സകലവും പുതുതാക്കുന്നു—മുൻകൂട്ടി പറഞ്ഞിരിക്കുന്നതു പോലെ
സകലവും പുതുതാക്കുന്നു—മുൻകൂട്ടി പറഞ്ഞിരിക്കുന്നതു പോലെ
“സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്‌തു. . . . ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്‌പിച്ചു.”—വെളിപ്പാടു 21:5.
1, 2. ഭാവി എന്തായിരിക്കുമെന്നു പറയാൻ പലരും ഉചിതമായിത്തന്നെ മടിക്കുന്നത് എന്തുകൊണ്ട്?
‘നാളെ എന്തു സംഭവിക്കുമെന്ന് ആർക്കറിയാം?’ നിങ്ങൾ എന്നെങ്കിലും അങ്ങനെ പറയുകയോ ചിന്തിക്കുകയോ ചെയ്‌തിട്ടുണ്ടോ? ഭാവിയിൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കാനോ അതു മുൻകൂട്ടി പറയാമെന്ന് അവകാശപ്പെടുന്നവരെ വിശ്വസിക്കാനോ ആളുകൾ വിസമ്മതിക്കുന്നതിന്റെ കാരണം നിങ്ങൾക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ. വരും മാസങ്ങളിലോ വർഷങ്ങളിലോ എന്തു സംഭവിക്കും എന്നു കൃത്യമായി മുൻകൂട്ടി പറയാനുള്ള കഴിവ് മനുഷ്യർക്കില്ല എന്നതുതന്നെ.
2 ഫോബ്‌സ് എഎസ്‌എപി എന്ന മാസിക, കാലം എന്ന വിഷയത്തെ കുറിച്ചു പ്രതിപാദിക്കാൻ അതിന്റെ ഒരു ലക്കം നീക്കിവെച്ചു. അതിൽ, ടിവി ഡോക്യുമെന്ററി അവതാരകനായ റോബർട്ട് ക്രിഞ്ച്‌ലി ഇപ്രകാരം എഴുതി: “ഒടുവിൽ കാലം നമ്മെയെല്ലാം ലജ്ജിപ്പിക്കുന്നു. എന്നാൽ, ഭാവി പറയുന്നവരെ പോലെ കാലത്തിന്റെ കരങ്ങളിൽനിന്ന് തോൽവി ഏറ്റുവാങ്ങുന്നവർ വേറെയില്ല. ഭാവി എന്തായിരിക്കും എന്ന് ഊഹിക്കാൻ ശ്രമിക്കുന്നത് മിക്കവാറും എല്ലായ്‌പോഴുംതന്നെ നാം പരാജയപ്പെടുന്ന ഒരു കളിയാണ്. . . . എന്നിട്ടും, വിദഗ്‌ധർ എന്നു വിളിക്കപ്പെടുന്നവർ പ്രവചനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.”
3, 4. (എ) ചിലർ പുതിയ സഹസ്രാബ്ദത്തെ കുറിച്ച് എന്തു ശുഭപ്രതീക്ഷ പുലർത്തുന്നു? (ബി) ഭാവിയെ കുറിച്ച് വസ്‌തുനിഷ്‌ഠമായ ഏതെല്ലാം അഭിപ്രായങ്ങളാണു മറ്റു ചിലർക്കുള്ളത്?
3 പുതിയ സഹസ്രാബ്‌ദത്തിനു വളരെയധികം ശ്രദ്ധ കൊടുക്കപ്പെടുന്നതിനാൽ, ഭാവിയെ കുറിച്ച് ആളുകൾ വളരെയേറെ ചിന്തിക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകാം.
കഴിഞ്ഞ വർഷാരംഭത്തിൽ മക്ലീൻസ് മാസിക ഇപ്രകാരം പറഞ്ഞു: “മിക്ക കാനഡക്കാർക്കും 2000-ാമാണ്ട് കേവലം മറ്റൊരു കലണ്ടർ വർഷം ആയിരിക്കാം. എന്നാൽ അത് ഒരു പുതിയ തുടക്കവുമായി യാദൃച്ഛികമായി ഒത്തുവന്നേക്കാം.” യോർക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ക്രിസ് ഡ്യൂഡ്‌നി ശുഭപ്രതീക്ഷയ്‌ക്ക് ഈ കാരണം നൽകി: “പുതിയ സഹസ്രാബ്ദം എത്തുമ്പോൾ അതിഭീതിദമായ ഒരു നൂറ്റാണ്ടിൽനിന്ന് നാം മുക്തരാകും.”4 എന്നാൽ അതു വെറുമൊരു വ്യാമോഹമായി തോന്നുന്നുണ്ടോ? കാനഡയിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ 22 ശതമാനം പേർ മാത്രമാണ് “2000-ാമാണ്ട് ലോകത്തിന് ഒരു പുതിയ തുടക്കം കുറിക്കുമെന്നു വിശ്വസിക്കു”ന്നത്. വാസ്‌തവത്തിൽ, അവരിൽ പകുതിയോളം പേർ അടുത്ത 50 വർഷത്തിനുള്ളിൽ “മറ്റൊരു ലോക പോരാട്ടം”—ലോകയുദ്ധം—“ഉണ്ടാകുമെന്നു കരുതുന്നു.” വ്യക്തമായും, ഒരു പുതിയ സഹസ്രാബ്‌ദത്തിനു നമ്മുടെ പ്രശ്‌നങ്ങളെ ഇല്ലാതാക്കിക്കൊണ്ട് സകലവും പുതുതാക്കാൻ സാധിക്കില്ല എന്നു മിക്കവരും മനസ്സിലാക്കുന്നു. ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ മുൻ പ്രസിഡന്റായ സർ മൈക്കിൾ ആറ്റിയ ഇങ്ങനെ എഴുതി: “ത്വരിത ഗതിയിലുള്ള മാറ്റത്തിന്റെ അർഥം . . . ഇരുപത്തിയൊന്നാം നൂറ്റാണ്ട് മുഴു മാനവ സംസ്‌കാരത്തിനും നിർണായകമായ വെല്ലുവിളികൾ ആനയിക്കും എന്നാണ്. ജനപ്പെരുപ്പം, വിഭവങ്ങളുടെ പരിമിതി, പരിസ്ഥിതി മലിനീകരണം, വ്യാപകമായ ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങളെ ഇപ്പോൾത്തന്നെ നാം അഭിമുഖീകരിക്കുന്നു. അവയെ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ടതുണ്ട്.”
5. ഭാവി സംബന്ധിച്ചുള്ള ആശ്രയയോഗ്യമായ വിവരങ്ങൾ നമുക്ക് എവിടെ കണ്ടെത്താനാകും?
5 നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഭാവി എന്തായിരിക്കും എന്നു മനുഷ്യർക്കു മുൻകൂട്ടി പറയാൻ കഴിയാത്തതിനാൽ, നാം ഭാവിയെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതല്ലേ നല്ലത്? അല്ല എന്നതാണ് ഉത്തരം! ഭാവിയിൽ സംഭവിക്കാൻ പോകുന്നതു കൃത്യമായി മുൻകൂട്ടി പറയാൻ മനുഷ്യർക്കു സാധിക്കില്ല എന്നതു ശരിതന്നെ. എന്നാൽ ആർക്കും അതു സാധിക്കില്ല എന്നു നാം ചിന്തിക്കരുത്. ആർക്കാണ് അതു സാധിക്കുക? ഭാവി സംബന്ധിച്ച് നാം ശുഭാപ്‌തിവിശ്വാസം ഉള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്? വ്യക്തമായ നാലു പ്രവചനങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരം നിങ്ങൾക്കു കണ്ടെത്താനാകും. ബഹുഭൂരിപക്ഷം ആളുകളുടെ കൈവശമുള്ളതും ഏറ്റവും വായിക്കപ്പെടുന്നതും അതേസമയം ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതും അവഗണിക്കപ്പെട്ടിരിക്കുന്നതുമായ പുസ്‌തകത്തിലാണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്, അതായത് ബൈബിളിൽ. നിങ്ങൾ ബൈബിളിനെ കുറിച്ച് എന്തുതന്നെ വിചാരിച്ചാലും, നിങ്ങൾക്ക് അതുമായി എത്രമാത്രം പരിചയം ഉണ്ടായിരുന്നാലും, ഈ നാലു സുപ്രധാന വേദഭാഗങ്ങൾ പരിചിന്തിക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും. വളരെ ശോഭനമായ ഒരു ഭാവിയെ കുറിച്ച് അതു മുൻകൂട്ടി പറയുന്നു. മാത്രമല്ല, നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ഭാവി എന്തായിരിക്കുമെന്നു കൂടി ഈ നാലു സുപ്രധാന പ്രവചനങ്ങൾ വിവരിക്കുന്നു.
6, 7. യെശയ്യാവ് എന്നാണു പ്രവചിച്ചത്, അവന്റെ പ്രവചനങ്ങൾക്ക് അതിശയകരമായ ഒരു നിവൃത്തി ഉണ്ടായത് എങ്ങനെ?
6 ഇവയിൽ ആദ്യത്തേത് യെശയ്യാവു 65-ാം അധ്യായത്തിൽ കാണാം. അതു വായിക്കുന്നതിനു മുമ്പ്, അതിന്റെ പശ്ചാത്തലം—അത് എഴുതപ്പെട്ട സമയവും പ്രതിപാദിക്കുന്ന സാഹചര്യവും—വ്യക്തമായി മനസ്സിൽ പിടിക്കുക. അത് എഴുതിയ ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ്, യഹൂദ രാജ്യം അവസാനിക്കുന്നതിന് നൂറിലേറെ വർഷം മുമ്പാണു ജീവിച്ചിരുന്നത്. യഹോവ അവിശ്വസ്‌ത യഹൂദന്മാരിൽ നിന്ന് സംരക്ഷണം പിൻവലിക്കുകയും യെരൂശലേമിനെ നശിപ്പിച്ച് അതിലെ നിവാസികളെ പ്രവാസത്തിലേക്കു കൊണ്ടുപോകാൻ ബാബിലോണിയരെ അനുവദിക്കുകയും ചെയ്‌തപ്പോഴാണ് ആ രാജ്യത്തിന് അന്ത്യം നേരിട്ടത്. യെശയ്യാവ് അതു മുൻകൂട്ടി പറഞ്ഞിട്ട് നൂറിലധികം വർഷം കഴിഞ്ഞാണ് അതു സംഭവിച്ചത്.—2 ദിനവൃത്താന്തം 36:15-21.
7 നിവൃത്തിയുടെ ചരിത്ര പശ്ചാത്തലം സംബന്ധിച്ചാണെങ്കിൽ, ബാബിലോണിനെ കീഴടക്കിയ പേർഷ്യക്കാരനായ കോരെശ് (സൈറസ്) ജനിക്കുന്നതിനു മുമ്പു പോലും അവന്റെ പേര് ദൈവത്തിന്റെ മാർഗനിർദേശത്താൽ യെശയ്യാവ് മുൻകൂട്ടി പറഞ്ഞെന്ന് ഓർമിക്കുക. (യെശയ്യാവു 45:1) പൊ.യു.മു. 537-ൽ യഹൂദന്മാർ സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതിന് വേദി ഒരുക്കിയത് കോരെശാണ്. എന്നാൽ അതിശയകരമെന്നു പറയട്ടെ, യെശയ്യാവ് ആ പുനഃസ്ഥിതീകരണത്തെ കുറിച്ചു മുൻകൂട്ടി പറഞ്ഞിരുന്നു. അത് 65-ാം അധ്യായത്തിൽ നമുക്കു വായിക്കാനാകും. സ്വദേശത്തു തിരിച്ചെത്തുന്ന യഹൂദന്മാർ അവിടെ ആസ്വദിക്കുമായിരുന്ന കാര്യങ്ങളെ കുറിച്ചാണ് യെശയ്യാവ് കൂടുതലും വിവരിക്കുന്നത്.
8. യെശയ്യാവ് ഏതു സന്തുഷ്ട ഭാവിയെ കുറിച്ച് മുൻകൂട്ടി പറഞ്ഞു, ഏതു പദപ്രയോഗം നമുക്കു വിശേഷാൽ താത്‌പര്യജനകമാണ്?
8 യെശയ്യാവു 65:17-19-ൽ നാം ഇപ്രകാരം വായിക്കുന്നു: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരുശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല.” തീർച്ചയായും, യഹൂദന്മാർക്കു ബാബിലോണിൽ ഉണ്ടായിരുന്നതിനെക്കാൾ വളരെയേറെ മെച്ചപ്പെട്ട അവസ്ഥകളാണ് യെശയ്യാവ് വിവരിച്ചത്. സന്തോഷവും ആനന്ദവും ഉണ്ടായിരിക്കുമെന്ന് അവൻ മുൻകൂട്ടി പറഞ്ഞു. “പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന പ്രയോഗം ശ്രദ്ധിക്കുക. ബൈബിളിൽ ഈ പദപ്രയോഗം നാലു പ്രാവശ്യമേ ഉള്ളൂ, അതിൽ ആദ്യത്തേതാണ് ഇത്. ഈ നാലു വേദഭാഗങ്ങൾക്കു നമ്മുടെ ഭാവിയുടെ മേൽ നേരിട്ടുള്ള ഒരു ഫലം ഉണ്ടായിരിക്കാൻ കഴിയും, അവ നമ്മുടെ ഭാവി മുൻകൂട്ടി പറയുക പോലും ചെയ്യുന്നു.
9. യെശയ്യാവു 65:17-19-ന്റെ ഒരു നിവൃത്തിയിൽ പുരാതന യഹൂദന്മാർ ഉൾപ്പെട്ടിരുന്നത് എങ്ങനെ?
9 യെശയ്യാവു 65:17-19-ന്റെ ആദ്യ നിവൃത്തിയിൽ പുരാതന യഹൂദന്മാർ ഉൾപ്പെട്ടിരുന്നു. യെശയ്യാവ് കൃത്യമായി മുൻകൂട്ടി പറഞ്ഞതുപോലെതന്നെ, അവർ സ്വദേശത്തു മടങ്ങിപ്പോകുകയും അവിടെ സത്യാരാധന പുനഃസ്ഥാപിക്കുകയും ചെയ്‌തു. (എസ്രാ 1:1-4; 3:1-4) അവർ മടങ്ങിപ്പോയത് പ്രപഞ്ചത്തിലെ മറ്റേതെങ്കിലും സ്ഥലത്തേക്കല്ല, പിന്നെയോ ഇതേ ഗ്രഹത്തിലെ തങ്ങളുടെ സ്വന്തദേശത്തേക്കാണെന്ന് നിങ്ങൾക്ക് അറിയാം. പുതിയ ആകാശവും പുതിയ ഭൂമിയും എന്നതിനാൽ യെശയ്യാവ് എന്താണ് അർഥമാക്കിയതെന്നു ഗ്രഹിക്കാൻ ആ തിരിച്ചറിവു നമ്മെ സഹായിക്കും. നോസ്‌ട്രഡാമസിന്റെയോ മറ്റു മനുഷ്യ പ്രവാചകന്മാരുടെയോ അവ്യക്തമായ പ്രവചനങ്ങളുടെ കാര്യത്തിൽ ചിലർ ചെയ്യുന്നതുപോലെ നാം ഊഹാപോഹം നടത്തേണ്ടതില്ല. യെശയ്യാവ് എന്താണ് അർഥമാക്കിയതെന്ന് ബൈബിൾതന്നെ വിശദീകരിക്കുന്നു.
10. യെശയ്യാവ് മുൻകൂട്ടി പറഞ്ഞ പുതിയ “ഭൂമി”യെ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്?
10 ബൈബിൾ “ഭൂമി” എന്ന പ്രയോഗംകൊണ്ട് എല്ലായ്‌പോഴും നമ്മുടെ ഗ്രഹത്തെ അല്ല അർഥമാക്കുന്നത്. ദൃഷ്ടാന്തത്തിന്, സങ്കീർത്തനം 96:1 (NW) അക്ഷരീയമായി ഇങ്ങനെ പറയുന്നു: “മുഴു ഭൂമിയുമേ, യഹോവയ്‌ക്കു പാടുവിൻ.” നമ്മുടെ ഭൂമിക്ക്—മണ്ണിനോ വിശാലമായ സമുദ്രങ്ങൾക്കോ—പാടാൻ കഴിയില്ലെന്നു നമുക്ക് അറിയാം. എന്നാൽ ആളുകൾ പാടുന്നു. അതേ, സങ്കീർത്തനം 96:1 പരാമർശിക്കുന്നത് ഭൂമിയിലെ ജനങ്ങളെ ആണ്. * എന്നാൽ യെശയ്യാവു 65:17 “പുതിയ ആകാശ”ത്തെയും പരാമർശിക്കുന്നുണ്ട്. “ഭൂമി” യഹൂദന്മാരുടെ മാതൃദേശത്തെ ഒരു പുതിയ ജനസമൂഹത്തെ പരാമർശിക്കുന്നുവെങ്കിൽ, ഈ ‘പുതിയ ആകാശം’ എന്താണ്?
11. ‘പുതിയ ആകാശം’ എന്ന പദപ്രയോഗം എന്തിലേക്കു വിരൽചൂണ്ടുന്നു?
11 മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും ബൈബിൾപരവും ദൈവശാസ്‌ത്രപരവും സഭാപരവുമായ സാഹിത്യ വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പ്രാവചനിക ദർശനത്തിൽ ആകാശത്തെ കുറിച്ചു പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളിലെല്ലാം അത്, . . . അക്ഷരീയ ആകാശം ഭൂമിക്കു മീതെ നിൽക്കുകയും ആധിപത്യം പുലർത്തുകയും ചെയ്യുന്നതു പോലെതന്നെ . . . മീതെ ആയിരിക്കുകയും പ്രജകളെ ഭരിക്കുകയും ചെയ്യുന്ന . . . ഭരണശക്തികളുടെ മുഴു കൂട്ടത്തെയും പരാമർശിക്കുന്നു.” “ആകാശവും ഭൂമിയും” എന്നുള്ള സംയുക്ത പ്രയോഗത്തെ കുറിച്ച് ആ വിജ്ഞാനകോശം ഇങ്ങനെ വിശദീകരിക്കുന്നു: ‘പ്രാവചനിക ഭാഷയിൽ പ്രസ്‌തുത പദപ്രയോഗം വ്യത്യസ്‌ത നിലകളിലുള്ള ആളുകളുടെ രാഷ്‌ട്രീയ അവസ്ഥയെയാണു സൂചിപ്പിക്കുന്നത്. ആകാശം പരമാധികാരമാണ്; ഭൂമി, മേലധികാരികൾ ഭരിക്കുന്ന മനുഷ്യരും.’
12. പുരാതന യഹൂദന്മാർക്ക് “പുതിയ ആകാശവും പുതിയ ഭൂമിയും” അനുഭവവേദ്യമായത് എങ്ങനെ?
12 യഹൂദന്മാർ സ്വദേശത്തു മടങ്ങിവന്നപ്പോൾ, ഒരു പുതിയ വ്യവസ്ഥിതി എന്നു വിളിക്കാവുന്ന ഒന്നാണ് അവർക്കു ലഭിച്ചത്. അവിടെ ഒരു പുതിയ ഭരണസമിതി ഉണ്ടായിരുന്നു. ദാവീദ് രാജാവിന്റെ ഒരു വംശജൻ ആയിരുന്ന സെരുബ്ബാബേൽ ആയിരുന്നു ഗവർണർ, യോശുവ മഹാപുരോഹിതനും. (ഹഗ്ഗായി 1:1, 12; 2:21; സെഖര്യാവു 6:11) അവർ ഒരു ‘പുതിയ ആകാശം’ ആയിത്തീർന്നു. എന്തിനു മീതെ? യെരൂശലേമും യഹോവയെ ആരാധിക്കാനായി അതിലെ ആലയവും പുതുക്കിപ്പണിയാൻ സ്വദേശത്തു മടങ്ങിയെത്തിയ ശുദ്ധീകരിക്കപ്പെട്ട ജനസമൂഹമാകുന്ന “പുതിയ ഭൂമി”യുടെ മീതെ ആയിരുന്നു ആ ‘പുതിയ ആകാശം.’ അതുകൊണ്ട് ഈ യഥാർഥ അർഥത്തിൽ, അന്നത്തെ യഹൂദന്മാർ ഉൾപ്പെടുന്ന നിവൃത്തിയിൽ പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടായിരുന്നു.
13, 14. (എ) “പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന പദപ്രയോഗം കാണുന്ന മറ്റ് ഏതു സന്ദർഭം നാം പരിചിന്തിക്കണം? (ബി) പത്രൊസിന്റെ പ്രവചനം ഇക്കാലത്തു വിശേഷാൽ താത്‌പര്യജനകം ആയിരിക്കുന്നത് എന്തുകൊണ്ടാണ്?
13 മുഖ്യ ആശയം വിട്ടുകളയാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. ഇതു ബൈബിളിനെ വ്യാഖ്യാനിക്കാനുള്ള ഒരു ശ്രമമോ പുരാതന ചരിത്രത്തിലേക്കുള്ള വെറുമൊരു എത്തിനോട്ടമോ അല്ല. “പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന പദപ്രയോഗം കാണുന്ന മറ്റൊരു വാക്യം പരിശോധിക്കുന്നെങ്കിൽ നിങ്ങൾക്ക് അതു മനസ്സിലാക്കാൻ കഴിയും. 2 പത്രൊസ് 3-ാം അധ്യായത്തിൽ നിങ്ങൾക്ക് അതു കാണാം. അതു നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നതായും നിങ്ങൾ മനസ്സിലാക്കും.
