വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവിക പഠിപ്പിക്കൽ ദൃഢമായി ഉയർത്തിപ്പിടിക്കുക

ദൈവിക പഠിപ്പിക്കൽ ദൃഢമായി ഉയർത്തിപ്പിടിക്കുക

ദൈവിക പഠിപ്പിക്കൽ ദൃഢമായി ഉയർത്തിപ്പിടിക്കുക

“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.

1. മുൻ കാലങ്ങളെ അപേക്ഷിച്ച്‌, വിജ്ഞാന സമ്പാദനത്തിനുള്ള ഏതെല്ലാം മാർഗങ്ങൾ ഇന്നു നിലവിലുണ്ട്‌?

മുൻ കാലങ്ങളെ അപേക്ഷിച്ച്‌, വിജ്ഞാന സമ്പാദനത്തിനുള്ള നിരവധി മാർഗങ്ങൾ ഇന്നു നിലവിലുണ്ട്‌. ലോകവ്യാപകമായി ഏകദേശം 9,000 ദിനപത്രങ്ങൾ അച്ചടിക്കപ്പെടുന്നു. ഐക്യനാടുകളിൽ മാത്രമായി ഓരോ വർഷവും 2,00,000-ത്തോളം പുതിയ പുസ്‌തകങ്ങളാണു പുറത്തിറങ്ങുന്നത്‌. ഇനിയും, മറ്റൊരു മാധ്യമമാണ്‌ ഇന്റർനെറ്റ്‌. 1998 മാർച്ച്‌ ആയപ്പോഴേക്കും ഇന്റർനെറ്റിൽ 27.5 കോടി വെബ്‌ പേജുകൾ വിവരങ്ങൾ ഉണ്ടായിരുന്നതായി ഒരു കണക്കു സൂചിപ്പിക്കുന്നു. കൂടാതെ, ഓരോ മാസവും രണ്ടു കോടി വെബ്‌ പേജുകൾ ഇന്റർനെറ്റിനോടു കൂട്ടിച്ചേർക്കുന്നതായും പറയപ്പെടുന്നു. ഈ വിധങ്ങളിലെല്ലാം വിവരങ്ങൾ ലഭിക്കുന്നതുകൊണ്ടു പല പ്രയോജനങ്ങളും ഉണ്ടെങ്കിലും അത്തരം വിജ്ഞാന പ്രളയം പല പ്രശ്‌നങ്ങൾക്കും വഴിമരുന്നിട്ടിരിക്കുന്നു.

2. വിജ്ഞാനപ്പെരുപ്പത്താൽ സ്വാധീനിക്കപ്പെടുന്നതിന്റെ ഫലമായി എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായേക്കാം?

2 ഏറ്റവും പുതിയ വിവരങ്ങൾ അറിയാനുള്ള വ്യഗ്രതയിൽ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ചിലർ അവഗണിച്ചുകളയുന്നു. മറ്റു ചിലരാണെങ്കിൽ, സങ്കീർണമായ വിഷയങ്ങൾ സംബന്ധിച്ചു കുറേയൊക്കെ അറിവു നേടുന്നതോടെ സ്വയം ‘പണ്ഡിതന്മാരായി’ കണക്കാക്കുന്നു. പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിൽ അക്കൂട്ടർ എടുക്കുന്ന നിർണായക തീരുമാനങ്ങൾ അവർക്കുതന്നെയും മറ്റുള്ളവർക്കും ഹാനികരം ആയിരുന്നേക്കാം. തെറ്റായ അല്ലെങ്കിൽ വസ്‌തുനിഷ്‌ഠമല്ലാത്ത വിവരങ്ങളാൽ സ്വാധീനിക്കപ്പെടുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിജ്ഞാനപ്പെരുപ്പത്തിന്റെ ഇക്കാലത്ത്‌, ലഭ്യമാകുന്ന എല്ലാ വിവരങ്ങളും കൃത്യതയുള്ളതാണോ എന്ന്‌ ഉറപ്പുവരുത്തുന്നതിന്‌ ആശ്രയയോഗ്യമായ ഉറവിടമില്ല എന്നതും മിക്കപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നു.

3. മനുഷ്യ ജ്ഞാനം നേടുന്നതിനോടുള്ള ബന്ധത്തിൽ ബൈബിൾ ഏതു മുന്നറിയിപ്പുകൾ നൽകുന്നു?

