വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അക്രമികളെ കുറിച്ച്‌ ദൈവത്തിന്റെ അതേ വീക്ഷണമാണോ നിങ്ങൾക്കുമുള്ളത്‌?

അക്രമികളെ കുറിച്ച്‌ ദൈവത്തിന്റെ അതേ വീക്ഷണമാണോ നിങ്ങൾക്കുമുള്ളത്‌?

അക്രമികളെ കുറിച്ച്‌ ദൈവത്തിന്റെ അതേ വീക്ഷണമാണോ നിങ്ങൾക്കുമുള്ളത്‌?

നല്ല കായബലവും ധൈര്യവും ഉള്ള പരാക്രമശാലികളെ പണ്ടുകാലം മുതലേ ആളുകൾ ശ്ലാഘിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിട്ടുണ്ട്‌. അത്തരം ഒരു വീരപുരുഷൻ ആയിരുന്നു ഗ്രീക്കു പുരാണത്തിലെ ഹെരാക്കിൾസ്‌. റോമാക്കാർക്കിടയിൽ ഹെർക്കുലീസ്‌ എന്നാണ്‌ അവൻ അറിയപ്പെട്ടിരുന്നത്‌.

അമാനുഷ ശക്തിയുണ്ടായിരുന്ന ഹെരാക്കിൾസ്‌, പുകഴ്‌പെറ്റ വീരയോദ്ധാവ്‌ ആയിരുന്നു. ഐതിഹ്യം അനുസരിച്ച്‌, ഗ്രീക്കു ദേവനായ സീയൂസിന്‌ അൽക്‌മിനി എന്ന സ്‌ത്രീയിൽ ജനിച്ച ഒരു അർധദേവൻ ആയിരുന്നു അവൻ. തൊട്ടിൽ പ്രായത്തിൽ തന്നെ അവന്റെ പരാക്രമങ്ങൾ തുടങ്ങി. അസൂയ മൂത്ത ഒരു ദേവി, ഹെരാക്കിൾസിനെ കൊല്ലാനായി അയച്ച രണ്ടു വലിയ സർപ്പങ്ങളെ അവൻ കഴുത്തു പിരിച്ച്‌ കൊന്നുകളഞ്ഞു. പിൽക്കാല ജീവിതത്തിൽ അവൻ പോരാട്ടങ്ങളിൽ ഏർപ്പെടുകയും രാക്ഷസന്മാരെ കീഴടക്കുകയും ഒരു സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായി മൃത്യുദേവനോടു മല്ലടിക്കുക പോലും ചെയ്‌തു. അവൻ നഗരങ്ങൾ നശിപ്പിക്കുകയും സ്‌ത്രീകളെ മാനഭംഗപ്പെടുത്തുകയും ഒരു ഗോപുരത്തിനു മുകളിൽ നിന്ന്‌ ഒരാൺകുട്ടിയെ വലിച്ചെറിയുകയും സ്വന്തം ഭാര്യയെയും കുട്ടികളെയും കൊന്നുകളയുകയും ചെയ്‌തു.

ഒരു യഥാർഥ വ്യക്തിയല്ലെങ്കിലും, അതിപുരാതന കാലം മുതൽതന്നെ ഹെരാക്കിൾസ്‌ ഗ്രീക്കുകാരുടെയും ഗ്രീക്കു സ്വാധീനം ഉണ്ടായിരുന്ന ദേശക്കാരുടെയും പുരാണ കഥകളിൽ സ്ഥാനം പിടിച്ചിരുന്നു. റോമാക്കാർ അവനെ ഒരു ദേവനായി ആരാധിച്ചു; വ്യാപാരികൾ സമൃദ്ധിക്കായും സഞ്ചാരികൾ ആപത്തിൽ നിന്നുള്ള സംരക്ഷണത്തിനായും അവനോടു പ്രാർഥിച്ചു. അവന്റെ വീരപരാക്രമങ്ങളെ കുറിച്ചുള്ള കഥകൾ ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾക്കു ഹരം പകർന്നിരിക്കുന്നു.

ഐതിഹ്യങ്ങളുടെ ഉത്ഭവം

ഹെരാക്കിൾസിനെയും മറ്റു കാൽപ്പനിക വീരപുരുഷന്മാരെയും കുറിച്ചുള്ള കഥകൾക്കു വാസ്‌തവത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഒരർഥത്തിൽ പറഞ്ഞാൽ, ഉണ്ട്‌. മനുഷ്യ ചരിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ “ദൈവങ്ങ”ളും “അവതാരപുരുഷ”ന്മാരും ഭൂമിയിൽ ജീവിച്ചിരുന്നതായി ബൈബിൾ പറയുന്നുണ്ട്‌.

