വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാണാൻ കഴിയാത്ത കാര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുവോ?

കാണാൻ കഴിയാത്ത കാര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുവോ?

കാണാൻ കഴിയാത്ത കാര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുവോ?

‘കാണാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളൂ’ എന്ന്‌ ആരെങ്കിലും പറയുന്നെങ്കിൽ അയാൾ വസ്‌തുതകൾക്കു ചേർച്ചയിലല്ല സംസാരിക്കുന്നത്‌. കാരണം, കാണാൻ കഴിയാത്ത കാര്യങ്ങളിൽ നമ്മളെല്ലാം വിശ്വസിക്കുന്നുണ്ട്‌.

ഉദാഹരണത്തിന്‌, സ്‌കൂളിലായിരിക്കെ, കാന്തികമണ്ഡലത്തിന്റെ അസ്‌തിത്വം തെളിയിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പരീക്ഷണം നിങ്ങൾ ചെയ്‌തിട്ടുണ്ടാകും. അത്‌ ഇങ്ങനെയാണ്‌: ഒരു കടലാസിൽ ഇരിമ്പു തരികൾ വിതറുക. എന്നിട്ട്‌ കടലാസ്‌ ഒരു കാന്തത്തിന്റെ മുകളിൽ വെക്കുക. കടലാസ്‌ ചലിപ്പിക്കുമ്പോൾ ഇരുമ്പു തരികൾ, ഒരു മാജിക്ക്‌ എന്നപോലെ, കാന്തികധ്രുവങ്ങളുടെ അടുത്ത്‌ ശേഖരിക്കപ്പെടുകയും കാന്തികമണ്ഡലത്തിന്റെ മാതൃകയ്‌ക്കു രൂപംകൊടുക്കുകയും ചെയ്യുന്നു. നിങ്ങൾ അതു ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങൾക്കു വാസ്‌തവത്തിൽ കാന്തികമണ്ഡലം കാണാൻ സാധിച്ചോ? ഇല്ല, എന്നാൽ ഇരിമ്പു തരികളുടെ മേലുള്ള അതിന്റെ ഫലം നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയുന്നു. കാന്തികമണ്ഡലം സ്ഥിതിചെയ്യുന്നു എന്നുള്ളതിനുള്ള ബോധ്യംവരുത്തുന്ന തെളിവാണ്‌ അത്‌.

കാണാൻ കഴിയാത്ത മറ്റു കാര്യങ്ങളെയും നാം യാതൊരു മടിയും കൂടാതെ അംഗീകരിക്കുന്നു. മനോഹരമായ ഒരു ചിത്രരചന കാണുമ്പോൾ, അല്ലെങ്കിൽ ഒരു ശിൽപ്പവേലയെ പുകഴ്‌ത്തുമ്പോൾ, ഒരു ചിത്രകാരന്റെയോ ശിൽപ്പിയുടെയോ അസ്‌തിത്വത്തെ കുറിച്ച്‌ നമുക്ക്‌ യാതൊരു സംശയവുമില്ല. അതുകൊണ്ട്‌, നാം ഒരു വെള്ളച്ചാട്ടം കാണുകയോ ഒരു സൂര്യാസ്‌തമയത്തിന്റെ ഭംഗി ആസ്വദിക്കുകയോ ചെയ്യുമ്പോൾ, അവ മഹാനായൊരു കലാകാരന്റെ അല്ലെങ്കിൽ ശിൽപ്പിയുടെ സൃഷ്ടി ആയിരിക്കാനുള്ള സാധ്യതയെ കുറിച്ചെങ്കിലും ചിന്തിക്കാൻ നാം പ്രചോദിതരാകേണ്ടതല്ലേ?

ചിലർ വിശ്വസിക്കാത്തത്‌ എന്തുകൊണ്ട്‌?

