ പുറത്താക്കലോ നടക്കുന്നതായി നാം കാണുന്നില്ല.

ദൈവത്തിന്റെ പരിശുദ്ധാത്മാവു മേലാൽ പ്രവർത്തിക്കുന്നില്ല എന്ന്‌ അത്‌ അർഥമാക്കുന്നുണ്ടോ? തീർച്ചയായും ഇല്ല! ദൈവാത്മാവ്‌ ഒന്നാം നൂറ്റാണ്ടിലും നമ്മുടെ നാളിലും പ്രവർത്തനനിരതമായിരുന്നിട്ടുള്ള മറ്റു ചില വിധങ്ങൾ നമുക്കു നോക്കാം.

‘സത്യത്തിന്റെ ആത്മാവ്‌’

വിവരങ്ങൾ നൽകുന്നതും പ്രബുദ്ധമാക്കുന്നതും സത്യങ്ങൾ വെളിപ്പെടുത്തുന്നതും ദൈവാത്മാവിന്റെ ഒരു പ്രവർത്തന വിധമാണ്‌. മരിക്കുന്നതിനു തൊട്ടുമുമ്പ്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.”—യോഹന്നാൻ 16:12, 13.

പൊ.യു. 33-ൽ യെരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിയിരുന്ന 120 ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ സ്‌നാനമേറ്റപ്പോൾ ‘സത്യത്തിന്റെ ആത്മാവ്‌’ അവരുടെമേൽ പകരപ്പെട്ടു. (പ്രവൃത്തികൾ 2:1-4) വാർഷിക ഉത്സവത്തിനായി അവിടെ കൂടിവന്നവരിൽ പത്രൊസ്‌ അപ്പൊസ്‌തലനും ഉണ്ടായിരുന്നു. പരിശുദ്ധാത്മാവ്‌ നിറഞ്ഞ പത്രൊസ്‌ ‘എണീറ്റുനിന്ന്‌’ യേശുവിനെ കുറിച്ചുള്ള ചില സത്യങ്ങൾ വിശദീകരിച്ചു അഥവാ വ്യക്തമാക്കി. ഉദാഹരണത്തിന്‌, “നസറായനായ യേശു” ‘ദൈവത്തിന്റെ വലത്തുഭാഗത്തേക്കു ആരോഹണം ചെയ്‌തത്‌’ എങ്ങനെയെന്ന്‌ അവൻ വിവരിച്ചു. (പ്രവൃത്തികൾ 2:14, 22, 23, 33) തന്റെ യഹൂദ ശ്രോതാക്കളോടു പിൻവരുന്ന പ്രകാരം ധൈര്യസമേതം പ്രഖ്യാപിക്കാനും ദൈവാത്മാവ്‌ പത്രൊസിനെ പ്രേരിപ്പിച്ചു: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്‌തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃത്തികൾ 2:36) ദൈവാത്മാവിന്റെ നിശ്വസ്‌തതയിൽ പത്രൊസ്‌ അറിയിച്ച ആ സന്ദേശം കേട്ട മൂവായിരത്തോളം പേർ ‘അവന്റെ വാക്കു കൈക്കൊണ്ട്‌’ സ്‌നാനമേറ്റു. അങ്ങനെ, അവരെ സത്യത്തിലേക്കു നയിക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവു സഹായിച്ചു.—പ്രവൃത്തികൾ 2:37-41.

ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഉപദേശിക്കുകയും ഓർമപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി ഉതകി. യേശു പറഞ്ഞു: “പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.”—യോഹന്നാൻ 14:26.

