വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ

നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ

നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ

“എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്‌നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.”—1 പത്രൊസ്‌ 2:17.

1, 2. ആളുകൾ ഇന്ന്‌ അധികാരത്തെ എങ്ങനെയാണു വീക്ഷിക്കുന്നത്‌? എന്തുകൊണ്ട്‌?

“കുട്ടികൾക്ക്‌ എല്ലാ അവകാശങ്ങളുമുണ്ട്‌. മാതാപിതാക്കളോട്‌ അവർക്ക്‌ യാതൊരു ബഹുമാനവുമില്ല,” ഒരു മാതാവ്‌ വിലപിക്കുന്നു. “അധികാരത്തെ ചോദ്യംചെയ്യുക,” ഒരു സ്റ്റിക്കറിലെ വാചകം അങ്ങനെയാണ്‌. ഇന്നു പരക്കെ നിലവിലിരിക്കുന്നതായി നിങ്ങൾക്ക്‌ അറിയാവുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ രണ്ടു പ്രതിഫലനങ്ങളാണ്‌ അവ. മാതാപിതാക്കളോടും അധ്യാപകരോടും തൊഴിലുടമകളോടും ഗവൺമെന്റ്‌ അധികാരികളോടും പൊതുവെയുള്ള ബഹുമാനമില്ലായ്‌മ ലോകത്തിൽ എവിടെയും കാണാം.

2 ‘അധികാരസ്ഥാനത്തുള്ളവർ എന്റെ ബഹുമാനം അർഹിക്കുന്നില്ല’ എന്നു ചിലർ പ്രതിഷേധപൂർവം പറഞ്ഞേക്കാം. ചില അവസരങ്ങളിൽ ആ അഭിപ്രായത്തോടു വിയോജിക്കുക ബുദ്ധിമുട്ടായിരിക്കാം. അഴിമതിക്കാരായ ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്മാരെയും അത്യാർത്തിപൂണ്ട തൊഴിലുടമകളെയും യോഗ്യതയില്ലാത്ത അധ്യാപകരെയും ദ്രോഹബുദ്ധികളായ മാതാപിതാക്കളെയും കുറിച്ചുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുന്നു. ക്രിസ്‌തീയ സഭയിൽ അധികാരസ്ഥാനത്ത്‌ ആയിരിക്കുന്നവരെ അങ്ങനെ വീക്ഷിക്കുന്ന ക്രിസ്‌ത്യാനികൾ അധികമില്ലെന്നുള്ളതു സന്തോഷകരമാണ്‌.—മത്തായി 24:45-47.

3, 4. അധികാരസ്ഥാനത്ത്‌ ഉള്ളവരെ ക്രിസ്‌ത്യാനികൾ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 ലൗകിക അധികാരികളെ ആദരിക്കാൻ ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമുക്കു “ശക്തമായ കാരണം” (NW) ഉണ്ട്‌. പൗലൊസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികളെ പിൻവരുന്ന പ്രകാരം ഉദ്‌ബോധിപ്പിച്ചു: “ഏതു മനുഷ്യനും ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.” (റോമർ 13:1, 2, 5; 1 പത്രൊസ്‌ 2:13-15) കുടുംബത്തിലെ അധികാരികളെ അനുസരിക്കേണ്ടതിന്റെ ഈടുറ്റ ഒരു കാരണവും പൗലൊസ്‌ വ്യക്തമാക്കി: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.” (കൊലൊസ്സ്യർ 3:18, 20) സഭാമൂപ്പന്മാരും നമ്മുടെ ബഹുമാനം അർഹിക്കുന്നവരാണ്‌. എന്തെന്നാൽ ‘ദൈവത്തിന്റെ സഭയെ മേയ്‌പാൻ പരിശുദ്ധാത്മാവു അവരെ അദ്ധ്യക്ഷരാക്കിവെച്ചിരിക്കുന്നു.’ (പ്രവൃത്തികൾ 20:28) യഹോവയോടുള്ള ആദരവു നിമിത്തമാണ്‌ നാം മാനുഷ അധികാരികളെ ബഹുമാനിക്കുന്നത്‌. അതുകൊണ്ട്‌, യഹോവയുടെ അധികാരത്തോടുള്ള ബഹുമാനമാണ്‌ നമ്മുടെ ജീവിതത്തിൽ എല്ലായ്‌പോഴും ഒന്നാമതു വരുന്നത്‌.—പ്രവൃത്തികൾ 5:29.

4 യഹോവയുടെ പരമാധികാരം മനസ്സിൽപ്പിടിച്ചുകൊണ്ട്‌, അധികാരസ്ഥാനത്തുള്ളവരെ ആദരിക്കാഞ്ഞ ചിലരുടെയും ആദരിച്ച ചിലരുടെയും ദൃഷ്ടാന്തങ്ങൾ നമുക്കു പരിശോധിക്കാം.

അനാദരവ്‌ അംഗീകാരം നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്നു

5. മീഖൾ ദാവീദിനോട്‌ അനാദരപൂർവകമായ ഏതു മനോഭാവം പ്രകടമാക്കി, ഫലമെന്തായിരുന്നു?

