വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാസികളുടെ മർദനത്തിനു മുന്നിൽ വിശ്വസ്‌തരും നിർഭയരും

നാസികളുടെ മർദനത്തിനു മുന്നിൽ വിശ്വസ്‌തരും നിർഭയരും

നാസികളുടെ മർദനത്തിനു മുന്നിൽ വിശ്വസ്‌തരും നിർഭയരും

ആംസ്റ്റർഡാമിലുള്ള യഹോവയുടെ സാക്ഷികളുടെ ഒരു കുടുംബത്തിന്‌ 1946 ജൂൺ 17-ന്‌ ഒരു അനുശോചന സന്ദേശം ലഭിച്ചു. നെതർലൻഡ്‌സിലെ വിൽഹെമിന രാജ്ഞിയുടേതായിരുന്നു ആ സന്ദേശം. പ്രസ്‌തുത കുടുംബത്തിലെ യാക്കോപ്‌ വാൻ ബെനെക്കോം എന്ന പുത്രന്റെ ഉറച്ച നിലപാടിനെ പ്രശംസിക്കുക എന്നതായിരുന്നു ആ സന്ദേശത്തിന്റെ ഉദ്ദേശ്യം. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ബെനെക്കോം നാസികളുടെ തോക്കിന്‌ ഇരയായി. ഏതാനും വർഷങ്ങൾക്കു മുമ്പ്‌, നെതർലൻഡ്‌സിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരു നഗരമായ ഡ്യൂറ്റിച്ചമിലെ ഒരു തെരുവിന്‌ ബെർണാർഡ്‌ പോൾമാന്റെ പേരിടാൻ അവിടത്തെ നഗരസമിതി തീരുമാനിച്ചു. അദ്ദേഹവും നാസികൾ വധിച്ച യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസികൾ നെതർലൻഡ്‌സിലെ യാക്കോപിനും ബെർണാർഡിനും അതുപോലെ യഹോവയുടെ സാക്ഷികളായ മറ്റുള്ളവർക്കും എതിരെ തിരിയാൻ കാരണമെന്താണ്‌? അനേക വർഷത്തെ കഠിന പീഡനത്തിന്മധ്യേ വിശ്വസ്‌തരായി നിലകൊള്ളാനും ഒടുവിൽ തദ്ദേശവാസികളുടെ, രാജ്ഞിയുടെ പോലും, ആദരവും പ്രശംസയും പിടിച്ചുപറ്റാനും ഈ സാക്ഷികളെ സഹായിച്ചത്‌ എന്താണ്‌? അതു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികളുടെ ചെറിയ ഒരു കൂട്ടവും നാസികളുടെ കൂറ്റൻ രാഷ്‌ട്രീയ-സൈനിക സംഘടനയും തമ്മിൽ നടന്ന ദാവീദ്‌-ഗോലിയാത്ത്‌ സമാന പോരാട്ടത്തിലേക്കു നയിച്ച ചില സംഭവങ്ങൾ നമുക്കൊന്ന്‌ അവലോകനം ചെയ്യാം.

നിരോധനത്തിലെങ്കിലും പൂർവാധികം ഊർജസ്വലർ

1940 മേയ്‌ 10-ന്‌ നാസി സൈന്യം നെതർലൻഡ്‌സിൽ അപ്രതീക്ഷിതമായ ആക്രമണം നടത്തി. യഹോവയുടെ സാക്ഷികൾ വിതരണം ചെയ്‌തിരുന്ന സാഹിത്യങ്ങൾ നാസികളുടെ ക്രൂരതകളെ തുറന്നുകാട്ടുകയും ദൈവരാജ്യത്തെ പ്രസിദ്ധമാക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ട്‌ എത്രയും പെട്ടെന്ന്‌ സാക്ഷികളുടെ പ്രവർത്തനത്തെ തടയാൻ അവർ ശ്രമിച്ചു. നെതർലൻഡ്‌സിനെ കീഴടക്കി മൂന്നാഴ്‌ചയ്‌ക്കുള്ളിൽത്തന്നെ നാസികൾ, യഹോവയുടെ സാക്ഷികളെ നിരോധിച്ചുകൊണ്ടുള്ള ഒരു രഹസ്യ ശാസനം പുറപ്പെടുവിച്ചു. 1941 മാർച്ച്‌ 10-ന്‌ ആ നിരോധന വാർത്ത പത്രത്തിൽ വന്നു. സാക്ഷികൾ “എല്ലാ സഭാ-രാഷ്‌ട്രീയ സ്ഥാപനങ്ങൾക്കും എതിരെ” പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നു എന്നതായിരുന്നു ആരോപണം. അതോടെ സാക്ഷികളെ വേട്ടയാടാനുള്ള ശ്രമങ്ങൾക്ക്‌ ആക്കം വർധിച്ചു.

