വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ ഭവനത്തിലെ തഴച്ചുവളരുന്ന ഒലിവു വൃക്ഷം

ദൈവ ഭവനത്തിലെ തഴച്ചുവളരുന്ന ഒലിവു വൃക്ഷം

ദൈവ ഭവനത്തിലെ തഴച്ചുവളരുന്ന ഒലിവു വൃക്ഷം

നശിപ്പിക്കാനാവാത്തത്‌ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു വൃക്ഷം ഇസ്രായേൽ ദേശത്തു വളരുന്നുണ്ട്‌. വെട്ടിക്കളഞ്ഞാൽ പോലും അതിന്റെ കുറ്റി ഉടൻതന്നെ മുളച്ചു വരും. അതിന്റെ ഫലത്തിൽനിന്ന്‌ പാചകത്തിനും വിളക്കു കത്തിക്കുന്നതിനും ശുചീകരണത്തിനും മുഖകാന്തി വർധിപ്പിക്കുന്നതിനും ഉതകുന്ന എണ്ണ ലഭിക്കുന്നു.

ബൈബിൾ പുസ്‌തകമായ ന്യായാധിപന്മാരിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പുരാതന ദൃഷ്ടാന്തകഥ അനുസരിച്ച്‌, “പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‌വാൻ പോയി.” വനത്തിലെ ഏതു വൃക്ഷത്തെയായിരുന്നു അവർ ആദ്യം തിരഞ്ഞെടുത്തത്‌? പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ കെൽപ്പുള്ള, തഴച്ചുവളരുന്ന ഒലിവു വൃക്ഷത്തെത്തന്നെ.—ന്യായാധിപന്മാർ 9:8.

3,500-ലേറെ വർഷം മുമ്പ്‌ പ്രവാചകനായ മോശെ ഇസ്രായേലിനെ ‘നല്ലോരു ദേശം, ഒലിവുവൃക്ഷം ഉള്ള ദേശം’ എന്നു വർണിച്ചു. (ആവർത്തനപുസ്‌തകം 8:7, 9) വടക്ക്‌ ഹെർമോൻ മലയുടെ താഴ്‌വാരം മുതൽ തെക്ക്‌ ബീർഷീബയുടെ പ്രാന്തപ്രദേശം വരെ പ്രദേശത്ത്‌ ഇന്നും ഇടയ്‌ക്കിടെ ഒലിവു തോട്ടങ്ങൾ കാണാവുന്നതാണ്‌. അവ ഇപ്പോഴും തീരപ്രദേശത്തുള്ള ശാരോൻ സമഭൂമിയെയും ശമര്യയിലെ കല്ലുനിറഞ്ഞ മലയോരങ്ങളെയും ഗലീലയിലെ ഫലഭൂയിഷ്‌ഠമായ താഴ്‌വാരങ്ങളെയും അലങ്കരിക്കുന്നു.

ബൈബിൾ എഴുത്തുകാർ ഒലിവു വൃക്ഷത്തെ കൂടെക്കൂടെ ആലങ്കാരിക അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്‌. ഈ വൃക്ഷത്തിന്റെ സവിശേഷതകൾ ദൈവത്തിന്റെ കരുണയെയും പുനരുത്ഥാന വാഗ്‌ദാനത്തെയും സന്തുഷ്ട കുടുംബ ജീവിതത്തെയും ചിത്രീകരിക്കാൻ ഉതകി. ഒലിവു വൃക്ഷത്തെ അടുത്തു പരിശോധിക്കുന്നത്‌ ഈ തിരുവെഴുത്തു പരാമർശനങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കും. സ്രഷ്ടാവിനെ സ്‌തുതിക്കുന്ന സൃഷ്ടികളിൽ ഒന്നായ ഈ അതുല്യ വൃക്ഷത്തോടുള്ള നമ്മുടെ വിലമതിപ്പ്‌ അതു വർധിപ്പിക്കുകയും ചെയ്യും.—സങ്കീർത്തനം 148:7, 9.

