വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ട കുടുംബജീവിതം മറ്റുള്ളവരെ ദൈവത്തിലേക്ക്‌ ആകർഷിക്കുന്നു

സന്തുഷ്ട കുടുംബജീവിതം മറ്റുള്ളവരെ ദൈവത്തിലേക്ക്‌ ആകർഷിക്കുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

സന്തുഷ്ട കുടുംബജീവിതം മറ്റുള്ളവരെ ദൈവത്തിലേക്ക്‌ ആകർഷിക്കുന്നു

ജ്ഞാനവും വിവേകവും സമൃദ്ധമായി നൽകിക്കൊണ്ട്‌ യഹോവ യോസേഫിനെ അനുഗ്രഹിച്ചു. (പ്രവൃത്തികൾ 7:10) തത്‌ഫലമായി, യോസേഫിന്റെ ഉൾക്കാഴ്‌ച “ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.”—ഉല്‌പത്തി 41:37.

ഇന്നും യഹോവ തന്റെ ജനത്തിന്‌ ഉൾക്കാഴ്‌ചയും വിവേകവും നൽകുന്നു. ദൈവവചനമായ ബൈബിൾ പഠിക്കുമ്പോഴാണ്‌ നമുക്ക്‌ അവ ലഭിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:16, 17) ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ ഈ ജ്ഞാനത്തിനും വിവേകത്തിനും നല്ല ഫലം ലഭിക്കുന്നു. യഹോവയുടെ സാക്ഷികളുടെ നല്ല പെരുമാറ്റം മിക്കപ്പോഴും ‘നിരീക്ഷകർക്കു ബോധിക്കുന്നു.’ സിംബാബ്‌വേയിൽ നിന്നുള്ള പിൻവരുന്ന അനുഭവങ്ങൾ അതാണു തെളിയിക്കുന്നത്‌.

• ഒരു സ്‌ത്രീയുടെ അയൽപക്കത്ത്‌ യഹോവയുടെ സാക്ഷികളുടെ ഒരു കുടുംബം താമസിച്ചിരുന്നു. സാക്ഷികളെന്ന നിലയിൽ അവരെ ഇഷ്ടമല്ലായിരുന്നെങ്കിലും, അവരുടെ പെരുമാറ്റത്തിൽ വിശേഷിച്ചും കുടുംബജീവിതത്തിൽ, ആ സ്‌ത്രീയ്‌ക്ക്‌ വളരെ മതിപ്പുണ്ടായിരുന്നു. ആ കുടുംബത്തിലെ ഭാര്യയും ഭർത്താവും മാതൃകായോഗ്യമായ വിവാഹജീവിതം നയിക്കുന്നതായും അവരുടെ മക്കൾ മാതാപിതാക്കളെ അനുസരിക്കുന്നതായും ആ സ്‌ത്രീ കണ്ടു. ഭർത്താവ്‌ ഭാര്യയെ അതിരറ്റു സ്‌നേഹിക്കുന്നത്‌ അവർ വിശേഷാൽ ശ്രദ്ധിച്ചു.

ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ പരക്കെയുള്ള ഒരു വിശ്വാസം അനുസരിച്ച്‌, ഒരു ഭർത്താവ്‌ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം അയാളെ “മയക്കാൻ” ഭാര്യ എന്തോ വശീകരണതന്ത്രം പ്രയോഗിച്ചു എന്നാണ്‌. അതുകൊണ്ട്‌ ആ സ്‌ത്രീ യഹോവയുടെ സാക്ഷിയായ ഭാര്യയോട്‌ ചോദിച്ചു: “ഭർത്താവിനെ മയക്കാൻ നിങ്ങൾ എന്തു വശീകരണതന്ത്രമാണു പ്രയോഗിച്ചതെന്ന്‌ ഒന്നു പറഞ്ഞു തരാമോ? അപ്പോൾ നിങ്ങളുടെ ഭർത്താവ്‌ നിങ്ങളെ സ്‌നേഹിക്കുന്നതു പോലെ എന്റെ ഭർത്താവും എന്നെ സ്‌നേഹിക്കുമല്ലോ.” സാക്ഷി പറഞ്ഞു: “തീർച്ചയായും, ഭർത്താവിനെ വശീകരിക്കാൻ ഉപയോഗിച്ച സാധനങ്ങൾ ഞാൻ നാളെ കാണിക്കാം.”

