വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസമുണ്ടായിരിക്കുക!

ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസമുണ്ടായിരിക്കുക!

ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസമുണ്ടായിരിക്കുക!

“നമുക്ക്‌ കൂടുതൽ ഉറപ്പാക്കപ്പെട്ട പ്രാവചനിക വചനം ഉണ്ട്‌.”—2 പത്രൊസ്‌ 1:19, NW.

1, 2. രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച്‌ ആദ്യത്തെ പ്രവചനം ഏത്‌, അത്‌ ഉയർത്തിയ ചോദ്യങ്ങളിൽ ഒന്ന്‌ ഏതായിരുന്നു?

രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും ആദ്യത്തെ പ്രവചനത്തിന്റെ ഉറവ്‌ യഹോവ ആയിരുന്നു. ആദാമും ഹവ്വായും പാപം ചെയ്‌തു കഴിഞ്ഞപ്പോൾ അവൻ പാമ്പിനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‌പത്തി 3:1-7, 14, 15) നൂറ്റാണ്ടുകൾക്കു ശേഷമേ ആ പ്രാവചനിക വാക്കുകൾ പൂർണമായും മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ.

2 ആ ആദ്യ പ്രവചനം പാപികളായ മനുഷ്യവർഗത്തിന്‌ യഥാർഥ പ്രത്യാശ വെച്ചുനീട്ടി. തിരുവെഴുത്തുകൾ പിന്നീട്‌ പിശാചായ സാത്താനെ ‘പഴയ പാമ്പ്‌’ ആയി തിരിച്ചറിയിച്ചു. (വെളിപ്പാടു 12:9) എന്നാൽ ദൈവത്തിന്റെ വാഗ്‌ദത്ത സന്തതി ആരായിരിക്കുമായിരുന്നു?

സന്തതിക്കുവേണ്ടിയുള്ള അന്വേഷണം

3. ആദ്യ പ്രവചനത്തിൽ ഹാബേൽ വിശ്വാസം പ്രകടമാക്കിയത്‌ എങ്ങനെ?

3 തന്റെ പിതാവിൽനിന്നു വ്യത്യസ്‌തനായി ദൈവഭക്തനായ ഹാബേൽ ആദ്യ പ്രവചനത്തിൽ വിശ്വാസം പ്രകടമാക്കി. പാപപരിഹാരത്തിനു രക്തം ചൊരിയേണ്ടതുണ്ടെന്ന്‌ ഹാബേൽ തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ട്‌, ദൈവത്തിനു സ്വീകാര്യമെന്നു തെളിഞ്ഞ ഒരു മൃഗയാഗം അർപ്പിക്കാൻ വിശ്വാസം അവനെ പ്രേരിപ്പിച്ചു. (ഉല്‌പത്തി 4:2-4) എങ്കിലും, വാഗ്‌ദത്ത സന്തതി ആരാണെന്നുള്ളത്‌ ഒരു രഹസ്യമായി തുടർന്നു.

4. ദൈവം അബ്രാഹാമിന്‌ ഏതു വാഗ്‌ദാനം നൽകി, വാഗ്‌ദത്ത സന്തതിയെ കുറിച്ച്‌ അത്‌ എന്തു സൂചിപ്പിച്ചു?

4 ഹാബേലിന്റെ നാളുകൾക്കുശേഷം ഏകദേശം 2,000 വർഷങ്ങൾ കഴിഞ്ഞപ്പോൾ യഹോവ ഗോത്ര പിതാവായ അബ്രാഹാമിന്‌ ഈ പ്രാവചനിക വാഗ്‌ദാനം നൽകി: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ . . . അത്യന്തം വർദ്ധിപ്പിക്കും; . . . നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‌പത്തി 22:17, 18) ആ വാക്കുകൾ അബ്രാഹാമിനെ ആദ്യ പ്രവചനത്തിന്റെ നിവൃത്തിയോടു ബന്ധപ്പെടുത്തി. സാത്താന്റെ പ്രവൃത്തികളെ ഇല്ലായ്‌മ ചെയ്യുന്ന സന്തതി അബ്രാഹാമിന്റെ വംശാവലിയിൽ വരുമെന്ന്‌ അവ സൂചിപ്പിച്ചു. (1 യോഹന്നാൻ 3:8) ‘ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ച്‌ അബ്രാഹാം അവിശ്വാസത്താൽ ചഞ്ചലപ്പെട്ടില്ല.’ ‘വാഗ്‌ദത്തനിവൃത്തി പ്രാപിക്കാഞ്ഞ’ യഹോവയുടെ മറ്റ്‌ ക്രിസ്‌തീയ പൂർവ സാക്ഷികളും ചഞ്ചലപ്പെട്ടില്ല. (റോമർ 4:20, 21, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം; എബ്രായർ 11:39) മറിച്ച്‌, അവർ ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസം നിലനിറുത്തി.

5. സന്തതിയെ കുറിച്ചുള്ള പ്രവചനം ആരിലാണു നിവൃത്തിയേറിയത്‌, നിങ്ങൾ അപ്രകാരം ഉത്തരം പറയുന്നത്‌ എന്തുകൊണ്ട്‌?

