യഹോവ നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ
യഹോവ നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ
‘തന്നെ ഭയപ്പെടുന്നവരിൽ യഹോവ പ്രസാദിക്കുന്നു’വെന്നു സങ്കീർത്തനക്കാരൻ എഴുതി. അതേ, തന്റെ നീതിയുള്ള നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാനായി ശ്രമിക്കുന്ന ഓരോ ദാസനെയും പ്രതി സ്രഷ്ടാവ് സന്തോഷിക്കുന്നു. തന്റെ വിശ്വസ്‌ത ദാസന്മാർ നിരാശയിലാണ്ടിരിക്കുന്ന സമയങ്ങളിൽ ദൈവം അവരെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തന്റെ ആരാധകർ അപൂർണരാണെന്ന് അവനറിയാം. അതുകൊണ്ട്, അവരാൽ കഴിയുന്നതിൽ കവിഞ്ഞ് യാതൊന്നും അവൻ അവരിൽനിന്നു പ്രതീക്ഷിക്കുന്നില്ല.—സങ്കീർത്തനം 147:11.
യഹോവ തന്റെ ദാസന്മാരെ ഒരു കൂട്ടമെന്ന നിലയിൽ സ്‌നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ നമുക്കു ബുദ്ധിമുട്ടില്ലായിരിക്കാം. എന്നിരുന്നാലും, സ്വന്തം കുറവുകളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന ചിലർക്കെങ്കിലും യഹോവയ്‌ക്കു തങ്ങളെ വ്യക്തിപരമായി ഒരിക്കലും സ്‌നേഹിക്കാനാവില്ല എന്ന ധാരണ ഉള്ളതുപോലെ തോന്നുന്നു. “എന്നെ സ്‌നേഹിക്കാൻ യഹോവയ്‌ക്കു കഴിയാത്തവിധം ഞാൻ അവന്റെ ദൃഷ്ടിയിൽ അത്രയ്‌ക്കു പാപിയാണ്” എന്ന് അവർ നിഗമനം ചെയ്‌തേക്കാം. നമുക്കേവർക്കും ചില അവസരങ്ങളിൽ നിഷേധാത്മക ചിന്തകൾ ഉണ്ടാകാറുണ്ട് എന്നതു സത്യംതന്നെ. എങ്കിലും, തങ്ങൾ വിലകെട്ടവരാണെന്ന തോന്നലുമായി ചിലർ നിരന്തരം മല്ലിടുന്നതായി കാണപ്പെടുന്നു.
വിലകെട്ടവരാണെന്ന തോന്നൽ
ബൈബിൾ കാലങ്ങളിൽ ജീവിച്ചിരുന്ന വിശ്വസ്‌തരായ പല വ്യക്തികളും കടുത്ത വിഷാദം അനുഭവിച്ചിരുന്നു. ഉദാഹരണത്തിന്, ദൈവം തന്നെ ഉപേക്ഷിച്ചുകളഞ്ഞു എന്നു സങ്കീർത്തനം 38:6; 1 ശമൂവേൽ 1:7, 10; ഇയ്യോബ് 29:2, 4, 5; ഫിലിപ്പിയർ 2:25, 26.
