വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈജിയൻ കടലിൽ മനുഷ്യർക്കായി വല വീശുന്നു

ഈജിയൻ കടലിൽ മനുഷ്യർക്കായി വല വീശുന്നു

ഈജിയൻ കടലിൽ മനുഷ്യർക്കായി വല വീശുന്നു

കിഴക്ക്‌ ടർക്കിയും തെക്ക്‌ ക്രീറ്റ്‌ ദ്വീപും വടക്കും പടിഞ്ഞാറും ഗ്രീസും അതിരായുള്ള ഈജിയൻ കടൽ, കിഴക്കൻ മെഡിറ്ററേനിയന്റെ ഒരു വലിയ ഭാഗത്തോളം വരും. മുൻകാലങ്ങളിലെ ചില വൻ നാഗരികതകളുടെ പിള്ളത്തൊട്ടിലായ ഈജിയൻ കടലിൽ അങ്ങിങ്ങായി അനേകം ദ്വീപുകളും തുരുത്തുകളും കാണാവുന്നതാണ്‌. ദ്വീപുകളുടെ ബാഹ്യാകൃതിയും അവിടവിടെയായി സൂര്യപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന വെള്ളനിറത്തിലുള്ള അവയിലെ കൊച്ചു വീടുകളും “കാടുപിടിച്ചു വളർന്ന കുഞ്ചിരോമങ്ങളുള്ള കൽക്കുതിരകൾ” എന്ന വിശേഷണം ആ ദ്വീപുകൾക്കു നൽകാൻ ഒരു കവിയെ പ്രേരിപ്പിച്ചു.

ഈ ദ്വീപുകൾ ലോകത്തിലെ അതിവിഖ്യാതമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയതിൽ അത്ഭുതപ്പെടാനില്ല! വിശിഷ്ടമായ സ്വഭാവഗുണങ്ങളുള്ള അവിടത്തെ ആളുകൾ ആ ദ്വീപുകളുടെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. പ്രായോഗികമായി ചിന്തിക്കുന്നവരും അതിഥിപ്രിയരും സ്വാശ്രയശീലരുമാണ്‌ അവർ.

ഈജിയൻ കടലിൽനിന്ന്‌ മീൻ പിടിച്ചാണ്‌ ദ്വീപവാസികളിൽ പലരും അഷ്ടിക്കു വകയുണ്ടാക്കുന്നത്‌. എന്നിരുന്നാലും പ്രധാനപ്പെട്ട മറ്റൊരു തരം ‘മീൻപിടിത്തം’ വൻതോതിൽ അവിടെ നടക്കുന്നുണ്ട്‌. ‘മനുഷ്യരെ പിടിക്കുന്നവർ’ അതായത്‌, ദൈവരാജ്യ സുവാർത്തയുടെ ഘോഷകർ ഈജിയൻ ദ്വീപുകളിൽ ഉടനീളം ക്രിസ്‌തീയ ശിഷ്യരെ ഉളവാക്കുന്നു.—മത്തായി 4:18, 19; ലൂക്കൊസ്‌ 5:10.

ഏതാണ്ട്‌ 19 നൂറ്റാണ്ടുകൾക്കു മുമ്പ്‌ ക്രിസ്‌തീയ സുവിശേഷകർ ഈജിയൻ ദ്വീപുകൾ സന്ദർശിച്ചിരുന്നു. പൊ.യു. 56-ഓടെ അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ മൂന്നാമത്തെ മിഷനറി യാത്ര കഴിഞ്ഞു മടങ്ങവെ ലെസ്‌ബോസ്‌, ഖിയൊസ്‌, സാമൊസ്‌, കോസ്‌, രൊദൊസ്‌ എന്നീ ദ്വീപുകളിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയുണ്ടായി. എന്നും തീക്ഷ്‌ണതയുള്ള ഒരു പ്രസംഗകനായിരുന്ന പൗലൊസ്‌ ദ്വീപവാസികളിൽ ചിലരോടു സുവാർത്ത പ്രസംഗിച്ചിരിക്കണം. (പ്രവൃത്തികൾ 20:14, 15, 24; 21:1, 2) മിക്കവാറും, റോമിലെ രണ്ടു വർഷത്തെ തടവിനുശേഷം അവൻ ക്രീറ്റ്‌ സന്ദർശിച്ച്‌ അവിടെ ക്രിസ്‌തീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടാകണം. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട്‌ അടുത്ത്‌ അപ്പൊസ്‌തലനായ യോഹന്നാൻ “ദൈവത്തെ കുറിച്ച്‌ സംസാരിച്ചതിനും യേശുവിനു സാക്ഷ്യം വഹിച്ചതിനും” പത്മൊസ്‌ ദ്വീപിലേക്കു നാടുകടത്തപ്പെട്ടിരുന്നു. (വെളിപ്പാടു 1:9, NW) സുവാർത്തയുടെ ആധുനികകാല ഘോഷകർ ഈ ദ്വീപുകളിൽ എങ്ങനെയുള്ള പ്രവർത്തനമാണു കാഴ്‌ചവെക്കുന്നത്‌?