എല്ലാ ക്രൈസ്‌തവ മതങ്ങളും കുപ്രസിദ്ധ ഗസ്റ്റപ്പോയുടെ അഥവാ ജർമൻ രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നെങ്കിലും, ഒരു ക്രിസ്‌തീയ സംഘടനയിൽ പെട്ടവരെ മാത്രമേ അവർ ഗുരുതരമായി പീഡിപ്പിച്ചുള്ളൂ. ഡച്ച്‌ ചരിത്രകാരനായ ഡോ. ലൂയി ദെ യോങ്‌ ചൂണ്ടിക്കാട്ടുന്ന പ്രകാരം “ഒരു മതവിഭാഗത്തിൽ പെട്ടവർക്കു മാത്രമേ മരണപര്യന്തം പീഡനം അനുഭവിക്കേണ്ടി വന്നുള്ളൂ—യഹോവയുടെ സാക്ഷികൾക്ക്‌.”—ഹെറ്റ്‌ കോണിങ്‌ക്രൈക്ക്‌ ദെർ നേഡർലാൻഡൻ ഇൻ ദെ ത്വേയ്‌ദ വേറൽഡോവർലോച്ച്‌ (രണ്ടാം ലോകമഹായുദ്ധകാലത്തെ നെതർലൻഡ്‌സ്‌ രാജ്യം).

സാക്ഷികളെ തിരഞ്ഞു പിടിക്കുന്നതിൽ ജർമൻ രഹസ്യപ്പോലീസിന്‌ ഡച്ച്‌ പോലീസിന്റെ സഹകരണം ലഭിച്ചു. മാത്രമല്ല, ഭയം മൂലം വിശ്വാസത്യാഗി ആയിത്തീർന്ന ഒരു സഞ്ചാരമേൽവിചാരകൻ തന്റെ മുൻ സഹവിശ്വാസികളെ കുറിച്ചുള്ള വിവരങ്ങൾ നാസികൾക്കു ചോർത്തിക്കൊടുത്തു. 1941 ഏപ്രിൽ അവസാനത്തോടെ 113 സാക്ഷികൾ അറസ്റ്റിലായി. ഈ ആക്രമണങ്ങളുടെ ഫലമായി പ്രസംഗവേല നിലച്ചോ?

1941 ഏപ്രിലിൽ ജർമൻ സിച്ചെർഹൈറ്റ്‌സ്‌പോലിറ്റ്‌സൈ (സുരക്ഷാ പോലീസ്‌) തയ്യാറാക്കിയ ഒരു രഹസ്യ രേഖയായ മെൽഡൂങ്കൻ ഓസ്‌ ഡേൻ നേഡർലാൻഡനിൽ (നെതർലൻഡ്‌സിൽ നിന്നുള്ള റിപ്പോർട്ടുകൾ) അതിനുള്ള ഉത്തരം കാണാം. യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ പ്രസ്‌തുത റിപ്പോർട്ട്‌ ഇപ്രകാരം പറയുന്നു: “ഈ നിരോധിത മതവിഭാഗം ദേശത്തുടനീളം ഊർജിതമായ പ്രവർത്തനം തുടരുന്നു, അനധികൃത യോഗങ്ങൾ സംഘടിപ്പിക്കുന്നു, കൂടാതെ ‘ദൈവത്തിന്റെ സാക്ഷികളെ പീഡിപ്പിക്കുന്നത്‌ കുറ്റകരം,’ ‘പീഡകരെ യഹോവ നിത്യമായി നശിപ്പിക്കും’ തുടങ്ങിയ എഴുത്തുകളോടു കൂടിയ നോട്ടീസുകൾ അവിടവിടെ പതിപ്പിക്കുന്നു.” രണ്ട്‌ ആഴ്‌ചയ്‌ക്കു ശേഷം പൊലീസ്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “ബൈബിൾ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക്‌ എതിരെ സുരക്ഷാ പോലീസ്‌ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും അവരുടെ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നു.” അറസ്റ്റ്‌ ചെയ്യപ്പെടുമായിരുന്നിട്ടും സാക്ഷികൾ തങ്ങളുടെ വേല തുടർന്നു. 1941-ൽ മാത്രം അവർ തങ്ങളുടെ സാഹിത്യങ്ങളുടെ 3,50,000 പ്രതികൾ പൊതുജനങ്ങൾക്കു വിതരണം ചെയ്‌തു!

