വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലജ്ജയെ തരണംചെയ്യാൻ സഹായം ലഭിക്കുന്നു

ലജ്ജയെ തരണംചെയ്യാൻ സഹായം ലഭിക്കുന്നു

ജീവിത കഥ

ലജ്ജയെ തരണംചെയ്യാൻ സഹായം ലഭിക്കുന്നു

രൂത്ത്‌ എൽ. ഉൾറിക്ക്‌ പറഞ്ഞപ്രകാരം

പുരോഹിതന്റെ മുമ്പിൽനിന്ന്‌ ഞാൻ പൊട്ടിക്കരഞ്ഞു. വീടുതോറുമുള്ള സന്ദർശനത്തിനിടയിൽ ഞാൻ കണ്ടുമുട്ടിയ ആ പുരോഹിതൻ, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന ചാൾസ്‌ റ്റി. റസ്സലിനെതിരെ നിരത്തിയ ആരോപണങ്ങൾ സംയമനത്തോടെ കേട്ടുനിൽക്കാൻ എനിക്കായില്ല. എന്നാൽ ഞാൻ ഒരു കൊച്ചു കുട്ടിയായിരിക്കെതന്നെ ഇത്തരം സന്ദർശനങ്ങൾ നടത്താൻ ഇടയായ സാഹചര്യം വിവരിക്കട്ടെ.

യു.എസ്‌.എ-യിലെ നെബ്രാസ്‌കയിൽ 1910-ലാണ്‌ ഞാൻ ജനിച്ചത്‌. വളരെ മതഭക്തിയുള്ള ഒരു കർഷക കുടുംബമായിരുന്നു ഞങ്ങളുടേത്‌. ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണശേഷം ഞങ്ങൾ കുടുംബം ഒന്നിച്ചിരുന്നു ബൈബിൾ വായിക്കുമായിരുന്നു. ഞങ്ങളുടെ കൃഷിയിടത്തിൽനിന്ന്‌ ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള വിൻസൈഡ്‌ എന്ന കൊച്ചു പട്ടണത്തിലെ മെഥഡിസ്റ്റ്‌ സഭയിൽ വേദപാഠ ക്ലാസ്സുകളുടെ ചുമതല വഹിച്ചിരുന്നത്‌ പപ്പയായിരുന്നു. ജനലുകളിൽ കർട്ടൻ പിടിപ്പിച്ച ഒരു കുതിരവണ്ടി ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട്‌ കാലാവസ്ഥ ഗണ്യമാക്കാതെ എല്ലാ ഞായറാഴ്‌ചയും രാവിലെ പള്ളിയിൽ പോകാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു.

എനിക്ക്‌ ഏകദേശം എട്ടു വയസ്സുള്ളപ്പോൾ എന്റെ കുഞ്ഞനുജന്‌ പോളിയോ പിടിപെട്ടു. ചികിത്സയ്‌ക്കായി മമ്മി അവനെ അടുത്തുള്ള ഐയ്യൊവയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. മമ്മിയുടെ സ്‌നേഹപൂർവകമായ പരിചരണം ഉണ്ടായിരുന്നിട്ടും അവിടെവെച്ച്‌ എന്റെ അനുജൻ മരിച്ചു. എന്നാൽ അതിനോടകംതന്നെ ഐയ്യൊവയിൽവെച്ച്‌ മമ്മി ഒരു ബൈബിൾ വിദ്യാർഥിയെ—യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌—പരിചയപ്പെട്ടിരുന്നു. അവർ തമ്മിൽ അനേകം ചർച്ചകൾ നടന്നു. ആ സ്‌ത്രീയോടൊപ്പം മമ്മി ബൈബിൾ വിദ്യാർഥികളുടെ ചില യോഗങ്ങളിൽ സംബന്ധിക്കുക പോലും ചെയ്‌തു.

തിരിച്ചുവന്നപ്പോൾ മമ്മിയുടെ കൈവശം വാച്ച്‌ ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച വേദാധ്യയന പത്രികയുടെ ഏതാനും വാല്യങ്ങൾ ഉണ്ടായിരുന്നു. ബൈബിൾ വിദ്യാർഥികൾ പഠിപ്പിക്കുന്നതു സത്യമാണെന്ന്‌ മമ്മിക്കു പെട്ടെന്നുതന്നെ ബോധ്യമായി. അതുപോലെതന്നെ ആത്മാവിന്റെ അമർത്യത, ദുഷ്ടന്മാരുടെ നിത്യദണ്ഡനം എന്നിങ്ങനെയുള്ള പഠിപ്പിക്കലുകൾ തെറ്റാണെന്നും.—ഉല്‌പത്തി 2:7; സഭാപ്രസംഗി 9:5, 10; യെഹെസ്‌കേൽ 18:4.