അസാമാന്യ കെൽപ്പുള്ള ഒലിവു വൃക്ഷം

ഒലിവു വൃക്ഷം ഒറ്റനോട്ടത്തിൽ അത്ര പ്രൗഢമനോഹരമൊന്നും അല്ല. അത്‌ ലെബാനോനിലെ കൂറ്റൻ ദേവദാരുക്കളെപ്പോലെ ആകാശംമുട്ടെ വളരില്ല. അതിന്റെ തടി സരളവൃക്ഷത്തിന്റേതു പോലെ അത്ര വിലപിടിപ്പുള്ളതല്ല. ബദാം വൃക്ഷത്തിന്റെ പൂക്കളെപ്പോലെ കണ്ണിനു കുളിർമയേകുന്നവയല്ല അതിന്റെ പൂക്കൾ. (ഉത്തമഗീതം 1:17; ആമോസ്‌ 2:9) ഒലിവു വൃക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മണ്ണിന്‌ അടിയിൽ അദൃശ്യമായി കിടക്കുന്നു. താഴേക്ക്‌ ആറുമീറ്ററും ഉപരിതലത്തിനു സമാന്തരമായി അതിൽ കൂടുതലും നീളമുള്ള പടർന്നു കിടക്കുന്ന വേരുകളാണ്‌ ഈ വൃക്ഷത്തിന്റെ സമൃദ്ധമായ ഫലത്തിന്റെയും അതിജീവനത്തിന്റെയും രഹസ്യം.

താഴ്‌വരയിലുള്ള വൃക്ഷങ്ങൾ വെള്ളമില്ലാതെ ഉണങ്ങിപ്പോകുമ്പോൾ കല്ലുനിറഞ്ഞ മലഞ്ചെരുവുകളിലുള്ള ഒലിവു വൃക്ഷങ്ങൾക്കു വരൾച്ചയെ അതിജീവിക്കാൻ കഴിയുന്നത്‌ ഇത്തരം വേരുകൾ നിമിത്തമാണ്‌. നൂറ്റാണ്ടുകളോളം, മുഴപിടിച്ച തായ്‌ത്തടി വിറകിനു മാത്രമേ ഉതകൂ എന്നു തോന്നുന്ന ഘട്ടത്തിൽപ്പോലും, ഫലം പുറപ്പെടുവിക്കാൻ ഈ വേരുകൾ ഒലിവിനെ പ്രാപ്‌തമാക്കുന്നു. അസാമാന്യ കെൽപ്പുള്ള ഈ വൃക്ഷത്തിന്‌ ആവശ്യമായിരിക്കുന്നതു വളരാൻ വേണ്ടത്ര സ്ഥലവും ശ്വസിക്കാൻ വായുനിറഞ്ഞ മണ്ണും ഉപദ്രവകരമായ കീടങ്ങളുടെ വിളനിലമായിരുന്നേക്കാവുന്ന കളകളോ മറ്റു ചെടികളോ ഇല്ലാത്ത നിലവുമാണ്‌. ഈ ലളിതമായ ആവശ്യങ്ങൾ സാധിച്ചുകിട്ടിയാൽ ഒരു മരം പ്രതിവർഷം 57 ലിറ്റർ വരെ എണ്ണ നൽകും.

ഈ അമൂല്യമായ എണ്ണ ലഭിച്ചിരുന്നതിനാൽ ഒലിവ്‌ ഇസ്രായേല്യർക്കു പ്രിയപ്പെട്ടതായിരുന്നു എന്നതിനു സംശയമില്ല. ഒലിവ്‌ എണ്ണ ഒഴിച്ച വിളക്കുകൾ അവരുടെ വീടുകളെ പ്രകാശിപ്പിച്ചിരുന്നു. (ലേവ്യപുസ്‌തകം 24:2) പാചകത്തിന്‌ ഒലിവ്‌ എണ്ണ അനിവാര്യമായിരുന്നു. അത്‌ സൂര്യപ്രകാശത്തിൽ നിന്ന്‌ ത്വക്കിനെ സംരക്ഷിച്ചിരുന്നു, ഇസ്രായേല്യർക്കു കഴുകാനുള്ള സോപ്പും പ്രദാനം ചെയ്‌തിരുന്നു. ധാന്യവും മുന്തിരിയും ഒലിവും ആയിരുന്നു ദേശത്തെ പ്രധാന വിളകൾ. അതുകൊണ്ട്‌ ഒലിവ്‌ വിളവെടുപ്പു മോശമാകുന്നത്‌ ഒരു ഇസ്രായേല്യ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരുന്നു.—ആവർത്തനപുസ്‌തകം 7:13; ഹബക്കൂക്‌ 3:17.

