ദൈവത്തെ പ്രസാദിപ്പിക്കുന്ന സംഗീതം
ദൈവത്തെ പ്രസാദിപ്പിക്കുന്ന സംഗീതം
“സുകുമാരകലകളിൽ വെച്ച് ഏറ്റവും പുരാതനവും സ്വാഭാവികവുമായത്”—സംഗീതത്തെ നിർവചിക്കാറുള്ളത് ഇങ്ങനെയാണ്. ഭാഷ പോലെതന്നെ, മനുഷ്യരെ മൃഗങ്ങളിൽ നിന്നു വ്യത്യസ്‌തരാക്കുന്ന ഒരു അതുല്യ വരമാണു സംഗീതവും. വികാരങ്ങളെ തഴുകിയുണർത്താനുള്ള കഴിവുണ്ട് സംഗീതത്തിന്. കാതുകളിൽ ഇമ്പമധുരമായി പെയ്‌തിറങ്ങാൻ അതിനു കഴിയും, ഒപ്പം മനസ്സിൽ ഏറെക്കാലം തങ്ങിനിൽക്കാനും. എല്ലാറ്റിലുമുപരി, സംഗീതത്തിനു ദൈവത്തെ പ്രസാദിപ്പിക്കാനാകും.
സംഗീതത്തെ സ്‌നേഹിച്ചിരുന്ന ജനതയായിരുന്നു ഇസ്രായേല്യർ എന്നു ബൈബിൾ പറയുന്നു. “പുരാതന ബൈബിൾ കാലങ്ങളിലെ ഒരു പ്രമുഖ കല ആയിരുന്നു സംഗീതം” എന്നാണ് അങ്കർ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നത്. വായ്‌പാട്ടും ഉപകരണസംഗീതവും ഇസ്രായേല്യ ആരാധനയുടെ ഒരു സവിശേഷതയായിരുന്നു. അങ്ങനെ അത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരുന്നു. എന്നാൽ ഉപകരണസംഗീതത്തെക്കാൾ മാനുഷശബ്ദത്തിനായിരുന്നു കൂടുതൽ സ്ഥാനമുണ്ടായിരുന്നത്.
ദാവീദിന്റെ പുത്രനായ ശലോമോൻ പണികഴിപ്പിച്ച ആലയം യഹോവയ്‌ക്കു സമർപ്പിക്കുന്നതിന് മുമ്പുതന്നെ, ദാവീദ് രാജാവ് തിരുനിവാസത്തിൽ “സംഗീതശുശ്രൂഷെക്കു” ലേവ്യരിൽനിന്നുള്ള പ്രതിനിധികളെ നിയമിച്ചിരുന്നു. (1 ദിനവൃത്താന്തം 6:31, 32) യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധീകരിക്കുന്ന നിയമപെട്ടകം യെരൂശലേമിൽ എത്തിച്ചേർന്നപ്പോൾ, “യഹോവെക്കു കീർത്തനവും വന്ദനവും സ്‌തോത്രവും ചെയ്‌വാൻ” അവൻ ലേവ്യരിൽ ചിലരെ നിയോഗിക്കുകയുണ്ടായി. ‘വീണയോടും കിന്നരത്തോടും, . . . കൈത്താളത്തോടും, . . . കാഹളത്തോടും’ കൂടെ അവർ സ്‌തുതിഗീതങ്ങൾ ആലപിച്ചു. (1 ദിനവൃത്താന്തം 16:4-6) “കർത്താവിന്റെ അചഞ്ചലമായ നിത്യസ്‌നേഹത്തെ പ്രതി കർത്താവിനു കൃതജ്ഞത അർപ്പിക്കാൻ [“അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്‌തോത്രം ചെയ്‌വാൻ,” സത്യവേദ പുസ്‌തകം] പ്രത്യേകമായി നാമനിർദേശം ചെയ്യപ്പെട്ട”വരായിരുന്നു ഈ പുരുഷന്മാർ.—1 ദിനവൃത്താന്തം 16:41, ഓശാന ബൈബിൾ; 25:1.
