വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയ ലോകം—നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?

പുതിയ ലോകം—നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?

പുതിയ ലോകം—നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?

“ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”സഭാപ്രസംഗി 3:12, 13.

1. നമുക്ക്‌ ഭാവി സംബന്ധിച്ച്‌ ശുഭാപ്‌തിവിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

സർവശക്തനായ ദൈവത്തെ കർക്കശനും പരുഷനുമായിട്ടാണ്‌ പലരും വീക്ഷിക്കുന്നത്‌. എന്നാൽ അവന്റെ നിശ്വസ്‌ത വചനത്തിൽ നിങ്ങൾ കണ്ടെത്തുന്ന ഒരു സത്യമാണ്‌ മേൽപ്പറഞ്ഞിരിക്കുന്ന തിരുവെഴുത്ത്‌. അവൻ “സന്തുഷ്ടനായ ദൈവം” ആണെന്നും ആദ്യ മാതാപിതാക്കളെ ഒരു ഭൗമിക പറുദീസയിൽ ആക്കിവെച്ചെന്നുമുള്ള വസ്‌തുതയോട്‌ അത്‌ യോജിക്കുന്നു. (1 തിമൊഥെയൊസ്‌ 1:11, NW; ഉല്‌പത്തി 2:7-9) ദൈവം തന്റെ ജനത്തിനു വാഗ്‌ദാനം ചെയ്യുന്ന ഭാവിയെ കുറിച്ചുള്ള ഉൾക്കാഴ്‌ച തേടുമ്പോൾ, നിത്യമായ ഉല്ലാസം കൈവരുത്തുന്ന അവസ്ഥകളെ കുറിച്ച്‌ നാം പഠിക്കും. അതു നമ്മെ അതിശയിപ്പിക്കരുത്‌.

2. നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില കാര്യങ്ങൾ ഏവ?

2 ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ച്‌ ബൈബിൾ മുൻകൂട്ടി പറയുന്ന നാല്‌ സന്ദർഭങ്ങളിൽ മൂന്നെണ്ണം കഴിഞ്ഞ ലേഖനത്തിൽ നാം പരിചിന്തിക്കുകയുണ്ടായി. (യെശയ്യാവു 65:17) വിശ്വാസയോഗ്യമായ ആ പ്രവചനങ്ങളിൽ ഒന്ന്‌ വെളിപ്പാടു 21:1-ൽ രേഖപ്പെടുത്തിയിരിക്കുന്നു. സർവശക്തനായ ദൈവം ഭൂമിയിലെ ഇപ്പോഴത്തെ അവസ്ഥകളെ നീക്കിയിട്ടു മെച്ചപ്പെട്ട ഒന്ന്‌ കൊണ്ടുവരാനായി ഒരു സമൂല മാറ്റം വരുത്തുന്ന സമയത്തെ കുറിച്ചാണ്‌ തുടർന്നുള്ള വാക്യങ്ങൾ പറയുന്നത്‌. അവൻ ദുഃഖത്തിന്റെ കണ്ണുനീർ തുടച്ചു നീക്കും. വാർധക്യമോ രോഗമോ അപകടങ്ങളോ നിമിത്തം ആളുകൾ മേലാൽ മരിക്കുകയില്ല. വിലാപവും മുറവിളിയും വേദനയും പൊയ്‌പോയിരിക്കും. എത്ര ആനന്ദകരമായ ഒരു പ്രതീക്ഷ! എന്നാൽ അതു വരുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ? ആ പ്രതീക്ഷയ്‌ക്ക്‌ ഇപ്പോൾത്തന്നെ നമ്മുടെമേൽ എന്തു സ്വാധീനം ചെലുത്താനാകും?

ഉറപ്പ്‌ ഉണ്ടായിരിക്കാനുള്ള കാരണങ്ങൾ

3. ഭാവിയെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനങ്ങളിൽ നമുക്കു വിശ്വസിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

3 വെളിപ്പാടു 21:5 തുടർന്നു പറയുന്നതു ശ്രദ്ധിക്കുക. സ്വർഗീയ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം ഇങ്ങനെ പ്രഖ്യാപിക്കുന്നതായി അത്‌ ഉദ്ധരിക്കുന്നു: “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു.” ആ ദിവ്യ വാഗ്‌ദാനം ഏതൊരു ദേശീയ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കാളും ഇന്നത്തെ ഏതൊരു അവകാശ പത്രികയെക്കാളും അല്ലെങ്കിൽ ഭാവി സംബന്ധിച്ച മനുഷ്യന്റെ ഏതൊരു അഭിവാഞ്‌ഛയെക്കാളും ശ്രേഷ്‌ഠമാണ്‌. “ഭോഷ്‌കില്ലാത്ത”വൻ എന്നു ബൈബിൾ വിളിക്കുന്ന ഒരുവന്റെ തികച്ചും വിശ്വാസയോഗ്യമായ ഒരു പ്രഖ്യാപനമാണത്‌. (തീത്തൊസ്‌ 1:2) ചർച്ച ഇവിടെ നിറുത്തിയിട്ട്‌, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്‌ ആ ശ്രേഷ്‌ഠമായ പ്രതീക്ഷയിൽ ആനന്ദിക്കാമെന്ന്‌ നിങ്ങൾ ചിന്തിക്കുന്നെങ്കിൽ അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ നാം നിറുത്തേണ്ടതില്ല. ഭാവിയെ കുറിച്ച്‌ നമുക്ക്‌ ഇനിയും കൂടുതൽ പഠിക്കാനുണ്ട്‌.

