വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുവിശേഷങ്ങൾ—സംവാദം തുടരുന്നു

സുവിശേഷങ്ങൾ—സംവാദം തുടരുന്നു

സുവിശേഷങ്ങൾസംവാദം തുടരുന്നു

യേശുക്രിസ്‌തുവിന്റെ ജനനത്തെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ സത്യമാണോ?

അവൻ ഗിരിപ്രഭാഷണം നടത്തിയോ?

യേശു യഥാർഥത്തിൽ ഉയിർത്തെഴുന്നേറ്റോ?

“ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” എന്ന്‌ അവൻ വാസ്‌തവത്തിൽ പറഞ്ഞോ?–യോഹന്നാൻ 14:6.

ഏകദേശം 80 പണ്ഡിതന്മാർ പങ്കെടുക്കുന്ന ‘ജീസസ്‌ സെമിനാറിൽ’ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്‌തിരിക്കുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കുന്ന ഈ സെമിനാർ 1985-ലാണു തുടങ്ങിയത്‌. ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ആ പണ്ഡിതഗണം വിചിത്രമായ ഒരു രീതിയാണ്‌ അവലംബിച്ചത്‌. സെമിനാറിൽ പങ്കെടുത്തവർ, യേശുവിന്റേതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ പ്രസ്‌താവനയെയും സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ ബാലറ്റുകൾ ഉപയോഗിച്ച്‌ രേഖപ്പെടുത്തി. ചുവന്ന ബാലറ്റിന്റെ അർഥം പ്രസ്‌താവന തീർച്ചയായും യേശുവിന്റേതാണ്‌ എന്നാണ്‌. പിങ്ക്‌ നിറമുള്ള ബാലറ്റിന്റെ അർഥം പ്രസ്‌താവനയ്‌ക്ക്‌ യേശു നടത്തിയിരിക്കാവുന്ന ഒരു പ്രസ്‌താവനയോടു സാമ്യമുണ്ട്‌ എന്നാണ്‌. ചാരനിറമുള്ള ബാലറ്റിന്റെ അർഥം ആശയങ്ങൾ യേശുവിന്റെ ആശയങ്ങളോട്‌ അടുത്തു വരുന്നവ ആണെങ്കിലും പ്രസ്‌താവന യേശുവിന്റേതല്ല എന്നാണ്‌. കറുത്ത ബാലറ്റ്‌ സൂചിപ്പിക്കുന്നത്‌ പ്രസ്‌താവനയോ അതിലെ ആശയമോ യേശുവിന്റേതല്ല മറിച്ച്‌, പിൽക്കാല പാരമ്പര്യങ്ങളിൽനിന്ന്‌ ഉടലെടുത്തതാണെന്നാണ്‌.

ജീസസ്‌ സെമിനാറിൽ പങ്കെടുത്തവർ പ്രസ്‌തുത രീതി പിൻപറ്റിക്കൊണ്ട്‌ ഈ ലേഖനത്തിന്റെ തുടക്കത്തിൽ ചോദ്യരൂപത്തിൽ നൽകിയിരിക്കുന്ന നാല്‌ ആശയങ്ങളും തള്ളിക്കളഞ്ഞു. യേശു പറഞ്ഞതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിൽ 82 ശതമാനത്തിനും അവർ കറുത്ത ബാലറ്റാണ്‌ ഉപയോഗിച്ചത്‌. സുവിശേഷങ്ങളിലും മറ്റു ലേഖനങ്ങളിലും യേശുവിനെ കുറിച്ച്‌ കാണുന്ന വിവരങ്ങളിൽ 16 ശതമാനത്തിനു മാത്രമേ ആധികാരികതയുള്ളൂ എന്നാണ്‌ അവർ പറയുന്നത്‌.

സുവിശേഷത്തെ കുറിച്ചുള്ള ഇത്തരം വിമർശനം ഒരു പുതിയ സംഗതിയല്ല. 1774-ൽ സുവിശേഷങ്ങളുടെമേൽ ഒരു ആക്രമണം ഉണ്ടായി. ജർമനിയിലെ ഹാംബർഗിലുള്ള, പൗരസ്‌ത്യ ഭാഷാ പ്രൊഫസറായ ഹർമൻ റൈമാറസിന്റെ 1,400 പേജുള്ള ഒരു കൈയെഴുത്തു ലിഖിതം അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചപ്പോഴായിരുന്നു അത്‌. റൈമാറസ്‌ തന്റെ എഴുത്തുകളിൽ സുവിശേഷങ്ങളുടെ ചരിത്രപരമായ ആധികാരികതയെ കുറിച്ച്‌ ബലമായ സംശയങ്ങൾ ഉന്നയിച്ചു. ഭാഷാപരമായ അപഗ്രഥനത്തെയും യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങളിലെ പ്രത്യക്ഷ വൈരുദ്ധ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളത്‌ ആയിരുന്നു അദ്ദേഹത്തിന്റെ നിഗമനങ്ങൾ. അന്നുമുതൽ വിമർശകർ സുവിശേഷങ്ങളുടെ ആധികാരികതയെ സംബന്ധിച്ചു മിക്കപ്പോഴും സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്‌. സുവിശേഷങ്ങളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തെ അത്‌ ഒരു പരിധിവരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