എന്നിരുന്നാലും, സാധാരണഗതിയിൽ ഒലിവ്‌ എണ്ണ സുലഭമായി ലഭിച്ചിരുന്നു. ഒലിവ്‌ വാഗ്‌ദത്ത ദേശത്തു സർവസാധാരണമായി കൃഷിചെയ്‌തിരുന്ന ഒരു മരം ആയിരുന്നതുകൊണ്ടാകാം മോശെ ആ ദേശത്തെ ‘ഒലിവുവൃക്ഷം ഉള്ള ദേശം’ എന്നു വിളിച്ചത്‌. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു പ്രകൃതിശാസ്‌ത്രജ്ഞനായ എച്ച്‌. ബി. ട്രിസ്‌ട്രാം, ഒലിവിനെ വാഗ്‌ദത്ത “ദേശത്തിന്റെ സവിശേഷതയായ വൃക്ഷം” എന്ന്‌ വിളിച്ചു. ഒലിവ്‌ എണ്ണയുടെ മൂല്യവും ധാരാളമായ ലഭ്യതയും നിമിത്തം അതു മെഡിറ്ററേനിയൻ പ്രദേശത്ത്‌ ഉടനീളം ഒരു അന്തർദേശീയ നാണ്യമായി പോലും ഉതകി. “നൂറു കുടം എണ്ണ [“ഒലിവ്‌ എണ്ണ,” NW]”യായി കണക്കാക്കിയിരുന്ന ഒരു കടത്തെ കുറിച്ച്‌ യേശുക്രിസ്‌തുതന്നെ പറയുകയുണ്ടായി—ലൂക്കൊസ്‌ 16:5, 6.

“ഒലിവുതൈകൾപോലെ”

ഉപയോഗപ്രദമായ ഒലിവു വൃക്ഷം ഉചിതമായും ദിവ്യാനുഗ്രഹത്തെ ചിത്രീകരിക്കുന്നു. ദൈവഭയമുള്ള ഒരു വ്യക്തിക്ക്‌ എന്തു പ്രതിഫലമാണു ലഭിക്കുക? “നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുററും ഒലിവുതൈകൾപോലെയും ഇരിക്കും” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 128:3) ഈ “ഒലിവുതൈകൾ” എന്താണ്‌, സങ്കീർത്തനക്കാരൻ അവരെ പുത്രന്മാരോടു ഉപമിച്ചത്‌ എന്തുകൊണ്ട്‌?

തായ്‌ത്തടിയുടെ ചുവട്ടിൽനിന്ന്‌ എപ്പോഴും പുതിയ മുളകൾ പൊട്ടിവളരുന്നത്‌ ഒലിവു വൃക്ഷത്തിന്റെ അസാധാരണമായ ഒരു പ്രത്യേകതയാണ്‌. * വളരെ പ്രായം ചെന്നിട്ട്‌ തായ്‌വൃക്ഷം പഴയതുപോലെ ഫലം പുറപ്പെടുവിക്കാതാകുമ്പോൾ, പുതുതായി കിളിർത്തു വരുന്ന മുളകൾ മരത്തിന്റെ അവിഭാജ്യ ഭാഗമായിത്തീരുന്നതുവരെ വളരാൻ കർഷകർ അനുവദിച്ചേക്കാം. കുറച്ചു കാലം കഴിയുമ്പോൾ ആദ്യത്തെ മരത്തിനു ചുവട്ടിൽ കരുത്തുറ്റ മൂന്നോ നാലോ കൊച്ചു മരങ്ങൾ ഉണ്ടായിരിക്കും—ഒരു മേശയ്‌ക്കു ചുറ്റും പുത്രന്മാർ ഇരിക്കുന്നതുപോലെ. ഇവയ്‌ക്ക്‌ ഒരേ വേരുപടലംതന്നെയാണ്‌ ഉള്ളത്‌. അവ ഒന്നിച്ച്‌ നല്ല വിളവ്‌ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നു.

മാതാപിതാക്കളുടെ ശക്തമായ ആത്മീയ വേരുകളെ ആശ്രയിച്ച്‌ പുത്രീപുത്രന്മാർക്കു വിശ്വാസത്തിൽ ശക്തരായി വളരാൻ കഴിയുന്നത്‌ എങ്ങനെയെന്ന്‌ ഒലിവു വൃക്ഷത്തിന്റെ ഈ പ്രത്യേകത നന്നായി ചിത്രീകരിക്കുന്നു. വളർന്നു വലുതാകുന്നതോടെ മക്കൾ ഫലം പുറപ്പെടുവിക്കുകയും മാതാപിതാക്കളെ പിന്താങ്ങുകയും ചെയ്യുന്നു. തങ്ങളോടൊപ്പം മക്കളും യഹോവയെ സേവിക്കുന്നത്‌ കണ്ട്‌ മാതാപിതാക്കൾ സന്തോഷിക്കുന്നു.—സദൃശവാക്യങ്ങൾ 15:20.