4, 5. നാം ഇപ്പോൾത്തന്നെ പരിചിന്തിച്ച ഏതു ബൈബിൾ പ്രവചനങ്ങൾ ഭാവി സംബന്ധിച്ച നമ്മുടെ ദൃഢവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു?

4 പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള ബൈബിളധിഷ്‌ഠിത വാഗ്‌ദാനങ്ങൾ സംബന്ധിച്ച്‌ മുൻ ലേഖനം എന്താണു തെളിയിച്ചതെന്നു ചിന്തിക്കുക. അത്തരം ഒരു പുതിയ വ്യവസ്ഥിതിയെ കുറിച്ച്‌ യെശയ്യാവു മുൻകൂട്ടി പറഞ്ഞു. യഹൂദന്മാർ തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിപ്പോയി സത്യാരാധന പുനഃസ്ഥാപിച്ചപ്പോൾ ആ പ്രവചനത്തിന്‌ ഒരു നിവൃത്തിയുണ്ടായി. (എസ്രാ 1:1-3; 2:1, 2; 3:12, 13) എന്നാൽ, യെശയ്യാവിന്റെ പ്രവചനം വിരൽ ചൂണ്ടിയത്‌ ആ ഒരു സംഗതിയിലേക്കു മാത്രമാണോ? തീർച്ചയായും അല്ല! യെശയ്യാവ്‌ മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ വിദൂര ഭാവിയിൽ കൂടുതൽ മഹത്തായ ഒരു വിധത്തിൽ നിവൃത്തിയേറുമായിരുന്നു. നാം അങ്ങനെ നിഗമനം ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? 2 പത്രൊസ്‌ 3:13-ലും വെളിപ്പാടു 21:1-5-ലും നാം വായിക്കുന്ന കാര്യങ്ങൾ നിമിത്തം. ക്രിസ്‌ത്യാനികൾക്ക്‌ ആഗോള തലത്തിൽ പ്രയോജനങ്ങൾ കൈവരുത്തുന്ന ‘പുതിയ ആകാശത്തിലേക്കും പുതിയ ഭൂമി’യിലേക്കും ആ തിരുവെഴുത്തു ഭാഗങ്ങൾ വിരൽ ചൂണ്ടുന്നു.

5 മുമ്പ്‌ സൂചിപ്പിച്ചതു പോലെ, “പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന പ്രയോഗം ബൈബിളിൽ നാലു പ്രാവശ്യമേ ഉള്ളൂ. നാം അവയിൽ മൂന്നെണ്ണം പരിചിന്തിച്ച്‌ പ്രോത്സാഹജനകമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. ദുഷ്ടതയും യാതന ഉളവാക്കുന്ന മറ്റു സംഗതികളും ദൈവം നീക്കം ചെയ്യുമെന്നും തുടർന്ന്‌ അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ വ്യവസ്ഥിതിയിൽ മനുഷ്യവർഗത്തെ കൂടുതലായി അനുഗ്രഹിക്കുമെന്നും ബൈബിൾ സ്‌പഷ്‌ടമായി മുൻകൂട്ടി പറയുന്നു.

6. ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ പരാമർശിക്കുന്ന നാലാമത്തെ പ്രവചനം എന്താണു മുൻകൂട്ടി പറയുന്നത്‌?

6 “പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന പ്രയോഗം കാണുന്ന ശേഷിക്കുന്ന സന്ദർഭം കൂടി നമുക്കിപ്പോൾ പരിശോധിക്കാം. യെശയ്യാവു 66:22-24-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്‌ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്‌ക്കും എന്നു യഹോവയുടെ അരുളപ്പാടു. പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്‌കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു. അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്‌ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.”

7. ഭാവിയിൽ യെശയ്യാവു 66:22-24-ന്‌ ഒരു നിവൃത്തി ഉണ്ടായിരിക്കുമെന്ന്‌ നാം നിഗമനം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

7 സ്വദേശത്തു പുനഃസ്ഥിതീകരിക്കപ്പെട്ട യഹൂദന്മാരുടെ ഇടയിൽ ഈ പ്രവചനത്തിന്‌ ഒരു പ്രയുക്തത ഉണ്ടായിരുന്നു. എന്നാൽ അതിന്‌ മറ്റൊരു നിവൃത്തിയും ഉണ്ടായിരിക്കുമായിരുന്നു. പത്രൊസിന്റെ രണ്ടാം ലേഖനവും വെളിപ്പാടും എഴുതി വളരെക്കാലങ്ങൾക്കു ശേഷമായിരിക്കുമായിരുന്നു അത്‌. കാരണം ഭാവിയിൽ വരാനിരിക്കുന്ന ‘പുതിയ ആകാശത്തിലേക്കും ഭൂമിയിലേക്കു’മാണ്‌ അവ വിരൽചൂണ്ടിയത്‌. പുതിയ വ്യവസ്ഥിതിയിൽ ആ പ്രവചനത്തിന്റെ മഹത്തായ, സമ്പൂർണമായ ആ നിവൃത്തിക്കായി നമുക്കു നോക്കിപ്പാർത്തിരിക്കാം. അവിടെ ആസ്വദിക്കാനായി നമുക്കു പ്രതീക്ഷയോടെ കാത്തിരിക്കാൻ കഴിയുന്ന ചില അവസ്ഥകളെ കുറിച്ചു പരിചിന്തിക്കുക.

