വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിന്നെത്തന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കുക’

‘നിന്നെത്തന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കുക’

‘നിന്നെത്തന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കുക’

“നിനക്കുതന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കുക. . . . അങ്ങനെ ചെയ്‌താൽ നീ നിന്നെത്തന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊഥെയൊസ്‌ 4:16, NW.

1, 2. ജീവരക്ഷാകര വേല തുടരാൻ സത്യക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നത്‌ എന്ത്‌?

ഉത്തര തായ്‌ലൻഡിലെ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമത്തിൽ, യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികൾ തങ്ങൾ പുതുതായി പഠിച്ച ലാഹു ഭാഷ ഒരു മലമ്പ്രദേശ ഗോത്രത്തിലെ ആളുകളുടെ അടുത്ത്‌ പ്രയോഗിച്ചു നോക്കുന്നു. ആ ഗ്രാമീണരുമായി ദൈവരാജ്യ സുവാർത്ത പങ്കുവെക്കാനാണ്‌ അവർ അടുത്തയിടെ പ്രസ്‌തുത ഭാഷ പഠിച്ചത്‌.

2 “കൗതുകമുണർത്തുന്ന ഈ ആളുകൾക്കിടയിൽ പ്രവർത്തിക്കുന്നതിലെ സന്തോഷവും സംതൃപ്‌തിയും ഒന്നു വേറെതന്നെയാണ്‌,” ഭർത്താവ്‌ വിശദീകരിക്കുന്നു. “‘സകലജാതിയിലും ഗോത്രത്തിലും ഭാഷയിലും’ ഉള്ള ആളുകളോടു സദ്വർത്തമാനം ഘോഷിക്കുന്ന വെളിപ്പാടു 14:6, 7-ന്റെ നിവൃത്തിയിൽ ഞങ്ങൾ ഉൾപ്പെടുന്നതായി ഞങ്ങൾക്കു ശരിക്കും തോന്നുന്നു. സുവാർത്ത ഇനിയും എത്തിച്ചേരാത്ത കുറച്ചു പ്രദേശങ്ങളേ അവശേഷിച്ചിട്ടുള്ളൂ. ഇത്‌ തീർച്ചയായും അവയിൽ ഒന്നാണ്‌. ഞങ്ങൾക്കു നടത്താൻ കഴിയുന്നതിലും ഏറെ ബൈബിൾ അധ്യയനങ്ങൾ ഞങ്ങൾക്കു ലഭിക്കുന്നുണ്ട്‌.” തീർച്ചയായും ഈ ദമ്പതികൾ തങ്ങളെ മാത്രമല്ല തങ്ങളെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കാൻ ആഗ്രഹിക്കുന്നു. ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം എല്ലാവരും അതുതന്നെ ചെയ്യാനല്ലേ ആഗ്രഹിക്കുന്നത്‌?

‘നിനക്കുതന്നെ നിരന്തര ശ്രദ്ധ കൊടുക്കുക’

3. മറ്റുള്ളവരെ രക്ഷിക്കുന്നതിന്‌ നാം ആദ്യം എന്തു ചെയ്യണം?

3 “നിനക്കുതന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കുക” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിനെ ഉപദേശിച്ചു. (1 തിമൊഥെയൊസ്‌ 4:16) ആ ബുദ്ധിയുപദേശം എല്ലാ ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌. തീർച്ചയായും, രക്ഷ നേടാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ ആദ്യം നാം നമുക്കുതന്നെ ശ്രദ്ധ നൽകണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും? നാം ജീവിക്കുന്ന ഈ കാലം സംബന്ധിച്ചു നാം ജാഗരൂകരായിരിക്കണം എന്നതാണ്‌ ഒരു സംഗതി. “വ്യവസ്ഥിതിയുടെ സമാപനം” ആഗതമാകുമ്പോൾ അതു തിരിച്ചറിയാൻ കഴിയേണ്ടതിന്‌ യേശു തന്റെ അനുഗാമികൾക്ക്‌ ഒരു സംയുക്ത അടയാളം നൽകി. എങ്കിലും, അവസാനം കൃത്യമായും എപ്പോൾ വരുമെന്ന്‌ അറിയാൻ നമുക്കു സാധിക്കില്ലെന്നും യേശു പറഞ്ഞു. (മത്തായി 24:3, 36, NW) ഈ വസ്‌തുതയോടു നാം എങ്ങനെ പ്രതികരിക്കണം?

4. (എ) ഈ വ്യവസ്ഥിതിയുടെ ശേഷിക്കുന്ന സമയം സംബന്ധിച്ച്‌ നമുക്ക്‌ എന്തു മനോഭാവം ഉണ്ടായിരിക്കണം? (ബി) എന്തു മനോഭാവം നാം ഒഴിവാക്കണം?