5 ദൈവദത്ത അധികാരത്തെ പുച്ഛിക്കുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നുവെന്ന്‌ ദാവീദു രാജാവിന്റെ ചരിത്രത്തിൽനിന്നു നമുക്കു കാണാൻ കഴിയും. നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരവെ, “ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു” അവന്റെ ഭാര്യയായ മീഖൾ “തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.” മീഖൾ ദാവീദിനെ തന്റെ കുടുംബത്തിന്റെ ശിരസ്സ്‌ എന്ന നിലയിൽ മാത്രമല്ല ദേശത്തിലെ രാജാവ്‌ എന്ന നിലയിലും അംഗീകരിക്കേണ്ടതായിരുന്നു. എന്നാൽ അവൾ പരിഹാസപൂർവം ഇങ്ങനെ പറഞ്ഞു: “നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽ രാജാവു ഇന്നു എത്ര മഹത്വമുള്ളവൻ”! തത്‌ഫലമായി മീഖളിന്‌ ഒരിക്കലും കുട്ടികൾ ഉണ്ടായില്ല.—2 ശമൂവേൽ 6:14-23.

6. തന്റെ അഭിഷിക്തരോടുള്ള കോരഹിന്റെ അനാദരവിനെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്‌?

6 ദിവ്യാധിപത്യ നേതൃത്വത്തോടുള്ള അനാദരവിന്റെ പ്രകടമായ ഒരു ദൃഷ്ടാന്തമായിരുന്നു കോരഹിന്റേത്‌. സമാഗമന കൂടാരത്തിൽ യഹോവയെ സേവിക്കാനുള്ള എത്ര മഹത്തായ ഒരു പദവിയാണ്‌ ഒരു കൊഹാത്യൻ എന്ന നിലയിൽ അവൻ ആസ്വദിച്ചിരുന്നത്‌! എന്നിട്ടും, യിസ്രായേല്യരുടെ നേതാക്കന്മാരായി ദൈവം അഭിഷേകം ചെയ്‌ത മോശെയിലും അഹരോനിലും അവൻ കുറ്റം കണ്ടുപിടിച്ചു. യിസ്രായേലിലെ മറ്റു പ്രധാനികളുമായി ചേർന്ന്‌ കോരഹ്‌ മോശെയോടും അഹരോനോടും ധിക്കാരപൂർവം ഇങ്ങനെ പറഞ്ഞു: “സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു?” കോരഹിന്റെയും അവനെ പിന്തുണച്ചവരുടെയും മനോഭാവത്തെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്‌? തന്നോടുള്ള അനാദരവായിട്ടാണ്‌ യഹോവ അതിനെ വീക്ഷിച്ചത്‌. ഭൂമി പിളർന്ന്‌ തങ്ങളുടെ പക്ഷത്തുള്ള സകലരെയും വിഴുങ്ങിക്കളയുന്നതു കണ്ട ശേഷം കോരഹും 250 പ്രധാനികളും യഹോവ അയച്ച അഗ്നിയാൽ നശിച്ചു.—സംഖ്യാപുസ്‌തകം 16:1-3, 28-35.

7. “അതിശ്രേഷ്‌ഠതയുള്ള അപ്പൊസ്‌തലന്മാ”ർക്ക്‌ പൗലൊസിന്റെ അധികാരത്തെ വിമർശിക്കാൻ എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?

7 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിലും ദിവ്യാധിപത്യ അധികാരത്തെ അനാദരിച്ചിരുന്നവർ ഉണ്ടായിരുന്നു. കൊരിന്ത്യ സഭയിലെ “അതിശ്രേഷ്‌ഠതയുള്ള അപ്പൊസ്‌തലന്മാ”ർക്കു പൗലൊസിനോട്‌ ആദരവില്ലായിരുന്നു. അവന്റെ പ്രസംഗ പ്രാപ്‌തിയെ വിമർശിച്ചുകൊണ്ട്‌ അവർ ഇങ്ങനെ പറഞ്ഞു: ‘അവന്റെ ശരീരസന്നിധി ബലഹീനവും വാക്കു നിന്ദ്യവുമത്രേ.’ (2 കൊരിന്ത്യർ 10:10; 11:5) പൗലൊസ്‌ ഒരു മികച്ച പ്രസംഗകൻ ആയിരുന്നെങ്കിലും അല്ലായിരുന്നെങ്കിലും, ഒരു അപ്പൊസ്‌തലൻ എന്ന നിലയിൽ അവൻ ആദരവ്‌ അർഹിച്ചിരുന്നു. എന്നാൽ അവന്റെ പ്രസംഗം വാസ്‌തവത്തിൽ നിന്ദ്യമായിരുന്നോ? അവൻ എത്ര ബോധ്യംവരുത്തുന്ന പ്രസംഗകൻ ആയിരുന്നു എന്ന്‌ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ പരസ്യ പ്രസംഗങ്ങൾ തെളിയിക്കുന്നു. എന്തിന്‌, “യെഹൂദന്മാരുടെ ഇടയിലെ . . . വാദമുഖങ്ങൾ സംബന്ധിച്ച്‌ പണ്ഡിതനായ” ഹെരോദാവ്‌ അഗ്രിപ്പാ രണ്ടാമനുമായി പൗലൊസ്‌ നടത്തിയ ഒരു ഹ്രസ്വ ചർച്ചയുടെ ഫലമായി ആ രാജാവ്‌, “ഒരു ക്രിസ്‌ത്യാനിയായിത്തീരാൻ അൽപ്പസമയംകൊണ്ട്‌ നീ എന്നെ പ്രേരിപ്പിക്കും” എന്നു പറഞ്ഞ ഘട്ടത്തിലെത്തി. (പ്രവൃത്തികൾ 13:15-43; 17:22-34; 26:1-28, NW) എന്നിട്ടും കൊരിന്തിലെ അതിശ്രേഷ്‌ഠ അപ്പൊസ്‌തലന്മാർ അവന്റെ പ്രസംഗം നിന്ദ്യമാണെന്ന്‌ ആരോപിച്ചു! അവരുടെ മനോഭാവത്തെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്‌? എഫെസൊസ്‌ സഭയിലെ മേൽവിചാരകന്മാർക്കുള്ള ഒരു സന്ദേശത്തിൽ, ‘അപ്പൊസ്‌തലന്മാരല്ലാതിരിക്കെ അപ്പൊസ്‌തലന്മാർ എന്നു പറഞ്ഞവരാൽ സ്വാധീനിക്കപ്പെടാൻ’ വിസമ്മതിച്ചവർക്ക്‌ അനുകൂലമായി യേശുക്രിസ്‌തു സംസാരിച്ചു.—വെളിപ്പാടു 2:2.