ആ കാലഘട്ടത്തെ വർണിച്ചുകൊണ്ട്‌ മോശെ എഴുതി: “മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.”—ഉല്‌പത്തി 6:1, 2.

ആ ‘ദൈവ പുത്രന്മാർ’ മനുഷ്യർ ആയിരുന്നില്ല; അവർ ദൈവത്തിന്റെ ദൂത പുത്രന്മാർ ആയിരുന്നു. (ഇയ്യോബ്‌ 1:6; 2:1; 38:4, 7 എന്നിവ താരതമ്യം ചെയ്യുക.) ചില ദൂതന്മാർ “തങ്ങളുടെ വാഴ്‌ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ”തായി ബൈബിൾ എഴുത്തുകാരനായ യൂദാ വിവരിക്കുന്നു. (യൂദാ 6) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഭൂമിയിലെ സുന്ദരികളായ സ്‌ത്രീകളോടൊപ്പം വസിക്കാൻ കൂടുതൽ ഇഷ്ടപ്പെട്ടതിനാൽ ദൈവത്തിന്റെ സ്വർഗീയ സംഘടനയിലെ തങ്ങളുടെ നിയമിത സ്ഥാനം അവർ ഉപേക്ഷിച്ചു. മത്സരികളായ ആ ദൂതന്മാർ, “ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്ന” സൊദോമിലെയും ഗൊമോരയിലെയും ആളുകളെ പോലെ ആയിരുന്നു എന്ന്‌ യൂദാ കൂട്ടിച്ചേർക്കുന്നു.—യൂദാ 7.

അനുസരണംകെട്ട ആ ദൂതന്മാരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാമൊന്നും ബൈബിളിലില്ല. എന്നിരുന്നാലും, ഗ്രീസിലെയും മറ്റിടങ്ങളിലെയും പുരാവൃത്തങ്ങൾ, ദൃശ്യമായോ അദൃശ്യമായോ മനുഷ്യരോടൊപ്പം വസിച്ചിരുന്ന നിരവധി ദേവീദേവന്മാരെ കുറിച്ചു വർണിക്കുന്നുണ്ട്‌. നരരൂപം ധരിച്ചപ്പോഴൊക്കെ അവർ സൗന്ദര്യത്തിന്റെ നിറകുടം ആയിരുന്നിട്ടുണ്ട്‌. അവർ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും സഹ ദേവീദേവന്മാരുമായും മനുഷ്യരുമായും ലൈംഗിക വേഴ്‌ചയിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു. വിശുദ്ധരും അമർത്യരുമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും അവർ നുണ പറയുകയും വഞ്ചിക്കുകയും ശണ്‌ഠകൂടുകയും യുദ്ധം ചെയ്യുകയും വശീകരിക്കുകയും മാനഭംഗപ്പെടുത്തുകയുമൊക്കെ ചെയ്‌തിരുന്നു. അത്തരം പുരാവൃത്തങ്ങൾ, ഉല്‌പത്തി എന്ന ബൈബിൾ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രളയപൂർവ ഘട്ടത്തിലെ അവസ്ഥകളുടെ നിറം ചേർത്തതോ വളച്ചൊടിച്ചതോ ആയ ഒരു പ്രതിഫലനമാണെന്നു പറയാവുന്നതാണ്‌.

പുരാതന കാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ

അനുസരണംകെട്ട, മനുഷ്യ ശരീരം ധരിച്ച ദൂതന്മാർ സ്‌ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ ആ സ്‌ത്രീകൾക്കു ജനിച്ച കുട്ടികൾ സാധാരണ കുട്ടികൾ ആയിരുന്നില്ല. അവർ നെഫിലിമുകൾ—പകുതി മനുഷ്യനും പകുതി ദൂതനും—ആയിരുന്നു. ബൈബിൾ വൃത്താന്തം ഇങ്ങനെ പറയുന്നു: “അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.”—ഉല്‌പത്തി 6:4.

“നെഫിലിം” എന്ന എബ്രായ പദത്തിന്റെ അക്ഷരീയ അർഥം “വീഴിക്കുന്നവർ” അല്ലെങ്കിൽ അക്രമ പ്രവൃത്തികളിലൂടെ മറ്റുള്ളവർ വീഴാൻ ഇടയാക്കുന്നവർ എന്നാണ്‌. തന്മൂലം, “ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു” എന്നു ബൈബിൾ വൃത്താന്തം പറയുന്നതിൽ തെല്ലും അതിശയിക്കാനില്ല. (ഉല്‌പത്തി 6:11) ഹെരാക്കിൾസിനെയും ബാബിലോന്യ വീരപുരുഷൻ ആയിരുന്ന ഗിൽഗമെഷിനെയും പോലുള്ള കാൽപ്പനിക അർധദേവന്മാർക്കു നെഫിലിമുകളുമായി വളരെ സാമ്യമുണ്ട്‌.