ഫലദായകമായ സുവാർത്താ പ്രചാരണ പരിപാടികൾ

ഈ ദ്വീപസമൂഹത്തിൽ സുവാർത്ത പ്രസംഗിക്കുക എന്നത്‌ വെല്ലുവിളി നിറഞ്ഞതും ദുഷ്‌കരവുമാണ്‌. അതിന്‌ വലിയ ശ്രമവും ആത്മത്യാഗപരമായ മനോഭാവവും ആവശ്യമാണ്‌. ചില ദ്വീപുകൾ തമ്മിൽ വളരെ ദൂരമുണ്ട്‌. അവയിൽ ചിലതിലേക്ക്‌ വായുമാർഗമോ കടൽമാർഗമോ എത്തിപ്പെടാനുള്ള യാത്രാ സൗകര്യങ്ങൾ ഇടയ്‌ക്കും മുറയ്‌ക്കുമേ ഉള്ളൂ. മറ്റു ചിലതിലേക്കാണെങ്കിൽ അത്തരം യാത്രാ സൗകര്യങ്ങൾ ഒട്ടും ഇല്ലതാനും. ശൈത്യകാലങ്ങളിലാണ്‌ വിശേഷിച്ചും ഈ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌. കടൽ പ്രക്ഷുബ്‌ധമാകാറുണ്ട്‌, പ്രത്യേകിച്ചും മെൽറ്റെമ്യ അഥവാ ശക്തമായ വടക്കൻ കാലിക വാതങ്ങളുടെ സമയത്ത്‌. കൂടാതെ, ടാറിടാത്ത, പൊടിപാറുന്ന, റോഡുകളിലൂടെയുള്ള യാത്ര ദുർഘടമായതിനാൽ പല ദ്വീപുകളിലെയും ഗ്രാമങ്ങളിൽ എത്തിപ്പെടുക ബുദ്ധിമുട്ടാണ്‌. അതുകൊണ്ടുതന്നെ അവ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണ്‌. ചില ഗ്രാമങ്ങളിൽ എത്താൻ ബോട്ടുകളിൽത്തന്നെ പോകേണ്ടിവരും.

ഇക്കാറിയാ ദ്വീപിന്റെ കാര്യംതന്നെയെടുക്കാം. അവിടെയുള്ള കൊച്ചു സഭയിലെ 11 രാജ്യസുവാർത്താ ഘോഷകർക്ക്‌ ആ ദ്വീപിലും അടുത്തുള്ള തുരുത്തുകളിലും ഉള്ള ഗ്രാമങ്ങൾ മുഴുവൻ പ്രവർത്തിച്ചു തീർക്കാൻ കഴിയുന്നില്ല. അതുകൊണ്ട്‌ ഇക്കാറിയായിലെയും ഫുർനിയിലെയും പത്മൊസിലെയും ലിപ്‌സോസിലെയും ജനങ്ങളോടു സുവാർത്ത അറിയിക്കുന്നതിൽ സഹായിക്കാൻ സാമോസിൽനിന്ന്‌ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ അവിടേക്കു ചെല്ലാറുണ്ട്‌. അടുത്തയിടെ, രണ്ടു ദിവസത്തെ അത്തരമൊരു പ്രചാരണ പരിപാടിയിൽ ബൈബിൾ വിഷയങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന 650 മാസികകളും 99 ലഘുപത്രികകളും 25 പുസ്‌തകങ്ങളും സമർപ്പിക്കാൻ സാക്ഷികൾക്കു സാധിച്ചു! സാക്ഷികളോട്‌ അവിടെനിന്നു പോകരുതെന്നും ബൈബിളിൽനിന്ന്‌ ഇനിയും കൂടുതൽ കാര്യങ്ങൾ തങ്ങളെ പഠിപ്പിക്കണമെന്നും അപേക്ഷിക്കുന്ന ആളുകളെ കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി. യഹോവയെ കുറിച്ച്‌ അവർ കേട്ടിട്ടുപോലും ഇല്ലായിരുന്നു! ഒരു സ്‌ത്രീ സാക്ഷികളിൽ ഒരാളോട്‌ ഇങ്ങനെ പറഞ്ഞു: “ശരി, പൊയ്‌ക്കൊള്ളൂ. എന്നാൽ ബൈബിളിനെ കുറിച്ച്‌ എനിക്ക്‌ ഇനിയും പല കാര്യങ്ങളും അറിയാനുണ്ട്‌. എന്നെ ആർ സഹായിക്കും?” അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഫോണിലൂടെ നൽകാമെന്ന്‌ സഹോദരി വാക്കുകൊടുത്തു. അങ്ങനെ ആ സഹോദരി ഫോണിലൂടെ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു.