8, 9. (എ) ഏത്‌ അർഥത്തിൽ ദൈവജനം തുടർന്നു ‘നിലനിൽക്കും’? (ബി) യഹോവയുടെ ദാസന്മാർ “അമാവാസിതോറും ശബ്ബത്തുതോറും” ആരാധിക്കും എന്നതിന്റെ അർഥമെന്ത്‌?

8 മേലാൽ മരണം ഉണ്ടായിരിക്കുകയില്ലെന്ന്‌ വെളിപ്പാടു 21:4 ചൂണ്ടിക്കാട്ടി. യെശയ്യാവു 66-ാം അധ്യയത്തിലെ വാക്യം അതിനോടു യോജിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും താത്‌കാലികം, പരിമിത കാലത്തേക്കുള്ളത്‌, ആയിരിക്കില്ലെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമെന്ന്‌ 22-ാം വാക്യത്തിൽനിന്നു നമുക്കു മനസ്സിലാക്കാവുന്നതാണ്‌. തന്നെയുമല്ല, അവന്റെ ജനം സഹിഷ്‌ണുത പ്രകടമാക്കുകയും അവന്റെ മുമ്പാകെ തുടർന്നു ‘നിലനിൽക്കു’കയും ചെയ്യും. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനായി ദൈവം ഇതുവരെ ചെയ്‌തിട്ടുള്ള കാര്യങ്ങൾ ഉറപ്പുള്ളവരായിരിക്കാനുള്ള നമ്മുടെ അടിസ്ഥാനമാണ്‌. യഥാർഥ ക്രിസ്‌ത്യാനികൾ ക്രൂരമായ പീഡനം സഹിച്ചിട്ടുണ്ട്‌. അവരെ തുടച്ചുനീക്കാനുള്ള തീവ്രമായ ശ്രമങ്ങൾ പോലും അവർക്കു നേരെ നടന്നിട്ടുണ്ട്‌. (യോഹന്നാൻ 16:2; പ്രവൃത്തികൾ 8:1) എന്നിരുന്നാലും, റോമൻ ചക്രവർത്തിയായ നീറോയും അഡോൾഫ്‌ ഹിറ്റ്‌ലറും പോലുള്ള ദൈവജനത്തിന്റെ പ്രബലരായ ശത്രുക്കൾക്കു പോലും, ദൈവത്തിന്റെ നാമം വഹിക്കുന്ന അവന്റെ വിശ്വസ്‌തരെ ഇല്ലായ്‌മ ചെയ്യാൻ കഴിഞ്ഞിട്ടില്ല. തന്റെ ജനത്തിന്റെ സഭയെ യഹോവ പരിരക്ഷിച്ചിരിക്കുന്നു. അവൻ അതിനെ ശാശ്വതമായി നിലനിർത്തുമെന്നും നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.

9 സമാനമായി, പുതിയ ഭൂമിയുടെ ഭാഗമെന്ന നിലയിൽ ദൈവത്തോടു വിശ്വസ്‌തരായവർ, അതായത്‌ പുതിയ ലോകത്തിലെ സത്യാരാധകരുടെ സമൂഹം, വ്യക്തികൾ എന്ന നിലയിൽ തുടർന്നു നിലനിൽക്കും. കാരണം അവർ സകലത്തിന്റെയും സ്രഷ്ടാവിനു നിർമലാരാധന അർപ്പിക്കുന്നവരായിരിക്കും. അത്‌ വല്ലപ്പോഴുമുള്ളതോ അലക്ഷ്യമോ ആയ ആരാധന ആയിരിക്കില്ല. മോശെ മുഖാന്തരം ഇസ്രായേലിനു നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം, ചില ആരാധനക്രിയകൾ ഓരോ മാസത്തിലെയും അമാവാസിതോറും (പുതുചന്ദ്ര ദിനം) ഓരോ വാരത്തിലെയും ശബത്തുതോറും അനുഷ്‌ഠിക്കാൻ വ്യവസ്ഥ ചെയ്‌തിരുന്നു. (ലേവ്യപുസ്‌തകം 24:5-9; സംഖ്യാപുസ്‌തകം 10:10; 28:9, 10; 2 ദിനവൃത്താന്തം 2:4) അതുകൊണ്ട്‌ വാരംതോറും മാസംതോറും മുടക്കം കൂടാതെ തുടർച്ചയായി നടക്കുന്ന ദൈവാരാധനയിലേക്ക്‌ യെശയ്യാവു 66:23 വിരൽചൂണ്ടുന്നു. നിരീശ്വരവാദവും മതകാപട്യവും അന്ന്‌ ഉണ്ടായിരിക്കുകയില്ല. യഹോവയുടെ ‘സന്നിധിയിൽ സകല ജഡവും നമസ്‌കരിക്കും.’