3 ജിജ്ഞാസ മനുഷ്യസഹജമാണ്‌. അതേസമയംതന്നെ, ഉപയോഗശൂന്യമോ ഹാനികരമോ ആയ വിവരങ്ങൾക്കു പിന്നാലെപോയി സമയം പാഴാക്കുന്നത്‌ അപകടകരമാണ്‌. പുരാതന നാളുകളിൽത്തന്നെ തിരിച്ചറിയിക്കപ്പെട്ട ഒരു വസ്‌തുതയാണ്‌ അത്‌. തന്നിമിത്തം, ശലോമോൻ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “പ്രബോധനം കൈക്കൊൾക; പുസ്‌തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” (സഭാപ്രസംഗി 12:12) നൂറ്റാണ്ടുകൾക്കു ശേഷം, പൗലൊസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിന്‌ എഴുതി: “അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്‌പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞുനില്‌ക്ക. ആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെററിപ്പോയിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 6:20, 21) നിസ്സംശയമായും, ഹാനികരമായ വിവരങ്ങളിൽ നിന്ന്‌ അകന്നു നിൽക്കാൻ ഇന്നു ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കേണ്ടതുണ്ട്‌.

4. യഹോവയിലും അവന്റെ പഠിപ്പിക്കലുകളിലും ആശ്രയിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടിപ്പിക്കാനാകും?

4 യഹോവയുടെ ജനം, സദൃശവാക്യങ്ങൾ 3:5, 6-ലെ വാക്കുകളും പിൻപറ്റേണ്ടതുണ്ട്‌. അവിടെ ഇങ്ങനെ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” ദൈവവചനത്തിനു വിരുദ്ധമായ ഏതൊരു ആശയവും—അത്‌ നമ്മുടെതന്നെയോ മറ്റൊരാളുടെയോ ന്യായവാദങ്ങളിൽ നിന്ന്‌ ഉരുത്തിരിയുന്നതായിക്കൊള്ളട്ടെ—നിരാകരിക്കുന്നത്‌ യഹോവയിൽ ആശ്രയിക്കുന്നതിൽ ഉൾപ്പെടുന്നു. ആത്മീയത കാത്തുസൂക്ഷിക്കാൻ നാം നമ്മുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌. അങ്ങനെ, ഹാനികരമായ വിവരങ്ങൾ തിരിച്ചറിയാനും അവ നിരാകരിക്കാനും നമുക്കു സാധിക്കും. (എബ്രായർ 5:14, NW) അത്തരം വിവരങ്ങളുടെ ചില ഉറവിടങ്ങളെ കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം.

സാത്താന്റെ അധീനതയിലുള്ള ലോകം

5. ഹാനികരമായ വിവരങ്ങളുടെ ഒരു ഉറവിടം ഏതാണ്‌, അതിന്റെ നിയന്ത്രണം ആർക്കാണ്‌?

5 ഹാനികരമായ വിവരങ്ങളുടെ ഒരു ഉറവിടം ഇന്നത്തെ ലോകംതന്നെയാണ്‌. (1 കൊരിന്ത്യർ 3:19) തന്റെ ശിഷ്യന്മാർക്കുവേണ്ടി യേശുക്രിസ്‌തു ഇങ്ങനെ പ്രാർഥിച്ചു: “അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.” (യോഹന്നാൻ 17:15) “ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം” തന്റെ ശിഷ്യന്മാരെ സംരക്ഷിക്കേണമേ എന്നുള്ള യേശുവിന്റെ അപേക്ഷ, സാത്താന്‌ ഈ ലോകത്തിന്മേലുള്ള സ്വാധീനത്തെ എടുത്തുകാട്ടുന്നു. ക്രിസ്‌ത്യാനികൾ ആണെന്നതു കൊണ്ടു മാത്രം നാം ഈ ലോകത്തിന്റെ മോശമായ സ്വാധീനങ്ങളിൽ നിന്നു സംരക്ഷിക്കപ്പെടണമെന്നില്ല. “നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന യോഹന്നാന്റെ വാക്കുകളും ഇത്തരുണത്തിൽ മനസ്സിൽപ്പിടിക്കേണ്ടതാണ്‌. (1 യോഹന്നാൻ 5:19) പ്രത്യേകിച്ചും, ഈ അന്ത്യനാളുകളുടെ പാരമ്യഘട്ടത്തിൽ സാത്താനും അവന്റെ ഭൂതങ്ങളും ഹാനികരമായ വിവരങ്ങൾകൊണ്ടു ലോകത്തെ മൂടും എന്നതിൽ തെല്ലും അതിശയിക്കാനില്ല.

6. വിനോദലോകം നമ്മുടെ മനസ്സു തഴമ്പിക്കാൻ ഇടയാക്കുന്നത്‌ എങ്ങനെ?