14 യഹൂദന്മാർ സ്വദേശത്തു മടങ്ങിവന്നിട്ട് 500-ലേറെ വർഷം കഴിഞ്ഞാണ് പത്രൊസ് തന്റെ ലേഖനം എഴുതിയത്. യേശുവിന്റെ അപ്പൊസ്‌തലന്മാരിൽ ഒരുവൻ എന്ന നിലയിൽ പത്രൊസ്—2 പത്രൊസ് 3:2-ൽ അവൻ യേശുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്നു—ക്രിസ്‌തുവിന്റെ അനുഗാമികൾക്ക് എഴുതുകയായിരുന്നു. 4-ാം വാക്യത്തിൽ (NW), യേശുവിന്റെ “വാഗ്‌ദത്ത സാന്നിദ്ധ്യ”ത്തെ കുറിച്ച് പത്രൊസ് പരാമർശിക്കുന്നു. അത് ഈ പ്രവചനത്തെ നമ്മുടെ നാളിൽ വളരെ പ്രസക്തിയുള്ളതാക്കുന്നു. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിലെ ഭരണാധികാരി എന്ന നിലയിലുള്ള അധികാരം ലഭിച്ചിരിക്കുന്നു എന്ന അർഥത്തിൽ ഒന്നാം ലോകമഹായുദ്ധ കാലഘട്ടം മുതൽ യേശു സാന്നിധ്യവാൻ ആണെന്നുള്ളതിനു മതിയായ തെളിവുണ്ട്. (വെളിപ്പാടു 6:1-8; 11:15, 18) ഈ അധ്യായത്തിൽ പത്രൊസ് മുൻകൂട്ടി പറഞ്ഞ മറ്റൊരു കാര്യത്തിന്റെ വീക്ഷണത്തിൽ ഇതിനു പ്രത്യേക അർഥമുണ്ട്.
15. “പുതിയ ആകാശ”ത്തെ കുറിച്ചുള്ള പത്രൊസിന്റെ പ്രവചനം ആരിലൊക്കെ നിവൃത്തിയേറുന്നു?
15 2 പത്രൊസ് 3:13-ൽ നാം ഇങ്ങനെ വായിക്കുന്നു: “നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” ഇപ്പോൾ സ്വർഗത്തിൽ ആയിരിക്കുന്ന യേശുവാണ് “പുതിയ ആകാശ”ത്തിലെ മുഖ്യ ഭരണാധിപൻ എന്നു നിങ്ങൾ ഒരുപക്ഷേ മനസ്സിലാക്കിയിട്ടുണ്ടാകും. (ലൂക്കൊസ് 1:32, 33) എന്നാൽ അവൻ ഭരണം നടത്തുന്നതു തനിച്ചല്ല എന്നു മറ്റു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. അപ്പൊസ്‌തലന്മാർക്കും അവരെ പോലുള്ള മറ്റുള്ളവർക്കും സ്വർഗത്തിൽ ഒരു സ്ഥാനം ഉണ്ടായിരിക്കുമെന്ന് യേശു വാഗ്‌ദാനം ചെയ്‌തു. എബ്രായർക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്‌തലൻ അത്തരക്കാരെ ‘സ്വർഗീയ വിളിക്ക് ഓഹരിക്കാരായവർ’ എന്നാണു വിളിക്കുന്നത്. ഈ ഗണത്തിൽ പെട്ടവർ തന്നോടു കൂടെ സ്വർഗീയ സിംഹാസനങ്ങളിൽ ഇരിക്കുമെന്ന് യേശു പറഞ്ഞു. (എബ്രായർ 3:1; മത്തായി 19:28; ലൂക്കൊസ് 22:28-30; യോഹന്നാൻ 14:2, 3) പുതിയ ആകാശത്തിന്റെ ഭാഗമായി മറ്റുള്ളവരും യേശുവിനോടു കൂടെ സ്വർഗത്തിൽ വാഴുന്നു എന്നതാണ് അതിന്റെ അർഥം. അപ്പോൾ, “പുതിയ ഭൂമി” എന്ന പ്രയോഗംകൊണ്ട് പത്രൊസ് അർഥമാക്കിയത് എന്താണ്?
16. ഏത് “പുതിയ ഭൂമി” ഇപ്പോൾത്തന്നെ സ്ഥിതി ചെയ്യുന്നു?
16 യഹൂദന്മാർ സ്വദേശത്തേക്കു മടങ്ങിപ്പോയപ്പോഴുണ്ടായ പുരാതന നിവൃത്തിയിൽ എന്നപോലെ, 2 പത്രൊസ് 3:13-ന്റെ ആധുനിക നിവൃത്തിയിലും “പുതിയ ആകാശ”ത്തിന്റെ ഭരണത്തിനു കീഴ്‌പെടുന്ന ആളുകൾ ഉൾപ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ ഇന്നു സന്തോഷപൂർവം അത്തരം ഭരണത്തിനു കീഴ്‌പെടുന്നതു നിങ്ങൾക്കു കാണാൻ കഴിയും. അവർ അതിന്റെ വിദ്യാഭ്യാസ പരിപാടിയിൽനിന്നു പ്രയോജനം നേടുകയും തിരുവെഴുത്തുകളിൽ കാണുന്ന അതിന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. (യെശയ്യാവു 54:13) എല്ലാ ദേശങ്ങളിലും ഭാഷകളിലും വർഗങ്ങളിലും പെട്ടവർ ചേർന്നുണ്ടാകുന്ന ഒരു ആഗോള സമൂഹം എന്ന അർഥത്തിലാണ് ഇവർ “പുതിയ ഭൂമി”യുടെ അടിസ്ഥാനം ആയിരിക്കുന്നത്. വാഴ്‌ച നടത്തുന്ന രാജാവായ യേശുക്രിസ്‌തുവിനു കീഴ്‌പെട്ടുകൊണ്ട് അവർ ഐക്യത്തോടെ പ്രവർത്തിക്കുന്നു. നിങ്ങൾക്ക് ആ സമൂഹത്തിന്റെ ഭാഗമായിരിക്കാൻ കഴിയും എന്നതാണ് ഒരു സുപ്രധാന വസ്‌തുത!—മീഖാ 4:1-4.
17, 18. 2 പത്രൊസ് 3:13-ലെ വാക്കുകൾ ഭാവിയിലേക്കു നോക്കാൻ നമുക്കു കാരണം നൽകുന്നത് എന്തുകൊണ്ട്?
