വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‌ ഒരു ഗൂഢഭാഷ ഉണ്ടോ?

ബൈബിളിന്‌ ഒരു ഗൂഢഭാഷ ഉണ്ടോ?

ബൈബിളിന്‌ ഒരു ഗൂഢഭാഷ ഉണ്ടോ?

ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന യിഷാക്ക്‌ റബീൻ 1995-ൽ വധിക്കപ്പെട്ട്‌ ഏകദേശം രണ്ടു വർഷം കഴിഞ്ഞപ്പോൾ മൈക്കൾ ഡ്രോസ്‌നിൻ എന്ന പത്രപ്രവർത്തകൻ, ബൈബിളിന്റെ മൂല എബ്രായ പാഠത്തിൽ റബീന്റെ മരണത്തെക്കുറിച്ച്‌ ഗൂഢമായ ഭാഷയിൽ രേഖപ്പെടുത്തിയിരുന്ന ഒരു പ്രവചനം കമ്പ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ താൻ കണ്ടുപിടിച്ചിരുന്നു എന്ന അവകാശവാദവുമായി മുന്നോട്ടു വന്നു. റബീൻ വധിക്കപ്പെടുന്നതിന്‌ ഒരു വർഷം മുമ്പുതന്നെ താൻ അതു സംബന്ധിച്ച്‌ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അത്‌ അവഗണിക്കപ്പെടുകയാണുണ്ടായത്‌ എന്ന്‌ ആ പത്രപ്രവർത്തകൻ എഴുതി.

ബൈബിളിന്റെ ഗൂഢഭാഷ അതിന്റെ ദിവ്യനിശ്വസ്‌തതയ്‌ക്കുള്ള ഈടുറ്റ തെളിവാണ്‌ എന്ന്‌ അവകാശപ്പെടുന്ന മറ്റു പുസ്‌തകങ്ങളും ലേഖനങ്ങളും ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. എന്നാൽ ബൈബിളിന്‌ അത്തരമൊരു ഗൂഢഭാഷ ഉണ്ടോ? ബൈബിൾ ദൈവനിശ്വസ്‌തമാണെന്നു വിശ്വസിക്കുന്നതിനുള്ള ആധാരം അത്തരമൊരു ഗൂഢഭാഷ ആയിരിക്കേണ്ടതുണ്ടോ?

ഒരു പുതിയ ആശയമോ?

ബൈബിൾ പാഠത്തിന്‌ ഒരു ഗൂഢഭാഷ ഉണ്ട്‌ എന്ന ആശയം ഒട്ടും പുതിയതല്ല. ഇത്‌, കബാല അഥവാ പരമ്പരാഗതമായ യഹൂദ ഗുപ്‌തവിദ്യയുടെ കേന്ദ്ര ആശയങ്ങളിൽ ഒന്നാണ്‌. ബൈബിൾ പാഠത്തിന്റെ ലളിതമായ അർഥം അതിന്റെ യഥാർഥ അർഥമല്ല എന്നാണ്‌ കബാലയുടെ ഉപദേഷ്ടാക്കന്മാർ പഠിപ്പിക്കുന്നത്‌. എബ്രായ ബൈബിൾ പാഠത്തിലെ അക്ഷരങ്ങൾ ഓരോന്നും പ്രതീകങ്ങളായിട്ടാണ്‌ ദൈവം ഉപയോഗിച്ചത്‌ എന്ന്‌ അവർ വിശ്വസിക്കുന്നു. ശരിയായ രീതിയിൽ മനസ്സിലാക്കുന്നപക്ഷം ഈ പ്രതീകങ്ങൾ വലിയ സത്യങ്ങൾ വെളിപ്പെടുത്തുമത്രേ. ബൈബിൾ പാഠത്തിലെ ഓരോ എബ്രായ അക്ഷരവും അവയുടെ സ്ഥാനവും ഒരു പ്രത്യേക ഉദ്ദേശ്യത്തിൽ ദൈവം ക്രമീകരിച്ചതായാണ്‌ അവർ കരുതുന്നത്‌.