6 ഹാനികരമായ വിവരങ്ങളിൽ ചിലതു നിരുപദ്രവകരമെന്നു തോന്നിച്ചേക്കാം. നാം അതു പ്രതീക്ഷിക്കേണ്ടതാണ്‌. (2 കൊരിന്ത്യർ 11:14) ദൃഷ്ടാന്തത്തിന്‌, വിനോദത്തിന്റെ കാര്യമെടുക്കുക. ടിവി പരിപാടികൾ, സിനിമകൾ, സംഗീതം, മാസികകൾ എന്നിവയുടെ രൂപത്തിലാണ്‌ അവ കടന്നുവരുന്നത്‌. ചില വിനോദങ്ങൾ അധാർമികത, അക്രമം, മയക്കുമരുന്നു ദുരുപയോഗം എന്നിങ്ങനെ അധമമായ നടപടികൾക്കു വളംവെക്കുന്നു എന്നതു മിക്കവരും സമ്മതിക്കും. അധമമായ ഒരു വിനോദം ആദ്യമൊക്കെ ആളുകളെ ഞെട്ടിച്ചേക്കാം. എന്നാൽ, അത്തരം പരിപാടികൾ തുടർച്ചയായി വീക്ഷിക്കുന്നതിന്റെ ഫലമായി നമ്മുടെ മനസ്സു തഴമ്പിക്കുന്നു. മേലാൽ അവയിൽ യാതൊരു അസ്വാഭാവികതയും തോന്നാതാകുന്നു. അതുകൊണ്ട്‌, ഹാനികരമായ ആശയങ്ങളെ ഉന്നമിപ്പിക്കുന്ന വിനോദം സ്വീകാര്യമോ നിരുപദ്രവകരമോ ആണെന്നു നാം ഒരിക്കലും കരുതരുത്‌.—സങ്കീർത്തനം 119:37.

7. ഏതു തരത്തിലുള്ള മനുഷ്യ ജ്ഞാനം ബൈബിളിലുള്ള നമ്മുടെ വിശ്വാസത്തിനു മങ്ങലേൽപ്പിച്ചേക്കാം?

7 ഹാനികരം ആയിരുന്നേക്കാവുന്ന വിവരങ്ങളുടെ മറ്റൊരു ഉറവിടത്തെ കുറിച്ചു ചിന്തിക്കുക. ബൈബിളിന്റെ ആധികാരികതയെ വെല്ലുവിളിച്ചുകൊണ്ടു ചില ശാസ്‌ത്രജ്ഞന്മാരും പണ്ഡിതന്മാരും നടത്തുന്ന പ്രസ്‌താവനകളാണ്‌ അവ. പ്രചാരം സിദ്ധിച്ച മാസികകളിലും പുസ്‌തകങ്ങളിലുമൊക്കെ അവ അടിക്കടി പ്രസിദ്ധീകരിച്ചുവരുന്നു. (യാക്കോബ്‌ 3:15 താരതമ്യം ചെയ്യുക.) അത്തരം വിവരങ്ങൾ വായിക്കുന്നതിന്റെ ഫലമായി ബൈബിളിലുള്ള നമ്മുടെ വിശ്വാസത്തിനു മങ്ങലേറ്റേക്കാം. ദൈവവചനത്തിന്റെ ആധികാരികതയ്‌ക്കു ക്ഷതമേൽപ്പിക്കുന്ന തത്ത്വജ്ഞാനങ്ങൾ പ്രചരിപ്പിക്കുന്നതിൽ ചിലർ ഊറ്റംകൊള്ളുന്നു. സമാനമായ ഒരു സ്ഥിതിവിശേഷം അപ്പൊസ്‌തലന്മാരുടെ നാളുകളിലും ഭീഷണി ഉയർത്തിയിരുന്നു. പൗലൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന വാക്കുകളിൽ നിന്ന്‌ അതു വ്യക്തമാണ്‌: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്‌തുവിന്നു ഒത്തവണ്ണമുള്ളതല്ല.”—കൊലൊസ്സ്യർ 2:8.

സത്യത്തിന്റെ വൈരികൾ

8, 9. വിശ്വാസത്യാഗികൾ ഇന്ന്‌ എങ്ങനെയാണു പ്രവർത്തിക്കുന്നത്‌?

8 വിശ്വാസത്യാഗികളും നമ്മുടെ ആത്മീയതയ്‌ക്കു ഭീഷണി ആയേക്കാം. ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവരുടെ ഇടയിൽ നിന്നുതന്നെ വിശ്വാസത്യാഗം പൊട്ടിമുളയ്‌ക്കുമെന്നു പൗലൊസ്‌ അപ്പൊസ്‌തലൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (പ്രവൃത്തികൾ 20:29, 30; 2 തെസ്സലൊനീക്യർ 2:3) അവന്റെ വാക്കുകൾ നിവൃത്തിയാകുകതന്നെ ചെയ്‌തു. അപ്പൊസ്‌തലന്മാരുടെ കാലശേഷം, ക്രൈസ്‌തവലോകത്തിന്റെ രൂപീകരണത്തിലേക്കു നയിച്ച കൊടിയ വിശ്വാസത്യാഗം സംഭവിച്ചു. ഇന്ന്‌, ദൈവജനത്തിന്റെ ഇടയിൽ അത്തരം വലിയ വിശ്വാസത്യാഗമൊന്നും സംഭവിക്കുന്നില്ല. എന്നുവരികിലും, നമ്മുടെ സംഘടന വിട്ടു പോയിരിക്കുന്ന ചിലർ നുണകളും തെറ്റായ വിവരങ്ങളും പരത്തിക്കൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ മേൽ ചെളിവാരിയെറിയാൻ കിണഞ്ഞു ശ്രമിക്കുകയാണ്‌. മുമ്പു സാക്ഷികളായിരുന്ന ചിലർ, മറ്റു മത സംഘടനകളോടു ചേർന്ന്‌ നിർമലാരാധനയ്‌ക്കു തടയിടാൻ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവർ ആദ്യ വിശ്വാസത്യാഗിയായ സാത്താന്റെ പക്ഷം ചേരുകയാണ്‌.

