വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വിലയേറിയ തൈലംകൊണ്ട്‌ യേശുവിനെ അഭിഷേകം ചെയ്‌തതിനെ സംബന്ധിച്ചുണ്ടായ പരാതി മൂന്നു സുവിശേഷങ്ങൾ രേഖപ്പെടുത്തുന്നു. അപ്പൊസ്‌തലന്മാരിൽ പലരും പരാതിപ്പെട്ടോ, അതോ പ്രധാനമായും യൂദായാണോ പരാതിപ്പെട്ടത്‌?

മത്തായി, മർക്കൊസ്‌, യോഹന്നാൻ എന്നിവരുടെ സുവിശേഷങ്ങളിൽ ഈ സംഭവത്തെ കുറിച്ചു നാം വായിക്കുന്നു. യൂദായാണു പരാതിപ്പെടാൻ മുൻകൈയെടുത്തതെന്നു തോന്നുന്നു. അപ്പോൾ ചില അപ്പൊസ്‌തലന്മാരെങ്കിലും അവനോട്‌ ഒപ്പം ചേർന്നിരിക്കാം. നാലു സുവിശേഷ വിവരണങ്ങൾ ഉള്ളതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടെന്ന്‌ ഈ സംഭവം ദൃഷ്ടാന്തീകരിക്കുന്നു. ഓരോ എഴുത്തുകാരനും കൃത്യമായ വിവരങ്ങളാണ്‌ എഴുതിയത്‌, എന്നാൽ എല്ലാവരും ഒരേ വിശദാംശങ്ങൾ അല്ല നൽകുന്നത്‌. സമാന്തര വിവരണങ്ങൾ താരതമ്യം ചെയ്യുമ്പോൾ പല സംഭവങ്ങളെയും കുറിച്ച്‌ നമുക്കു കൂടുതൽ പൂർണവും വിശദവുമായ വീക്ഷണങ്ങൾ ലഭിക്കുന്നു.

ബെഥാന്യയിൽ, കുഷ്‌ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിലാണ്‌ സംഭവം നടന്നതെന്ന്‌ മത്തായി 26:6-13-ലെ വിവരണം പറയുന്നു. എന്നാൽ യേശുവിന്റെ തലയിൽ പരിമളതൈലം ഒഴിച്ച സ്‌ത്രീയുടെ പേരു മത്തായി പറയുന്നില്ല. ‘ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞെ’ന്നും ആ തൈലം വിറ്റ്‌ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നു എന്ന്‌ പറഞ്ഞെന്നും അവൻ രേഖപ്പെടുത്തുന്നു.

ഈ വിശദാംശങ്ങളിൽ മിക്കവയും മർക്കൊസിന്റെ വിവരണത്തിലുണ്ട്‌. എന്നാൽ അവൾ ഭരണി പൊട്ടിച്ചു എന്ന്‌ അവൻ കൂട്ടിച്ചേർക്കുന്നു. അതിൽ “സ്വച്ഛജടമാംസി” സുഗന്ധതൈലമാണ്‌ ഉണ്ടായിരുന്നത്‌. അത്‌ ഇന്ത്യയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തതായിരിക്കാം. പരാതിയെ സംബന്ധിച്ച്‌ മർക്കൊസ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: ‘ചിലർ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു.’ (മർക്കൊസ്‌ 14:3-9) അതുകൊണ്ട്‌ പരാതിപ്പെടുന്നതിൽ ഒന്നിലധികം അപ്പൊസ്‌തലന്മാർ ഉൾപ്പെട്ടിരുന്നതായി ഈ രണ്ട്‌ വിവരണങ്ങളും പ്രകടമാക്കുന്നു. എന്നാൽ അത്‌ ആരംഭിച്ചത്‌ എങ്ങനെയാണ്‌?