ഒരു സഞ്ചാര മേൽവിചാരകൻ, ഇക്കാറിയാ ദ്വീപിലെ തന്റെ സന്ദർശനത്തോട്‌ അനുബന്ധിച്ച്‌ ഒരൊറ്റ വാരാന്തംകൊണ്ട്‌ മുഴു ദ്വീപും പ്രവർത്തിച്ചു തീർക്കാൻ വേണ്ട ക്രമീകരണം ചെയ്‌തു. അതിനായി അദ്ദേഹം സാമോസിൽനിന്ന്‌ 30-ഓളം രാജ്യപ്രസാധകരുടെ സഹായം തേടി. ക്ഷണം സ്വീകരിച്ച്‌ വന്നെത്തുന്ന സഹോദരങ്ങൾ രണ്ടു രാത്രി ഹോട്ടലിൽ തങ്ങാനുള്ള ചെലവും കാറിന്റെയും ജീപ്പിന്റെയും വാടകയും സ്വന്തമായി വഹിക്കേണ്ടതുണ്ടായിരുന്നു. രണ്ടു ദിവസം തോരാതെ മഴ പെയ്‌തിരുന്നു, മാത്രമല്ല, വാരാന്തത്തിൽ കാലാവസ്ഥ മോശമായിരിക്കും എന്നായിരുന്നു മുന്നറിയിപ്പ്‌. എന്നാൽ സഹോദരങ്ങൾ, സഭാപ്രസംഗി 11:4-ലെ “കാററിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്‌കയുമില്ല” എന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു. ഒടുവിൽ കാലാവസ്ഥ അൽപ്പം മെച്ചപ്പെട്ടു. തങ്ങൾക്കു പറയാനുള്ള സുപ്രധാന സന്ദേശം മുഴു ദ്വീപിലും അറിയിച്ചു കഴിഞ്ഞപ്പോൾ അവർ സന്തോഷത്തോടും സംതൃപ്‌തിയോടും കൂടെ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.

ആൻഡ്രോസ്‌ ദ്വീപിൽ താമസിക്കുന്ന 16 പ്രസാധകർ മുഴു ദ്വീപും പ്രവർത്തിച്ചുതീർക്കാൻ കഠിനമായി ശ്രമിച്ചിരിക്കുന്നു. രണ്ടു സഹോദരന്മാർ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ എത്തിയപ്പോൾ മുഴു ഗ്രാമവാസികളോടും സുവാർത്ത അറിയിക്കാൻ അവർ ദൃഢനിശ്ചയം ചെയ്‌തു. തെരുവുകളിലും വീടുകളിലും വയലുകളിലും വെച്ച്‌ അവർ ആളുകളോടു സംസാരിച്ചു. സ്ഥലത്തെ പോലീസ്‌ സ്റ്റേഷൻ പോലും സന്ദർശിച്ച്‌ അവർ സാഹിത്യങ്ങൾ നൽകി. ആ ഗ്രാമത്തിലെ എല്ലാവരുമായും സംസാരിച്ചുവെന്ന പൂർണ വിശ്വാസത്തിൽ അവർ പോകാൻ ഒരുങ്ങുകയായിരുന്നു. ഗ്രാമമധ്യത്തിലെ കവലയിൽനിന്നു പോകാൻ തുടങ്ങവെ ഒരു ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പുരോഹിതൻ എതിരെ വരുന്നത്‌ അവർ കണ്ടു. അദ്ദേഹത്തോടു സുവാർത്ത പറഞ്ഞിട്ടില്ലെന്നു മനസ്സിലാക്കിയ അവർ അദ്ദേഹത്തിന്‌ ഒരു ലഘുലേഖ നൽകി. അദ്ദേഹം അത്‌ സന്തോഷപൂർവം സ്വീകരിക്കുകയും ചെയ്‌തു. എല്ലാവരെയും സുവാർത്ത അറിയിച്ചുവെന്ന്‌ ഇപ്പോൾ അവർക്ക്‌ ശരിക്കും ഉറപ്പായി!