“[യഹോവയുടെ] ദയ എന്നേക്കുമുള്ളതു” എന്ന പല്ലവി സങ്കീർത്തനങ്ങളിൽ—സംഗീതവുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിട്ടുള്ള ബൈബിൾ പുസ്‌തകം—പലയാവൃത്തി കാണപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, 136-ാം സങ്കീർത്തനത്തിന്റെ 26 വാക്യങ്ങളുടെയും രണ്ടാംപകുതി ആ പല്ലവിയാണ്. “അതിന്റെ ഹ്രസ്വത ഒരു ജനതയ്‌ക്കു മുഴുവൻ അതിനെ സുപരിചിതമാക്കി,” ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നു. “കേൾക്കുന്ന ആർക്കും അത് ഓർമിക്കാൻ കഴിയുമായിരുന്നു.”
അന്നൊക്കെ സംഗീതോപകരണങ്ങൾ വളരെയധികം ഉപയോഗിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നവയാണ് 150-ാം സങ്കീർത്തനം പരാമർശിക്കുന്നു. എന്നിരുന്നാലും, മാനുഷ്യശബ്ദംകൊണ്ട് യഹോവയെ സ്‌തുതിക്കാനാണ് മുഖ്യമായ ആഹ്വാനം. ആറാം വാക്യം പ്രബോധിപ്പിക്കുന്നു: “ജീവനുള്ളതൊക്കെയും യഹോവയെ സ്‌തുതിക്കട്ടെ; യഹോവയെ സ്‌തുതിപ്പിൻ.”
സങ്കീർത്തനങ്ങളുടെ മേലെഴുത്തുകൾ. തന്ത്രിവാദ്യത്തിനു പുറമേ, കാഹളം, കിന്നരം, തപ്പ്, കുഴൽ, കൈത്താളം എന്നിവയെക്കുറിച്ചുകൂടിസംഗീതത്തിൽ നമ്മുടെ വികാരങ്ങൾ നിഴലിക്കും. ബൈബിൾകാലങ്ങളിൽ, ദുഃഖസാന്ദ്രമായ ചിന്തകളെയും വികാരങ്ങളെയും പ്രതിഫലിപ്പിച്ചിരുന്ന വിലാപഗീതങ്ങൾ രചിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ശ്രുതിമധുരമായ ഗീതങ്ങളെ അപേക്ഷിച്ച് ഇവ ഇസ്രായേലിൽ വളരെ ചുരുക്കമായിരുന്നു. ബൈബിൾ വിജ്ഞാനകോശമായ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച * (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ദുഃഖസാന്ദ്രമായ ചിന്തകൾ പ്രകടിപ്പിക്കുന്നതിനു മാത്രമേ ഒരേ താളത്തിലുള്ള ഇത്തരം വിലാപഗീതങ്ങൾ പാടിയിരുന്നുള്ളൂ.”
യേശുവിന്റെ മരണത്തിന്റെ തലേദിവസം, അവനും വിശ്വസ്‌തരായ അപ്പൊസ്‌തലന്മാരും ചേർന്ന് യഹോവയെ സ്‌തുതിച്ചുകൊണ്ടുള്ള ഗീതങ്ങൾ ആലപിച്ചു. ഹല്ലേൽ സങ്കീർത്തനങ്ങളും (113 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങൾ) അതിൽ ഉൾപ്പെട്ടിരുന്നു എന്നതിനു സംശയമില്ല. അത് തങ്ങളുടെ യജമാനൻ മരണത്തിൽ നഷ്ടമാകുന്നത് സഹിക്കാൻ യേശുവിന്റെ ശിഷ്യന്മാരെ എത്രയധികം ശക്തിപ്പെടുത്തിയിരിക്കും! അതിനെക്കാൾ ഉപരി, “അവന്റെ ദയ എന്നേക്കുമുള്ളത്” എന്ന പല്ലവി അഞ്ചുതവണ ആവർത്തിച്ചപ്പോൾ അഖിലാണ്ഡ പരമാധികാരിയായ യഹോവയുടെ വിശ്വസ്‌ത ദാസന്മാരായി തുടരാനുള്ള അവരുടെ തീരുമാനം ഒന്നുകൂടി ദൃഢമായിത്തീർന്നിരിക്കണം.—സങ്കീർത്തനം 118:1-4, 29.
