ആത്മാവിന്റെ വാളുകൊണ്ട് അഴിമതിക്കെതിരെ പോരാടൽ
ആത്മാവിന്റെ വാളുകൊണ്ട് അഴിമതിക്കെതിരെ പോരാടൽ
“ദൈവേഷ്ടത്തിന് അനുസൃതമായി യഥാർഥ നീതിയിലും വിശ്വസ്‌തതയിലും സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിച്ചുകൊൾവിൻ.”—എഫെസ്യർ 4:24, NW.
റോമാ സാമ്രാജ്യം അതിന്റെ ഉച്ചകോടിയിൽ ആയിരുന്നപ്പോൾ, ലോകം ദർശിച്ചിട്ടുള്ളതിലേക്കും ഏറ്റവും മഹത്തായ മാനുഷ ഭരണകൂടമായിരുന്നു അത്. റോമൻ നിയമങ്ങൾ വളരെ ഫലപ്രദമായിരുന്നു. ആയതിനാൽ, അനേകം രാജ്യങ്ങളുടെ നിയമ സംഹിത ഇന്നും അതിൽ അധിഷ്‌ഠിതമാണ്. റോം വലിയ നേട്ടങ്ങൾ കൈവരിച്ചെങ്കിലും, അതിന്റെ സേനയ്‌ക്ക് ഒരു കുടില ശത്രുവിനെ കീഴടക്കാനായില്ല, അഴിമതിയെ. ഒടുവിൽ അത് റോമിന്റെ തകർച്ചയ്‌ക്ക് ആക്കംകൂട്ടി.
അഴിമതിക്കാരായ റോമൻ ഉദ്യോഗസ്ഥന്മാർ നിമിത്തം യാതന അനുഭവിച്ച ഒരാളായിരുന്നു പൗലൊസ് അപ്പൊസ്‌തലൻ. പൗലൊസ് നിരപരാധിയാണെന്ന് അവനെ ചോദ്യംചെയ്‌ത റോമൻ ഗവർണറായ ഫേലിക്‌സ് പ്രത്യക്ഷത്തിൽത്തന്നെ തിരിച്ചറിഞ്ഞു. എന്നാൽ അക്കാലത്തെ ഏറ്റവും അഴിമതിക്കാരായ ഗവർണർമാരിൽ ഒരുവനായിരുന്ന ഫേലിക്‌സ്, തടവിൽനിന്നു മോചിതനാകാൻ പൗലൊസ് പണം നൽകുമെന്ന പ്രതീക്ഷയിൽ അവന്റെ വിചാരണ താമസിപ്പിച്ചു.—പ്രവൃത്തികൾ 24:22-26.
ഫേലിക്‌സിന് കൈക്കൂലി കൊടുക്കുന്നതിനു പകരം, പൗലൊസ് അവനോട് ‘നീതിയെയും ഇന്ദ്രിയജയത്തെയും’ കുറിച്ച് തുറന്നു സംസാരിച്ചു. എന്നാൽ ഫേലിക്‌സ് തന്റെ പ്രവർത്തന വിധങ്ങൾക്കു മാറ്റമൊന്നും വരുത്തിയില്ല. കൈക്കൂലി കൊടുത്ത് നീതിന്യായ നടപടിക്രമം ഒഴിവാക്കാൻ ശ്രമിക്കാതെ പൗലൊസ് തടവിൽ തുടർന്നു. അവൻ സത്യത്തെയും സത്യസന്ധതയെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുകയും അത് അനുസരിച്ചു ജീവിക്കുകയും ചെയ്‌തു. “സകലത്തിലും നല്ലവരായി [“സത്യസന്ധരായി,” NW] നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല [“സത്യസന്ധമായ,” NW] മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ എബ്രായർ 13:18.