‘ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്‌’

യഹോവയെ സേവിക്കുന്ന പ്രായമായ ഒരു പിതാവ്‌ ദൈവഭക്തിയുള്ള തന്റെ മക്കളിൽ സന്തോഷിക്കുന്നു. എന്നാൽ തങ്ങളുടെ പിതാവ്‌ ഒടുവിൽ “സകലഭൂവാസികളുടെയും വഴിയായി പോകു”മ്പോൾ ആ മക്കൾ വിലപിക്കുന്നു. (1 രാജാക്കന്മാർ 2:2) അത്തരം കുടുംബ ദുരന്തത്തെ നേരിടുന്നതിനു നമ്മെ സഹായിക്കാൻ, ഒരു പുനരുത്ഥാനം ഉണ്ടായിരിക്കുമെന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നു.—യോഹന്നാൻ 5:28, 29; 11:25.

നിരവധി മക്കൾ ഉണ്ടായിരുന്ന ഇയ്യോബ്‌ മനുഷ്യന്റെ അൽപ്പായുസ്സ്‌ സംബന്ധിച്ചു നല്ല ബോധ്യമുള്ളവൻ ആയിരുന്നു. പെട്ടെന്നു വാടിക്കൊഴിയുന്ന ഒരു പൂവിനോട്‌ അവൻ അതിനെ താരതമ്യം ചെയ്‌തു. (ഇയ്യോബ്‌ 1:2; 14:1, 2) തന്റെ യാതനകളിൽനിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗം എന്ന നിലയിൽ ഇയ്യോബ്‌ മരണത്തിനായി വാഞ്‌ഛിച്ചു. അവൻ ശവക്കുഴിയെ ഒരു ഒളിയിടമായി വീക്ഷിച്ചു, തനിക്ക്‌ അവിടെനിന്നു മടങ്ങിപ്പോരാൻ കഴിയുമെന്ന്‌ അവന്‌ അറിയാമായിരുന്നു. “മനുഷ്യൻ മരിച്ചാൻ വീണ്ടും ജീവിക്കുമോ?” ഇയ്യോബ്‌ ചോദിച്ചു. എന്നിട്ട്‌ അവൻ ഉറപ്പോടെ ഇങ്ങനെ ഉത്തരം നൽകി: “എനിക്കു മാററം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു. നീ [യഹോവ] വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്‌പര്യമുണ്ടാകും.”—ഇയ്യോബ്‌ 14:13-15.

ശവക്കുഴിയിൽനിന്ന്‌ ദൈവം തന്നെ വിളിക്കുമെന്നുള്ള തന്റെ ബോധ്യം ഇയ്യോബ്‌ വ്യക്തമാക്കിയത്‌ എങ്ങനെ? ഒരു വൃക്ഷത്തെ ഉപയോഗിച്ച്‌. അതിനെ കുറിച്ചുള്ള അവന്റെ വിശദീകരണം അവൻ ഒലിവു വൃക്ഷത്തെ പരാമർശിക്കുക ആയിരുന്നിരിക്കാം എന്നു സൂചിപ്പിക്കുന്നു. “ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു,” ഇയ്യോബ്‌ പറഞ്ഞു. “അതിനെ വെട്ടിയാൽ പിന്നെയും പൊട്ടികിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.” (ഇയ്യോബ്‌ 14:7) ഒരു ഒലിവു വൃക്ഷത്തെ വെട്ടിയിട്ടാലും അതു നശിക്കില്ല. വൃക്ഷത്തെ വേരോടെ പിഴുതുമാറ്റിയാൽ മാത്രമേ അതു നശിക്കുകയുള്ളൂ. വേരുകൾക്കു കേടുപറ്റാതിരുന്നാൽ വൃക്ഷം പുത്തൻ ഉണർവോടെ വീണ്ടും മുളച്ചുവരും.

