വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സദുപദേശത്തിനായി നിങ്ങൾക്ക്‌ എങ്ങോട്ടു തിരിയാനാകും?

സദുപദേശത്തിനായി നിങ്ങൾക്ക്‌ എങ്ങോട്ടു തിരിയാനാകും?

സദുപദേശത്തിനായി നിങ്ങൾക്ക്‌ എങ്ങോട്ടു തിരിയാനാകും?

“ഉപദേശ വ്യവസായം” ഇപ്പോൾ വർഷംതോറും കോടിക്കണക്കിന്‌ രൂപ കൊയ്യുന്ന ഒരു വൻ ബിസിനസ്‌ ആണ്‌. ആളുകൾക്കു സഹായം ആവശ്യമാണ്‌. മാനസികാരോഗ്യ വിദഗ്‌ധനായ ഹിൻസ്‌ ലമൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “[ഇന്നത്തെ സമൂഹത്തിന്‌] വിദ്യാഭ്യാസപരവും സാമൂഹികവുമായ പോരായ്‌മകളുണ്ട്‌. മതമൂല്യങ്ങൾ പണ്ട്‌ ആയിരുന്നതുപോലെ അല്ല ഇന്ന്‌. കുടുംബങ്ങൾ കൂടുതൽ അസ്ഥിരമാണ്‌. . . . തത്‌ഫലമായി എന്തു ചെയ്യണമെന്ന്‌ അറിയാത്ത അവസ്ഥയിലാണ്‌ ആളുകൾ.” ഗ്രന്ഥകാരനായ എറിക്‌ മൈസെൽ പറയുന്നു: “മാനസികവും ആത്മീയവും ശാരീരികവുമായ പ്രശ്‌നങ്ങളിൽ സഹായത്തിനായി തങ്ങളുടെ ഗോത്ര പൂജാരിയായ മന്ത്രവാദിയിലേക്കോ പാസ്റ്ററിലേക്കോ കുടുംബ ഡോക്ടറിലേക്കോ ഒക്കെ തിരിഞ്ഞിരുന്ന ആളുകൾ ഇന്ന്‌ സ്വാശ്രയ പുസ്‌തകങ്ങളിലേക്കാണ്‌ ഉത്തരത്തിനായി നോക്കുന്നത്‌.”

തഴച്ചുവളരുന്ന ഈ വ്യവസായത്തെ കുറിച്ച്‌ അന്വേഷിക്കാൻ അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷൻ ഒരു താത്‌കാലിക സമിതി രൂപീകരിച്ചു. “തങ്ങളെത്തന്നെയും മറ്റുള്ളവരെയും . . . മനസ്സിലാക്കാൻ അത്‌ ആളുകളെ വളരെയേറെ സഹായിച്ചേക്കാമെങ്കിലും, അതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളും അതിന്റെ പ്രശസ്‌തിയുമൊക്കെ പെരുപ്പിച്ചു കാട്ടുന്നതും വികാരാധിഷ്‌ഠിതവും” ആണെന്ന്‌ അവർ പറഞ്ഞു. ടൊറാന്റൊ സ്റ്റാറിലെ ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുന്നു: “മത-ആത്മീയ രംഗത്ത്‌ വർധിച്ചുവരുന്ന അനുകരണ പ്രസ്ഥാനങ്ങൾ സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക. . . . വളരെ കുറച്ചു സമയംകൊണ്ട്‌ വളരെ കുറഞ്ഞ ശ്രമത്താലോ ആത്മശിക്ഷണത്താലോ വളരെ കൂടുതൽ നേടാമെന്നു വാഗ്‌ദാനം ചെയ്യുന്ന സ്വാശ്രയ പുസ്‌തകങ്ങളുടെയോ ടേപ്പുകളുടെയോ സെമിനാറുകളുടെയോ കാര്യത്തിൽ വിശേഷാൽ ജാഗ്രതയുള്ളവരായിരിക്കുക.” സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന അനേകർ ഉണ്ടെന്നുള്ളതു ശരിതന്നെ. എന്നാൽ, തത്ത്വദീക്ഷയില്ലാത്ത നിരവധി വ്യക്തികൾ യഥാർഥ സഹായമോ പരിഹാര മാർഗങ്ങളോ വാഗ്‌ദാനം ചെയ്യാതെ ആളുകളുടെ ഏകാന്തതയിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുതലെടുക്കുന്നു എന്നതാണ്‌ ദുഃഖകരമായ യാഥാർഥ്യം.

