വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയ്‌ക്കു ബഹുമതി കരേറ്റുന്ന സന്തോഷകരമായ വിവാഹവേളകൾ

യഹോവയ്‌ക്കു ബഹുമതി കരേറ്റുന്ന സന്തോഷകരമായ വിവാഹവേളകൾ

യഹോവയ്‌ക്കു ബഹുമതി കരേറ്റുന്ന സന്തോഷകരമായ വിവാഹവേളകൾ

ദക്ഷിണാഫ്രിക്കയിലെ സൊവേറ്റോയിൽ വെച്ചായിരുന്നു വെൽഷിന്റെയും എൽതിയയുടെയും വിവാഹം, 1985-ൽ. മകൾ സിൻസിയുമൊത്ത്‌ ഇടയ്‌ക്കിടെ അവർ തങ്ങളുടെ വിവാഹ ആൽബം കാണുകയും സന്തോഷകരമായ ആ ദിവസത്തെ കുറിച്ചുള്ള സ്‌മരണകൾ അയവിറക്കുകയും ചെയ്യാറുണ്ട്‌. ഉടുത്തൊരുങ്ങി നിൽക്കുന്ന അമ്മയുടെ ഫോട്ടോ സിൻസിക്ക്‌ എന്തിഷ്ടമാണെന്നോ! ഫോട്ടോയിൽ തനിക്ക്‌ പരിചയമുള്ള ആളുകളെ കണ്ടുപിടിക്കുന്നത്‌ അവൾക്ക്‌ ഒരു രസമാണ്‌.

സൊവേറ്റോയിലെ കമ്മ്യൂണിറ്റി ഹാളിൽവെച്ചു നടന്ന ആ വിവാഹ പരിപാടി ഒരു പ്രസംഗത്തോടെയാണ്‌ ആരംഭിച്ചത്‌. അതിനുശേഷം, ചതുർഭാഗ താളൈക്യത്തിൽ ക്രിസ്‌തീയ യുവജനങ്ങളുടെ ഒരു ഗായകസംഘം ദൈവത്തിനു സ്‌തുതിഗീതങ്ങൾ ആലപിച്ചു. തുടർന്ന്‌, അതിഥികൾ വിവാഹസദ്യ ആസ്വദിക്കവെ, പശ്ചാത്തലത്തിൽ രാജ്യസംഗീതം കേൾക്കാൻ കഴിഞ്ഞിരുന്നു. ലഹരിപാനീയങ്ങളോ ഉച്ചത്തിലുള്ള സംഗീതമോ നൃത്തമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പകരം, ഒരുമിച്ചുള്ള സഹവാസം ആസ്വദിക്കുന്നതിനും വധൂവരന്മാർക്കു മംഗളാശംസകൾ നേരുന്നതിനും ഒക്കെയായി അതിഥികൾ ആ അവസരം നന്നായി ഉപയോഗിച്ചു. ഏതാണ്ട്‌ മൂന്നു മണിക്കൂറുകൊണ്ട്‌ പരിപാടികൾ എല്ലാം അവസാനിച്ചു. “ആ വിവാഹ പരിപാടി എന്നും എന്റെ ഓർമയിൽ ഉണ്ടായിരിക്കും, അത്ര നല്ലൊരു ചടങ്ങായിരുന്നു അത്‌,” ഒരു ക്രിസ്‌തീയ മൂപ്പനായ റേയ്‌മണ്ട്‌ പറയുന്നു.

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ ദക്ഷിണാഫ്രിക്കൻ ബ്രാഞ്ചിൽ സ്വമേധയാ സേവകരായി പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു വെൽഷും എൽതിയയും വിവാഹിതരായത്‌. വിവാഹം ആർഭാടമായി നടത്താനുള്ള സാമ്പത്തിക ശേഷിയൊന്നും അവർക്കില്ലായിരുന്നു. വിവാഹം വളരെ കേമമായി നടത്തുന്നതിനു വേണ്ടി ചില ക്രിസ്‌ത്യാനികൾ മുഴുസമയ ശുശ്രൂഷ ഉപേക്ഷിച്ചു ലൗകിക തൊഴിലുകൾ സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ, വെൽഷും എൽതിയയും വിവാഹം ലളിതമായി നടത്താനാണു തീരുമാനിച്ചത്‌. അതിൽ അവർക്ക്‌ ഒട്ടും ഖേദമില്ല. കാരണം, സിൻസി ജനിക്കുന്നതുവരെ മുഴുസമയ ശുശ്രൂഷകരെന്ന നിലയിൽ ദൈവത്തെ സേവിക്കുന്നതിൽ തുടരാൻ അത്‌ അവരെ സഹായിച്ചു.