വൈരുദ്ധ്യമെന്നു പറയട്ടെ, ദൈവത്തെ കുറിച്ച്‌ പള്ളിയിൽ പഠിപ്പിച്ച കാര്യങ്ങൾ ചിലരെ ദൈവവിശ്വാസം ഇല്ലാത്തവരാക്കിയിരിക്കുന്നു. ദൈവം ദുഷ്ടന്മാരെ ഒരു അഗ്നി നരകത്തിൽ ചുട്ടെരിക്കുന്നു എന്നു കേട്ടപ്പോൾ ഒരു നോർവേക്കാരനു സംഭവിച്ചത്‌ അതാണ്‌. മനുഷ്യരെ അത്തരത്തിൽ ദണ്ഡിപ്പിക്കുന്ന ഒരു ദൈവത്തെ കുറിച്ച്‌ അദ്ദേഹത്തിന്‌ ചിന്തിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ അദ്ദേഹം ഒരു നിരീശ്വരവാദി ആയിത്തീർന്നു.

എന്നാൽ പിന്നീട്‌ ആ വ്യക്തി, യഹോവയുടെ സാക്ഷികളിൽ ഒരാളുടെ സഹായത്തോടെ ബൈബിൾ പഠിച്ചു. ദുഷ്ടന്മാർ ഒരു അഗ്നി നരകത്തിൽ ദണ്ഡിപ്പിക്കപ്പെടുമെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നില്ലെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം അതിശയിച്ചുപോയി. ബൈബിൾ മരണത്തെ ഉറക്കത്തോട്‌ ഉപമിക്കുന്നു. ശവക്കുഴിയിൽ നാം വേദന അനുഭവിക്കുന്നില്ല; നാം ഒന്നിനെ കുറിച്ചും ബോധവാന്മാരല്ല. (സഭാപ്രസംഗി 9:5, 10) തങ്ങളുടെ പ്രവർത്തനഗതിക്കു മാറ്റം വരുത്താത്ത ദുഷ്ടന്മാർക്ക്‌ എക്കാലവും ശവക്കുഴിയിൽ തുടരേണ്ടിവരുമെന്നും ആ വ്യക്തി പഠിച്ചു. (മത്തായി 12:31, 32) മരിച്ചവരിൽ ശേഷിക്കുന്നവർ, പറുദീസാവസ്ഥകളിൽ നിത്യജീവൻ പ്രാപിക്കുന്നതിനുള്ള പ്രത്യാശയോടെ, ദൈവത്തിന്റെ തക്ക സമയത്തു പുനരുത്ഥാനം പ്രാപിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. (യോഹന്നാൻ 5:28, 29; 17:3) ഈ വിശദീകരണം യുക്തിസഹമായിരുന്നു. “ദൈവം സ്‌നേഹം തന്നേ” എന്ന ബൈബിൾ പ്രസ്‌താവനയോടു ചേർച്ചയിലുമായിരുന്നു. (1 യോഹന്നാൻ 4:8) ആത്മാർഥതയുണ്ടായിരുന്ന ആ വ്യക്തി ദൈവവചനത്തിന്റെ പഠനം തുടർന്നു. കാലാന്തരത്തിൽ അദ്ദേഹം ബൈബിളിലെ ദൈവത്തെ സ്‌നേഹിക്കാനിടയായി.