അപൂർണത ഉണ്ടായിരുന്നിട്ടും ആദരവ്‌

8. യഹോവ ശൗലിനു നൽകിയ അധികാരത്തെ താൻ ബഹുമാനിച്ചു എന്ന്‌ ദാവീദ്‌ പ്രകടമാക്കിയത്‌ എങ്ങനെ?

8 അധികാരസ്ഥാനത്തുള്ളവർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്‌തിട്ടും അവരെ ബഹുമാനിച്ച അനേകരെ കുറിച്ചുള്ള വിവരങ്ങൾ ബൈബിളിലുണ്ട്‌. ദാവീദ്‌ അക്കാര്യത്തിൽ നല്ല ദൃഷ്ടാന്തം വെച്ചു. അവൻ ശൗൽ രാജാവിന്റെ കീഴിലാണു സേവിച്ചിരുന്നത്‌. ദാവീദിന്റെ നേട്ടങ്ങളിൽ അസൂയ തോന്നിയ ശൗൽ അവനെ കൊല്ലാൻ ശ്രമിച്ചു. (1 ശമൂവേൽ 18:8-12; 19:9-11; 23:26) എന്നിട്ടും, ശൗലിനെ കൊല്ലാൻ അവസരം ലഭിച്ചപ്പോൾ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “എന്നെ സംബന്ധിച്ചിടത്തോളം, യഹോവയുടെ നിലപാടിൽ, യഹോവയുടെ അഭിഷിക്തന്‌ എതിരെ കൈ ഓങ്ങുന്നത്‌ അചിന്തനീയമാണ്‌.” (1 ശമൂവേൽ 24:3-6; 26:7-13, NW) ശൗലിന്റെ ചെയ്‌തികൾ തെറ്റാണെന്ന്‌ അറിയാമായിരുന്നെങ്കിലും ദാവീദ്‌ യഹോവയിൽ നിന്നുള്ള ന്യായവിധിക്കായി കാത്തിരുന്നു. (1 ശമൂവേൽ 24:12, 15; 26:22-24) ശൗലിനോടോ ശൗലിനെ സംബന്ധിച്ചോ ദാവീദ്‌ നിന്ദാപൂർവം സംസാരിച്ചില്ല.

9. (എ) ശൗലിന്റെ ദ്രോഹം ദാവീദിനെ എങ്ങനെ ബാധിച്ചു? (ബി) ശൗലിനോടുള്ള ദാവീദിന്റെ ആദരവ്‌ യഥാർഥമായിരുന്നെന്ന്‌ നമുക്ക്‌ എങ്ങനെ പറയാൻ കഴിയും?

9 ദ്രോഹം അനുഭവിച്ചപ്പോൾ ദാവീദിന്‌ ദുഃഖം തോന്നിയോ? “ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്ന്‌ ദാവീദ്‌ യഹോവയോടു വിലപിച്ചു പറഞ്ഞു. (സങ്കീർത്തനം 54:3) അവൻ തന്റെ ഹൃദയം യഹോവയുടെ മുമ്പാകെ പകർന്നു: “എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; . . . യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല. എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ.” (സങ്കീർത്തനം 59:1-4) സമാനമായി, അധികാരത്തിലുള്ള ഒരു വ്യക്തിക്കെതിരെ നിങ്ങൾ യാതൊരു തെറ്റും ചെയ്യാഞ്ഞിട്ടും അയാൾ നിങ്ങൾക്കു സദാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ശൗലിനോട്‌ ആദരവു പ്രകടമാക്കാൻ ദാവീദു പരാജയപ്പെട്ടില്ല. ശൗലിന്റെ മരണത്തിൽ സന്തോഷംകൊണ്ടു തുള്ളിച്ചാടുന്നതിനു പകരം ദാവീദ്‌ പിൻവരുന്ന വിലാപഗീതം രചിക്കുകയാണുണ്ടായത്‌: “ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; . . . അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ. യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിൻ.” (2 ശമൂവേൽ 1:23, 24) ശൗൽ ദാവീദിനെ ദ്രോഹിച്ചിരുന്നെങ്കിലും, യഹോവയുടെ അഭിഷിക്തനോടുള്ള യഥാർഥമായ ആദരവിന്റെ എത്ര നല്ല ദൃഷ്ടാന്തമാണ്‌ ദാവീദ്‌ വെച്ചത്‌!