എന്നാൽ, തങ്ങളുടെ വിവാഹവേളയിൽ ലൗകിക സംഗീതവും നൃത്തവും ഉണ്ടായിരിക്കാൻ വധൂവരന്മാർ തീരുമാനിക്കുന്നെങ്കിലോ? വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ വിളമ്പാൻ അവർ താത്‌പര്യപ്പെടുന്നെങ്കിലോ? വിവാഹം കെങ്കേമമായി നടത്താൻ അവർക്കാകുമെങ്കിലോ? ദൈവാരാധകർക്കു ചേരുന്നവിധം ആ അവസരം സന്തോഷകരമായ ഒന്നായിത്തീരുമെന്ന്‌ അവർക്ക്‌ എങ്ങനെ ഉറപ്പു വരുത്താൻ കഴിയും? അത്തരം ചോദ്യങ്ങൾ പരിചിന്തനം അർഹിക്കുന്നു, കാരണം ബൈബിൾ പ്രസ്‌താവിക്കുന്നു: “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.”—1 കൊരിന്ത്യർ 10:31.

കുടിച്ചു കൂത്താട്ടം ഒഴിവാക്കൽ

സന്തോഷരഹിതമായ ഒരു വിവാഹപാർട്ടിയെക്കുറിച്ച്‌ നമുക്ക്‌ ആലോചിക്കാനേ വയ്യ. എന്നാൽ, അങ്ങേയറ്റത്തെ സന്തോഷം തേടിയുള്ള അനിയന്ത്രിതമായ ആഹ്ലാദത്തിമർപ്പിൽ വലിയ അപകടങ്ങൾ പതിയിരിപ്പുണ്ട്‌. സാക്ഷികളുടേതല്ലാത്ത മിക്ക വിവാഹപാർട്ടികളിലും ദൈവത്തെ നിന്ദിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ട്‌. ഉദാഹരണമായി, ലക്കുകെടുന്നതുവരെ കുടിക്കുക എന്നത്‌ ഒരു സാധാരണ കാര്യമാണ്‌. ദുഃഖകരമെന്നു പറയട്ടെ, ചില ക്രിസ്‌തീയ വിവാഹപാർട്ടികളിൽ പോലും അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

‘മദ്യം കലഹക്കാരനാകുന്നു’ എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 20:1) ‘കലഹിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിനർഥം “ഒച്ചപ്പാടുണ്ടാക്കുക” എന്നാണ്‌. മദ്യത്തിന്‌ ഒരാളെ ബഹളക്കാരനാക്കാൻ കഴിയുമെങ്കിൽ, മൂക്കറ്റം കുടിക്കുന്ന ഒരുകൂട്ടം ആളുകൾ ഒന്നിച്ചുകൂടുമ്പോഴുള്ള അവസ്ഥയെക്കുറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ! അത്തരം വിവാഹവേളകൾ പെട്ടെന്നുതന്നെ, “ജഡത്തിന്റെ പ്രവൃത്തി”കൾ എന്നു ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്ന, “മദ്യപാനം, വെറിക്കൂത്തു മുതലായ” കാര്യങ്ങൾക്കുള്ള അവസരങ്ങളായി അധഃപതിച്ചേക്കാം. തന്റെ ഗതിക്കു മാറ്റം വരുത്താത്തപക്ഷം, ദൈവരാജ്യ ഭരണത്തിൻ കീഴിലെ നിത്യജീവൻ അവകാശമാക്കുന്നതിൽ നിന്ന്‌ അത്തരം പ്രവൃത്തികൾ ഒരുവനെ അയോഗ്യനാക്കിത്തീർക്കും.—ഗലാത്യർ 5:19-21.

“വെറിക്കൂത്തു” എന്നതിനുള്ള ഗ്രീക്കു പദം, ആടിപ്പാടി ബഹളം വെച്ച്‌, ഉച്ചത്തിലുള്ള സംഗീതവും കേൾപ്പിച്ചുകൊണ്ട്‌ തെരുവിലൂടെ കടന്നുപോകുന്ന പാതിലക്കുകെട്ട ചെറുപ്പക്കാരെ വർണിക്കാനാണ്‌ ഉപയോഗിച്ചിരുന്നത്‌. വിവാഹപാർട്ടികളിൽ യാതൊരു നിയന്ത്രണവുമില്ലാതെ മദ്യം വിളമ്പുന്നെങ്കിൽ, കാതടപ്പിക്കുന്ന സംഗീതവും വന്യമായ നൃത്തവും ഉണ്ടെങ്കിൽ, ആ വേള വെറിക്കൂത്തിനു വേദിയാകാൻ ഏറെ സാധ്യതയുണ്ട്‌. അത്തരമൊരു സാഹചര്യത്തിൽ, ആത്മീയവും ധാർമികവുമായി അശക്തരായവർ പ്രലോഭനത്തിലേക്കു വഴുതിവീണ്‌ ജഡത്തിന്റെ മറ്റു പ്രവൃത്തികളായ ‘പരസംഗം, അശുദ്ധി, അയഞ്ഞ നടത്ത, കോപാവേശം’ എന്നിവയിൽ ഏർപ്പെട്ടേക്കാം. സന്തോഷം നശിപ്പിക്കുന്ന, ജഡത്തിന്റെ അത്തരം പ്രവൃത്തികൾ ക്രിസ്‌തീയ വിവാഹപാർട്ടികളിലേക്കു കടന്നുവരാതിരിക്കാനായി എന്തു ചെയ്യാൻ കഴിയും? ഉത്തരത്തിനായി, ബൈബിളിൽ വിവരിച്ചിരിക്കുന്ന ഒരു വിവാഹത്തെക്കുറിച്ചു നമുക്കു പരിചിന്തിക്കാം.