5 ദൈവത്തിന്റെ വാഗ്‌ദത്ത സന്തതിയെ തിരിച്ചറിയിച്ചുകൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്‌ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്‌തു തന്നേ.” (ഗലാത്യർ 3:16) ജനതകൾ ഏതു സന്തതി മുഖാന്തരം അനുഗ്രഹിക്കപ്പെടുമായിരുന്നോ ആ സന്തതിയിൽ, അബ്രാഹാമിന്റെ എല്ലാ വംശജരും ഉൾപ്പെട്ടില്ല. അവന്റെ പുത്രനായ യിശ്‌മായേലിന്റെയും കെതൂറായിലുള്ള പുത്രന്മാരുടെയും സന്തതികളെ മനുഷ്യവർഗത്തെ അനുഗ്രഹിക്കാൻ ഉപയോഗിച്ചില്ല. അനുഗ്രഹം കൈവരുത്തുന്ന സന്തതി അവന്റെ പുത്രനായ യിസ്‌ഹാക്കിലൂടെയും പൗത്രനായ യാക്കോബിലൂടെയുമാണു വന്നത്‌. (ഉല്‌പത്തി 21:12; 25:23, 31-34; 27:18-29, 37; 28:14) യഹൂദാ ഗോത്രത്തിലെ ശീലോയെ “ജനങ്ങൾ” അനുസരിക്കുമെന്ന്‌ യാക്കോബ്‌ പറഞ്ഞു. എന്നാൽ സന്തതി ആ ഗോത്രത്തിലെ ദാവീദിന്റെ വംശത്തിലേ വരികയുള്ളുവെന്നു പിന്നീടു വ്യക്തമാക്കപ്പെട്ടു. (ഉല്‌പത്തി 49:10, NW; 2 ശമൂവേൽ 7:12-16) മിശിഹാ അല്ലെങ്കിൽ ക്രിസ്‌തു എന്ന നിലയിൽ ഒരുവൻ വരുമെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ പ്രതീക്ഷിച്ചിരുന്നു. (യോഹന്നാൻ 7:41, 42) സന്തതിയെ കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനം അവന്റെ പുത്രനായ യേശുക്രിസ്‌തുവിൽ നിവൃത്തിയേറി.

മിശിഹാ പ്രത്യക്ഷപ്പെടുന്നു!

6. (എ) 70 ആഴ്‌ചകൾ സംബന്ധിച്ച പ്രവചനം നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്‌? (ബി) യേശു “പാപത്തെ ഇല്ലായ്‌മ” ചെയ്‌തത്‌ എപ്പോൾ, എങ്ങനെ?

6 പ്രവാചകനായ ദാനീയേൽ സുപ്രധാനമായ ഒരു മിശിഹൈക പ്രവചനം രേഖപ്പെടുത്തി. മേദ്യനായ ദാര്യാവേശിന്റെ ആദ്യവർഷം, യെരൂശലേമിന്റെ 70-വർഷ ശൂന്യാവസ്ഥ അവസാനിക്കാറായെന്നു ദാനീയേൽ മനസ്സിലാക്കി. (യിരെമ്യാവു 29:10; ദാനീയേൽ 9:1-4) ദാനീയേൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ഗബ്രീയേൽ ദൂതൻ വന്ന്‌ ‘പാപത്തെ ഇല്ലായ്‌മ ചെയ്യാൻ എഴുപത്‌ ആഴ്‌ചകൾ നിശ്ചയിച്ചിരിക്കുന്നു’ എന്ന്‌ വെളിപ്പെടുത്തി. എഴുപതാമത്തെ ആഴ്‌ചയുടെ മധ്യത്തിൽ മിശിഹാ ഛേദിക്കപ്പെടുമായിരുന്നു. പേർഷ്യൻ രാജാവായ അർത്ഥഹ്‌ശഷ്ടാവ്‌ ഒന്നാമൻ പൊ.യു.മു. 455-ൽ ‘യെരൂശലേമിനെ പുനർനിർമിക്കാനുള്ള കൽപ്പന പുറപ്പെടു’വിച്ചപ്പോഴാണ്‌ “വർഷങ്ങളുടെ എഴുപത്‌ ആഴ്‌ചകൾ” ആരംഭിച്ചത്‌. (ദാനീയേൽ 9:20-27, മോഫറ്റ്‌; നെഹെമ്യാവു 2:1-8) 7 ആഴ്‌ചകളും 62 ആഴ്‌ചകളും കഴിയുമ്പോൾ മിശിഹാ വരുമായിരുന്നു. പൊ.യു.മു. 455-ൽ ആരംഭിച്ച ആ 483 വർഷങ്ങൾ യേശു സ്‌നാപനമേൽക്കുകയും ദൈവം അവനെ മിശിഹാ അഥവാ ക്രിസ്‌തുവായി അഭിഷേകം ചെയ്യുകയും ചെയ്‌ത പൊ.യു. 29-ൽ അവസാനിച്ചു. (ലൂക്കൊസ്‌ 3:21, 22) പൊ.യു. 33-ൽ തന്റെ ജീവൻ ഒരു മറുവിലയായി നൽകിക്കൊണ്ട്‌ യേശു ‘പാപത്തെ ഇല്ലായ്‌മ ചെയ്‌തു.’ (മർക്കൊസ്‌ 10:45) ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസം അർപ്പിക്കാനുള്ള എത്ര ശക്തമായ കാരണങ്ങൾ! *

