വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ക്രിസ്‌ത്യാനി” എന്ന പദത്തിന്‌ അതിന്റെ അർഥം നഷ്ടപ്പെടുകയാണോ?

“ക്രിസ്‌ത്യാനി” എന്ന പദത്തിന്‌ അതിന്റെ അർഥം നഷ്ടപ്പെടുകയാണോ?

“ക്രിസ്‌ത്യാനി” എന്ന പദത്തിന്‌ അതിന്റെ അർഥം നഷ്ടപ്പെടുകയാണോ?

ക്രിസ്‌ത്യാനിയായിരിക്കുക എന്നാൽ എന്താണ്‌ അർഥം? നിങ്ങളുടെ ഉത്തരം എന്താണ്‌? പല രാജ്യങ്ങളിൽ നിന്നുള്ള കുറെ ആളുകളോട്‌ ആ ചോദ്യം ചോദിക്കുകയുണ്ടായി. ചില മറുപടികൾ പിൻവരുന്ന വിധം ആയിരുന്നു:

“യേശുവിനെ അനുഗമിക്കുകയും അനുകരിക്കുകയും ചെയ്യുക.”

“നല്ല വ്യക്തിയായിരിക്കുക, ദാനധർമ്മങ്ങൾ ചെയ്യുക.”

“ക്രിസ്‌തുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുക.”

“കുർബാന കാണുക, കൊന്തചൊല്ലുക, വിശുദ്ധ കുർബാന കൈക്കൊള്ളുക.”

“ക്രിസ്‌ത്യാനി ആയിരിക്കുന്നതിന്‌ പള്ളിയിൽ പോകേണ്ടതുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.”

നിഘണ്ടുക്കൾ പോലും കുഴപ്പിക്കുന്ന നിരവധി നിർവചനങ്ങൾ നൽകുന്നു. ഒരു നിഘണ്ടുവിൽ “ക്രിസ്‌ത്യാനി” എന്ന പദത്തിന്‌, “യേശുക്രിസ്‌തുവിന്റെ മതത്തിൽ വിശ്വസിക്കുന്നവനോ അതിൽപ്പെട്ടവനോ,” “മാന്യനോ അംഗീകാരയോഗ്യനോ ആയ വ്യക്തി” എന്നിങ്ങനെ പത്തു വ്യത്യസ്‌ത അർഥങ്ങൾ നൽകുന്നുണ്ട്‌. ഒരു ക്രിസ്‌ത്യാനിയായിരിക്കുക എന്നാൽ എന്താണെന്നു വിശദീകരിക്കാൻ അനേകർക്കും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നതിൽ അതിശയിക്കാനില്ല.

എന്തും അനുവദിച്ചു കൊടുക്കുന്ന പ്രവണത

ഇന്നു ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവരുടെ ഇടയിൽ, എന്തിന്‌, ഒരേ പള്ളിയിൽ പോകുന്നവരുടെ ഇടയിൽപ്പോലും, ബൈബിളിന്റെ ദിവ്യനിശ്വസ്‌തത, പരിണാമ സിദ്ധാന്തം, സഭയുടെ രാഷ്‌ട്രീയ ഉൾപ്പെടൽ, വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കൽ എന്നീ വിഷയങ്ങൾ സംബന്ധിച്ച്‌ ഭിന്നാഭിപ്രായങ്ങളാണ്‌ ഉള്ളത്‌. ഗർഭച്ഛിദ്രം, സ്വവർഗരതി, വിവാഹം കൂടാതെ ദമ്പതികൾ ഒന്നിച്ചു താമസിക്കൽ തുടങ്ങിയ ധാർമിക വിഷയങ്ങൾ മിക്കപ്പോഴും ചൂടുപിടിച്ച വിവാദങ്ങൾക്കു വഴിമരുന്നിടുന്നു. വ്യക്തമായും, എന്തും അനുവദിച്ചു കൊടുക്കുന്ന ഒരു പ്രവണതയാണ്‌ ഇന്നുള്ളത്‌.