10. പുതിയ ലോകം ദുഷ്ടന്മാരാൽ എന്നേക്കും കളങ്കിതമാകില്ലെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

10 പുതിയ ഭൂമിയിലെ സമാധാനവും നീതിയും ഒരിക്കലും അപകടത്തിലാകില്ലെന്ന്‌ യെശയ്യാവു 66:24 നമുക്ക്‌ ഉറപ്പു തരുന്നു. ദുഷ്ട മനുഷ്യർ അതിനെ നശിപ്പിക്കുകയില്ല. ‘ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസം’ അടുത്തിരിക്കുന്നു എന്ന്‌ 2 പത്രൊസ്‌ 3:7 പറയുന്നതായി ഓർക്കുക. ‘ഭക്തികെട്ടവർക്ക്‌’ ആയിരിക്കും നാശം സംഭവിക്കുക. നിഷ്‌കളങ്കർക്കു ഹാനി നേരിടുകയില്ല, മിക്കപ്പോഴും സൈനികരെക്കാൾ സാധാരണ പൗരന്മാർ മരണമടയുന്ന മാനുഷ യുദ്ധങ്ങൾ പോലെ ആയിരിക്കില്ല അത്‌. തന്റെ ദിവസത്തിൽ ഭക്തികെട്ടവർ ആയിരിക്കും നശിക്കുന്നതെന്ന്‌ മഹാന്യായാധിപനായ യഹോവ നമുക്ക്‌ ഉറപ്പു നൽകുന്നു.

11. ദൈവത്തിനും അവന്റെ ആരാധനയ്‌ക്കും എതിരെ തിരിയുന്നവരുടെ ഭാവി എന്തായിരിക്കുമെന്നാണ്‌ യെശയ്യാവ്‌ പ്രകടമാക്കുന്നത്‌?

11 ദൈവത്തിന്റെ പ്രാവചനിക വചനം സത്യമാണെന്ന്‌ അതിജീവകരായ നീതിമാന്മാർ മനസ്സിലാക്കും. യഹോവയോട്‌ ‘അതിക്രമം ചെയ്‌ത മനുഷ്യരുടെ ശവങ്ങൾ’ അവന്റെ ന്യായവിധിയുടെ തെളിവായിരിക്കും എന്ന്‌ യെശയ്യാവു 24-ാം വാക്യം മുൻകൂട്ടി പറയുന്നു. യെശയ്യാവ്‌ ഉപയോഗിച്ച വർണനാത്മക ഭാഷ ഞെട്ടിക്കുന്നതാണെന്നു തോന്നിയേക്കാം. എന്നാൽ അത്‌ ഒരു ചരിത്ര വസ്‌തുതയുമായി യോജിക്കുന്നു. പുരാതന യെരൂശലേമിന്റെ മതിലുകൾക്കു വെളിയിലായി ചപ്പുചവറുകൾ കൂട്ടിയിട്ടിരുന്നു. മാന്യമായ ശവസംസ്‌കാരത്തിന്‌ അയോഗ്യരെന്നു വിധിക്കപ്പെട്ട, വധശിക്ഷയ്‌ക്കു വിധേയരായ കുറ്റവാളികളുടെ ശരീരങ്ങളും ഇടയ്‌ക്കൊക്കെ അവിടെ ഇടുമായിരുന്നു. * പുഴുക്കളും ദഹിപ്പിക്കുന്ന അഗ്നിയും ആ ചപ്പുചവറുകളെയും ശവശരീരങ്ങളെയും പെട്ടെന്നുതന്നെ നിർമാർജനം ചെയ്യുമായിരുന്നു. യെശയ്യാവിന്റെ ആലങ്കാരിക വിവരണം നിയമലംഘികളുടെ മേലുള്ള യഹോവയുടെ ന്യായവിധിയുടെ അന്തിമ ഫലം വ്യക്തമായി ചിത്രീകരിക്കുന്നു.

ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌

12. പുതിയ ലോകത്തിലെ ജീവിതത്തെ കുറിച്ച്‌ യെശയ്യാവ്‌ കൂടുതലായ എന്തു സൂചനകൾ നൽകുന്നു?

12 പുതിയ വ്യവസ്ഥിതിയിൽ ഉണ്ടായിരിക്കുകയില്ലാത്ത ചില കാര്യങ്ങൾ വെളിപ്പാടു 21:4 നമ്മോടു പറയുന്നു. എന്നാൽ, അവിടെ ഉണ്ടായിരിക്കുന്നത്‌ എന്തെല്ലാം ആയിരിക്കും? അവിടത്തെ ജീവിതം എങ്ങനെയുള്ളത്‌ ആയിരിക്കും? അതു സംബന്ധിച്ച്‌ ആശ്രയയോഗ്യമായ എന്തെങ്കിലും സൂചനകൾ നമുക്കു ലഭിക്കുമോ? തീർച്ചയായും. യഹോവ ആത്യന്തികമായ അർഥത്തിൽ ഈ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുമ്പോൾ, ജീവിച്ചിരിക്കാൻ അവന്റെ അംഗീകാരം ഉണ്ടായിരിക്കുന്നപക്ഷം നമുക്ക്‌ ആസ്വദിക്കാൻ കഴിയുന്ന അവസ്ഥകൾ യെശയ്യാവു 65-ാം അധ്യായം പ്രാവചനികമായി വർണിക്കുന്നു. പുതിയ ഭൂമിയിൽ ഒരു ശാശ്വത സ്ഥാനം ലഭിക്കുന്നവർ വാർധക്യം പ്രാപിക്കുകയോ മരിക്കുകയോ ഇല്ല. യെശയ്യാവു 65:20 നമുക്ക്‌ ഈ ഉറപ്പു തരുന്നു: “കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറുവയസ്സു പ്രായമുള്ളവനായി മരിക്കും [“ഒരുവൻ നൂറു വയസ്സുള്ളവൻ ആയിരുന്നാലും വെറുമൊരു ബാലൻ എന്ന പോലെ മരിക്കും,” NW]; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.”