7. യേശു മിശിഹൈക പ്രവചനം നിവർത്തിച്ചത്‌ എങ്ങനെയെന്ന്‌ തിരുവെഴുത്തുകൾ ഉപയോഗിച്ചു കാണിക്കുക.

7 ദൈവത്തിന്റെ പ്രാവചനിക വചനത്തിലുള്ള വിശ്വാസം മിശിഹായെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. എബ്രായ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നിരവധി മിശിഹൈക പ്രവചനങ്ങളിൽ അനേകം എണ്ണം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാർ യേശുവിനു നേരിട്ടു ബാധകമാക്കി. ദൃഷ്ടാന്തത്തിന്‌, യേശു ബേത്ത്‌ലേഹെമിലെ ഒരു കന്യകയിൽ ജനിച്ചു. (യെശയ്യാവു 7:14; മീഖാ 5:2; മത്തായി 1:18-23; ലൂക്കൊസ്‌ 2:4-11) അവനെ മിസ്രയീമിൽനിന്നു വിളിച്ചു, അവന്റെ ജനന ശേഷം ശിശുക്കൾ കൊല്ലപ്പെട്ടു. (യിരെമ്യാവു 31:15; ഹോശേയ 11:1; മത്തായി 2:13-18) യേശു നമ്മുടെ വ്യാധികളെ ചുമന്നു. (യെശയ്യാവു 53:4; മത്തായി 8:16, 17) മുൻകൂട്ടി പറഞ്ഞിരുന്നതു പോലെ, അവൻ ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറി യെരൂശലേമിൽ പ്രവേശിച്ചു. (സെഖര്യാവു 9:9; യോഹന്നാൻ 12:12-15) യേശുവിനെ വധസ്‌തംഭത്തിൽ തറച്ച ശേഷം പടയാളികൾ അവന്റെ വസ്‌ത്രം പകുത്തെടുക്കുകയും അവന്റെ ഉള്ളങ്കിക്കായി ചീട്ടിടുകയും ചെയ്‌തപ്പോൾ സങ്കീർത്തനക്കാരന്റെ വാക്കുകൾ നിവൃത്തിയേറി. (സങ്കീർത്തനം 22:18; യോഹന്നാൻ 19:23, 24) യേശുവിന്റെ അസ്ഥികൾ ഒടിക്കാതിരുന്നതും അവനെ കുത്തിത്തുളച്ചതും പ്രവചന നിവൃത്തി ആയിരുന്നു. (സങ്കീർത്തനം 34:20; സെഖര്യാവു 12:10; യോഹന്നാൻ 19:33-37) ദിവ്യനിശ്വസ്‌തരായ ബൈബിൾ എഴുത്തുകാർ യേശുവിനു ബാധകമാക്കിയ മിശിഹൈക പ്രവചനങ്ങളുടെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്‌ ഇവ. *

മിശിഹൈക രാജാവിനെ വാഴ്‌ത്തുക!

8. ആരാണു നാളുകളിൽ പുരാതനൻ, ദാനീയേൽ 7:9-14-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം നിവൃത്തിയേറിയത്‌ എങ്ങനെ?

8 ബാബിലോന്യ രാജാവായ ബേൽശസ്സറിന്റെ ഒന്നാം ആണ്ടിൽ യഹോവ തന്റെ പ്രവാചകനായ ദാനീയേലിന്‌ ഒരു സ്വപ്‌നവും ശ്രദ്ധേയമായ ദർശനങ്ങളും നൽകി. പ്രവാചകൻ ആദ്യം നാല്‌ കൂറ്റൻ വന്യമൃഗങ്ങളെ കണ്ടു. ദൈവദൂതൻ അവയെ “നാലു രാജാക്കന്മാ”രായി തിരിച്ചറിയിച്ചു. അങ്ങനെ ദൂതൻ, അവ ഒന്നിനു പിറകെ ഒന്നായി രംഗപ്രവേശം ചെയ്യുന്ന ലോകശക്തികളെ പ്രതിനിധാനം ചെയ്യുന്നുവെന്നു സൂചിപ്പിച്ചു. (ദാനീയേൽ 7:1-8, 17) അടുത്തതായി, “നാളുകളിൽ പുരാതനൻ” ആയ യഹോവ മഹത്ത്വത്തോടെ സിംഹാസനസ്ഥനായിരിക്കുന്നത്‌ ദാനീയേൽ ദർശിച്ചു. ആ മൃഗങ്ങളെ പ്രതികൂലമായി ന്യായം വിധിച്ചുകൊണ്ട്‌ അവൻ അവയിൽ നിന്നു ഭരണാധിപത്യം എടുത്തുമാറ്റുകയും നാലാമത്തെ മൃഗത്തെ കൊല്ലുകയും ചെയ്‌തു. തുടർന്ന്‌, ‘സകലവംശങ്ങളുടെയും ജാതികളുടെയും ഭാഷക്കാരുടെയും” മേലുള്ള ഭരണാധിപത്യം ‘മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‌’ നൽകി. (ദാനീയേൽ 7:9-14) “മനുഷ്യപുത്ര”നായ യേശുക്രിസ്‌തുവിന്റെ, 1914-ൽ സ്വർഗത്തിൽ നടന്ന, സിംഹാസനാരോഹണത്തോടു ബന്ധപ്പെട്ട എത്ര അതിശയകരമായ ഒരു പ്രവചനം!—മത്തായി 16:13.