എഫെസൊസിലെയും കൊലൊസ്സ്യയിലെയും ആദിമ ക്രിസ്‌ത്യാനികൾ “സങ്കീർത്തനങ്ങളാലും സ്‌തുതികളാലും . . . ദൈവത്തിനു” (അക്ഷരാർഥത്തിൽ പറഞ്ഞാൽ, “കീർത്തനങ്ങൾ”) പാടി. ഇതോടൊപ്പം, “ആത്മികഗീതങ്ങളും” അവർ ഉൾപ്പെടുത്തിയിരുന്നു. ഇവ അവർ ഹൃദയത്തിൽ പാടിയിരുന്നവയായിരുന്നു. (എഫെസ്യർ 5:19; കൊലൊസ്സ്യർ 3:16) ഗീതങ്ങളാലും സംഭാഷണങ്ങളാലും ദൈവത്തെ സ്‌തുതിക്കുന്നതിന് അവർ ഉചിതമായിത്തന്നെ അവരുടെ അധരങ്ങൾ ഉപയോഗിച്ചു. കാരണം, “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന് യേശുതന്നെ പറഞ്ഞിരുന്നല്ലോ.—മത്തായി 12:34.
ദൈവത്തെ അപ്രീതിപ്പെടുത്തുന്ന സംഗീതം
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ സംഗീതവും ദൈവത്തെ പ്രസാദിപ്പിച്ചവയല്ല. മോശെ സീനായ് പർവതത്തിൽ വെച്ച് പത്തുകൽപ്പനകൾ ഉൾപ്പെടെയുള്ള ന്യായപ്രമാണം സ്വീകരിച്ചപ്പോൾ നടന്ന സംഭവം തന്നെയെടുക്കുക. പർവതത്തിൽ നിന്ന് ഇറങ്ങിവന്നപ്പോൾ അവൻ എന്താണു കേട്ടത്? “വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.” യഹോവയ്‌ക്കു തികച്ചും അപ്രീതികരമായ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടതായിരുന്നു ആ സംഗീതം. അതിൽ ഉൾപ്പെട്ടിരുന്ന ഏകദേശം 3,000 പേരുടെ മരണത്തിൽ അതു കലാശിച്ചു.—പുറപ്പാടു 32:18, പി.ഒ.സി. ബൈബിൾ; 25-28.
എല്ലാ തരത്തിലുമുള്ള സംഗീതം രചിക്കാനും പാടാനും ആസ്വദിക്കാനും മനുഷ്യർക്ക് കഴിവുണ്ടെങ്കിലും അവയെല്ലാം ദൈവത്തിനു പ്രസാദകരമാണെന്ന് അത് അർഥമാക്കുന്നില്ല. എന്തുകൊണ്ട്? ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ് ഇങ്ങനെ വിശദീകരിക്കുന്നു: “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23) മിക്കപ്പോഴും സംഗീതരചനകളുടെ വിഷയങ്ങളാകുന്നത് പുറജാതീയ ഉർവരതാ ചടങ്ങുകൾ, ആത്മാവിന്റെ അമർത്യതയെക്കുറിച്ചുള്ള പഠിപ്പിക്കൽ, അതുപോലെ, “ദൈവമാതാവ്” എന്ന നിലയിൽ മറിയയെ ആരാധിക്കൽ തുടങ്ങിയവയാണ്. ഈ വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം സത്യദൈവത്തെ അപമാനിക്കുകയാണു ചെയ്യുന്നത്. കാരണം, അവന്റെ നിശ്വസ്‌ത വചനമായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു വിരുദ്ധമായ കാര്യങ്ങളാണ് ഇവയെല്ലാം.—ആവർത്തനപുസ്‌തകം 18:10-12; യെഹെസ്‌കേൽ 18:4, NW; ലൂക്കൊസ് 1:35, 38.