17 ഭാവി സംബന്ധിച്ചു കൂടുതലായ ഉൾക്കാഴ്‌ചയൊന്നും ലഭ്യമല്ലെന്നും കാര്യങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നു എന്നും കരുതരുത്. വാസ്‌തവത്തിൽ, 2 പത്രൊസ് 3-ാം അധ്യായത്തിന്റെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ സംഭവിക്കാനിരിക്കുന്ന വലിയ ഒരു മാറ്റത്തിന്റെ സൂചനകൾ നമുക്ക് അവിടെ കാണാൻ കഴിയും. 5-ഉം 6-ഉം വാക്യങ്ങളിൽ നോഹയുടെ നാളിലെ പ്രളയത്തെ കുറിച്ചു പത്രൊസ് എഴുതുന്നു. ആ പ്രളയത്തിൽ അന്നത്തെ ദുഷ്ടലോകം നശിച്ചു. തുടർന്ന്, ‘ഇപ്പോഴത്തെ ആകാശത്തെയും ഭൂമിയെയും,’ അതായത് ഭരണാധിപത്യങ്ങളെയും ജനങ്ങളെയും, ‘ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു’ സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്ന് 7-ാം വാക്യത്തിൽ പത്രൊസ് പറയുന്നു. “ഇപ്പോഴത്തെ ആകാശവും ഭൂമിയും” എന്ന പ്രയോഗം പരാമർശിക്കുന്നത് ഭൗതിക പ്രപഞ്ചത്തെയല്ല, പിന്നെയോ മനുഷ്യരെയും അവരുടെ ഭരണാധിപത്യങ്ങളെയും ആണെന്ന് ഇതു സ്ഥിരീകരിക്കുന്നു.
18 വരാനിരിക്കുന്ന യഹോവയുടെ ദിവസത്തിൽ വലിയ ശുദ്ധീകരണം നടക്കുമെന്ന് അടുത്തതായി പത്രൊസ് വിശദീകരിക്കുന്നു. അത് 13-ാം വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന “പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും” വഴി ഒരുക്കും. ആ വാക്യത്തിന്റെ അവസാനഭാഗം ശ്രദ്ധിക്കുക—“നീതി വസിക്കുന്ന” എന്ന് അവിടെ പറഞ്ഞിരിക്കുന്നു.
മെച്ചപ്പെട്ട അവസ്ഥകൾക്കു വേണ്ടി ചില വമ്പിച്ച മാറ്റങ്ങൾ ഭാവിയിൽ സംഭവിക്കുമെന്നല്ലേ അതു സൂചിപ്പിക്കുന്നത്? വാസ്‌തവത്തിൽ പുതിയ കാര്യങ്ങളുടെ, ആളുകൾ ഇന്നത്തെക്കാളധികം തങ്ങളുടെ ജീവിതം ആസ്വദിക്കുന്ന ഒരു കാലത്തെ കുറിച്ചുള്ള പ്രതീക്ഷയല്ലേ അത് ഉണർത്തുന്നത്? നിങ്ങൾക്ക് അതു കാണാൻ കഴിയുന്നെങ്കിൽ, ബൈബിൾ മുൻകൂട്ടി പറയുന്നതു സംബന്ധിച്ച ഉൾക്കാഴ്‌ച നിങ്ങൾ നേടിയിരിക്കുന്നു. വളരെ കുറച്ചു പേർക്കേ ആ ഉൾക്കാഴ്‌ച ഉള്ളുതാനും.19. ഏതു പശ്ചാത്തലത്തിലാണ് വെളിപ്പാടു പുസ്‌തകം വരാനിരിക്കുന്ന ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ച് പ്രതിപാദിക്കുന്നത്?
19 നമുക്ക് ഈ വിഷയം കൂടുതലായി പരിശോധിക്കാം. “പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന പ്രയോഗം കാണുന്ന യെശയ്യാവു 65-ാം അധ്യായത്തിലെ വാക്യവും 2 പത്രൊസ് 3-ാം അധ്യായത്തിലെ വാക്യവും നാം പരിശോധിച്ചുകഴിഞ്ഞു. ആ പദപ്രയോഗം ബൈബിളിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു സ്ഥലമായ വെളിപ്പാടു 21-ാം അധ്യായത്തിലേക്കു നമുക്കിപ്പോൾ തിരിയാം. ഇവിടെയും, പശ്ചാത്തലം മനസ്സിലാക്കുന്നതു സഹായകമാണ്. രണ്ട് അധ്യായങ്ങൾക്കു മുമ്പ്, അതായത് വെളിപ്പാടു 19-ാം അധ്യായത്തിൽ, ഒരു യുദ്ധത്തെ കുറിച്ചുള്ള വിശദമായ പ്രതീകാത്മക വർണന നാം കാണുന്നു. എന്നാൽ ഇതു ശത്രുരാഷ്‌ട്രങ്ങൾ തമ്മിലുള്ള ഒരു യുദ്ധമല്ല. ഈ യുദ്ധത്തിൽ ഒരു പക്ഷത്ത് ‘ദൈവവചനം’ ആണ്. അത് യേശുക്രിസ്‌തുവിന്റെ ഒരു സ്ഥാനപ്പേർ ആണെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. (യോഹന്നാൻ 1:1, 14) അവൻ സ്വർഗത്തിലാണ്, ഈ ദർശനം അവനെ സ്വർഗീയ സൈന്യങ്ങളാൽ അനുഗതനായിരിക്കുന്നതായും ചിത്രീകരിക്കുന്നു. ആർക്കെതിരെയാണ് അവർ യുദ്ധം ചെയ്യുന്നത്? ആ അധ്യായം ‘രാജാക്കന്മാരെ’യും ‘സഹസ്രാധിപന്മാരെ’യും “ചെറിയവരും വലിയവരുമായി” നാനാ തുറകളിൽ പെട്ട ആളുകളെയും കുറിച്ചു പറയുന്നു. യഹോവയുടെ വരാനിരിക്കുന്ന ദിവസം, ദുഷ്ടതയുടെ അവസാനം, ഈ യുദ്ധത്തിൽ ഉൾപ്പെടുന്നു. (2 തെസ്സലൊനീക്യർ 1:6-10) വെളിപ്പാടു 20-ാം അധ്യായം, “പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ” നീക്കം ചെയ്യുന്നതിന്റെ വർണനയോടെയാണു തുടങ്ങുന്നത്. ഇത് വെളിപ്പാടു 21-ാം അധ്യായത്തിന്റെ പരിചിന്തനത്തിനു പശ്ചാത്തലം ഒരുക്കുന്നു.