ചിന്തിച്ച ഇയ്യോബ് സ്വന്ത ജീവനെ വെറുത്തു. പിൽക്കാലത്ത് ശമൂവേലിന്റെ അമ്മയായിത്തീർന്ന ഹന്നാ, തനിക്കു കുട്ടികൾ ഉണ്ടാകാഞ്ഞതിനെ പ്രതി കടുത്ത മനോവ്യഥയിലാകുകയും വളരെ കരയുകയും ചെയ്‌തിരുന്നു. ദാവീദ് [ദുഃഖത്താൽ] “കുനിഞ്ഞു ഏററവും കൂനി.” തന്റെ രോഗത്തെക്കുറിച്ചുള്ള വാർത്ത തന്റെ സഹോദരന്മാർ അറിഞ്ഞതു നിമിത്തം എപ്പഫ്രൊദിത്തൊസ് അസ്വസ്ഥനായി.—ഇന്നത്തെ ക്രിസ്‌ത്യാനികളെ സംബന്ധിച്ചോ? രോഗമോ പ്രായാധിക്യമോ വ്യക്തിപരമായ മറ്റു സാഹചര്യങ്ങളോ നിമിത്തം ആഗ്രഹിക്കുന്ന അളവോളം വിശുദ്ധ സേവനത്തിൽ ഏർപ്പെടാൻ അവർക്കു കഴിയാതെ വന്നേക്കാം. ഇതു നിമിത്തം തങ്ങൾ യഹോവയെയും സഹവിശ്വാസികളെയും നിരാശപ്പെടുത്തുകയാണെന്ന നിഗമനത്തിൽ അവർ എത്തിച്ചേരാനിടയുണ്ട്. അല്ലെങ്കിൽ, കഴിഞ്ഞകാല തെറ്റുകൾ യഹോവ തങ്ങളോടു ക്ഷമിച്ചിരിക്കുമോ എന്ന സംശയം വെച്ചുപുലർത്തിക്കൊണ്ട് ചിലർ തങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നുണ്ടാകാം. അംഗങ്ങൾ തമ്മിൽ ഊഷ്‌മളമായ ബന്ധമില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള ചിലർ തങ്ങൾ സ്‌നേഹത്തിന് യോഗ്യരല്ലെന്നു മിക്കപ്പോഴും കരുതുന്നു. എന്തുകൊണ്ടാണ് അവർക്ക് അങ്ങനെ തോന്നുന്നത്?
സ്‌നേഹത്തിന്റെ ആത്മാവിനു പകരം സ്വാർഥതയും കുത്തുവാക്കും ഭയവും മുറ്റിനിൽക്കുന്ന ഒരു കുടുംബ അന്തരീക്ഷത്തിലാണു ചിലർ വളർന്നുവരുന്നത്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം, ഒരു വ്യക്തിയെന്ന നിലയിൽ തങ്ങളെ ആഴമായി സ്‌നേഹിക്കുന്ന, തങ്ങളെ പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനുമായി അവസരങ്ങൾ തേടുന്ന, ചെറിയ പിഴവുകൾ കണക്കിലെടുക്കാതിരിക്കുകയും ഗൗരവമേറിയ തെറ്റുകൾ പോലും ക്ഷമിക്കാൻ തയ്യാറായിരിക്കുകയും ചെയ്യുന്ന, മുഴു കുടുംബത്തെയും സ്‌നേഹംകൊണ്ടു പൊതിയുന്ന ഒരു പിതാവ് വെറുമൊരു സ്വപ്‌നമാണ്. സ്‌നേഹനിധിയായ ഒരു ഭൗമിക പിതാവ് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്തതിനാൽ സ്‌നേഹനിധിയായ ഒരു സ്വർഗീയ പിതാവിനെ സംബന്ധിച്ച ആശയം ഗ്രഹിക്കാനും അവർക്കു കഴിഞ്ഞെന്നുവരില്ല.