9, 10. (എ) സ്വപ്‌നത്തിലെ ബിംബത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങൾ എന്തിലേക്കു വിരൽ ചൂണ്ടി? (ബി) ദാനീയേൽ 2:44-ന്റെ നിവൃത്തി നിങ്ങൾ എങ്ങനെ വിശദീകരിക്കും?

9 ദൈവം “രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു” എന്ന്‌ ദാനീയേലിന്‌ അറിയാമായിരുന്നു. (ദാനീയേൽ 2:21) “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന” യഹോവയിലുള്ള വിശ്വാസത്താൽ ദാനീയേൽ പ്രവാചകൻ ബാബിലോണ്യ രാജാവായ നെബൂഖദ്‌നേസറിന്റെ സ്വപ്‌നത്തിലെ കൂറ്റൻ ബിംബത്തിന്റെ അർഥം വെളിപ്പെടുത്തി. അതിന്റെ വ്യത്യസ്‌ത ഭാഗങ്ങൾ ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം തുടങ്ങിയ ലോക ശക്തികളുടെ ഉയർച്ച-താഴ്‌ചകളിലേക്കു വിരൽ ചൂണ്ടി. നമ്മുടെ കാലത്തേക്കും അതിന്‌ അപ്പുറത്തേക്കുമുള്ള ലോക സംഭവങ്ങൾ ചുരുക്കി വിവരിക്കാനും ദൈവം ദാനീയേലിനെ ഉപയോഗിച്ചു.—ദാനീയേൽ 2:24-30.

10 പ്രവചനം ഇപ്രകാരം പ്രസ്‌താവിച്ചു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീയേൽ 2:44) 1914-ൽ “ജനതകളുടെ നിയമിത കാലങ്ങൾ” കഴിഞ്ഞപ്പോൾ ക്രിസ്‌തുവിൻ കീഴിലെ സ്വർഗീയ രാജ്യം ദൈവം സ്ഥാപിച്ചു. (ലൂക്കൊസ്‌ 21:24, NW; വെളിപ്പാടു 12:1-5) ദൈവത്തിന്റെ സാർവത്രിക പരമാധികാരമാകുന്ന ‘പർവതത്തിൽ’ നിന്ന്‌ മിശിഹൈക രാജ്യമാകുന്ന ‘കല്ല്‌’ ദിവ്യശക്തിയാൽ അന്ന്‌ വെട്ടിയെടുക്കപ്പെട്ടു. അർമഗെദോനിൽ ആ കല്ല്‌ ബിംബത്തെ ഇടിച്ച്‌ അതിനെ തകർത്തു പൊടിയാക്കും. ‘ഭൂമിയെ ഒക്കെയും’ ബാധിക്കുന്ന ഒരു ഭരണ പർവതമായി മിശിഹൈക രാജ്യം എന്നേക്കും നിലനിൽക്കും.—ദാനീയേൽ 2:35, 45; വെളിപ്പാടു 16:14, 16. *

11. യേശുവിന്റെ രൂപാന്തരീകരണം എന്തിന്റെ പൂർവവീക്ഷണം ആയിരുന്നു, ആ ദർശനത്തിന്‌ പത്രൊസിന്റെ മേൽ എന്തു ഫലമുണ്ടായിരുന്നു?

11 തന്റെ രാജ്യഭരണം മനസ്സിൽ പിടിച്ചുകൊണ്ട്‌ യേശു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്‌ക്കുന്നവരിൽ ഉണ്ടു.” (മത്തായി 16:28) ആറു ദിവസം കഴിഞ്ഞ്‌ യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി അവിടെ വെച്ച്‌ അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. പ്രകാശമുള്ള ഒരു മേഘം അപ്പൊസ്‌തലന്മാരെ മൂടി. അപ്പോൾ ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ.” (മത്തായി 17:1-9; മർക്കൊസ്‌ 9:1-9) ക്രിസ്‌തുവിന്റെ രാജ്യ മഹത്ത്വത്തിന്റെ എത്ര ഉജ്ജ്വലമായ ഒരു പൂർവവീക്ഷണം! കണ്ണഞ്ചിക്കുന്ന ആ ദർശനത്തെ പരാമർശിച്ചുകൊണ്ട്‌ പത്രൊസ്‌ ഇങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല: “തത്‌ഫലമായി, നമുക്ക്‌ കൂടുതൽ ഉറപ്പാക്കപ്പെട്ട പ്രാവചനിക വചനം ഉണ്ട്‌.”—2 പത്രൊസ്‌ 1:16-19, NW. *

12. ഇത്‌ വിശേഷാൽ ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ നമുക്കുള്ള വിശ്വാസം പ്രകടമാക്കാനുള്ള സമയം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 പ്രത്യക്ഷത്തിൽ, മിശിഹായെ കുറിച്ചുള്ള എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ മാത്രമല്ല ഈ “പ്രാവചനിക വചന”ത്തിൽ അടങ്ങിയിരിക്കുന്നത്‌. താൻ “മഹാശക്തിയോടും തേജസ്സോടും കൂടെ” വരുമെന്നുള്ള യേശുവിന്റെ പ്രസ്‌താവനയും അതിൽ പെടുന്നു. (മത്തായി 24:30) ക്രിസ്‌തു മഹത്ത്വത്തോടെ രാജകീയ അധികാരത്തിൽ വരുമെന്നുള്ള പ്രാവചനിക വചനത്തെ രൂപാന്തരീകരണം സ്ഥിരീകരിച്ചു. പെട്ടെന്നുതന്നെ, മഹത്ത്വത്തോടെയുള്ള യേശുവിന്റെ വെളിപ്പെടൽ വിശ്വാസമില്ലാത്തവർക്കു നാശവും വിശ്വാസമുള്ളവർക്ക്‌ അനുഗ്രഹങ്ങളും കൈവരുത്തും. (2 തെസ്സലൊനീക്യർ 1:6-10) ഇത്‌ “അന്ത്യകാല”മാണെന്നു ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി തെളിയിക്കുന്നു. (2 തിമൊഥെയൊസ്‌ 3:1-5, 16, 17; മത്തായി 24:3-14) യഹോവ നിയമിച്ചിരിക്കുന്ന മുഖ്യ വധനിർവാഹകൻ എന്ന നിലയിൽ മീഖായേൽ അഥവാ യേശുക്രിസ്‌തു “മഹോപദ്രവ” സമയത്ത്‌ ഈ ദുഷ്ടവ്യവസ്ഥിതിക്ക്‌ അന്തം വരുത്താൻ ഒരുങ്ങി നിൽക്കുന്നു. (മത്തായി 24:21, NW; ദാനീയേൽ 12:1) ആയതിനാൽ, തീർച്ചയായും ഇത്‌ ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ നമുക്കു വിശ്വാസമുണ്ടെന്നു പ്രകടമാക്കാനുള്ള സമയമാണ്‌.

ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസം നിലനിറുത്തുക

13. ദൈവത്തോടുള്ള സ്‌നേഹവും അവന്റെ വചനത്തിലുള്ള വിശ്വാസവും നിലനിറുത്താൻ എന്തിനു നമ്മെ സഹായിക്കാനാകും?

13 ദൈവത്തിന്റെ പ്രാവചനിക വചനത്തിന്റെ നിവൃത്തികളെ കുറിച്ച്‌ ആദ്യം മനസ്സിലാക്കിയപ്പോൾ നാം തീർച്ചയായും പുളകിതരായിരുന്നു. എന്നാൽ അതിനു ശേഷം നമ്മുടെ വിശ്വാസം കുറയുകയും സ്‌നേഹം തണുത്തു പോകുകയും ചെയ്‌തിട്ടുണ്ടോ? “ആദ്യസ്‌നേഹം വിട്ടുകളഞ്ഞ” എഫെസൊസിലെ ക്രിസ്‌ത്യാനികളെ പോലെ നാം ഒരിക്കലും ആകാതിരിക്കട്ടെ. (വെളിപ്പാടു 2:1-4) സ്വർഗത്തിൽ നിക്ഷേപങ്ങൾ ശേഖരിക്കാൻ തക്കവണ്ണം നാം ‘മുമ്പേ [“ഒന്നാമത്‌,” NW] ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷി’ക്കാത്ത പക്ഷം, നാം എത്ര ദീർഘകാലം ദൈവത്തെ സേവിച്ചിട്ടുണ്ടെങ്കിലും നമുക്ക്‌ അത്തരം നഷ്ടം ഭവിക്കാം. (മത്തായി 6:19-21, 31-33) ഉത്സാഹപൂർവകമായ ബൈബിൾ പഠനവും ക്രിസ്‌തീയ യോഗങ്ങളിലെ പതിവായ പങ്കുപറ്റലും രാജ്യ പ്രസംഗ വേലയിലെ തീക്ഷ്‌ണതയും യഹോവയോടും അവന്റെ പുത്രനോടും തിരുവെഴുത്തുകളോടുമുള്ള സ്‌നേഹം നിലനിറുത്താൻ നമ്മെ സഹായിക്കും. (സങ്കീർത്തനം 119:105; മർക്കൊസ്‌ 13:10; എബ്രായർ 10:24, 25) അങ്ങനെ അത്‌ ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസത്തെ സജീവമാക്കി നിലനിറുത്തും.—സങ്കീർത്തനം 106:12.

14. യഹോവയുടെ പ്രാവചനിക വചനത്തിലുള്ള വിശ്വാസത്തിന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ പ്രതിഫലം ലഭിക്കുന്നു?

14 ദൈവത്തിന്റെ പ്രാവചനിക വചനം കഴിഞ്ഞകാലത്തു നിവൃത്തിയേറിയിട്ടുള്ളതു പോലെതന്നെ, ഭാവിയിലേക്ക്‌ അത്‌ മുൻകൂട്ടി പറയുന്ന കാര്യങ്ങളും നിവൃത്തിയേറും എന്ന്‌ നമുക്കു വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്‌, രാജ്യമഹത്ത്വത്തിലുള്ള ക്രിസ്‌തുവിന്റെ സാന്നിധ്യം ഇന്ന്‌ ഒരു യാഥാർഥ്യമാണ്‌. “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കു”മെന്ന പ്രാവചനിക വാഗ്‌ദാനത്തിന്റെ നിവൃത്തി മരണംവരെ വിശ്വസ്‌തരായിരുന്നിട്ടുള്ള അഭിഷിക്ത ക്രിസ്‌ത്യാനികൾ അനുഭവിച്ചിരിക്കുന്നു. (വെളിപ്പാടു 2:7, 10; 1 തെസ്സലൊനീക്യർ 4:14-17) ജയശാലികളായ ഇവർക്ക്‌ ‘ദൈവത്തിന്റെ സ്വർഗീയ പറുദീസ’യിലെ “ജീവവൃക്ഷത്തിന്റെ ഫലം തിന്മാ”നുള്ള പദവി യേശു നൽകുന്നു. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവ”മായ യഹോവ, യേശുക്രിസ്‌തു മുഖാന്തരം അവർക്ക്‌ പുനരുത്ഥാന സമയത്ത്‌ അമർത്യതയും അദ്രവത്വവും നൽകുന്നു. (1 തിമൊഥെയൊസ്‌ 1:17; 1 കൊരിന്ത്യർ 15:50-54; 2 തിമൊഥെയൊസ്‌ 1:10) അവരുടെ അനശ്വരമായ ദൈവസ്‌നേഹത്തിനും ദൈവത്തിന്റെ പ്രാവചനിക വചനത്തിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തിനും ലഭിക്കുന്ന എത്ര മഹത്തായ പ്രതിഫലം!

15. “പുതിയ ഭൂമി”യുടെ അടിസ്ഥാനം ആരിലാണ്‌ ഇട്ടത്‌, ആരാണ്‌ അവരുടെ സഹകാരികൾ?

15 മരിച്ചുപോയ വിശ്വസ്‌തരായ അഭിഷിക്തർ ‘ദൈവത്തിന്റെ സ്വർഗീയ പറുദീസ’യിലേക്കു പുനരുത്ഥാനം പ്രാപിച്ച്‌ അധികം താമസിയാതെ ആത്മീയ ഇസ്രായേലിന്റെ ഭൂമിയിലെ ശേഷിപ്പ്‌ വ്യാജമത ലോകസാമ്രാജ്യമായ “മഹതിയാം ബാബിലോ”നിൽനിന്നു വിടുവിക്കപ്പെട്ടു. (വെളിപ്പാടു 14:8; ഗലാത്യർ 6:16) അവരിൽ “പുതിയ ഭൂമി”യുടെ അടിസ്ഥാനം ഇട്ടു. (വെളിപ്പാടു 21:1) അങ്ങനെ ഒരു “ദേശം” പിറന്നു, ഇന്നു ഭൂമിയിലെങ്ങും പടർന്നുപന്തലിക്കുന്ന ഒരു ആത്മീയ പറുദീസയായി അതു വികാസം പ്രാപിച്ചിരിക്കുന്നു. (യെശയ്യാവു 66:8) ആത്മീയ ഇസ്രായേലിന്റെ സഹകാരികളായ അസംഖ്യം ചെമ്മരിയാടു തുല്യരായ ആളുകൾ ഈ “അന്ത്യകാലത്തു” അതിലേക്ക്‌ ഒഴുകിയെത്തുന്നു.—യെശയ്യാവു 2:2-4; സെഖര്യാവു 8:23; യോഹന്നാൻ 10:16; വെളിപ്പാടു 7:9.

ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ മനുഷ്യവർഗത്തിന്റെ ഭാവി മുൻകൂട്ടി പറഞ്ഞിരിക്കുന്നു

16. അഭിഷിക്തരെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുന്നവർക്ക്‌ എന്തു പ്രത്യാശയാണ്‌ ഉള്ളത്‌?

16 അഭിഷിക്തരുടെ വിശ്വസ്‌ത സഹകാരികൾക്ക്‌ എന്തു ഭാവി പ്രത്യാശയാണുള്ളത്‌? ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ അവർക്കും വിശ്വാസമുണ്ട്‌, അവർ ഭൗമിക പറുദീസയിൽ പ്രവേശിക്കാൻ പ്രതീക്ഷയോടിരിക്കുന്നു. (ലൂക്കൊസ്‌ 23:39-43) അവിടെ അവർ ജീവരക്ഷാകരമായ “ജീവജലനദി”യിൽ നിന്നു കുടിക്കുകയും അതിന്റെ ഇരു കരകളിലുമുള്ള “വൃക്ഷങ്ങളുടെ ഇല”കളിൽനിന്നു രോഗശാന്തി കണ്ടെത്തുകയും ചെയ്യും. (വെളിപ്പാടു 22:1, 2, NW) നിങ്ങൾക്കു വിസ്‌മയാവഹമായ അത്തരം ഒരു പ്രത്യാശ ഉണ്ടെങ്കിൽ, നിങ്ങൾ യഹോവയോട്‌ ആഴമായ സ്‌നേഹവും അവന്റെ പ്രാവചനിക വചനത്തിലുള്ള വിശ്വാസവും തുടർന്നും പ്രകടമാക്കട്ടെ. പറുദീസ ഭൂമിയിൽ നിത്യജീവന്റെ അതിരറ്റ സന്തോഷം ആസ്വദിക്കുന്നവരിൽ ഒരാളായിരിക്കട്ടെ നിങ്ങളും.

17. ഭൗമിക പറുദീസയിലെ ജീവിതത്തിൽ ഏത്‌ അനുഗ്രഹങ്ങൾ ഉൾപ്പെടും?

17 വരാനിരിക്കുന്ന ഭൗമിക പറുദീസയിലെ ജീവിതം പൂർണമായി വിവരിക്കാൻ അപൂർണ മനുഷ്യർക്കാവില്ല. എന്നാൽ അന്ന്‌, അനുസരണമുള്ള മനുഷ്യവർഗത്തെ കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ സംബന്ധിച്ച്‌ ദൈവത്തിന്റെ പ്രാവചനിക വചനം നമുക്ക്‌ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്നു. ദൈവരാജ്യം എതിരാളികൾ ഇല്ലാതെ ഭരണം നടത്തുകയും ദൈവേഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടപ്പാകുകയും ചെയ്യുമ്പോൾ ദ്രോഹബുദ്ധിയായ യാതൊരു മനുഷ്യനും, മൃഗങ്ങൾ പോലും, “ഒരു ദോഷമോ നാശമോ . . . ചെയ്‌കയില്ല.” (യെശയ്യാവു 11:9; മത്തായി 6:9, 10) സൗമ്യതയുള്ളവർ ഭൂമിയിൽ അധിവസിക്കും. തീർച്ചയായും, “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11) പട്ടിണികിടക്കുന്ന ജനസമൂഹങ്ങൾ അന്ന്‌ ഉണ്ടായിരിക്കില്ല. എന്തെന്നാൽ “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) മേലാൽ ആരും ദുഃഖത്താൽ കണ്ണീർപൊഴിക്കില്ല. രോഗങ്ങൾ പൊയ്‌പോയിരിക്കും. മരണം പോലും മേലാൽ ഉണ്ടായിരിക്കുകയില്ല. (യെശയ്യാവു 33:24; വെളിപ്പാടു 21:4, 5) ഒന്നു വിഭാവന ചെയ്‌തു നോക്കൂ—ഡോക്ടർമാരോ മരുന്നോ ആശുപത്രികളോ മനോരോഗ ചികിത്സാലയങ്ങളോ ശവസംസ്‌കാരങ്ങളോ ആവശ്യമില്ലാത്ത ഒരു അവസ്ഥ! എത്ര മഹത്തായ പ്രത്യാശയാണത്‌!

18. (എ) ദാനീയേലിന്‌ എന്ത്‌ ഉറപ്പു ലഭിച്ചു? (ബി) ദാനീയേലിന്റെ “ഓഹരി” എന്തായിരിക്കും?

18 മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുന്നതോടെ മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിപോലും ശൂന്യമാകും. നീതിമാനായ ഇയ്യോബിന്‌ ആ പ്രത്യാശ ഉണ്ടായിരുന്നു. (ഇയ്യോബ്‌ 14:14, 15) പ്രവാചകനായ ദാനീയേലിനും ആ പ്രത്യാശ ഉണ്ടായിരുന്നു. എന്തെന്നാൽ യഹോവയുടെ ദൂതൻ അവന്‌ ആശ്വാസദായകമായ ഈ ഉറപ്പ്‌ നൽകി: “നീയോ അവസാനം വരുവോളം പൊയ്‌ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേററുവരും.” (ദാനീയേൽ 12:13) തന്റെ ജീവിതത്തിന്റെ അവസാനത്തോളം ദാനീയേൽ ദൈവത്തെ വിശ്വസ്‌തമായി സേവിച്ചു. ഇപ്പോൾ അവൻ മരണത്തിൽ വിശ്രമിക്കുകയാണ്‌. എന്നാൽ ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചക്കാലത്തെ “നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ” അവൻ “എഴുന്നേററുവരും.” (ലൂക്കൊസ്‌ 14:14) അപ്പോൾ ദാനീയേലിന്റെ “ഓഹരി” എന്തായിരിക്കും? പറുദീസാ നിവൃത്തിയിൽ, യഹോവയുടെ ജനത്തിൽ എല്ലാവർക്കും ഒരു ഇടം ഉണ്ടായിരിക്കുമെന്ന്‌, ദേശം പോലും നീതിനിഷ്‌ഠമായും ക്രമീകൃതമായും പങ്കിടപ്പെടുമെന്ന്‌, യെഹെസ്‌കേലിന്റെ പ്രവചനം സൂചിപ്പിക്കുന്നു. (യെഹെസ്‌കേൽ 47:13-48:35) അതുകൊണ്ട്‌ ദാനീയേലിന്‌ പറുദീസയിൽ ഒരു ഇടം ഉണ്ടായിരിക്കും. എന്നാൽ അവന്‌ അവിടെ ലഭിക്കുന്ന ഓഹരിയിൽ സ്ഥലം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. യഹോവയുടെ ഉദ്ദേശ്യത്തിൽ അവനുള്ള സ്ഥാനവും അതിൽ ഉൾപ്പെടും.

19. ഭൗമിക പറുദീസയിലെ ജീവിതത്തിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

19 നിങ്ങളുടെയും നിങ്ങളുടെ ഓഹരിയുടെയും കാര്യമോ? ദൈവവചനമായ ബൈബിളിൽ വിശ്വാസം ഉണ്ടെങ്കിൽ, ഭൗമിക പറുദീസയിലെ ജീവിതം നിങ്ങൾ അതിയായി വാഞ്‌ഛിക്കുന്നുണ്ടാകും. ഭൂമിയെ പരിപാലിക്കുക, മരിച്ചവരെ സന്തോഷത്തോടെ തിരികെ സ്വാഗതം ചെയ്യുക എന്നിങ്ങനെ അനേകം അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട്‌ അവിടെ ആയിരിക്കുന്നതിനെ കുറിച്ച്‌ നിങ്ങൾ ഒരുപക്ഷേ വിഭാവന ചെയ്യുന്നുണ്ടാകാം. എന്തുതന്നെയായാലും അടിസ്ഥാനപരമായി നോക്കിയാൽ മനുഷ്യവർഗം പറുദീസയിൽനിന്നുള്ളവരാണല്ലോ. ദൈവം ആദ്യ മനുഷ്യ ജോടിയെ സൃഷ്ടിച്ചത്‌ അത്തരമൊരു സ്ഥലത്തു ജീവിക്കാനാണ്‌. (ഉല്‌പത്തി 2:7-9) അനുസരണമുള്ള മനുഷ്യവർഗം പറുദീസയിൽ എന്നേക്കും ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നു. പറുദീസാ ഭൂമിയിൽ ജീവിതം ആസ്വദിക്കുന്ന ജനകോടികളോടൊപ്പം ആയിരിക്കാൻ തക്കവിധം നിങ്ങൾ തിരുവെഴുത്തുകൾക്ക്‌ അനുസൃതമായി പ്രവർത്തിക്കുമോ? നമ്മുടെ സ്വർഗീയ പിതാവായ യഹോവയോട്‌ യഥാർഥ സ്‌നേഹവും അവന്റെ പ്രാവചനിക വചനത്തിൽ നിലനിൽക്കുന്ന വിശ്വാസവും ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ അവിടെ ആയിരിക്കാൻ കഴിയും.

[അടിക്കുറിപ്പുകൾ]

^ ഖ. 6 വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായവും തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പുസ്‌തകത്തിലെ “എഴുപത്‌ ആഴ്‌ചകൾ” എന്ന ഭാഗവും കാണുക.

^ ഖ. 7 വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്‌തകത്തിന്റെ 343-4 പേജുകൾ കാണുക.

^ ഖ. 11 2000 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുപ്പിൻ” എന്ന ലേഖനം കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ഒന്നാമത്തെ പ്രവചനം ഏതായിരുന്നു, ആരായിരുന്നു വാഗ്‌ദത്ത സന്തതി?

• യേശുവിൽ നിവൃത്തിയേറിയ ചില മിശിഹൈക പ്രവചനങ്ങൾ ഏവ?

ദാനീയേൽ 2:44, 45 എങ്ങനെ നിവൃത്തിയേറും?

• ദൈവത്തിന്റെ പ്രാവചനിക വചനം അനുസരണമുള്ള മനുഷ്യവർഗത്തിന്‌ എന്തു ഭാവിയാണു വാഗ്‌ദാനം ചെയ്യുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ഭൗമിക പറുദീസയിൽ ജീവിക്കാൻ നിങ്ങൾ പ്രത്യാശിക്കുന്നുവോ?