യേശു പങ്കെടുത്ത ഒരു വിവാഹപാർട്ടി

യേശുവിനെയും ശിഷ്യന്മാരെയും ഗലീലയിലെ കാനാവിൽ ഒരു കല്യാണ സദ്യക്കു ക്ഷണിച്ചു. അവർ ക്ഷണം സ്വീകരിച്ചു. മാത്രമല്ല, ആ വേളയെ സന്തോഷകരമാക്കുന്നതിൽ യേശു ഒരു പങ്കുവഹിക്കുകയും ചെയ്‌തു. വീഞ്ഞു തീർന്നുപോയപ്പോൾ അവൻ അത്ഭുതകരമായി മുന്തിയതരം വീഞ്ഞ്‌ ഉണ്ടാക്കി. അതിനു വരനും അദ്ദേഹത്തിന്റെ കുടുംബവും യേശുവിനോടു നന്ദിയുള്ളവർ ആയിരുന്നു. മിച്ചം വന്ന വീഞ്ഞ്‌, വിവാഹ ശേഷമുള്ള ദിവസങ്ങളിലേക്ക്‌ ഉതകി എന്നതിനു സംശയമില്ല.—യോഹന്നാൻ 2:3-11.

യേശു സംബന്ധിച്ച ആ കല്യാണ സദ്യയിൽനിന്നു നമുക്ക്‌ അനവധി കാര്യങ്ങൾ പഠിക്കാൻ കഴിയും. ഒന്നാമതായി, കല്യാണ സദ്യക്കു ക്ഷണിച്ചതുകൊണ്ടാണ്‌ യേശുവും ശിഷ്യന്മാരും അതിൽ സംബന്ധിക്കാൻ പോയത്‌. ബൈബിൾ അതു പ്രത്യേകം പറയുന്നുണ്ട്‌. (യോഹന്നാൻ 2:1, 2) അതുപോലെ, കല്യാണ സദ്യകളെ കുറിച്ചുള്ള തന്റെ രണ്ട്‌ ഉപമകളിൽ, ക്ഷണം സ്വീകരിച്ചു സന്നിഹിതരായ അതിഥികളെക്കുറിച്ച്‌ യേശു കൂടെക്കൂടെ സംസാരിക്കുകയും ചെയ്‌തു.—മത്തായി 22:2-4, 8, 9; ലൂക്കൊസ്‌ 14:8-10.

വിളിച്ചാലും ഇല്ലെങ്കിലും പ്രദേശത്തുള്ള എല്ലാവരും പോയി കല്യാണം കൂടുന്ന പതിവ്‌ ചില രാജ്യങ്ങളിലുണ്ട്‌. ഇത്‌ വധൂവരന്മാർക്ക്‌ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുത്തിവെച്ചേക്കാം, വിശേഷിച്ചും അവർ സാമ്പത്തികശേഷി ഇല്ലാത്തവരാണെങ്കിൽ. കാരണം, വന്നുകൂടുന്ന ജനങ്ങളെ മുഴുവൻ സത്‌കരിക്കാൻ തക്കവണ്ണം അവർക്കു പണം കടംമേടിക്കേണ്ടി വന്നേക്കാം. അതുകൊണ്ട്‌, ക്രിസ്‌തീയ വധൂവരന്മാർ അതിഥികളുടെ എണ്ണം കുറച്ചുകൊണ്ട്‌ വിവാഹപാർട്ടി ലളിതമാക്കാൻ തീരുമാനിക്കുന്നെങ്കിൽ, ക്ഷണം ലഭിക്കാത്ത ക്രിസ്‌ത്യാനികൾ അതു മനസ്സിലാക്കുകയും അതിനെ ആദരിക്കുകയും വേണം. ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ ടൗണിൽ വെച്ചു വിവാഹിതനായ ഒരു വ്യക്തി തന്റെ വിവാഹത്തിന്‌ 200 പേരെ വിളിച്ചതായി ഓർക്കുന്നു. എന്നാൽ വന്നുചേർന്നതാകട്ടെ 600 പേരും. നൊടിനേരംകൊണ്ട്‌ ഭക്ഷണമെല്ലാം തീർന്നുപോയി. ആ വാരാന്തത്തിൽ കേപ്പ്‌ ടൗണിലേക്കു വിനോദയാത്രയ്‌ക്കായി ബസിൽ വന്ന ഒരുകൂട്ടം ആളുകളാണ്‌ ക്ഷണിക്കാതെ എത്തിച്ചേർന്നവർ. ഈ വിനോദയാത്രാ സംഘത്തിന്റെ ഗൈഡ്‌ വധുവിന്റെ ഒരു അകന്ന ബന്ധുവായിരുന്നു, അതുകൊണ്ട്‌, അവരെയെല്ലാം കല്യാണത്തിനു കൊണ്ടുവരാനുള്ള അവകാശം തനിക്കുണ്ടെന്നും അതിനു വധുവിനോടോ വരനോടോ പ്രത്യേകം ചോദിക്കേണ്ട ആവശ്യമൊന്നുമില്ലെന്നും അദ്ദേഹം വിചാരിച്ചു!

