വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങൾ എല്ലാവരും സഹോദരന്മാർ’

‘നിങ്ങൾ എല്ലാവരും സഹോദരന്മാർ’

‘നിങ്ങൾ എല്ലാവരും സഹോദരന്മാർ’

“നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.”—മത്തായി 23:8.

1. ഏതു സംഗതി നമ്മുടെ പരിചിന്തനം അർഹിക്കുന്നു?

“ആരാണ്‌ കൂടുതൽ ബഹുമാനം അർഹിക്കുന്നത്‌, മിഷനറിയോ ബെഥേൽ അംഗമോ?” പൗരസ്‌ത്യ ദേശത്തുള്ള ഒരു ക്രിസ്‌തീയ വനിത ഓസ്‌ട്രേലിയയിൽനിന്നുള്ള ഒരു മിഷനറിയോടു നിഷ്‌കളങ്കമായി ചോദിച്ചു. മറ്റൊരു രാജ്യത്തുനിന്നുള്ള ഒരു മിഷനറിയെയാണോ അതോ വാച്ച്‌ടവർ സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്ന ഒരു പ്രാദേശിക ശുശ്രൂഷകനെയാണോ കൂടുതൽ ആദരിക്കേണ്ടതെന്ന്‌ അറിയാൻ ആ സഹോദരി ആഗ്രഹിച്ചു. സ്ഥാനമാനങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകുന്ന ഒരു സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന നിഷ്‌കളങ്കമായ ആ ചോദ്യം മിഷനറിയെ അതിശയിപ്പിച്ചു. എന്നാൽ, അധികാരത്തിന്റെയും സ്വാധീനത്തിന്റെയും നിരയിൽ ആളുകൾ എവിടെ നിൽക്കുന്നു എന്ന്‌ അറിയാനുള്ള ആഗ്രഹത്തിൽ നിന്നാണ്‌ ആരാണ്‌ വലിയവൻ എന്ന ചോദ്യം ഉത്ഭവിക്കുന്നത്‌.

2. സഹാരാധകരെ നാം എങ്ങനെ വീക്ഷിക്കണം?

2 ഇത്തരം ചിന്ത ഒരു പുതിയ സംഗതിയല്ല. തങ്ങളിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതിനെ കുറിച്ച്‌ യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽപ്പോലും നിരന്തരം തർക്കമുണ്ടായിരുന്നു. (മത്തായി 20:20-24; മർക്കൊസ്‌ 9:33-37; ലൂക്കൊസ്‌ 22:24-27) സ്ഥാനമാനങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകിയിരുന്ന ഒരു സംസ്‌കാരത്തിൽ നിന്നുള്ളവരായിരുന്നു അവരും, അതായത്‌ ഒന്നാം നൂറ്റാണ്ടിലെ യഹൂദ മത സംസ്‌കാരത്തിൽനിന്ന്‌. അത്തരം ഒരു സമൂഹത്തെ മനസ്സിൽ കണ്ടുകൊണ്ട്‌ യേശു തന്റെ ശിഷ്യന്മാരെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.” (മത്തായി 23:8) “ഗുരു” എന്ന്‌ അർഥമുള്ള “റബ്ബീ” എന്ന മതപരമായ സ്ഥാനപ്പേര്‌ “അതു ലഭിക്കുന്നവർക്ക്‌ അഭിമാനവും ശ്രേഷ്‌ഠതാഭാവവും, അതേസമയം അത്‌ ഇല്ലാത്തവർക്ക്‌ അസൂയയും അപകർഷബോധവും പകരാൻ ചായ്‌വുള്ള ഒന്നായിരുന്നു; അതിന്റെ മുഴു അന്തഃസത്തയും പ്രവണതയും ‘ക്രിസ്‌തുവിലെ ലാളിത്യ’ത്തിന്‌ വിരുദ്ധമായിരുന്നു” എന്ന്‌ ബൈബിൾ പണ്ഡിതനായ ആൽബെർട്ട്‌ ബാൻസ്‌ അഭിപ്രായപ്പെട്ടു. തീർച്ചയായും, ക്രിസ്‌ത്യാനികൾ മേൽവിചാരകന്മാരെ “. . . മൂപ്പൻ” എന്ന്‌ അഭിസംബോധന ചെയ്യുന്നില്ല, അതായത്‌ “മൂപ്പൻ” എന്ന പദത്തെ ഒരുവനെ പുകഴ്‌ത്താനുള്ള ഒരു സ്ഥാനപ്പേരായി ഉപയോഗിക്കുന്നില്ല. (ഇയ്യോബ്‌ 32:21, 22) മറിച്ച്‌, യേശുവിന്റെ ബുദ്ധിയുപദേശത്തിന്റെ അന്തഃസത്തയ്‌ക്കു ചേരുംവിധം ജീവിക്കുന്ന മൂപ്പന്മാർ സഭയിലെ മറ്റ്‌ അംഗങ്ങളെ ബഹുമാനിക്കുന്നു, യഹോവ തന്റെ വിശ്വസ്‌ത ആരാധകരെയും യേശുക്രിസ്‌തു തന്റെ വിശ്വസ്‌ത അനുഗാമികളെയും ബഹുമാനിക്കുന്നതു പോലെതന്നെ.

