വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കുന്നുവോ?

നിങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കുന്നുവോ?

നിങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കുന്നുവോ?

‘മറ്റുള്ളവർ എന്തു വിചാരിച്ചാലും എനിക്കൊരു ചുക്കുമില്ല!’ കോപമോ നിരാശയോ തോന്നിയ ഒരു നിമിഷത്തിൽ നിങ്ങൾ അങ്ങനെ വീരവാദം മുഴക്കിയിട്ടുണ്ടാകാം. എന്നാൽ തന്റേടത്തിന്റെ ആ തിരത്തള്ളൽ കെട്ടടങ്ങവെ നിങ്ങൾക്ക്‌ ഉത്‌കണ്‌ഠ തോന്നിത്തുടങ്ങുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, നമ്മൾ എല്ലാവരുംതന്നെ മറ്റുള്ളവർ നമ്മെ കുറിച്ച്‌ എന്തു വിചാരിക്കുന്നു എന്നതിനെ ഗൗരവമായി കാണുന്നവരാണ്‌.

തീർച്ചയായും, മറ്റുള്ളവരുടെ വികാരങ്ങൾ നാം കണക്കിലെടുക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും യഹോവയാം ദൈവത്തിന്റെ നിയമിത ശുശ്രൂഷകരായ ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം, മറ്റുള്ളവർ നമ്മെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു എന്നതിൽ ഉചിതമായ താത്‌പര്യം ഉള്ളവരായിരിക്കണം. അല്ലെങ്കിൽത്തന്നെ നാം ‘ലോകത്തിന്‌ കാഴ്‌ചവസ്‌തുക്കൾ’ ആണല്ലോ. (1 കൊരിന്ത്യർ 4:9 ഓശാന ബൈബിൾ) 2 കൊരിന്ത്യർ 6:3, 4-ൽ (NW), “ഞങ്ങളുടെ ശുശ്രൂഷയ്‌ക്ക്‌ ആക്ഷേപം വരാതിരിക്കേണ്ടതിന്‌ ഞങ്ങൾ ഒന്നിലും ഇടർച്ചയ്‌ക്കു കാരണം നൽകുന്നില്ല; എന്നാൽ ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ ഞങ്ങളെത്തന്നേ എല്ലാ വിധത്തിലും യോഗ്യരായി കാണിക്കുന്നു” എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ ദൃഢമായ വാക്കുകൾ നമുക്കു കാണാനാകും.

എന്നാൽ മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കുക എന്നതിന്റെ അർഥമെന്താണ്‌? വളരെ പ്രാധാന്യമുള്ളവരെന്ന നിലയിൽ നമ്മെത്തന്നെ ഉയർത്തിക്കാണിക്കുകയോ നമ്മിലേക്കും നമ്മുടെ പ്രാപ്‌തികളിലേക്കും ശ്രദ്ധ ആകർഷിക്കുകയോ ചെയ്യുക എന്നാണോ അതിന്റെ അർഥം? അല്ല. എന്നാൽ 1 പത്രൊസ്‌ 2:12 ബാധകമാക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു . . . ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു [ജാതികളുടെ] ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.” തങ്ങളുടെ നടത്തയിലൂടെ ക്രിസ്‌ത്യാനികൾ തങ്ങൾ യോഗ്യരാണെന്നു തെളിയിക്കുന്നു! ആത്യന്തികമായി ഇത്‌ നമുക്കല്ല, മറിച്ച്‌ ദൈവത്തിനാണ്‌ ബഹുമതി കരേറ്റുന്നത്‌. എന്നിരുന്നാലും മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കുന്നത്‌ പലപ്പോഴും നമ്മുടെതന്നെ പ്രയോജനത്തിൽ കലാശിക്കാറുണ്ട്‌. നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമായേക്കാവുന്ന മൂന്നു മണ്ഡലങ്ങൾ നമുക്കു പരിശോധിക്കാം.

ഭാവിയിൽ വിവാഹം കഴിക്കാനിരിക്കുന്ന ഒരാൾ എന്ന നിലയിൽ

ഉദാഹരണത്തിന്‌, വിവാഹത്തിന്റെ കാര്യം എടുക്കുക. “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ” യഹോവയാം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്‌ അത്‌. (എഫെസ്യർ 3:15) എന്നെങ്കിലുമൊരിക്കൽ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ ഒരു ഭാവി ഇണ എന്ന നിലയിൽ പരിഗണിക്കപ്പെടാനുള്ള യോഗ്യതയുണ്ടെന്ന്‌ നിങ്ങൾ എത്രത്തോളം പ്രകടമാക്കുന്നു? അതേ, ഒരു അവിവാഹിത ക്രിസ്‌ത്യാനി എന്ന നിലയിൽ നിങ്ങൾ ഏതുതരം പേരാണു സമ്പാദിച്ചിരിക്കുന്നത്‌?