ഏവർക്കും വിരുന്നിൽ സംബന്ധിക്കാം എന്ന്‌ അറിയിച്ചിട്ടില്ലെങ്കിൽ, ക്രിസ്‌തുവിന്റെ ഒരു യഥാർഥ അനുഗാമി ക്ഷണിക്കപ്പെടാതെ വിവാഹ സദ്യക്കു പോകുകയോ അതിഥികൾക്കായി കരുതിയിരിക്കുന്ന ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ ചെയ്യില്ല. ക്ഷണമില്ലാതെ പോകാനുള്ള പ്രലോഭനം തോന്നുന്നവർക്കു സ്വയം ഇങ്ങനെ ചോദിക്കാൻ കഴിയും: ‘വിളിക്കാത്ത സ്ഥിതിക്ക്‌, ഞാൻ ആ വിവാഹ സദ്യയിൽ സംബന്ധിക്കുന്നത്‌ നവദമ്പതികളോടുള്ള സ്‌നേഹമില്ലായ്‌മ ആയിരിക്കില്ലേ? ആ സന്തോഷകരമായ അവസരത്തിന്‌ ഞാനൊരു തടസ്സവും അസൗകര്യവും ആയിരിക്കില്ലേ?’ ക്ഷണം ലഭിക്കാഞ്ഞതിൽ നീരസപ്പെടുന്നതിനു പകരം, സാഹചര്യം മനസ്സിലാക്കുന്ന ഒരു ക്രിസ്‌ത്യാനി വധൂവരന്മാർക്ക്‌ ആശംസകളും യഹോവയുടെ അനുഗ്രഹവും നേർന്നുകൊണ്ടു സ്‌നേഹപുരസ്സരം ഒരു സന്ദേശമയച്ചേക്കാം. വിവാഹദിനത്തിന്റെ സന്തോഷം വർധിപ്പിക്കാനായി നവദമ്പതികൾക്ക്‌ ഒരു സമ്മാനം അയച്ചുകൊടുത്തുകൊണ്ട്‌ അവരെ സഹായിക്കുന്നതിനെക്കുറിച്ചു പോലും അദ്ദേഹത്തിനു ചിന്തിക്കാവുന്നതാണ്‌.—സഭാപ്രസംഗി 7:9; എഫെസ്യർ 4:28.

ആർക്കാണ്‌ ഉത്തരവാദിത്വം?

ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ, വിവാഹ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നതു സാധാരണമായി മുതിർന്ന ബന്ധുക്കളാണ്‌. അതു പണപരമായ ഉത്തരവാദിത്വങ്ങളിൽനിന്നു തങ്ങളെ വിമുക്തരാക്കുന്നു എന്നതിനാൽ ദമ്പതികൾക്ക്‌ ആ ക്രമീകരണത്തോടു നന്ദിയുള്ളവർ ആയിരിക്കാവുന്നതാണ്‌. അവിടെ സംഭവിച്ചേക്കാവുന്ന ഏതു കാര്യത്തിന്റെയും ഉത്തരവാദിത്വത്തിൽനിന്ന്‌ അതു തങ്ങളെ സ്വതന്ത്രരാക്കുമെന്ന്‌ അവർക്കു തോന്നിയേക്കാം. സദുദ്ദേശ്യമുള്ള ബന്ധുക്കളിൽനിന്ന്‌ ഏതൊരു സഹായവും സ്വീകരിക്കുന്നതിനു മുമ്പായി തങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ മാനിക്കപ്പെടുമെന്നു ദമ്പതികൾ ഉറപ്പാക്കണം.

യേശു “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന” ദൈവപുത്രനായിരുന്നിട്ടും, കാനാവിലെ കല്യാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കാര്യങ്ങളെല്ലാം നോക്കിനടത്തിയെന്നതിന്‌ ഒരു സൂചനയുമില്ല. (യോഹന്നാൻ 6:41) പകരം, “വിരുന്നുവാഴി”യായി ഒരാൾ ഉണ്ടായിരുന്നു എന്നു ബൈബിൾ വിവരണം നമ്മോടു പറയുന്നു. (യോഹന്നാൻ 2:8) ഇയാൾ, പുതിയ കുടുംബനാഥനോട്‌, അതായത്‌ വരനോട്‌, സമാധാനം പറയണമായിരുന്നു.—യോഹന്നാൻ 2:9, 10.