യഹോവയും യേശുവും വെച്ച മാതൃക

3. യഹോവ തന്റെ ആത്മസൃഷ്ടികളെ ബഹുമാനിച്ചത്‌ എങ്ങനെ?

3 യഹോവ “അത്യുന്നതൻ” ആണെങ്കിലും തന്റെ പ്രവൃത്തികളിൽ തന്റെ സൃഷ്ടികളെ ഉൾപ്പെടുത്തിക്കൊണ്ട്‌ ആരംഭം മുതൽ തന്നെ അവൻ അവരെ ബഹുമാനിച്ചു. (സങ്കീർത്തനം 83:18) ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ യഹോവ തന്റെ ഏകജാതപുത്രനെ ആ പദ്ധതിയിൽ ഒരു വിദഗ്‌ധ “ശില്‌പി”യായി ഉൾപ്പെടുത്തി. (സദൃശവാക്യങ്ങൾ 8:27-30; ഉല്‌പത്തി 1:26) ദുഷ്ടരാജാവായ ആഹാബിനെ നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ അത്‌ എപ്രകാരം ചെയ്യാമെന്നതു സംബന്ധിച്ച്‌ അഭിപ്രായം പറയാൻ അവൻ തന്റെ സ്വർഗീയ ദൂതന്മാരെ പോലും ക്ഷണിച്ചു.—1 രാജാക്കന്മാർ 22:19-23.

4, 5. യഹോവ തന്റെ മാനുഷ സൃഷ്ടികളെ ബഹുമാനിക്കുന്നത്‌ എങ്ങനെ?

4 യഹോവ പ്രപഞ്ചത്തിന്റെ അത്യുന്നത പരമാധികാരിയായി വാഴുന്നു. (ആവർത്തനപുസ്‌തകം 3:24) അവന്‌ മനുഷ്യരോട്‌ അഭിപ്രായം ആരായേണ്ട കാര്യമില്ല. എന്നിട്ടും അവരെ കണക്കിലെടുക്കേണ്ടതിന്‌ അവൻ, ആലങ്കാരികമായി പറഞ്ഞാൽ, തന്റെ അത്യുന്നത സ്ഥാനത്തുനിന്ന്‌ ഇറങ്ങിവരുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.”—സങ്കീർത്തനം 113:5-8.

5 സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കുന്നതിനു മുമ്പ്‌ യഹോവ അബ്രാഹാമിന്റെ ചോദ്യങ്ങൾ കേട്ടു, അവന്റെ നീതിബോധത്തെ തൃപ്‌തിപ്പെടുത്തി. (ഉല്‌പത്തി 18:23-33) അബ്രാഹാമിന്റെ അഭ്യർഥനകളുടെ അന്തിമഫലം എന്തായിരിക്കുമെന്ന്‌ യഹോവയ്‌ക്ക്‌ അപ്പോൾത്തന്നെ അറിയാമായിരുന്നെങ്കിലും അവൻ അബ്രാഹാം പറഞ്ഞത്‌ ക്ഷമയോടെ കേൾക്കുകയും അവന്റെ ന്യായവാദം സ്വീകരിക്കുകയും ചെയ്‌തു.