പരിശുദ്ധാത്മാവ്‌ ഒരു ഉപദേശകനായി വർത്തിച്ചത്‌ എങ്ങനെയാണ്‌? യേശുവിൽനിന്നു മുമ്പു കേട്ടിരുന്നെങ്കിലും പൂർണമായി മനസ്സിലാക്കാതിരുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരുടെ ഹൃദയങ്ങൾ തുറന്നു. ഉദാഹരണത്തിന്‌, “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു യേശു തന്റെ വിചാരണ സമയത്ത്‌ യഹൂദ്യയിലെ റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസിനോടു പറഞ്ഞതായി അപ്പൊസ്‌തലന്മാർക്ക്‌ അറിയാമായിരുന്നു. എങ്കിലും, 40 ദിവസത്തിനു ശേഷം നടന്ന യേശുവിന്റെ സ്വർഗാരോഹണ വേളയിൽ പോലും, ദൈവരാജ്യം ഭൂമിയിലാണ്‌ സ്ഥാപിതമാകുന്നതെന്ന തെറ്റായ വീക്ഷണം അപ്പൊസ്‌തലന്മാർ പുലർത്തിയിരുന്നു. (യോഹന്നാൻ 18:36, NW; പ്രവൃത്തികൾ 1:6) പൊ.യു. 33-ലെ പെന്തക്കോസ്‌തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ തങ്ങളുടെമേൽ പകരപ്പെടുന്നതുവരെ യേശുവിന്റെ ആ വാക്കുകളുടെ അർഥം അവർക്കു പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.

യേശുവിനെ കുറിച്ചുള്ള അനേക പഠിപ്പിക്കലുകൾ മനസ്സിലേക്കു കൊണ്ടുവരികവഴി ഓർമപ്പെടുത്തുന്ന ഒന്നായും ദൈവാത്മാവു വർത്തിച്ചു. ദൃഷ്‌ടാന്തത്തിന്‌, പരിശുദ്ധാത്മാവിന്റെ സഹായം ലഭിച്ചപ്പോൾ ക്രിസ്‌തുവിന്റെ ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം അവന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രവചനങ്ങൾക്ക്‌ ഒരു പുതിയ അർഥം കൈവന്നു. (മത്തായി 16:21; യോഹന്നാൻ 12:16) രാജാക്കന്മാരുടെയും ന്യായാധിപന്മാരുടെയും മതനേതാക്കന്മാരുടെയും മുമ്പാകെ തങ്ങളുടെ നിലപാടിനു വേണ്ടി ധീരമായി പ്രതിവാദം ചെയ്യാൻ അപ്പൊസ്‌തലന്മാർക്കു കഴിഞ്ഞത്‌ യേശുവിന്റെ പഠിപ്പിക്കലുകൾ അവരുടെ ഓർമയിലേക്കു വന്നതുകൊണ്ടായിരുന്നു.—മർക്കൊസ്‌ 13:9-11; പ്രവൃത്തികൾ 4:5-20.

മാത്രമല്ല, ശുശ്രൂഷയ്‌ക്ക്‌ ഏറെ ഫലം കിട്ടുന്ന പ്രദേശങ്ങളിലേക്കു പോകാനും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ആദിമ ക്രിസ്‌ത്യാനികളെ സഹായിച്ചു. (പ്രവൃത്തികൾ 16:6-10) മുഴു മനുഷ്യവർഗത്തിന്റെയും പ്രയോജനത്തിനായി ദൈവവചനമായ ബൈബിൾ എഴുതുന്നതിൽ ഒരു പങ്കു വഹിക്കാനും ദൈവാത്മാവ്‌ ആദിമ ക്രിസ്‌ത്യാനികളെ പ്രേരിപ്പിച്ചു. (2 തിമൊഥെയൊസ്‌ 3:16) വ്യക്തമായും, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അപ്പൊസ്‌തലന്മാരെ പ്രാപ്‌തരാക്കുന്നതിലും വ്യത്യസ്‌തമായ മറ്റനേകം വിധങ്ങളിലും ഒന്നാം നൂറ്റാണ്ടിൽ പരിശുദ്ധാത്മാവ്‌ കർമനിരതമായിരുന്നു.

പരിശുദ്ധാത്മാവ്‌ നമ്മുടെ നാളിൽ

സമാനമായി, നമ്മുടെ നാളിലും സത്യക്രിസ്‌ത്യാനികൾക്കു വേണ്ടി പരിശുദ്ധാത്മാവു പ്രവർത്തിക്കുന്നുണ്ട്‌. 19-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള അലിഗെനിയിലെ ബൈബിൾ വിദ്യാർഥികളുടെ ഒരു ചെറിയ കൂട്ടത്തിന്‌ അക്കാര്യം വ്യക്തമായി. ആത്മാർഥരായ ആ ബൈബിൾ വിദ്യാർഥികൾ “സത്യം” അറിയാൻ ഉത്‌കടമായി ആഗ്രഹിച്ചു.—യോഹന്നാൻ 8:32; 16:13.