4 നാം ഓരോരുത്തരും ഇങ്ങനെ ചോദിക്കേണ്ടതാണ്‌: ‘എന്നെത്തന്നെയും എന്നെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കാൻ ഈ വ്യവസ്ഥിതിക്കു ശേഷിക്കുന്ന സമയം ഞാൻ ഉപയോഗിക്കുന്നുണ്ടോ? അതോ, “അന്ത്യം കൃത്യമായും എന്നു വരുമെന്ന്‌ അറിയില്ലാത്തതിനാൽ അക്കാര്യത്തിൽ ഞാനത്ര ഉത്സാഹം കാട്ടേണ്ടതില്ല” എന്നാണോ എന്റെ ചിന്ത?’ രണ്ടാമത്തെ മനോഭാവം അപകടകരമാണ്‌. അത്‌ യേശുവിന്റെ പിൻവരുന്ന ഉദ്‌ബോധനത്തിനു കടകവിരുദ്ധമാണ്‌: “നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” (മത്തായി 24:44) തീർച്ചയായും, യഹോവയുടെ സേവനത്തിലുള്ള ഉത്സാഹം നഷ്ടപ്പെടുത്താനോ സുരക്ഷിതത്വത്തിനോ സംതൃപ്‌തിക്കോ വേണ്ടി ലോകത്തിലേക്കു നോക്കാനോ ഉള്ള സമയമല്ല ഇത്‌.—ലൂക്കൊസ്‌ 21:34-36.

5. യഹോവയുടെ ക്രിസ്‌തീയപൂർവ സാക്ഷികൾ എന്തു മാതൃക വെച്ചു?

5 ക്രിസ്‌ത്യാനികൾ എന്ന നിലയിൽ വിശ്വസ്‌തമായി സഹിച്ചുനിൽക്കുന്നത്‌ നാം നമുക്കുതന്നെ ശ്രദ്ധ കൊടുക്കുന്നുവെന്നു പ്രകടമാക്കാൻ കഴിയുന്ന മറ്റൊരു മാർഗമാണ്‌. പെട്ടെന്നുള്ള വിടുതൽ പ്രതീക്ഷിച്ചിരുന്നപ്പോഴും അല്ലാത്തപ്പോഴും ദൈവത്തിന്റെ കഴിഞ്ഞകാല ദാസന്മാർ സഹിച്ചുനിന്നു. ഹാബേൽ, ഹാനോക്ക്‌, നോഹ, അബ്രാഹാം, സാറാ തുടങ്ങിയ ക്രിസ്‌തീയപൂർവ സാക്ഷികളുടെ ദൃഷ്ടാന്തം പരാമർശിച്ച ശേഷം പൗലൊസ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇവർ എല്ലാവരും വാഗ്‌ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏററുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.” ഒരു അനായാസ ജീവിതം നയിക്കാനുള്ള ആഗ്രഹത്തിന്‌ അവർ വഴിപ്പെട്ടില്ല. തങ്ങൾക്കുണ്ടായ അധാർമിക സമ്മർദങ്ങൾക്ക്‌ അവർ വഴങ്ങിക്കൊടുത്തതുമില്ല. പകരം അവർ “വാഗ്‌ദത്തനിവൃത്തി”ക്കായി ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരുന്നു.—എബ്രായർ 11:13; 12:1.

6. രക്ഷയെ കുറിച്ചുള്ള ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ വീക്ഷണം അവരുടെ ജീവിതരീതിയെ സ്വാധീനിച്ചത്‌ എങ്ങനെ?

6 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും ഈ ലോകത്തിൽ തങ്ങളെത്തന്നെ “പരദേശി”കളായി കണ്ടു. (1 പത്രൊസ്‌ 2:11) പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തെ അതിജീവിച്ച ശേഷവും സത്യക്രിസ്‌ത്യാനികൾ പ്രസംഗവേല നിറുത്തുകയോ ലൗകിക ജീവിതരീതിയിലേക്കു പിൻവാങ്ങുകയോ ചെയ്‌തില്ല. വിശ്വസ്‌തരായി തുടരുന്നവരെ വലിയൊരു രക്ഷ കാത്തിരിക്കുന്നുവെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. വാസ്‌തവത്തിൽ പൊ.യു. 98 ആയപ്പോൾ പോലും യോഹാന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17, 28.

7. ആധുനിക കാലത്ത്‌ യഹോവയുടെ സാക്ഷികൾ സഹിഷ്‌ണുത പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ?

7 ക്രൂരമായ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ഈ ആധുനിക കാലത്തെ യഹോവയുടെ സാക്ഷികളും ക്രിസ്‌തീയ വേലയിൽ ഉറച്ചുനിന്നിരിക്കുന്നു. അവരുടെ സഹിഷ്‌ണുത വ്യർഥമായോ? തീർച്ചയായും ഇല്ല. എന്തെന്നാൽ യേശു നമുക്ക്‌ ഈ ഉറപ്പ്‌ നൽകിയിരിക്കുന്നു: “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും.” അത്‌ ഈ പഴയ വ്യവസ്ഥിതിയുടെ അവസാനമോ നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനമോ ആയിരുന്നേക്കാം. മരിച്ചുപോയ വിശ്വസ്‌തരായ തന്റെ സകല ദാസന്മാരെയും യഹോവ പുനരുത്ഥാനത്തിൽ ഓർമിക്കുകയും അവർക്കു പ്രതിഫലം നൽകുകയും ചെയ്യും.—മത്തായി 24:13; എബ്രായർ 6:10.

8. കഴിഞ്ഞകാലത്തെ ക്രിസ്‌ത്യാനികളുടെ സഹിഷ്‌ണുതയെ നാം വിലമതിക്കുന്നുവെന്നു നമുക്കു എങ്ങനെ പ്രകടമാക്കാം?