ഉദാഹരണമായി, ഫ്രിറ്റ്‌സ് * ഇങ്ങനെ എഴുതുന്നു: “സ്‌നേഹിക്കാൻ അറിയാത്ത ഒരാളായിരുന്നു എന്റെ അച്ഛൻ. അതെന്റെ കുട്ടിക്കാലത്തെയും യൗവനനാളുകളെയും വളരെയധികം ബാധിച്ചു. ഒരിക്കൽ പോലും അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അദ്ദേഹത്തോട് എനിക്ക് യാതൊരു അടുപ്പവും തോന്നിയിരുന്നില്ല. വാസ്‌തവം പറഞ്ഞാൽ, എനിക്ക് അദ്ദേഹത്തെ ഭയമായിരുന്നു.” തത്‌ഫലമായി, തന്റെ 50-കളിലായിരിക്കുന്ന ഫ്രിറ്റ്‌സിന് ഇപ്പോഴും അപര്യാപ്‌തതാ ബോധം അനുഭവപ്പെടാറുണ്ട്. മാർഗരറ്റ് ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെ മാതാപിതാക്കൾ നിർവികാരരും സ്‌നേഹശൂന്യരും ആയിരുന്നു. അതുകൊണ്ട്, ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ സ്‌നേഹവാനായ ഒരു പിതാവെന്നു പറഞ്ഞാൽ ഏതുതരത്തിലുള്ള വ്യക്തിയാണ് എന്നു മനസ്സിലാക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ടായിരുന്നു.”
അത്തരം വികാരങ്ങൾ ഉണ്ടായിരിക്കുന്നതിന്റെ കാരണം എന്തുതന്നെ ആയിരുന്നാലും, അത് നാം ദൈവത്തെ സേവിക്കുന്നത് മുഖ്യമായും സ്‌നേഹത്താൽ പ്രേരിതരായല്ല, മറിച്ച് കുറ്റബോധവും ഭയവും നിമിത്തമാണെന്ന് ചിലപ്പോഴെങ്കിലും അർഥമാക്കിയേക്കാം. അതുകൊണ്ടുതന്നെ, നാം ചെയ്യുന്നത് എത്ര മെച്ചമായിരുന്നാലും നമുക്ക് അതിൽനിന്നു സംതൃപ്‌തി ലഭിക്കില്ല. അങ്ങനെ, യഹോവയ്‌ക്കും സഹവിശ്വാസികൾക്കും ഹിതകരമായ കാര്യങ്ങൾ ചെയ്യുന്നതിനുള്ള തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ വരുന്നതിന്റെ ഫലമായി നാം നമ്മെത്തന്നെ കുറ്റപ്പെടുത്തുകയും നിരാശിതരായിത്തീരുകയും ചെയ്‌തേക്കാം.
എന്താണൊരു പ്രതിവിധി? ഒരുപക്ഷേ, യഹോവ എത്രമാത്രം വിശാലഹൃദയനാണെന്നു നാം നമ്മെത്തന്നെ ഓർമിപ്പിക്കേണ്ടതുണ്ടായിരിക്കാം. ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ സ്‌നേഹനിർഭരമായ ഈ വശം മനസ്സിലാക്കിയ ഒരാളായിരുന്നു അപ്പൊസ്‌തലനായ യോഹന്നാൻ.
‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ’
ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യോഹന്നാൻ തന്റെ സഹവിശ്വാസികൾക്ക് ഇപ്രകാരം എഴുതി: “നാം സത്യത്തിന്റെ പക്ഷത്തു നില്‌ക്കുന്നവർ എന്നു ഇതിനാൽ അറിയും; ഹൃദയം നമ്മെ കുററം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.” യോഹന്നാൻ ഇതു രേഖപ്പെടുത്തിയതിന്റെ കാരണം എന്തായിരുന്നു?—1 യോഹന്നാൻ 3:19, 20.
യഹോവയുടെ ഒരു ദാസനു കുറ്റബോധം തോന്നിയേക്കാവുന്ന ചില സന്ദർഭങ്ങൾ ഉണ്ടെന്നു യോഹന്നാനു നന്നായി അറിയാമായിരുന്നു. ഒരുപക്ഷേ, യോഹന്നാനുതന്നെ അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാകാം. യുവാവായിരിക്കെ, പെട്ടെന്നു രോഷം കൊള്ളുന്ന സ്വഭാവക്കാരനായിരുന്നു യോഹന്നാൻ. മറ്റുള്ളവരോടു പരുഷമായി ഇടപെട്ടതു സംബന്ധിച്ച് ഒരവസരത്തിൽ യേശു യോഹന്നാനെ തിരുത്തുകയുണ്ടായി. യേശു, യോഹന്നാനും അവന്റെ സഹോദരനായ യാക്കോബിനും “ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ്” എന്ന പേരു പോലും നൽകി.—മർക്കൊസ് 3:17; ലൂക്കൊസ് 9:49-56.