9 യഹോവയുടെ സാക്ഷികളെ കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു ചില വിശ്വാസത്യാഗികൾ ഇന്റർനെറ്റ്‌ ഉൾപ്പെടെയുള്ള പലതരം പൊതു വാർത്താവിനിമയ ഉപാധികൾ കൂടുതലായി ഉപയോഗിച്ചുവരുന്നു. തത്‌ഫലമായി, നമ്മുടെ വിശ്വാസങ്ങളെ കുറിച്ച്‌ അറിയാൻ ശ്രമിക്കുന്ന ആത്മാർഥഹൃദയരായ ആളുകൾ, വിശ്വാസത്യാഗികളുടെ കുപ്രചാരണങ്ങൾ വായിക്കാൻ ഇടയാകുന്നു. എന്തിന്‌, അബദ്ധവശാൽ ചില സാക്ഷികൾ പോലും ഹാനികരമായ അത്തരം വിവരങ്ങൾ വായിക്കാൻ ഇടയായിട്ടുണ്ട്‌. ഇതിനെല്ലാം പുറമേ ചിലപ്പോഴൊക്കെ ടെലിവിഷൻ, റേഡിയോ പരിപാടികളിലും വിശ്വാസത്യാഗികൾ പങ്കുപറ്റാറുണ്ട്‌. ഇതിന്റെയെല്ലാം വീക്ഷണത്തിൽ നാം പിൻപറ്റേണ്ട ജ്ഞാനപൂർവകമായ ഗതി ഏതാണ്‌?

10. വിശ്വാസത്യാഗികളുടെ കുപ്രചാരണങ്ങളോടു നാം ജ്ഞാനപൂർവം എങ്ങനെ പ്രതികരിക്കണം?

10 വിശ്വാസത്യാഗികളെ വീട്ടിൽ കയറ്റരുതെന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികൾക്കു നിർദേശം നൽകി. അവൻ ഇങ്ങനെ എഴുതി: “ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.” (2 യോഹന്നാൻ 10, 11) ഈ വിരോധികളുമായി യാതൊരു ബന്ധവും പുലർത്താതിരിക്കുന്നത്‌ അവരുടെ ദുഷിച്ച ചിന്താഗതിയിൽ നിന്നു നമ്മെ സംരക്ഷിക്കും. ആധുനിക ആശയവിനിമയ ഉപാധികളിലൂടെ വിശ്വാസത്യാഗികളുടെ പഠിപ്പിക്കലുകളുമായി സമ്പർക്കത്തിലാകുന്നത്‌ അവരെ വീട്ടിനുള്ളിൽ കയറ്റുന്നതുപോലെതന്നെ അപകടകരമാണ്‌. നാശകരമായ അത്തരമൊരു ഗതിയിലേക്കു നമ്മെ തള്ളിവിടത്തക്കവണ്ണം നാം ഒരിക്കലും ജിജ്ഞാസയെ കയറൂരി വിടരുത്‌.—സദൃശവാക്യങ്ങൾ 22:3.

സഭയ്‌ക്കുള്ളിൽ

11, 12. (എ) ഒന്നാം നൂറ്റാണ്ടിലെ സഭയിൽ ഹാനികരമായ വിവരങ്ങളുടെ ഒരു ഉറവിടം ഏതായിരുന്നു? (ബി) ദൈവിക പഠിപ്പിക്കലുകൾ ദൃഢമായി ഉയർത്തിപ്പിടിക്കുന്നതിൽ ചില ക്രിസ്‌ത്യാനികൾ പരാജയപ്പെട്ടത്‌ എങ്ങനെ?