10. ഭരണസംഘത്തിന്റെ ദൈവനിയമിത അധികാരത്തെ ബഹുമാനിക്കുന്നതിൽ പൗലൊസ്‌ എന്തു നല്ല ദൃഷ്ടാന്തം വെച്ചു, അത്‌ എന്തിന്‌ ഇടയാക്കി?

10 ദൈവനിയമിത അധികാരങ്ങളെ ബഹുമാനിച്ചതിന്റെ മുന്തിയ ദൃഷ്ടാന്തങ്ങൾ ക്രിസ്‌തീയ യുഗത്തിലും നമുക്കു കാണാൻ കഴിയും. ഉദാഹരണത്തിന്‌, പൗലൊസിന്റെ കാര്യമെടുക്കുക. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ ഭരണസംഘത്തിന്റെ തീരുമാനങ്ങളോട്‌ അവൻ ആദരവു പുലർത്തി. യെരൂശലേമിലേക്കുള്ള പൗലൊസിന്റെ അവസാന യാത്രയുടെ സമയത്ത്‌, മോശൈക ന്യായപ്രമാണത്തോട്‌ അവൻ യാതൊരു ശത്രുതയും വെച്ചുപുലർത്തുന്നില്ലെന്നു മറ്റുള്ളവരെ കാണിക്കാനായി ആചാരപരമായി സ്വയം ശുദ്ധീകരിക്കാൻ ഭരണസംഘം അവനെ ബുദ്ധിയുപദേശിച്ചു. പൗലൊസിനു വേണമെങ്കിൽ ഇങ്ങനെ ന്യായവാദം ചെയ്യാമായിരുന്നു: ‘എന്റെ ജീവന്‌ ഭീഷണി ഉയർന്നപ്പോൾ യെരൂശലേം വിട്ടുപോകാൻ ആ സഹോദരന്മാർ മുമ്പ്‌ എന്നോടു പറഞ്ഞു. എന്നിട്ടിപ്പോൾ, മോശൈക ന്യായപ്രമാണത്തെ ഞാൻ ആദരിക്കുന്നുവെന്ന്‌ പരസ്യമായി പ്രകടിപ്പിക്കാൻ അവർ പറയുന്നു. ന്യായപ്രമാണം അനുഷ്‌ഠിക്കുന്നതിൽനിന്ന്‌ ഒഴിഞ്ഞിരിക്കാൻ ഉപദേശിച്ചുകൊണ്ട്‌ ഞാൻ ഗലാത്യർക്കു ലേഖനം എഴുതി കഴിഞ്ഞതേയുള്ളൂ. ഞാൻ ഇപ്പോൾ ആലയത്തിലേക്കു പോയാൽ ആളുകൾ തെറ്റിദ്ധരിക്കും. പരിച്ഛേദനയേറ്റവരുമായി ഞാൻ അനുരഞ്‌ജനപ്പെടുകയാണെന്ന്‌ അവർ കരുതും.’ എന്നാൽ തെളിവനുസരിച്ച്‌, പൗലൊസ്‌ അപ്രകാരം ന്യായവാദം ചെയ്‌തില്ല. ക്രിസ്‌തീയ തത്ത്വങ്ങൾ സംബന്ധിച്ച യാതൊരു വിട്ടുവീഴ്‌ചയും ഉൾപ്പെട്ടിട്ടില്ലാഞ്ഞതിനാൽ അവൻ ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിന്റെ ബുദ്ധിയുപദേശത്തെ ആദരിക്കുകയും അനുസരിക്കുകയും ചെയ്‌തു. പൗലൊസിന്‌ ഒരു യഹൂദ ജനക്കൂട്ടത്തിന്റെ ആക്രമണത്തെ നേരിടേണ്ടിവന്നു എന്നതായിരുന്നു പെട്ടെന്നുണ്ടായ ഫലം. പടയാളികൾ അവനെ അതിൽനിന്നു രക്ഷിച്ചെങ്കിലും തുടർന്ന്‌ രണ്ടു വർഷം അവനു തടവറയിൽ കിടക്കേണ്ടിവന്നു. ഒടുവിൽ ദൈവഹിതം നടപ്പിലായി. പൗലൊസ്‌ കൈസര്യയിലെ ഉന്നത ഉദ്യോഗസ്ഥന്മാരോടു സാക്ഷീകരിച്ചു. തുടർന്ന്‌ കൈസറുടെ മുമ്പാകെ സാക്ഷീകരിക്കേണ്ടതിന്‌ ഗവൺമെന്റ്‌ ചെലവിൽ അവനെ റോമിലേക്കു കൊണ്ടുപോയി.—പ്രവൃത്തികൾ 9:26-30; 21:20-26; 23:11; 24:27; ഗലാത്യർ 2:12; 4:9, 10.

നിങ്ങൾ ആദരവു പ്രകടമാക്കുന്നുവോ?