8 തന്നെയുമല്ല, കഴിഞ്ഞകാലത്തെ വിശ്വസ്‌ത ക്രിസ്‌ത്യാനികൾ സ്വന്തം രക്ഷയിൽ മാത്രമല്ല താത്‌പര്യം കാട്ടിയത്‌ എന്നതിൽ നാം സന്തോഷമുള്ളവരാണ്‌. അവരുടെ ശ്രമഫലമായിട്ടാണ്‌ നാം ദൈവരാജ്യത്തെ കുറിച്ചു പഠിക്കാൻ ഇടയായത്‌. അതുകൊണ്ട്‌, യേശു നൽകിയ പിൻവരുന്ന നിയോഗം അവർ സഹിഷ്‌ണുതയോടെ നിറവേറ്റിയതിൽ നാം നന്ദിയുള്ളവരാണ്‌: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) ഇതുവരെയും സുവാർത്ത കേട്ടിട്ടില്ലാത്ത ആളുകളോട്‌ അവസരമുള്ളിടത്തോളം കാലം പ്രസംഗിച്ചുകൊണ്ട്‌ നമുക്ക്‌ കൃതജ്ഞത പ്രകടമാക്കാൻ കഴിയും. എന്നാൽ, ശിഷ്യരെ ഉളവാക്കുന്നതിലെ ആദ്യപടി മാത്രമാണു പ്രസംഗം.

‘നിന്റെ പഠിപ്പിക്കലിന്‌ നിരന്തര ശ്രദ്ധ കൊടുക്കുക’

9. ശുഭപ്രതീക്ഷയോടു കൂടിയ ഒരു വീക്ഷണം ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?

9 നമ്മുടെ നിയമനത്തിൽ പ്രസംഗം മാത്രമല്ല പഠിപ്പിക്കലും ഉൾപ്പെട്ടിരിക്കുന്നു. താൻ കൽപ്പിച്ച എല്ലാ കാര്യങ്ങളും അനുഷ്‌ഠിക്കാൻ തക്കവണ്ണം ആളുകളെ പഠിപ്പിക്കാനാണ്‌ യേശു നമ്മെ നിയോഗിച്ചിരിക്കുന്നത്‌. ചില പ്രദേശങ്ങളിൽ യഹോവയെ കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർ വളരെ ചുരുക്കമാണെന്ന്‌ ഒരുപക്ഷേ നമുക്കു തോന്നിയേക്കാം. എന്നാൽ, പ്രദേശത്തെ കുറിച്ചുള്ള അത്തരം നിഷേധാത്മക വീക്ഷണം ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തിയേക്കാം. ഫലശൂന്യമെന്നു ചിലർ മുദ്രകുത്തിയിരുന്ന ഒരു പ്രദേശത്താണ്‌ പയനിയറായ ഇവറ്റ്‌ പ്രവർത്തിച്ചിരുന്നത്‌. എന്നാൽ അവിടെ എത്തുന്ന, അത്തരം നിഷേധാത്മക വീക്ഷണം ഇല്ലാത്ത, സന്ദർശകർ ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കുന്നത്‌ ഇവറ്റ്‌ നിരീക്ഷിച്ചു. കൂടുതൽ ശുഭപ്രതീക്ഷയുള്ള ഒരു വീക്ഷണം സ്വീകരിച്ചപ്പോൾ ഇവറ്റിനും ബൈബിൾ പഠിക്കാൻ താത്‌പര്യമുള്ള ആളുകളെ കണ്ടെത്താൻ കഴിഞ്ഞു.

10. ബൈബിൾ അധ്യാപകർ എന്ന നിലയിലുള്ള നമ്മുടെ അടിസ്ഥാന ധർമം എന്ത്‌?

10 ഒരു ബൈബിൾ അധ്യയനം നടത്താൻ തങ്ങൾ പ്രാപ്‌തരല്ലെന്ന ചിന്ത നിമിത്തം ചില ക്രിസ്‌ത്യാനികൾ താത്‌പര്യക്കാർക്കു ബൈബിൾ അധ്യയനം വാഗ്‌ദാനം ചെയ്യാൻ വിമുഖത കാട്ടിയേക്കാം. ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്‌തമാണെന്നുള്ളതു ശരിതന്നെ. എന്നാൽ ദൈവവചനത്തിന്റെ അധ്യാപകർ എന്ന നിലയിൽ വിജയിക്കുന്നതിന്‌ നാം വളരെ പ്രാവീണ്യം ഉള്ളവരായിരിക്കണമെന്നില്ല. ബൈബിളിലെ നിർമല സന്ദേശം ശക്തമാണ്‌. യഥാർഥ ഇടയന്റെ ശബ്ദം കേൾക്കുമ്പോൾ ചെമ്മരിയാടു തുല്യരായ ആളുകൾക്ക്‌ അതു മനസ്സിലാകുമെന്ന്‌ യേശു പറഞ്ഞു. അതുകൊണ്ട്‌, നല്ല ഇടയനായ യേശുവിന്റെ സന്ദേശം സാധിക്കുന്നത്ര വ്യക്തമായ രീതിയിൽ അറിയിക്കുക എന്നതാണ്‌ നമ്മുടെ കർത്തവ്യം.—യോഹന്നാൻ 10:4, 14.

11. ബൈബിൾ വിദ്യാർഥിയെ സഹായിക്കുന്നതിൽ നിങ്ങൾക്ക്‌ എങ്ങനെയാണു കൂടുതൽ ഫലപ്രദരായിരിക്കാൻ കഴിയുക?

11 നിങ്ങൾക്ക്‌ യേശുവിന്റെ സന്ദേശം കൂടുതൽ ഫലപ്രദമായി അറിയിക്കാൻ സാധിക്കുന്നത്‌ എങ്ങനെ? ആദ്യമായി, ഉൾപ്പെട്ടിരിക്കുന്ന വിഷയത്തെ കുറിച്ച്‌ ബൈബിൾ പറയുന്നതു പരിചിതമാക്കുക. ഒരു വിഷയം മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയണമെങ്കിൽ, അതിനു മുമ്പ്‌ നിങ്ങൾതന്നെ ആ വിഷയം മനസ്സിലാക്കിയിരിക്കണം. കൂടാതെ, അധ്യയന സമയത്ത്‌ ആദരപൂർവകവും സൗഹാർദപരവുമായ ഒരു അന്തരീക്ഷം നിലനിറുത്താൻ ശ്രമിക്കുക. വിദ്യാർഥികൾക്ക്‌—വളരെ ചെറിയ കുട്ടികൾ ഉൾപ്പെടെ—പിരിമുറുക്കം അനുഭവപ്പെടാതിരിക്കുകയും അധ്യാപകൻ അവരോട്‌ ആദരവും ദയയും പ്രകടമാക്കുകയും ചെയ്യുമ്പോഴാണ്‌ അവർ മെച്ചമായി പഠിക്കുന്നത്‌.—സദൃശവാക്യങ്ങൾ 16:21.

12. നിങ്ങൾ പഠിപ്പിക്കുന്നത്‌ വിദ്യാർഥി മനസ്സിലാക്കുന്നുണ്ടെന്ന്‌ എങ്ങനെ ഉറപ്പുവരുത്താനാകും?

12 വിദ്യാർഥി യാന്ത്രികമായി ഉത്തരം ആവർത്തിക്കത്തക്കവിധം വെറുതെ വസ്‌തുതകൾ അവതരിപ്പിക്കാൻ ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കില്ല. പഠിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക. വിദ്യാർഥിയുടെ വിദ്യാഭ്യാസവും ജീവിതാനുഭവവും ബൈബിളിനെ കുറിച്ചുള്ള അറിവും നിങ്ങൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം എത്ര എളുപ്പം ഗ്രഹിക്കുമെന്നതിനെ സ്വാധീനിക്കുന്നു. അതുകൊണ്ട്‌ നിങ്ങൾക്ക്‌ സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്‌, ‘അധ്യയന ഭാഗത്തു പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ അർഥം വിദ്യാർഥിക്കു മനസ്സിലാകുന്നുണ്ടോ?’ ഉവ്വ്‌ എന്നോ ഇല്ല എന്നോ ഉത്തരം നൽകാൻ കഴിയാത്ത, അതായത്‌ വിശദീകരിച്ച്‌ ഉത്തരം നൽകേണ്ടതുള്ള, ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ അവർ കാര്യങ്ങൾ ഗ്രഹിച്ചിട്ടുണ്ടോയെന്ന്‌ നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. (ലൂക്കൊസ്‌ 9:18-20) നേരെമറിച്ച്‌, ചില വിദ്യാർഥികൾ അധ്യാപകനോടു ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുന്നു. തന്മൂലം പഠിപ്പിക്കുന്നത്‌ അവർക്കു പൂർണമായി ഗ്രഹിക്കാൻ കഴിയാതെ വന്നേക്കാം. ചോദ്യങ്ങൾ ചോദിക്കാനും ഒരു ആശയം പൂർണമായി ഗ്രഹിക്കാൻ കഴിയാതെ വരുമ്പോൾ അക്കാര്യം നിങ്ങളോടു പറയാനും വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക.—മർക്കൊസ്‌ 4:10; 9:32, 33.

13. ഒരു അധ്യാപകൻ ആയിത്തീരാൻ നിങ്ങൾക്കു വിദ്യാർഥിയെ എങ്ങനെ സഹായിക്കാനാകും?

13 ബൈബിൾ അധ്യയനത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം ഒരു അധ്യാപകൻ ആയിത്തീരാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണ്‌. (ഗലാത്യർ 6:6, NW) ഈ ലക്ഷ്യത്തിൽ, അധ്യയനത്തിന്റെ പുനരവലോകനം എന്ന നിലയിൽ, ഒരു ആശയം അത്‌ ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാളോടു വിശദീകരിക്കുന്നതുപോലെ നിങ്ങളോടു ലളിതമായി വിശദീകരിക്കാൻ വിദ്യാർഥിയോടു പറയാവുന്നതാണ്‌. പിന്നീട്‌, ശുശ്രൂഷയിൽ പങ്കുപറ്റാൻ അദ്ദേഹം യോഗ്യത പ്രാപിക്കുമ്പോൾ, വയൽസേവനത്തിൽ നിങ്ങളോടൊപ്പം വരാൻ അദ്ദേഹത്തെ ക്ഷണിക്കുക. നിങ്ങളോടൊത്തു പ്രവർത്തിക്കുന്നത്‌ സാധ്യതയനുസരിച്ച്‌ അദ്ദേഹത്തിനു സുഖകരമായി തോന്നും. അതുവഴി ലഭിക്കുന്ന അനുഭവപരിചയം സ്വന്തമായി ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസം കൈവരിക്കാൻ അദ്ദേഹത്തെ സഹായിക്കും.

യഹോവയുടെ സുഹൃത്തായിത്തീരാൻ വിദ്യാർഥിയെ സഹായിക്കുക

14. അധ്യാപകൻ എന്ന നിലയിലുള്ള നിങ്ങളുടെ അടിസ്ഥാന ലക്ഷ്യം എന്ത്‌, ആ ലക്ഷ്യം കൈവരിക്കുന്നതിൽ വിജയിക്കാൻ നിങ്ങളെ എന്തു സഹായിക്കും?

14 യഹോവയുടെ സൗഹൃദം നേടാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണ്‌ ഏതൊരു ക്രിസ്‌തീയ അധ്യാപകന്റെയും പ്രാഥമിക ലക്ഷ്യം. വാക്കുകൾകൊണ്ടു മാത്രമല്ല മാതൃകയാലും നിങ്ങൾ ഇതു നിർവഹിക്കും. മാതൃകയിലൂടെ പഠിപ്പിക്കുന്നത്‌, വിദ്യാർഥികളുടെ ഹൃദയത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. പ്രവൃത്തികൾ യഥാർഥത്തിൽ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. വിശേഷിച്ചും വിദ്യാർഥിയിൽ ധാർമിക ഗുണങ്ങൾ ഉൾനടുകയും ഉത്സാഹം ജനിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും യഹോവയുമായുള്ള നിങ്ങളുടെ നല്ല ബന്ധത്തിൽനിന്നാണ്‌ ഉടലെടുക്കുന്നതെന്നു വിദ്യാർഥി കാണുന്നെങ്കിൽ, ദൈവവുമായി അത്തരമൊരു ബന്ധം വളർത്തിയെടുക്കാൻ അയാൾ കൂടുതൽ പ്രചോദിതനായിത്തീർന്നേക്കും.

15. (എ) യഹോവയെ സേവിക്കുന്ന കാര്യത്തിൽ വിദ്യാർഥി ശരിയായ ആന്തരം വളർത്തിയെടുക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) തുടർച്ചയായി ആത്മീയ പുരോഗതി വരുത്താൻ നിങ്ങൾക്കു വിദ്യാർഥിയെ എങ്ങനെ സഹായിക്കാനാകും?

15 വിദ്യാർഥി യഹോവയെ സേവിക്കുന്നത്‌ അർമഗെദോനിൽ നശിപ്പിക്കപ്പെടാതിരിക്കാൻ വേണ്ടിമാത്രം ആയിരിക്കരുത്‌, മറിച്ച്‌ യഹോവയോടുള്ള സ്‌നേഹം നിമിത്തം ആയിരിക്കണം എന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നു. അത്തരമൊരു ശുദ്ധമായ ലക്ഷ്യം വളർത്തിയെടുക്കാൻ വിദ്യാർഥിയെ സഹായിക്കുക വഴി, വിശ്വാസത്തിന്റെ പരിശോധനകളെ അതിജീവിക്കുന്ന അഗ്നിരോധക വസ്‌തുക്കൾകൊണ്ട്‌ നിങ്ങൾ അദ്ദേഹത്തെ പണിയുകയായിരിക്കും ചെയ്യുക. (1 കൊരിന്ത്യർ 3:10-15) നിങ്ങളെയോ മറ്റൊരാളെയോ അനുകരിക്കാനുള്ള അതിരുകവിഞ്ഞ ആഗ്രഹം പോലുള്ള തെറ്റായ ലക്ഷ്യങ്ങൾ, അക്രിസ്‌തീയ സ്വാധീനങ്ങളെ ചെറുത്തുനിൽക്കാനുള്ള ശക്തിയോ ശരിയായതു ചെയ്യാനുള്ള ധൈര്യമോ വിദ്യാർഥിക്കു പ്രദാനം ചെയ്യില്ല. നിങ്ങൾ എക്കാലത്തും അയാളുടെ അധ്യാപകൻ ആയിരിക്കില്ലെന്ന്‌ ഓർമിക്കുക. അതുകൊണ്ട്‌ ഇപ്പോൾ സാധിക്കുന്ന സമയത്ത്‌, ദൈവവചനം ദിവസേന വായിക്കുകയും അതേക്കുറിച്ചു ചിന്തിക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവയോടു കൂടുതൽ കൂടുതൽ അടുത്തുചെല്ലാൻ നിങ്ങൾക്ക്‌ അയാളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌. അങ്ങനെയാകുമ്പോൾ അധ്യയനം അവസാനിച്ച്‌ ദീർഘകാലത്തിനു ശേഷവും അയാൾ ബൈബിളിൽനിന്നും ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽനിന്നുമുള്ള “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” ഉൾക്കൊള്ളുന്നതിൽ തുടരും.—2 തിമൊഥെയൊസ്‌ 1:13, NW.

16. ഹൃദയത്തിൽനിന്നു പ്രാർഥിക്കാൻ വിദ്യാർഥിയെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാനാകും?