ക്രീറ്റിന്റെ തെക്കായി സ്ഥിതി ചെയ്യുന്ന, വെറും 38 നിവാസികൾ ഉള്ള ഗാവ്‌ഡോസ്‌ (അഥവാ ക്ലൌദ) തുരുത്ത്‌ യൂറോപ്പിന്റെ തെക്കേ അറ്റമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ്‌. (പ്രവൃത്തികൾ 27:16) ഒരു സഞ്ചാര മേൽവിചാരകനും അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു ദമ്പതികളോടൊപ്പം അവിടെ മൂന്നു ദിവസം സുവാർത്ത പ്രസംഗിച്ചു. ചെലവു ചുരുക്കാൻ അവർ ഒരു കൂടാരത്തിലാണ്‌ അന്തിയുറങ്ങിയത്‌. അവിടത്തുകാരോടെല്ലാം അവർ സുവാർത്ത അറിയിച്ചു. അവിടെയുള്ള ആളുകൾ മുൻവിധിയില്ലാത്തവരാണ്‌ എന്നത്‌ സഹോദരങ്ങളെ സന്തോഷിപ്പിച്ചു. യഹോവയുടെ സാക്ഷികളെ കുറിച്ച്‌ അവർ കേട്ടിട്ടേ ഇല്ലായിരുന്നു. ഒരു പുരോഹിതൻ ഉൾപ്പെടെയുള്ള അവിടത്തുകാർക്ക്‌ 19 പുസ്‌തകങ്ങളും 13 ലഘുപത്രികകളും സമർപ്പിക്കുകയുണ്ടായി. സാക്ഷികൾ ഒരു കൊച്ചു ബോട്ടിൽ ക്രീറ്റിലേക്കു മടങ്ങവെ കടൽ പ്രക്ഷുബ്‌ധമായി, ജീവൻ അപകടത്തിലാകുമെന്ന അവസ്ഥയായിരുന്നു. “ജീവനോടെ തിരിച്ചെത്താൻ കഴിഞ്ഞതിന്‌ ഞങ്ങൾ യഹോവയ്‌ക്കു നന്ദി പറഞ്ഞു. യൂറോപ്പിന്റെ ഏറ്റവും തെക്കുള്ള ആ ഭാഗത്ത്‌ അവന്റെ നാമം പ്രഖ്യാപിക്കാൻ അനുവദിച്ചതിന്‌ ഞങ്ങൾ അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്‌തു,” അവർ പറഞ്ഞു.