11. ലൗകിക അധികാരികളോടു നമുക്ക്‌ എങ്ങനെ ആദരവ്‌ പ്രകടമാക്കാൻ കഴിയും?

11 അധികാരസ്ഥാനത്ത്‌ ഉള്ളവരോട്‌ നിങ്ങൾ ഉചിതമായ ആദരവ്‌ പ്രകടമാക്കുന്നുണ്ടോ? “എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; . . . മാനം കാണിക്കേണ്ടവന്നു മാനം” കൊടുപ്പിൻ എന്ന്‌ ക്രിസ്‌ത്യാനികളോടു കൽപ്പിച്ചിരിക്കുന്നു. “ശ്രേഷ്‌ഠാധികാരി”കളോടുള്ള നമ്മുടെ കീഴ്‌പ്പെടലിൽ നികുതി കൊടുക്കുന്നതു മാത്രമല്ല, പിന്നെയോ നമ്മുടെ നടത്തയിലും സംസാരത്തിലും അവരോടു ബഹുമാനം കാണിക്കുന്നതും ഉൾപ്പെടുന്നു. (റോമർ 13:1-7) എന്നാൽ, ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്മാർ പരുഷമായി പെരുമാറുന്ന പക്ഷം നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്‌? മെക്‌സിക്കോയിലെ ചിയാപ്പസ്‌ സംസ്ഥാനത്തെ ഒരു ജനസമുദായത്തിലെ അധികാരികൾ, മതപരമായ ചില ഉത്സവങ്ങളിൽ പങ്കുപറ്റാഞ്ഞതിന്‌ യഹോവയുടെ സാക്ഷികളായ 57 കുടുംബങ്ങളുടെ കൃഷിയിടം പിടിച്ചെടുത്തു. പ്രശ്‌നം പരിഹരിക്കാനായി നടത്തിയ യോഗത്തിൽ വൃത്തിയായും ഭംഗിയായും വസ്‌ത്രം ധരിച്ച്‌ എത്തിയ സാക്ഷികൾ എല്ലായ്‌പോഴും മാന്യതയോടെയും ആദരവോടെയുമാണു സംസാരിച്ചത്‌. ഒരു വർഷത്തിനു ശേഷം അവർക്ക്‌ അനുകൂലമായി തീരുമാനമുണ്ടായി. അവരുടെ മനോഭാവത്തിൽ വലിയ ആദരവ്‌ തോന്നിയ ചില നിരീക്ഷകർ യഹോവയുടെ സാക്ഷികൾ ആയിത്തീരാൻ ആഗ്രഹിച്ചു!

12. അവിശ്വാസിയായ ഭർത്താവിനോട്‌ ‘ആഴമായ ആദരവ്‌’ ഉണ്ടായിരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 കുടുംബത്തിലെ ദൈവദത്ത അധികാരത്തോട്‌ എങ്ങനെയാണ്‌ ആദരവു പ്രകടമാക്കാൻ കഴിയുന്നത്‌? തിന്മ സഹിക്കുന്നതിലെ യേശുവിന്റെ ദൃഷ്ടാന്തത്തെ കുറിച്ചു ചർച്ച ചെയ്‌ത ശേഷം പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ [“ആഴമായ ആദരവോടുകൂടിയ,” NW] നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.” (1 പത്രൊസ്‌ 3:1, 2; എഫെസ്യർ 5:22-24) ചില ഭർത്താക്കന്മാരുടെ പ്രവർത്തനം ആദരവ്‌ അർഹിക്കാത്തത്‌ ആണെങ്കിൽപ്പോലും ഭാര്യമാർ ‘ആഴമായ ആദരവോടെ’ അവർക്കു കീഴ്‌പെട്ടിരിക്കേണ്ടതിന്റെ പ്രാധാന്യം പത്രൊസ്‌ ഇവിടെ ഊന്നിപ്പറഞ്ഞു. ഭാര്യയുടെ ആദരപൂർവകമായ മനോഭാവം അവിശ്വാസിയായ ഭർത്താവിന്റെ ഹൃദയം നേടാൻ സഹായിച്ചേക്കാം.

13. ഭാര്യമാർക്കു ഭർത്താക്കന്മാരെ എങ്ങനെ ബഹുമാനിക്കാൻ കഴിയും?