നെഫിലിമുകളെ “വീരന്മാർ” എന്നും “കീർത്തിപ്പെട്ട പുരുഷന്മാർ” എന്നും വിളിച്ചിരുന്നു എന്നതു ശ്രദ്ധിക്കുക. അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന നീതിമാനായ നോഹ ചെയ്‌തിരുന്നതുപോലെ യഹോവയെ കീർത്തിപ്പെടുത്താൻ, നെഫിലിമുകൾക്കു താത്‌പര്യമില്ലായിരുന്നു. സ്വന്തം കീർത്തിയിലും മഹത്ത്വത്തിലും പ്രശസ്‌തിയിലും ആയിരുന്നു അവർക്കു താത്‌പര്യം. അക്രമവും രക്തച്ചൊരിച്ചിലും ആയുധമാക്കിക്കൊണ്ടുള്ള വീര കൃത്യങ്ങളിലൂടെ, തങ്ങൾ ഉത്‌കടമായി ആഗ്രഹിച്ച പേരും പെരുമയും ആ അഭക്ത ലോകത്തിൽ അവർ നേടിയെടുത്തു. അക്കാലത്തെ വീരപരാക്രമികൾ ആയിരുന്നു അവർ. അജയ്യരായി കാണപ്പെട്ട അവരെ ആളുകൾ ഭയപ്പെടുകയും ആദരിക്കുകയും ചെയ്‌തിരുന്നു.

നെഫിലിമുകളും അവരുടെ അധമ ദൂതപിതാക്കന്മാരും അക്കാലത്തെ ആളുകളുടെ ദൃഷ്ടിയിൽ കീർത്തിപ്പെട്ടവർ ആയിരുന്നെങ്കിലും ദൈവ ദൃഷ്ടിയിൽ അങ്ങനെയായിരുന്നില്ല. അവരുടെ ജീവിതരീതി മ്ലേച്ഛമായിരുന്നു. തന്നിമിത്തം, ദൈവം അവർക്കെതിരെ നടപടിയെടുത്തു. പത്രൊസ്‌ അപ്പൊസ്‌തലൻ അതേക്കുറിച്ച്‌ ഇങ്ങനെ എഴുതി: “പാപം ചെയ്‌ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്‌പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും . . . ചെയ്‌തു.”—2 പത്രൊസ്‌ 2:4, 5, 8.

ആഗോള പ്രളയ സമയത്ത്‌, മത്സരികളായ ആ ദൂതന്മാർ മനുഷ്യ ശരീരം വെടിഞ്ഞ്‌ ലജ്ജിതരായി ആത്മമണ്ഡലത്തിലേക്കു മടങ്ങിപ്പോയി. വീണ്ടും മനുഷ്യ ശരീരം ധരിക്കുന്നതു നിരോധിച്ചുകൊണ്ട്‌ ദൈവം അവരെ ശിക്ഷിച്ചു. നെഫിലിമുകൾ, അഥവാ അനുസരണംകെട്ട ദൂതന്മാരുടെ അമാനുഷ സന്തതികൾ നശിപ്പിക്കപ്പെട്ടു. നോഹയും അവന്റെ ചെറിയ കുടുംബവും മാത്രമേ ജലപ്രളയത്തെ അതിജീവിച്ചുള്ളൂ.

ഇന്നത്തെ കീർത്തിപ്പെട്ട പുരുഷന്മാർ

ഇന്ന്‌ ദൈവങ്ങളും അവതാരപുരുഷന്മാരും ഭൂമിയിൽ ഇല്ല. എന്നിരുന്നാലും, അക്രമം തേർവാഴ്‌ച നടത്തുന്നു. ഇന്നത്തെ കീർത്തിപ്പെട്ട പുരുഷന്മാർ പുസ്‌തകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും സംഗീതത്തിലൂടെയും പ്രകീർത്തിക്കപ്പെടുന്നു. ഒരു ചെകിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെകിടും കാണിച്ചു കൊടുക്കാനും ശത്രുക്കളെ സ്‌നേഹിക്കാനും സമാധാനം അന്വേഷിക്കാനും ക്ഷമിക്കാനും അക്രമം വെടിയാനുമൊന്നും അവർ തെല്ലും ആഗ്രഹിക്കുകയില്ല. (മത്തായി 5:39, 44; റോമർ 12:17; എഫെസ്യർ 4:32; 1 പത്രൊസ്‌ 3:11) എന്നിട്ടും, ആധുനിക നാളിലെ പരാക്രമശാലികൾ തങ്ങളുടെ ബലവും പോരാടാനുള്ള കഴിവും പ്രതികാരപ്രവണതയും അതിശക്തമായ വിധത്തിൽ പ്രത്യാക്രമണം നടത്താനുള്ള പ്രാപ്‌തിയും നിമിത്തം പ്രകീർത്തിക്കപ്പെടുന്നു. *