ക്രിസ്‌ത്യാനികളായ ബന്ധുക്കൾ പുതിയ കുടുംബത്തിന്റെ ദൈവനിയമിത നാഥനെ ആദരിക്കണം. (കൊലൊസ്സ്യർ 3:18-20) തന്റെ വിവാഹത്തോടു ബന്ധപ്പെട്ടു നടക്കുന്ന സംഗതികൾക്ക്‌ അദ്ദേഹത്തിനാണ്‌ ഉത്തരവാദിത്വമുള്ളത്‌. എങ്കിൽപ്പോലും സാധ്യമെങ്കിൽ, വധുവിന്റെയും സ്വന്തം മാതാപിതാക്കളുടെയും പുതിയ ബന്ധുക്കളുടെയും ആഗ്രഹങ്ങൾ പരിഗണിച്ചുകൊണ്ട്‌ അദ്ദേഹത്തിനു ന്യായബോധം ഉള്ളവനായിരിക്കാൻ കഴിയും. എന്നാൽ, ചിലപ്പോഴൊക്കെ ദമ്പതികൾക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ക്രമീകരിക്കാൻ ബന്ധുക്കൾ ശാഠ്യം പിടിച്ചേക്കാം. ഉദാഹരണത്തിന്‌, ദക്ഷിണാഫ്രിക്കയിലെ ഒരു ക്രിസ്‌തീയ വിവാഹത്തിന്റെ കാര്യക്കാരനായിരുന്ന അവിശ്വാസിയായ ഒരു ബന്ധു പിതൃക്കൾക്കു നിവേദിക്കാനായി ഒരു പാനീയം ഉണ്ടാക്കുകപോലും ചെയ്‌തു! എന്നാൽ സമാനമായ സംഗതികൾ സംഭവിക്കാനുള്ള സാധ്യത കാണുന്നപക്ഷം, ദമ്പതികൾ അവരുടെ സഹായത്തെ ദയാപുരസ്സരം നിരസിച്ചുകൊണ്ട്‌ സ്വന്തം ചെലവിൽ ലളിതമായി വിവാഹസദ്യ നടത്തേണ്ടതുണ്ടായിരിക്കാം. അങ്ങനെ ചെയ്‌താൽ ആ വിവാഹദിനത്തെക്കുറിച്ച്‌ കയ്‌പേറിയ യാതൊരു ഓർമകളും പിൽക്കാലത്തു ദമ്പതികൾക്ക്‌ ഉണ്ടായിരിക്കുകയില്ല.

ചിലപ്പോഴൊക്കെ, വിവാഹാഘോഷം അവസാനിക്കുന്നതിനു മുമ്പായി നവദമ്പതികൾ മധുവിധു ആഘോഷിക്കാൻ പുറപ്പെടാറുണ്ട്‌. അത്തരമൊരു സാഹചര്യത്തിൽ, ബൈബിൾ തത്ത്വങ്ങൾ പാലിക്കപ്പെടുന്നുവെന്നും ന്യായമായ സമയത്തുതന്നെ പരിപാടികൾ സമാപിക്കുന്നുവെന്നും ഉറപ്പുവരുത്താനായി വരൻ ആരെയെങ്കിലും ഉത്തരവാദിത്തപ്പെടുത്തണം.

ശ്രദ്ധാപൂർവകമായ ആസൂത്രണവും സമനിലയും

യേശു സംബന്ധിച്ച കല്യാണത്തിൽ ധാരാളം നല്ല ഭക്ഷ്യവിഭവങ്ങൾ ഉണ്ടായിരുന്നുവെന്നതു തീർച്ചയാണ്‌. അതുകൊണ്ടാണ്‌ ബൈബിൾ അതിനെ ഒരു കല്യാണസദ്യ എന്നു വിളിക്കുന്നത്‌. നേരത്തെ പറഞ്ഞതുപോലെ, വീഞ്ഞും അവിടെ സുലഭമായിരുന്നു. ഉചിതമായ സംഗീതവും മാന്യമായ നൃത്തവും അവിടെ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം. കാരണം, യഹൂദന്മാരുടെ സാമൂഹിക ജീവിതത്തിന്റെ ഒരു പൊതു സവിശേഷതയായിരുന്നു അത്‌. മുടിയനായ പുത്രനെക്കുറിച്ചുള്ള തന്റെ പ്രസിദ്ധമായ ഉപമയിൽ യേശു അക്കാര്യം പ്രകടമാക്കുകയുണ്ടായി. ആ കഥയിലെ ധനികനായ പിതാവ്‌ തന്റെ അനുതാപിയായ മകൻ തിരിച്ചുവന്നതിന്റെ സന്തോഷത്തിൽ ഇങ്ങനെ പറഞ്ഞു: “നാം തിന്നു ആനന്ദിക്ക.” യേശുവിന്റെ വാക്കുകളനുസരിച്ച്‌ ആ ആഘോഷത്തിൽ “വാദ്യവും നൃത്തഘോഷവും” ഉൾപ്പെട്ടിരുന്നു.—ലൂക്കൊസ്‌ 15:23, 25.