എണ്ണത്തിൽ കുറവാണെങ്കിലും വർധിച്ചുകൊണ്ടിരിക്കുന്ന ഈ ഏതാനും ശതം സാക്ഷികൾക്ക്‌ ക്രൂരരായ ശത്രുക്കൾക്കെതിരെ നിലകൊള്ളാനുള്ള ധൈര്യം ലഭിച്ചത്‌ എങ്ങനെയാണ്‌? പുരാതനകാലത്തെ വിശ്വസ്‌ത പ്രവാചകനായ യെശയ്യാവിനെപ്പോലെ സാക്ഷികളും ഭയപ്പെട്ടത്‌ ദൈവത്തെയാണ്‌, മനുഷ്യനെയല്ല. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ യെശയ്യാവിനോടു യഹോവ പറഞ്ഞ വാക്കുകളിൽ അവർക്കു ശക്തമായ വിശ്വാസം ഉണ്ടായിരുന്നു: “ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ . . . മർത്യനെ . . . ഭയപ്പെടുവാൻ നീ ആർ?”—യെശയ്യാവു 51:12.

നിർഭയത്വം ആദരവ്‌ നേടിക്കൊടുക്കുന്നു

1941 അവസാനത്തോടെ, അറസ്റ്റു ചെയ്യപ്പെട്ട സാക്ഷികളുടെ എണ്ണം 241 ആയി വർധിച്ചു. എന്നാൽ അധികമാരും മാനുഷഭയത്തിന്‌ അടിമപ്പെട്ടില്ല. ജർമൻ രഹസ്യപ്പോലീസിലെ ഒരു കുപ്രസിദ്ധ അംഗമായ വില്ലി ലാഗസ്‌ പിൻവരുന്നപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: “യഹോവയുടെ സാക്ഷികളിൽ 90 ശതമാനവും രഹസ്യങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. അതേസമയം, മറ്റു മതവിഭാഗങ്ങളിലെ നന്നേ ചുരുക്കം പേർക്കു മാത്രമേ നിശ്ശബ്ദത പാലിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുള്ളൂ.” ചില സാക്ഷികളോടൊപ്പം ജയിലിലടയ്‌ക്കപ്പെട്ട യോഹാനസ്‌ ജെ. ബ്യോസ്‌കസ്‌ എന്ന ഡച്ച്‌ മതപുരോഹിതൻ ലാഗസിന്റെ പ്രസ്‌താവനയെ സ്ഥിരീകരിക്കുന്നു. 1951-ൽ ബ്യോസ്‌കസ്‌ എഴുതി:

“അന്ന്‌, ദൈവത്തിലുള്ള അവരുടെ ആശ്രയത്വവും ശക്തമായ വിശ്വാസവും നിമിത്തം എനിക്ക്‌ അവരോട്‌ അങ്ങേയറ്റം ആദരവ്‌ തോന്നി. ഹിറ്റ്‌ലറിന്റെയും അയാളുടെ ഭരണവ്യവസ്ഥയായ തേർഡ്‌ റെയ്‌ക്കിന്റെയും പതനം മുൻകൂട്ടി പറയുന്ന ലഘുലേഖകൾ വിതരണം ചെയ്‌തുകൊണ്ടിരുന്ന ആ ചെറുപ്പക്കാരനെ—ഏറിയാൽ അവന്‌ 19 വയസ്സു കാണും—എനിക്ക്‌ ഒരിക്കലും മറക്കാനാവില്ല. . . അത്തരം പ്രവർത്തനങ്ങളിൽനിന്നു പിന്മാറാമെന്നു സമ്മതിച്ചാൽ ആറു മാസത്തിനകം അവനു ജയിൽ മോചിതനാകാൻ കഴിയുമായിരുന്നു. എന്നാൽ അവൻ അതിനു കൂട്ടാക്കാതെ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അതുകൊണ്ട്‌, ജർമനിയിൽ കുറ്റവാളികളെക്കൊണ്ടു നിർബന്ധപൂർവം പണിയെടുപ്പിക്കുന്ന ക്യാമ്പിൽ അനിശ്ചിത കാലത്തേക്ക്‌ അവനെ ശിക്ഷയ്‌ക്കു വിധിച്ചു. അത്തരം ശിക്ഷ എത്ര കഠിനമായിരിക്കുമെന്ന്‌ നമുക്കൊക്കെ അറിയാം. പിറ്റേന്നു രാവിലെ അവനെ ക്യാമ്പിലേക്കു കൊണ്ടുപോകുമ്പോൾ ഞങ്ങൾ അവന്‌ അന്തിമ യാത്രാമംഗളങ്ങൾ നേർന്നു. ഞങ്ങൾ അവനെ ഓർക്കുമെന്നും അവനു വേണ്ടി പ്രാർഥിക്കുമെന്നും ഞാൻ അവനോടു പറഞ്ഞു. അവൻ മറുപടിയായി ഇത്രമാത്രം പറഞ്ഞു: ‘എന്നെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടരുത്‌. ദൈവരാജ്യം തീർച്ചയായും വരും.’ അത്തരം കാര്യങ്ങളൊന്നും ആർക്കും മറക്കാനാവില്ല, യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളോടു വിയോജിപ്പ്‌ ഉണ്ടെങ്കിൽ പോലും.”