അപ്പോൾപ്പിന്നെ, ആശ്രയ യോഗ്യമായ സഹായത്തിന്റെ ഒരു മുഖ്യ ഉറവ്‌ ഏതാണ്‌? എല്ലായ്‌പോഴും പ്രായോഗികമായ ഉപദേശം നമുക്ക്‌ എവിടെ കണ്ടെത്താനാകും?

തെറ്റുപറ്റാത്ത മാർഗനിർദേശത്തിന്റെ ഉറവ്‌

19-ാം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ പ്രഭാഷകനായിരുന്ന ഹെൻട്രി വാർഡ്‌ ബീച്ചർ ഇങ്ങനെ പറഞ്ഞു: “നമ്മെ വഴിനയിക്കാൻ, ജീവിതത്തിന്റെ കപ്പൽച്ചേതത്തിൽനിന്നു സംരക്ഷിക്കാൻ, തുറമുഖം എവിടെയാണെന്നും പാറക്കെട്ടിലും മണൽത്തിട്ടയിലും ഇടിക്കാതെ അവിടെ എങ്ങനെ എത്തിച്ചേരാമെന്നും നമുക്കു കാണിച്ചുതരാൻ ദൈവം തന്നിരിക്കുന്ന നാവികഭൂപടം ആണ്‌ ബൈബിൾ.” മറ്റൊരു വ്യക്തി ബൈബിളിനെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ആരും ഒരിക്കലും തിരുവെഴുത്തുകളെ കടത്തിവെട്ടുന്നില്ല; നമുക്കു പ്രായമേറുന്തോറും ആ പുസ്‌തകം വിസ്‌തൃതിയും ആഴവും കൈവരിക്കുന്നു.” നിങ്ങൾ ഈ ഗ്രന്ഥത്തിന്‌ ഗൗരവപൂർവമായ പരിഗണന കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

ബൈബിൾ അതിനെക്കുറിച്ചുതന്നെ അംഗീകാരപൂർവം ഇങ്ങനെ പറയുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:16, 17) ബൈബിളിലെ വിവരങ്ങളുടെ ഉറവിടം ജീവന്റെ തന്നെ ഉറവായ യഹോവയാം ദൈവമാണ്‌. (സങ്കീർത്തനം 36:9) ജീവന്റെ ഉറവ്‌ എന്ന നിലയിൽ അവനു നമ്മുടെ ഘടന നന്നായി അറിയാം. അതേക്കുറിച്ച്‌ സങ്കീർത്തനം 103:14 നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” അതുകൊണ്ട്‌ ബൈബിളിന്റെ മൂല്യത്തിൽ നമുക്കു പൂർണമായ ഉറപ്പ്‌ ഉണ്ടായിരിക്കാൻ കഴിയും.

വാസ്‌തവത്തിൽ, നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ഏതൊരു സാഹചര്യത്തിലും പ്രയോജനകരമായി ബാധമാക്കാൻ കഴിയുന്ന ഒട്ടനേകം തത്ത്വങ്ങളും മാർഗനിർദേശങ്ങളും ബൈബിളിലുണ്ട്‌. ദൈവം ബൈബിളിലൂടെ നമ്മോട്‌ ഇങ്ങനെ പറയുന്നു: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ.” (യെശയ്യാവു 30:21) ബൈബിളിന്‌ ഇന്നത്തെ ആളുകളുടെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്താൻ വാസ്‌തവത്തിൽ കഴിയുമോ? നമുക്കു നോക്കാം.