എന്നാൽ പപ്പയ്‌ക്ക്‌ ഇതൊന്നും ഒട്ടും ഇഷ്ടമായില്ല. ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങൾക്കു മമ്മി പോകുന്നതിനെ അദ്ദേഹം എതിർത്തു. എന്നെയും മൂത്ത സഹോദരൻ ക്ലാറെൻസിനെയും അപ്പോഴും അദ്ദേഹം പള്ളിയിൽ കൊണ്ടുപോകുമായിരുന്നു. എന്നാൽ പപ്പ വീട്ടിലില്ലാത്ത തക്കം നോക്കി മമ്മി ഞങ്ങളെ ബൈബിൾ പഠിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി, ഞങ്ങൾ കുട്ടികൾക്ക്‌ ബൈബിൾ വിദ്യാർഥികളുടെ പഠിപ്പിക്കലുകളെ പള്ളിയിലെ പഠിപ്പിക്കലുകളുമായി താരതമ്യം ചെയ്യുന്നതിനുള്ള നല്ല അവസരം ലഭിച്ചു.

ക്ലാറെൻസും ഞാനും ഞായറാഴ്‌ചകളിൽ മുടങ്ങാതെ വേദപാഠത്തിനു പോയിരുന്നു. ക്ലാറെൻസിന്റെ ചോദ്യങ്ങൾ ഞങ്ങളുടെ വേദപാഠ അധ്യാപികയെ ഉത്തരം മുട്ടിച്ചിരുന്നു. വീട്ടിൽവന്ന്‌ ഞങ്ങൾ അതൊക്കെ മമ്മിയോടു പറയും. പിന്നെ ഞങ്ങൾ ആ വിഷയങ്ങളെ കുറിച്ചു ദീർഘമായി ചർച്ച ചെയ്‌തിരുന്നു. ഒടുവിൽ ഞാൻ പള്ളിയിൽ പോക്കു നിറുത്തിയിട്ട്‌ മമ്മിയോടൊപ്പം ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. അധികം താമസിയാതെ ക്ലാറെൻസും അതുതന്നെ ചെയ്‌തു.

ലജ്ജയെ തരണം ചെയ്യുന്നു

1922 സെപ്‌റ്റംബറിൽ ഒഹായോ സീഡാർ പോയിന്റിൽ നടന്ന, ബൈബിൾ വിദ്യാർഥികളുടെ അവിസ്‌മരണീയമായ കൺവെൻഷനിൽ ഞാനും മമ്മിയും സംബന്ധിച്ചു. വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ” എന്ന്‌ ഹാജരായ 18,000 പേരോട്‌ ആഹ്വാനം ചെയ്യവെ ആ വാക്കുകൾ എഴുതിയ ഒരു ബാനർ ചുരുൾ നിവരുന്നത്‌ ഇന്നും എന്റെ കൺമുന്നിലുണ്ട്‌. അതെന്നെ ആഴത്തിൽ സ്‌പർശിച്ചു. ദൈവരാജ്യ സുവാർത്തയെ കുറിച്ചു മറ്റുള്ളവരോടു പറയേണ്ടതിന്റെ അടിയന്തിര ആവശ്യം ഉണ്ടെന്ന്‌ എനിക്കു ബോധ്യപ്പെട്ടു.—മത്തായി 6:9, 10; 24:14.

1922 മുതൽ 1928 വരെ നടന്ന കൺവെൻഷനുകളിൽ ഒന്നിനുപുറകെ ഒന്നായി പല പ്രമേയങ്ങൾ അംഗീകരിക്കപ്പെട്ടു. ആ പ്രമേയങ്ങളുടെ സന്ദേശങ്ങൾ പിന്നീട്‌ ട്രാക്‌റ്റ്‌ രൂപത്തിൽ അച്ചടിച്ചു. ഈ ട്രാക്‌റ്റുകളുടെ കോടിക്കണക്കിനു പ്രതികൾ ലോകവ്യാപകമായി ബൈബിൾ വിദ്യാർഥികൾ വിതരണം ചെയ്യുകയുണ്ടായി. നീണ്ടു മെലിഞ്ഞ ശരീരപ്രകൃതിയുണ്ടായിരുന്ന ഞാൻ—എല്ലാവരും എന്നെ ഗ്രേഹൗണ്ടെന്നാണു വിളിച്ചിരുന്നത്‌—അച്ചടിച്ച ഈ സന്ദേശങ്ങളുമായി വീടുതോറും പോയി. ഈ വേല ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. എന്നാൽ വീടുതോറുമുള്ള ശുശ്രൂഷയിൽ ആളുകളോടു ദൈവരാജ്യത്തെ കുറിച്ചു വ്യക്തിപരമായി സംസാരിക്കുന്നതിന്റെ കാര്യത്തിൽ കഥ വ്യത്യസ്‌തമായിരുന്നു.