പത്മൊസ്‌ ദ്വീപിൽ വെച്ചാണ്‌ അപ്പൊസ്‌തലനായ യോഹന്നാൻ ബൈബിളിലെ അവസാന പുസ്‌തകമായ വെളിപ്പാട്‌ എഴുതിയത്‌. ഈ അടുത്ത കാലംവരെ പത്മൊസിൽ യഹോവയുടെ സാക്ഷികളായി ആരുമുണ്ടായിരുന്നില്ല. സാമോസിൽ നിന്നുള്ള സഹോദരങ്ങൾ ശ്രദ്ധാപൂർവം ആ ദ്വീപിൽ ഒരു സുവാർത്ത പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ദ്വീപിൽ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയ്‌ക്കു നല്ല പിടിയുണ്ടായിരുന്നതുകൊണ്ട്‌ അവിടെ കടുത്ത എതിർപ്പുണ്ടാകുമെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. രണ്ടു സഹോദരിമാർ ഒരു സ്‌ത്രീയോട്‌ സുവാർത്ത പറയുകയായിരുന്നു. ആ സ്‌ത്രീ സഹോദരിമാരെ അകത്തേക്കു ക്ഷണിച്ചു. അവരെ തങ്ങളുടെ വീട്ടിലേക്ക്‌ അയച്ചത്‌ ആരാണെന്നു സ്‌ത്രീയുടെ ഭർത്താവ്‌ സഹോദരിമാരോട്‌ എടുത്തെടുത്തു ചോദിച്ചു. തങ്ങൾ എല്ലാ ഭവനങ്ങളും സന്ദർശിക്കുന്ന കൂട്ടത്തിൽ അവിടെയും കയറിയതാണെന്ന്‌ വിശദമാക്കിയപ്പോൾ അയാൾ വീണ്ടും ചോദിച്ചു: “അപ്പോൾ, ഞങ്ങളുടെ വീടിനടുത്തുള്ളവർ ആരുമല്ലേ നിങ്ങളെ ഇങ്ങോട്ടു പറഞ്ഞുവിട്ടത്‌?” എന്തുകൊണ്ടായിരുന്നു അയാൾ അങ്ങനെ ചോദിച്ചത്‌? സയറിൽ താമസിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക്‌ യഹോവയുടെ സാക്ഷികളെ കുറിച്ച്‌ അറിയാമായിരുന്നു. സഹോദരിമാർ സന്ദർശിച്ച ദിവസം രാവിലെ സംഭവിച്ചത്‌ എന്താണെന്ന്‌ അവർ പിന്നീടു വിവരിക്കുകയുണ്ടായി: “എല്ലാ ദിവസത്തെയും പോലെ അന്നും ഞാൻ യഹോവയോട്‌ അപേക്ഷിച്ചു, സാക്ഷികളെ ഈ ദ്വീപിലേക്ക്‌ അയയ്‌ക്കണമേ എന്ന്‌. ഭർത്താവ്‌ എന്നെ കളിയാക്കി. വാതിൽക്കൽ നിങ്ങളെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി, എന്റെ ഭർത്താവും. അതുകൊണ്ടാണ്‌ നിങ്ങളെ ഞങ്ങളുടെ അടുത്തേക്ക്‌ അയച്ചത്‌ ആരാണെന്ന്‌ അദ്ദേഹം വീണ്ടും വീണ്ടും ചോദിച്ചത്‌.” ആ സ്‌ത്രീയുമായി ഉടനടി ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. പത്തു മാസം നീണ്ടുനിന്ന അധ്യയനം നടത്തപ്പെട്ടത്‌ ടെലിഫോണിലൂടെ ആയിരുന്നു. അധ്യയനം എടുത്ത സഹോദരിക്കും താത്‌പര്യം കാണിച്ച സ്‌ത്രീക്കും അതിനായി ധാരാളം പണം ചെലവായെങ്കിലും അവർ അധ്യയനം നിറുത്തിയില്ല. ആ സ്‌ത്രീ ഇപ്പോൾ സ്‌നാപനമേറ്റിരിക്കുന്നു. 1,900 വർഷങ്ങൾക്കു മുമ്പ്‌ അപ്പൊസ്‌തലനായ യോഹന്നാനെ ഒറ്റയ്‌ക്കു മാറ്റിപ്പാർപ്പിച്ച ആ ദ്വീപിൽ ഇന്ന്‌ യഹോവയുടെ സാക്ഷിയായി ആകെയുള്ളത്‌ അവരാണ്‌.

തുറമുഖങ്ങളിൽ ‘മീൻപിടിക്കുന്നു’

വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ഉല്ലാസക്കപ്പലുകൾ എല്ലാ വേനൽക്കാലങ്ങളിലും ഈജിയൻ ദ്വീപുകളുടെ തുറമുഖങ്ങളിൽ എത്താറുണ്ട്‌. അങ്ങനെ, പല രാഷ്‌ട്രക്കാരും ഭാഷക്കാരുമായ ആളുകളോടു സുവാർത്ത അറിയിക്കാനുള്ള ഒരു അതുല്യ അവസരം യഹോവയുടെ സാക്ഷികൾക്കു ലഭിക്കുന്നു. സഭകൾ വ്യത്യസ്‌ത ഭാഷകളിലുള്ള അനേകം ബൈബിൾ സാഹിത്യങ്ങൾ സ്റ്റോക്കു ചെയ്യുന്നു. ആയിരക്കണക്കിനു മാസികകളാണു പ്രസാധകർ വിനോദസഞ്ചാരികൾക്കു സമർപ്പിക്കുന്നത്‌. ഒരേ തുറമുഖങ്ങൾതന്നെ എല്ലാ ആഴ്‌ചയും സന്ദർശിക്കുന്ന ചില ഉല്ലാസക്കപ്പലുകൾ ഉണ്ട്‌. അതുമൂലം കപ്പലുകളിലെ ജീവനക്കാർക്ക്‌ മടക്ക സന്ദർശനങ്ങളും എന്തിന്‌, ബൈബിൾ അധ്യയനങ്ങൾ പോലും നടത്താൻ സഹോദരങ്ങൾക്ക്‌ അവസരം ലഭിക്കുന്നു.