അടുത്ത 60 വർഷംകൊണ്ട്, യോഹന്നാൻ പതംവന്ന, സമനിലയും സ്‌നേഹവും കരുണയും ഉള്ള ഒരു ക്രിസ്‌തീയ വ്യക്തിയായിത്തീർന്നു. അവസാനത്തെ അപ്പൊസ്‌തലൻ എന്ന നിലയിൽ അപ്പോൾ ജീവിച്ചിരുന്ന യോഹന്നാൻ തന്റെ ആദ്യത്തെ നിശ്വസ്‌ത ലേഖനം എഴുതിയ സമയമായപ്പോഴേക്കും, തന്റെ ദാസന്മാരുടെ ഓരോ പിഴവുകൾക്കും യഹോവ അവരെ വ്യക്തിപരമായി ശകാരിക്കുന്നില്ല എന്നു മനസ്സിലാക്കിയിരുന്നു. നേരെമറിച്ച്, തന്നെ സ്‌നേഹിക്കുകയും സത്യത്തിൽ ആരാധിക്കുകയും ചെയ്യുന്ന ഏവരോടും അഗാധമായ സ്‌നേഹവും സഹാനുഭൂതിയുമുള്ള, ഊഷ്‌മളനും വിശാലഹൃദയനും ഉദാരമതിയുമായ ഒരു പിതാവാണ് യഹോവ. യോഹന്നാൻ എഴുതി: “ദൈവം സ്‌നേഹം തന്നേ.”—1 യോഹന്നാൻ 4:8.
യഹോവയ്‌ക്കുവേണ്ടി നാം ചെയ്യുന്ന കാര്യങ്ങൾ അവനെ സന്തോഷിപ്പിക്കുന്നു
നമ്മുടെ സഹജമായ ബലഹീനതകളും കുറവുകളും യഹോവയ്‌ക്കറിയാം, അവൻ അതു പരിഗണനയിലെടുക്കുകയും ചെയ്യുന്നു. “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു” എന്നു ദാവീദ് എഴുതി. നമ്മെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിത പശ്ചാത്തലത്തിനുള്ള സ്വാധീനം യഹോവ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട്, നമ്മെക്കുറിച്ച് നമുക്ക് അറിയാവുന്നതിലും മെച്ചമായി യഹോവയ്‌ക്കറിയാം.—സങ്കീർത്തനം 103:14.
സ്വഭാവത്തിനു മാറ്റം വരുത്താൻ നമ്മിലനേകരും ആഗ്രഹിക്കുന്നുവെങ്കിലും നമ്മുടെ ബലഹീനതകൾ തരണം ചെയ്യാൻ നമുക്കാകുന്നില്ല എന്ന വസ്‌തുത യഹോവയ്‌ക്ക് അറിയാം. നമ്മുടെ സാഹചര്യത്തെ പൗലൊസ് അപ്പൊസ്‌തലന്റേതുമായി താരതമ്യപ്പെടുത്താവുന്നതാണ്. അവൻ എഴുതി: “ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.” നമുക്കെല്ലാം അതേ പോരാട്ടം തന്നെയുണ്ട്. ചില സന്ദർഭങ്ങളിൽ സ്വയം കുറ്റപ്പെടുത്തുന്ന ഒരു മനഃസ്ഥിതി ഉടലെടുക്കുന്നതിന് ഇത് ഇടയാക്കിയേക്കാം.—റോമർ 7:19.