20. ഏതു സുപ്രധാന മാറ്റം ഉണ്ടാകുമെന്നാണ് വെളിപ്പാടു 21:1 സൂചിപ്പിക്കുന്നത്?
20 യോഹന്നാൻ അപ്പൊസ്‌തലൻ പുളകപ്രദമായ ഈ വാക്കുകളോടെ തുടങ്ങുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.” യെശയ്യാവു 65-ാം അധ്യായത്തിലും 2 പത്രൊസ് 3-ാം അധ്യായത്തിലും നാം കണ്ട സംഗതിയുടെ അടിസ്ഥാനത്തിൽ, അക്ഷരീയ ആകാശത്തെയും നമ്മുടെ ഭൗമഗ്രഹത്തെയും അതിലെ സമുദ്രത്തെയും മാറ്റിസ്ഥാപിക്കുന്നതിനെ അല്ല ഇത് അർഥമാക്കുന്നതെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. മുൻ അധ്യായങ്ങൾ വ്യക്തമാക്കിയതു പോലെ, ദുഷ്‌ടജനവും അദൃശ്യ ഭരണാധിപനായ സാത്താൻ ഉൾപ്പെടെയുള്ള അവരുടെ ഭരണാധിപത്യങ്ങളും നീക്കം ചെയ്യപ്പെടും. അതുകൊണ്ട്, ഇവിടെ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത് ഭൂമിയിലെ ജനങ്ങൾ ഉൾപ്പെടുന്ന പുതിയ വ്യവസ്ഥിതി ആണ്.
21, 22. ഏത് അനുഗ്രഹങ്ങളെ കുറിച്ചാണ് യോഹന്നാൻ നമുക്ക് ഉറപ്പു തരുന്നത്, കണ്ണുനീർ തുടച്ചുകളയുക എന്നതിന്റെ അർഥമെന്ത്?
21 ഈ അത്ഭുതകരമായ പ്രവചനം കൂടുതലായി പരിശോധിക്കവെ, നമുക്ക് അക്കാര്യം ശരിക്കും ബോധ്യപ്പെടുന്നു. ദൈവം മനുഷ്യരോടു കൂടെ ആയിരിക്കുന്ന, അതായത് തന്റെ ഹിതം ചെയ്യുന്നവർക്കു ഗുണം വരുമാറ് ദൈവം അവരിലേക്കു ശ്രദ്ധ തിരിക്കുന്ന, സമയത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് 3-ാം വാക്യം അവസാനിക്കുന്നത്. (യെഹെസ്‌കേൽ 43:7) 4-ലും 5-ഉം വാക്യങ്ങളിൽ യോഹന്നാൻ തുടർന്ന് ഇങ്ങനെ പറയുന്നു: “അവൻ [യഹോവയാം ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്‌തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്‌പിച്ചു.” എത്ര ആവേശജനകമായ ഒരു പ്രവചനം!
22 ബൈബിൾ ഇവിടെ മുൻകൂട്ടി പറയുന്ന കാര്യങ്ങളെ കുറിച്ചു ചിന്തിക്കാൻ സമയമെടുക്കുക. ‘ദൈവം അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടെച്ചുകളയും.’ ലോലമായ നമ്മുടെ കണ്ണുകളെ കഴുകുന്ന സാധാരണ കണ്ണുനീരോ സന്തോഷാശ്രുക്കളോ അല്ല ഇതെന്നു വ്യക്തം. യാതനയും ദുഃഖവും നിരാശയും ക്ഷതവും മനോവ്യഥയും നിമിത്തമുള്ള കണ്ണുനീരാണ് ദൈവം തുടച്ചുനീക്കുന്നത്. അതു സംബന്ധിച്ച് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? കണ്ണുനീർ തുടയ്‌ക്കുമെന്ന ദൈവത്തിന്റെ ഈ മഹത്തായ വാഗ്‌ദാനം, ‘മരണം, വിലാപം, മുറവിളി, വേദന എന്നിവ യോഹന്നാൻ 11:35.
മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത’ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നതായി നാം കാണുന്നു.—23. ഏത് അവസ്ഥകളുടെ അന്ത്യത്തെക്കുറിച്ചാണ് യോഹന്നാന്റെ പ്രവചനം ഉറപ്പു നൽകുന്നത്?
23 കാൻസർ, പക്ഷാഘാതം, ഹൃദയാഘാതം, എന്തിന് മരണം പോലും, നീങ്ങിപ്പോയിരിക്കും എന്ന് ഇതു തെളിയിക്കുന്നില്ലേ? രോഗത്താലോ അപകടത്താലോ ദുരന്തത്താലോ പ്രിയപ്പെട്ടവർ മരിച്ചുപോകാത്ത ആരാണു നമ്മുടെ ഇടയിൽ ഉള്ളത്? മേലാൽ മരണം ഉണ്ടായിരിക്കുകയില്ല എന്ന് ദൈവം ഇവിടെ വാഗ്‌ദാനം ചെയ്യുന്നു. അക്കാലത്തു ജനിച്ചേക്കാവുന്ന കുട്ടികൾക്ക് മുതിർന്നു കഴിയുമ്പോൾ വാർധക്യം പ്രാപിച്ച് മരിക്കേണ്ടിവരില്ലെന്ന് അതു സൂചിപ്പിക്കുന്നു. മേലാൽ വാർധക്യ സഹജമായ അൽസൈമേഴ്‌സ് രോഗമോ അസ്ഥിദ്രവീകരണമോ ഫൈബ്രോയിഡ് ട്യൂമറുകളോ ഗ്ലൗക്കോമയോ തിമിരമോ ഒന്നും ഉണ്ടായിരിക്കുകയില്ല എന്നും ഈ പ്രവചനം അർഥമാക്കുന്നു.
24. “പുതിയ ആകാശവും പുതിയ ഭൂമിയും” ഒരു അനുഗ്രഹമെന്ന് തെളിയുന്നത് എങ്ങനെ, ഇനിയും നാം എന്തു ചർച്ച ചെയ്യാനിരിക്കുന്നു?
24 മരണവും വാർധക്യവും രോഗങ്ങളും നീക്കം ചെയ്യപ്പെടുന്നതോടെ വിലാപവും മുറവിളിയും ഇല്ലാതാകും എന്നതിനോടു നിങ്ങൾ നിസ്സംശയമായും യോജിക്കും. എന്നിരുന്നാലും കടുത്ത ദാരിദ്ര്യം, ശിശുദ്രോഹം, പശ്ചാത്തലമോ ആളുകളുടെ നിറമോ അടിസ്ഥാനമാക്കിയുള്ള നിഷ്‌ഠുരമായ വിവേചനം എന്നിവയുടെ കാര്യമോ? ഇന്നു സർവസാധാരണമായ അത്തരം കാര്യങ്ങൾ തുടരുകയാണെങ്കിൽ, നമ്മുടെ ഇടയിൽ വിലാപവും മുറവിളിയും കാണാതിരിക്കുകയില്ല. അതുകൊണ്ട്, ‘പുതിയ ആകാശത്തിന്റെയും പുതിയ ഭൂമി’യുടെയും കീഴിലെ ജീവിതം ഇന്നത്തെ ദുഃഖത്തിനു നിദാനമായ അത്തരം കാരണങ്ങളാൽ കളങ്കിതമായിരിക്കില്ല. എത്ര അതിശയകരമായ മാറ്റം! എന്നാൽ, “പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന പദപ്രയോഗം ബൈബിളിൽ പ്രത്യക്ഷപ്പെടുന്ന നാല് സന്ദർഭങ്ങളിൽ മൂന്നെണ്ണം മാത്രമേ നാം ഇതുവരെ ചർച്ച ചെയ്‌തുള്ളൂ. നാം ഇപ്പോൾ പരിചിന്തിച്ചതിനോടു ബന്ധപ്പെട്ട മറ്റൊന്നുംകൂടെ ഉണ്ട്. “സകലവും പുതുതാക്കു”മെന്നുള്ള തന്റെ വാഗ്‌ദാനം ദൈവം എപ്പോൾ, എങ്ങനെ നിറവേറ്റുമെന്ന കാര്യത്തിൽ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനുള്ള കാരണത്തിന് അത് ഊന്നൽ നൽകുന്നു. ആ പ്രവചനത്തെയും അതു നമ്മുടെ സന്തുഷ്ടിയോടു ബന്ധപ്പെട്ടിരിക്കുന്ന വിധത്തെയും കുറിച്ചാണ് അടുത്ത ലേഖനം ചർച്ച ചെയ്യുന്നത്.
[അടിക്കുറിപ്പുകൾ]
^ ഖ. 10 സത്യവേദപുസ്‌തകം സങ്കീർത്തനം 96:1 ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.” സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം (ഇംഗ്ലീഷ്) ഇങ്ങനെ വായിക്കുന്നു: “ഈ ഭൂമിയിലുള്ള ഏവരുമേ, കർത്താവിനു സ്‌തുതികൾ പാടുവിൻ.” “ഭൂമി” എന്ന പ്രയോഗത്താൽ സ്വദേശത്തു തിരിച്ചെത്തിയ ദൈവജനത്തെയാണ് യെശയ്യാവ് പരാമർശിക്കുന്നതെന്ന ആശയവുമായി ഇതു യോജിക്കുന്നു.
നിങ്ങൾ എന്ത് ഓർമിക്കുന്നു?
• ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ച് ബൈബിൾ മുൻകൂട്ടി പറയുന്ന മൂന്നു സന്ദർഭങ്ങൾ ഏവ?
• ‘പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും’ നിവൃത്തിയിൽ പുരാതന യഹൂദന്മാർ ഉൾപ്പെട്ടിരുന്നത് എങ്ങനെ?
• പത്രൊസ് പരാമർശിക്കുന്ന പ്രകാരം, ‘പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും’ ഏത് നിവൃത്തികൾ ഉണ്ടാകുമെന്നു മനസ്സിലാക്കാവുന്നതാണ്?
• വെളിപ്പാടു 21-ാം അധ്യായം ഒരു ശോഭനമായ ഭാവിയിലേക്കു വിരൽചൂണ്ടുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
യഹോവ മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ കോരെശ്, പൊ.യു.മു. 537-ൽ യഹൂദന്മാർക്കു തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതിനു വേദി ഒരുക്കി