11 ഹാനികരമായ ആശയങ്ങൾ ഉരുത്തിരിഞ്ഞേക്കാവുന്ന മറ്റൊരു ഉറവിടത്തെ കുറിച്ചു പരിചിന്തിക്കുക. മറ്റുള്ളവരെ തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുകയെന്ന ഉദ്ദേശ്യം ഒരു സമർപ്പിത ക്രിസ്‌ത്യാനിക്ക്‌ ഉണ്ടായിരിക്കുകയില്ലെന്നതു ശരിതന്നെ. എന്നാൽ, ചിന്താശൂന്യമായി സംസാരിക്കുന്ന ഒരു ശീലം അയാൾക്ക്‌ ഉണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 12:18) അപൂർണരായ നാമെല്ലാം ചിലപ്പോഴൊക്കെ മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചുകൊണ്ട്‌ നാവിനെ ദുരുപയോഗം ചെയ്യാറുണ്ട്‌. (സദൃശവാക്യങ്ങൾ 10:19; യാക്കോബ്‌ 3:8) പൗലൊസ്‌ അപ്പൊസ്‌തലന്റെ നാളിൽ, തങ്ങളുടെ നാവിനെ നിയന്ത്രിക്കാൻ പരാജയപ്പെട്ട ചിലർ സഭയിൽ ഉണ്ടായിരുന്നു. അവർ വാഗ്വാദങ്ങളിൽ ഏർപ്പെട്ടു. (1 തിമൊഥെയൊസ്‌ 2:8) മറ്റു ചിലരാണെങ്കിൽ സ്വന്തം അഭിപ്രായങ്ങൾക്കു വേണ്ടതിലധികം പ്രാധാന്യം നൽകിയിരുന്നു. അവർ പൗലൊസിന്റെ അധികാരത്തെ വെല്ലുവിളിക്കുകപോലും ചെയ്‌തു. (2 കൊരിന്ത്യർ 10:10-12) അത്തരമൊരു സ്ഥിതിവിശേഷം സഭയിൽ കലഹങ്ങൾ ഇളക്കിവിട്ടു.

12 ചിലപ്പോഴൊക്കെ, നിസ്സാര അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായ ‘വ്യർഥവാദ’ങ്ങളിൽ കലാശിച്ചത്‌ സഭയിലെ സമാധാനം കെടുത്തിക്കളഞ്ഞു. (1 തിമൊഥെയൊസ്‌ 6:5; ഗലാത്യർ 5:15) വാഗ്വാദങ്ങൾക്കു തിരികൊളുത്തിയവരെ കുറിച്ചു പൗലൊസ്‌ ഇങ്ങനെ എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്‌ഠ, ദൂഷണം, ദുസ്സംശയം . . . എന്നിവ ഉളവാകുന്നു.”—1 തിമൊഥെയൊസ്‌ 6:3-5.

13. ഒന്നാം നൂറ്റാണ്ടിലെ മിക്ക ക്രിസ്‌ത്യാനികളും ഏതു കാര്യങ്ങളിലാണു വ്യാപൃതരായിരുന്നത്‌?

13 സന്തോഷകരമെന്നു പറയട്ടെ, അപ്പൊസ്‌തലന്മാരുടെ നാളുകളിൽ ഭൂരിപക്ഷം ക്രിസ്‌ത്യാനികളും വിശ്വസ്‌തർ ആയിരുന്നു. ദൈവരാജ്യ സുവാർത്താ ഘോഷണത്തിലാണ്‌ അവർ തങ്ങളുടെ മുഴു ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത്‌. “അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തു”ന്നതിൽ വ്യാപൃതരായിരുന്ന അവർ “ലോകത്തിന്റെ കളങ്കമേല്‌ക്കാതെ” സ്വയം സംരക്ഷിച്ചിരുന്നു. അതിനാൽ, വ്യർഥമായ വാഗ്വാദങ്ങളിൽ ഏർപ്പെട്ടുകൊണ്ട്‌ സമയം പാഴാക്കാൻ അവർ മെനക്കെട്ടില്ല. (യാക്കോബ്‌ 1:27, പി.ഒ.സി. ബൈബിൾ) തങ്ങളുടെ ആത്മീയത കാത്തുകൊള്ളുന്നതിന്‌ അവർ ക്രിസ്‌തീയ സഭയ്‌ക്ക്‌ ഉള്ളിൽത്തന്നെയുള്ള “മോശമായ സഹവാസങ്ങൾ” ഉപേക്ഷിച്ചു.—1 കൊരിന്ത്യർ 15:33, NW; 2 തിമൊഥെയൊസ്‌ 2:20, 21.

14. നാം ജാഗ്രത പുലർത്താത്തപക്ഷം നിരുപദ്രവകരമായി തുടങ്ങിയ സംഭാഷണം ഉപദ്രവകരമായ തർക്കങ്ങൾ ആയി പരിണമിച്ചേക്കാവുന്നത്‌ എങ്ങനെ?