ക്രൂരമായ പീഡനങ്ങൾ ഉണ്ടായിരുന്നിട്ടും സാക്ഷികളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പ്‌ വെറും 300 ആയിരുന്ന അവരുടെ എണ്ണം 1943 ആയപ്പോഴേക്കും 1,379 ആയി വർധിച്ചു. സങ്കടകരമെന്നു പറയട്ടെ, ആ വർഷാവസാനത്തോടെ, അറസ്റ്റു ചെയ്യപ്പെട്ട 350 സാക്ഷികളിൽ 54-ലധികം പേർ വിവിധ തടങ്കൽപ്പാളയങ്ങളിൽ വെച്ച്‌ മൃതിയടഞ്ഞു. 1944-ലെ കണക്കനുസരിച്ച്‌, നെതർലൻഡ്‌സിൽ നിന്നുള്ള 141 സാക്ഷികൾ അപ്പോഴും പല തടങ്കൽപ്പാളയങ്ങളിൽ ഉണ്ടായിരുന്നു.

നാസി പീഡനത്തിന്റെ അവസാന വർഷം

1944 ജൂൺ 6-ലെ സൈനിക ആക്രമണത്തിനു ശേഷം യഹോവയുടെ സാക്ഷികളുടെ മേലുള്ള പീഡനം അതിന്റെ അവസാന വർഷത്തിലേക്കു പ്രവേശിച്ചു. നാസികൾക്കും അവരുടെ സഹകാരികൾക്കും സൈനിക പരാജയം സംഭവിക്കാൻ തുടങ്ങിയിരുന്നു. സംഗതികൾ ഇത്രത്തോളം ആയ സ്ഥിതിക്ക്‌ നാസികൾ നിരപരാധികളായ ക്രിസ്‌ത്യാനികളെ ആക്രമിക്കാനുള്ള ശ്രമം ഉപേക്ഷിച്ചേക്കുമെന്ന്‌ ഒരുവൻ വിചാരിച്ചിരുന്നിരിക്കാം. എന്നാൽ ആ വർഷം 48 പേരേക്കൂടി അറസ്റ്റു ചെയ്‌തു. തടവിലായിരുന്ന 68 സാക്ഷികൾ കൂടി കൊല്ലപ്പെട്ടു. അവരിൽ ഒരാളാണ്‌ നേരത്തേ പരാമർശിച്ച യാക്കോപ്‌ വാൻ ബെനെക്കോം.

1941-ൽ സ്‌നാപനമേറ്റ 580 യഹോവയുടെ സാക്ഷികളിൽ ഒരുവനായിരുന്നു 18-കാരനായ യാക്കോപ്‌. ഏറെ താമസിയാതെ, ക്രിസ്‌തീയ നിഷ്‌പക്ഷതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറാകാഞ്ഞതിന്റെ പേരിൽ അവനു നല്ല വരുമാനമുള്ള ഒരു ജോലി ഉപേക്ഷിക്കേണ്ടി വന്നു. അവൻ ഒരു സന്ദേശവാഹകന്റെ ജോലി ഏറ്റെടുത്തു, ഒപ്പം ഒരു മുഴുസമയ ശുശ്രൂഷകനായും സേവിക്കാൻ തുടങ്ങി. ബൈബിൾ സാഹിത്യങ്ങൾ കൊണ്ടുപോകുന്നതിനിടയിൽ അവൻ പിടിക്കപ്പെട്ടു, അങ്ങനെ അറസ്റ്റിലായി. 1944 ആഗസ്റ്റിൽ, റോട്ടർഡാമിലെ ജയിലിൽനിന്ന്‌ 21-കാരനായ യാക്കോപ്‌ തന്റെ വീട്ടിലേക്ക്‌ ഇപ്രകാരം എഴുതി:

“ഞാൻ സുഖമായിരിക്കുന്നു, അതീവ സന്തോഷവാനുമാണ്‌. . . . ഇതിനോടകം നാലു പ്രാവശ്യം എന്നെ ചോദ്യം ചെയ്‌തുകഴിഞ്ഞു. ആദ്യത്തെ രണ്ടു തവണ അൽപ്പം ദുഷ്‌കരമായിരുന്നു, എന്നെ പൊതിരെ തല്ലി, എന്നാൽ കർത്താവിന്റെ ശക്തിയാലും അനർഹദയയാലും രഹസ്യങ്ങൾ ഒന്നും പുറത്തുവിടാതെ പിടിച്ചുനിൽക്കാൻ ഇതുവരെ എനിക്കു കഴിഞ്ഞിരിക്കുന്നു. . . . എനിക്ക്‌ ഇവിടെ പ്രസംഗങ്ങൾ നടത്താനും സാധിച്ചു, ഇതുവരെ ആറെണ്ണം നടത്തി, കേൾവിക്കാരായി 102 പേർ ഉണ്ടായിരുന്നു. ഇവിടെ ചിലർ നല്ല താത്‌പര്യം കാണിക്കുന്നുണ്ട്‌. മോചിതരായ ശേഷവും അവർ ആ താത്‌പര്യം നിലനിർത്തുമെന്നാണു പറഞ്ഞിരിക്കുന്നത്‌.”

1944 സെപ്‌റ്റംബർ 14-ന്‌ യാക്കോപിനെ ഡച്ച്‌ നഗരമായ ആമെഴ്‌സ്‌ഫോർട്ടിലെ ഒരു തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. അവിടെയും അവൻ പ്രസംഗവേല തുടർന്നു. എങ്ങനെ? യാക്കോപിന്റെ കൂടെ തടവിൽ കഴിഞ്ഞിരുന്ന ഒരാൾ അനുസ്‌മരിക്കുന്നു: “ഗാർഡുകൾ എറിഞ്ഞുകളയുന്ന സിഗരറ്റു കുറ്റികൾ തടവുകാർ ശേഖരിച്ചിട്ട്‌ അവ ഒരു ബൈബിളിന്റെ താളുകൾ ചേർത്ത്‌ തെറുത്തിരുന്നു. അങ്ങനെ ഉപയോഗിക്കാനിരുന്ന ബൈബിൾ താളുകളിൽനിന്ന്‌ ഏതാനും വാക്കുകൾ വായിക്കാൻ ചിലപ്പോഴൊക്കെ യാക്കോപിനു കഴിഞ്ഞിരുന്നു. വായിച്ചശേഷം ഉടനടി അതിനെ അടിസ്ഥാനമാക്കി ഞങ്ങളോടു പ്രസംഗിക്കുകയും ചെയ്‌തിരുന്നു. തന്മൂലം, താമസിയാതെ ഞങ്ങൾ അവനെ ‘ബൈബിൾ മനുഷ്യൻ’ എന്നു വിളിക്കാൻ തുടങ്ങി.

1944 ഒക്‌ടോബറിൽ, തടവുകാരോട്‌ യുദ്ധ ടാങ്കുകൾ കെണിയിൽ പിടിക്കുന്നതിനായി കുഴികളുണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അത്തരം യുദ്ധ ശ്രമങ്ങളെ പിന്താങ്ങാൻ തന്റെ മനസ്സാക്ഷി അനുവദിക്കാഞ്ഞതിനാൽ യാക്കോപ്‌ അതിനു വിസമ്മതിച്ചു. ഗാർഡുകൾ അവനെ നിരന്തരം ഭീഷണിപ്പെടുത്തിയെങ്കിലും, അവൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഒക്‌ടോബർ 13-ാം തീയതി ഒരു ഓഫീസർ അവനെ ഏകാന്ത തടവിൽനിന്നും മാറ്റി ജോലി ചെയ്യിക്കുന്നിടത്തേക്കു കൊണ്ടുവന്നു. അപ്പോഴും അവൻ തന്റെ തീരുമാനത്തിൽ അചഞ്ചലനായി നിലകൊണ്ടു. അവസാനം സ്വന്തം ശവക്കുഴി കുഴിപ്പിച്ചിട്ട്‌ യാക്കോപിനെ വെടിവെച്ചു കൊന്ന്‌ അതിലിട്ടു.