16 ഹൃദയത്തിൽനിന്നു പ്രാർഥിക്കാൻ വിദ്യാർഥിയെ സഹായിച്ചുകൊണ്ടും യഹോവയോട്‌ അധികമധികം അടുത്തുചെല്ലാൻ നിങ്ങൾക്ക്‌ അയാളെ സഹായിക്കാനാകും. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും? ഒരുപക്ഷേ യേശുവിന്റെ മാതൃകാ പ്രാർഥനയിലേക്കും സങ്കീർത്തനങ്ങളിലും മറ്റും കാണുന്നതുപോലുള്ള ബൈബിളിലെ ഹൃദയംഗമമായ മറ്റു പ്രാർഥനകളിലേക്കും അയാളുടെ ശ്രദ്ധ ക്ഷണിക്കാനാകും. (സങ്കീർത്തനം 17, 86, 143; മത്തായി 6:9, 10) തന്നെയുമല്ല, അധ്യയനത്തിന്റെ ആരംഭത്തിലും അവസാനത്തിലും നിങ്ങൾ പ്രാർഥിക്കുന്നത്‌ വിദ്യാർഥി കേൾക്കുമ്പോൾ, യഹോവയോടുള്ള നിങ്ങളുടെ വികാരങ്ങൾ അയാൾ തിരിച്ചറിയും. അതുകൊണ്ട്‌, നിങ്ങളുടെ പ്രാർഥനകൾ എല്ലായ്‌പോഴും ആത്മാർഥവും നിഷ്‌കപടവും ആത്മീയ-വൈകാരിക സമനില പുലർത്തുന്നതും ആയിരിക്കണം.

നിങ്ങളുടെ മക്കളെ രക്ഷിക്കാൻ പ്രവർത്തിക്കൽ

17. രക്ഷയുടെ പാതയിൽ ഉറച്ചുനിൽക്കാൻ മാതാപിതാക്കൾക്ക്‌ തങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാനാകും?

17 രക്ഷിക്കാൻ നാം ആഗ്രഹിക്കുന്നവരിൽ തീർച്ചയായും നമ്മുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്നു. ക്രിസ്‌തീയ മാതാപിതാക്കളുടെ കുട്ടികളിൽ മിക്കവരും ആത്മാർഥതയുള്ളവരും “വിശ്വാസത്തിൽ ഉറച്ചവരു”മാണ്‌. എന്നാൽ ചിലരുടെ ഹൃദയത്തിൽ സത്യം ആഴത്തിൽ വേരൂന്നിയിട്ടുണ്ടാകില്ല. (1 പത്രൊസ്‌ 5:9, NW; എഫെസ്യർ 3:17; കൊലൊസ്സ്യർ 2:7) ഇത്തരം ചെറുപ്പക്കാരിൽ അനേകരും പ്രായപൂർത്തിയോട്‌ അടുക്കുമ്പോൾ അല്ലെങ്കിൽ പ്രായപൂർത്തി ആയിക്കഴിയുമ്പോൾ ക്രിസ്‌തീയ ഗതി ഉപേക്ഷിക്കുന്നു. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, അത്തരമൊരു അവസ്ഥ സംജാതമാകാനുള്ള സാധ്യത നിങ്ങൾക്ക്‌ എങ്ങനെ കുറയ്‌ക്കാനാകും? ഒന്നാമതായി, ആരോഗ്യാവഹമായ ഒരു കുടുംബാന്തരീക്ഷം ഉളവാക്കാൻ ശ്രമിക്കുക. അധികാരത്തോടുള്ള ആരോഗ്യാവഹമായ വീക്ഷണം, ശരിയായ മൂല്യങ്ങളോടുള്ള വിലമതിപ്പ്‌, മറ്റുള്ളവരുമായുള്ള സന്തുഷ്ട ബന്ധങ്ങൾ എന്നിവയ്‌ക്ക്‌ നല്ല കുടുംബജീവിതം അടിത്തറപാകുന്നു. (എബ്രായർ 12:9) അതുകൊണ്ട്‌, യഹോവയോടുള്ള കുട്ടിയുടെ സൗഹൃദം വളരാൻ സഹായിക്കുന്ന ഒരു ഘടകമാണ്‌ കുടുംബാംഗങ്ങൾ തമ്മിലുള്ള ഉറ്റ ബന്ധം. (സങ്കീർത്തനം 22:10) അത്തരം കരുത്തുറ്റ കുടുംബങ്ങൾ കാര്യങ്ങൾ ഒറ്റക്കെട്ടായി ചെയ്യുന്നു, വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കാവുന്ന സമയം മാതാപിതാക്കൾ ബലികഴിക്കേണ്ടി വന്നാൽപ്പോലും. അങ്ങനെ, ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ ചെയ്യാൻ മാതൃകയിലൂടെ നിങ്ങൾക്കു മക്കളെ പഠിപ്പിക്കാനാകും. മാതാപിതാക്കളേ, കുട്ടികൾക്കു നിങ്ങളിൽനിന്ന്‌ ഏറ്റവും അധികം ആവശ്യമായിരിക്കുന്നത്‌ ഭൗതിക പ്രയോജനങ്ങളല്ല, മറിച്ച്‌ നിങ്ങളെ ആണ്‌, നിങ്ങളുടെ സമയവും ഊർജവും സ്‌നേഹവും. നിങ്ങളുടെ കുട്ടികൾക്കു നിങ്ങൾ ഇവ നൽകുന്നുണ്ടോ?

18. ഏതു തരത്തിലുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ മാതാപിതാക്കൾ മക്കളെ സഹായിക്കണം?