. . .ബൈബിൾ നമ്മുടെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നു

ഉത്‌കണ്‌ഠകൾ തരണം ചെയ്യുന്ന കാര്യത്തിൽ. ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) സാമ്പത്തിക ബുദ്ധിമുട്ടോ ലൈംഗിക പീഡനമോ ചീത്തപറച്ചിലോ പ്രിയപ്പെട്ടവരുടെ മരണമോ ഉളവാക്കുന്ന വൈകാരിക ആകുലതകളെ തരണം ചെയ്യുന്നതിൽ പ്രാർഥന ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ടോ? തുടർന്നു വരുന്ന അനുഭവം പരിചിന്തിക്കുക.

തന്റെ പുത്രി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിയ ജാക്കി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എന്റെ കുട്ടിയെ സംരക്ഷിക്കാൻ കഴിയാഞ്ഞതിന്റെ കുറ്റബോധത്തെ വാക്കുകൾകൊണ്ടു വിവരിക്കാനാവില്ല. എനിക്ക്‌ എപ്പോഴും നിരാശയും നീരസവും ദേഷ്യവും തോന്നിയിരുന്നു. ആ വികാരങ്ങൾ എന്റെ ജീവിതത്തെ നശിപ്പിക്കാൻ തുടങ്ങുകയായിരുന്നു. എന്റെ ഹൃദയത്തെ കാത്തുസംരക്ഷിക്കാൻ എനിക്ക്‌ യഹോവയുടെ സഹായം വളരെയേറെ ആവശ്യമായിരുന്നു.” ഫിലിപ്പിയർ 4:6, 7 വീണ്ടും വീണ്ടും വായിച്ചശേഷം അതിലെ ബുദ്ധിയുപദേശം ബാധകമാക്കാൻ അവർ യത്‌നിച്ചു. “നിഷേധാത്മക വികാരങ്ങളാൽ ഞാൻ എന്നെത്തന്നെ നശിപ്പിക്കാതിരിക്കാൻ സഹായിക്കണമേ എന്ന്‌ ആവർത്തിച്ച്‌ അപേക്ഷിച്ചുകൊണ്ട്‌ ഞാൻ എല്ലാ ദിവസവും പ്രാർഥിക്കുന്നു. ശാന്തവും സന്തുഷ്ടവുമായ ഒരു മാനസികാവസ്ഥ കൈവരിക്കാൻ യഹോവ എന്നെ സഹായിച്ചിരിക്കുന്നു. എനിക്ക്‌ ഇപ്പോൾ നല്ല ആന്തരിക സമാധാനം അനുഭവപ്പെടുന്നു,” ജാക്കി വിവരിക്കുന്നു.

നിങ്ങളുടെ നിയന്ത്രണത്തിനോ കഴിവിനോ അതീതവും വൈകാരിക ആകുലതകൾക്ക്‌ ഇടയാക്കുന്നതുമായ സാഹചര്യങ്ങളിൽ നിങ്ങളും എത്തിപ്പെട്ടേക്കാം. പ്രാർഥിക്കാനുള്ള ബൈബിളിന്റെ ഉദ്‌ബോധനം പിൻപറ്റുന്നതിനാൽ നിങ്ങൾക്ക്‌ അതിനെ ഫലപ്രദമായി തരണം ചെയ്യാനാകും. സങ്കീർത്തനക്കാരൻ നമ്മെ ഈ വാക്കുകളാൽ പ്രോത്സാഹിപ്പിക്കുന്നു: “നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.”—സങ്കീർത്തനം 37:5.