സാക്ഷികൾക്കു വേണ്ടിയുള്ള വേട്ട തുടരുന്നു

യാക്കോപിന്റെയും മറ്റുള്ളവരുടെയും ധീരമായ നിലപാട്‌ നാസികളെ ഏറെ ക്രുദ്ധരാക്കി. അവർ അടങ്ങിയിരുന്നില്ല. സാക്ഷികളെ എങ്ങനെയും വകവരുത്തുന്നതിന്‌ അവർ ഇറങ്ങിത്തിരിച്ചു. 18 വയസ്സുകാരനായ ഏവർട്ട്‌ കെറ്റ്‌ലാറെയെ ആയിരുന്നു അവർ പ്രധാനമായും നോട്ടമിട്ടിരുന്നത്‌. ആദ്യമൊക്കെ പിടികൊടുക്കാതെ ഒളിവിൽ കഴിയാൻ സാധിച്ചെങ്കിലും പിന്നീട്‌ അവൻ അറസ്റ്റു ചെയ്യപ്പെട്ടു. മറ്റു സാക്ഷികളെ സംബന്ധിച്ച വിവരങ്ങൾ കിട്ടാനായി പൊലീസ്‌ അവനെ ക്രൂരമായി മർദിച്ചു. അവരെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച അവനെ ജർമനിയിൽ കുറ്റവാളികളെക്കൊണ്ട്‌ നിർബന്ധിത തൊഴിൽ ചെയ്യിക്കുന്ന ക്യാമ്പിലേക്ക്‌ അയച്ചു.

ആ മാസംതന്നെ, അതായത്‌ 1944 ഒക്‌ടോബറിൽ, ഏവർട്ടിന്റെ അളിയനായ ബെർണാർഡ്‌ ല്യോമസിനെയും പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ്‌ തുടങ്ങി. പോലീസ്‌ അവനെ മറ്റു രണ്ടു സാക്ഷികളുടെ കൂടെയാണു കണ്ടെത്തിയത്‌. ആന്റണി റേമേയറും ആൽബെർട്ടുയെസ്‌ ബോസുമായിരുന്നു ആ രണ്ടു സാക്ഷികൾ. ആൽബെർട്ടുയെസ്‌ മുമ്പ്‌ 14 മാസം തടങ്കൽപ്പാളയത്തിൽ കഴിഞ്ഞിരുന്ന ആളാണ്‌. എന്നാൽ അവിടെനിന്നു മോചിതനായ ഉടനെ അദ്ദേഹം വീണ്ടും തീക്ഷ്‌ണമായ പ്രസംഗവേല തുടർന്നു. ആദ്യം നാസികൾ ആ മൂന്നു സാക്ഷികളെയും നിർദയം തല്ലിച്ചതച്ചു, പിന്നീട്‌ അവരെ വെടിവെച്ചു കൊന്നു. യുദ്ധം അവസാനിച്ചശേഷം മാത്രമാണ്‌ അവരുടെ ജഡം കണ്ടെടുത്തു മറവുചെയ്‌തത്‌. യുദ്ധാനന്തരം പല പ്രാദേശിക പത്രങ്ങളും ഈ വധത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യുകയുണ്ടായി. ദൈവനിയമത്തിനു വിരുദ്ധമായ ഏതെങ്കിലും വിധത്തിൽ നാസികളെ പിന്തുണയ്‌ക്കാൻ ആ മൂന്നു സാക്ഷികൾ ഒരിക്കലും “കൂട്ടാക്കാഞ്ഞതിന്റെ പേരിൽ അവർക്കു തങ്ങളുടെ ജീവൻ വിലയൊടുക്കേണ്ടിവന്നു” എന്ന്‌ അതിലൊരു പത്രം എഴുതി.