ഞാൻ ഒരു വലിയ നാണംകുണുങ്ങി ആയിരുന്നു. വർഷംതോറും മമ്മി ബന്ധുക്കളെയൊക്കെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്ന സന്ദർഭങ്ങളെ പോലും ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു. കിടപ്പുമുറിയിലേക്കു വലിഞ്ഞാൽ പിന്നെ ആരും എന്റെ പൊടിപോലും കാണില്ലായിരുന്നു. ഒരിക്കൽ ഞങ്ങളുടെ കുടുംബ ഫോട്ടോ എടുക്കാനായി മമ്മി എന്നെ വിളിച്ചു. എന്നാൽ പുറത്തുവരാൻ വിസമ്മതിച്ച എന്നെ വലിച്ചിഴച്ചാണ്‌ മമ്മി പുറത്തെത്തിച്ചത്‌. ആ സമയമത്രയും ഞാൻ നിലവിളിക്കുകയായിരുന്നു.

എന്നാൽ അവസാനം ഒരു ദിവസം നിശ്ചയദാർഢ്യത്തോടെ ഞാൻ ചില ബൈബിൾ സാഹിത്യങ്ങൾ എന്റെ ബാഗിൽ എടുത്തു വെച്ചു. “എനിക്കതിനു കഴിയില്ല” എന്ന ചിന്ത മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എന്നാൽ അടുത്ത നിമിഷം ഞാൻ എന്നോടു തന്നെ പറയും “അതു ചെയ്‌തേ മതിയാകൂ.” ഈ ആത്മസംഘട്ടനത്തിനൊടുവിൽ ഞാൻ യാത്ര തിരിച്ചു. പോകാനുള്ള ധൈര്യം സംഭരിച്ചതിൽ പിന്നീട്‌ എനിക്ക്‌ എന്തൊരു സന്തോഷമാണ്‌ അനുഭവപ്പെട്ടതെന്നോ! വാസ്‌തവത്തിൽ ശരിക്കുമുള്ള പ്രവർത്തനമല്ല, മറിച്ച്‌ അതു ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ചിന്തയാണ്‌ എനിക്ക്‌ ഏറ്റവുമധികം സന്തോഷം പ്രദാനം ചെയ്‌തത്‌. ആ സമയത്തോടടുത്തായിരുന്നു ഞാൻ നേരത്തെ പറഞ്ഞ പുരോഹിതനെ കണ്ടുമുട്ടിയതും കരഞ്ഞുകൊണ്ടു മടങ്ങിയതുമൊക്കെ. എന്നാൽ ക്രമേണ യഹോവയുടെ സഹായത്താൽ, വീടുതോറുമുള്ള ശുശ്രൂഷയിൽ ആളുകളുമായി സംസാരിക്കാൻ എനിക്കു കഴിഞ്ഞു. അങ്ങനെ എന്റെ സന്തോഷം വർധിച്ചു. പിന്നീട്‌ 1925-ൽ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി.

മുഴുസമയ ശുശ്രൂഷ തുടങ്ങുന്നു

18 വയസ്സായപ്പോൾ, പേരമ്മയിൽനിന്ന്‌ അവകാശമായി ലഭിച്ച പണംകൊണ്ട്‌ ഞാൻ ഒരു കാർ വാങ്ങി, പയനിയറിങ്ങും—മുഴുസമയ ശുശ്രൂഷയെ വിളിക്കുന്നത്‌ അങ്ങനെയാണ്‌—തുടങ്ങി. രണ്ടു വർഷം കഴിഞ്ഞ്‌ 1930-ൽ മറ്റൊരു പയനിയറോടൊപ്പം പുതിയ ഒരു പ്രദേശത്തു പ്രവർത്തിക്കുന്നതിനുള്ള നിയമനം എനിക്കു ലഭിച്ചു. ആ സമയമായപ്പോഴേക്കും ക്ലാറെൻസും പയനിയറിങ്‌ തുടങ്ങിയിരുന്നു. പെട്ടെന്നുതന്നെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തെ ബെഥേൽ ഭവനത്തിൽ സേവിക്കാനുള്ള ക്ഷണം സ്വീകരിച്ച്‌ ക്ലാറെൻസ്‌ അങ്ങോട്ടു പോയി.

ഏതാണ്ട്‌ ഈ സമയത്ത്‌ എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. മമ്മിയും ഞാനും ഒരു ട്രെയിലർ പണിയിച്ച്‌ അതിലേക്കു താമസം മാറ്റി. ഞങ്ങൾ ഒരുമിച്ചു പയനിയറിങ്ങും ചെയ്‌തു. ആ കാലഘട്ടത്തിലാണ്‌ ഐക്യനാടുകളിൽ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടായത്‌. പയനിയറിങ്ങിൽ തുടരുക എന്നത്‌ യഥാർഥത്തിൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ പിന്മാറില്ല എന്ന്‌ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരുന്നു. ബൈബിൾ സാഹിത്യങ്ങൾക്കു പകരമായി കോഴി, മുട്ട, പച്ചക്കറികൾ, പഴയ ബാറ്ററികൾ, വേണ്ടാത്ത അലുമിനിയം പാത്രങ്ങൾ എന്നിവയൊക്കെയാണ്‌ ഞങ്ങൾക്കു കിട്ടിയിരുന്നത്‌. ബാറ്ററികളും അലുമിനിയവും വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ്‌ ഞങ്ങൾ കാറിനു പെട്രോളടിക്കുകയും മറ്റു ചെലവുകൾ വഹിക്കുകയും ചെയ്‌തിരുന്നത്‌. കൂടാതെ, ചെലവു ചുരുക്കുന്നതിനായി, കാറിനു ഗ്രീസിടാനും അതിലെ ഓയിൽ മാറ്റാനുമൊക്കെ ഞാൻ പഠിച്ചു. യഹോവ എല്ലായ്‌പോഴും തന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിനുള്ള വഴികൾ ഞങ്ങൾക്കു തുറന്നുതന്നുകൊണ്ടിരുന്നു.—മത്തായി 6:33

മിഷനറി നിയമനങ്ങൾ സ്വീകരിക്കുന്നു

1946-ൽ, ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിനടുത്തായി സ്ഥിതി ചെയ്‌തിരുന്ന വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ ഏഴാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. മമ്മിയും ഞാനും 15 വർഷമായി ഒരുമിച്ചു പയനിയറിങ്‌ ചെയ്യുകയായിരുന്നു. എന്നാൽ എന്റെ മിഷനറി പരിശീലനത്തിനു തടസ്സം നിൽക്കാൻ മമ്മി ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിക്കുക എന്ന പദവി സ്വീകരിക്കാൻ മമ്മി എന്നെ പ്രോത്സാഹിപ്പിച്ചു. ബിരുദം ലഭിച്ചതിനു ശേഷം ഇല്ലിനോയ്‌സിലെ പിയൊറിയയിൽനിന്നുള്ള മാർത്താ ഹെസ്സും ഞാനും പയനിയർ പങ്കാളികളായി. ഞങ്ങളുടെ വിദേശ നിയമനങ്ങൾക്കായി കാത്തിരിക്കവെ, മറ്റു രണ്ടു പേരോടൊപ്പം ഒരു വർഷത്തേക്കു ഞങ്ങളെ ഒഹായോയിലെ ക്ലീവ്‌ലൻഡിലേക്ക്‌ അയച്ചു.

1947-ൽ മാർത്തയ്‌ക്കും എനിക്കും ഹവായിലേക്കു നിയമനം ലഭിച്ചു. ഈ ദ്വീപുകളിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നതിനാൽ ഞങ്ങളുടെ അടുത്തുള്ള ഹൊണോലുലു നഗരത്തിൽ വന്നു താമസിക്കാൻ മമ്മിക്കു കഴിഞ്ഞു. ദിവസം ചെല്ലുന്തോറും മമ്മിയുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. അതുകൊണ്ട്‌ മിഷനറി പ്രവർത്തനത്തോടൊപ്പം എനിക്കു മമ്മിയെയും സഹായിക്കേണ്ടിയിരുന്നു. ഹവായിയിൽ വെച്ച്‌ 1956-ൽ 77-ാമത്തെ വയസ്സിൽ മമ്മി മരിച്ചു. അതുവരെ മമ്മിയെ പരിചരിക്കാൻ എനിക്കു കഴിഞ്ഞു. ഞങ്ങൾ ഹവായിയിൽ ചെന്നപ്പോൾ അവിടെ ആകെ ഏതാണ്ട്‌ 130 സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ മമ്മി മരിച്ച സമയമായപ്പോഴേക്കും സാക്ഷികളുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. അതോടെ അവിടെ മിഷനറിമാരുടെ ആവശ്യം ഇല്ലാതായി.

ആ സമയത്ത്‌ ജപ്പാനിലേക്കു ഞങ്ങളെ നിയമിച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ വാച്ച്‌ ടവർ സൊസൈറ്റിയിൽനിന്നു ലഭിച്ചു. എനിക്കപ്പോൾ 48 വയസ്സായിരുന്നു. മാർത്തയ്‌ക്ക്‌ 44-ഉം. ഈ പ്രായത്തിൽ ഇനി ജാപ്പനീസ്‌ ഭാഷ പഠിച്ചെടുക്കാൻ പറ്റുമോ എന്ന ചിന്തയാണ്‌ ആദ്യം ഞങ്ങളുടെ മനസ്സിലേക്കു വന്നത്‌. എന്നാൽ ഈ സംഗതി യഹോവയുടെ കരങ്ങളിൽ അർപ്പിച്ചുകൊണ്ട്‌ ഞങ്ങൾ നിയമനം സ്വീകരിച്ചു.

1958-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ടിലുമായി നടന്ന സാർവദേശീയ കൺവെൻഷൻ കഴിഞ്ഞതും ഞങ്ങൾ ടോക്കിയോയിലേക്കു കപ്പൽ കയറി. യോക്കോഹാമ തുറമുഖത്തോട്‌ അടുക്കവെ ഒരു ചുഴലിക്കാറ്റ്‌ ആഞ്ഞുവീശിയത്‌ ഞാൻ ഇന്നും ഓർക്കുന്നു. ഡോൺ ഹാസ്‌ലെറ്റും ഭാര്യ മേബലും, ലോയ്‌ഡ്‌ ബാരിയും ഭാര്യ മെൽബയും ഞങ്ങളെ സ്വീകരിക്കാനായി തുറമുഖത്ത്‌ എത്തിയിരുന്നു. അവർ അവിടെ മിഷനറിമാരായി സേവിക്കുകയായിരുന്നു. അപ്പോൾ ജപ്പാനിൽ 1,124 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ.

അവിടെയെത്തി ഉടനെതന്നെ ഞങ്ങൾ ജാപ്പനീസ്‌ ഭാഷാ പഠനവും പ്രസംഗപ്രവർത്തനവും ആരംഭിച്ചു. ജാപ്പനീസ്‌ അവതരണങ്ങൾ ഇംഗ്ലീഷ്‌ ലിപിയിൽ എഴുതി വായിക്കുകയാണ്‌ ഞങ്ങൾ ചെയ്‌തിരുന്നത്‌. പ്രതികരണമായി വീട്ടുകാർ “യോരോഷീ ദേസൂ” എന്നോ “കെക്കോ ദേസൂ” എന്നോ പറയുമായിരുന്നു. അതിന്റെ അർഥം “അതു കൊള്ളാം” “അതു നല്ലതാണ്‌” എന്നൊക്കെയാണ്‌. എന്നാൽ അതു കേട്ട്‌ വീട്ടുകാർക്കു താത്‌പര്യമുണ്ടോ ഇല്ലയോ എന്നു നിർണയിക്കാൻ കഴിയില്ലായിരുന്നു. കാരണം, ‘വേണ്ട’ എന്നു സൂചിപ്പിക്കാനും അവർ ഈ വാക്കുകൾ തന്നെയാണ്‌ ഉപയോഗിച്ചിരുന്നത്‌. അതുകൊണ്ട്‌, വ്യക്തിയുടെ മുഖഭാവത്തിൽനിന്നും സ്വരത്തിൽനിന്നും ഞങ്ങൾ അർഥം ഗണിച്ചെടുക്കേണ്ടിയിരുന്നു. കുറേ നാളുകൾകൊണ്ടാണ്‌ ഇതൊക്കെ പഠിച്ചെടുത്തത്‌.

ഹൃദയത്തെ സന്തോഷിപ്പിച്ച അനുഭവങ്ങൾ

എനിക്കു ഭാഷ അത്ര വശമില്ലാതിരുന്ന ആ കാലത്തുതന്നെ ഒരിക്കൽ മിറ്റ്‌സുബിഷി കമ്പനിയുടെ ഒരു ഡോർമിറ്ററി സന്ദർശിച്ചപ്പോൾ 20 വയസ്സുള്ള ഒരു യുവതിയെ ഞാൻ കണ്ടുമുട്ടി. അവൾ വളരെ വേഗം ബൈബിൾ പരിജ്ഞാനം നേടിയെടുക്കുകയും 1966-ൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. ഒരു വർഷം കഴിഞ്ഞപ്പോൾ അവൾ പയനിയറിങ്‌ തുടങ്ങി. താമസിയാതെതന്നെ അവൾ പ്രത്യേക പയനിയറായി നിയമിക്കപ്പെടുകയും ചെയ്‌തു. ഇന്നുവരെയും അവൾ ആ സേവനപദവിയിൽ തുടർന്നിരിക്കുന്നു. യുവപ്രായം മുതൽ തന്റെ സമയവും ഊർജവും മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചിരിക്കുന്ന അവൾ എനിക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നിട്ടുണ്ട്‌.