നോഹയുടെ കാലം മുതൽ ഇന്നോളം, അത്തരക്കാരോടുള്ള ദൈവത്തിന്റെ വീക്ഷണത്തിനു മാറ്റം വന്നിട്ടില്ല. അക്രമ പ്രിയരെ യഹോവ ശ്ലാഘിക്കുകയോ അവരുടെ വീരകൃത്യങ്ങൾ അവനു ഹരം പകരുകയോ ചെയ്യുന്നില്ല. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “കർത്താവ്‌ നീതിമാനെയും ദുഷ്‌ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന്‌ വെറുക്കുന്നു.”—സങ്കീർത്തനം 11:5, പി.ഒ.സി ബൈബിൾ.

ഒരു വ്യത്യസ്‌ത തരം കരുത്ത്‌

അക്രമികൾ ആയിരുന്ന വീരപുരുഷന്മാരിൽ നിന്നു തികച്ചും വ്യത്യസ്‌തനാണ്‌ ജീവിച്ചിരുന്നിട്ടുള്ളവരിൽ അതിവിഖ്യാതനായ, സമാധാന സ്‌നേഹിയായ യേശുക്രിസ്‌തു. ഭൂമിയിൽ ആയിരിക്കെ അവൻ “ഒരു അതിക്രമവും ചെയ്‌തില്ല.” (യെശയ്യാവു 53:9, പി.ഒ.സി. ബൈബിൾ) അവനെ അറസ്റ്റു ചെയ്യാൻ ശത്രുക്കൾ ഗെത്ത്‌ശെമന തോട്ടത്തിൽ എത്തിയപ്പോൾ അവന്റെ ശിഷ്യന്മാരുടെ കൈവശം വാളുകൾ ഉണ്ടായിരുന്നു. (ലൂക്കൊസ്‌ 22:38, 47-51) യഹൂദന്മാരുടെ കയ്യിൽ അകപ്പെടുന്നതിൽ നിന്ന്‌ അവനെ സംരക്ഷിക്കുന്നതിന്‌ അവർക്കു പോരാടാൻ കഴിയുമായിരുന്നു.—യോഹന്നാൻ 18:36.

വാസ്‌തവത്തിൽ, യേശുവിന്റെ രക്ഷാർഥം പത്രൊസ്‌ അപ്പൊസ്‌തലൻ വാൾ ഊരിയതാണ്‌. പക്ഷേ യേശു അവനോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:51, 52) അതേ, അക്രമം കൊടിയ അക്രമത്തിനു തിരികൊളുത്തുന്നു, മനുഷ്യചരിത്രം അത്‌ ആവർത്തിച്ച്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ആയുധങ്ങൾകൊണ്ടു മാത്രമല്ല യേശുവിനു രക്ഷപ്പെടാൻ സാധിക്കുമായിരുന്നത്‌. തുടർന്ന്‌ അവൻ പത്രൊസിനോടു പറഞ്ഞു: “എന്റെ പിതാവിനോട്‌ ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?”—മത്തായി 26:53.

അക്രമത്തിനു മുതിരുകയോ ദൂത സംരക്ഷണം ആവശ്യപ്പെടുകയോ ചെയ്യാതെ കൊലയാളികളാൽ പിടിക്കപ്പെടാൻ യേശു അനുവദിച്ചു. കാരണം? ഭൂമിയിൽ നിന്നു ദുഷ്‌പ്രവൃത്തികൾ തുടച്ചുനീക്കാനുള്ള തന്റെ സ്വർഗീയ പിതാവിന്റെ സമയം വന്നെത്തിയിട്ടില്ല എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌, സ്വന്ത ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തുന്നതിനു പകരം അവൻ യഹോവയിൽ ആശ്രയിച്ചു.