ഉല്‌പത്തി പുസ്‌തകത്തിലെ സൃഷ്ടിപ്പിൻ വിവരണം രേഖപ്പെടുത്തുന്നതിന്‌ ഉപയോഗിച്ച എബ്രായ അക്ഷരങ്ങളിൽ, അവിശ്വസനീയമാം വിധം നിഗൂഢ ശക്തി ഒളിഞ്ഞിരിക്കുന്നതായി ഈ യഹൂദ ഗുപ്‌തവിദ്യക്കാർ വിശ്വസിക്കുന്നുവെന്ന്‌ ബൈബിളിന്റെ ഗൂഢഭാഷയെ കുറിച്ച്‌ ഗവേഷണം നടത്തുന്ന ജെഫ്രി സാറ്റിനോവർ പറയുന്നു. അദ്ദേഹം എഴുതുന്നു: “ചുരുക്കത്തിൽ, ഉല്‌പത്തി കേവലം ഒരു വിവരണം അല്ല; സൃഷ്ടിക്രിയ നടത്തുന്നതിനുള്ള ഉപാധി തന്നെയായിരുന്നു, [സൃഷ്ടി നടത്തേണ്ടതു സംബന്ധിച്ച്‌] ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്ന ഒരു അടിസ്ഥാന രൂപരേഖയുടെ ദൃശ്യ ആവിഷ്‌കാരമായിരുന്നു അത്‌.”

ഉല്‌പത്തി പുസ്‌തകത്തിന്റെ ഒരു പാഠഭാഗം വായിച്ചപ്പോൾ തനിക്കു വെളിപ്പെട്ടു കിട്ടിയ ചില നിഗൂഢ വിവരങ്ങളെക്കുറിച്ച്‌ 13-ാം നൂറ്റാണ്ടിൽ സ്‌പെയിനിലെ സാരാഗോസ്സയിൽ ജീവിച്ചിരുന്ന ബാക്യാ ബെൻ ആഷർ എന്ന കബാല റബി എഴുതുകയുണ്ടായി. ആ പാഠഭാഗത്തെ ഓരോ 41 അക്ഷരങ്ങളും വിട്ട്‌, 42-ാമത്തെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിച്ചപ്പോഴാണ്‌ അദ്ദേഹത്തിന്‌ ആ നിഗൂഢ വിവരങ്ങൾ വെളിപ്പെട്ടതത്രേ. ഇങ്ങനെ, നിഗൂഢ സന്ദേശങ്ങൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ഒരു നിശ്ചിത ക്രമം പിന്തുടർന്നുകൊണ്ട്‌ അക്ഷരങ്ങൾ കൂട്ടിവായിക്കുന്ന രീതിയാണ്‌ ബൈബിളിന്‌ ഒരു ഗൂഢഭാഷ ഉണ്ടെന്ന ആധുനിക ആശയത്തിന്‌ അടിസ്ഥാനം.

കമ്പ്യൂട്ടറുകൾ ഗൂഢഭാഷ “വെളിപ്പെടുത്തുന്നു”