ആ സംഘത്തിലെ ഒരു അംഗമായിരുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ ബൈബിൾ സത്യം അറിയാനുള്ള തന്റെ അഭിവാഞ്‌ഛയെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “പ്രതിബന്ധമായി വർത്തിച്ചേക്കാവുന്ന എന്തെങ്കിലും മുൻവിധി ഉണ്ടെങ്കിൽ, അത്‌ എന്റെ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും മാറിക്കിട്ടാനും ശരിയായ ഗ്രാഹ്യത്തിലേക്ക്‌ ദൈവാത്മാവ്‌ എന്നെ നയിക്കാനുമായി . . . ഞാൻ പ്രാർഥിച്ചു.” ആ എളിയ പ്രാർഥനയ്‌ക്കു ദൈവം ഉത്തരം നൽകുകതന്നെ ചെയ്‌തു.

റസ്സലും കൂട്ടരും തിരുവെഴുത്തുകൾ ഉത്സാഹപൂർവം പരിശോധിച്ചപ്പോൾ പല കാര്യങ്ങളും വ്യക്തമായിത്തീർന്നു. “നൂറ്റാണ്ടുകളായി വിവിധ മതഭേദങ്ങളും കൂട്ടങ്ങളും തങ്ങൾക്കു ബോധിച്ച ബൈബിൾ ഉപദേശങ്ങൾ മാത്രം സ്വീകരിച്ച്‌ മാനുഷിക ഊഹാപോഹങ്ങളും അബദ്ധജഡിലമായ ആശയങ്ങളും അവയോടു കൂട്ടിച്ചേർത്ത്‌ അവയ്‌ക്കു പുതിയ രൂപം നൽകിയിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി,” റസ്സൽ വിശദീകരിച്ചു. “സത്യം തിരിച്ചറിയാനാകാത്ത അവസ്ഥ” എന്നാണ്‌ അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്‌. വാസ്‌തവത്തിൽ, നൂറ്റാണ്ടുകളിലുടനീളം ക്രൈസ്‌തവലോകത്തിലേക്കു നുഴഞ്ഞുകയറിയ പുറജാതീയ പഠിപ്പിക്കലുകൾ തിരുവെഴുത്തു സത്യങ്ങളെ മൂടിക്കളഞ്ഞു. എന്നാൽ, സത്യം കണ്ടെത്താനും അതു പ്രഖ്യാപിക്കാനും റസ്സൽ ദൃഢചിത്തനായിരുന്നു.

ദൈവത്തെ തെറ്റായി ചിത്രീകരിച്ച വ്യാജമത ഉപദേശങ്ങളെ, സീയോന്റെ വീക്ഷാഗോപുരവും ക്രിസ്‌തുസാന്നിധ്യ ഘോഷകനും എന്ന മാസികയുടെ പേജുകളിലൂടെ റസ്സലും കൂട്ടരും ധീരമായി അപലപിച്ചു. പരക്കെയുള്ള മതവിശ്വാസങ്ങളിൽനിന്നു ഭിന്നമായി, മനുഷ്യൻ മരിക്കുമ്പോൾ യാതൊരു ഘടകവും അതിജീവിക്കുന്നില്ലെന്നും മരണത്തിൽ നാം ശവക്കുഴിയിലേക്കു പോകുന്നുവെന്നും യഹോവയാണ്‌ ഏകസത്യദൈവമെന്നും അവൻ ഒരു ത്രിത്വത്തിന്റെ ഭാഗമല്ലെന്നും അവർ മനസ്സിലാക്കി.