13 ഈ തിരുവെഴുത്തുകളുടെ സന്ദർഭത്തിൽത്തന്നെ പത്രൊസ്‌, വിശ്വാസത്തിന്റെ ഒരു മുന്തിയ മാതൃകയായ അബ്രാഹിന്റെ ഭാര്യ സാറായുടെ ദൃഷ്ടാന്തത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. (റോമർ 4:16, 17; ഗലാത്യർ 3:6-9; 1 പത്രൊസ്‌ 3:6) ഭാര്യമാർ തങ്ങളുടെ വിശ്വാസികളായ ഭർത്താക്കന്മാർക്കു നൽകുന്ന ബഹുമാനം, അവിശ്വാസികളായ ഭർത്താക്കന്മാർക്കു അവരുടെ ഭാര്യമാർ നൽകുന്ന ബഹുമാനത്തെക്കാൾ കുറഞ്ഞതായിരിക്കാമോ? ചില കാര്യങ്ങളിൽ നിങ്ങൾ ഭർത്താവുമായി യോജിക്കുന്നില്ലെങ്കിലോ? ഇക്കാര്യത്തിൽ പൊതുവെ ബാധകമാക്കാൻ കഴിയുന്ന ഒരു ഉപദേശം യേശു നൽകി: “ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.” (മത്തായി 5:41) ഭർത്താവിന്റെ ഇഷ്ടങ്ങളോട്‌ സഹകരിച്ചുകൊണ്ട്‌ നിങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നുവോ? എന്നാൻ അതു വളരെയധികം ബുദ്ധിമുട്ടാണെന്നു തോന്നുന്നെങ്കിൽ, അത്‌ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം അദ്ദേഹവുമായി പങ്കുവെക്കുക. പറയാതെതന്നെ നിങ്ങളുടെ വികാരങ്ങൾ അദ്ദേഹത്തിന്‌ അറിയാമെന്ന്‌ ഒരിക്കലും കരുതരുത്‌. അതേസമയം, നിങ്ങളുടെ ആഗ്രഹങ്ങൾ അദ്ദേഹത്തെ അറിയിക്കുമ്പോൾ അത്‌ ആദരപൂർവം ചെയ്യുക. ബൈബിൾ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”—കൊലൊസ്സ്യർ 4:6.

14. മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

14 നിങ്ങളുടെ കുട്ടികളുടെ കാര്യമോ? ദൈവവചനം ഇങ്ങനെ കൽപ്പിക്കുന്നു: ‘മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “. . . നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്‌ദത്തത്തോടുകൂടിയ ആദ്യകല്‌പന ആകുന്നു.’ (എഫെസ്യർ 6:1-3) മാതാപിതാക്കളെ അനുസരിക്കുന്നത്‌, ‘അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നതിന്റെ’ പര്യായമായി പരിഗണിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. ‘ബഹുമാനം’ എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്‌ “അതിയായി വിലമതിക്കുക” അല്ലെങ്കിൽ “വിലകൽപ്പിക്കുക” എന്ന അർഥമാണ്‌ ഉള്ളത്‌. അതുകൊണ്ട്‌, നിങ്ങൾക്ക്‌ അന്യായമായി തോന്നിയേക്കാവുന്ന മാതൃ-പിതൃ നിയമങ്ങൾ മനസ്സില്ലാമനസ്സോടെ പിൻപറ്റുന്നതിലുമധികം കാര്യങ്ങൾ അനുസരണത്തിൽ ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ അതിയായി വിലമതിക്കാനും അവരുടെ മാർഗനിർദേശത്തിനു വിലകൽപ്പിക്കാനും ദൈവം നിങ്ങളോട്‌ ആവശ്യപ്പെടുന്നു.—സദൃശവാക്യങ്ങൾ 15:5.

15. മാതാപിതാക്കൾ തെറ്റു ചെയ്‌തെന്നു തോന്നിയാൽ പോലും കുട്ടികൾക്ക്‌ അവരോടുള്ള ആദരവു നിലനിറുത്താൻ കഴിയുന്നത്‌ എങ്ങനെ?

15 മാതാപിതാക്കളോടുള്ള നിങ്ങളുടെ ആദരവു കുറച്ചു കളയാൻ ഇടയാക്കുന്ന എന്തെങ്കിലും അവർ ചെയ്യുന്നെങ്കിലോ? കാര്യങ്ങളെ അവരുടെ സ്ഥാനത്തു നിന്നു കാണാൻ ശ്രമിക്കുക. ‘നിങ്ങളെ ജനിപ്പിച്ചതും’ നിങ്ങൾക്ക്‌ ആവശ്യമായതൊക്കെ പ്രദാനം ചെയ്യുന്നതും അവരല്ലേ? (സദൃശവാക്യങ്ങൾ 23:22) അവർ നിങ്ങളോടു വളരെ സ്‌നേഹമുള്ളവരല്ലേ? (എബ്രായർ 12:7-11) നിങ്ങൾക്ക്‌ എന്തു തോന്നുന്നുവെന്ന്‌ മാതാപിതാക്കളോടു സൗമ്യമായും ആദരവോടെയും പറയുക. നിങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത വിധത്തിൽ അവർ പ്രതികരിച്ചാൽപോലും അവരോട്‌ ആദരവില്ലാതെ സംസാരിക്കരുത്‌. (സദൃശവാക്യങ്ങൾ 24:29) ശൗൽ ദൈവത്തിന്റെ ബുദ്ധിയുപദേശം അനുസരിക്കാതിരുന്ന കാലത്തു പോലും ദാവീദ്‌ അവനോട്‌ എങ്ങനെ ആദരവ്‌ നിലനിറുത്തിയെന്ന്‌ ഓർമിക്കുക. നിങ്ങളുടെ വികാരങ്ങളെ നേരിടാൻ യഹോവയുടെ സഹായം തേടുക. “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ” എന്ന്‌ ദാവീദ്‌ പറഞ്ഞു. “ദൈവം നമുക്കു സങ്കേതമാകുന്നു.”—സങ്കീർത്തനം 62:8; വിലാപങ്ങൾ 3:25-27.

നേതൃത്വമെടുക്കുന്നവരെ ബഹുമാനിപ്പിൻ

16. വ്യാജ ഉപദേഷ്ടാക്കന്മാരുടെയും ദൂതന്മാരുടെയും ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

16 സഭാമൂപ്പന്മാർ പരിശുദ്ധാത്മാവിനാലാണ്‌ നിയമിക്കപ്പെടുന്നത്‌. എന്നിരുന്നാലും അവർ അപ്പോഴും അപൂർണരും തെറ്റു പറ്റുന്നവരുമാണ്‌. (സങ്കീർത്തനം 130:3; സഭാപ്രസംഗി 7:20; പ്രവൃത്തികൾ 20:28; യാക്കോബ്‌ 3:2) തത്‌ഫലമായി, സഭയിലെ ചിലർ മൂപ്പന്മാരുടെ പ്രവൃത്തികളിൽ അതൃപ്‌തരായിത്തീർന്നേക്കാം. സഭയിൽ ഒരു സംഗതി ശരിയായ വിധത്തിലല്ല കൈകാര്യം ചെയ്യപ്പെടുന്നതെന്നു നാം വിചാരിക്കുമ്പോൾ, അല്ലെങ്കിൽ അങ്ങനെ കാണപ്പെടുമ്പോൾ, നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്‌? ഒന്നാം നൂറ്റാണ്ടിലെ വ്യാജ ഉപദേഷ്ടാക്കന്മാരും ദൈവദൂതന്മാരും തമ്മിലുള്ള അന്തരം ശ്രദ്ധിക്കുക: “ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ (“യഹോവയോടുള്ള ആദരവു നിമിത്തം,” NW) അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ [വ്യാജ ഉപദേഷ്ടാക്കന്മാർ] മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.” (2 പത്രൊസ്‌ 2:10-13) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ അധികാരമുണ്ടായിരുന്ന മൂപ്പന്മാരായ “മഹിമകളെ” കുറിച്ച്‌ വ്യാജ ഉപദേഷ്ടാക്കന്മാർ ദുഷിച്ചു സംസാരിച്ചു. എന്നാൽ അതേസമയം, സഹോദരന്മാരുടെ ഇടയിൽ അനൈക്യം സൃഷ്ടിച്ചുകൊണ്ടിരുന്ന ആ വ്യാജ ഉപദേഷ്ടാക്കന്മാരെ കുറിച്ചു ദൂതന്മാർ ദുഷിച്ചു സംസാരിച്ചില്ല. കൂടുതൽ ഉന്നതമായ സ്ഥാനത്തുള്ളവരും മനുഷ്യരെക്കാൾ ഉയർന്ന നീതിബോധമുള്ളവരും ആയിരുന്ന ദൂതന്മാർക്ക്‌, സഭയിൽ എന്താണു നടക്കുന്നതെന്നു വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നിട്ടും, “യഹോവയോടുള്ള ആദരവു നിമിത്തം” അവർ യഹോവയുടെ ന്യായവിധിക്കായി കാത്തിരുന്നു.—എബ്രായർ 2:6, 7; യൂദാ 9.

17. മൂപ്പന്മാരുടെ നടപടി തെറ്റായിരുന്നു എന്നു നിങ്ങൾ കരുതുന്ന ഒരു പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ വിശ്വാസം ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

17 സഭയിൽ ഒരു സംഗതി കൈകാര്യം ചെയ്യപ്പെടുന്നത്‌ ഉചിതമായ വിധത്തിൽ അല്ലെങ്കിൽ പോലും, ക്രിസ്‌തീയ സഭയുടെ സ്‌നേഹമുള്ള ശിരസ്സ്‌ എന്ന നിലയിൽ ക്രിസ്‌തുവിൽ നമുക്കു വിശ്വാസം ഉണ്ടായിരിക്കേണ്ടതല്ലേ? ലോകത്തെമ്പാടുമുള്ള തന്റെ സഭയിൽ എന്താണു നടക്കുന്നതെന്ന്‌ അവന്‌ അറിയില്ലേ? സാഹചര്യത്തെ അവൻ കൈകാര്യം ചെയ്യുന്ന രീതിയെ നാം ആദരിക്കുകയും കാര്യങ്ങൾ നിയന്ത്രിക്കാനുള്ള അവന്റെ പ്രാപ്‌തിയെ നാം അംഗീകരിക്കുകയും ചെയ്യേണ്ടതല്ലേ? വാസ്‌തവത്തിൽ, ‘കൂട്ടുകാരനെ വിധിപ്പാൻ നാം ആർ?’ (യാക്കോബ്‌ 4:12; 1 കൊരിന്ത്യർ 11:3; കൊലൊസ്സ്യർ 1:18) നിങ്ങളുടെ ആകുലതകൾ പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ കൊണ്ടുവരരുതോ?