സംഗീതം സംബന്ധിച്ച് ഒരു ബുദ്ധിപൂർവകമായ തിരഞ്ഞെടുപ്പു നടത്തുന്നു
സംഗീതത്തിൽ ഇന്നുള്ള വൈവിധ്യം ആരെയും അതിശയിപ്പിക്കാൻ പോന്നതാണ്. ആളുകളെക്കൊണ്ട് എല്ലാത്തരം സംഗീത റെക്കോർഡിങ്ങുകളും വാങ്ങിപ്പിക്കണം എന്ന ലക്ഷ്യത്തിലാണ് സിഡി-കളുടെ പുറംചട്ടകൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി, വളരെ ശ്രദ്ധിച്ചുമാത്രമേ സംഗീതം തിരഞ്ഞെടുക്കൂ. വ്യാജമത വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതോ അധാർമികത, ഭൂതാരാധന എന്നിവയെ ഉന്നമിപ്പിക്കുന്നതോ ആയ ഗാനങ്ങളും ഉപകരണസംഗീതവും അവൻ ജ്ഞാനപൂർവം ഒഴിവാക്കും.
ഒരുകാലത്ത് ആഫ്രിക്കയിൽ ക്രിസ്‌തീയ മിഷനറിയായി സേവിച്ചിരുന്ന വ്യക്തിയായിരുന്നു ആൽബർട്ട്. അവിടെ ആയിരുന്നപ്പോൾ പിയാനോ വായിക്കാൻ തനിക്കു തീരെ കുറച്ച് അവസരങ്ങളേ കിട്ടിയിരുന്നുള്ളൂ എന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നിരുന്നാലും, അദ്ദേഹം ഏതാനും ഗ്രാമഫോൺ റെക്കോർഡിങ്ങുകൾ കൂടെ കരുതിയിരുന്നു. അവ അദ്ദേഹം കൂടെക്കൂടെ കേൾക്കുമായിരുന്നു. ആൽബർട്ട് ഇപ്പോൾ തന്റെ സ്വദേശത്ത് ഒരു സഞ്ചാര മേൽവിചാരകൻ എന്നനിലയിൽ സഭകൾ സന്ദർശിക്കുന്നു. സംഗീതം കേൾക്കാൻ അദ്ദേഹത്തിന് സമയം തീരെ കുറവാണ്. “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത രചയിതാവ് ബീഥോവൻ ആണ്. വർഷങ്ങളിലൂടെ അദ്ദേഹത്തിന്റെ മിക്കവാറും എല്ലാത്തരം രചനകളുടെയും റെക്കോർഡിങ്ങുകൾ ഞാൻ ശേഖരിച്ചിട്ടുണ്ട്” അദ്ദേഹം പറയുന്നു. അവ കേൾക്കുന്നത് അദ്ദേഹത്തിനു വളരെ ഇഷ്ടമാണ്. തീർച്ചയായും, സംഗീതത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും അവരവരുടേതായ താത്‌പര്യങ്ങളുണ്ട്. എന്നാൽ, ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം അപ്പൊസ്‌തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം മനസ്സിൽ പിടിക്കുന്നു: “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും 1 കൊരിന്ത്യർ 10:31.
എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.”—സംഗീതവും സമർപ്പണവും
സൂസിക്ക് സംഗീതം എന്നുവെച്ചാൽ ജീവനായിരുന്നു. “6 വയസ്സുള്ളപ്പോൾ ഞാൻ പിയാനോ വായിക്കാൻ തുടങ്ങി, 10-ാമത്തെ വയസ്സിൽ വയലിൻ, പിന്നെ 12-ാം വയസ്സിൽ സാരംഗിയും,” അവൾ പറയുന്നു. പിന്നീട്, ഇംഗ്ലണ്ടിലെ ലണ്ടനിൽ ഉള്ള റോയൽ കോളെജ് ഓഫ് മ്യൂസിക്കിൽ അവൾ സാരംഗി (harp) പഠിക്കാൻ ചേർന്നു. ഒരു പ്രശസ്‌ത സ്‌പാനിഷ് ഹാർപ്പിസ്റ്റിന്റെ കീഴിൽ അവൾ നാലുവർഷം സാരംഗി അഭ്യസിച്ചു. ഇതിനുംപുറമേ, അവൾ ഒരു വർഷം പാരീസ് കൺസർവേറ്റ്വറിലും പഠിച്ചു. സംഗീതത്തിൽ ഓണേഴ്‌സ് ബിരുദവും സാരംഗി വായിക്കുന്നതിലും പിയാനോ പഠിപ്പിക്കുന്നതിലും ഡിപ്ലോമകളും അവൾ നേടിയെടുത്തു.
കാലക്രമത്തിൽ, യഹോവയുടെ സാക്ഷികളുടെ ലണ്ടനിലെ ഒരു സഭയുമായി അവൾ സമ്പർക്കത്തിൽ വരാനിടയായി. സാക്ഷികൾക്കിടയിൽ യഥാർഥ സ്‌നേഹവും കരുതലും ഉണ്ടെന്ന് അവൾക്കു ബോധ്യമായി. യഹോവയെ അവൾ കൂടുതൽക്കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങി. അവന്റെ സേവനത്തോടുള്ള തീക്ഷ്‌ണത നിമിത്തം ആ സേവനത്തിൽ കൂടുതലായി ഉൾപ്പെടാൻ അവൾ ആഗ്രഹിച്ചു. ഇത് സമർപ്പണത്തിലേക്കും സ്‌നാപനത്തിലേക്കും നയിച്ചു. “സംഗീതം ഒരു ജീവിതവൃത്തിയായി സ്വീകരിക്കുന്നവരെല്ലാം അതിനായി സ്വയം സമർപ്പിക്കേണ്ടതുണ്ട്,” അവൾ പറയുന്നു. “അതുകൊണ്ട്, എന്നെ സംബന്ധിച്ചിടത്തോളം സമർപ്പിത ജീവിതം എന്നത് ഒരു പുതിയ സംഗതിയല്ലായിരുന്നു.” യേശുവിന്റെ നിർദേശത്തിനു ചേർച്ചയിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിച്ചുകൊണ്ട് ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടാൻ തുടങ്ങിയതോടെ കച്ചേരികളിൽ പങ്കെടുക്കുന്നതിനുള്ള അവളുടെ സമയം കുറഞ്ഞു.—മത്തായി 24:14; മർക്കൊസ് 13:10.
സംഗീത പരിപാടികൾക്കായി സൂസിക്ക് ഇപ്പോൾ തീരെക്കുറച്ചു സമയം മാത്രമേ ചെലവഴിക്കാൻ കഴിയുന്നുള്ളൂ. അവൾക്ക് എന്താണു തോന്നുന്നത്? “കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തതിൽ എനിക്കു ചിലപ്പോഴൊക്കെ നിരാശ തോന്നാറുണ്ട്,” അവൾ സമ്മതിക്കുന്നു. “എന്നാൽ ഞാൻ ഇപ്പോഴും ഉപകരണങ്ങൾ വായിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യാറുണ്ട്. യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ് സംഗീതം. അവന്റെ സേവനത്തിന് ഇപ്പോൾ എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനമുള്ളതുകൊണ്ട് എനിക്കതു കൂടുതൽ നന്നായി ആസ്വദിക്കാൻ കഴിയുന്നു.”—മത്തായി 6:33.