ചില രാജ്യങ്ങളിൽ കുടുംബങ്ങൾ ഈ സംഗതിക്കു വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു. ഉദാഹരണത്തിന്‌ ഘാനയിൽ, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്‌ത്രീയും പുരുഷനും അക്കാര്യം തങ്ങളുടെ മാതാപിതാക്കളെ അറിയിക്കുന്നു. അതാണ്‌ അവിടത്തെ നാട്ടുനടപ്പ്‌. മാതാപിതാക്കൾ ഇക്കാര്യം മറ്റു കുടുംബാംഗങ്ങളോടു പറയുന്നു. തുടർന്ന്‌, അയൽക്കാർക്ക്‌ പെണ്ണിനെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന്‌ ചെറുക്കന്റെ വീട്ടുകാർ അന്വേഷിക്കുന്നു. പെണ്ണ്‌ തങ്ങൾക്കു യോജിച്ചവളാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷം തങ്ങളുടെ മകൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി അവർ പെൺവീട്ടുകാരെ അറിയിക്കുന്നു. അതുകഴിഞ്ഞാൽ പെൺവീട്ടുകാരുടെ ഊഴമാണ്‌. വിവാഹത്തിനു സമ്മതം മൂളുന്നതിനു മുമ്പ്‌ അവർ ചെറുക്കൻ ഏതു തരക്കാരനാണെന്ന്‌ അന്വേഷിക്കും. ഇതിനോടുള്ള ബന്ധത്തിൽ, “വിവാഹത്തിനു മുമ്പ്‌ അറിയാവുന്നവരോടു ചോദിക്കുക” എന്നൊരു പഴമൊഴി പോലും ഘാനയിലുണ്ട്‌.

വിവാഹ പങ്കാളികളെ സ്വയം തിരഞ്ഞെടുക്കുന്ന പാശ്ചാത്യ നാടുകളിലുള്ളവരെ സംബന്ധിച്ചെന്ത്‌? അപ്പോഴും ഭാവി വിവാഹ ഇണയെ നന്നായി അറിയാവുന്നവരുടെ—മാതാപിതാക്കളോ പക്വതയുള്ള സുഹൃത്തുക്കളോ പോലുള്ളവരുടെ—നിഷ്‌പക്ഷമായ അഭിപ്രായങ്ങൾ തേടുന്നത്‌ പക്വതയുള്ള ഒരു ക്രിസ്‌തീയ പുരുഷന്റെയോ സ്‌ത്രീയുടെയോ കാര്യത്തിൽ ബുദ്ധിയായിരിക്കും. കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം പറയുന്നതനുസരിച്ച്‌, വിവാഹിതയാകാൻ ആഗ്രഹിക്കുന്ന ഒരു യുവതിക്ക്‌ തന്റെ ഭാവിവരനോടുള്ള ബന്ധത്തിൽ ഇപ്രകാരം ചോദിക്കാവുന്നതാണ്‌: “‘ഈ മനുഷ്യന്‌ എന്തു ഖ്യാതിയാണുള്ളത്‌? അയാളുടെ സുഹൃത്തുക്കൾ ആരെല്ലാമാണ്‌? അയാൾ ആത്മനിയന്ത്രണം പ്രകടിപ്പിക്കുന്നുണ്ടോ? പ്രായമേറിയ വ്യക്തികളോട്‌ അയാളുടെ ഇടപെടൽ എങ്ങനെ? അയാളുടെ കുടുംബപശ്ചാത്തലം എന്ത്‌? കുടുംബാംഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ എങ്ങനെ? പണത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവമെങ്ങനെ? അയാൾ ലഹരിപാനീയങ്ങൾ ദുരുപയോഗിക്കുന്നുണ്ടോ? അയാൾ ലോലമാനസനും അക്രമാസക്തനുംപോലുമാണോ? അയാൾക്കുള്ള സഭാ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം, അതെല്ലാം അയാൾ കൈകാര്യം ചെയ്യുന്നതെങ്ങനെ? എനിക്ക്‌ അയാളെ ആഴമായി ആദരിക്കാൻ സാധിക്കുമോ?’—ലേവ്യപുസ്‌തകം 19:32; സദൃശവാക്യങ്ങൾ 22:29; 31:23; എഫെസ്യർ 5:3-5, 33; 1 തിമൊഥെയൊസ്‌ 5:8; 6:10; തീത്തൊസ്‌ 2:6, 7.” *