ഉറച്ചിരിക്കുന്നു” എന്ന് അവൻ യഹൂദ ക്രിസ്‌ത്യാനികൾക്ക് എഴുതി.—അത്തരമൊരു നിലപാട് അക്കാലത്തെ സദാചാര നിലവാരങ്ങൾക്കു കടക വിരുദ്ധമായിരുന്നു. ഫേലിക്‌സിന്റെ സഹോദരനായ പലാസ് പുരാതന ലോകത്തെ ഒരു കോടീശ്വരനായിരുന്നു. അയാൾക്ക് 193.5 കോടി രൂപയുടെ സ്വത്ത് ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. അതു മുഴുവനുംതന്നെ കൈക്കൂലിയായോ ബലപ്രയോഗത്തിലൂടെയോ സമ്പാദിച്ചതാണ്. പക്ഷേ, 20-ാം നൂറ്റാണ്ടിലെ അഴിമതിക്കാരായ ചില ഭരണാധിപന്മാർ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന അനേകായിരം കോടി രൂപയോടുള്ള താരതമ്യത്തിൽ പലാസിന്റെ സമ്പത്ത് ഒന്നുമല്ല. തീരെ ലോകപരിജ്ഞാനം ഇല്ലാത്തവർ മാത്രമേ ഗവൺമെന്റുകൾ അഴിമതിക്ക് എതിരായ പോരാട്ടത്തിൽ വിജയിച്ചിരിക്കുന്നുവെന്നു വിശ്വസിക്കുകയുള്ളൂ.
ദീർഘകാലമായി അഴിമതി ആഴത്തിൽ വേരോടിയിരിക്കുന്നതിനാൽ, അതു കേവലം മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണെന്നു നാം നിഗമനം ചെയ്യണമോ? അതോ, അഴിമതിക്കു കടിഞ്ഞാണിടാൻ എന്തെങ്കിലും ചെയ്യാനാകുമോ?
അഴിമതിക്ക് എങ്ങനെ കടിഞ്ഞാണിടാനാകും?
മറ്റുള്ളവർക്കു ചേതം വരുത്തിക്കൊണ്ട് തത്ത്വദീക്ഷയില്ലാത്തവർക്കു പ്രയോജനം ചെയ്യുന്നതിനാൽ അഴിമതി തെറ്റാണെന്നു മാത്രമല്ല നാശകരവും ആണെന്നു തിരിച്ചറിയുന്നതാണ് അതിനു കടിഞ്ഞാണിടുന്നതിലെ ഒന്നാമത്തെ പടി. ഇക്കാര്യത്തിൽ കുറേയൊക്കെ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതിൽ സംശയമില്ല. യു.എസ്. ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായ ജെയിംസ് ഫോലി ഇപ്രകാരം പ്രസ്‌താവിച്ചു: “കൈക്കൂലിയുടെ വില വലുതാണെന്നു നമുക്ക് എല്ലാവർക്കും അറിയാം. കൈക്കൂലി നല്ല ഭരണത്തിന് തുരങ്കംവെക്കുന്നു, സാമ്പത്തിക ശേഷിക്കും വികസനത്തിനും ദോഷം ചെയ്യുന്നു, വ്യവസായ രംഗത്തെ ദുഷിപ്പിക്കുന്നു, ലോകമെമ്പാടും ജനങ്ങൾക്കു വലിയ നഷ്ടം വരുത്തിവെക്കുന്നു.” അനേകരും അദ്ദേഹത്തിന്റെ അഭിപ്രായത്തോടു യോജിക്കുമെന്നതിൽ സംശയമില്ല. 1997 ഡിസംബർ 17-ന് 34 പ്രമുഖ രാജ്യങ്ങൾ, “അഴിമതിക്ക് എതിരായ ആഗോള പോരാട്ടത്തിന് ആക്കം കൂട്ടുന്നതിനായി ഒരു കൈക്കൂലി വിരുദ്ധ കരാർ” ഒപ്പുവെക്കുകയുണ്ടായി. ആ കരാർ അനുസരിച്ച്, “അന്താരാഷ്‌ട്ര വ്യാപാര ഇടപാടുകൾ നേടിയെടുക്കാനോ നിലനിർത്താനോ വേണ്ടി ഒരു വിദേശ ഗവൺമെന്റ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്‌ദാനം ചെയ്യുകയോ നൽകുകയോ ചെയ്യുന്നതു കുറ്റകരമാണ്.”