13. ദൈവജനം സുരക്ഷിതത്വം ആസ്വദിക്കുമെന്ന്‌ യെശയ്യാവു 65:20 നമുക്ക്‌ ഉറപ്പുതരുന്നത്‌ എങ്ങനെ?

13 യെശയ്യാവിന്റെ ജനത്തിന്മേൽ ഇതിന്റെ ആദ്യ നിവൃത്തി ഉണ്ടായപ്പോൾ, ദേശത്തെ ശിശുക്കൾ സുരക്ഷിതരായിരിക്കും എന്ന്‌ അത്‌ അർഥമാക്കി. ഒരിക്കൽ ബാബിലോണിയർ ചെയ്‌തതുപോലെ, യാതൊരു ശത്രുക്കളും വന്ന്‌ ശിശുക്കളെ പിടിച്ചുകൊണ്ടു പോകുകയോ യൗവനക്കാരെ വധിക്കുകയോ ചെയ്യുമായിരുന്നില്ല. (2 ദിനവൃത്താന്തം 36:17, 20) പുതിയ ലോകത്തിൽ ആളുകൾ സുരക്ഷിതമായ ജീവിതം ആസ്വദിക്കും. ആരെങ്കിലും ദൈവത്തിനെതിരെ മത്സരിക്കാൻ തീരുമാനിച്ചാൽ തുടർന്നു ജീവിക്കാൻ അവനെ അനുവദിക്കില്ല. യഹോവ അവനെ നീക്കം ചെയ്യും. മത്സരിയായ പാപി നൂറു വയസ്സുള്ളവൻ ആയിരുന്നാലോ? അനന്തമായ ജീവനോടുള്ള താരതമ്യത്തിൽ, ‘വെറുമൊരു ബാലൻ എന്ന പോലെ’ അവൻ മരിക്കും.—1 തിമൊഥെയൊസ്‌ 1:19, 20; 2 തിമൊഥെയൊസ്‌ 2:16-19.

14, 15. യെശയ്യാവു 65:21, 22-ന്റെ അടിസ്ഥാനത്തിൽ, ഫലദായകമായ ഏതു കാര്യങ്ങളാണ്‌ നിങ്ങൾക്കു നോക്കിപ്പാർത്തിരിക്കാൻ കഴിയുക?

14 ഒരു മനഃപൂർവ പാപി എങ്ങനെ നീക്കം ചെയ്യപ്പെടും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, പുതിയ ലോകത്തിൽ നിലവിൽ വരാൻപോകുന്ന ജീവിതാവസ്ഥകൾ യെശയ്യാവ്‌ വിവരിക്കുന്നു. നിങ്ങൾ അവിടെ ആയിരിക്കുന്നതായി സങ്കൽപ്പിക്കുക. മനോദൃഷ്ടിയിൽ നിങ്ങൾ ആദ്യം കാണുന്ന കാര്യങ്ങൾ വ്യക്തിപരമായി ഏറ്റവും ബാധിക്കുന്ന കാര്യങ്ങൾ ആയിരിക്കും. 21-ഉം 22-ഉം വാക്യങ്ങളിൽ യെശയ്യാവ്‌ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.”

15 നിങ്ങൾക്കു കെട്ടിടം പണിയാനോ പൂന്തോട്ടം ഉണ്ടാക്കാനോ ഉള്ള പരിചയം ഇല്ലെങ്കിൽ, നിങ്ങൾക്കായി അവിടെ ഒരു വിദ്യാഭ്യാസ പരിപാടി ഉണ്ടായിരിക്കും എന്ന്‌ യെശയ്യാവിന്റെ പ്രവചനം സൂചിപ്പിക്കുന്നു. എന്നാൽ, പ്രാപ്‌തരും അനുഭവസമ്പന്നരുമായ വ്യക്തികളുടെ, ഒരുപക്ഷേ സഹായിക്കാൻ ഒരുക്കമുള്ള അയൽക്കാരുടെ സഹായത്താൽ അവ പഠിക്കാൻ നിങ്ങൾ സന്നദ്ധർ ആയിരിക്കുമോ? നിങ്ങൾക്ക്‌ ഇളംകാറ്റ്‌ ആസ്വദിക്കാൻ കഴിയുമാറ്‌ ചില്ലിടാത്ത വലിയ ജാലകങ്ങളാണോ അതോ ഋതുഭേദങ്ങൾ നോക്കിക്കാണാൻ കഴിയുമാറ്‌ ചില്ലിട്ട ജാലകങ്ങളാണോ നിങ്ങളുടെ വീടിന്‌ ഉണ്ടായിരിക്കുക എന്ന്‌ യെശയ്യാവ്‌ പറഞ്ഞില്ല. മഴവെള്ളവും ഹിമവും ഒലിച്ചുപോകാൻ കഴിയുന്ന വിധത്തിൽ ചെരിഞ്ഞ മേൽക്കൂര ആയിരിക്കുമോ നിങ്ങൾ രൂപകൽപ്പന ചെയ്യുക? അതോ മധ്യപൂർവ ദേശത്തെ വീടുകൾപോലെ, കുടുംബത്തോടൊത്തിരുന്ന്‌ രുചികരമായ ഭക്ഷണം ആസ്വദിക്കാനും വർത്തമാനം പറയാനും കഴിയുന്ന ഒരു പരന്ന മേൽക്കൂര ആയിരിക്കുമോ സ്ഥലത്തെ കാലാവസ്ഥയ്‌ക്കു യോജിക്കുന്നത്‌?—ആവർത്തനപുസ്‌തകം 22:8; നെഹെമ്യാവു 8:16.