ഉദാഹരണത്തിന്‌, “അറിയപ്പെടുന്ന സ്വവർഗരതിക്കാരനായ ഒരു മൂപ്പനെ സഭയുടെ ഭരണ സമിതിയിലേക്കു തിരഞ്ഞെടുക്കാൻ” സഭയ്‌ക്ക്‌ അവകാശമുണ്ടെന്ന്‌ ഒരു പ്രൊട്ടസ്റ്റന്റ്‌ സഭാ കോടതി അടുത്തയിടെ പ്രഖ്യാപിച്ചെന്ന്‌ ക്രിസ്റ്റ്യൻ സെഞ്ച്വറി എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. രക്ഷയ്‌ക്ക്‌ യേശുവിലുള്ള വിശ്വാസം അനിവാര്യമല്ലെന്നു പോലുമുള്ള വീക്ഷണം ചില ദൈവശാസ്‌ത്രജ്ഞന്മാർ മുന്നോട്ടുവെച്ചിട്ടുണ്ട്‌. യഹൂദന്മാരും മുസ്ലീങ്ങളും മറ്റുള്ളവരും “[ക്രിസ്‌ത്യാനികളെ പോലെതന്നെ] സ്വർഗത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെ”ന്ന്‌ അവർ വിശ്വസിക്കുന്നതായി ദ ന്യൂയോർക്ക്‌ ടൈംസിലെ ഒരു റിപ്പോർട്ട്‌ പറയുന്നു.

മുതലാളിത്തത്തിനു വേണ്ടി വാദിക്കുന്ന ഒരു മാർക്‌സിസ്റ്റുകാരനെയോ ഏകാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ജനാധിപത്യവാദിയെയോ വനനശീകരണത്തെ പിന്താങ്ങുന്ന ഒരു പ്രകൃതിസംരക്ഷണവാദിയെയോ നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? “ആ വ്യക്തി ഒരു യഥാർഥ മാർക്‌സിസ്റ്റുകാരനോ ജനാധിപത്യവാദിയോ പ്രകൃതിസംരക്ഷണവാദിയോ അല്ല” എന്നു നിങ്ങൾ പറയും—അതു ശരിയുമാണ്‌. എന്നാൽ, ഇന്ന്‌ ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവരുടെ വ്യത്യസ്‌തങ്ങളായ വീക്ഷണങ്ങൾ പരിചിന്തിച്ചാൽ, ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു പഠിപ്പിച്ചതിനു കടക വിരുദ്ധമായ വിശ്വാസങ്ങളാണ്‌ അവർക്കുള്ളതെന്നു മനസ്സിലാകും. അത്‌ അവരുടെ ക്രിസ്‌ത്യാനിത്വത്തിന്റെ സ്വഭാവത്തെ കുറിച്ച്‌ എന്താണു പറയുന്നത്‌?—1 കൊരിന്ത്യർ 1:10.

നാം ഇപ്പോൾ കാണാൻ പോകുന്നതുപോലെ, കാലത്തിന്റെ ചിന്താധാരയ്‌ക്ക്‌ അനുസൃതമായി ക്രിസ്‌തീയ പഠിപ്പിക്കലുകൾക്കു മാറ്റം വരുത്താനുള്ള പ്രവണത ദീർഘകാലമായി നിലവിലുണ്ട്‌. അത്തരം മാറ്റങ്ങളെ ദൈവവും യേശുക്രിസ്‌തുവും എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? ക്രിസ്‌തുവിൽ വേരില്ലാത്ത പഠിപ്പിക്കലുകളെ പ്രോത്സാഹിപ്പിക്കുന്ന സഭകൾക്ക്‌ ഉചിതമായും തങ്ങളെത്തന്നെ ക്രിസ്‌തീയ സഭകൾ എന്നു വിളിക്കാനാകുമോ? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യപ്പെടും.