വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ബൈബിളിനെ കുറിച്ചുള്ള നിങ്ങളുടെ അറിവ്‌ അപാരംതന്നെ!”

“ബൈബിളിനെ കുറിച്ചുള്ള നിങ്ങളുടെ അറിവ്‌ അപാരംതന്നെ!”

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

“ബൈബിളിനെ കുറിച്ചുള്ള നിങ്ങളുടെ അറിവ്‌ അപാരംതന്നെ!”

വെറും 12 വയസ്സുണ്ടായിരുന്ന യേശു സധൈര്യം യെരൂശലേമിലെ മതനേതാക്കന്മാരോടു സംസാരിച്ചപ്പോൾ, “അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്‌മയം തോന്നി.” (ലൂക്കൊസ്‌ 2:47) സമാനമായി ഇന്ന്‌, യഹോവയുടെ ദാസരായ പല യുവജനങ്ങളും ദൈവത്തെയും ബൈബിളിനെയും കുറിച്ച്‌ അധ്യാപകരോടും സഹപാഠികളോടും ധൈര്യപൂർവം സംസാരിക്കാറുണ്ട്‌. അതിന്‌ നല്ല ഫലങ്ങളും അവർക്കു കിട്ടുന്നു.

14-കാരിയായ ടിഫനിക്ക്‌ അത്തരമൊരു അനുഭവം ഉണ്ടായി. ഒരിക്കൽ അവളുടെ ക്ലാസ്സിൽ, ദാനീയേൽ 9:24-27-ലെ വർഷങ്ങളുടെ 70 ആഴ്‌ചവട്ടത്തെ കുറിച്ചുള്ള പ്രവചനം ചർച്ചാവിഷയമായി. അധ്യാപകൻ ആ ബൈബിൾ ഭാഗത്തെ കുറിച്ച്‌ ഏതാനും ചില കാര്യങ്ങൾ പറഞ്ഞിട്ട്‌ വേഗം അടുത്ത വിഷയത്തിലേക്കു കടന്നു.

അതേക്കുറിച്ച്‌ കയ്യുയർത്തി എന്തെങ്കിലും അഭിപ്രായം പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ ടിഫനിക്ക്‌ ആദ്യം സന്ദേഹം തോന്നി. “എന്നാൽ [അധ്യാപകൻ] പ്രസ്‌തുത വാക്യങ്ങളുടെ പൂർണമായ ഒരു വിശദീകരണം നൽകിയില്ല എന്ന സംഗതി എന്തുകൊണ്ടോ എന്നെ അലട്ടിക്കൊണ്ടിരുന്നു. തന്മൂലം, ഞാനറിയാതെതന്നെ എന്റെ കൈ ഉയർന്നു,” അവൾ പറയുന്നു. ആ വിഷയത്തെക്കുറിച്ച്‌ വസ്‌തുനിഷ്‌ഠമായി എന്തെങ്കിലും പറയാൻ കഴിയുന്ന ഒരാൾ ക്ലാസ്സിൽ ഉള്ളതിൽ അധ്യാപകന്‌ അതിശയം തോന്നി. ക്ലാസ്സിലെ മിക്ക കുട്ടികൾക്കും ആ വിഷയത്തെ കുറിച്ച്‌ ഒന്നുംതന്നെ അറിയില്ലായിരുന്നു.

പ്രസ്‌തുത പ്രവചനത്തെക്കുറിച്ചു വിശദീകരണം നൽകാൻ അവസരം കിട്ടിയപ്പോൾ, ടിഫനി എഴുന്നേറ്റുനിന്ന്‌ യാതൊരു കുറിപ്പിന്റെയും സഹായമില്ലാതെ കാര്യങ്ങൾ വിശദീകരിച്ചു. അവൾ പറഞ്ഞുനിർത്തിയപ്പോൾ ആ ക്ലാസ്സ്‌മുറി ആകെ നിശ്ശബ്ദമായിരുന്നു. ടിഫനിക്ക്‌ അൽപ്പം പരിഭ്രമം തോന്നി. എന്നാൽ, പെട്ടെന്ന്‌ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാവരും നീണ്ട കരഘോഷം മുഴക്കി.