ദീർഘ കാലത്തെ വരൾച്ച നിമിത്തം പ്രായംചെന്ന ഒരു ഒലിവുവൃക്ഷം വല്ലാതെ ഉണങ്ങിയാൽപ്പോലും അതിന്റെ നീരുവറ്റിയ തായ്‌ത്തടി പുനർജീവിച്ചേക്കാം. “അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുററി മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും.” (ഇയ്യോബ്‌ 14:8, 9) ഇയ്യോബ്‌ ജീവിച്ചിരുന്നത്‌ വരണ്ടു പൊടിനിറഞ്ഞ ഒരു ദേശത്താണ്‌. പ്രായമായ അനേകം ഒലിവു വൃക്ഷങ്ങളുടെ കുറ്റികൾ ഉണങ്ങി നിർജീവമായതു പോലെ നിൽക്കുന്നത്‌ അവൻ നിരീക്ഷിച്ചിട്ടുണ്ടാകണം. എന്നാൽ മഴ പെയ്‌തപ്പോൾ “കെട്ടുപോയ” അത്തരം മരങ്ങൾക്കു ജീവൻവെച്ച്‌ അതിന്റെ വേരുപടലത്തിൽനിന്നു പുതിയ വൃക്ഷകാണ്ഡങ്ങൾ “ഒരു തൈപോലെ” പൊട്ടി മുളച്ചു. ഈ അസാധാരണ പുനരുദ്ധാരണ പ്രാപ്‌തി ഹേതുവായി ഒരു ടുണീഷ്യൻ തോട്ടനിർമാണ വിദഗ്‌ധൻ ഇങ്ങനെ പറഞ്ഞു: “ഒലിവു മരങ്ങൾ അമർത്യമാണെന്നു പറയാനാകും.”

ഉണങ്ങിയ ഒലിവു മരങ്ങൾ വീണ്ടും തളിർക്കാൻ ഒരു കൃഷിക്കാരൻ അതിയായി വാഞ്‌ഛിക്കുന്നതു പോലെ, തന്റെ വിശ്വസ്‌ത ദാസന്മാരെ ഉയിർപ്പിക്കാൻ യഹോവ അതിയായി ആഗ്രഹിക്കുന്നു. അബ്രാഹാം, സാറാ, ഇസ്‌ഹാക്ക്‌, റിബേക്ക എന്നിങ്ങനെയുള്ള വിശ്വസ്‌തരായ അനേകം വ്യക്തികൾ ജീവനിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്ന സമയത്തിനായി അവൻ നോക്കിപ്പാർത്തിരിക്കുന്നു. (മത്തായി 22:31, 32) മരിച്ചവരെ സ്വാഗതം ചെയ്യുന്നതും അവർ പൂർണവും ഫലദായകവുമായ ജീവിതം ഒരിക്കൽക്കൂടെ ആസ്വദിക്കുന്നതു കാണുന്നതും എത്ര വിസ്‌മയാവഹമായിരിക്കും!

ആലങ്കാരിക ഒലിവു വൃക്ഷം

ദൈവത്തിന്റെ കരുണ അവന്റെ പക്ഷപാതമില്ലായ്‌മയിലും പുനരുത്ഥാന കരുതലിലും പ്രകടമാണ്‌. വർഗമോ പശ്ചാത്തലമോ ഗണ്യമാക്കാതെ യഹോവ ആളുകളോടു കരുണ കാണിക്കുന്നത്‌ എങ്ങനെയെന്നു ചിത്രീകരിക്കാൻ പൗലൊസ്‌ അപ്പൊസ്‌തലൻ ഒലിവു വൃക്ഷത്തെ ഉപയോഗിച്ചു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ “അബ്രാഹാമിന്റെ സന്തതി”കൾ ആയിരുന്നതിൽ യഹൂദന്മാർ നൂറ്റാണ്ടുകളോളം സ്വയം അഭിമാനംകൊണ്ടിരുന്നു.—യോഹന്നാൻ 8:33; ലൂക്കൊസ്‌ 3:8.

യഹൂദനായി ജനിക്കുന്നത്‌ അതിൽത്തന്നെ ദിവ്യാംഗീകാരം ലഭിക്കുന്നതിനുള്ള ഒരു നിബന്ധന ആയിരുന്നില്ല. എങ്കിലും, യേശുവിന്റെ ആദിമ ശിഷ്യന്മാർ എല്ലാവരും യഹൂദന്മാർ ആയിരുന്നു. അബ്രാഹാമിന്റെ വാഗ്‌ദത്ത സന്തതി ആയിത്തീരാൻ ദൈവം തിരഞ്ഞെടുത്ത ആദ്യ മനുഷ്യർ ആയിരിക്കാനുള്ള പദവി അവർക്കു ലഭിച്ചു. (ഉല്‌പത്തി 22:18; ഗലാത്യർ 3:29) പൗലൊസ്‌ ഈ യഹൂദ ശിഷ്യന്മാരെ ഒരു ആലങ്കാരിക ഒലിവു വൃക്ഷത്തിന്റെ ശാഖകളോട്‌ ഉപമിച്ചു.