കമ്പ്യൂട്ടർ യുഗത്തിന്റെ പിറവിക്കു മുമ്പ്‌ ബൈബിൾ പാഠങ്ങൾ ഈ വിധത്തിൽ പരിശോധിക്കുന്നതിന്‌ മനുഷ്യന്‌ പരിമിതികളുണ്ടായിരുന്നു. എന്നിരുന്നാലും, യെരൂശലേമിലെ ഹീബ്രൂ സർവകലാശാലയിലെ എലിയാഹൂ റിപ്പ്‌സും സഹ ഗവേഷകരും അമ്പരപ്പിക്കുന്ന ചില അവകാശവാദങ്ങളുമായി മുന്നോട്ടു വന്നു. അവ അടങ്ങിയ ഒരു ലേഖനം 1994 ആഗസ്റ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്‌ എന്ന പത്രിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഉല്‌പത്തി പുസ്‌തകത്തിന്റെ എബ്രായ പാഠത്തിലെ അക്ഷരങ്ങൾക്കിടയിൽ ഉള്ള സ്ഥലങ്ങൾ എല്ലാം നീക്കിയ ശേഷം, തുല്യ എണ്ണം അക്ഷരങ്ങൾ വീതം വിട്ട്‌ അടുത്ത അക്ഷരം എന്ന ക്രമത്തിൽ കൂട്ടിച്ചേർത്തു വായിച്ചപ്പോൾ ആ പാഠഭാഗത്ത്‌ പ്രശസ്‌തരായ 34 റബിമാരുടെ പേരുകളും അതിനോടു തൊട്ടുചേർന്ന്‌ അവരുടെ ജനനത്തീയതികളും മരണത്തീയതികളും പോലുള്ള മറ്റു വിവരങ്ങളും കണ്ടെത്തിയതായി അവർ വിശദീകരിച്ചു. * പലയാവർത്തി പരിശോധിച്ചതിനു ശേഷം ഗവേഷകർ തങ്ങളുടെ പരീക്ഷണഫലം പ്രസിദ്ധീകരിച്ചു. സകല സാധ്യതകളും കണക്കിലെടുക്കുമ്പോൾ, ഗൂഢഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉല്‌പത്തിയിലെ വിവരങ്ങൾ ആകസ്‌മികമായി വന്നതായിരിക്കാൻ ഒട്ടും സാധ്യതയില്ലെന്നായിരുന്നു അവരുടെ നിഗമനം. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌, ഉല്‌പത്തിയിൽ മനഃപൂർവമായിത്തന്നെ ഗൂഢഭാഷയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ദിവ്യനിശ്വസ്‌തമാണെന്നതിന്റെ ഈടുറ്റ തെളിവായി അവർ അതിനെ വ്യാഖ്യാനിച്ചു.

ഈ രീതിയെ അടിസ്ഥാനപ്പെടുത്തി പത്രപ്രവർത്തകനായ ഡ്രോസ്‌നിൻ എബ്രായ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളിലെ നിഗൂഢ വിവരങ്ങൾ കണ്ടെത്താൻ പരീക്ഷണങ്ങൾ നടത്തിനോക്കി. ബൈബിൾ പാഠത്തിലെ ഓരോ 4,772-ാമത്തെ അക്ഷരവും കൂട്ടിവായിക്കവെ യിഷാക്ക്‌ റബീൻ എന്ന പേര്‌ താൻ കണ്ടെത്തിയതായി ഡ്രോസ്‌നിൻ അവകാശപ്പെട്ടു. അതുകൊണ്ട്‌, കമ്പ്യൂട്ടറിന്റെ സഹായത്തോടെ അദ്ദേഹം 4,772 അക്ഷരങ്ങൾ വീതമുള്ള വരികളായി ആ ബൈബിൾ പാഠം ക്രമീകരിച്ചു. ഓരോ വരിയുടെയും അവസാന അക്ഷരം മുകളിൽ നിന്നു താഴേക്കു ചേർത്തു വായിച്ചപ്പോൾ യിഷാക്ക്‌ റബീൻ എന്ന പേര്‌ കിട്ടി. “കൊലയാളി കൊല ചെയ്യുന്നു” എന്നു ഡ്രോസ്‌നിൻ പരിഭാഷപ്പെടുത്തിയ ഒരു വരി (ആവർത്തനപുസ്‌തകം 4:42) ആ പേരിനെ മുറിച്ചുകൊണ്ടു കടന്നുപോകുന്നതായി അദ്ദേഹം കണ്ടെത്തി.

അബദ്ധവശാൽ കൊല നടത്തിയ ഒരു വ്യക്തിയെക്കുറിച്ചാണ്‌ ആവർത്തനപുസ്‌തകം 4:42 പറയുന്നത്‌. അതുകൊണ്ട്‌, ഡ്രോസ്‌നിന്റേതു പോലുള്ള അശാസ്‌ത്രീയ രീതികൾ ഉപയോഗിച്ച്‌ ഏതു പാഠത്തിൽനിന്നു വേണമെങ്കിലും സമാനമായ സന്ദേശങ്ങൾ കണ്ടെത്താൻ കഴിയുമെന്നു വാദിച്ചുകൊണ്ട്‌, തനിക്കു ബോധിച്ച രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ ഈ സമീപനത്തെ അനേകർ വിമർശിച്ചിരിക്കുന്നു. ഡ്രോസ്‌നിൻ പക്ഷേ തന്റെ നിലപാടിൽത്തന്നെ ഉറച്ചുനിന്നു. അദ്ദേഹം ഇങ്ങനെ വെല്ലുവിളിച്ചു: “മോബി ഡിക്ക്‌ [എന്ന നോവലിൽ] ഒരു പ്രധാനമന്ത്രിയുടെ വധത്തെക്കുറിച്ചുള്ള ഒരു സന്ദേശം ഗൂഢഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണിച്ചുതരാൻ എന്റെ വിമർശകർക്ക്‌ ആകുമെങ്കിൽ, അവരുടെ വാക്കുകളിൽ സത്യമുണ്ടെന്നു ഞാൻ വിശ്വസിക്കാം.”

നിശ്വസ്‌തതയ്‌ക്കുള്ള തെളിവോ?

ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ, ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസറായ ബ്രെൻഡൻ മക്‌കേ, ഡ്രോസ്‌നിന്റെ ഈ വെല്ലുവിളി ഏറ്റെടുത്തു. മോബി ഡിക്കിന്റെ ഇംഗ്ലീഷ്‌ പാഠത്തിൽ, കമ്പ്യൂട്ടർ ഉപയോഗിച്ച്‌ അദ്ദേഹം അതിവിപുലമായ തിരച്ചിൽ നടത്തി. * ഡ്രോസ്‌നിൻ പിൻപറ്റിയ അതേ രീതി ഉപയോഗിച്ച്‌, ഇന്ദിരാഗാന്ധി, മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയർ, ജോൺ എഫ്‌. കെന്നഡി, എബ്രഹാം ലിങ്കൺ തുടങ്ങിയവരുടെ വധത്തെക്കുറിച്ചുള്ള “പ്രവചനങ്ങൾ” കണ്ടെത്താൻ കഴിഞ്ഞുവെന്നാണ്‌ മക്‌കേ അവകാശപ്പെടുന്നത്‌. മോബി ഡിക്കിൽ യിഷാക്ക്‌ റബീന്റെ കൊലപാതകവും “മുൻകൂട്ടി പറഞ്ഞിട്ടുള്ളതായി” താൻ കണ്ടെത്തിയെന്നു മക്‌കേ പറയുന്നു.

ഉല്‌പത്തിയുടെ എബ്രായ പാഠത്തിന്റെ കാര്യം തന്നെ വീണ്ടുമെടുക്കാം. റിപ്പ്‌സിന്റെയും സഹകാരികളുടെയും ഗവേഷണഫലങ്ങളെയും പ്രൊഫസർ മക്‌കേയും സഹകാരികളും വെല്ലുവിളിച്ചിട്ടുണ്ട്‌. ദിവ്യനിശ്വസ്‌തതയിൽ രേഖപ്പെടുത്തിയ ഗൂഢഭാഷാ സന്ദേശങ്ങൾ എന്നതിനെക്കാൾ ആ ഗവേഷണഫലങ്ങൾ, ഗവേഷകർ ഉപയോഗിച്ച രീതികളെയും അവരുടെ സമീപനത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ്‌ അവരുടെ പക്ഷം. അതായത്‌, ഗവേഷകർ തങ്ങൾക്കു ബോധിച്ചതുപോലെയാണ്‌ വിവരങ്ങൾ മെനഞ്ഞെടുക്കുന്നത്‌. ഇതു സംബന്ധിച്ച്‌ പണ്ഡിതന്മാർക്കിടയിൽ ഉള്ള തർക്കം തുടർന്നുകൊണ്ടിരിക്കുകയാണ്‌.

