വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഴിമതി ഇത്ര വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അഴിമതി ഇത്ര വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അഴിമതി ഇത്ര വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

“കൈക്കൂലി വാങ്ങരുത്‌; കൈക്കൂലി കാഴ്‌ചയുള്ളവരെ അന്ധരാക്കുകയും നീതിമാന്മാരുടെ വചനങ്ങളെ കോട്ടിക്കളയുകയും ചെയ്യുന്നുവല്ലോ.”—പുറപ്പാടു 23:8, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം.

മൂവായിരത്തഞ്ഞൂറു വർഷങ്ങൾക്കു മുമ്പ്‌ മോശൈക ന്യായപ്രമാണം കൈക്കൂലിയെ കുറ്റം വിധിച്ചു. അന്നുമുതൽ, നൂറ്റാണ്ടുകളിൽ ഉടനീളം അസംഖ്യം അഴിമതി നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്‌. എന്നിരുന്നാലും, അഴിമതിക്കു കടിഞ്ഞാണിടാൻ നിയമനിർമാണത്തിനു സാധിച്ചിട്ടില്ല. കോടിക്കണക്കിന്‌ ആളുകൾ ദിവസേന കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നു. ശതകോടികൾ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്യുന്നു.

മനുഷ്യ സമുദായത്തിന്റെ ചട്ടക്കൂടിനെത്തന്നെ ദുർബലമാക്കുംവിധം അഴിമതി വിപുലവ്യാപകവും സങ്കീർണവും ആയിത്തീർന്നിരിക്കുന്നു. ചില രാജ്യങ്ങളിലാണെങ്കിൽ, കൈക്കൂലി നൽകാതെ ഒന്നുംതന്നെ ചെയ്‌തുകിട്ടില്ല. വേണ്ടപ്പെട്ട ആൾക്കു കൈക്കൂലി കൊടുക്കുന്നത്‌ ഒരു പരീക്ഷ പാസ്സാകാനോ ഡ്രൈവിങ്‌ ലൈസൻസ്‌ നേടാനോ കോൺട്രാക്‌റ്റ്‌ തരപ്പെടുത്താനോ ഒരു നിയമ യുദ്ധം വിജയിക്കാനോ ഒരുവനെ സഹായിക്കുന്നു. “ആളുകളുടെ മനംമടുപ്പിക്കുന്ന ഒരു വലിയ മലിനീകരണം പോലെയാണ്‌ അഴിമതി” എന്ന്‌ പാരീസിലെ ഒരു അഭിഭാഷകനായ ആർനോ മോൺഡ്‌ബർ പറയുന്നു.

വ്യാപാര ലോകത്ത്‌ വിശേഷിച്ചും, കൈക്കൂലി വിപുലവ്യാപകമാണ്‌. ചില കമ്പനികൾ തങ്ങളുടെ ലാഭത്തിന്റെ മൂന്നിൽ ഒന്ന്‌ അഴിമതിക്കാരായ ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്മാർക്ക്‌ കൈക്കൂലി കൊടുക്കാനായി മാറ്റിവെക്കുന്നു. ബ്രിട്ടീഷ്‌ മാസികയായ ദി ഇക്കോണമിസ്റ്റ്‌ പറയുന്നത്‌ അനുസരിച്ച്‌, അന്താരാഷ്‌ട്ര ആയുധ വ്യാപാര രംഗത്ത്‌ വർഷം തോറും ചെലവഴിക്കപ്പെടുന്ന 1,07,500 കോടി രൂപയിൽ ഏതാണ്ടു പത്തു ശതമാനവും, ആയുധം വാങ്ങാൻ സാധ്യതയുള്ളവരെ കൈക്കൂലി കൊടുത്തു സ്വാധീനിക്കാനാണ്‌ ഉപയോഗിക്കുന്നത്‌. കുതിച്ചുയരുന്ന ഇത്തരം അഴിമതി വിപത്‌കരമായ ഭവിഷ്യത്തുകൾ ഉളവാക്കുന്നു. കഴിഞ്ഞ ദശകത്തിൽ, “ക്രോണി” ക്യാപ്പിറ്റലിസം—പൊതുരംഗത്ത്‌ നല്ല പിടിപാടുള്ള ചിലർക്കു മാത്രം ഗുണം ചെയ്യുന്ന അഴിമതി നിറഞ്ഞ വ്യാപാര നടപടികൾ—മുഴുവൻ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചിരിക്കുന്നതായി പറയപ്പെടുന്നു.

അഴിമതിയുടെയും അത്‌ ഉളവാക്കുന്ന സാമ്പത്തിക തകർച്ചയുടെയും ഫലമായി ഏറ്റവും അധികം യാതന അനുഭവിക്കുന്നത്‌ കൈക്കൂലി കൊടുത്ത്‌ ആരെയും സ്വാധീനിക്കാൻ ശേഷിയില്ലാത്ത പാവപ്പെട്ടവരാണ്‌. ദി ഇക്കോണമിസ്റ്റ്‌ ഇങ്ങനെ സംക്ഷേപിക്കുന്നു: “അഴിമതി ഒരുതരം അടിച്ചമർത്തൽ ആണ്‌.” ഇത്തരം അടിച്ചമർത്തലുകളെ ഇല്ലായ്‌മ ചെയ്യാൻ സാധിക്കുമോ, അതോ അഴിമതി ഒഴിവാക്കാനാവാത്ത ഒരു സംഗതി ആണോ? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ, അഴിമതിയുടെ ചില അടിസ്ഥാന കാരണങ്ങൾ നാം ആദ്യം തിരിച്ചറിയണം.

അഴിമതിയുടെ കാരണങ്ങൾ എന്തെല്ലാമാണ്‌?

എന്തുകൊണ്ടാണ്‌ ആളുകൾ സത്യസന്ധർ ആയിരിക്കുന്നതിനു പകരം അഴിമതിക്കാർ ആയിരിക്കുന്നത്‌? ചിലരെ സംബന്ധിച്ചിടത്തോളം, കാര്യം നേടാനുള്ള എളുപ്പ മാർഗം, അല്ലെങ്കിൽ ഏക മാർഗം, അതായിരിക്കാം. ചിലരുടെ കാര്യത്തിൽ ശിക്ഷ ഒഴിവാക്കാനുള്ള സൗകര്യപ്രദമായ ഒരു വഴിയായിരിക്കാം കൈക്കൂലി. രാഷ്‌ട്രീയക്കാരും പൊലീസുകാരും ന്യായാധിപന്മാരും പ്രത്യക്ഷത്തിൽ അഴിമതിക്കു നേരെ കണ്ണടയ്‌ക്കുകയോ അതിൽ ഏർപ്പെടുക പോലുമോ ചെയ്യുന്നതു കണ്ട്‌ അനേകരും അവരുടെ മാതൃക പിൻപറ്റുന്നു.

അഴിമതി അരങ്ങുതകർക്കവെ, ആളുകൾ അതിനെ ഒരു സാധാരണ സംഗതിയായി വീക്ഷിക്കാൻ തുടങ്ങുന്നു. ഒടുവിലത്‌ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. വളരെ തുച്ഛമായ വേതനമുള്ള ആളുകൾ തങ്ങൾക്കു മറ്റൊരു പോംവഴിയും ഇല്ലെന്ന്‌ കരുതാനിടയാകുന്നു. ഭേദപ്പെട്ട ഒരു ജീവിതം നയിക്കണമെങ്കിൽ കൈക്കൂലി ആവശ്യപ്പെട്ടേ തീരൂ എന്ന സ്ഥിതിയായിത്തീരുന്നു. കൈക്കൂലി നിർബന്ധമായി ആവശ്യപ്പെടുന്നവരും അവിഹിത നേട്ടങ്ങൾക്കായി അവർക്കു കൈക്കൂലി കൊടുക്കുന്നവരും ശിക്ഷിക്കപ്പെടാതെ പോകുമ്പോൾ, അധികമാരും ആ പ്രവണതയ്‌ക്കെതിരെ പോരാടാൻ തയ്യാറാകുന്നില്ല. “ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്‌കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു” എന്ന്‌ ശലോമോൻ രാജാവ്‌ പ്രസ്‌താവിച്ചു.—സഭാപ്രസംഗി 8:11.

അഴിമതിയുടെ തീനാവുകളെ ആളിക്കത്തിക്കുന്ന രണ്ടു പ്രബല ശക്തികളാണ്‌ സ്വാർഥതയും അത്യാഗ്രഹവും. സ്വാർഥത നിമിത്തം അഴിമതിക്കാരായ ആളുകൾ, മറ്റുള്ളവരുടെ മേൽ അഴിമതി ഉളവാക്കുന്ന യാതനകൾ കണ്ടില്ലെന്നു നടിക്കുന്നു. തങ്ങൾക്കു നേട്ടമുള്ളതുകൊണ്ടു മാത്രം അവർ കൈക്കൂലിയെ ന്യായീകരിക്കുന്നു. അവർ എത്രയധികം സമ്പത്ത്‌ വാരിക്കൂട്ടുന്നുവോ അത്രയധികം അത്യാഗ്രഹികളും ആയിത്തീരുന്നു. “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്‌തിവരുന്നില്ല” എന്ന്‌ ശലോമോൻ പ്രസ്‌താവിച്ചു. (സഭാപ്രസംഗി 5:10) അത്യാഗ്രഹം പണമുണ്ടാക്കാൻ സഹായിച്ചേക്കാമെന്നതു ശരിതന്നെ, എന്നാൽ അത്‌ അഴിമതിക്കും അന്യായത്തിനും നേരെ കണ്ണടയ്‌ക്കുന്നു.

ഈ ലോകത്തിന്റെ അദൃശ്യ ഭരണാധിപനായി ബൈബിൾ തിരിച്ചറിയിക്കുന്ന പിശാചായ സാത്താന്‌ ഇക്കാര്യത്തിലുള്ള പങ്ക്‌ നാം അവഗണിക്കരുതാത്ത മറ്റൊരു ഘടകമാണ്‌. (1 യോഹന്നാൻ 5:19; വെളിപ്പാടു 12:9) സാത്താൻ അഴിമതിയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. സാത്താൻ ക്രിസ്‌തുവിനു വാഗ്‌ദാനം ചെയ്‌ത കൈക്കൂലി ആണ്‌ രേഖപ്പെടുത്തിയിട്ടുള്ളതിലേക്കും ഏറ്റവും വലിയ കൈക്കൂലി. ‘വീണു എന്നെ നമസ്‌കരിച്ചാൽ, ലോകത്തിലുള്ള സകല രാജ്യങ്ങളും അവയുടെ മഹത്വവും നിനക്കു തരാം’ എന്ന്‌ സാത്താൻ യേശുവിനോടു പറഞ്ഞു.—മത്തായി 4:8, 9.

എന്നാൽ യേശു അഴിമതിക്കാരൻ ആയിരുന്നില്ല. സമാനമായ വിധത്തിൽ പ്രവർത്തിക്കാൻ അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ഇന്ന്‌ അഴിമതിക്ക്‌ എതിരെ പോരാടുന്നതിൽ, ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾക്കു ഫലപ്രദമായ ഒരു ഉപകരണം ആയിരിക്കാൻ കഴിയുമോ? അടുത്ത ലേഖനത്തിൽ ഈ ചോദ്യം വിശകലനം ചെയ്യും.