സ്വാഭാവിക യഹൂദന്മാരിൽ ഭൂരിപക്ഷവും യേശുവിനെ തള്ളിക്കളഞ്ഞു. തത്‌ഫലമായി, “ചെറിയ ആട്ടിൻകൂട്ട”ത്തിലെ അല്ലെങ്കിൽ “ദൈവത്തിന്റെ യിസ്രായേലി’ലെ ഭാവി അംഗങ്ങൾ ആയിരിക്കാനുള്ള യോഗ്യത അവർക്കു നഷ്ടമായി. (ലൂക്കൊസ്‌ 12:32; ഗലാത്യർ 6:16) അങ്ങനെ, അവർ മുറിച്ചു മാറ്റപ്പെട്ട ആലങ്കാരിക ഒലിവ്‌ ശാഖകളായിത്തീർന്നു. അവരുടെ സ്ഥാനത്ത്‌ ആർ വരുമായിരുന്നു? പൊ.യു. 36-ൽ, അബ്രാഹാമിന്റെ സന്തതിയുടെ ഭാഗമായിത്തീരാൻ വിജാതീയരെ തിരഞ്ഞെടുത്തു. അത്‌ യഹോവ കാട്ടൊലിവു ശാഖകളെ തോട്ടത്തിലെ ഒലിവു വൃക്ഷത്തിൽ ഒട്ടിച്ചു ചേർത്തതു പോലെ ആയിരുന്നു. അബ്രാഹാമിന്റെ വാഗ്‌ദത്ത സന്തതി ആയിത്തീരുമായിരുന്നവരിൽ ജനതകളിലെ ആളുകൾ ഉൾപ്പെടുമായിരുന്നു. വിജാതീയ ക്രിസ്‌ത്യാനികൾക്ക്‌ ഇപ്പോൾ “ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളി”കളായിത്തീരാൻ കഴിയുമായിരുന്നു.—റോമർ 11:17.

ഒരു കാട്ടൊലിവു ശാഖയെ തോട്ടത്തിലെ ഒലിവു വൃക്ഷത്തിൽ ഒട്ടിച്ചു ചേർക്കുന്നത്‌ ഒരു കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം അചിന്തനീയവും “പ്രകൃതിസഹജമല്ലാത്ത”തും ആയിരുന്നു. (റോമർ 11:24, പി.ഒ.സി. ബൈബിൾ) ദ ലാൻഡ്‌ ആൻഡ്‌ ദ ബുക്ക്‌ എന്ന കൃതി ഇങ്ങനെ വിശദീകരിക്കുന്നു: “നല്ലതിനെ വന്യമായതിൽ ഒട്ടിക്കുക, അറബികൾ പറയുന്നതുപോലെ അത്‌ വന്യമായതിനെ കീഴടക്കും, എന്നാൽ നേരെമറിച്ചുള്ള പ്രവർത്തനം വിജയിക്കില്ല.” സമാനമായി, “ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ച”പ്പോൾ യഹൂദ ക്രിസ്‌ത്യാനികൾ ആശ്ചര്യംപൂണ്ടു. (പ്രവൃത്തികൾ 10:44-48; 15:14) എന്നാൽ, ദൈവോദ്ദേശ്യത്തിന്റെ നിവൃത്തി ഏതെങ്കിലും ഒരു ജനതയെ ആശ്രയിച്ചിരിക്കുന്നില്ല എന്നുള്ളതിന്റെ വ്യക്തമായ ഒരു സൂചനയായിരുന്നു അത്‌. അതേ, “ഏതു ജാതിയിലും അവനെ [ദൈവത്തെ] ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.”—പ്രവൃത്തികൾ 10:35.

ഒലിവു വൃക്ഷത്തിന്റെ അവിശ്വസ്‌ത യഹൂദ “കൊമ്പുകളെ” യഹോവ മുറിച്ചു മാറ്റിയെങ്കിൽ, അഹങ്കാരവും അനുസരണക്കേടും ഹേതുവായി അവന്റെ അപ്രീതിക്കു പാത്രമാകുന്ന ഏതൊരുവനും അതുതന്നെ സംഭവിക്കാവുന്നതാണെന്നു പൗലൊസ്‌ സൂചിപ്പിച്ചു. (റോമർ 11:19, 20) ദൈവത്തിന്റെ അനർഹദയയെ നിസ്സാരമായി എടുക്കരുതെന്ന്‌ ഇതു വ്യക്തമായും ചിത്രീകരിക്കുന്നു.—2 കൊരിന്ത്യർ 6:1.