18 മക്കൾ സ്വതേ ക്രിസ്‌ത്യാനികൾ ആയിക്കൊള്ളുമെന്നു ക്രിസ്‌തീയ മാതാപിതാക്കൾ ഒരിക്കലും കരുതരുത്‌. അഞ്ചു കുട്ടികളുടെ പിതാവും ഒരു മൂപ്പനുമായ ദാനീയേൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സ്‌കൂളിൽനിന്നും മറ്റും കുട്ടികളുടെ മനസ്സിൽ സംശയങ്ങൾ കടന്നുകൂടുമെന്നത്‌ ഉറപ്പാണ്‌. അവയെ ദൂരീകരിക്കാൻ മാതാപിതാക്കൾ നിശ്ചയമായും സമയമെടുക്കണം. ‘നാം അന്ത്യകാലത്തുതന്നെ ആണോ ജീവിക്കുന്നത്‌? വാസ്‌തവത്തിൽ ഒരു സത്യമതം മാത്രമേ ഉള്ളോ? നല്ലവരായി കാണപ്പെടുന്ന ചില സഹപാഠികളോടുള്ള സഹവാസം എന്തുകൊണ്ടാണ്‌ നല്ലതല്ലാത്തത്‌? വിവാഹത്തിനു മുമ്പുള്ള ലൈംഗികത എല്ലായ്‌പോഴും തെറ്റാണോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ അവർ കുട്ടികളെ ക്ഷമാപൂർവം സഹായിക്കണം.” മാതാപിതാക്കളേ, യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്നു നിങ്ങൾക്കു പ്രതീക്ഷിക്കാനാകും, എന്തെന്നാൽ അവനും നിങ്ങളുടെ മക്കളുടെ ക്ഷേമത്തിൽ താത്‌പര്യമുള്ളവനാണ്‌.

19. മാതാപിതാക്കൾതന്നെ മക്കളുമൊത്ത്‌ പഠിക്കുന്നത്‌ ഏറ്റവും മെച്ചമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 മക്കൾക്ക്‌ അധ്യയനം നടത്താൻ തങ്ങൾ അപ്രാപ്‌തരാണെന്ന്‌ ചില മാതാപിതാക്കൾ കരുതിയേക്കാം. എന്നാൽ നിങ്ങൾ അങ്ങനെ വിചാരിക്കേണ്ട കാര്യമില്ല, കാരണം നിങ്ങളുടെ കുട്ടികളെ പ്രബോധിപ്പിക്കാൻ ഏറ്റവും മെച്ചപ്പെട്ട സ്ഥാനത്ത്‌ ആയിരിക്കുന്നതു നിങ്ങൾതന്നെയാണ്‌. (എഫെസ്യർ 6:4) മക്കളുമൊത്ത്‌ പഠിക്കുന്നത്‌ അവരുടെ മനസ്സിലും ഹൃദയത്തിലും എന്താണ്‌ ഉള്ളതെന്നു നേരിട്ട്‌ അറിയാൻ നിങ്ങളെ സഹായിക്കും. അവരുടെ അഭിപ്രായപ്രകടനങ്ങൾ ഹൃദയംഗമമാണോ അതോ യാന്ത്രികമാണോ? പഠിക്കുന്ന കാര്യങ്ങൾ അവർ വാസ്‌തവത്തിൽ വിശ്വസിക്കുന്നുണ്ടോ? യഹോവ അവർക്ക്‌ യഥാർഥമാണോ? നിങ്ങളുടെ മക്കളുമായി വ്യക്തിപരമായി പഠിച്ചാൽ മാത്രമേ ഈ ചോദ്യങ്ങൾക്കും മർമപ്രധാനമായ മറ്റു ചോദ്യങ്ങൾക്കുമുള്ള ഉത്തരം നിങ്ങൾക്കു കണ്ടെത്താൻ കഴിയൂ.—2 തിമൊഥെയൊസ്‌ 1:5.

20. മാതാപിതാക്കൾക്ക്‌ കുടുംബ അധ്യയനത്തെ എങ്ങനെ ആസ്വാദ്യവും പ്രയോജനപ്രദവുമാക്കാൻ കഴിയും?

20 കുടുംബ അധ്യയന പരിപാടി തുടങ്ങിക്കഴിഞ്ഞാൽ അതു തുടർന്നുകൊണ്ടുപോകാൻ നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും? ഒരു കൊച്ചു മകനും മകളും ഉള്ള ജോസഫ്‌ എന്ന ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “എല്ലാ ബൈബിൾ അധ്യയനങ്ങളെയും പോലെതന്നെ കുടുംബ അധ്യയനവും ആസ്വാദ്യമായിരിക്കണം, എല്ലാവരും ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്ന ഒന്നായിരിക്കണം അത്‌. അതു സാധ്യമാകണമെങ്കിൽ സമയത്തിന്റെ കാര്യത്തിൽ നാം വളരെ കർക്കശരായിരിക്കരുത്‌. ഞങ്ങളുടെ അധ്യയനം ചിലപ്പോൾ ഒരു മണിക്കൂർ നീണ്ടേക്കാം. എന്നാൽ മറ്റു ചിലപ്പോൾ അതിന്‌ വെറും പത്തു മിനിറ്റേ ലഭിക്കാറുള്ളൂ. എങ്കിൽപ്പോലും ഞങ്ങൾ അധ്യയനം നടത്തുന്നു. അധ്യയനത്തിന്റെ ഭാഗമായി ഞങ്ങൾ എന്റെ ബൈബിൾ കഥാപുസ്‌തകത്തിലെ * രംഗങ്ങൾ അഭിനയിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അധ്യയനത്തെ ആഴ്‌ചയിലെ ഒരു സവിശേഷ സംഗതിയാക്കുന്നത്‌ അതാണ്‌. എത്രയധികം ഖണ്ഡികകൾ പഠിക്കുന്നു എന്നതിനെക്കാൾ പ്രധാനം പഠിക്കുന്നത്‌ എത്രമാത്രം മനസ്സിൽ പതിയുന്നു, അത്‌ എത്ര നന്നായി ഗ്രഹിക്കുന്നു എന്നതാണ്‌.”