സുവിശേഷ വിവരണം അനേകം വ്യക്തികളിലൂടെ കൈമാറി വന്നിട്ടുള്ള മതപരമായ ഒരു കൽപ്പിതകഥ ആണെന്നാണ്‌ അത്തരം പണ്ഡിതന്മാരുടെ പൊതുവെയുള്ള മതം. സംശയാലുക്കളായ പണ്ഡിതന്മാർ സാധാരണമായി ഉന്നയിക്കാറുള്ള ചോദ്യങ്ങൾ ഇവയാണ്‌: നാലു സുവിശേഷ എഴുത്തുകാരുടെയും വിശ്വാസങ്ങൾ യഥാർഥ വസ്‌തുതകൾ പൊടിപ്പുംതൊങ്ങലും വെച്ച്‌ അവതരിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുമോ? ആദിമ ക്രിസ്‌തീയ സമുദായത്തിലെ കിടമത്സരങ്ങൾ യേശുവിനെ കുറിച്ചുള്ള വസ്‌തുതകളിൽനിന്നു ചില കാര്യങ്ങൾ നീക്കം ചെയ്യാനോ അവയോടു ചിലതു കൂട്ടിച്ചേർക്കാനോ ഇടയാക്കിയോ? ഏതു സുവിശേഷ ഭാഗങ്ങളാണ്‌ നേരിട്ടുള്ള റിപ്പോർട്ടിങ്‌ ആയിരിക്കുന്നത്‌?

നിരീശ്വരവാദമോ മതഭക്തി ഇല്ലായ്‌മയോ മുഖമുദ്രയായിരിക്കുന്ന ഒരു സമൂഹത്തിൽ വളർന്നിട്ടുള്ള ആളുകൾ, സുവിശേഷങ്ങൾ ഉൾപ്പെടെയുള്ള മുഴു ബൈബിളിനെയും ഐതിഹ്യങ്ങളും കൽപ്പിതകഥകളും നിറഞ്ഞ ഒരു പുസ്‌തകമായി കാണുന്നു. ക്രൈസ്‌തവലോകത്തിന്റെ ചരിത്രത്തിലെ രക്തച്ചൊരിച്ചിലും അടിച്ചമർത്തലും അനൈക്യവും അഭക്ത പെരുമാറ്റങ്ങളുമാണ്‌ മറ്റു ചിലരെ അലട്ടുന്ന പ്രശ്‌നം. ക്രൈസ്‌തവലോകം പവിത്രമായി കണക്കാക്കുന്ന ലിഖിതങ്ങൾക്കു ശ്രദ്ധ കൊടുക്കാൻ അത്തരം ആളുകൾ യാതൊരു കാരണവും കാണുന്നില്ല. കപടഭക്തി നിറഞ്ഞ ഒരു മതത്തിനു ജന്മം നൽകിയിട്ടുള്ള കൃതികൾ നിശ്ചയമായും പ്രയോജനരഹിതമായ കെട്ടുകഥകളിൽ അധിഷ്‌ഠിതമായിരിക്കുമെന്നാണ്‌ അവരുടെ പക്ഷം.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? സുവിശേഷങ്ങളുടെ ചരിത്രപരതയെ ചോദ്യം ചെയ്യുന്ന ഏതാനും പണ്ഡിതന്മാർ നിങ്ങളുടെ മനസ്സിൽ സമാനമായ സംശയങ്ങൾ ഉളവാക്കാൻ നിങ്ങൾ അനുവദിക്കണമോ? സുവിശേഷ എഴുത്തുകാർ കെട്ടുകഥ രചിക്കുകയായിരുന്നു എന്ന ആരോപണം കേൾക്കുമ്പോൾ, അവരുടെ എഴുത്തുകളിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഉലയ്‌ക്കാൻ നിങ്ങൾ അതിനെ അനുവദിക്കണമോ? ക്രൈസ്‌തവലോകത്തിന്റെ ഭക്തികെട്ട ചരിത്രം സുവിശേഷങ്ങളുടെ ആശ്രയയോഗ്യതയെ നിങ്ങൾ സംശയിക്കാൻ ഇടയാക്കണമോ? യാഥാർഥ്യങ്ങളിൽ ചിലതു പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്‌.

[4-ാം പേജിലെ ചിത്രം]

സുവിശേഷങ്ങളിൽ അടങ്ങിയിരിക്കുന്നത്‌ കെട്ടുകഥകളോ വസ്‌തുതകളോ?

[കടപ്പാട്‌]

യേശു കടലിനു മീതെ നടക്കുന്നു/The Doré Bible Illustrations/Dover

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Publications

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

3-5, 8 പേജുകളിലെ പശ്ചാത്തലം: Courtesy of the Freer Gallery of Art, Smithsonian Institution, Washington, D.C.