14 ഇന്ന്‌ യഹോവയുടെ സാക്ഷികളുടെ സഭയിൽ, 11-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന അതേ സാഹചര്യങ്ങളാണു നിലവിലുള്ളതെന്നു പറയാനാകില്ല. എങ്കിലും, അത്തരം വാഗ്വാദങ്ങൾ ഉയർന്നുവന്നേക്കാമെന്ന കാര്യം മനസ്സിൽപ്പിടിക്കുന്നതു നന്ന്‌. ബൈബിൾ വൃത്താന്തങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതോ പുതിയ ലോകത്തിന്റെ ഇതുവരെ വ്യക്തമാക്കിയിട്ടില്ലാത്ത സവിശേഷതകളെ കുറിച്ച്‌ സങ്കൽപ്പങ്ങൾ നെയ്യുന്നതോ ഒക്കെ സ്വാഭാവികംതന്നെ. അതുപോലെ, വസ്‌ത്രധാരണവും ചമയവും വിനോദവും പോലുള്ള വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച്‌ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിലും തെറ്റില്ല. എന്നാൽ, നമ്മുടെ ആശയങ്ങൾ സംബന്ധിച്ചു കടുംപിടിത്തക്കാർ ആയിരിക്കുകയും മറ്റുള്ളവർ നമ്മുടെ അഭിപ്രായത്തോടു വിയോജിക്കുമ്പോൾ നീരസപ്പെടുകയും ചെയ്യുന്നെങ്കിൽ കൊച്ചുകൊച്ചു കാര്യങ്ങളെ പ്രതി സഭയിലെ ഐക്യം തകരും. അങ്ങനെ, നിരുപദ്രവകരമായി തുടങ്ങിയ സംഭാഷണം ഒടുവിൽ ഉപദ്രവകരം ആയിത്തീർന്നേക്കാം.

നമ്മുടെ ഉപനിധി കാത്തുസൂക്ഷിക്കൽ

15. “ഭൂതങ്ങളുടെ ഉപദേശങ്ങ”ൾ നമുക്ക്‌ ആത്മീയമായി എത്രത്തോളം ഹാനികരമാണ്‌, തിരുവെഴുത്തുകൾ നമുക്ക്‌ എന്തു ബുദ്ധിയുപദേശം നൽകുന്നു?

15 “ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്‌കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ മുന്നറിയിപ്പു നൽകുന്നു. (1 തിമൊഥെയൊസ്‌ 4:1) ഹാനികരമായ ആശയങ്ങൾ ഒരു ഭീഷണിയാണെന്നതിൽ സംശയമില്ല. ആ സ്ഥിതിക്ക്‌, തന്റെ പ്രിയ സുഹൃത്തായ തിമൊഥെയൊസിനോടു പൗലൊസ്‌ ഇങ്ങനെ അഭ്യർഥിച്ചതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ: “അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്‌പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞുനില്‌ക്ക. ആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെററിപ്പോയിരിക്കുന്നു.”—1 തിമൊഥെയൊസ്‌ 6:20, 21.

16, 17. ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നത്‌ എന്ത്‌, നാം അത്‌ കാത്തുസൂക്ഷിക്കേണ്ടത്‌ എങ്ങനെ?

16 സ്‌നേഹപുരസ്സരമായ ആ മുന്നറിയിപ്പിൽ നിന്നു നമുക്കെങ്ങനെ പ്രയോജനം നേടാനാകും? മൂല്യവത്തായി കാത്തുസൂക്ഷിക്കേണ്ട ഒരു ഉപനിധി തിമൊഥെയൊസിനെ ഏൽപ്പിച്ചിരുന്നു. എന്തായിരുന്നു അത്‌? പൗലൊസ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “എന്നോടു കേട്ട പത്ഥ്യവചനം [“ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക,” NW] നീ ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്തിലും സ്‌നേഹത്തിലും മാതൃകയാക്കിക്കൊൾക. ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.” (2 തിമൊഥെയൊസ്‌ 1:13, 14) തിമൊഥെയൊസിനെ ഏൽപ്പിച്ചിരുന്ന ഉപനിധിയിൽ ‘ആരോഗ്യാവഹമായ വാക്കുകളും’ ‘ഭക്തിക്കൊത്ത ഉപദേശവും’ ഉൾപ്പെട്ടിരുന്നു. (1 തിമൊഥെയൊസ്‌ 6:3) അതിനു ചേർച്ചയിൽ, തങ്ങളുടെ വിശ്വാസവും തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന മുഴു സത്യവും കാത്തുസൂക്ഷിക്കാൻ ക്രിസ്‌ത്യാനികൾ ഇന്നു ദൃഢചിത്തരാണ്‌.

17 ആ ഉപനിധി കാത്തുസൂക്ഷിക്കുന്നതിൽ നല്ല ബൈബിൾ പഠനവും ഇടവിടാതെയുള്ള പ്രാർഥനയും പോലുള്ള കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അതോടൊപ്പം, ‘എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്യേണ്ടതു’മുണ്ട്‌. (ഗലാത്യർ 6:10; റോമർ 12:11-17) പൗലൊസ്‌ ഇങ്ങനെയും ഉദ്‌ബോധിപ്പിക്കുന്നു: “നീതി, ഭക്തി, വിശ്വാസം, സ്‌നേഹം ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ [മുറുകെ] പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.” (1 തിമൊഥെയൊസ്‌ 6:11, 12) “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക,” “[മുറുകെ] പിടിച്ചുകൊൾക” എന്നീ പ്രയോഗങ്ങൾ ഒരു സംഗതി വ്യക്തമാക്കുന്നു: ആത്മീയമായി ഹാനികരമായ സ്വാധീനങ്ങളെ നിശ്ചയദാർഢ്യത്തോടെ, സുശക്തം നാം ചെറുത്തുനിൽക്കേണ്ടതുണ്ട്‌.