ബൈബിൾ സത്യത്തിനായി ഒരു നിലപാടു സ്വീകരിക്കുക എന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌, പ്രത്യേകിച്ചും ഒരു അക്രൈസ്‌തവ സമൂഹത്തിൽ ആയിരിക്കുമ്പോൾ. എങ്കിലും എന്റെ ബൈബിൾ വിദ്യാർഥികളിൽ ചിലരുൾപ്പെടെ അനേകായിരങ്ങൾ ഈ വെല്ലുവിളിയെ വിജയകരമായി നേരിട്ടിരിക്കുന്നു. വളരെ പണം ചെലവഴിച്ച്‌ പണിയിപ്പിച്ച തങ്ങളുടെ ബുദ്ധമത ആരാധനാവേദികളും ഷിന്റോ ഷെൽഫുകളുമൊക്കെ—മിക്ക ജാപ്പനീസ്‌ വീടുകളിലും ഇവ ഉണ്ടായിരിക്കും—അവർ നശിപ്പിച്ചിരിക്കുന്നു. ബന്ധുക്കൾ ഇത്തരം നടപടികളെ മരിച്ച പൂർവികരോടുള്ള അനാദരവിന്റെ സൂചനയെന്ന നിലയിൽ കണ്ടേക്കാവുന്നതിനാൽ പുതിയവർക്കു നല്ല ധൈര്യം ആവശ്യമാണ്‌. അവർ ഇങ്ങനെയുള്ള ധീരമായ പടികൾ സ്വീകരിക്കുന്നതു കാണുമ്പോൾ വ്യാജാരാധനയുമായി ബന്ധപ്പെട്ട വസ്‌തുക്കളെല്ലാം നശിപ്പിച്ച ആദിമ ക്രിസ്‌ത്യാനികളെയാണ്‌ ഓർമവരിക.—പ്രവൃത്തികൾ 19:18-20.

വീട്ടമ്മയായിരുന്ന ഒരു ബൈബിൾ വിദ്യാർഥിനിയെ ഞാൻ ഓർക്കുന്നു. അവരുടെ കുടുംബം ടോക്കിയോയിൽനിന്നു താമസം മാറ്റാൻ പരിപാടിയിട്ടിരുന്നു. വ്യാജാരാധനയുമായി ബന്ധപ്പെട്ട യാതൊന്നുമില്ലാത്ത ഒരു പുതിയ വീട്ടിലേക്കു മാറാനായിരുന്നു ആ സ്‌ത്രീയുടെ ആഗ്രഹം. അവരുടെ ഭർത്താവിനും അതിനു പൂർണ സമ്മതമായിരുന്നു. വലിയ സന്തോഷത്തോടെയാണ്‌ അവർ അക്കാര്യം എന്നോടു പറഞ്ഞത്‌. അപ്പോഴാണു കൊണ്ടുപോകാനുള്ള സാധനങ്ങളോടൊപ്പം പായ്‌ക്കു ചെയ്‌ത വിലപിടിപ്പുള്ള ഒരു വലിയ മാർബിൾ പാത്രത്തിന്റെ കാര്യം അവർ ഓർത്തത്‌. കുടുംബത്തിൽ സന്തോഷം നിലനിർത്തും എന്ന കാരണത്താലായിരുന്നു അവർ അതു വാങ്ങിയത്‌. വ്യാജാരാധനയുമായി അതിനു ബന്ധമുണ്ടെന്നു സംശയം തോന്നിയതിനാൽ അവർ ഒരു ചുറ്റികകൊണ്ട്‌ അതു തല്ലിപ്പൊട്ടിച്ചു ദൂരെക്കളഞ്ഞു.

ഈ സ്‌ത്രീ ഉൾപ്പെടെ പലരും വ്യാജാരാധനയുമായി ബന്ധമുള്ള വിലയേറിയ വസ്‌തുക്കൾ സ്വമേധയാ നശിപ്പിച്ചുകൊണ്ട്‌ യഹോവയുടെ സേവനത്തിൽ ഒരു പുതിയ ജീവിതം തുടങ്ങുന്നതു കാണുന്നതിലുള്ള വലിയ സംതൃപ്‌തിയും സന്തോഷവും ഞാൻ അനുഭവിച്ചിരിക്കുന്നു. ജപ്പാനിൽ 40-ലധികം വർഷം മിഷനറി സേവനം ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നതിൽ ഞാൻ യഹോവയ്‌ക്ക്‌ എന്നും നന്ദി പറയാറുണ്ട്‌.

ആധുനികകാല “അത്ഭുതങ്ങൾ”

70-ലേറെ വർഷക്കാലത്തെ എന്റെ മുഴുസമയ ശുശ്രൂഷയിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ ആധുനികകാല അത്ഭുതങ്ങളെന്നു വിശേഷിപ്പിക്കാവുന്ന എത്രയെത്ര സംഗതികളാണു നടന്നിട്ടുള്ളത്‌. എന്നെപ്പോലെ നാണംകുണുങ്ങിയായ ഒരു യുവതി മിക്കവരും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു രാജ്യത്തെ കുറിച്ച്‌ ആളുകളോടു മുൻകൈയെടുത്തു സംസാരിച്ചുകൊണ്ട്‌ തന്റെ മുഴു ജീവിതവും ചെലവഴിക്കുമെന്നു സ്വപ്‌നത്തിൽക്കൂടി ഞാൻ കരുതിയിരുന്നില്ല. എന്നാൽ ഞാൻ മാത്രമല്ല, വേറെ നൂറുകണക്കിന്‌, അല്ല ആയിരക്കണക്കിന്‌ ആളുകൾ അതു ചെയ്യുന്നതു ഞാൻ കണ്ടിരിക്കുന്നു. അവർ അതു വളരെ ഫലപ്രദമായിത്തന്നെ ചെയ്‌തിരിക്കുന്നു എന്നു പറയാൻ കഴിയും. കാരണം, 1958-ൽ ഞാൻ ജപ്പാനിൽ എത്തുമ്പോൾ അവിടെ സാക്ഷികളുടെ എണ്ണം ഏതാനും ആയിരങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇന്ന്‌ അത്‌ 2,22,000-ത്തിലധികമായി വളർന്നിരിക്കുന്നു!

മാർത്തയും ഞാനും ആദ്യം ജപ്പാനിൽ എത്തിയപ്പോൾ ടോക്കിയോയിലെ ബ്രാഞ്ച്‌ ഓഫീസിലായിരുന്നു ഞങ്ങൾക്കു താമസസൗകര്യം ഏർപ്പാടു ചെയ്‌തിരുന്നത്‌. 1963-ൽ ആ സ്ഥലത്ത്‌ ആറു നിലയുള്ള ഒരു പുതിയ ബ്രാഞ്ച്‌ കെട്ടിടം പണിതു. അന്നുമുതൽ ഞങ്ങൾ അവിടെയാണു താമസിക്കുന്നത്‌. 1963, നവംബറിൽ ഞങ്ങളുടെ ബ്രാഞ്ച്‌ മേൽവിചാരകനായ ലോയ്‌ഡ്‌ ബാരി അതിന്റെ സമർപ്പണ പ്രസംഗം നടത്തിയപ്പോൾ ഹാജരായിരുന്ന 163 പേരിൽ ഞങ്ങളും ഉണ്ടായിരുന്നു. അപ്പോഴേക്കും ജപ്പാനിലെ സാക്ഷികളുടെ എണ്ണം 3,000 ആയി വർധിച്ചിരുന്നു.

രാജ്യപ്രസംഗ വേലയുടെ നാടകീയ വളർച്ചയ്‌ക്കു സാക്ഷ്യം വഹിക്കുക എന്നതു ശരിക്കും ഒരു ആനന്ദം തന്നെയായിരുന്നിട്ടുണ്ട്‌. 1972-ൽ രാജ്യപ്രസംഗകരുടെ എണ്ണം 14,000 കവിഞ്ഞു. ആ വർഷംതന്നെ നൂമാസൂ നഗരത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു വലിയ ബ്രാഞ്ചിന്റെ പണിയും പൂർത്തിയായി. എന്നാൽ 1982-ൽ ജപ്പാനിലെ രാജ്യപ്രസംഗകരുടെ എണ്ണം 68,000-ത്തിലധികമായി വർധിച്ചു. അതുകൊണ്ട്‌ ടോക്കിയോയിൽനിന്ന്‌ ഏകദേശം 80 കിലോമീറ്റർ അകലെയുള്ള എബിന നഗരത്തിൽ കൂടുതൽ വലിപ്പമുള്ള ഒരു ബ്രാഞ്ച്‌ പണികഴിപ്പിച്ചു.

ആ സമയത്തുതന്നെ ടോക്കിയോയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന മുമ്പത്തെ ബ്രാഞ്ചു കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്‌തു. കാലാന്തരത്തിൽ അത്‌ ഒരു മിഷനറി ഭവനമായിത്തീർന്നു. ഞാനും എന്റെ ദീർഘകാല പയനിയർ പങ്കാളിയായ മാർത്ത ഹെസ്സും ഉൾപ്പെടെ ജപ്പാനിൽ 40-ഓ 50-ഓ അതിൽ കൂടുതലോ വർഷം സേവിച്ച 20 മിഷനറിമാർ ഇവിടെ താമസിക്കുന്നു. ഒരു ഡോക്ടറും നേഴ്‌സായ അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങളോടൊപ്പം താമസിക്കുന്നുണ്ട്‌. ഞങ്ങളുടെ ആരോഗ്യാവശ്യങ്ങൾക്കായി സ്‌നേഹപൂർവം കരുതിക്കൊണ്ട്‌ അവർ ഞങ്ങളെ പരിപാലിക്കുന്നു. അടുത്തയിടെ വേറൊരു നേഴ്‌സു കൂടി ഞങ്ങളുടെ മിഷനറി ഭവനത്തിൽ താമസമാക്കി. നേഴ്‌സുമാരെ സഹായിക്കുന്നതിന്‌ പകൽസമയത്തു ക്രിസ്‌തീയ സഹോദരിമാർ വരും. എബിനയിലെ ബെഥേൽ കുടുംബത്തിൽനിന്ന്‌ ഈരണ്ടു പേർ ഊഴമനുസരിച്ചു വന്ന്‌ ഞങ്ങളുടെ ഭവനം വൃത്തിയാക്കുകയും ഭക്ഷണം തയ്യാറാക്കുകയും ചെയ്യും. തീർച്ചയായും ഞങ്ങളുടെ കാര്യത്തിൽ യഹോവ നല്ലവനാണെന്നു തെളിഞ്ഞിരിക്കുന്നു.—സങ്കീർത്തനം 34:8, 10.