വ്യാജമതങ്ങളെ തുറന്നുകാട്ടിയതിൽ ക്രൈസ്‌തവലോകത്തിലെ പുരോഹിതവർഗം ക്രുദ്ധരായത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. തങ്ങളുടെ ഉന്നത സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങാൻ ഇഷ്ടപ്പെട്ട പല കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്‌ പുരോഹിതന്മാരും റസ്സലിനെ അപമാനിക്കാനുള്ള ലക്ഷ്യത്തിൽ കുപ്രചരണങ്ങൾ നടത്തി. എങ്കിലും, അദ്ദേഹവും സഹകാരികളും തോറ്റു പിൻവാങ്ങിയില്ല. ഉറച്ച വിശ്വാസത്തോടെ അവർ മാർഗനിർദേശത്തിനായി ദൈവാത്മാവിൽ ആശ്രയിച്ചു. “നമ്മുടെ വീണ്ടെടുപ്പുകാരനും മധ്യസ്ഥനും ശിരസ്സുമായ യേശുവിനെ പ്രതിയും അവന്റെ അപേക്ഷപ്രകാരവും പിതാവ്‌ അയയ്‌ക്കുന്ന പരിശുദ്ധാത്മാവ്‌ നമ്മെ തീർച്ചയായും പഠിപ്പിക്കും എന്ന കർത്താവിന്റെ ഉറപ്പ്‌ നമുക്കുണ്ട്‌,” റസ്സൽ പറഞ്ഞു. പരിശുദ്ധാത്മാവ്‌ കാര്യങ്ങൾ പഠിപ്പിക്കുകതന്നെ ചെയ്‌തു! ആത്മാർഥരായ ആ ബൈബിൾ വിദ്യാർഥികൾ തിരുവെഴുത്തു സത്യമാകുന്ന ശുദ്ധജലം കുടിക്കുക മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാവർക്കും കൊടുക്കുകയും ചെയ്‌തു.—വെളിപ്പാടു 22:17.

ഒരു നൂറ്റാണ്ടിലേറെയായി ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്‌ അനുസൃതമായാണ്‌ യഹോവയുടെ സാക്ഷികളുടെ ആധുനികകാല സംഘടന പ്രവർത്തിച്ചിട്ടുള്ളത്‌. യഹോവയുടെ ആത്മാവ്‌ ക്രമാനുഗതമായി അവരുടെ ആത്മീയ ദർശനത്തെ പ്രബുദ്ധമാക്കവെ ലഭിക്കുന്ന പുതിയ ഗ്രാഹ്യത്തിനു ചേർച്ചയിൽ സാക്ഷികൾ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ മനസ്സാലേ വരുത്തുന്നു.—സദൃശവാക്യങ്ങൾ 4:18.

‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’

തന്റെ ശിഷ്യന്മാരോടു പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ദൈവാത്മാവിന്റെ മറ്റൊരു പ്രവർത്തന വിധം യേശു തിരിച്ചറിയിച്ചു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു . . . ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃത്തികൾ 1:8) ദൈവനിയുക്ത വേലയ്‌ക്കായി ശിഷ്യന്മാർക്കു “ശക്തി”യും ‘പരിശുദ്ധാത്മാവും’ നൽകുമെന്ന യേശുവിന്റെ വാഗ്‌ദാനം ഇന്നും ബാധകമാണ്‌.

ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗ പ്രവർത്തനത്തിനു പേരു കേട്ടവരാണ്‌. (ചതുരം കാണുക.) തീർച്ചയായും, 230-ലധികം ദേശങ്ങളിലും ദ്വീപസമൂഹങ്ങളിലുമായി യഹോവയുടെ സാക്ഷികൾ സത്യത്തിന്റെ സന്ദേശം ഘോഷിക്കുന്നു. ഏത്‌ അവസ്ഥകളിലും, ജീവനു ഭീഷണിയുള്ള, യുദ്ധം നടമാടുന്ന പ്രദേശങ്ങളിൽ പോലും, ദൈവരാജ്യം ഘോഷിക്കാൻ അവർ സധൈര്യം തങ്ങളുടെ ശബ്ദമുയർത്തുന്നു. ക്രിസ്‌തീയ ശുശ്രൂഷയോടുള്ള അവരുടെ തീക്ഷ്‌ണത, പരിശുദ്ധാത്മാവ്‌ അവരിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്‌. യഹോവയാം ദൈവം അവരുടെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കുന്നു എന്നതിനു തെല്ലും സംശയമില്ല.