ബൈബിളിന്റെ “പ്രാമാണിക” അഥവാ “മൂല” എബ്രായ പാഠത്തിൽ, അത്തരം സന്ദേശങ്ങൾ മനഃപൂർവം ഒളിപ്പിച്ചു വെച്ചതാണെന്ന വാദം മറ്റൊരു പ്രശ്‌നം ഉയർത്തുന്നു. റിപ്പ്‌സും അദ്ദേഹത്തിന്റെ സഹകാരികളും പറയുന്നത്‌, “ഉല്‌പത്തിയുടെ പരക്കെ അംഗീകരിക്കപ്പെടുന്ന പ്രാമാണിക പാഠം” ഉപയോഗിച്ചാണ്‌ തങ്ങൾ പരീക്ഷണങ്ങൾ നടത്തിയത്‌ എന്നാണ്‌. ഡ്രോസ്‌നിൻ എഴുതുന്നു: “മൂല എബ്രായ ഭാഷയിൽ ഇന്നുള്ള എല്ലാ ബൈബിളുകളും താരതമ്യം ചെയ്‌താൽ, അവ തമ്മിൽ ഒരൊറ്റ അക്ഷരത്തിന്റെ കാര്യത്തിൽ പോലും വ്യത്യാസമില്ല എന്നു കാണാൻ കഴിയും.” എന്നാൽ അത്‌ അങ്ങനെതന്നെയാണോ? ഒരു “പ്രാമാണിക” പാഠത്തിനു പകരം വ്യത്യസ്‌ത പുരാതന കൈയെഴുത്തു പ്രതികളെ അടിസ്ഥാനപ്പെടുത്തിയുള്ള എബ്രായ ബൈബിളിന്റെ വിവിധ പതിപ്പുകളാണ്‌ ഇന്നുള്ളത്‌. ബൈബിളിന്റെ സന്ദേശത്തിനു മാറ്റമൊന്നും ഇല്ലെങ്കിലും കൈയെഴുത്തു പ്രതികളിൽ ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങൾക്കു വ്യത്യാസമുണ്ട്‌.

പൊ.യു. 1000-ത്തോടടുത്ത്‌ പകർത്തിയെഴുതിയ ലെനിൻഗ്രാഡ്‌ കോഡക്‌സിനെ—ഏറ്റവും പഴക്കമുള്ള സമ്പൂർണ എബ്രായ മാസൊരിറ്റിക്‌ കൈയെഴുത്തു പ്രതി—അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ ഇന്നുള്ള പല പരിഭാഷകളും. എന്നാൽ റിപ്പ്‌സും ഡ്രോസ്‌നിനും കൊറൻ എന്ന മറ്റൊരു പാഠമാണ്‌ ഉപയോഗിച്ചത്‌. ലെനിൻഗ്രാഡ്‌ കോഡക്‌സും “ഡ്രോസ്‌നിൻ ഉപയോഗിച്ച കൊറൻ പതിപ്പും തമ്മിൽ ആവർത്തനപുസ്‌തകത്തിന്റെ കാര്യത്തിൽത്തന്നെ 41 അക്ഷരങ്ങളുടെ വ്യത്യാസമുണ്ട്‌” എന്നു ഹാർവാർഡ്‌ സർവകലാശാലയിലെ ഗണിതശാസ്‌ത്രജ്ഞനും ഒരു ഓർത്തഡോക്‌സ്‌ റബിയുമായ ഷ്‌ലോമോ സ്റ്റേൺബെർഗ്‌ വിശദീകരിക്കുന്നു. ചാവുകടൽ ചുരുളുകളിൽ പകർത്തിയെഴുതിയിരിക്കുന്ന ചില ബൈബിൾ പാഠഭാഗങ്ങൾക്ക്‌ 2,000 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്‌. ഈ ചുരുളുകളിലെ അക്ഷര വിന്യാസങ്ങൾ പിൽക്കാലത്തെ മാസൊരിറ്റിക്‌ പാഠങ്ങളുടേതിൽ നിന്നു വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അന്നു സ്വരാക്ഷരങ്ങൾ കണ്ടുപിടിച്ചിരുന്നില്ല. തന്മൂലം ചില ചുരുളുകളിൽ, സ്വരാക്ഷരങ്ങളുടെ ഉച്ചാരണത്തെ സൂചിപ്പിക്കുന്നതിന്‌ അക്ഷരങ്ങൾ യഥേഷ്ടം കൂട്ടിച്ചേർക്കുകയായിരുന്നു. മറ്റു ചില ചുരുളുകളിലാണെങ്കിൽ, കുറച്ച്‌ അക്ഷരങ്ങൾ മാത്രമേ ഇപ്രകാരം കൂട്ടിച്ചേർത്തുള്ളൂ. ഇന്നു നിലവിലുള്ള എല്ലാ ബൈബിൾ കൈയെഴുത്തു പ്രതികളും താരതമ്യം ചെയ്‌താൽ, അവയിലെ ബൈബിൾ സന്ദേശത്തിന്‌ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു കാണാൻ കഴിയും. അതേ സമയം, വ്യത്യസ്‌ത പാഠങ്ങളിലെ അക്ഷര വിന്യാസത്തിനും അക്ഷരങ്ങളുടെ എണ്ണത്തിനും വ്യത്യാസം വന്നിരിക്കുന്നതായി മനസ്സിലാക്കാൻ കഴിയും.