അതിനിടെ, 1944 നവംബർ 10-ന്‌ നേരത്തേ പരാമർശിച്ച ബെർണാർഡ്‌ പോൾമാനെ അറസ്റ്റു ചെയ്‌ത്‌ പട്ടാളസേവനത്തോടു ബന്ധപ്പെട്ട ചില ജോലികൾക്കായി അയച്ചു. ആ നിർബന്ധിത തൊഴിൽ ചെയ്യേണ്ടിയിരുന്നവരിൽ സാക്ഷിയായി അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽത്തന്നെ ആ തൊഴിൽ ചെയ്യാൻ വിസമ്മതിച്ച ഏക വ്യക്തിയും അദ്ദേഹമായിരുന്നു. അവന്റെ നിലപാടിൽ മാറ്റം വരുത്താൻ ഗാർഡുകൾ പഠിച്ച പണി പതിനെട്ടും നോക്കി. അവന്‌ ആഹാരം കൊടുക്കാതിരുന്നു. മുട്ടൻവടികൊണ്ടും തൂമ്പകൊണ്ടും തോക്കിൻപാത്തികൊണ്ടും ഒക്കെ അവനെ ക്രൂരമായി മർദിച്ചു. കൂടാതെ, മുട്ടറ്റം തണുത്ത വെള്ളത്തിലൂടെ അദ്ദേഹത്തെ നടത്തിച്ചു, എന്നിട്ട്‌ ആ നനഞ്ഞ വസ്‌ത്രത്തോടെ ഒരു രാത്രി മുഴുവൻ ഈർപ്പമുള്ള ഒരു കുണ്ടുമുറിയിൽ പൂട്ടിയിട്ടു. ഇത്രയൊക്കെയായിട്ടും ബെർണാർഡ്‌ അചഞ്ചലനായി നിലകൊണ്ടു.

ആ സമയത്ത്‌, ബെർണാർഡിന്റെ രണ്ടു സഹോദരിമാർക്ക്‌ അവനെ കാണുന്നതിന്‌ അനുവാദം ലഭിച്ചു. അവർ യഹോവയുടെ സാക്ഷികൾ അല്ലായിരുന്നു. മനസ്സു മാറ്റാൻ അവർ അദ്ദേഹത്തെ പ്രേരിപ്പിച്ചെങ്കിലും, അതിലൊന്നും അദ്ദേഹം വീണില്ല. ആങ്ങളയ്‌ക്കു വേണ്ടി തങ്ങൾ എന്തു ചെയ്യണം എന്ന്‌ അവർ ചോദിച്ചപ്പോൾ, ‘വീട്ടിൽപ്പോയി ബൈബിൾ പഠിക്കൂ’ എന്നായിരുന്നു ലഭിച്ച മറുപടി. അതിനുശേഷം അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യക്ക്‌ അദ്ദേഹത്തെ സന്ദർശിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. ഒരുപക്ഷേ അത്‌ അദ്ദേഹത്തിന്റെ മനസ്സിനെ മാറ്റിയേക്കും എന്നാണ്‌ അവർ ഊഹിച്ചത്‌. എന്നാൽ അവളുടെ സാന്നിധ്യവും ധൈര്യം പകരുന്ന വാക്കുകളും ദൈവത്തോടുള്ള വിശ്വസ്‌തതയിൽ തുടരുന്നതിനുള്ള ബെർണാർഡിന്റെ തീരുമാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണു ചെയ്‌തത്‌. 1944 നവംബർ 17-ന്‌ മറ്റു തടവുകാരുടെയെല്ലാം മുമ്പിൽ വെച്ച്‌ ബെർണാർഡിനെ അദ്ദേഹത്തിന്റെ പീഡകരിൽ അഞ്ചുപേർ വെടിവെച്ചു കൊന്നു. അദ്ദേഹം മരിച്ചശേഷവും അവർ ആ ജഡത്തിൽ നിറയൊഴിച്ചുകൊണ്ടിരുന്നു. അതിനു മേൽനോട്ടം വഹിച്ചിരുന്ന ഓഫീസർ ഹാലിളകി ബെർണാർഡിന്റെ ഇരു കണ്ണുകളിലൂടെയും വെടിയുണ്ട പായിച്ചു.