16. പുതിയ ലോകം ശാശ്വതമായി സംതൃപ്‌തിദായകം ആയിരിക്കുമെന്ന്‌ നിങ്ങൾക്കു പ്രതീക്ഷിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

16 എന്നാൽ, അത്തരം വിശദാംശങ്ങൾ അറിയുന്നതിനെക്കാൾ ഏറെ പ്രധാനം അന്ന്‌ നിങ്ങൾക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കും എന്ന്‌ അറിയുന്നതാണ്‌. അതു നിങ്ങളുടേത്‌ ആയിരിക്കും—നിങ്ങൾ അധ്വാനിച്ചു നിർമിക്കുകയും മറ്റൊരാൾ പ്രയോജനം അനുഭവിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ ആയിരിക്കില്ല അന്ന്‌. മാത്രമല്ല, നിങ്ങൾ ‘നട്ട്‌ ഫലം അനുഭവിക്കും’ എന്ന്‌ യെശയ്യാവു 65:21 പറയുന്നു. വ്യക്തമായും, അത്‌ അന്നത്തെ പൊതുവായ സ്ഥിതിവിശേഷത്തെ സംഗ്രഹിക്കുന്നതാണ്‌. നിങ്ങളുടെ ശ്രമങ്ങളിൽനിന്ന്‌, സ്വന്തം അധ്വാനത്തിന്റെ ഫലത്തിൽനിന്ന്‌, നിങ്ങൾ വലിയ സംതൃപ്‌തി അനുഭവിക്കും. അതു ദീർഘകാലത്തേക്ക്‌—“വൃക്ഷത്തിന്റെ ആയുസ്സുപോലെ”—ചെയ്യാൻ നിങ്ങൾക്കു സാധിക്കും. ‘സകലതും പുതിയത്‌’ എന്ന പ്രയോഗം അപ്പോൾ ശരിക്കും ഇണങ്ങും!—സങ്കീർത്തനം 92:12-14.

17. ഏത്‌ വാഗ്‌ദാനം വിശേഷാൽ പ്രോത്സാഹജനകമാണെന്നു മാതാപിതാക്കൾ കണ്ടെത്തും?

17 നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ പിൻവരുന്ന വാക്കുകൾ നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കും: “അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു [“അസ്വസ്ഥതയ്‌ക്കായിട്ടു,” NW] പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും. അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.” (യെശയ്യാവു 65:23, 24) ‘അസ്വസ്ഥതയ്‌ക്കായിട്ടു പ്രസവിക്കുന്നതിന്റെ’ വേദന അനുഭവത്തിൽനിന്ന്‌ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? മാതാപിതാക്കൾക്കും മറ്റുള്ളവർക്കും അസ്വസ്ഥത ഉളവാക്കാൻ പോന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ ഇവിടെ എടുത്തുപറയേണ്ടതില്ല. കൂടാതെ, കുട്ടികളോടൊത്തു ചെലവഴിക്കാൻ സമയം ഇല്ലാത്ത വിധം തങ്ങളുടെ തൊഴിലിലോ പ്രവർത്തനങ്ങളിലോ ഉല്ലാസങ്ങളിലോ ആമഗ്നരായിരിക്കുന്ന മാതാപിതാക്കളെ നാമെല്ലാം കണ്ടിട്ടുണ്ട്‌. എന്നാൽ നേരെമറിച്ച്‌, യഹോവ നമ്മുടെ ആവശ്യങ്ങൾ ശ്രവിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്യുമെന്ന്‌ അവൻ നമുക്ക്‌ ഉറപ്പേകുന്നു.