ദുരിതങ്ങളും അനീതിയും വ്യാപകമായിരിക്കുന്നതിനാൽ ചിലർ സ്‌നേഹവാനായ ഒരു സ്രഷ്ടാവിന്റെ അസ്‌തിത്വം തള്ളിക്കളയുന്നു. ഒരിക്കൽ സ്വർഗത്തെ പരാമർശിച്ചുകൊണ്ട്‌ പിൻവരുന്ന പ്രകാരം ചോദിച്ച ഒരു സ്വീഡൻകാരനോട്‌ അവർ യോജിക്കുന്നു: “ഇവിടെ താഴെ വളരെയേറെ അഴിമതിയും ദുഷ്ടതയും നടമാടുമ്പോൾ അവിടെ മുകളിൽ സർവശക്തനും തികച്ചും ഉദാരമതിയുമായ ഒരു ദൈവം ഉണ്ടായിരിക്കുന്നത്‌ എങ്ങനെ?” ആർക്കും അദ്ദേഹത്തിന്റെ ചോദ്യത്തിനു മറുപടി നൽകാൻ കഴിയാഞ്ഞതുകൊണ്ട്‌ അദ്ദേഹവും ഒരു നിരീശ്വരവാദി ആയിത്തീർന്നു. പിന്നീട്‌ അദ്ദേഹം യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. ‘ദൈവം ദുഷ്ടത അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?’ എന്ന യുഗപുരാതന ചോദ്യത്തിന്‌ ദൈവവചനം തൃപ്‌തികരമായ ഉത്തരം നൽകുന്നുവെന്ന്‌ അദ്ദേഹം മനസ്സിലാക്കി. *

ദുഷ്ടത നിലവിലുണ്ടെന്ന വസ്‌തുത ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവല്ലെന്ന്‌ ആത്മാർഥ ഹൃദയനായ ആ വ്യക്തി മനസ്സിലാക്കി. ദൃഷ്ടാന്തത്തിന്‌, ഒരുവൻ ഇറച്ചി നുറുക്കാനായി നിർമിച്ച കത്തികൊണ്ട്‌ മറ്റൊരാൾ ആരെയെങ്കിലും കൊല്ലുന്നു എന്നുകരുതി ഒരിക്കലും കത്തിക്ക്‌ ഒരു നിർമാതാവ്‌ ഇല്ലെന്ന്‌ വരുന്നില്ല. സമാനമായി, ഭൂമിയെ അതിന്റെ യഥാർഥ ഉദ്ദേശ്യത്തിനു ചേർച്ചയിലല്ല ആളുകൾ ഇന്ന്‌ ഉപയോഗിക്കുന്നത്‌ എന്ന വസ്‌തുത അതിന്‌ ഒരു സ്രഷ്ടാവ്‌ ഇല്ലെന്ന്‌ അർഥമാക്കുന്നില്ല.

ദൈവത്തിന്റെ പ്രവൃത്തി പൂർണമാണെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. അവൻ “വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്‌തകം 32:4) ദൈവം മനുഷ്യർക്കു നല്ല ദാനങ്ങൾ നൽകുന്നു. എന്നാൽ ചില ദാനങ്ങൾ ആളുകൾ ദുരുപയോഗം ചെയ്‌തിരിക്കുന്നു. അത്‌ അസംഖ്യം ദുരിതങ്ങൾക്ക്‌ ഇടയാക്കിയിരിക്കുന്നു. (യാക്കോബ്‌ 1:17) എന്നാൽ ദൈവം ദുരിതങ്ങൾക്ക്‌ അറുതിവരുത്തും. അതിനുശേഷം, “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; . . . [അവർ] എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:11, 29)

സഹമനുഷ്യരുടെ ദുരിതങ്ങൾ, നേരത്തെ പരാമർശിച്ച സ്വീഡൻകാരന്റെ വികാരങ്ങളെ തൊട്ടുണർത്തി. മറ്റുള്ളവരെ കുറിച്ചുള്ള ആർദ്രമായ ഈ താത്‌പര്യംതന്നെ ദൈവത്തിന്റെ അസ്‌തിത്വത്തെ സ്ഥിരീകരിക്കുന്നു. അത്‌ എങ്ങനെ?