ഞങ്ങളുടെ മിഷനറി ഭവനത്തിന്റെ സമർപ്പണം കഴിഞ്ഞ്‌ 36 വർഷങ്ങൾക്കു ശേഷം 1999 നവംബർ 13-ന്‌ ജപ്പാനിലെ എബിനയിലുള്ള വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ വിപുലീകരിക്കപ്പെട്ട ബ്രാഞ്ച്‌ സൗകര്യങ്ങളുടെ സമർപ്പണം നടന്നു. എന്റെ മിഷനറി ജീവിതത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു അത്‌. 37 രാജ്യങ്ങളിൽനിന്നുള്ള, കാലങ്ങളായി യഹോവയെ സേവിച്ചിരിക്കുന്ന നൂറുകണക്കിനു സാക്ഷികൾ ഉൾപ്പെടെ 4,486-ൽ അധികം പേർ ഹാജരായി. അതിൽ സംബന്ധിക്കുന്നതിനുള്ള പദവി എനിക്കും ലഭിച്ചു. ഇപ്പോൾ ആ ബ്രാഞ്ച്‌ കുടുംബത്തിൽ 650-ഓളം അംഗങ്ങളുണ്ട്‌.

ഏകദേശം 80 വർഷം മുമ്പ്‌ ഞാൻ പേടിച്ചു പേടിച്ച്‌ ബൈബിൾ സന്ദേശങ്ങളുമായി വീടുതോറും പോകാൻ തുടങ്ങിയതു മുതൽ യഹോവ എന്റെ ശക്തിദുർഗം ആയിരുന്നിട്ടുണ്ട്‌. ലജ്ജയെ തരണം ചെയ്യാൻ അവൻ എന്നെ സഹായിച്ചിരിക്കുന്നു. യഹോവയിൽ ആശ്രയിക്കുന്ന ഏതൊരു വ്യക്തിയെയും അവന്‌ ഉപയോഗിക്കാൻ കഴിയുമെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു, എന്നെപ്പോലുള്ള വലിയ നാണംകുണുങ്ങികളെ പോലും. നമ്മുടെ ദൈവമായ യഹോവയെ കുറിച്ച്‌ അപരിചിതരോടു സംസാരിച്ചുകൊണ്ടു ചെലവഴിച്ച ജീവിതം എനിക്കു സമ്മാനിച്ച സംതൃപ്‌തിയെ വർണിക്കാൻ വാക്കുകൾക്ക്‌ ആവില്ല!

[21-ാം പേജിലെ ചിത്രം]

ബെഥേലിൽനിന്ന്‌ ഞങ്ങളെ കാണാൻ എത്തിയ ക്ലാറൻസിനോടൊപ്പം ഞാനും അമ്മയും

[23-ാം പേജിലെ ചിത്രം]

ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിലെ ഗിലെയാദ്‌ സ്‌കൂളിൽ ഞങ്ങളുടെ ക്ലാസ്സിലെ വിദ്യാർഥികൾ പുൽത്തകിടിയിൽ ഇരുന്നു പഠിക്കുന്നു

[23-ാം പേജിലെ ചിത്രം]

ഇടത്ത്‌: ഞാൻ, മാർത്ത ഹെസ്സ്‌, അമ്മ—ഹവായിയിൽ വെച്ച്‌

[24-ാം പേജിലെ ചിത്രം]

വലത്ത്‌: ഞങ്ങളുടെ ടോക്കിയോ മിഷനറി ഭവനത്തിലെ അംഗങ്ങൾ

[24-ാം പേജിലെ ചിത്രം]

താഴെ: എന്റെ ദീർഘകാല പയനിയർ പങ്കാളിയായ മാർത്ത ഹെസ്സിനോടൊപ്പം

[25-ാം പേജിലെ ചിത്രം]

എബിനയിലുള്ള, ഞങ്ങളുടെ വിപുലീകരിച്ച ബ്രാഞ്ച്‌ കെട്ടിടം. കഴിഞ്ഞ നവംബറിലായിരുന്നു ഇതിന്റെ സമർപ്പണം