പ്രോത്സാഹനത്തിന്റെ കാര്യത്തിൽ. സങ്കീർത്തനക്കാരൻ പിൻവരുന്ന വാക്കുകളിൽ തന്റെ വിലമതിപ്പു പ്രകടിപ്പിച്ചു: “യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു. എന്റെ കാലടി സമനിലത്തു നില്‌ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്‌ത്തും.” (സങ്കീർത്തനം 26:8, 12) യഹോവയെ ആരാധിക്കുന്നതിനു പതിവായി ഒന്നിച്ചു കൂടാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഈ സഹവാസത്തിനു നിങ്ങളുടെ ആവശ്യങ്ങളെ എങ്ങനെ തൃപ്‌തിപ്പെടുത്താനാകും? മറ്റുള്ളവർ അതു സംബന്ധിച്ച്‌ എന്തു തിരിച്ചറിഞ്ഞിരിക്കുന്നു?

ബെക്കി ഇങ്ങനെ വിവരിക്കുന്നു: “എന്റെ മാതാപിതാക്കൾ യഹോവയുടെ ആരാധകരല്ല. അതുകൊണ്ട്‌ അവന്റെ സേവനത്തോടു ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ അവർ എന്നെ എതിർക്കുന്നു. വളരെയേറെ പണിപ്പെട്ടാലേ എനിക്കു യോഗങ്ങൾക്കു ഹാജരാകാൻ സാധിക്കൂ.” ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകാൻ സകല ശ്രമവും ചെയ്‌തതിന്റെ ഫലമായി അനേകം അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നതായി അവൾ കരുതുന്നു. “ഒരു വിദ്യാർഥിനി, മകൾ, യഹോവയുടെ ഒരു ആരാധിക എന്നീ നിലകളിലുള്ള അനുദിന സമ്മർദങ്ങളെ ചെറുത്തു നിൽക്കാൻ തക്കവണ്ണം യോഗങ്ങൾ എന്റെ വിശ്വാസത്തെ ശക്തമാക്കുന്നു. രാജ്യഹാളിലെ ആളുകൾ സ്‌കൂളിലെ കുട്ടികളിൽനിന്നു വളരെ വ്യത്യസ്‌തരാണ്‌! അവർ കരുതലുള്ളവരും സഹായമനസ്‌കരുമാണ്‌, അവരുമായുള്ള സംഭാഷണങ്ങൾ എപ്പോഴും പ്രോത്സാഹജനകമാണ്‌. അവർ യഥാർഥ സുഹൃത്തുക്കളാണ്‌.”

അതേ, പതിവായി കൂടിവരാനുള്ള ബൈബിളിന്റെ മാർഗനിർദേശം നാം പിൻപറ്റുന്നെങ്കിൽ പ്രോത്സാഹനത്തിനുള്ള നമ്മുടെ ആവശ്യം യഹോവ നിറവേറ്റും. ഇവിടെയാണ്‌ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളുടെ സത്യത നാം അനുഭവിച്ചറിയുന്നത്‌: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു.”—സങ്കീർത്തനം 46:1.

സംതൃപ്‌തികരവും മൂല്യവത്തുമായ വേലയുടെ കാര്യത്തിൽ: “ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ” എന്ന്‌ ബൈബിൾ ശുപാർശചെയ്യുന്നു. (1 കൊരിന്ത്യർ 15:58) “കർത്താവിന്റെ വേല” യഥാർഥത്തിൽ സംതൃപ്‌തിദായകമാണോ? ക്രിസ്‌തീയ ശുശ്രൂഷയിലൂടെ മൂല്യവത്തായ എന്തെങ്കിലും നിർവഹിക്കാനാകുമോ?