അനേകരെ സംബന്ധിച്ചും, ദൈവത്തിലുള്ള വിശ്വാസത്തിനു പകരമായി പരിണാമ വിശ്വാസം മാത്രമേ ഉള്ളൂ. പരിണാമവാദികൾ പഠിപ്പിക്കുന്നത്‌ “ഏറ്റവും അർഹതയുള്ളവയുടെ അതിജീവനം” എന്ന തത്ത്വമാണ്‌. അതായത്‌ മനുഷ്യരും മൃഗങ്ങളും തങ്ങളുടെതന്നെ ഇടയിൽ അതിജീവനത്തിനായി മത്സരിക്കുന്നു. ഏറ്റവും അർഹതയുള്ളവ അതിജീവിക്കുന്നു; ഏറ്റവും ദുർബലമായവ നശിക്കുന്നു. അത്‌ ഒരു സ്വാഭാവിക ക്രമീകരണം ആണെന്ന്‌ അവർ പറയുന്നു. ശക്തമായവയ്‌ക്ക്‌ ഇടം നൽകാനായി ദുർബലമായവ നശിക്കുക എന്നത്‌ “സ്വാഭാവിക”മാണെങ്കിൽ, ശക്തരായ ചില മനുഷ്യർ, ആ സ്വീഡൻകാരനെ പോലെ സഹമനുഷ്യരുടെ ദുരിതങ്ങൾ കണ്ട്‌ വേദനിക്കുന്നു എന്ന വസ്‌തുതയെ നമുക്ക്‌ എങ്ങനെ വിശദീകരിക്കാനാകും?

ദൈവത്തെ അറിയൽ

നമുക്കു ദൈവത്തെ കാണാൻ സാധിക്കില്ല. എന്തെന്നാൽ അവന്‌ ഒരു ജഡശരീരമില്ല. എങ്കിലും നാം ദൈവത്തെ അറിയണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. അവനെ അടുത്തു പരിചയപ്പെടാനുള്ള ഒരു മാർഗം അവന്റെ അതിശയകരമായ പ്രവൃത്തികളെ, സൃഷ്ടിയിലെ “ചിത്രരചന”കളെയും “ശിൽപ്പങ്ങ”ളെയും, നിരീക്ഷിക്കുക എന്നതാണ്‌. റോമർ 1:20-ൽ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “[ദൈവത്തിന്റെ] നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.” അതേ, ഒരു ചിത്രത്തെയോ ശിൽപ്പത്തെയോ കുറിച്ചു പഠിക്കുന്നത്‌ കലാകാരന്റെ വ്യക്തിത്വത്തെ കുറിച്ച്‌ ഉൾക്കാഴ്‌ച നേടാൻ നിങ്ങളെ സഹായിക്കുന്നതു പോലെ, ദൈവത്തിന്റെ അതിശയകരമായ പ്രവൃത്തികളെ കുറിച്ചു ധ്യാനിക്കുന്നത്‌ അവന്റെ വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ നിങ്ങളെ സഹായിക്കും.

ദൈവത്തിന്റെ സൃഷ്ടിക്രിയകളെ നിരീക്ഷിക്കുന്നതിനാൽ മാത്രം നമുക്ക്‌ ജീവിതത്തിലെ ആകുലീകരിക്കുന്ന സകല ചോദ്യങ്ങൾക്കും ഉത്തരം തീർച്ചയായും ലഭിക്കില്ല. എന്നാൽ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ദൈവവചനമായ ബൈബിളിൽ കണ്ടെത്താൻ കഴിയും. മുമ്പു പ്രസ്‌താവിച്ച രണ്ടു വ്യക്തികളും, ദൈവം സ്ഥിതിചെയ്യുന്നുവെന്നും അവന്‌ നമ്മെ സംബന്ധിച്ച്‌ കരുതലുണ്ടെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നത്‌ ഒരു തുറന്ന മനസ്സോടെ ബൈബിൾ വായിച്ചതിനാലാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 8 ദൈവം ദുഷ്ടത അനുവദിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള കൂടുതലായ വിശദീകരണത്തിന്‌, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ പത്താം അധ്യായം കാണുക.

[28-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

J. Hester and P. Scowen (AZ State Univ.), NASA▸