എല്ലായ്‌പോഴും ഇത് ഓർത്തിരിക്കുക: നാം നമ്മെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു എന്നതല്ല, യഹോവ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നതാണു പ്രധാനം. അവനെ പ്രസാദിപ്പിക്കാനായി നാം ശ്രമിക്കുമ്പോഴെല്ലാം അവൻ കേവലം തൃപ്‌തനാകുക മാത്രമല്ല, സന്തോഷിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:11) നാം ചെയ്യുന്ന സംഗതി നമ്മുടെ ദൃഷ്ടിയിൽ താരതമ്യേന ചെറുതായി തോന്നിയാലും നമ്മുടെ മനസ്സൊരുക്കവും നല്ല ആന്തരവും ദൈവത്തെ സന്തോഷിപ്പിക്കുന്നു. നാം ചെയ്യുന്നതിലുമപ്പുറത്തേക്ക് അവൻ നോക്കുന്നു; നാം എന്താണു ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അവൻ വിവേചിച്ചറിയുന്നു; നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സംബന്ധിച്ച് അവൻ ബോധവാനാണ്. അതേ, യഹോവയ്‌ക്കു നമ്മുടെ ഹൃദയങ്ങൾ വായിക്കാൻ കഴിയും.—യിരെമ്യാവു 12:3; 17:10.
ഉദാഹരണമായി, യഹോവയുടെ സാക്ഷികളിൽ പലരും സ്വതവെ ലജ്ജാശീലരും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാതെ ഒതുങ്ങിക്കൂടി കഴിയാൻ ആഗ്രഹിക്കുന്നവരുമാണ്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം, വീടുതോറും സുവാർത്ത പ്രസംഗിക്കുക എന്നത് ഭീതിജനകമായ ഒരു വെല്ലുവിളി ആയിരുന്നേക്കാം. എങ്കിലും, ദൈവത്തെ സേവിക്കാനും തങ്ങളുടെ അയൽക്കാരെ സഹായിക്കാനുമുള്ള ആഗ്രഹം നിമിത്തം, ലജ്ജാലുക്കൾക്കു പോലും അയൽക്കാരുമായി ബൈബിൾ സത്യം പങ്കിടാൻ സാധിക്കുന്നു. തങ്ങൾ ചെയ്യുന്നത് തുച്ഛമാണെന്ന തോന്നൽ അവർക്കുണ്ടെങ്കിൽ, അത് അവരുടെ സന്തോഷത്തെ കവർന്നുകളയാൻ ഇടയുണ്ട്. തങ്ങളുടെ പരസ്യ ശുശ്രൂഷ മൂല്യവത്തല്ലെന്നും ഹൃദയം അവരോടു പറഞ്ഞേക്കാം. എന്നാൽ, സേവനത്തിൽ അവർ ചെയ്യുന്ന ശ്രമങ്ങളെപ്രതി യഹോവ സന്തോഷിക്കുകതന്നെ ചെയ്യുന്നു. മാത്രമല്ല, എപ്പോൾ, എവിടെയാണ് സത്യത്തിന്റെ വിത്ത് മുളച്ചു, വളർന്നു, ഫലം കായ്‌ക്കുന്നതെന്ന് അവർക്ക് ഒരിക്കലും പറയാനാകില്ല.—സഭാപ്രസംഗി 11:6; മർക്കൊസ് 12:41-44; 2 കൊരിന്ത്യർ 8:12.