18. പുതിയ ലോകത്തിൽ മൃഗങ്ങളോടൊപ്പം ആയിരിക്കുന്നത്‌ നിങ്ങൾക്ക്‌ ആസ്വദിക്കാനാകുമെന്നു പ്രതീക്ഷിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

18 പുതിയ ലോകത്തിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ, ദൈവത്തിന്റെ പ്രാവചനിക വചനം വിവരിക്കുന്ന പിൻവരുന്ന രംഗം ഭാവനയിൽ കാണുക: “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 65:25) ഈ രംഗം ചിത്രത്തിലാക്കാൻ മനുഷ്യ കലാകാരന്മാർ ശ്രമിച്ചിട്ടുണ്ട്‌. എന്നാൽ യാഥാർഥ്യത്തിന്റെ സ്‌പർശമില്ലാത്ത വെറുമൊരു സങ്കൽപ്പ വിവരണമല്ല ഇത്‌. ഈ രംഗം യാഥാർഥ്യമായിത്തീരും. മനുഷ്യർക്കിടയിലും മനുഷ്യരും മൃഗങ്ങളും തമ്മിലും സമാധാനം ഉണ്ടായിരിക്കും. ഇന്ന്‌ നിരവധി ജീവശാസ്‌ത്രജ്ഞരും മൃഗസ്‌നേഹികളും ഏതാനും ചില ജീവികളെയോ ഏതെങ്കിലുമൊരു വർഗത്തെയോ കുറിച്ചുള്ള പഠനത്തിനായി തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഉഴിഞ്ഞുവെക്കുന്നു. എന്നാൽ അതിൽ നിന്നു വ്യത്യസ്‌തമായി, മൃഗങ്ങൾ മനുഷ്യരെ ഭയക്കുകയില്ലാത്ത ഒരു കാലത്ത്‌ അവയെ കുറിച്ച്‌ എന്തുമാത്രം പഠിക്കാൻ കഴിയുമെന്നു ചിന്തിക്കുക. അപ്പോൾ നിങ്ങൾക്കു വനവാസികളായ പക്ഷികളുടെയും ചെറിയ ജീവികളുടെയും അടുത്തു ചെല്ലാനും അവയെ നിരീക്ഷിക്കാനും ആസ്വദിക്കാനും അവയിൽനിന്നു പഠിക്കാനും കഴിയും. (ഇയ്യോബ്‌ 12:7-9) മനുഷ്യരിൽനിന്നോ മൃഗങ്ങളിൽനിന്നോ ഉള്ള അപകടഭീതി ഇല്ലാതെ സുരക്ഷിതമായി നിങ്ങൾക്ക്‌ അതു ചെയ്യാൻ സാധിക്കും. യഹോവ ഇങ്ങനെ പറയുന്നു: “എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല.” നാം ഇന്നു കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽനിന്ന്‌ എത്ര വ്യത്യസ്‌തമായിരിക്കും അത്‌!

19, 20. യഹോവയുടെ ജനം ഇന്നത്തെ മിക്ക ആളുകളിൽനിന്നും വളരെ വ്യത്യസ്‌തരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ഭാവി കൃത്യമായി മുൻകൂട്ടി പറയാൻ മനുഷ്യർക്കു സാധിക്കില്ല എന്നു നാം മുമ്പു കണ്ടുകഴിഞ്ഞു. പുതിയ സഹസ്രാബ്‌ദത്തെ കുറിച്ച്‌ അവർ പൊതുവെ ആകുലരാണ്‌. അത്‌ അനേകരെ ഭഗ്നാശരും ആശയക്കുഴപ്പം ബാധിച്ചവരും നിരാശരും ആക്കിത്തീർക്കുന്നു. ഒരു കനേഡിയൻ സർവകലാശാലയുടെ ഡയറക്‌ടറായ പീറ്റർ എംബർലി ഇങ്ങനെ എഴുതി: “[മുതിർന്നവർ] പലരും ഒടുവിൽ അസ്‌തിത്വം സംബന്ധിച്ച അടിസ്ഥാന ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഞാൻ ആരാണ്‌? ഞാൻ വാസ്‌തവത്തിൽ എന്തിനു വേണ്ടിയാണു യത്‌നിക്കുന്നത്‌? അടുത്ത തലമുറയ്‌ക്കായി ഞാൻ അവശേഷിപ്പിക്കുന്ന പൈതൃകം എന്താണ്‌? അച്ചടക്കം ഉണ്ടായിരിക്കാനും ജീവിതത്തിൽ അർഥം കണ്ടെത്താനും അവർ മധ്യവയസ്സിൽ പാടുപെടുകയാണ്‌.”

20 പലരുടെ കാര്യത്തിലും അതു സത്യമായിരിക്കുന്നതിന്റെ കാരണം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. ഹോബികളിലോ ആവേശകരമായ വിനോദങ്ങളിലോ ഏർപ്പെട്ടുകൊണ്ട്‌ ജീവിതം ആസ്വദിക്കാൻ അവർ ശ്രമിച്ചേക്കാം. എന്നാൽ ഭാവി എന്തു കൈവരുത്തുമെന്ന്‌ അറിയില്ലാത്തതിനാൽ അവരുടെ ജീവിതത്തിനു പ്രാധാന്യമോ ക്രമമോ യഥാർഥ അർഥമോ ഇല്ലാതെപോയേക്കാം. എന്നാൽ നാം പരിചിന്തിച്ച കാര്യങ്ങളുടെ വീക്ഷണത്തിൽ, ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണവുമായി അതിനെ താരതമ്യം ചെയ്യുക. യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ചുറ്റും നോക്കി ‘വാസ്‌തവത്തിൽ ദൈവം സകലവും പുതുതാക്കിയിരിക്കുന്നു!’ എന്നു മുഴു ഹൃദയത്തോടെ പറയാൻ സാധിക്കുമെന്ന്‌ നിങ്ങൾക്ക്‌ അറിയാം. നാം അത്‌ എത്രമാത്രം ആസ്വദിക്കും!