എന്നാൽ മറ്റു രാജ്യങ്ങളിൽ, വ്യാപാര കരാറുകൾ നേടാനായി കൈക്കൂലി കൊടുക്കുന്നത് അഴിമതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. എല്ലാ രംഗങ്ങളിലുമുള്ള അഴിമതി ഇല്ലായ്‌മ ചെയ്യണമെങ്കിൽ ഏറെ ദുഷ്‌കരമായ മറ്റൊരു നടപടി ആവശ്യമാണ്, അതായത് ഒരു ഹൃദയ പരിവർത്തനം, ഒരുപക്ഷേ അനേകം ഹൃദയങ്ങളുടെ ഒരു പരിവർത്തനംതന്നെ. എല്ലായിടത്തുമുള്ള ആളുകൾ കൈക്കൂലിയും അഴിമതിയും വെറുക്കാൻ പഠിക്കണം. അപ്പോൾ മാത്രമേ അഴിമതി അപ്രത്യക്ഷമാകൂ. അതിനായി ഗവൺമെന്റുകൾ “പൗരന്മാരിൽ ഒരു പൊതു നീതിബോധം വളർത്തിയെടുക്കണ”മെന്ന് ചിലർ കരുതുന്നതായി ന്യൂസ്‌വീക്ക് മാസിക പറയുന്നു. സമാനമായി, അഴിമതിവിരുദ്ധ നിയമനിർമാണങ്ങൾക്കായി സമ്മർദം ചെലുത്തുന്ന ഒരു സംഘമായ ട്രാൻസ്‌പരൻസി ഇന്റർനാഷണൽ അതിനെ പിന്തുണയ്‌ക്കുന്നവരോട് തൊഴിൽ സ്ഥലങ്ങളിൽ “‘ധർമനിഷ്‌ഠയുടെ വിത്തു’ പാകാൻ” ശുപാർശ ചെയ്യുന്നു.
നിയമങ്ങൾ നിർമിക്കുന്നതുകൊണ്ടോ ശിക്ഷയുടെ “വാൾ” പ്രയോഗിക്കുന്നതുകൊണ്ടോ മാത്രം വിജയം വരിക്കാൻ കഴിയാത്ത ധാർമികമായ ഒന്നാണ് അഴിമതിവിരുദ്ധ പോരാട്ടം. (റോമർ 13:4, 5) സദ്‌ഗുണത്തിന്റെയും ധർമനിഷ്‌ഠയുടെയും വിത്തുകൾ ആളുകളുടെ ഹൃദയങ്ങളിൽ പാകപ്പെടണം. ഇക്കാര്യത്തിൽ വിജയം വരിക്കാനുള്ള ഏറ്റവും നല്ല മാർഗം, ‘ആത്മാവിന്റെ വാൾ’ എന്നു പൗലൊസ് അപ്പൊസ്‌തലൻ വിശേഷിപ്പിച്ച ദൈവവചനമായ ബൈബിൾ ഉപയോഗിക്കുക എന്നതാണ്.—എഫെസ്യർ 6:17.
ബൈബിൾ അഴിമതിയെ കുറ്റം വിധിക്കുന്നു
അഴിമതിയെ ന്യായീകരിക്കാൻ പൗലൊസ് വിസമ്മതിച്ചത് എന്തുകൊണ്ടായിരുന്നു? എന്തെന്നാൽ, ‘മുഖം നോക്കുകയോ പ്രതിഫലം [“കൈക്കൂലി,” NW] വാങ്ങുകയോ ചെയ്യാത്ത’ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ അവൻ ആഗ്രഹിച്ചു. (ആവർത്തനപുസ്‌തകം 10:17) കൂടാതെ, മോശൈക ന്യായപ്രമാണത്തിലെ പിൻവരുന്ന വ്യക്തമായ നിർദേശം പൗലൊസ് നിസ്സംശയമായും ഓർമിച്ചു: “മുഖം നോക്കരുതു; സമ്മാനം [“കൈക്കൂലി,” NW] വാങ്ങരുതു; സമ്മാനം [“കൈക്കൂലി,” NW] ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു.” (ആവർത്തനപുസ്‌തകം 16:19) യഹോവ അഴിമതിയെ വെറുക്കുന്നുവെന്നു മനസ്സിലാക്കിയ മറ്റൊരാളായിരുന്നു ദാവീദ് രാജാവ്. ‘വലങ്കൈയ്യിൽ കോഴ നിറഞ്ഞിരിക്കുന്ന’ പാപികളുടെ കൂട്ടത്തിൽ തന്നെ എണ്ണരുതെന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു.—സങ്കീർത്തനം 26:10.