“ടിഫനി, അതു ഗംഭീരമായിരുന്നു, വളരെ ഗംഭീരം,” അധ്യാപകൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ആ വാക്യങ്ങൾക്ക്‌ കൂടുതലായ വിശദീകരണം ഉണ്ടായിരിക്കണമെന്ന്‌ താൻ കരുതിയിരുന്നുവെന്നും എന്നാൽ ടിഫനിയെപ്പോലെ ഇത്ര വ്യക്തമായി ആരും അതു വിശദീകരിക്കുന്നതു താൻ ഇതിനു മുമ്പ്‌ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ, ബൈബിൾ ഇത്ര നന്നായി പഠിച്ചതെങ്ങനെയാണ്‌ എന്ന്‌ അദ്ദേഹം ടിഫനിയോടു ചോദിച്ചു.

“ഞാൻ ഒരു യഹോവയുടെ സാക്ഷി ആയതുകൊണ്ടാണ്‌ അത്‌,” അവൾ മറുപടി പറഞ്ഞു. “എന്റെ അച്ഛനും അമ്മയും പല പ്രാവശ്യം വിശദീകരിച്ചുതന്ന ശേഷമാണ്‌ ആ പ്രവചനം എനിക്കു മനസ്സിലായത്‌.”

ബൈബിളിനെ കുറിച്ച്‌ അവൾക്കുള്ള പരിജ്ഞാനത്തിൽ സഹപാഠികളും അതിശയംകൂറി. ഒരു വിദ്യാർഥിനി ടിഫനിയോട്‌ ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികളായ നിങ്ങൾ വീടുതോറും പോകുന്നതിന്റെ കാരണം ഇപ്പോഴാണ്‌ എനിക്കു പിടികിട്ടിയത്‌. ബൈബിളിനെ കുറിച്ചുള്ള നിങ്ങളുടെ അറിവ്‌ അപാരംതന്നെ!” ടിഫനിയുടെ വിശ്വാസങ്ങളെപ്രതി മേലാൽ അവളെ കളിയാക്കില്ലെന്ന്‌ പല കുട്ടികളും അവൾക്കു വാക്കു കൊടുത്തു.

അന്നു ക്ലാസ്സിൽ നടന്ന കാര്യങ്ങളെ കുറിച്ച്‌ ടിഫനി മാതാപിതാക്കളോടു പറഞ്ഞപ്പോൾ, അവളുടെ അധ്യാപകന്‌ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം നൽകുന്നതു നന്നായിരിക്കുമെന്ന്‌ അവർ നിർദേശിച്ചു. അവൾ അങ്ങനെതന്നെ ചെയ്‌തു. മാത്രമല്ല, ദാനീയേൽ പ്രവചനം വിശദീകരിക്കുന്ന ഭാഗം അവൾ ആ പുസ്‌തകത്തിൽനിന്നു കാണിച്ചുകൊടുക്കുകയും ചെയ്‌തു. സസന്തോഷം ആ പുസ്‌തകം സ്വീകരിച്ച അദ്ദേഹം അവൾക്കു നന്ദി പറഞ്ഞു.

ദൈവത്തെയും ബൈബിളിനെയും സംബന്ധിച്ച്‌ മാതാപിതാക്കൾ തങ്ങളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ചു ക്രിസ്‌തീയ യുവജനങ്ങൾ ധൈര്യപൂർവം മറ്റുള്ളവരോടു പറയുമ്പോൾ അവർ യഹോവയ്‌ക്ക്‌ സ്‌തുതിയും മഹത്ത്വവും കരേറ്റുകയായിരിക്കും ചെയ്യുക. മാത്രമല്ല, അത്‌ അവർക്കുതന്നെ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും.—മത്തായി 21:15, 16.