21. യെശയ്യാവു 65:25-ലും യെശയ്യാവു 11:9-ലും ഏത്‌ പൊതു ഘടകം നാം കാണുന്നു?

21 ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നതായി സങ്കൽപ്പിക്കുന്നത്‌ അഹങ്കാരമല്ല. ഇപ്പോൾ തന്നെ സത്യത്തിൽ ആരാധിക്കാനും ‘തന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ലാത്ത’ കാലത്തെ ജീവിതത്തിനായി യോഗ്യത പ്രാപിക്കാനും ദൈവം നമ്മെ ക്ഷണിക്കുന്നു, പ്രേരിപ്പിക്കുക പോലും ചെയ്യുന്നു. (യെശയ്യാവു 65:25) എന്നിരുന്നാലും, തുടക്കത്തിൽ യെശയ്യാവ്‌ സമാനമായ ഒരു സംഗതി പറയുകയും നാം പുതിയ ലോകം യഥാർഥമായും ആസ്വദിക്കുന്നതിന്‌ ആവശ്യമായിരിക്കുന്ന ഒരു നിർണായക ഘടകം അതിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നതായി നിങ്ങൾക്ക്‌ അറിയാമായിരുന്നോ? യെശയ്യാവു 11:9-ൽ ഇങ്ങനെ പറയുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല.”

22. നാല്‌ ബൈബിൾ പ്രവചനങ്ങളെ കുറിച്ചുള്ള നമ്മുടെ പരിചിന്തനം എന്തു ചെയ്യാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ അരക്കിട്ടുറപ്പിക്കണം?

22 “യഹോവയുടെ പരിജ്ഞാനം.” ദൈവം സകലവും പുതുതാക്കുമ്പോൾ ഭൂമിയിലെ നിവാസികൾക്ക്‌ അവനെയും അവന്റെ ഹിതത്തെയും കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം ഉണ്ടായിരിക്കും. മൃഗസൃഷ്ടികളിൽനിന്ന്‌ പഠിക്കുന്നതിനെക്കാൾ വളരെ ഏറെ കാര്യങ്ങൾ അതിൽ ഉൾപ്പെടും. അവന്റെ നിശ്വസ്‌ത വചനം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്‌, ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ പരാമർശിക്കുന്ന വെറും നാല്‌ പ്രവചനങ്ങൾ പരിശോധിച്ചതിൽനിന്നു നാം എത്രമാത്രം വിവരങ്ങൾ മനസ്സിലാക്കിയെന്നു ചിന്തിക്കുക. (യെശയ്യാവു 65:17; 66:22; 2 പത്രൊസ്‌ 3:13; വെളിപ്പാടു 21:1) ബൈബിൾ ദിവസേന വായിക്കുന്നതിനു നിങ്ങൾക്ക്‌ നല്ല കാരണങ്ങളുണ്ട്‌. ബൈബിൾ വായന നിങ്ങളുടെ പതിവു പ്രവർത്തനങ്ങളുടെ ഒരു ഭാഗമാണോ? അല്ലെങ്കിൽ, ദൈവത്തിനു പറയാനുള്ള കാര്യങ്ങളിൽ കുറെയെങ്കിലും ദിവസവും വായിക്കാനായി നിങ്ങൾക്ക്‌ എന്തൊക്കെ പൊരുത്തപ്പെടുത്തലുകളാണു വരുത്താൻ കഴിയുക? പുതിയ ലോകം ആസ്വദിക്കാനായി നോക്കിപ്പാർത്തിരിക്കാൻ കഴിയുന്നതിനു പുറമേ, നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ വർധിച്ച സന്തോഷം ലഭിക്കും, സങ്കീർത്തനക്കാരന്‌ ലഭിച്ചതുപോലെതന്നെ.—സങ്കീർത്തനം 1:1, 2, NW.

[അടിക്കുറിപ്പുകൾ]

^ ഖ. 11 വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 1, പേജ്‌ 906 കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

യെശയ്യാവു 66:22-24-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നതേയുള്ളൂവെന്ന്‌ നമുക്കു നിഗമനം ചെയ്യാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

യെശയ്യാവു 66:22-24-ലും യെശയ്യാവു 65:20-25-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഏതു കാര്യങ്ങൾക്കായാണ്‌ നിങ്ങൾ വിശേഷാൽ നോക്കിപ്പാർത്തിരിക്കുന്നത്‌?

• ഭാവിയെ കുറിച്ച്‌ ഉറപ്പുള്ളവരായിരിക്കുന്നതിന്‌ നിങ്ങൾക്ക്‌ എന്തു കാരണങ്ങളാണ്‌ ഉള്ളത്‌?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രങ്ങൾ]

യെശയ്യാവും പത്രൊസും യോഹന്നാനും ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള വിശദാംശങ്ങൾ മുൻകൂട്ടി പറഞ്ഞു