ബെർണാർഡിന്റെ വധത്തെക്കുറിച്ച്‌ അറിഞ്ഞ സാക്ഷികളെ ഈ മൃഗീയ പെരുമാറ്റം ഞെട്ടിച്ചെങ്കിലും അവർ വിശ്വസ്‌തരും നിർഭയരുമായി തങ്ങളുടെ ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ തുടർന്നു. ബെർണാർഡിന്റെ വധം നടന്ന സ്ഥലത്തിന്‌ അടുത്തുതന്നെ യഹോവയുടെ സാക്ഷികളുടെ ഒരു ചെറിയ സഭ ഉണ്ടായിരുന്നു. പ്രസ്‌തുത വധം നടന്ന്‌ ഏറെത്താമസിയാതെ അവർ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഈ മാസം കാലാവസ്ഥ നന്നേ മോശമായിരുന്നു, സാത്താൻ ഞങ്ങളുടെമേൽ വളരെയധികം പ്രയാസങ്ങൾ കൊണ്ടുവരികയും ചെയ്‌തു. എന്നിട്ടും ഞങ്ങൾക്കു പ്രസംഗവേല കൂടുതൽ ചെയ്യാൻ കഴിഞ്ഞു. വയലിൽ ചെലവഴിച്ച മണിക്കൂറുകൾ 429-ൽനിന്നും 765 ആയി വർധിച്ചു. . . . പ്രസംഗവേലയ്‌ക്കിടയിൽ ഒരു സഹോദരൻ ഒരു മനുഷ്യനെ കണ്ടുമുട്ടി. അദ്ദേഹത്തോടു നല്ല രീതിയിൽ സാക്ഷീകരിക്കാൻ ആ സഹോദരനു കഴിഞ്ഞു. വെടിയേറ്റു മരിച്ച ബർണാർഡിന്റെ അതേ വിശ്വാസം തന്നെയാണോ ഇതും എന്ന്‌ അയാൾ ചോദിച്ചു. അതേ എന്നു പറഞ്ഞപ്പോൾ അയാൾ ഇങ്ങനെ ഉദ്‌ഘോഷിച്ചു: ‘എത്ര ധീരനായ മനുഷ്യൻ, എത്ര മഹത്തായ വിശ്വാസം! വിശ്വാസത്തിലെ വീരനായകൻ എന്നാണു ഞാൻ അദ്ദേഹത്തെ വിളിക്കുക!’”

യഹോവ അവരെ ഓർമിക്കുന്നു

1945 മേയിൽ നാസികൾ പരാജിതരായി; നെതർലൻഡ്‌സിൽ നിന്നും അവർ തുരത്തപ്പെട്ടു. യുദ്ധകാലത്തെ കഠിന പീഡനത്തിൻ മധ്യേയും സാക്ഷികളുടെ എണ്ണം ഏതാനും ശതങ്ങളിൽനിന്നും 2,000-ത്തിലധികമായി വർധിച്ചിരുന്നു. ഈ യുദ്ധകാല സാക്ഷികളെക്കുറിച്ചു സംസാരിക്കവെ, ചരിത്രകാരനായ ഡോ. ഡെ യോങ്‌ ഇപ്രകാരം സമ്മതിച്ചുപറയുന്നു: “ഭീഷണികളും പീഡനവും ഒക്കെ ഉണ്ടായിരുന്നിട്ടും അവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു.”

നാസി ഭരണത്തിൻ കീഴിൽ യഹോവയുടെ സാക്ഷികൾ സ്വീകരിച്ച ധീരമായ നിലപാടിനെ ചില ലൗകിക അധികാരികൾ സ്‌മരിച്ചതിൽ അതിശയമില്ല. എന്നാൽ ഈ യുദ്ധകാല സാക്ഷികളുടെ ഉത്‌കൃഷ്‌ട മാതൃക യഹോവയും യേശുവും ഓർമിക്കും എന്നതാണ്‌ ഏറെ പ്രധാനം. (എബ്രായർ 6:10) യേശുവിന്റെ ആസന്നമായ ആയിരവർഷ വാഴ്‌ചയിൽ, ദൈവസേവനത്തിനായി തങ്ങളുടെ ജീവൻപോലും വെടിഞ്ഞ വിശ്വസ്‌തരും നിർഭയരുമായ ഈ സാക്ഷികൾ ഒരു പറുദീസ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയോടെ സ്‌മാരകക്കല്ലറകളിൽനിന്നും ഉയിർപ്പിക്കപ്പെടും!—യോഹന്നാൻ 5:28, 29.

[24-ാം പേജിലെ ചിത്രം]

യാക്കോപ്‌ വാൻ ബെനെക്കോം

[26-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികളെ നിരോധിച്ചുകൊണ്ടുള്ള ശാസനത്തിന്റെ പത്രവിജ്ഞാപനം

[27-ാം പേജിലെ ചിത്രങ്ങൾ]

വലത്ത്‌: ബെർണാർഡ്‌ ല്യോമസ്‌; താഴെ: ആൽബെർട്ടുയെസ്‌ ബോസും (ഇടത്ത്‌) ആന്റണി റേമേയറും; ഏറ്റവും താഴെ: ഹീംസ്റ്റെഡിലുള്ള സൊസൈറ്റിയുടെ ഓഫീസ്‌