ദൈവത്തെ ആത്മാർഥമായി ആരാധിക്കുന്നവർക്ക് അഴിമതിയിൽ ഏർപ്പെടാതിരിക്കുന്നതിന് കൂടുതലായ കാരണങ്ങൾ ഉണ്ട്. “രാജാവ് നീതിയാൽ ദേശത്തിന്ന് സുസ്ഥിരത നൽകുന്നു, കോഴ വാങ്ങുന്നവനോ അതിനെ നശിപ്പിക്കുന്നു” എന്ന് ശലോമോൻ എഴുതി. (സദൃശവാക്യങ്ങൾ 29:4, ഓശാന ബൈബിൾ) അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവർ മുതൽ താഴ്‌ന്ന സ്ഥാനങ്ങളിലുള്ളവർ വരെ നീതി പ്രവർത്തിക്കുന്നെങ്കിൽ അത് ഒരു രാഷ്‌ട്രത്തിനു സ്ഥിരത കൈവരുത്തുന്നു, എന്നാൽ അഴിമതി രാജ്യത്തെ ദരിദ്രമാക്കുന്നു. രസാവഹമായി, ന്യൂസ്‌വീക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടു: “എല്ലാവരും അഴിമതിയിൽനിന്നുള്ള വരുമാനത്തിന്റെ ഒരു ഓഹരി ലഭിക്കാൻ ആഗ്രഹിക്കുകയും അതു നേടാനുള്ള വഴികൾ അറിയുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ സമ്പദ്‌വ്യവസ്ഥ തകർന്നേക്കാം.”
സങ്കീർത്തനം 73:3, 13) നീതിക്കുവേണ്ടിയുള്ള ജന്മസിദ്ധമായ ആഗ്രഹം നമുക്കു നൽകിയ നമ്മുടെ സ്രഷ്ടാവിനെതിരെയുള്ള ഒരു വലിയ പാപവുമാണ് അഴിമതി. അഴിമതി തേർവാഴ്‌ച നടത്തിയ മുൻകാലങ്ങളിൽ അതു തുടച്ചുനീക്കാൻ യഹോവ ഇടപെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, യെരൂശലേം നിവാസികളെ ശത്രുക്കളുടെ കയ്യിൽ ഏൽപ്പിക്കുന്നതിന്റെ കാരണം അവൻ അവരോടു വെട്ടിത്തുറന്നു പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയ്‌ക്കു തകർച്ച നേരിടാത്തപ്പോൾ പോലും, നിയന്ത്രണമില്ലാതെ അഴിമതി തഴച്ചുവളരുന്നത് നീതിസ്‌നേഹികളെ നിരാശരാക്കുന്നു. (തന്റെ പ്രവാചകനായ മീഖാ മുഖാന്തരം ദൈവം ഇങ്ങനെ പറഞ്ഞു: “ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്‌ഗൃഹത്തിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേൾപ്പിൻ. അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; . . . അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെ ഉഴും; യെരൂശലേം കല്‌ക്കുന്നുകളും . . . ആയ്‌തീരും” അഴിമതി ഇസ്രായേൽ ജനതയെ ദുഷിപ്പിച്ചിരുന്നു, നൂറ്റാണ്ടുകൾക്കു ശേഷം അത് റോമിനെ ദുർബലമാക്കിയതുപോലെ തന്നെ. മീഖാ ആ വാക്കുകൾ എഴുതി ഏകദേശം ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ യെരൂശലേം നശിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ ദൈവത്തിന്റെ മുന്നറിയിപ്പ് സത്യമായി ഭവിച്ചു.—മീഖാ 3:9, 11, 12.
എന്നാൽ ഒരു മനുഷ്യനോ ജനതയ്‌ക്കോ ഒഴിവാക്കാനാകാത്ത ഒന്നല്ല അഴിമതി. തങ്ങളുടെ മോശമായ ജീവിതരീതി ഉപേക്ഷിക്കാനും ചിന്താരീതിക്കു മാറ്റം വരുത്താനും ദൈവം ദുഷ്ടന്മാരെ പ്രോത്സാഹിപ്പിക്കുന്നു. (യെശയ്യാവു 55:7) നാം എല്ലാവരും അത്യാഗ്രഹവും നിസ്വാർഥതയും അഴിമതിയും വെടിഞ്ഞ് നീതി പ്രകടമാക്കാൻ അവൻ ആഗ്രഹിക്കുന്നു. “എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപ കാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു” എന്ന് യഹോവ നമ്മെ ഓർമിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 14:31.
ബൈബിൾ സത്യംകൊണ്ട് അഴിമതിക്കെതിരെ വിജയകരമായി പോരാടൽ
അത്തരമൊരു മാറ്റം വരുത്താൻ ഒരു വ്യക്തിയെ എന്തിനു പ്രേരിപ്പിക്കാനാകും? ഒരു പരീശൻ എന്ന നിലയിലുള്ള ജീവിതം വെടിഞ്ഞ് യേശുക്രിസ്‌തുവിന്റെ ഒരു ഉറച്ച അനുഗാമി ആയിത്തീരാൻ പൗലൊസിനെ പ്രേരിപ്പിച്ച അതേ ശക്തിക്ക്. “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്‌തിചെലുത്തുന്നതും” ആണെന്ന് അവൻ എഴുതി. (എബ്രായർ 4:12, NW) ഇന്നും, കടുത്ത അഴിമതിക്കാരെ പോലും സത്യസന്ധരായിത്തീരാൻ തിരുവെഴുത്തു സത്യം സഹായിക്കുന്നു. ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക.
പൂർവ യൂറോപ്പിൽനിന്നുള്ള അലക്‌സാണ്ടർ * തന്റെ സൈനിക സേവനം പൂർത്തിയാക്കി അധികം താമസിയാതെ, തട്ടിപ്പും പിടിച്ചുപറിയും കൈക്കൂലിയും തൊഴിലാക്കിയ ഒരു സംഘത്തിൽ ചേർന്നു. “ധനിക വ്യാപാരികളിൽനിന്ന് സംരക്ഷണക്കൂലി പിരിക്കുക എന്നതായിരുന്നു എന്റെ നിയമനം,” അദ്ദേഹം വിശദീകരിക്കുന്നു. “ഞാൻ ഒരു വ്യാപാരിയുടെ വിശ്വാസം നേടിയെടുത്തു കഴിയുമ്പോൾ, എന്റെ സംഘത്തിലെ മറ്റുള്ളവർ ആ വ്യാപാരിക്കു നേരെ ആക്രമണ ഭീഷണി ഉയർത്തും. അപ്പോൾ, ഭീമമായ ഒരു തുക തന്നാൽ അവരെ കൈകാര്യം ചെയ്‌തുകൊള്ളാമെന്നു ഞാൻ വാഗ്‌ദാനം ചെയ്യും. തങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് എന്റെ ‘ഇടപാടുകാർ’ എനിക്കു നന്ദി പറയുമായിരുന്നു. എന്നാൽ, വാസ്‌തവത്തിൽ ഞാൻതന്നെ ആയിരുന്നു അവരുടെ പ്രശ്‌നങ്ങൾക്കു പിന്നിൽ. വിചിത്രമായി തോന്നിയേക്കാമെങ്കിലും, എനിക്ക് ആ ജോലി വളരെ ഇഷ്ടമായിരുന്നു.
“ഈ ജീവിതരീതി എനിക്കു നേടിത്തന്ന പണവും ആവേശവും എന്നെ ഹരംപിടിപ്പിച്ചു. എനിക്കു വളരെ വിലപിടിച്ച ഒരു കാർ ഉണ്ടായിരുന്നു. നല്ലൊരു അപ്പാർട്ടുമെന്റിലായിരുന്നു എന്റെ താമസം. ആഗ്രഹിക്കുന്ന എന്തും വാങ്ങാനുള്ള പണം എനിക്കുണ്ടായിരുന്നു. ആളുകൾ എന്നെ ഭയപ്പെട്ടിരുന്നു. ഞാൻ ശക്തനാണെന്നുള്ള ഒരു അവബോധം അത് എന്നിലുളവാക്കി. ഞാൻ നിയമത്തിന് അതീതനാണെന്നും ആർക്കും എന്നെ തൊടാനാകില്ലെന്നും എനിക്കു തോന്നി. പൊലീസുമായി ഉണ്ടാകുന്ന ഏതൊരു പ്രശ്‌നവും, നിയമത്തിന്റെ കൈകളിൽനിന്ന് എന്നെ രക്ഷിക്കാൻ കഴിയുന്ന സമർഥനായ ഒരു അഭിഭാഷകനെ ഉപയോഗിച്ചോ വേണ്ടപ്പെട്ട ആൾക്ക് കൈക്കൂലി കൊടുത്തോ പരിഹരിക്കാൻ എനിക്കു കഴിഞ്ഞിരുന്നു.