ഒരു ദൃക്‌സാക്ഷി ആയിരുന്ന യോഹന്നാൻ പ്രസക്തമായ വിശദാംശങ്ങൾ കൂട്ടിച്ചേർത്തു. അവൻ ആ സ്‌ത്രീയുടെ പേരു പറയുന്നു—മാർത്തയുടെയും ലാസറിന്റെയും സഹോദരിയായ മറിയ. ‘അവൾ യേശുവിന്റെ കാലിൽ തൈലം പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി’ എന്നും യോഹന്നാൻ വിശദീകരിക്കുന്നു. അവൻ നൽകിയ ഈ വിശദാംശത്തെ പരസ്‌പരവിരുദ്ധമായ ഒന്നായിട്ടല്ല മറിച്ച്‌ ഒരു പൂരക വിശദാംശമായി നമുക്ക്‌ എടുക്കാവുന്നതാണ്‌. മൂന്നു വിവരണങ്ങളും ഒന്നിച്ചുചേർത്തു നോക്കുമ്പോൾ, മറിയ യേശുവിന്റെ തലയിലും കാലിലും തൈലം പൂശിയെന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. അത്‌ “സ്വച്ഛജടാമാംസിതൈലം” ആയിരുന്നുവെന്ന്‌ യോഹന്നാനും സാക്ഷ്യപ്പെടുത്തുന്നു. അവന്‌ യേശുവിനോടു വളരെ അടുപ്പമുണ്ടായിരുന്നു. അതുകൊണ്ട്‌ യേശുവിനെ അനാദരിക്കുന്നത്‌ അവനെ എളുപ്പത്തിൽ ദേഷ്യം പിടിപ്പിക്കുമായിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: “അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള [“ഒററിക്കൊടുക്കാനിരുന്ന,” ഓശാന ബൈബിൾ] യൂദാ ഈസ്‌കര്യോത്താവു: ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിററു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.”—യോഹന്നാൻ 12:2-8.

തീർച്ചയായും യൂദാ ‘ശിഷ്യന്മാരിൽ ഒരുത്തൻ’ ആയിരുന്നു. എന്നാൽ ആ സ്ഥാനത്തുള്ള ഒരുവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ പദ്ധതിയിട്ടതിലെ യോഹന്നാന്റെ അമർഷം അവന്റെ വാക്കുകളിൽനിന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. ‘“ഒററിക്കൊടുക്കാനിരുന്ന”’ എന്നതിനു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന “വർത്തമാനകാല ക്രിയാരൂപം തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു” എന്ന്‌ യോഹന്നാൻ 12:4-നെ കുറിച്ചുള്ള തന്റെ വിശദീകരണത്തിൽ പരിഭാഷകനായ ഡോക്ടർ സി. ഹാർവാർഡ്‌ മാത്തെനി പറയുന്നു. “യൂദാ യേശുവിനെ ഒറ്റിക്കൊടുത്തത്‌ ഒരു ദുർബല നിമിഷത്തിൽ പെട്ടെന്നു സ്വീകരിച്ച ഒരു നടപടി ആയിരുന്നില്ലെന്ന്‌ ഇതു പ്രകടമാക്കുന്നു, പല ദിവസങ്ങൾകൊണ്ട്‌ ചിന്തിച്ച്‌ ആസൂത്രണം ചെയ്‌ത ഒരു സംഗതി ആയിരുന്നു അത്‌.” യൂദായ്‌ക്ക്‌ “ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടു”മാണ്‌ പരാതിപ്പെട്ടതെന്ന്‌ യോഹന്നാൻ വ്യക്തമാക്കുന്നു.

വിലയേറിയ തൈലം വിറ്റ്‌ പണം യൂദായുടെ കൈവശമുള്ള പണസഞ്ചിയിൽ ഇട്ടാൽ അതിൽ നിന്നു കൂടുതൽ പണം മോഷ്ടിക്കാൻ അവനു കഴിയുമായിരുന്നു എന്നതിനാൽ, കള്ളനായ യൂദായാണ്‌ പരാതിപറയാൻ മുൻകൈയെടുത്തതെന്ന്‌ യുക്തിസഹമായി പറയാനാകും. യൂദാ പരാതി ഉന്നയിച്ചപ്പോൾ, ന്യായമെന്നു തോന്നിച്ച ആ സംഗതി സംബന്ധിച്ച്‌ മറ്റു ചില അപ്പൊസ്‌തലന്മാർ മുറുമുറുത്തിരിക്കാം. പക്ഷേ, യൂദാ ആയിരുന്നു പരാതിയുടെ മുഖ്യ പ്രേരകൻ.