ഉദാഹരണത്തിന്‌, കഴിഞ്ഞ വർഷം ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാനായി 100 കോടിയിലധികം മണിക്കൂറാണ്‌ അവർ ചെലവഴിച്ചത്‌. അതിന്റെ ഫലമോ? ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി 3,23,439 പേർ സ്‌നാപനമേറ്റു. കൂടാതെ, താത്‌പര്യക്കാരുമായി 44,33,884 ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തപ്പെട്ടു. 2,46,07,741 പുസ്‌തകങ്ങളും 63,11,62,309 മാസികകളും 6,34,95,728 ലഘുപത്രികകളും ചെറുപുസ്‌തകങ്ങളും സമർപ്പിക്കപ്പെട്ടു. ദൈവാത്മാവ്‌ പ്രവർത്തനനിരതമാണ്‌ എന്നതിന്റെ എത്ര ശക്തമായ ഒരു സാക്ഷ്യം!

ദൈവാത്മാവും നിങ്ങളും

ഒരു വ്യക്തി സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുകയും ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയും മറുവിലയിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ മുമ്പാകെ ശുദ്ധമായ ഒരു നില അയാൾക്കു ലഭിക്കുന്നു. അത്തരം നില കൈവരിച്ചവരോട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: ‘ദൈവം പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്നു.’—1 തെസ്സലൊനീക്യർ 4:7, 8; 1 കൊരിന്ത്യർ 6:9-11.

ദൈവാത്മാവിന്റെ പ്രവർത്തനഫലമായി അനവധി അനുഗ്രഹങ്ങൾ ലഭിക്കുന്നു. ഏതുതരം അനുഗ്രഹങ്ങൾ? ദൈവവചനംതന്നെ പറയുന്നതുപോലെ, “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” തുടങ്ങിയ ഫലങ്ങളാണ്‌ അവ. (ഗലാത്യർ 5:22, 23) അതുകൊണ്ട്‌, നന്മ ചെയ്യാനുള്ള ഒരു വലിയ പ്രേരകശക്തിയാണ്‌ പരിശുദ്ധാത്മാവ്‌. ദൈവിക ഗുണങ്ങൾ പ്രകടമാക്കാൻ അത്‌ ഒരുവനെ സഹായിക്കുന്നു.

തന്നെയുമല്ല, ബൈബിൾ വായിക്കുകയും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ, ജ്ഞാനവും ഉൾക്കാഴ്‌ചയും ന്യായബോധവും ചിന്താപ്രാപ്‌തിയും നേടാൻ ദൈവാത്മാവു നിങ്ങളെ പ്രാപ്‌തരാക്കും. മനുഷ്യരെയല്ല, മറിച്ച്‌ ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിച്ചതിനാൽ ശലോമോൻ രാജാവിന്‌ “വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും” ലഭിച്ചു. (1 രാജാക്കന്മാർ 4:29) യഹോവ തന്റെ പരിശുദ്ധാത്മാവിനെ ശലോമോനു കൊടുത്ത സ്ഥിതിക്ക്‌, ഇന്നു ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അവൻ തന്റെ ആത്മാവിനെ നൽകാതിരിക്കില്ല.

സാത്താനോടും ഭൂതങ്ങളോടും ഇപ്പോഴത്തെ ദുഷ്‌ട വ്യവസ്ഥിതിയോടും അപൂർണ ജഡത്തിന്റെ പാപപ്രവണതകളോടും പോരാടാനും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഇന്നു ക്രിസ്‌ത്യാനികളെ സഹായിക്കുന്നു. അതെങ്ങനെ? പൗലൊസ്‌ അപ്പൊസ്‌തലൻ ഉത്തരം നൽകുന്നു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:13) പരിശുദ്ധാത്മാവ്‌ പരിശോധനകളോ പ്രലോഭനങ്ങളോ നീക്കം ചെയ്യുന്നില്ല, മറിച്ച്‌ കഷ്‌ടതകൾ സഹിച്ചുനിൽക്കാൻ അതു സഹായിക്കുന്നു. ദൈവാത്മാവിൽ ആശ്രയിക്കുകവഴി നമുക്ക്‌ പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും തരണം ചെയ്യുന്നതിനു “സാധാരണയിൽ കവിഞ്ഞ ശക്തി” നേടാൻ സാധിക്കും.—2 കൊരിന്ത്യർ 4:7, NW; 1 കൊരിന്ത്യർ 10:13.