പിറ്റേന്നു രാവിലെ സഹോദരി, “വശീകരിക്കാൻ ഉപയോഗിച്ച സാധനങ്ങ”ളുമായി അയൽക്കാരിയുടെ വീട്ടിൽ ചെന്നു. എന്തായിരുന്നു അവ? ബൈബിളും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകവും. പരിജ്ഞാനം പുസ്‌തകത്തിൽനിന്ന്‌ “ദൈവത്തിനു ബഹുമതി വരുത്തുന്ന ഒരു കുടുംബം കെട്ടിപ്പടുക്കൽ” എന്ന അധ്യായത്തിലെ വിവരങ്ങൾ പരിചിന്തിച്ച ശേഷം സഹോദരി ആ സ്‌ത്രീയോട്‌ ഇങ്ങനെ പറഞ്ഞു: “പരസ്‌പരം ‘മയക്കാൻ’ ഞാനും എന്റെ ഭർത്താവും ഉപയോഗിക്കുന്ന ‘വശീകരണതന്ത്രം’ ഇതാണ്‌. ഞങ്ങൾ തമ്മിൽ ഇത്രയ്‌ക്കു സ്‌നേഹമുള്ളതും അതുകൊണ്ടാണ്‌.” താമസിയാതെ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. ആ സ്‌ത്രീ പെട്ടെന്ന്‌ ആത്മീയ പുരോഗതി വരുത്തുകയും യഹോവയ്‌ക്കുള്ള സമർപ്പണം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്‌തു.

• സിംബാബ്‌വേയുടെയും മൊസാമ്പിക്കിന്റെയും വടക്കുകിഴക്കൻ അതിർത്തിയിലുള്ള ഒരു ചെറിയ സഭയോടൊത്തു പ്രവർത്തിച്ചിരുന്ന രണ്ടു പ്രത്യേക പയനിയർമാർക്ക്‌ രണ്ടാഴ്‌ചത്തേക്കു വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു പോകാൻ കഴിഞ്ഞില്ല. കാരണം? അവർക്കു പറയാനുള്ളതു കേൾക്കാൻ ആളുകൾ അവരുടെ അടുത്തേക്ക്‌ വരികയായിരുന്നു. അതിന്റെ കാരണം പയനിയർമാരിൽ ഒരാൾ വിശദമാക്കുന്നു: “15 കിലോമീറ്റർ അകലെയുള്ള, താത്‌പര്യക്കാരനായ ഒരു വ്യക്തിയുമൊത്ത്‌ ഞങ്ങൾ ബൈബിൾ അധ്യയനം നടത്തിയിരുന്നു. ആ സ്ഥലത്ത്‌ എത്തിപ്പെടാൻ അത്ര എളുപ്പമായിരുന്നില്ല. ചെളിയിലൂടെ നടന്ന്‌, കുത്തിയൊഴുകുന്ന നദികൾ കുറുകെ കടന്ന്‌ വേണമായിരുന്നു അവിടെ എത്താൻ. അതുകൊണ്ട്‌ വസ്‌ത്രവും ഷൂസുമൊക്കെ തലയിൽ ചുമന്നുകൊണ്ടാണ്‌ കഴുത്തറ്റം വെള്ളത്തിലൂടെ ഞങ്ങൾ അക്കര കടന്നിരുന്നത്‌. മറുകര എത്തിയാൽ വസ്‌ത്രം മാറിയുടുക്കും.

“ഞങ്ങളുടെ ഈ തീക്ഷ്‌ണത താത്‌പര്യക്കാരന്റെ അയൽക്കാരിൽ വലിയ മതിപ്പുളവാക്കി. ഞങ്ങളെ ശ്രദ്ധിച്ചവരുടെ കൂട്ടത്തിൽ സ്ഥലത്തെ ഒരു മതസംഘടനയുടെ നേതാവും ഉണ്ടായിരുന്നു. അദ്ദേഹം തന്റെ അനുയായികളോടു പറഞ്ഞു: ‘യഹോവയുടെ സാക്ഷികളായ ആ രണ്ടു ചെറുപ്പക്കാരെ പോലെ തീക്ഷ്‌ണത ഉള്ളവരായിരിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമില്ലേ?’ അടുത്ത ദിവസം, ഞങ്ങളുടെ ഈ സ്ഥിരോത്സാഹത്തിന്റെ കാരണം അറിയാൻ അദ്ദേഹത്തിന്റെ ഒട്ടേറെ അനുയായികൾ ഞങ്ങളുടെ വീട്ടിൽ വന്നു. തുടർന്നുവന്ന രണ്ട്‌ ആഴ്‌ചകളിൽ സന്ദർശകരുടെ തിരക്കായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ പോലും ഞങ്ങൾക്കു സമയം കിട്ടിയിരുന്നില്ല!”

ആ രണ്ടാഴ്‌ച പയനിയർമാരുടെ വീട്ടിൽ ചെന്നവരുടെ കൂട്ടത്തിൽ മുമ്പു പറഞ്ഞ മതനേതാവും ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഭവന ബൈബിൾ അധ്യയനം സ്വീകരിച്ചപ്പോൾ പയനിയർമാർക്കുണ്ടായ സന്തോഷം ഒന്നു സങ്കൽപ്പിച്ചുനോക്കൂ!