വിവേചകത്തിന്റെ ആവശ്യം

18. ലൗകിക വിവരങ്ങളോടുള്ള ബന്ധത്തിൽ നമുക്ക്‌ എങ്ങനെ ക്രിസ്‌തീയ സമനില പാലിക്കാൻ സാധിക്കും?

18 വിശ്വാസത്തിന്റെ നല്ല പോർ പൊരുതുന്നതിനു വിവേകം ആവശ്യമാണ്‌. (സദൃശവാക്യങ്ങൾ 2:11; ഫിലിപ്പിയർ 1:9) ദൃഷ്ടാന്തത്തിന്‌, എല്ലാ ലൗകിക വിവരങ്ങളെ കുറിച്ചും സന്ദേഹം വെച്ചുപുലർത്തുന്നതു ന്യായയുക്തമായിരിക്കില്ല. (ഫിലിപ്പിയർ 4:5; യാക്കോബ്‌ 3:17, NW) ലോകത്തിലെ വിവരങ്ങൾ എല്ലാമൊന്നും ദൈവവചനത്തിനു വിരുദ്ധമല്ല. രോഗികൾ കഴിവുറ്റ ഒരു വൈദ്യനെ—ലൗകിക ജ്ഞാനത്തിൽ അധിഷ്‌ഠിതമാണ്‌ അദ്ദേഹത്തിന്റെ തൊഴിൽ—ചെന്നുകാണുന്നതിന്റെ ആവശ്യത്തെ കുറിച്ച്‌ യേശു സൂചിപ്പിച്ചു. (ലൂക്കൊസ്‌ 5:31) യേശുവിന്റെ നാളുകളിൽ വൈദ്യശാസ്‌ത്രം ഇന്നത്തെയത്രയും പുരോഗമിച്ചിരുന്നില്ല. എന്നിട്ടും, ലൗകിക വിദ്യാഭ്യാസത്തിൽ അധിഷ്‌ഠിതമായ യോഗ്യത നേടിയ ഒരു ചികിത്സകന്റെ സഹായം തേടുന്നതു നന്നായിരിക്കുമെന്ന്‌ അവന്‌ അറിയാമായിരുന്നു. ലൗകിക വിവരങ്ങൾ സമ്പാദിക്കുന്നതിനോടുള്ള ബന്ധത്തിൽ ക്രിസ്‌ത്യാനികൾ ഇന്നു സമനില പാലിക്കുന്നു. എന്നാൽ അതോടൊപ്പംതന്നെ, തങ്ങൾക്ക്‌ ആത്മീയമായി ഹാനികരം ആയിരുന്നേക്കാവുന്ന ഏതൊരു സംഗതിയെ കുറിച്ചും അവർ ജാഗരൂകരായിരിക്കും.

19, 20. (എ) ബുദ്ധിശൂന്യമായി സംസാരിക്കുന്നവരെ സഹായിക്കവെ മൂപ്പന്മാർ വിവേചനാപൂർവം പ്രവർത്തിക്കുന്നത്‌ എങ്ങനെ? (ബി) തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ തുടരുന്നവരോടു സഭ എങ്ങനെയാണ്‌ ഇടപെടുന്നത്‌?

19 ബുദ്ധിശൂന്യമായി സംസാരിക്കുന്നവരെ സഹായിക്കാൻ അവസരം ലഭിക്കുമ്പോൾ മൂപ്പന്മാരും വിവേചന പ്രകടമാക്കേണ്ടതുണ്ട്‌. (2 തിമൊഥെയൊസ്‌ 2:7) ചിലപ്പോഴൊക്കെ സഭാംഗങ്ങൾ കൊച്ചുകൊച്ചു കാര്യങ്ങളെ ചൊല്ലി വാഗ്വാദങ്ങളിൽ ഏർപ്പെട്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ, സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനു മൂപ്പന്മാർ പെട്ടെന്നുതന്നെ നടപടിയെടുക്കണം. അതേസമയം അവർ, തങ്ങളുടെ സഹോദരന്മാരെ ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുകയോ അവർ വിശ്വാസത്യാഗികളാണെന്നു നിഗമനം ചെയ്യാൻ തിടുക്കം കൂട്ടുകയോ ചെയ്യുന്നില്ല.

20 സഹായം പ്രദാനം ചെയ്യുമ്പോൾ മൂപ്പന്മാർക്ക്‌ ഉണ്ടായിരിക്കേണ്ട മനോഭാവത്തെ കുറിച്ചു പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” (ഗലാത്യർ 6:1) സംശയങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ക്രിസ്‌ത്യാനികളെ ഉദ്ദേശിച്ചുകൊണ്ട്‌ യൂദാ എഴുതി: “സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‌വിൻ; ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ.” (യൂദാ 22, 23) എന്നാൽ, ആവർത്തിച്ചുള്ള അനുശാസനങ്ങൾക്കു ശേഷവും ഒരുവൻ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ തുടരുകയാണെങ്കിൽ സഭയെ സംരക്ഷിക്കുന്നതിനു മൂപ്പന്മാർ ഉചിതമായ പടികൾ സ്വീകരിക്കേണ്ടതുണ്ട്‌.—1 തിമൊഥെയൊസ്‌ 1:20; തീത്തൊസ്‌ 3:10, 11.