തെളിവുകളെല്ലാം പരിശോധിക്കുമ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഇക്കാലത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌ എന്നതിനു തെല്ലും സംശയമില്ല. യഹോവയുടെ മഹത്തായ ഉദ്ദേശ്യങ്ങളെ കുറിച്ചു സാക്ഷ്യം പറയാൻ പരിശുദ്ധാത്മാവ്‌ അവന്റെ ദാസന്മാരെ ശക്തീകരിക്കുന്നു. അതു തുടർന്നും സത്യത്തിന്റെ ആത്മീയ ഒളിമിന്നലുകൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു, നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നു, സ്രഷ്‌ടാവിനോടു വിശ്വസ്‌തരായിരിക്കാൻ നമ്മെ സഹായിക്കുന്നു. ദൈവം തന്റെ വിശ്വസ്‌ത ദാസന്മാർക്ക്‌ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട്‌ തന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

[അടിക്കുറിപ്പുകൾ]

^ ഖ. 4 1971 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 501-5 പേജുകളിലുള്ള “ആത്മാവിന്റെ അത്ഭുതവരങ്ങൾ നിലച്ചുപോയത്‌ എന്തുകൊണ്ട്‌?” എന്ന ലേഖനം കാണുക.

[10-ാം പേജിലെ ചതുരം]

യഹോവയുടെ സാക്ഷികളെ കുറിച്ചു മറ്റുള്ളവർ പറയുന്നത്‌

“ചില സഭകൾ ആളുകളെ പള്ളികളിലേക്ക്‌ ആകർഷിക്കാൻ ഉപദേശകരെ വിലയ്‌ക്കെടുക്കുകയോ സ്വവർഗരതിയും ഗർഭച്ഛിദ്രവും പോലുള്ള ആധുനിക പ്രശ്‌നങ്ങളിൽ പെട്ട്‌ ഉഴലുകയോ ചെയ്യുമ്പോൾ, യഹോവയുടെ സാക്ഷികൾ സദാ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാതെ തങ്ങളുടെ നിലവാരങ്ങളിൽ ഉറച്ചുനിൽക്കുന്നു. അവർ ഇപ്പോഴും ക്രമീകൃത രീതിയിൽ ഭൂവ്യാപകമായി സുവിശേഷ ഘോഷണം നടത്തിവരുന്നു.”—ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ഓറഞ്ച്‌ കൗണ്ടിയിലെ ദി ഓറഞ്ച്‌ കൗണ്ടി രജിസ്റ്റർ.

“വിശ്വാസം പ്രചരിപ്പിക്കുന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികളെ പോലെ . . . ഉത്സാഹമുള്ള മതവിഭാഗങ്ങൾ ഇല്ലെന്നുതന്നെ പറയാം.”—ഐക്യനാടുകളിലെ ഇൻഡ്യാനയിലുള്ള കൊളംബസിലെ ദ റിപ്പബ്ലിക്ക്‌.

“ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ‘സുവാർത്ത’യുമായി വീടുതോറും പോകുന്ന ഏക മതവിഭാഗക്കാർ അവരാണ്‌.”—ഷച്ചെ ലിറ്റെറാറ്റ്‌സ്‌ക്യ, പോളണ്ട്‌.

“എക്കാലത്തെയും ഏറ്റവും വലിയ സുവിശേഷ ഘോഷണ സംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്ന യഹോവയുടെ സാക്ഷികൾ ദൈവസന്ദേശം ലോകമെങ്ങും എത്തിച്ചിരിക്കുന്നു.”—ന്യൂസ്‌ ഒബ്‌സർവർ, ടമാക്വ, പെൻസിൽവേനിയ, ഐക്യനാടുകൾ.

[9-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമ്മെ ആത്മീയമായി പ്രബുദ്ധരാക്കുന്നു,

. . . നല്ല ക്രിസ്‌തീയ ഗുണങ്ങൾ ഉന്നമിപ്പിക്കുന്നു,

. . . ലോകവ്യാപക പ്രസംഗവേലയിൽ നമ്മെ പിന്തുണയ്‌ക്കുന്നു