തെല്ലും മാറ്റം സംഭവിക്കാത്ത പാഠം ഉണ്ടെങ്കിൽ മാത്രമേ ബൈബിളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നിഗൂഢ സന്ദേശം കണ്ടെത്താനാകൂ. ഒരൊറ്റ അക്ഷരത്തിനു വ്യതിയാനം വന്നാൽ അത്‌ മുഴു ക്രമത്തെയും തെറ്റിച്ചുകളയും, ഒപ്പം ഒരു സന്ദേശമുണ്ടെങ്കിൽ അതിനെയും. ദൈവം തന്റെ സന്ദേശം ബൈബിളിൽ പരിരക്ഷിച്ചിരിക്കുന്നു. എന്നാൽ, നൂറ്റാണ്ടുകളിലൂടെ മാറ്റം സംഭവിക്കുന്ന അക്ഷര വിന്യാസം പോലുള്ള നിസ്സാരസംഗതികളെ കുറിച്ചു താൻ ഉത്‌കണ്‌ഠാകുലനാണ്‌ എന്നവണ്ണം അവൻ അതിന്റെ ഓരോ അക്ഷരങ്ങളെയും അങ്ങനെതന്നെ നിലനിർത്തിയിട്ടില്ല. ബൈബിളിൽ അവൻ നിഗൂഢമായ സന്ദേശമൊന്നും രേഖപ്പെടുത്തിവെച്ചിട്ടില്ല എന്നല്ലേ ഇതിനർഥം?—യെശയ്യാവു 40:8; 1 പത്രൊസ്‌ 1:24, 25.

നമുക്ക്‌ ഒരു ഗൂഢ ബൈബിൾഭാഷയുടെ ആവശ്യമുണ്ടോ?

“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വളരെ സ്‌പഷ്ടമായി എഴുതി. (2 തിമൊഥെയൊസ്‌ 3:16, 17) ബൈബിളിന്റെ വ്യക്തവും വളച്ചൊടിക്കാത്തതുമായ സന്ദേശം മനസ്സിലാക്കുന്നതോ ബാധകമാക്കുന്നതോ വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ലെങ്കിലും അനേകരും അതു മനഃപൂർവം അവഗണിക്കുകയാണു ചെയ്യുന്നത്‌. (ആവർത്തനപുസ്‌തകം 30:11-14) ബൈബിളിൽ തുറന്ന ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങൾ അതിന്റെ ദിവ്യനിശ്വസ്‌തതയ്‌ക്ക്‌ ഒരു ശക്തമായ അടിസ്ഥാനം പ്രദാനം ചെയ്യുന്നു. * ഗൂഢഭാഷയിൽ എഴുതിയിരിക്കുന്ന ഒരു സന്ദേശത്തിന്റെ കാര്യത്തിൽ നിന്നു വ്യത്യസ്‌തമായി, ബൈബിൾ പ്രവചനങ്ങൾ വ്യക്തിതാത്‌പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളവയല്ല. മാത്രവുമല്ല, അവ ‘സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതുമല്ല.’—2 പത്രൊസ്‌ 1:19-21.

“ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചത്‌ തന്ത്രപരമായി മെനഞ്ഞെടുത്ത കഥകളെ പ്രമാണിച്ചിട്ടല്ല” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി. (2 പത്രൊസ്‌ 1:16, NW) ബൈബിളിന്‌ ഒരു ഗൂഢഭാഷയുണ്ട്‌ എന്ന ആശയത്തിന്റെ വേരുകൾ യഹൂദ ഗുപ്‌തവിദ്യയിലാണ്‌. “തന്ത്രപരമായി മെനഞ്ഞെടുത്ത” രീതികൾ ഉപയോഗിച്ച്‌ അതു ബൈബിളിന്റെ നിശ്വസ്‌ത പാഠഭാഗങ്ങളുടെ ലളിതമായ അർഥത്തെ അവ്യക്തവും വികലവും ആക്കിത്തീർത്തിരിക്കുന്നു. ഗുപ്‌തവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഇത്തരം സമീപനത്തെ എബ്രായ തിരുവെഴുത്തുകൾ അസന്ദിഗ്‌ധമായി കുറ്റംവിധിച്ചിട്ടുമുണ്ട്‌.—ആവർത്തനപുസ്‌തകം 13:1-5; 18:9-13.

ദൈവത്തെ അറിയാൻ സഹായിക്കുന്ന, ബൈബിളിന്റെ വ്യക്തമായ സന്ദേശവും പ്രബോധനവും ലഭിച്ചിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്‌! വ്യക്തികളുടെ വ്യാഖ്യാനങ്ങളുടെയും കമ്പ്യൂട്ടറിന്റെ സഹായത്തോടെ നെയ്‌തുകൂട്ടുന്ന കുറെ ഭാവനകളുടെയും ഉത്‌പന്നങ്ങളായ നിഗൂഢ സന്ദേശങ്ങളിലൂടെ സ്രഷ്ടാവിനെ കുറിച്ച്‌ പഠിക്കാൻ ശ്രമിക്കുന്നതിനെക്കാളൊക്കെ എത്രയോ മെച്ചമാണ്‌ അത്‌.—മത്തായി 7:24, 25.

[അടിക്കുറിപ്പുകൾ]

^ ഖ. 9 എബ്രായ ഭാഷയിൽ, അക്ഷരങ്ങൾകൊണ്ടും സംഖ്യാമൂല്യങ്ങൾ ചിത്രീകരിക്കാനാകും. അതുകൊണ്ട്‌, അക്കങ്ങൾക്കു പകരം എബ്രായ പാഠത്തിലെ അക്ഷരങ്ങൾ ഉപയോഗിച്ചാണ്‌ ഈ തീയതികൾ നിർണയിക്കപ്പെട്ടത്‌.

^ ഖ. 13 എബ്രായ ഭാഷയിൽ സ്വരാക്ഷരങ്ങൾ ഇല്ല. സന്ദർഭാനുസൃതം വായനക്കാരൻ തന്നെ അവ ചേർക്കുകയാണു ചെയ്യുക. സന്ദർഭം അവഗണിച്ചുകൊണ്ട്‌ വ്യത്യസ്‌തമായ സ്വരാക്ഷരങ്ങൾ ചേർക്കുന്നെങ്കിൽ ഒരു വാക്കിന്‌ തികച്ചും വ്യത്യസ്‌തമായ അർഥം കൈവന്നേക്കാം. ഇംഗ്ലീഷിൽ നിശ്ചിത സ്വരാക്ഷരങ്ങളാണ്‌ ഉള്ളത്‌. അത്‌, വാക്കുകൾക്കു വേണ്ടിയുള്ള ഇത്തരം തിരച്ചിലുകൾക്കു പരിമിതി സൃഷ്ടിക്കുന്നതോടൊപ്പം അതു കൂടുതൽ പ്രയാസകരമാക്കിത്തീർക്കുകയും ചെയ്യുന്നു.

^ ഖ. 19 ബൈബിളിന്റെ ദിവ്യ നിശ്വസ്‌തതയെയും അതിലെ പ്രവചനങ്ങളെയും കുറിച്ച്‌ കൂടുതൽ അറിയുന്നതിന്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക കാണുക.