പുകഴ്‌ചയുള്ള കാര്യങ്ങൾകൊണ്ടു മനസ്സു നിറയ്‌ക്കൽ

21, 22. ഏതു കാര്യത്തിൽ നാം തിരഞ്ഞെടുപ്പു മനോഭാവം ഉള്ളവരായിരിക്കണം, എന്തെല്ലാം കാര്യങ്ങളാൽ നാം മനസ്സു നിറയ്‌ക്കണം?

21 “അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കുന്ന” ഹാനികരമായ വാക്കുകൾ ക്രിസ്‌തീയ സഭയിലുള്ളവർ തള്ളിക്കളയുന്നു. (2 തിമൊഥെയൊസ്‌ 2:16, 17; തീത്തൊസ്‌ 3:9) വഴിതെറ്റിക്കുന്ന തരത്തിലുള്ള ലൗകിക “ജ്ഞാനം” പ്രതിഫലിപ്പിക്കുന്ന വാക്കുകളോ വിശ്വാസത്യാഗികളുടെ കുപ്രചരണങ്ങളോ സഭാംഗങ്ങളുടെതന്നെ ചിന്താശൂന്യമായ അഭിപ്രായങ്ങളോ ഒക്കെ ആ ഗണത്തിൽ പെടുന്നു. പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ആരോഗ്യാവഹമായ ആഗ്രഹം പ്രയോജനപ്രദം ആണെങ്കിലും, അത്‌ അമിതമാകുമ്പോൾ ഹാനികരം ആയിത്തീർന്നേക്കാം. സാത്താന്റെ തന്ത്രങ്ങളെ കുറിച്ചു നാം അജ്ഞരല്ല. (2 കൊരിന്ത്യർ 2:11) നമ്മുടെ ശ്രദ്ധ പതറിച്ചുകൊണ്ട്‌ ദൈവസേവനത്തിൽ നമ്മെ മന്ദീഭവിപ്പിക്കാൻ അവൻ കഠിനമായി ശ്രമിക്കുന്നുവെന്നു നമുക്കറിയാം.

22 നല്ല ശുശ്രൂഷകർ എന്ന നിലയിൽ ദൈവിക പഠിപ്പിക്കലിനെ നമുക്കു ദൃഢമായി ഉയർത്തിപ്പിടിക്കാം. (1 തിമൊഥെയൊസ്‌ 4:6) വിവരങ്ങൾ നേടുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പു മനോഭാവം ഉള്ളവർ ആയിരുന്നുകൊണ്ടു നാം സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നു. അങ്ങനെയാകുമ്പോൾ സാത്താന്റെ പ്രചാരണങ്ങളിൽ നാം എളുപ്പം കുലുങ്ങിപ്പോകയില്ല. “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തി”ക്കുന്നതിൽ നമുക്കു തുടരാം. അത്തരം കാര്യങ്ങളാൽ നാം മനസ്സും ഹൃദയവും നിറയ്‌ക്കുന്നപക്ഷം, സമാധാനത്തിന്റെ ദൈവം നമ്മോടുകൂടെ ഉണ്ടായിരിക്കും.—ഫിലിപ്പിയർ 4:8, 9.

നാം എന്തു പഠിച്ചു?

• ലൗകിക ജ്ഞാനം നമ്മുടെ ആത്മീയതയ്‌ക്കു ഭീഷണി ഉയർത്തുന്നത്‌ എങ്ങനെ?

• വിശ്വാസത്യാഗികൾ പ്രചരിപ്പിക്കുന്ന ഹാനികരമായ വിവരങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കുന്നതിനു നമുക്ക്‌ എന്തു ചെയ്യാനാകും?

• സഭയ്‌ക്കുള്ളിൽ നാം ഏതു തരത്തിലുള്ള സംഭാഷണങ്ങൾ ഒഴിവാക്കണം?

• വിജ്ഞാനപ്പെരുപ്പത്തിന്റെ ഇക്കാലത്തു നമുക്ക്‌ എങ്ങനെ ക്രിസ്‌തീയ സമനില പ്രകടമാക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

പ്രചാരം സിദ്ധിച്ച പല മാസികകളും പുസ്‌തകങ്ങളും നമ്മുടെ ക്രിസ്‌തീയ മൂല്യങ്ങൾക്കു വിരുദ്ധമാണ്‌

[10-ാം പേജിലെ ചിത്രം]

കടുംപിടിത്തക്കാർ ആയിരിക്കാതെ ആശയങ്ങൾ കൈമാറാൻ ക്രിസ്‌ത്യാനികൾക്കു കഴിയും