അതുപോലെ, താൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ക്രിസ്‌തീയ സ്‌ത്രീയെ കുറിച്ച്‌ അന്വേഷിക്കാൻ പുരുഷനും താത്‌പര്യപ്പെടും. തന്റെ ഭാര്യയായിത്തീർന്ന രൂത്തിന്റെ കാര്യത്തിൽ ബോവസ്‌ അങ്ങനെ ചെയ്‌തതായി ബൈബിളിൽ നാം കാണുന്നു. “ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ” എന്നു രൂത്ത്‌ ചോദിച്ചപ്പോൾ ബോവസിന്റെ മറുപടി ഇതായിരുന്നു: ‘നീ ചെയ്‌തിരിക്കുന്നതിനെ കുറിച്ചുള്ള വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.’ (രൂത്ത്‌ 2:10-12) അതേ, അർപ്പണബോധവും വിശ്വസ്‌തതയുമുള്ള കഠിനാധ്വാനിയായ ഒരു സ്‌ത്രീയാണു രൂത്തെന്ന്‌ വ്യക്തിപരമായി കണ്ടു മനസ്സിലാക്കിയതിനു പുറമേ, അവളെക്കുറിച്ച്‌ മറ്റുള്ളവർ പറഞ്ഞ നല്ല അഭിപ്രായങ്ങളും ബോവസ്‌ കേട്ടിരുന്നു.

സമാനമായി, യോജിച്ച ഒരു വിവാഹ ഇണയായി മറ്റുള്ളവർ നിങ്ങളെ വീക്ഷിക്കുമോ ഇല്ലയോ എന്നത്‌ ഒരളവുവരെ നിങ്ങളുടെ നടത്തയെ ആശ്രയിച്ചിരിക്കും. ഈ കാര്യത്തിൽ നിങ്ങൾ മറ്റുള്ളവരുടെ മുമ്പാകെ യോഗ്യമായാണോ നടക്കുന്നത്‌?

ഒരു തൊഴിലാളി എന്ന നിലയിൽ

നല്ല നടത്ത നിങ്ങൾക്കു പ്രയോജനം ചെയ്‌തേക്കാവുന്ന മറ്റൊരു മണ്ഡലമാണ്‌ തൊഴിൽ മേഖല. ഇക്കാലത്ത്‌ ഒരു തൊഴിൽ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്‌. പതിവായി താമസിച്ചു ജോലിക്കു വരുന്നവരും അധികാരത്തോടു മത്സരിക്കുന്നവരും കള്ളത്തരം കാണിക്കുന്നവരുമായ തൊഴിലാളികളെ മിക്കപ്പോഴും പിരിച്ചുവിടുന്നു. കൂടാതെ ചെലവു ചുരുക്കുന്നതിന്‌ കമ്പനികൾ അനുഭവപരിചയം ഉള്ള തൊഴിലാളികളെ പോലും പിരിച്ചുവിട്ടേക്കാം. തൊഴിൽ തേടി ഇറങ്ങുന്നവർ, തങ്ങളുടെ ജോലിശീലങ്ങൾ, മനോഭാവം, അനുഭവപരിചയം എന്നിവയെ കുറിച്ച്‌ കമ്പനികൾ മുൻ തൊഴിലുടമകളോട്‌ അന്വേഷിക്കുന്നതായി കണ്ടെത്തുന്നു. ആദരവോടെയുള്ള പെരുമാറ്റം, മാന്യമായ വസ്‌ത്രധാരണം, ഹൃദ്യമായ ഇടപെടൽ എന്നിവയിലൂടെയും, ക്രിസ്‌തീയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെയും അനേകം ക്രിസ്‌ത്യാനികൾ തങ്ങളുടെ യോഗ്യത തൊഴിലുടമകളുടെ മുമ്പാകെ തെളിയിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.

ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരിക്കേണ്ട അത്തരത്തിലുള്ള ഒരു ഗുണമാണ്‌ സത്യസന്ധത—പല തൊഴിലുടമകളും അതിനു വളരെ പ്രാധാന്യം നൽകുന്നു. അപ്പൊസ്‌തലനായ പൗലൊസിനെ പോലെ “സകലത്തിലും സത്യസന്ധരായി നടക്കാൻ” നാം ആഗ്രഹിക്കുന്നു. (എബ്രായർ 13:18 NW) ഘാനയിലെ ഒരു ഖനന കമ്പനിയിൽ മോഷണം നടക്കുന്നുവെന്നു തെളിഞ്ഞതിന്റെ ഫലമായി എല്ലാ തൊഴിലാളികളെയും പിരിച്ചുവിട്ടു. എന്നാൽ കമ്പനിയുടെ സംസ്‌കരണ നിലയത്തിന്റെ സൂപ്പർവൈസറായ ഒരു സാക്ഷിയെ മാത്രം പിരിച്ചുവിട്ടില്ല. കാരണം? അദ്ദേഹത്തിന്റെ സത്യസന്ധത വർഷങ്ങളായി കമ്പനി അധികൃതർ ശ്രദ്ധിച്ചിരുന്നു. കഠിനാധ്വാനിയും അധികാരത്തോട്‌ ആദരവു പ്രകടിപ്പിക്കുന്ന വ്യക്തിയും എന്ന നിലയിൽ അദ്ദേഹം നല്ല പേരു സമ്പാദിച്ചിരുന്നു. അതേ, നല്ല നടത്ത ഉണ്ടായിരുന്നതു നിമിത്തം അദ്ദേഹത്തിനു തൊഴിൽ നഷ്‌ടപ്പെട്ടില്ല!

തൊഴിൽ കമ്പോളത്തിൽ തന്റെ യോഗ്യത തെളിയിക്കാൻ ഒരു ക്രിസ്‌ത്യാനിക്കു ചെയ്യാവുന്ന മറ്റു ചില കാര്യങ്ങൾ എന്തൊക്കെയാണ്‌? ഏതു തൊഴിൽ ലഭിച്ചാലും അതിൽ നിപുണത നേടുക. (സദൃശവാക്യങ്ങൾ 22:29) ഉത്സാഹത്തോടെ, അർപ്പണബോധത്തോടെ ജോലി ചെയ്യുക. (സദൃശവാക്യങ്ങൾ 10:4; 13:4) തൊഴിലുടമയോടും സൂപ്പർവൈസറോടും ആദരവോടെ ഇടപെടുക. (എഫെസ്യർ 6:5) സമയനിഷ്‌ഠ, സത്യസന്ധത, വൈദഗ്‌ധ്യം, കഠിനാധ്വാനം തുടങ്ങിയവയൊക്കെ തൊഴിലുടമകൾ വിലമതിക്കുന്ന സംഗതികളാണ്‌. തൊഴിലവസരങ്ങൾ വിരളമായിരിക്കുമ്പോൾ പോലും തൊഴിൽ കണ്ടെത്താൻ അവ നിങ്ങളെ സഹായിക്കും.

സഭാ പദവികൾ

ക്രിസ്‌തീയ സഭയിൽ നേതൃത്വം എടുക്കാനായി പക്വമതികളായ പുരുഷന്മാരെ ഇന്ന്‌ മുമ്പെന്നത്തേതിലും അധികം ആവശ്യമാണ്‌. എന്തുകൊണ്ട്‌? യെശയ്യാവ്‌ ഇങ്ങനെ പ്രവചിച്ചു: “നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ.” (യെശയ്യാവു 54:2) ഈ പ്രവചനത്തിന്റെ നിവൃത്തിയായി യഹോവയുടെ ലോകവ്യാപക സഭ വളർന്നുകൊണ്ടിരിക്കുകയാണ്‌.

അതുകൊണ്ട്‌, നിങ്ങൾ ഒരു ക്രിസ്‌തീയ പുരുഷനാണെങ്കിൽ ഒരു ഉത്തരവാദിത്വ സ്ഥാനത്ത്‌ സേവിക്കാൻ യോഗ്യനാണെന്ന്‌ നിങ്ങൾ എങ്ങനെ തെളിയിക്കും? യുവാവായ തിമൊഥെയൊസിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. തിമൊഥെയൊസ്‌ “ലുസ്‌ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യംകൊണ്ടവൻ ആയിരുന്നു” എന്ന്‌ ലൂക്കൊസ്‌ റിപ്പോർട്ടു ചെയ്യുന്നു. അതേ, തന്റെ നല്ല നടത്തയിലൂടെ ഈ യുവാവ്‌ രണ്ടു വ്യത്യസ്‌ത നഗരങ്ങളിലുള്ളവരുടെ ഇടയിൽ നല്ലൊരു പേരു സമ്പാദിച്ചു. തന്നിമിത്തം, സഞ്ചാരവേലയിൽ തന്നോടു ചേരാൻ പൗലൊസ്‌ തിമൊഥെയൊസിനെ ക്ഷണിച്ചു.—പ്രവൃത്തികൾ 16:1-4.