21. മാതാപിതാക്കൾക്കു മക്കളെ എപ്പോഴൊക്കെ പ്രബോധിപ്പിക്കാവുന്നതാണ്‌?

21 തീർച്ചയായും, മക്കളെ പഠിപ്പിക്കുന്നത്‌ ഔപചാരിക അധ്യയന വേളകളിൽ ഒതുങ്ങിനിൽക്കുന്നില്ല. (ആവർത്തനപുസ്‌തകം 6:5-7) ആരംഭത്തിൽ പരാമർശിച്ചിരിക്കുന്ന തായ്‌ലൻഡിലെ സാക്ഷി ഇങ്ങനെ പറയുന്നു: “സഭാ പ്രദേശത്തിന്റെ വിദൂര കോണുകളിലേക്കു പ്രസംഗപ്രവർത്തനത്തിനായി ഡാഡി എന്നെ സൈക്കിളിൽ കൊണ്ടുപോയിരുന്നത്‌ ഞാൻ ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. തീർച്ചയായും, മാതാപിതാക്കളുടെ നല്ല ദൃഷ്ടാന്തവും എല്ലാ അവസരങ്ങളിലും അവർ ഞങ്ങളെ പഠിപ്പിച്ചതുമാണ്‌ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുന്നതിനു ഞങ്ങളെ സഹായിച്ചത്‌. ലഭിച്ച പാഠങ്ങൾ വളരെ ഫലപ്രദമായിരുന്നു. ഞാൻ ഇപ്പോഴും സേവിക്കുന്നത്‌ വയലിന്റെ വിദൂര കോണുകളിലാണ്‌!”

22. ‘നിങ്ങൾക്കുതന്നെയും നിങ്ങളുടെ പഠിപ്പിക്കലിനും ശ്രദ്ധ കൊടുക്കുന്ന’തിന്റെ ഫലമെന്ത്‌?

22 താമസിയാതെ, ഏറ്റവും ഉചിതമായ സമയത്തുതന്നെ, ഈ വ്യവസ്ഥിതിയുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധി നടപ്പാക്കാൻ യേശു വരും. തുടർന്ന്‌ ആ മഹാസംഭവം പ്രപഞ്ച ചരിത്രത്തിന്റെ ഭാഗമായി മാറും. എന്നാൽ യഹോവയുടെ വിശ്വസ്‌ത ദാസന്മാർ നിത്യരക്ഷ ലക്ഷ്യമാക്കിക്കൊണ്ട്‌ അവനെ സേവിക്കുന്നതിൽ തുടരും. നിങ്ങളുടെ മക്കളോടും ബൈബിൾ വിദ്യാർഥികളോടും ഒപ്പം ആ വിശ്വസ്‌ത ഗണത്തിന്റെ ഭാഗമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇത്‌ ഓർമിക്കുക: “നിനക്കുതന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കുക. അതിൽത്തന്നെ നിലകൊള്ളുക, എന്തെന്നാൽ അങ്ങനെ ചെയ്‌താൽ നീ നിന്നെത്തന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”1 തിമൊഥെയൊസ്‌ 4:16, NW.

[അടിക്കുറിപ്പുകൾ]

^ ഖ. 20 വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ദൈവത്തിന്റെ ന്യായവിധിയുടെ കൃത്യമായ സമയം നമുക്ക്‌ അറിയില്ലാത്തതിനാൽ നമ്മുടെ മനോഭാവം എന്തായിരിക്കണം?

• നമുക്ക്‌ ‘നമ്മുടെ പഠിപ്പക്കലിനു ശ്രദ്ധ കൊടുക്കാൻ’ കഴിയുന്നത്‌ ഏതു വിധങ്ങളിൽ?

• യഹോവയുടെ സുഹൃത്തായിത്തീരാൻ ഒരു വിദ്യാർഥിയെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാനാകും?

• മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ സമയം എടുക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ആദരപൂർവകവും സൗഹാർദപരവുമായ ഒരു അന്തരീക്ഷം പഠനം കൂടുതൽ ആസ്വാദ്യമാക്കുന്നു

[18-ാം പേജിലെ ചിത്രം]

ശലോമോൻ രണ്ട്‌ വേശ്യകളെ ന്യായംവിധിച്ചതുപോലുള്ള ബൈബിൾ കഥകൾ അഭിനയിക്കുന്നത്‌ ബൈബിൾ അധ്യയനങ്ങളെ രസകരമാക്കുന്നു