18, 19. ഒരു മൂപ്പൻ തെറ്റു ചെയ്‌തെന്നു തോന്നുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

18 മാനുഷ അപൂർണത നിമിത്തം പ്രയാസങ്ങളോ പ്രശ്‌നങ്ങളോ പൊന്തിവന്നേക്കാം. ഒരു മൂപ്പൻ തെറ്റു ചെയ്യുകയും ചിലർക്ക്‌ അത്‌ അസഹ്യമായിത്തീരുന്ന അവസരങ്ങളും ഉണ്ടാകാം. അത്തരം അവസരങ്ങളിൽ നാം എടുത്തുചാടി പ്രവർത്തിക്കുന്നതുകൊണ്ടു സാഹചര്യത്തിനു മാറ്റം വരില്ല. മിക്കപ്പോഴും അതു പ്രശ്‌നം വഷളാക്കുകയേ ഉള്ളൂ. യഹോവ കാര്യങ്ങൾ നേരെയാക്കുകയും ആവശ്യമായ ശിക്ഷണം തനിക്കു ബോധിച്ച സമയത്ത്‌ തന്റേതായ വിധത്തിൽ നടപ്പാക്കുകയും ചെയ്യുമെന്ന ബോധ്യത്തോടെ ആത്മീയ വിവേകമുള്ളവർ അവനായി കാത്തിരിക്കും.—2 തിമൊഥെയൊസ്‌ 3:16, 17; എബ്രായർ 12:7-11.

19 ഒരു സംഗതി നിങ്ങളെ അസഹ്യപ്പെടുത്തുന്നെങ്കിലോ? അതേക്കുറിച്ച്‌ സഭയിലെ മറ്റുള്ളവരോടു സംസാരിക്കുന്നതിനു പകരം, സഹായത്തിനായി ആദരപൂർവം മൂപ്പന്മാരെ സമീപിക്കരുതോ? വിമർശനബുദ്ധികളായിരിക്കാതെ, സംഗതി നിങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നു വിശദീകരിക്കുക. അവരോട്‌ എല്ലായ്‌പോഴും “സഹാനുഭൂതി” ഉണ്ടായിരിക്കുക. കാര്യങ്ങൾ തുറന്നു പറയവെ അവരോടുള്ള ആദരവു നിലനിർത്തുക. (1 പത്രൊസ്‌ 3:8, NW) കുത്തുവാക്കുകൾ ഉപയോഗിക്കരുത്‌, പകരം അവരുടെ ക്രിസ്‌തീയ പക്വതയിൽ വിശ്വാസം അർപ്പിക്കുക. അവർ ദയാപൂർവം നൽകിയേക്കാവുന്ന തിരുവെഴുത്തുപരമായ പ്രോത്സാഹനത്തെ വിലമതിക്കുക. കൂടുതൽ തിരുത്തൽ നടപടികൾ ആവശ്യമാണെന്നു തോന്നുന്നെങ്കിൽ, ഉചിതവും ശരിയുമായതു ചെയ്യാൻ തക്കവണ്ണം യഹോവ മൂപ്പന്മാരെ നയിക്കുമെന്ന്‌ ഉറപ്പുള്ളവരായിരിക്കുക.—ഗലാത്യർ 6:10; 2 തെസ്സലൊനീക്യർ 3:13.

20. അടുത്ത ലേഖനത്തിൽ നാം എന്താണു പരിചിന്തിക്കാൻ പോകുന്നത്‌?

20 എന്നാൽ, അധികാര സ്ഥാനത്തുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനെ കുറിച്ചു പറയുമ്പോൾ പരിഗണിക്കേണ്ടിയിരിക്കുന്ന മറ്റൊരു വശമുണ്ട്‌. ഒരു അധികാര സ്ഥാനത്ത്‌ നിയമിക്കപ്പെടുന്നവർ തങ്ങളുടെ പരിപാലനയിൻ കീഴിലുള്ളവരെ ആദരിക്കേണ്ടതല്ലേ? അടുത്ത ലേഖനത്തിൽ നമുക്ക്‌ ആ വിഷയം പരിചിന്തിക്കാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• അധികാരമുള്ളവരെ ബഹുമാനിക്കാൻ നമുക്ക്‌ ഏതു നല്ല കാരണമുണ്ട്‌?

• ദൈവദത്ത അധികാരത്തെ ആദരിക്കാത്തവരെ യഹോവയും യേശുവും എങ്ങനെ വീക്ഷിക്കുന്നു?

• അധികാരസ്ഥാനത്തുള്ളവരെ ബഹുമാനിച്ചതിന്റെ ഏതു നല്ല ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്‌?

• നമ്മുടെമേൽ അധികാരമുള്ള ഒരാൾ തെറ്റു ചെയ്‌തതായി തോന്നുന്നെങ്കിൽ നമുക്ക്‌ എന്തു ചെയ്യാനാകും?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

സാറാ അബ്രാഹാമിന്റെ അധികാരത്തെ ആഴമായി ആദരിച്ചു, അവൾ അതിൽ സന്തുഷ്ടയുമായിരുന്നു

[13-ാം പേജിലെ ചിത്രം]

കുടുംബത്തിന്റെ ശിരസ്സും രാജാവും എന്ന നിലയിലുള്ള ദാവീദിന്റെ അധികാരത്തെ മീഖൾ ആദരിച്ചില്ല

[15-ാം പേജിലെ ചിത്രം]

“എന്നെ സംബന്ധിച്ചിടത്തോളം, . . . യഹോവയുടെ അഭിഷിക്തന്‌ എതിരെ കൈ ഓങ്ങുന്നത്‌ അചിന്തനീയമാണ്‌”

[16-ാം പേജിലെ ചിത്രം]

നിങ്ങളുടെ ആകുലതകൾ പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ കൊണ്ടുവരരുതോ?