യഹോവയെ സ്‌തുതിക്കുന്ന സംഗീതം
ആൽബർട്ടിനെയും സൂസിയെയും പോലെ ഏകദേശം 60 ലക്ഷം സാക്ഷികൾ സംഗീതത്താൽ യഹോവയെ ക്രമമായി സ്‌തുതിക്കുന്നു. 234 രാജ്യങ്ങളിൽ ഉള്ള രാജ്യഹാളുകളിൽ സാധ്യമാകുന്നിടത്തെല്ലാം, ക്രിസ്‌തീയ യോഗങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും യഹോവയെ സ്‌തുതിച്ചുകൊണ്ടാണ്. ഈ ഇമ്പമധുരമായ ഗീതങ്ങളുടെ ഈരടികൾ തിരുവെഴുത്തുകളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്.
ആ രാജ്യഹാളുകളിൽ സന്നിഹിതരായിരിക്കുന്നവർ എല്ലാവരും ഒരേ സ്വരത്തിൽ യഹോവ യഥാർഥത്തിൽ കരുതലുള്ള ഒരു ദൈവമാണെന്ന് ഊഷ്‌മളതയോടെ ആലപിക്കുന്നു (ഗീതം നമ്പർ 44). അവർ യഹോവയ്‌ക്ക് ഒരു സ്‌തുതിഗീതം പാടുന്നു (ഗീതം നമ്പർ 190). ക്രിസ്‌തീയ സാഹോദര്യം, ക്രിസ്‌തീയ ജീവിതം, ക്രിസ്‌തീയ ഗുണങ്ങൾ എന്നിവയുടെ സന്തോഷങ്ങളും ഉത്തരവാദിത്വങ്ങളും അവരുടെ ഗീതങ്ങളിൽ തെളിഞ്ഞുകാണാം. സ്വരാനുക്രമങ്ങൾ ചിട്ടപ്പെടുത്തിയ സമയത്ത്, ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ സാക്ഷികൾ ഉപയോഗിച്ച വ്യത്യസ്‌ത സംഗീത ശൈലികൾ ഈ ഗീതങ്ങളുടെ മാധുര്യം കൂട്ടുന്നു. *
“യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ. യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്‌ത്തുവിൻ.” സങ്കീർത്തനക്കാരന്റെ നാളിൽ രചിക്കപ്പെട്ട വിശിഷ്ടവും ഗംഭീരവുമായ ഒരു ഗീതത്തിന്റെ പ്രാരംഭ വാക്കുകളാണിവ. “നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ. ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ.” (സങ്കീർത്തനം 96:1-3) യഹോവയുടെ സാക്ഷികൾ നിങ്ങളുടെ പ്രദേശത്തു ചെയ്‌തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഈ സ്‌തുതിഗീതം ആലപിക്കാൻ അവർ നിങ്ങളെയും ക്ഷണിക്കുന്നു. അവരുടെ രാജ്യഹാളുകളിൽ നിങ്ങൾക്ക് ഹൃദയംഗമമായ സ്വാഗതമുണ്ട്. അവിടെ, യഹോവയെ പ്രസാദിപ്പിക്കുന്ന സംഗീതംകൊണ്ട് അവനെ എങ്ങനെ സ്‌തുതിക്കാം എന്നു നിങ്ങൾക്കു പഠിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
^ ഖ. 7 വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
^ ഖ. 22 വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക എന്ന പുസ്‌തകത്തിൽ ഈ ഗീതങ്ങൾ കാണാൻ കഴിയും.
[28-ാം പേജിലെ ചിത്രം]
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ ആലപിക്കുന്നു