ശ്രദ്ധേയമായി, കാനാവിലെ കല്യാണത്തിന്‌ ഉണ്ടായിരുന്ന സംഗീതത്തെയും നൃത്തത്തെയും കുറിച്ചു ബൈബിൾ പ്രത്യേകമായി പരാമർശിക്കുന്നില്ല. വാസ്‌തവത്തിൽ, വിവാഹങ്ങൾ സംബന്ധിച്ച ബൈബിൾ വിവരണങ്ങളിലൊന്നും നൃത്തത്തെ കുറിച്ചു പറയുന്നില്ല. ബൈബിൾ കാലങ്ങളിലെ വിശ്വസ്‌ത ദൈവദാസർക്ക്‌ ഇടയിൽ, വിവാഹത്തോട്‌ അനുബന്ധിച്ചു നൃത്തം ഉണ്ടായിരുന്നെങ്കിലും അത്‌ അതിന്റെ ഒരു പ്രധാന സവിശേഷത അല്ലായിരുവെന്നു തോന്നുന്നു. ഇതിൽ നിന്നു നമുക്ക്‌ എന്തെങ്കിലും പഠിക്കാൻ കഴിയുമോ?

ആഫ്രിക്കയിലെ ചില ക്രിസ്‌തീയ വിവാഹങ്ങളിൽ ശക്തിയേറിയ ഉച്ചഭാഷിണികൾ ഉപയോഗിക്കാറുണ്ട്‌. സംഗീതം വളരെ ഉച്ചത്തിൽ വെക്കുന്നതിന്റെ ഫലമായി അതിഥികൾക്ക്‌ സ്വൈര്യമായിരുന്നു സംസാരിക്കാൻ പോലും പറ്റാതെവന്നേക്കാം. മിക്കപ്പോഴും, ആഹാരസാധനങ്ങൾ കമ്മിയായിരിക്കുമെങ്കിലും നൃത്തത്തിന്‌ ഒരു ക്ഷാമവും കാണില്ല. അതാകട്ടെ പെട്ടെന്നുതന്നെ അനിയന്ത്രിതമാകുകയും ചെയ്യും. അങ്ങനെ വിവാഹ പാർട്ടി, ഒരു ഡാൻസ്‌ പാർട്ടിയായി മാറിയേക്കാം. മാത്രമല്ല, ഉച്ചത്തിലുള്ള സംഗീതം കുഴപ്പക്കാരെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ക്ഷണിക്കാതെ വന്നു കയറുന്ന അവർ അനാവശ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നും വരാം.

വിവാഹത്തെ കുറിച്ചുള്ള ബൈബിൾ രേഖയിൽ സംഗീതത്തിനും നൃത്തത്തിനും ഊന്നൽ നൽകുന്നില്ലാത്തതിനാൽ, യഹോവയ്‌ക്കു ബഹുമതി കൈവരുത്തുന്ന തരത്തിലുള്ള ഒരു വിവാഹപാർട്ടി നടത്താൻ ആഗ്രഹിക്കുന്ന വധൂവരന്മാർക്ക്‌ ഇതൊരു മാർഗദർശി ആയിരിക്കേണ്ടതല്ലേ? എന്നാൽ, ദക്ഷിണാഫ്രിക്കയിൽ അടുത്തയിടെ നടന്ന കുറെ വിവാഹാഘോഷങ്ങളെ കുറിച്ച്‌ ചിന്തിക്കുക. ആ വിവാഹാഘോഷങ്ങളിൽ നൃത്തം ചെയ്യുന്നതിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്‌തീയ യുവജനങ്ങൾ സങ്കീർണമായ നൃത്തച്ചുവടുകൾ മാസങ്ങൾക്കു മുമ്പേ അഭ്യസിച്ചു തുടങ്ങി. അങ്ങനെ അവർ വളരെയധികം സമയം അതിനായി ചെലവഴിച്ചു. എന്നാൽ പ്രസംഗപ്രവർത്തനം, വ്യക്തിപരമായ പഠനം, ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കൽ എന്നിങ്ങനെയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ക്രിസ്‌ത്യാനികൾ ‘സമയം വിലയ്‌ക്കു വാങ്ങേ’ണ്ടതുള്ളപ്പോഴാണ്‌ അവർ ഇങ്ങനെ ചെയ്‌തത്‌.—എഫെസ്യർ 5:16, NW; ഫിലിപ്പിയർ 1:10.