അതു സംബന്ധിച്ച്‌ അമല്യാ പറയുന്നത്‌ ഇങ്ങനെയാണ്‌: “വിവാഹമോചനത്തിന്റെ വക്കിൽ എത്തിനിന്നിരുന്ന ഒരു ദമ്പതികളെ ഞാൻ ബൈബിൾ പഠിപ്പിച്ചു. മകൾ മൃഗീയമായി കൊല്ലപ്പെട്ട ഒരു സ്‌ത്രീയെയും ഞാൻ സഹായിച്ചു. മരിച്ചവരുടെ അവസ്ഥയെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ അവരെ വേദനിപ്പിച്ചിരുന്നു. ഈ രണ്ടു സാഹചര്യങ്ങളിലും, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയത്‌ അവർക്കു ജീവിതത്തിൽ സമാധാനവും പ്രത്യാശയും നൽകി. അവരെ സഹായിക്കുന്നതിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞതിൽ എനിക്കു വലിയ സന്തോഷവും സംതൃപ്‌തിയും തോന്നുന്നു.” സ്‌കോട്ട്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾക്കു വയൽ ശുശ്രൂഷയിൽ നല്ല ഒരു അനുഭവമുണ്ടെങ്കിൽ, ഒരു പുതിയ ബൈബിൾ അധ്യയനം ആരംഭിക്കാൻ കഴിഞ്ഞെങ്കിൽ, അനൗപചാരിക സാക്ഷീകരണത്തിൽ വിജയം ആസ്വദിക്കാനായെങ്കിൽ നിങ്ങൾ അതേക്കുറിച്ചു വർഷങ്ങളോളം സംസാരിക്കും. ഓരോ പ്രാവശ്യവും അതു പറയുമ്പോൾ അന്നത്തെ അതേ വികാരങ്ങളും ആവേശവും വീണ്ടും അനുഭവിക്കുന്നു! ശുശ്രൂഷയിൽനിന്നാണ്‌ ഏറ്റവും വലുതും നിലനിൽക്കുന്നതുമായ സന്തോഷം കൈവരുന്നത്‌.”

സജീവ ശുശ്രൂഷകരായിത്തീരാനുള്ള ബൈബിൾ നിർദേശം ബാധകമാക്കുന്നത്‌ സംതൃപ്‌തികരവും മൂല്യവത്തുമായ വേല ആസ്വദിക്കാനുള്ള ഇവരുടെ ആഗ്രഹത്തെ തൃപ്‌തിപ്പെടുത്തിയിരിക്കുന്നു എന്നു വ്യക്തം. ദൈവത്തിന്റെ വഴികളെയും തത്ത്വങ്ങളെയും കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്ന, അതേസമയം നിങ്ങൾക്കുതന്നെ പ്രയോജനം ചെയ്യുന്ന, ഈ വേലയിൽ പങ്കുപറ്റാൻ നിങ്ങളെയും ക്ഷണിക്കുന്നു.—യെശയ്യാവു 48:17; മത്തായി 28:19, 20.

ദൈവവചനത്തിൽനിന്നു പ്രയോജനം നേടൽ

ഇന്നത്തെ ലോകത്തിൽ പ്രായോഗികമായ മാർഗനിർദേശങ്ങളുടെ ആശ്രയയോഗ്യമായ ഉറവാണ്‌ ബൈബിൾ എന്നതിൽ തെല്ലും സംശയമില്ല. അതിൽനിന്നു പ്രയോജനം നേടുന്നതിനു തുടർച്ചയായ ശ്രമം ആവശ്യമാണ്‌. നാം അതു പതിവായി വായിക്കണം, പഠിക്കണം, ധ്യാനിക്കണം. പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഈ സംഗതികളെക്കുറിച്ചു ധ്യാനിക്കുക; അവയിൽ ആമഗ്നനായിരിക്കുക, അങ്ങനെ നിന്റെ പുരോഗതി എല്ലാവർക്കും പ്രകടമായിത്തീരട്ടെ.” (1 തിമൊഥെയൊസ്‌ 4:15, NW; ആവർത്തനപുസ്‌തകം 11:18-21) ബൈബിളിലൂടെ ദൈവം പ്രദാനം ചെയ്യുന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നെങ്കിൽ നാം വിജയപ്രദരായിരിക്കും എന്ന്‌ അവൻ ഉറപ്പുതരുന്നു. അവൻ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “യഹോവയിൽ ആശ്രയിക്ക; . . . നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.

[31-ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ ജീവിതത്തെ സംതൃപ്‌തവും ധന്യവുമാക്കുന്നു