എണ്ണ പൂശൽ

ഒലിവ്‌ എണ്ണയുടെ അക്ഷരീയവും ആലങ്കാരികവുമായ ഉപയോഗത്തെ കുറിച്ചു ബൈബിൾ പരാമർശിക്കുന്നു. പുരാതന നാളുകളിൽ, മുറിവുകളും ചതവുകളും വേഗം സുഖപ്പെടാൻ അവയിൽ “എണ്ണപുരട്ടി”യിരുന്നു. (യെശയ്യാവു 1:6) യേശുവിന്റെ ഉപമകളിൽ ഒന്നു പറയുന്ന പ്രകാരം, യെരീഹോയിലേക്കുള്ള പാതയിൽ താൻ കണ്ട മനുഷ്യന്റെ മുറിവുകളിൽ സഹായമനസ്‌കനായ ശമര്യാക്കാരൻ ഒലിവ്‌ എണ്ണയും വീഞ്ഞും ഒഴിച്ചു.—ലൂക്കൊസ്‌ 10:34.

തലയിൽ ഒലിവ്‌ എണ്ണ തേക്കുന്നതു ഉന്മേഷവും കുളിർമയും കൈവരുത്തുന്നു. (സങ്കീർത്തനം 141:5) ആത്മീയ രോഗം ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ക്രിസ്‌തീയ മൂപ്പന്മാർ സഭാംഗത്തെ “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തിൽ . . . എണ്ണ പൂശി”യേക്കാം. (യാക്കോബ്‌ 5:14) ആത്മീയമായി രോഗം പിടിപെട്ട സഹവിശ്വാസിക്കു വേണ്ടിയുള്ള, മൂപ്പന്മാരുടെ സ്‌നേഹപുരസ്സരമായ തിരുവെഴുത്തു ബുദ്ധിയുപദേശത്തെയും ഹൃദയംഗമമായ പ്രാർഥനയെയും കുളിർമയേകുന്ന ഒലിവ്‌ എണ്ണയോടു താരതമ്യം ചെയ്‌തിരിക്കുന്നു. രസാവഹമായി, എബ്രായ ഭാഷയിലെ ശൈലീപ്രയോഗത്തിൽ, ഒരു നല്ല മനുഷ്യനെ ചില അവസരങ്ങളിൽ “കലർപ്പില്ലാത്ത ഒലിവ്‌ എണ്ണ” എന്ന്‌ വർണിക്കുന്നു.

‘ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷം’

ഇപ്പോൾ ചർച്ച ചെയ്‌ത വിവരങ്ങൾ പരിഗണിക്കുമ്പോൾ, ദൈവ ദാസന്മാരെ ഒലിവു വൃക്ഷങ്ങളോടു താരതമ്യം ചെയ്യുന്നതിൽ അതിശയിക്കാനില്ല. “ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷ”ത്തെ പോലെ ആയിരിക്കാൻ ദാവീദ്‌ ആഗ്രഹിച്ചു. (സങ്കീർത്തനം 52:8) ഇസ്രായേലിലെ വീടുകൾക്കു ചുറ്റും ഒലിവു വൃക്ഷങ്ങൾ ഉണ്ടായിരുന്നതു പോലെ, യഹോവയോടു വളരെ അടുത്ത്‌ ആയിരിക്കാനും ദൈവത്തിന്റെ പുകഴ്‌ചയ്‌ക്കായി ഫലം പുറപ്പെടുവിക്കാനും ദാവീദ്‌ ആഗ്രഹിച്ചു.—സങ്കീർത്തനം 52:9.

യഹോവയോടു വിശ്വസ്‌തരായിരുന്ന കാലത്ത്‌ രണ്ടു-ഗോത്ര യഹൂദാ രാജ്യം “മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം” പോലെ ആയിരുന്നു. (യിരെമ്യാവു 11:15, 16) എന്നാൽ യഹൂദാ ജനം യഹോവയുടെ ‘വചനങ്ങളെ കേട്ടനുസരിക്കാതെ അന്യദേവന്മാരെ സേവിപ്പാൻ അവരോടു ചേർന്ന’പ്പോൾ അവർക്ക്‌ ആ പദവി നഷ്ടമായി.—യിരെമ്യാവു 11:10.