1996-ലെ വേനൽക്കാലത്ത്‌ രൊദൊസിലെ ഒരു മുഴുസമയ ശുശ്രൂഷക, വെള്ളിയാഴ്‌ചതോറും ആ തുറമുഖത്ത്‌ എത്താറുണ്ടായിരുന്ന ഒരു ഉല്ലാസക്കപ്പലിലെ ജീവനക്കാരനായ ഒരു ജമെയ്‌ക്കൻ യുവാവിനോടു സാക്ഷീകരിച്ചു. പിറ്റേ വെള്ളിയാഴ്‌ച, ആ ദ്വീപിൽ ആരംഭിക്കാനിരുന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കാൻ സഹോദരി അയാളെ ക്ഷണിച്ചു. ഇംഗ്ലീഷ്‌ ബൈബിൾ ഉപയോഗിച്ച്‌, പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട ചില ബൈബിൾ സത്യങ്ങൾ മനസ്സിലാക്കാൻ പയനിയർ സഹോദരി അയാളെ സഹായിച്ചു. കൺവെൻഷനു കൂടിവന്ന സാക്ഷികളുടെ സ്‌നേഹവും ഊഷ്‌മളതയും ആ യുവാവിനെ വളരെ ആകർഷിച്ചു. പിറ്റേ വെള്ളിയാഴ്‌ച തന്റെ കപ്പലിലേക്കു വരാൻ അദ്ദേഹം രണ്ടു പയനിയർമാരെ ക്ഷണിച്ചു. പയനിയർമാർ ഇംഗ്ലീഷിലും സ്‌പാനിഷിലുമുള്ള സാഹിത്യങ്ങൾ കരുതിയിരുന്നു. ഒരു മണിക്കൂറിൽ കുറഞ്ഞ സമയംകൊണ്ട്‌ ആ സാഹിത്യങ്ങൾ എല്ലാം സമർപ്പിക്കപ്പെട്ടു! ആ ജമെയ്‌ക്കൻ യുവാവ്‌ വേനൽ അവസാനിക്കുന്നതുവരെ എല്ലാ വെള്ളിയാഴ്‌ചയും ബൈബിൾ പഠിച്ചു. പിറ്റേ വേനലിൽ അയാൾ തിരിച്ചുവന്നു, അധ്യയനം പുനഃരാരംഭിക്കാനുള്ള തയ്യാറെടുപ്പോടെ. എങ്കിലും ഇപ്രാവശ്യം ആത്മീയമായി പുരോഗമിക്കാൻ കഴിയേണ്ടതിന്‌ മറ്റൊരു ജോലി നോക്കാൻ അയാൾ തീരുമാനിച്ചു. വീണ്ടും അദ്ദേഹം തിരിച്ചുപോയി. 1998-ന്റെ ആരംഭത്തിൽ ഈ യുവാവ്‌ സ്‌നാപനമേറ്റതായി അറിഞ്ഞപ്പോൾ രൊദൊസിലെ സഹോദരങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല!

ദേശാന്തരഗമനം നടത്തുന്ന ‘മീനു’കളെ പിടിക്കുന്നു

ഈജിയൻ കടൽ ദേശാടന മത്സ്യങ്ങൾക്കു പേരുകേട്ടതാണ്‌. മറ്റിടങ്ങളിൽനിന്നു വന്നെത്തുന്ന മത്തി, വാൾമീൻ തുടങ്ങിയ മത്സ്യങ്ങൾ ഇവിടത്തെ വിദഗ്‌ധരായ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങുന്നു. സമാനമായി, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നു ഗ്രീസിലേക്കു കുടിയേറിയ ജോലിക്കാർക്കിടയിൽ സുവാർത്താ സന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുന്ന അനേകരെ രാജ്യസുവിശേഷകർ കണ്ടെത്തുന്നു.

വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും താളുകളിൽ യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ ആദ്യമായി വായിക്കുമ്പോൾ റെസിക്ക്‌ പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അൽബേനിയയിലാണ്‌ അവൾ അന്നു താമസിച്ചിരുന്നത്‌. മൂന്നു വർഷത്തിനു ശേഷം അവളുടെ കുടുംബം രൊദൊസ്‌ ദ്വീപിൽ താമസമാക്കി. ഒരു ദിവസം, തന്റെ പുതിയ താമസസ്ഥലത്ത്‌ യഹോവയുടെ ജനത്തെ കണ്ടെത്താൻ സഹായിക്കണമേയെന്ന്‌ റെസി യഹോവയോടു പ്രാർഥിച്ചു. പിറ്റേന്ന്‌ അവളുടെ പിതാവ്‌ വീട്ടിലേക്കു വന്നത്‌ അവൾക്കു സുപരിചിതമായിരുന്ന ആ മാസികകളുമായാണ്‌—വീക്ഷാഗോപുരവും ഉണരുക!യുമായി. റെസിയുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. തന്റെ പിതാവിന്‌ മാസികകൾ നൽകിയ സഹോദരിയുമായി റെസി ബന്ധപ്പെട്ടു. താമസിയാതെ, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം ഉപയോഗിച്ച്‌ സഹോദരി അവളെ ബൈബിൾ പഠിപ്പിക്കാൻ ആരംഭിച്ചു. ചില അവസരങ്ങളിൽ, ദിവസത്തിൽ മൂന്നു തവണ അധ്യയനം നടത്താൻ പോലും അവൾ ആവശ്യപ്പെടുകയുണ്ടായി! രണ്ടു മാസത്തിനു ശേഷം അവൾ സ്‌നാപനമേൽക്കാത്ത പ്രസാധികയായി. 1998 മാർച്ചിൽ, 14-ാമത്തെ വയസ്സിൽ അവൾ സ്‌നാപനമേറ്റു. ആ ദിവസംതന്നെ അവൾ സഹായ പയനിയറിങ്‌ ആരംഭിച്ചു, ആറു മാസത്തിനു ശേഷം സാധാരണ പയനിയറിങ്ങും.

കോസ്‌ ദ്വീപിലെ ഒരു സഹോദരൻ റഷ്യയിൽനിന്നുള്ള ചില ആളുകളെ ബൈബിൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. ബൈബിൾ പഠിക്കാൻ താത്‌പര്യമുള്ള സുഹൃത്തുക്കൾ ആരെങ്കിലും അവർക്കുണ്ടോ എന്ന്‌ ആരാഞ്ഞപ്പോൾ അവർ അദ്ദേഹത്തെ ഏതാണ്ട്‌ 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ താമസിക്കുന്ന അർമേനിയക്കാരായ ഒരു ദമ്പതികളുടെ—ലിയോണിഡസിന്റെയും ഭാര്യ ഓഫിലിയയുടെയും—അടുത്തേക്കു കൂട്ടിക്കൊണ്ടു പോയി. തുടർന്ന്‌ സഹോദരനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം നടന്നു. അർമേനിയക്കാരായ ആ ദമ്പതികൾ ഒരു ബാഗ്‌ നിറയെ, വാച്ച്‌ ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച അർമേനിയൻ ഭാഷയിലും റഷ്യൻ ഭാഷയിലുമുള്ള സാഹിത്യങ്ങൾ കൊണ്ടുവന്നു കാണിച്ചു! തങ്ങൾ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിച്ചിരുന്നുവെന്നും സ്‌നാപനമേൽക്കാത്ത പ്രസാധകരായി തീരുന്ന അളവോളം പുരോഗമിച്ചിരുന്നുവെന്നും അവർ വിശദമാക്കി. രാഷ്‌ട്രീയ പ്രക്ഷോഭങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം അവർക്ക്‌ തങ്ങളുടെ ജന്മനാടു വിടേണ്ടി വന്നു. കോസിൽ എത്തിച്ചേർന്ന ഉടൻ അവർ അവിടെ താമസിച്ചിരുന്ന, ലിയോണിഡസിന്റെ അമ്മയോടും അനുജത്തിയോടും ഒപ്പം ബൈബിൾ പഠിക്കാൻ ആരംഭിച്ചു. അങ്ങനെ ആ സഹോദരന്‌ ഒറ്റയടിക്ക്‌ മൂന്ന്‌ പുതിയ ബൈബിൾ അധ്യയനങ്ങൾ ലഭിച്ചു—ഒന്ന്‌ ഒഫിലിയയുമൊത്ത്‌, മറ്റൊന്ന്‌ ലിയോണിഡസുമൊത്ത്‌, കൂടാതെ അമ്മയും അനുജത്തിയുമൊത്തും. അതിനായി അദ്ദേഹത്തിന്‌ മോട്ടോർ സൈക്കിളിൽ അങ്ങോട്ടും ഇങ്ങോട്ടും കൂടി 60 കിലോമീറ്റർ വീതം ആഴ്‌ചയിൽ മൂന്നു തവണ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം ലിയോണിഡസും ഭാര്യയും സ്‌നാപനമേറ്റു. സ്ഥലത്തെ സഹോദരങ്ങളുടെ ആത്മത്യാഗപരമായ മനോഭാവത്തിന്‌ ലഭിച്ച എത്ര വലിയ പ്രതിഫലം!

യഹോവ വളരുമാറാക്കുന്നു

ഈ ഈജിയൻ ദ്വീപുകളിലെ, സജീവമായി രാജ്യസുവാർത്ത ഘോഷിക്കുന്ന 2000-ത്തിലധികം സാക്ഷികളുടെ നിതാന്ത ശ്രമങ്ങളിന്മേലുള്ള യഹോവയുടെ അനുഗ്രഹം വളരെ ദൃശ്യമാണ്‌. ഇപ്പോൾ അവിടെ യഹോവയുടെ സാക്ഷികളുടെ 44 സഭകളും 25 കൂട്ടങ്ങളും ഉണ്ട്‌. ഈ 25 കൂട്ടങ്ങളിൽ 17 എണ്ണം വിദേശ ഭാഷാക്കൂട്ടങ്ങളാണ്‌. എന്തുകൊണ്ടെന്നാൽ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” യഹോവ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ്‌ 2:4) കൂടാതെ, ആ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇനിയും കൂടുതൽ ആളുകളുടെ പക്കലേക്കു സുവാർത്ത എത്തിക്കേണ്ടതിന്‌ 13 പ്രത്യേക പയനിയർമാർ കഠിനമായി ശ്രമിക്കുന്നുണ്ട്‌.

നൂറ്റാണ്ടുകളായി, ഈജിയൻ കടൽ സാംസ്‌കാരിക വികസനത്തിന്റെയും വാണിജ്യ ഇടപാടുകളുടെയും ഒരു കേന്ദ്രമായിരുന്നിട്ടുണ്ട്‌. സമീപ ദശകങ്ങളിൽ അത്‌ ലക്ഷക്കണക്കിനു വിനോദസഞ്ചാരികൾ വന്നുചേരുന്ന, വിഖ്യാതമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. എന്നാൽ അതിലുപരിയായി ‘മനുഷ്യരെ പിടിക്കുന്നവർ’ എന്ന നിലയിൽ രാജ്യഘോഷകർ ഈ ദ്വീപുകളിൽ യഹോവയെ സ്‌തുതിക്കാൻ ആഗ്രഹിക്കുന്ന ആത്മാർഥഹൃദയരായ അനേകരെ കണ്ടെത്തിയിട്ടുണ്ട്‌. അവർ ഒത്തൊരുമിച്ച്‌, പിൻവരുന്ന പ്രാവചനിക ക്ഷണത്തോട്‌ വലിയ അളവിൽ പ്രതികരിച്ചിരിക്കുന്നു: “അവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്‌തുതിയെ ദ്വീപുകളിൽ പ്രസ്‌താവിക്കട്ടെ.”—യെശയ്യാവു 42:12.

[22-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഈജിയൻ കടൽ

ഗ്രീസ്‌

ലെസ്‌വോസ്‌

ഖിയൊസ്‌

സാമൊസ്‌

ഇക്കാറിയാ

ഫുർനി

പത്മൊസ്‌

കോസ്‌

രൊദൊസ്‌

ക്രീറ്റ്‌

ടർക്കി

[23-ാം പേജിലെ ചിത്രം]

ലെസ്‌വോസ്‌ ദ്വീപ്‌

[24-ാം പേജിലെ ചിത്രം]

പത്മൊസ്‌ ദ്വീപ്‌

[24-ാം പേജിലെ ചിത്രം]

ക്രീറ്റ്‌ ദ്വീപ്‌