ഇന്ന്‌ ഒരുവന്‌ ഉചിതവും ദൈവികവുമായ ഒരു വിധത്തിൽ ‘അധ്യക്ഷസ്ഥാനം കാംക്ഷിക്കാൻ’ അഥവാ എത്തിപ്പിടിക്കാൻ കഴിയുന്നത്‌ എങ്ങനെയാണ്‌? തീർച്ചയായും അതിനായി മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടല്ല, മറിച്ച്‌ അത്തരം ഉത്തരവാദിത്വങ്ങൾ വഹിക്കാൻ ആവശ്യമായ ആത്മീയ ഗുണങ്ങൾ നട്ടുവളർത്തിക്കൊണ്ടാണ്‌ അങ്ങനെ ചെയ്യേണ്ടത്‌. (1 തിമൊഥെയൊസ്‌ 3:1-10, 12, 13; തീത്തൊസ്‌ 1:5-9) അതുപോലെ, പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പൂർണമായി പങ്കുപറ്റിക്കൊണ്ട്‌ താൻ “നല്ലവേല ആഗ്രഹിക്കുന്നു” എന്ന്‌ അദ്ദേഹത്തിനു പ്രകടിപ്പിക്കാവുന്നതാണ്‌. (മത്തായി 24:14; 28:19, 20) തങ്ങളുടെ ആത്മീയ സഹോദരന്മാരുടെ ക്ഷേമത്തിൽ ആത്മാർഥമായ താത്‌പര്യം എടുത്തുകൊണ്ട്‌ ക്രിസ്‌തീയ പുരുഷന്മാർക്ക്‌ തങ്ങൾ ഉത്തരവാദിത്വ ബോധമുള്ളവരാണെന്നു തെളിയിക്കാൻ കഴിയും. “വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്‌മ കാണിക്കയും അതിഥിസല്‌ക്കാരം ആചരിക്കയും ചെയ്‌വിൻ” എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്‌ അവർ ചെവികൊടുക്കുന്നു. (റോമർ 12:13) ഈ സംഗതികൾ ചെയ്‌തുകൊണ്ട്‌ ഒരു ക്രിസ്‌തീയ പുരുഷന്‌ യഥാർഥത്തിൽ ‘ദൈവത്തിന്റെ ശുശ്രൂഷകനെന്ന നിലയിൽ തന്നെത്തന്നെ യോഗ്യനായി കാണിക്കാൻ’ കഴിയും.

എല്ലാ സമയങ്ങളിലും

മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കുക എന്നതിനു നാട്യക്കാരോ ‘മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ’ ആയിത്തീരുക എന്നല്ല അർഥം. (എഫെസ്യർ 6:6) നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിപൂർവം പിൻപറ്റിക്കൊണ്ട്‌ അവന്റെ മുമ്പാകെ യോഗ്യരായി നടക്കുക എന്നാണ്‌ ആത്യന്തികമായി അത്‌ അർഥമാക്കുന്നത്‌. നിങ്ങൾ ആത്മീയമായി വളരുകയും യഹോവയാം ദൈവവുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യുന്നെങ്കിൽ, കുടുംബാംഗങ്ങൾ, സഹജോലിക്കാർ, സഹക്രിസ്‌ത്യാനികൾ എന്നിവരുമായുള്ള നിങ്ങളുടെ ഇടപെടൽ മെച്ചപ്പെടുന്നതായി മറ്റുള്ളവർ നിരീക്ഷിക്കും. കൂടാതെ, നിങ്ങളുടെ വിവേകവും സമനിലയും സ്ഥിരതയും ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തിയും താഴ്‌മയും അവർ ശ്രദ്ധിക്കും. അപ്പോൾ അവർ നിങ്ങളെ സ്‌നേഹിക്കാനും ആദരിക്കാനും തുടങ്ങും. സർവോപരി, മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കുന്നതിനാൽ യഹോവയാം ദൈവത്തിന്റെ അംഗീകാരവും നിങ്ങൾക്ക്‌ ലഭിക്കും!

[അടിക്കുറിപ്പുകൾ]

^ ഖ. 8 വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ചത്‌.

[19-ാം പേജിലെ ചിത്രം]

അനേകം മാതാപിതാക്കളും തങ്ങളുടെ മകനോ മകളോ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക്‌ എങ്ങനെയുള്ള ഖ്യാതിയാണ്‌ ഉള്ളതെന്ന്‌ അന്വേഷിച്ചുകൊണ്ട്‌ ജ്ഞാനം പ്രകടമാക്കുന്നു

[20-ാം പേജിലെ ചിത്രം]

മറ്റുള്ളവരോടു പരിഗണന കാണിച്ചുകൊണ്ട്‌ താൻ സേവനപദവികൾക്കു യോഗ്യനാണെന്ന്‌ ഒരു സഹോദരൻ പ്രകടമാക്കുന്നു