ദൈവത്തിന്റെ ഭവനത്തിലെ തഴച്ചുവളരുന്ന ഒരു ഒലിവു വൃക്ഷം ആയിത്തീരുന്നതിന്‌ നാം യഹോവയെ അനുസരിക്കുകയും അവന്റെ ശിക്ഷണം സ്വീകരിക്കുകയും വേണം. അത്തരം ശിക്ഷണത്തിലൂടെയാണ്‌ കൂടുതൽ ക്രിസ്‌തീയ ഫലം പുറപ്പെടുവിക്കാൻ തക്കവിധം അവൻ നമ്മെ ‘വെട്ടിയൊരുക്കുന്നത്‌.’ (എബ്രായർ 12:5, 6) തന്നെയുമല്ല, വരൾച്ചയുടെ സമയത്ത്‌ അതിജീവിക്കാൻ സ്വാഭാവിക ഒലിവു വൃക്ഷത്തിനു പടർന്നുകിടക്കുന്ന വേരുകൾ ആവശ്യമായിരിക്കുന്നതു പോലെ, പരിശോധനകളും പീഡനങ്ങളും സഹിച്ചു നിൽക്കുന്നതിനു നാം നമ്മുടെ ആത്മീയ വേരുകൾ ബലപ്പെടുത്തേണ്ടതുണ്ട്‌.—മത്തായി 13:21; കൊലൊസ്സ്യർ 2:6, 7.

ഒലിവു വൃക്ഷം വിശ്വസ്‌ത ക്രിസ്‌ത്യാനിയെ നന്നായി പ്രതീകപ്പെടുത്തുന്നു. ലോകത്തിന്‌ അവൻ അപരിചിതൻ ആയിരിക്കാം, എന്നാൽ ദൈവം അവനെ അംഗീകരിക്കുന്നു. അത്തരമൊരു വ്യക്തിക്ക്‌ ഈ വ്യവസ്ഥിതിയിൽ മരിക്കേണ്ടിവന്നാൽ പോലും വരാനിരിക്കുന്ന പുതിയ ലോകത്തിൽ വീണ്ടും ജീവിക്കാനാകും.—2 കൊരിന്ത്യർ 6:9; 2 പത്രൊസ്‌ 3:13.

വർഷം തോറും ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന, മിക്കവാറും നശിപ്പിക്കാനാവാത്തത്‌ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒലിവു വൃക്ഷം ദൈവത്തിന്റെ പിൻവരുന്ന വാഗ്‌ദാനത്തെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.” (യെശയ്യാവു 65:22) ദൈവത്തിന്റെ പുതിയ വാഗ്‌ദത്ത ലോകത്തിൽ ആ പ്രാവചനിക വാഗ്‌ദാനം നിവൃത്തിയേറും.—2 പത്രൊസ്‌ 3:13.

[അടിക്കുറിപ്പുകൾ]

^ ഖ. 13 ഈ പുതിയ മുളകൾ വൃക്ഷത്തിന്റെ ശക്തി ചോർത്തിക്കളയാതിരിക്കാൻ സാധാരണഗതിയിൽ എല്ലാ വർഷവും അവ മുറിച്ചു കളയുന്നു.

[25-ാം പേജിലെ ചിത്രം]

സ്‌പെയിനിലെ അലികാൻറ്‌ പ്രവിശ്യയിലുള്ള ജാസിയയിൽ കണ്ടെത്തിയ മുഴപിടിച്ച ഒരു പുരാതന തായ്‌ത്തടി

[26-ാം പേജിലെ ചിത്രം]

സ്‌പെയിനിലെ ഗ്രാൻഡാ പ്രവിശ്യയിലുള്ള ഒലിവു തോട്ടം

[26-ാം പേജിലെ ചിത്രം]

യെരൂശലേം മതിലിനു പുറത്തുള്ള ഒരു പുരാതന ഒലിവു വൃക്ഷം

[26-ാം പേജിലെ ചിത്രം]

ഒലിവു വൃക്ഷത്തിൽ ശിഖരങ്ങൾ ഒട്ടിച്ചു ചേർക്കുന്നതിനെ കുറിച്ചു ബൈബിൾ പരാമർശിക്കുന്നു

[26-ാം പേജിലെ ചിത്രം]

പ്രായംചെന്ന ഈ ഒലിവ്‌ വൃക്ഷം പുതിയ ശിഖരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു