വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശ്വാസം—അത്‌ എത്രയോ ആവശ്യം!

ആശ്വാസം—അത്‌ എത്രയോ ആവശ്യം!

ആശ്വാസം—അത്‌ എത്രയോ ആവശ്യം!

“ഇതാ, മർദ്ദിതർ കണ്ണീരൊഴുക്കുന്നു, അവരെ ആശ്വസിപ്പിക്കാനാരുമില്ല! മർദ്ദിക്കുന്നരുടെ ഭാഗത്തു ശക്തിയുണ്ട്‌. അതുകൊണ്ട്‌ മർദ്ദിതരെ ആശ്വസിപ്പിക്കുന്നതിന്ന്‌ ആരുമില്ല.”—സഭാപ്രസംഗി 4:1, ഓശാന ബൈബിൾ.

നിങ്ങൾ ആശ്വാസത്തിനായി കേഴുകയാണോ? നിരാശയുടെ കരിമുകിൽ കീറിമുറിച്ച്‌ ഒരു ആശ്വാസകിരണം നിങ്ങളെ തലോടാൻ നിങ്ങൾ വാഞ്‌ഛിക്കുകയാണോ? കൊടിയ യാതനകളുടെയും കയ്‌പേറിയ അനുഭവങ്ങളുടെയും നീർച്ചുഴിയിൽനിന്നു രക്ഷപ്പെടുന്നതിന്‌ സാന്ത്വനത്തിന്റെ ഒരു കച്ചിത്തുരുമ്പിനായി നിങ്ങൾ പരതുകയാണോ?

ആശ്വാസവും പ്രോത്സാഹനവും ആവശ്യമായി വരുന്ന സന്ദർഭങ്ങൾ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടാകുന്നു. ജീവിതത്തെ ദുഃഖത്തിന്റെ കുണ്ടിലാഴ്‌ത്തുന്ന പല സംഗതികളും ഉണ്ടെന്നതാണ്‌ അതിനു കാരണം. പരിരക്ഷണവും ഊഷ്‌മളതയും അംഗീകാരവുമെല്ലാം നമുക്കേവർക്കും ആവശ്യമാണ്‌. നമ്മിൽ ചിലർ വാർധക്യത്തിന്റെ പടികൾ കയറുകയാണ്‌. അത്‌ അത്രകണ്ടു സന്തോഷകരമായ ഒരു സംഗതിയല്ല. പ്രതീക്ഷിച്ചതുപോലെ ജീവിതം വിജയപ്രദമാകാത്തതിൽ പലരും നിരാശരാണ്‌. ഇനിയും, വൈദ്യപരിശോധനയുടെ ഫലങ്ങൾ മറ്റു ചിലരെ പിടിച്ചുലയ്‌ക്കുന്നു.

നമ്മുടെ നാളുകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ഫലമായി ആശ്വാസവും പ്രത്യാശയും ആവശ്യമായിരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്‌. കഴിഞ്ഞ നൂറു വർഷത്തിൽ മാത്രമായി യുദ്ധം പത്തു കോടിയിലധികം ആളുകളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. * അവരിൽ മിക്കവരുടെയും ദുഃഖാർത്തരായ കുടുംബാംഗങ്ങൾ—അച്ഛനമ്മമാരും, സഹോദരീസഹോദരന്മാരും, വിധവകളും അനാഥരായ മക്കളും—ആശ്വാസത്തിനായി കേഴുന്നു. നൂറു കോടിയിലധികം ആളുകൾ ഇന്നു കൊടിയ ദാരിദ്ര്യത്തിലാണ്‌. ലോക ജനസംഖ്യയിൽ പകുതിയിലധികം പേർക്കു വൈദ്യ ചികിത്സയോ അത്യാവശ്യ മരുന്നുകളോ ലഭ്യമല്ല. മലിനീകൃതമായ വൻനഗരങ്ങളുടെ തെരുവുകളിൽ നിരാലംബരായ കുട്ടികൾ അലഞ്ഞു നടക്കുന്നതു പതിവു കാഴ്‌ചയാണ്‌. കോടിക്കണക്കിനു വരുന്ന ഈ കുട്ടികളിൽ പലരും മയക്കുമരുന്ന്‌ ഉപയോഗിക്കുകയും വ്യഭിചാരത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ശോചനീയമായ അഭയാർഥി ക്യാമ്പുകളിൽ കിടന്നു നരകിക്കുന്ന കോടിക്കണക്കിന്‌ അഭയാർഥികളുടെ കാര്യം ഒട്ടു പറയുകയും വേണ്ട.

യുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണം നമ്മെ ഞെട്ടിപ്പിക്കുന്നു. എന്നാൽ, വ്യക്തി ജീവിതത്തിൽ വേദനയും യാതനയും അനുഭവിക്കുന്നവരെ കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. ഉദാഹരണത്തിന്‌, ദാരിദ്ര്യത്തിന്റെ മടിയിലേക്കു പിറന്നുവീണ, ബാൾക്കൻ രാജ്യത്തു നിന്നുള്ള സ്‌വെറ്റ്‌ലാന എന്ന യുവതിയുടെ കാര്യമെടുക്കാം. * അവൾ പറയുന്നതു കേൾക്കൂ: “പണം ഉണ്ടാക്കാൻ വേണ്ടി അച്ഛനും അമ്മയും എന്നെ ജോലിക്കയച്ചു. കുടുംബ ജീവിതമാണെങ്കിൽ ആകെ അധഃപതിച്ച അവസ്ഥയിലായിരുന്നു. എന്റെയൊരു അടുത്ത ബന്ധു എന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഒരു റസ്റ്ററന്റിൽ വെയിട്രസായി എനിക്കു ജോലി കിട്ടി. കിട്ടുന്ന പണം മുഴുവൻ അമ്മയെ ഏൽപ്പിക്കണമായിരുന്നു. എന്റെ തൊഴിലെങ്ങാനും നഷ്ടപ്പെട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്ന്‌ അമ്മ എന്നോടു പറയുമായിരുന്നു. ഇതെല്ലാം എന്നെ നയിച്ചതോ, വേശ്യാവൃത്തിയിലേക്കും. എനിക്കു വെറും 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ ഞാൻ ഗർഭിണിയായി, ഗർഭച്ഛിദ്രവും നടത്തി. 15 വയസ്സുള്ളപ്പോൾ എനിക്കു 30 വയസ്സു തോന്നിച്ചിരുന്നു.”

ലാത്വിയയിൽ നിന്നുള്ള ലൈമാനിസ്‌ എന്ന യുവാവിന്റെ ദുരന്തകഥ പരിചിന്തിക്കാം. 29 വയസ്സുള്ളപ്പോൾ ഒരു കാറപകടത്തിൽപ്പെട്ട്‌ അവന്റെ അരയ്‌ക്കു താഴേക്കു തളർന്നുപോയി. നിരാശയുടെ പിടിയിലമർന്ന അവൻ മദ്യത്തിൽ അഭയം തേടി. അഞ്ചു വർഷത്തിനു ശേഷം, മദ്യാസക്തനും തളർവാത രോഗിയും എന്ന നിലയിൽ അവന്റെ ജീവിതം ആകെ തകർന്നു. അവന്‌ എവിടെ ആശ്വാസം കണ്ടെത്താനാകും?

ഇനി, ആഞ്ചിയുടെ കാര്യമെടുക്കുക. അവളുടെ ഭർത്താവ്‌ മൂന്നു തവണ മസ്‌തിഷ്‌ക ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. തന്നിമിത്തം അദ്ദേഹത്തിന്റെ ഒരു വശം തളർന്നുപോയി. അവസാന ശസ്‌ത്രക്രിയ നടത്തി അഞ്ചു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ഗുരുതരമായ ഒരു അപകടത്തിൽപ്പെട്ടു. തത്‌ഫലമായി അദ്ദേഹത്തിന്റെ ജീവൻ പോലും നഷ്ടപ്പെടുമെന്ന നിലയിലെത്തി. വിവരമറിഞ്ഞ്‌ അടിയന്തിര വിഭാഗത്തിൽ ഓടിയെത്തിയ ആഞ്ചി കണ്ടത്‌ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ്‌ അബോധാവസ്ഥയിൽ കിടക്കുന്ന ഭർത്താവിനെയാണ്‌. ഇനിയങ്ങോട്ട്‌ തന്റെയും കുടുംബത്തിന്റെയും സ്ഥിതി ശോചനീയമായിരിക്കും എന്ന്‌ അവൾക്കു ബോധ്യമായി. പിന്തുണയ്‌ക്കും പോത്സാഹനത്തിനുമായി അവൾ എങ്ങോട്ടു തിരിയും?

പാറ്റിന്റെ സ്ഥിതിയും ഏതാണ്ട്‌ അതുപോലൊക്കെ തന്നെ. വർഷങ്ങൾക്കു മുമ്പുള്ള ആ ശൈത്യകാലം ആരംഭിച്ചപ്പോൾ അതിന്‌ എന്തെങ്കിലുമൊരു പ്രത്യേകതയുള്ളതായി അവൾക്കു തോന്നിയില്ല. എന്നാൽ, തുടർന്നുവന്ന മൂന്നു ദിവസം എന്തൊക്കെയാണു സംഭവിച്ചതെന്ന്‌ അവൾക്കു തെല്ലും ഓർമയില്ല. കടുത്ത നെഞ്ചുവേദനയെ തുടർന്ന്‌ അവൾക്കു ഹൃദയസ്‌തംഭനം ഉണ്ടായ കാര്യം പിന്നീട്‌ ഭർത്താവ്‌ അവളോടു പറഞ്ഞു. താളം തെറ്റി, ദ്രുതഗതിയിൽ മിടിച്ച ഹൃദയം ഒടുവിൽ നിശ്ചലമായി. അവളുടെ ശ്വാസവും നിലച്ചു. “വാസ്‌തവത്തിൽ, ഞാൻ മരിച്ചതായി പ്രഥമദൃഷ്ട്യാ ഡോക്ടർമാർ പ്രഖ്യാപിച്ചു” പാറ്റ്‌ പറയുന്നു. എങ്കിലും മരണത്തിന്റെ വായിൽനിന്ന്‌ അവൾ എങ്ങനെയോ രക്ഷപ്പെട്ടു. ദീർഘനാൾ ആശുപത്രിയിൽ കിടന്നതിനെ കുറിച്ച്‌ അവൾ പറയുന്നു: “പല പരിശോധനകളും നടത്തി. അതെന്നെ ഭയപ്പെടുത്തി. പ്രത്യേകിച്ചും, ആദ്യം എനിക്ക്‌ അനുഭവപ്പെട്ടതു പോലെ, എന്റെ ഹൃദയമിടിപ്പു ദ്രുതഗതിയിലാക്കുകയും പെട്ടെന്നു നിർത്തിക്കളയുകയും ചെയ്‌തത്‌.” ഈ ദുർഘട സമയത്ത്‌ അവർക്ക്‌ എവിടെനിന്ന്‌ ആശ്വാസവും സഹായവും ലഭിക്കും?

ജോയ്‌ക്കും റിബേക്കയ്‌ക്കും 19 വയസ്സുള്ള മകനെ വാഹന അപകടത്തിൽ നഷ്ടമായി. “ഞങ്ങളെ ഇത്രമാത്രം പിടിച്ചുലച്ച മറ്റൊരു സംഗതിയും ഉണ്ടായിട്ടില്ല,” അവർ പറയുന്നു: “പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവരുമായി ഞങ്ങൾ ദുഃഖം പങ്കിട്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു കൊടിയ ഹൃദയവേദന ഞങ്ങൾക്ക്‌ ഒരിക്കലും ഉണ്ടായിട്ടില്ല.” ജീവനു തുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെടുമ്പോഴത്തെ അത്തരം “കൊടിയ ഹൃദയവേദന”യെ ശമിപ്പിക്കാൻ എന്തിനു കഴിയും?

ഈ വ്യക്തികളും വേറെ കോടിക്കണക്കിന്‌ ആളുകളും ആശ്വാസത്തിന്റെയും പ്രത്യാശയുടെയും വലിയ ഉറവിടം കണ്ടെത്തിയിരിക്കുന്നു. അതിൽ നിന്നു നിങ്ങൾക്കും എങ്ങനെ പ്രയോജനം നേടാം എന്നറിയാൻ തുടർന്നു വരുന്ന ലേഖനം വായിക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 5 യുദ്ധത്തിൽ മരിച്ച സൈനികരുടെയും സൈനികേതരരുടെയും എണ്ണം കൃത്യമായി അറിഞ്ഞുകൂടാ. ദൃഷ്ടാന്തത്തിന്‌, 1998-ൽ പ്രസിദ്ധീകരിക്കപ്പെട്ട അമേരിക്കയിലെ യുദ്ധങ്ങൾ സംബന്ധിച്ച സത്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ചു മാത്രമായി ഇങ്ങനെ പറയുന്നു: “രണ്ടാം ലോകമഹായുദ്ധത്തിൽ മൃതിയടഞ്ഞവരുടെ (സൈനികരും സൈനികേതരരും ഉൾപ്പെടെ) മൊത്തം എണ്ണം അഞ്ചു കോടി ആണെന്നു പല ഉറവിടങ്ങളും പറയുന്നുണ്ട്‌. എന്നാൽ, അതേക്കുറിച്ചു ഗഹനമായി പഠിച്ച പലരും പറയുന്നത്‌ യഥാർഥ സംഖ്യ അതിലും വളരെ കൂടുതൽ—അതിന്റെ ഇരട്ടി—ആണെന്നാണ്‌.”

^ ഖ. 6 യഥാർഥ പേരല്ല.

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

UNITED NATIONS/PHOTO BY J. K. ISAAC

UN PHOTO 146150 BY O. MONSEN