സാക്ഷികളായ മറ്റു ചിലർക്ക് ദീർഘകാല ആരോഗ്യപ്രശ്‌നങ്ങളോ വാർധക്യത്തിന്റേതായ പ്രശ്‌നങ്ങളോ ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം യോഗങ്ങൾക്കു ക്രമമായി ഹാജരാകുക എന്നത്, ഉത്‌കണ്‌ഠാജനകവും വേദനാകരവുമായ ഒരു സംഗതിയായിരിക്കാം. പ്രസംഗവേലയെക്കുറിച്ച് ഒരു പ്രസംഗം കേൾക്കുന്നത്, അവർ ചെയ്‌തുകൊണ്ടിരുന്നതും ശാരീരിക ദൗർബല്യം ഒരു തടസ്സമാണെങ്കിൽപ്പോലും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യങ്ങളെ അവരുടെ ഓർമയിലേക്കു കൊണ്ടുവരാൻ സാധ്യതയുണ്ട്. ആഗ്രഹിക്കുന്നിടത്തോളം ചെയ്യാൻ കഴിയാത്തതു നിമിത്തമുള്ള കുറ്റബോധത്തിന്റെ നൊമ്പരം അങ്ങനെയുള്ളവർക്ക് അനുഭവപ്പെടാം. എങ്കിലും, യഹോവ അവരുടെ വിശ്വസ്‌തതയെയും സഹിഷ്‌ണുതയെയും അമൂല്യമായി കണക്കാക്കുന്നു. അവർ വിശ്വസ്‌തരായി നിലകൊള്ളുന്നിടത്തോളം കാലം, അവരുടെ വിശ്വസ്‌ത പ്രവർത്തനത്തിന്റെ രേഖ അവൻ മറക്കില്ല.—സങ്കീർത്തനം 18:25; 37:28.
‘നമ്മുടെ ഹൃദയത്തെ ഉറപ്പിക്കുക’
യോഹന്നാൻ വൃദ്ധനായപ്പോഴേക്കും, ദൈവത്തിന്റെ ഹൃദയവിശാലതയെക്കുറിച്ച് അവൻ കൂടുതൽ മനസ്സിലാക്കിയിരിക്കണം. ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും ആകുന്നു’ എന്ന് അവൻ എഴുതിയത് ഓർക്കുക. കൂടാതെ ‘നമ്മുടെ ഹൃദയങ്ങളെ ഉറപ്പിക്കാനും’ അവൻ നമ്മെ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ പറഞ്ഞപ്പോൾ യോഹന്നാൻ എന്താണ് അർഥമാക്കിയത്?
‘ഉറപ്പിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു ക്രിയയുടെ അർഥം, “പ്രേരണ ചെലുത്തുക, പ്രേരിപ്പിച്ചു ചെയ്യിക്കുക, മെരുക്കിയെടുക്കുക, പ്രേരിപ്പിക്കുക” എന്നൊക്കെയാണെന്ന് വൈൻസ് എക്‌സ്‌പോസിറ്ററി ഡിക്‌ഷനറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്‌സ് പറയുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഹൃദയത്തെ ഉറപ്പിക്കുന്നതിനു നാം നമ്മുടെ ഹൃദയത്തെ കീഴടക്കേണ്ടതുണ്ട്, യഹോവ നമ്മെ സ്‌നേഹിക്കുന്നുവെന്നു വിശ്വസിക്കാൻ നാം അതിനെ പ്രേരിപ്പിക്കേണ്ടതുണ്ട്. എങ്ങനെ?
മുമ്പു പരാമർശിച്ച ഫ്രിറ്റ്‌സ്, കഴിഞ്ഞ 25 വർഷത്തിലധികമായി യഹോവയുടെ സാക്ഷികളുടെ സഭയിലെ ഒരു മൂപ്പനാണ്. യഹോവയുടെ സ്‌നേഹം സംബന്ധിച്ച് തന്റെ ഹൃദയത്തെ വീണ്ടും ഉറപ്പിക്കുന്നതിൽ വ്യക്തിപരമായ പഠനം തന്നെ വളരെയധികം സഹായിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. “ഞാൻ ക്രമമായി ബൈബിളും നമ്മുടെ പ്രസിദ്ധീകരണങ്ങളും ശ്രദ്ധാപൂർവം പഠിക്കുന്നുണ്ട്. കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നതിനു പകരം, മഹത്തായ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ
കാഴ്‌ചപ്പാടു നിലനിറുത്താൻ ഇത് എന്നെ സഹായിക്കുന്നു. എങ്കിൽപ്പോലും, ചില സന്ദർഭങ്ങളിൽ കഴിഞ്ഞകാല സ്‌മരണകൾ എന്നെ ചുറ്റിവരിയാറുണ്ട്. അപ്പോഴൊക്കെ, ദൈവത്തിന് എന്നെ ഒരിക്കലും സ്‌നേഹിക്കാനാവില്ലെന്ന തോന്നൽ എനിക്കുണ്ടാകുന്നു. എങ്കിലും വ്യക്തിപരമായ പഠനമാണ് എന്റെ ഹൃദയത്തെ ശക്തീകരിക്കുകയും വിശ്വാസത്തെ വർധിപ്പിക്കുകയും സന്തോഷവും സമനിലയും ഉള്ളവനായിരിക്കാൻ എന്നെ സഹായിക്കുകയും ചെയ്‌തിരിക്കുന്നത്.”ബൈബിൾ വായനയും ധ്യാനവും നമ്മുടെ യഥാർഥ സാഹചര്യങ്ങൾക്കു മാറ്റം വരുത്തുകയില്ല എന്നുള്ളതു ശരിതന്നെ. എങ്കിലും, നാം സാഹചര്യങ്ങളെ വീക്ഷിക്കുന്ന വിധത്തിനു മാറ്റം വരുത്താൻ അതിനു കഴിയും. ദൈവവചനത്തിലെ ആശയങ്ങൾ ഉൾക്കൊള്ളുന്നതു കാര്യങ്ങൾ സംബന്ധിച്ചു ദൈവത്തിന്റെ വീക്ഷണം ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കും. അതിലുപരിയായി, ദൈവത്തിന്റെ ഹൃദയവിശാലതയെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാൻ പഠനം നമ്മെ പ്രാപ്‌തരാക്കുന്നു. കുട്ടിക്കാലത്തെ നമ്മുടെ സാഹചര്യങ്ങൾ നിമിത്തമോ നമ്മുടെ ബലഹീനതകൾ നിമിത്തമോ യഹോവ നമ്മെ കുറ്റപ്പെടുത്തുന്നില്ലെന്ന വസ്‌തുത ക്രമേണ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും. നമ്മിൽ അനേകരും ചുമക്കുന്ന ഭാരങ്ങൾക്ക്—അവ വൈകാരികമോ ശാരീരികമോ ആയിക്കൊള്ളട്ടെ—കാരണക്കാർ നാമല്ലെന്ന് അവന് അറിയാം, അവൻ സ്‌നേഹപുരസ്സരം അതു കണക്കിലെടുക്കുകയും ചെയ്യുന്നു.
നേരത്തേ പറഞ്ഞ മാർഗരറ്റിന്റെ കാര്യമോ? യഹോവയെ അടുത്തറിഞ്ഞപ്പോൾ ബൈബിൾപഠനം അവൾക്കു കൂടുതൽ പ്രയോജനകരമായിത്തീർന്നു. ഫ്രിറ്റ്‌സിനെപോലെ അവൾക്കും ഒരു പിതാവിനെക്കുറിച്ചുള്ള തന്റെ ധാരണയെ ഒന്ന് അഴിച്ചുപണിയേണ്ടതായി വന്നു. പഠനത്തിലൂടെ താൻ മനസ്സിലാക്കിയ കാര്യങ്ങളെ പരസ്‌പരം യോജിപ്പിച്ചു നിർത്താൻ പ്രാർഥന അവളെ സഹായിച്ചു. “ആദ്യകാലങ്ങളിൽ, ഞാൻ യഹോവയെ എന്റെ ഒരു അടുത്ത സുഹൃത്തായി കരുതി. കാരണം, സ്‌നേഹവാനായ ഒരു പിതാവ് എനിക്ക് ഇല്ലായിരുന്നെങ്കിലും സ്‌നേഹസമ്പന്നരായ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. ക്രമേണ, എന്റെ വികാരങ്ങളും സന്ദേഹങ്ങളും ഉത്‌കണ്‌ഠകളും പ്രശ്‌നങ്ങളും യഹോവയെ അറിയിക്കാൻ ഞാൻ പഠിച്ചു. പ്രാർഥനയിൽ ഞാൻ കൂടെക്കൂടെ അവനോടു സംസാരിക്കുമായിരുന്നു, അതേസമയംതന്നെ, യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരുന്ന പുതിയ കാര്യങ്ങളെല്ലാം ഉപയോഗിച്ച് അവനെപ്പറ്റിയുള്ള ഒരു നല്ല ചിത്രം എന്റെ മനസ്സിൽ ഞാൻ നെയ്‌തെടുത്തു. കുറെ കാലത്തിനു ശേഷം ഇപ്പോൾ, യഹോവയെ എന്റെ സ്‌നേഹനിധിയായ ഒരു പിതാവായി കണക്കാക്കാൻ ഒട്ടുംതന്നെ ബുദ്ധിമുട്ടില്ലാത്ത വിധം അവനോടുള്ള എന്റെ വികാരങ്ങൾക്കു മാറ്റം വന്നിരിക്കുന്നു”വെന്ന് മാർഗരറ്റ് പറയുന്നു.
സകല ഉത്‌കണ്‌ഠയിൽനിന്നും മോചനം
ഈ പഴയ, ദുഷ്ട വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം, നമ്മിൽ ആർക്കുംതന്നെ ഉത്‌കണ്‌ഠകളിൽനിന്നു മോചനം നേടാമെന്നു പ്രതീക്ഷിക്കാനാകില്ല. ചില ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം കൂടെക്കൂടെയുണ്ടാകുന്ന ഉത്‌കണ്‌ഠയോ സംശയമോ നിരാശയ്‌ക്കു കാരണമായേക്കാമെന്നാണ് ഇതിന്റെ അർഥം. എങ്കിൽപ്പോലും, നമ്മുടെ നല്ല ആന്തരവും അവന്റെ സേവനത്തിൽ നാം ചെയ്യുന്ന കഠിനാധ്വാനവും യഹോവ അറിയുന്നുവെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. അവന്റെ നാമത്തോടു നാം കാണിക്കുന്ന സ്‌നേഹം അവൻ ഒരിക്കലും മറന്നുകളയില്ല.—എബ്രായർ 6:10.
മിശിഹൈക രാജ്യത്തിൻ കീഴിലെ ആഗതമാകുന്ന പുതിയ ലോകത്തിൽ, വിശ്വസ്‌തരായ എല്ലാ മനുഷ്യരും സാത്താന്റെ വ്യവസ്ഥിതിയുടെ ഭാരങ്ങളിൽനിന്നു സ്വതന്ത്രരാക്കപ്പെടും. അത് എന്തൊരു ആശ്വാസമായിരിക്കും! അപ്പോൾ, യഹോവയുടെ ഹൃദയവിശാലതയുടെ കൂടുതലായ തെളിവു നാം അനുഭവിച്ചറിയും. ആ കാലം ആഗതമാകുംവരെ “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—1 യോഹന്നാൻ 3:20.
[അടിക്കുറിപ്പുകൾ]
^ ഖ. 8 യഥാർഥ പേരുകൾ അല്ല.
[[30-ാം പേജിലെ ആകർഷക വാക്യം]
യഹോവ ഒരു നിഷ്‌ഠുര സ്വേച്ഛാധിപതിയല്ല മറിച്ച്, ഊഷ്‌മളതയും ഹൃദയവിശാലതയും അനുകമ്പയും ഉള്ള ഒരു പിതാവാണ്
[31-ാം പേജിലെ ചിത്രം]
ദൈവവചനത്തിലെ ആശയങ്ങൾ ഉൾക്കൊള്ളുന്നത് കാര്യങ്ങൾ സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കും