“എന്നാൽ, അഴിമതിയെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് ഇടയിൽ വിശ്വസ്‌തത വിരളമാണ്. ഞങ്ങളുടെ സംഘത്തിലെ ഒരാൾ എന്നെ വെറുക്കാൻ തുടങ്ങി. എനിക്കു ജനപ്രീതി നഷ്ടപ്പെടുന്നതായി ഞാൻ മനസ്സിലാക്കി. താമസിയാതെ, എനിക്ക് ഉണ്ടായിരുന്ന പ്രതാപമേറിയ കാറും പണവും ധൂർത്തയായ കാമുകിയും നഷ്ടമായി. എനിക്ക് കഠിനമായ മർദ്ദനം പോലും ഏൽക്കേണ്ടിവന്നു. ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഈ തിരിച്ചടികൾ എന്നെ പ്രേരിപ്പിച്ചു.
“ഏതാനും മാസങ്ങൾക്കു മുമ്പ് എന്റെ അമ്മ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നിരുന്നു. ഞാൻ അവരുടെ സാഹിത്യങ്ങൾ വായിക്കാൻ തുടങ്ങി. സദൃശവാക്യങ്ങൾ 4:14, 15-ഉം എന്നെ ഇരുത്തിചിന്തിപ്പിച്ചു: ‘ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു; അതിനോടു അകന്നുനില്‌ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.’ കുറ്റകൃത്യ ജീവിതം നയിക്കുന്ന ആർക്കും ശോഭനമായ ഒരു ഭാവി ഇല്ലെന്നു തിരിച്ചറിയാൻ അതുപോലുള്ള വേദഭാഗങ്ങൾ എന്നെ സഹായിച്ചു. ഞാൻ യഹോവയോടു പ്രാർഥിക്കാൻ തുടങ്ങി, എന്നെ ശരിയായ പാതയിൽ നയിക്കേണമേ എന്നു ഞാൻ അവനോട് അപേക്ഷിച്ചു. ഞാൻ യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കുകയും ഒടുവിൽ ദൈവത്തിന് എന്റെ ജീവിതം സമർപ്പിക്കുകയും ചെയ്‌തു. അന്നു മുതൽ ഇന്നോളം ഞാൻ സത്യസന്ധതയോടെ ജീവിക്കുന്നു.
“സത്യസന്ധമായ നിലവാരങ്ങൾക്ക് അനുസൃതമായി ജീവിക്കാൻ തുടങ്ങിയപ്പോൾ തീർച്ചയായും വളരെ കുറച്ചു പണമേ സമ്പാദിക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ എനിക്ക് ഒരു ഭാവി ഉണ്ടെന്നും ജീവിതത്തിന് യഥാർഥ അർഥമുണ്ടെന്നും എനിക്കിപ്പോൾ തോന്നുന്നു. എന്റെ മുൻകാല ധനാഢ്യ ജീവിതരീതി, ഏതു സമയത്തും തകർന്നുവീഴുമായിരുന്ന ഒരു ചീട്ടുകൊട്ടാരം പോലെ ആയിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. മുമ്പ് എന്റെ മനസ്സാക്ഷി തഴമ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ബൈബിൾ പഠനത്തിന്റെ ഫലമായി, അവിശ്വസ്‌തത കാണിക്കാൻ—ചെറിയ കാര്യങ്ങളിൽ പോലും—പ്രലോഭനം തോന്നുന്ന ഉടൻതന്നെ എനിക്കു മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നു. പിൻവരുന്നപ്രകാരം പറയുന്ന സങ്കീർത്തനം 37:3-ന് അനുസൃതമായി ജീവിക്കാൻ ഞാൻ ശ്രമിക്കുന്നു: ‘യഹോവയിൽ ആശ്രയിച്ചു നന്മചെയ്‌ക; ദേശത്തു പാർത്തു വിശ്വസ്‌തത ആചരിക്ക.’”
“കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും”
അലക്‌സാണ്ടർ അനുഭവിച്ചറിഞ്ഞതു പോലെ, അഴിമതി തരണംചെയ്യുന്നതിന് ഒരു വ്യക്തിയെ സഹായിക്കാൻ ബൈബിൾ സത്യത്തിനു കഴിയും. എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്‌തലൻ പറഞ്ഞതിനു ചേർച്ചയിൽ അലക്‌സാണ്ടർ മാറ്റങ്ങൾ വരുത്തി: “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്‌കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.” (എഫെസ്യർ 4:22-25, 28) മനുഷ്യവർഗത്തിന്റെ ഭാവിതന്നെ അത്തരം പരിവർത്തനങ്ങൾ വരുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
കടിഞ്ഞാണില്ലാതെ വിട്ടാൽ അത്യാഗ്രഹവും അഴിമതിയും ഭൂമിയെ നശിപ്പിക്കും, റോമാ സാമ്രാജ്യത്തിന്റെ നാശത്തിന് അതു വഴിതെളിച്ചതു പോലെതന്നെ. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, അത്തരം കാര്യങ്ങളിൽ വെറുതെ കൈയുംകെട്ടി നോക്കിനിൽക്കുന്ന ഒരു മനോഭാവമല്ല മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിനുള്ളത്. “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കാൻ അവൻ നിശ്ചയിച്ചിരിക്കുന്നു. (വെളിപ്പാടു 11:18) അഴിമതി വിമുക്തമായ ഒരു ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് യഹോവ, പെട്ടെന്നുതന്നെ ‘നീതി വസിക്കുന്ന ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും’ ആഗതമാകുമെന്ന വാഗ്‌ദാനം നൽകുന്നു.—2 പത്രൊസ് 3:13.
ഇക്കാലത്ത് സത്യസന്ധമായ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുന്നത് എളുപ്പമല്ലായിരുന്നേക്കാം എന്നതു ശരിതന്നെ. എന്നാൽ കാര്യങ്ങളെ ദീർഘകാല അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ, “ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും” എന്ന് യഹോവ നമുക്ക് ഉറപ്പു തരുന്നു. * (സദൃശവാക്യങ്ങൾ 15:27) നാം ഇപ്പോൾ അഴിമതി ഉപേക്ഷിക്കുന്നതിലൂടെ ദൈവത്തോടുള്ള നമ്മുടെ പിൻവരുന്ന പ്രാർഥന ആത്മാർഥമാണെന്നു തെളിയിക്കുന്നു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:10.
ദൈവരാജ്യം നടപടി സ്വീകരിക്കാനായി കാത്തിരിക്കെ, അഴിമതി കാണിക്കാനോ അതിനെ ന്യായീകരിക്കാനോ വിസമ്മതിച്ചുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ‘നീതിയിൽ വിതെയ്‌ക്കാം.’ (ഹോശേയ 10:12) നാം അപ്രകാരം ചെയ്യുന്നെങ്കിൽ, നമ്മുടെ ജീവിതവും ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിന്റെ ശക്തിക്കു സാക്ഷ്യം വഹിക്കും. അതേ, ആത്മാവിന്റെ വാളിന് അഴിമതിയെ കീഴടക്കാനാകും.
[അടിക്കുറിപ്പുകൾ]
^ ഖ. 20 പേരിനു മാറ്റം വരുത്തിയിട്ടുണ്ട്.
^ ഖ. 28 കൈക്കൂലിയും പാരിതോഷികവും തമ്മിൽ വ്യത്യാസമുണ്ട്. കൈക്കൂലി കൊടുക്കുന്നത് നീതി മറിച്ചുകളയാനോ സത്യസന്ധമല്ലാത്ത മറ്റ് ഉദ്ദേശ്യങ്ങൾക്കോ വേണ്ടിയാണ്. എന്നാൽ പാരിതോഷികം നൽകുന്നത്, ലഭിച്ച സേവനങ്ങളോടുള്ള വിലമതിപ്പിന്റെ ഒരു പ്രകടനമാണ്. 1987 ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗത്ത് ഇത് കൂടുതലായി വിശദീകരിച്ചിട്ടുണ്ട്.
[7-ാം പേജിലെ ചിത്രം]
ബൈബിളിന്റെ സഹായത്താൽ നമുക്ക് “പുതിയ വ്യക്തിത്വം” വളർത്തിയെടുക്കാനും അഴിമതിയിൽ ഏർപ്പെടാതിരിക്കാനും സാധിക്കും