യേശു പ്രദാനം ചെയ്‌ത വീഞ്ഞിന്റെ അളവു കണക്കിലെടുത്താൽ, കാനാവിലെ കല്യാണം വലിയ, ആർഭാടമായ ഒന്നായിരുന്നു എന്ന്‌ തോന്നുന്നു. എന്നിരുന്നാലും, ആ അവസരം ഒച്ചപ്പാടു നിറഞ്ഞ ഒന്നായിരുന്നില്ലെന്നും, ചില യഹൂദ വിവാഹസദ്യകളിൽ നിന്നു വ്യത്യസ്‌തമായി, അതിഥികൾ മദ്യം ദുരുപയോഗം ചെയ്‌തില്ലെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യോഹന്നാൻ 2:10) എങ്ങനെ? കാരണം കർത്താവായ യേശുക്രിസ്‌തു അവിടെ സന്നിഹിതനായിരുന്നു. മറ്റെല്ലാവരെക്കാളും അധികമായി മോശമായ സഹവാസം സംബന്ധിച്ച പിൻവരുന്ന ദൈവനിയമം അനുസരിക്കാൻ യേശു ശ്രദ്ധാലു ആയിരിക്കുമായിരുന്നു: “നീ വീഞ്ഞു കുടിക്കുന്നവരുടെ [“വീഞ്ഞു കുടിച്ചു മത്തരാകുന്നവരുടെ”, NW] കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.”—സദൃശവാക്യങ്ങൾ 23:20.

അതുകൊണ്ട്‌, വീഞ്ഞോ ലഹരിപാനീയങ്ങളോ തങ്ങളുടെ വിവാഹത്തിൽ ഉണ്ടായിരിക്കാൻ വധൂവരന്മാർ തീരുമാനിക്കുന്നെങ്കിൽ, ഉത്തരവാദിത്വമുള്ള വ്യക്തികളുടെ കർശനമായ നിയന്ത്രണത്തിൻ കീഴിൽ അതു വിതരണം ചെയ്യാനുള്ള ഏർപ്പാടുകൾ അവർ ചെയ്യേണ്ടതാണ്‌. സംഗീതം വേണമെന്നുണ്ടെങ്കിൽ, ഉചിതമായ സംഗീതം തിരഞ്ഞെടുക്കുകയും ശബ്ദം നിയന്ത്രിക്കാനായി ഉത്തരവാദിത്വമുള്ള ഒരാൾ ഉണ്ടായിരിക്കുകയും വേണം. അനുചിതമായ സംഗീതം ഇടാനോ സംഗീതത്തിന്റെ ശബ്ദം ക്രമാതീതമായി കൂട്ടാനോ അതിഥികളെ അനുവദിക്കരുത്‌. നൃത്തം വേണമെങ്കിൽ, അതും മാന്യവും ഉചിതവുമായ രീതിയിൽ നടത്താവുന്നതാണ്‌. അവിശ്വാസികളായ ബന്ധുക്കളോ പക്വതയില്ലാത്ത ക്രിസ്‌ത്യാനികളോ സഭ്യമല്ലാത്തതോ ലൈംഗികച്ചുവയുള്ളതോ ആയ രീതിയിൽ ആടിത്തുടങ്ങുന്നെങ്കിൽ, വരൻ ആ സംഗീതം മാറ്റുകയോ നൃത്തം മതിയാക്കാൻ നയപൂർവം ആവശ്യപ്പെടുകയോ ചെയ്യേണ്ടതുണ്ടായിരിക്കാം. അല്ലാത്തപക്ഷം, വിവാഹപാർട്ടി വെറും ഒച്ചപ്പാടും ബഹളവുമായി തരംതാണുപോകുകയും ഇടർച്ചയ്‌ക്കു കാരണമാകുകയും ചെയ്യും.—റോമർ 14:21.

ചില ആധുനിക നൃത്തങ്ങളിലും ഉച്ചത്തിലുള്ള സംഗീതത്തിലും മദ്യം വിളമ്പുന്നതിലുള്ള നിയന്ത്രണമില്ലായ്‌മയിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ നിമിത്തം, ക്രിസ്‌ത്യാനികളായ അനേകം വരന്മാർ തങ്ങളുടെ വിവാഹാഘോഷത്തിൽ ഇവ വേണ്ടെന്നു തീരുമാനിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്‌തതു നിമിത്തം ചിലർ അവരെ വിമർശിച്ചിട്ടുണ്ട്‌, എന്നാൽ ദൈവത്തിന്റെ വിശുദ്ധ നാമത്തിന്മേൽ നിന്ദ വരുത്തിവെച്ചേക്കാവുന്ന എന്തും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന അവർ പ്രശംസ അർഹിക്കുന്നു. നേരെമറിച്ച്‌, ചില വരന്മാർ ഉചിതമായ സംഗീതത്തിനും നൃത്തത്തിനും മിതമായ അളവിൽ മദ്യം വിളമ്പുന്നതിനും ഉള്ള ക്രമീകരണങ്ങൾ ചെയ്യാറുണ്ട്‌. ഈ രണ്ടു സാഹചര്യങ്ങളിലും അവിടെ നടക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരവാദിത്വം വരനുതന്നെയാണ്‌.