അതു ബലഹീനതയുടെയല്ല മറിച്ച്‌, ശക്തമായ ഉൾക്കരുത്തിന്റെ ഒരു പ്രകടനമായിരുന്നു. യഹോവ തക്ക സമയത്ത്‌, തന്റേതായ വിധത്തിൽ കാര്യങ്ങൾ നേരെയാക്കും എന്നതിൽ യേശുവിനു ശക്തമായ വിശ്വാസമുണ്ടായിരുന്നു. അനുസരണം നിമിത്തം, യഹോവയ്‌ക്കു തൊട്ടടുത്ത സ്ഥാനത്തേക്ക്‌ യേശു ഉയർത്തപ്പെട്ടു. യേശുവിനെ കുറിച്ചു പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: ‘[അവൻ] തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ടു ദൈവവും അവനെ ഏററവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്‌കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്‌തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടിവരും.’—ഫിലിപ്പിയർ 2:8-11.

അക്രമം അവസാനിപ്പിക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനം

സത്യക്രിസ്‌ത്യാനികൾ തങ്ങളുടെ ജീവിതത്തിൽ യേശുവിന്റെ മാതൃകയും പഠിപ്പിക്കലുകളും പിൻപറ്റുന്നു. ലോകത്തിലെ അക്രമോത്സുകരായ കീർത്തിപ്പെട്ട പുരുഷന്മാരെ അവർ ശ്ലാഘിക്കുകയോ അനുകരിക്കുകയോ ചെയ്യുന്നില്ല. നോഹയുടെ നാളിൽ ദുഷ്‌പ്രവൃത്തിക്കാർ നശിപ്പിക്കപ്പെട്ടതു പോലെതന്നെ ദൈവത്തിന്റെ തക്ക സമയത്ത്‌ അത്തരക്കാർ എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടും എന്ന്‌ അവർക്ക്‌ അറിയാം.

ഭൂമിയെയും മനുഷ്യവർഗത്തെയും സൃഷ്ടിച്ചത്‌ ദൈവമാണ്‌. അവൻ ഉചിതമായും പരമാധികാരിയാണ്‌. (വെളിപ്പാടു 4:11) ഒരു മനുഷ്യ ന്യായാധിപനു നീതിന്യായ തീരുമാനങ്ങൾ നടപ്പിലാക്കാൻ അധികാരമുണ്ടെങ്കിൽ ദൈവത്തിന്‌ അതിലും കൂടുതൽ അധികാരമുണ്ട്‌. നീതിനിഷ്‌ഠമായ സ്വന്തം തത്ത്വങ്ങളോടുള്ള ആദരവും തന്നെ സ്‌നേഹിക്കുന്നവരോടുള്ള സ്‌നേഹവും ദുഷ്ടത പ്രവർത്തിക്കുന്നവരെ തുടച്ചുനീക്കിക്കൊണ്ടു ദുഷ്ടത ഇല്ലായ്‌മ ചെയ്യാൻ അവനെ പ്രേരിപ്പിക്കും.—മത്തായി 13:41, 42; ലൂക്കൊസ്‌ 17:26-30.

അങ്ങനെ നീതിയിലും ധർമത്തിലും അധിഷ്‌ഠിതമായ സമാധാനം ഭൂമിയിൽ നിത്യം കളിയാടും. യേശുക്രിസ്‌തുവിനെ കുറിച്ചുള്ള വിഖ്യാതമായ പ്രവചനത്തിൽ അതു മുൻകൂട്ടി പറഞ്ഞിരുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്‌കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്‌ണത അതിനെ നിവർത്തിക്കും.”—യെശയ്യാവു 9:6, 7.

ദീർഘകാലം മുമ്പു നിശ്വസ്‌തമാക്കപ്പെട്ട പിൻവരുന്ന ബുദ്ധിയുപദേശം ക്രിസ്‌ത്യാനികൾ പിൻപറ്റുന്നതു നല്ല കാരണത്തോടെയാണ്‌: “സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു. വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.”—സദൃശവാക്യങ്ങൾ 3:31, 32.

[അടിക്കുറിപ്പുകൾ]

^ ഖ. 17 മിക്ക വീഡിയോ ഗെയിമുകളും ശാസ്‌ത്ര കൽപ്പിതകഥയെ കുറിച്ചുള്ള ചലച്ചിത്രങ്ങളും അക്രമോത്സുകരായ അത്തരം മോശമായ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്‌.

[29-ാം പേജിലെ ആകർഷക വാക്യം]

ആധുനിക നാളിലെ പരാക്രമശാലികൾ തങ്ങളുടെ ബലവും അതിശക്തമായ വിധത്തിൽ പ്രത്യാക്രമണം നടത്താനുള്ള പ്രാപ്‌തിയും നിമിത്തം പ്രകീർത്തിക്കപ്പെടുന്നു

[26-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Alinari/Art Resource, NY