ആഫ്രിക്കയിൽ, ചില പക്വതയില്ലാത്ത ക്രിസ്‌ത്യാനികൾ മാന്യമായ വിവാഹസദ്യകളെ പുച്ഛത്തോടെ വീക്ഷിക്കുകയും ശവസംസ്‌കാര ചടങ്ങിൽ സംബന്ധിക്കുന്ന പ്രതീതിയാണ്‌ അതിനുള്ളത്‌ എന്ന്‌ അഭിപ്രായപ്പെടുകയും ചെയ്യാറുണ്ട്‌. എന്നിരുന്നാലും അതു സമനിലയുള്ള ഒരു വീക്ഷണമല്ല. ജഡത്തിന്റെ പാപ പ്രവൃത്തികൾ താത്‌കാലികമായി സന്തോഷിപ്പിച്ചേക്കാം. എങ്കിലും അതു ദൈവനാമത്തിന്മേൽ നിന്ദ വരുത്തിവെക്കുകയും ക്രിസ്‌ത്യാനികൾക്കു മനഃസാക്ഷിക്കുത്തിന്‌ ഇടയാക്കുകയും ചെയ്യും. (റോമർ 2:24) നേരെമറിച്ച്‌, ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌ യഥാർഥ സന്തോഷമേകുന്നത്‌. (ഗലാത്യർ 5:22) അനേകം ക്രിസ്‌തീയ ദമ്പതിമാർക്കു തങ്ങളുടെ വിവാഹദിനം സന്തോഷകരമായ വേളയായിരുന്നെന്നും മറിച്ച്‌ “ഇടർച്ചെക്കു ഹേതു” അല്ലായിരുന്നു എന്നുമുള്ള തിരിച്ചറിവോടെ അഭിമാനപൂർവം അതേക്കുറിച്ച്‌ ഓർക്കാൻ കഴിയും.—2 കൊരിന്ത്യർ 6:3.

തങ്ങളുടെ വിവാഹത്തിൽ സംബന്ധിച്ച അവിശ്വാസികളായ ബന്ധുക്കളിൽ നിന്നുള്ള അനേകം നല്ല അഭിപ്രായപ്രകടനങ്ങൾ വെൽഷും എൽതിയയും ഇപ്പോഴും ഓർമിക്കുന്നുണ്ട്‌. ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “ഒച്ചപ്പാടു നിറഞ്ഞ കല്യാണങ്ങൾ കൂടിക്കൂടി ഞങ്ങൾ മടുത്തു. അങ്ങനെയിരിക്കെയാണ്‌ മാന്യമായ ഒരു കല്യാണം കൂടാനൊത്തത്‌. അതു വളരെ നന്നായിരുന്നു.”

ഏറ്റവും പ്രധാനമായി, സന്തോഷകരവും മാന്യവുമായ വിവാഹവേളകൾ വിവാഹത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തിനു ബഹുമതി കരേറ്റുന്നു.

[22-ാം പേജിലെ ചതുരം/ചിത്രം]

വിവാഹ സത്‌കാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• അവിശ്വാസിയായ ഒരു ബന്ധുവിനെ ഏതാനും വാക്കുകൾ പറയാനായി നിങ്ങൾ ക്ഷണിക്കുന്നെങ്കിൽ, ക്രിസ്‌തീയേതരമായ കാര്യങ്ങളൊന്നും അദ്ദേഹം പറയുകയോ ചെയ്യുകയോ ഇല്ലെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടോ?

• സംഗീതം ഉണ്ടെങ്കിൽ, ഉചിതമായവ മാത്രമാണോ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്‌?

• സംഗീതം മിതമായ ശബ്ദത്തിലായിരിക്കുമോ കേൾപ്പിക്കുന്നത്‌?

• നൃത്തം ഉണ്ടെങ്കിൽ, അതു മാന്യമായ രീതിയിൽ ഉള്ളതായിരിക്കുമോ?

• മദ്യം വിളമ്പുന്നത്‌ മിതമായ തോതിലായിരിക്കുമോ?

• ഉത്തരവാദിത്വമുള്ളവർ അതിന്റെ വിതരണത്തെ നിയന്ത്രിക്കുമോ?

• വിവാഹസദ്യ സമാപിക്കാനായി നിങ്ങൾ ന്യായമായ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടോ?

• കാര്യങ്ങൾ മാന്യമായും ഉചിതമായും നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്താനായി ഉത്തരവാദിത്തപ്പെട്ടവർ ഉണ്ടായിരിക്കുമോ?