6. ഹബക്കൂക്‌ ഒരു ചോദ്യം ഉന്നയിച്ചപ്പോൾ യഹോവ അവനെ ബഹുമാനിച്ചതിന്റെ ഫലം എന്തായിരുന്നു?

6 ഹബക്കൂകിന്റെ വാക്കുകളും യഹോവ ശ്രദ്ധിച്ചു. അവൻ യഹോവയോട്‌ ഇങ്ങനെ ചോദിച്ചു: “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും?” തന്റെ അധികാരത്തിനു നേരെയുള്ള ഒരു വെല്ലുവിളിയായി യഹോവ അതിനെ വീക്ഷിച്ചോ? ഇല്ല, അവൻ ഹബക്കൂകിന്റെ ചോദ്യങ്ങളെ അതിന്റെ ശരിയായ അർഥത്തിൽത്തന്നെ എടുത്തു. ന്യായവിധി നടപ്പാക്കാനായി കൽദയരെ ഉണർത്താനുള്ള തന്റെ ഉദ്ദേശ്യം അവൻ വെളിപ്പെടുത്തുകയും ചെയ്‌തു. പ്രസ്‌തുത ന്യായവിധി “വരും നിശ്ചയം; താമസിക്കയുമില്ല” എന്ന്‌ അവൻ ആ പ്രവാചകന്‌ ഉറപ്പുനൽകി. (ഹബക്കൂക്ക്‌ 1:1, 2, 5, 6, 13, 14; 2:2, 3) ഹബക്കൂകിന്റെ ആകുലതകൾ ഗൗരവമായി എടുക്കുകയും അവന്‌ ഉത്തരം കൊടുക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവ ആ പ്രവാചകനെ ബഹുമാനിച്ചു. തത്‌ഫലമായി, അസ്വസ്ഥനായിരുന്ന ആ പ്രവാചകൻ തന്റെ രക്ഷയുടെ ദൈവത്തിൽ പൂർണമായി ആശ്രയം പ്രകടമാക്കിക്കൊണ്ട്‌ ഉത്സാഹഭരിതനും സന്തുഷ്ടനുമായിത്തീർന്നു. ഇന്ന്‌ യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ ശക്തീകരിക്കുന്ന, ഹബക്കൂക്‌ എന്ന ദൈവനിശ്വസ്‌ത പുസ്‌തകത്തിൽ നമുക്ക്‌ അതു കാണാൻ കഴിയും.—ഹബക്കൂക്‌ 3:18, 19.

7. പെന്തക്കോസ്‌തിൽ പത്രൊസ്‌ വഹിച്ച പങ്ക്‌ ശ്രദ്ധേയമായിരുന്നത്‌ എന്തുകൊണ്ട്‌?

7 മറ്റുള്ളവരോട്‌ ആദരവു പ്രകടമാക്കുന്നതിലെ മറ്റൊരു നല്ല മാതൃകയാണ്‌ യേശുക്രിസ്‌തു. ‘മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയു’മെന്ന്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു. (മത്തായി 10:32, 33) എന്നിരുന്നാലും അവനെ ഒറ്റിക്കൊടുത്ത രാത്രിയിൽ ശിഷ്യന്മാർ അവനെ ത്യജിച്ചു, പത്രൊസ്‌ അപ്പൊസ്‌തലൻ അവനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. (മത്തായി 26:34, 35, 69-75) പത്രൊസിന്റെ ബാഹ്യപ്രകൃതത്തിന്‌ അപ്പുറത്തേക്കു നോക്കിയ യേശു അവന്റെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ, അവന്റെ ആഴമായ അനുതാപം, പരിഗണനയിൽ എടുത്തു. (ലൂക്കൊസ്‌ 22:61, 62) വെറും 51 ദിവസം കഴിഞ്ഞ്‌ പെന്തക്കോസ്‌തു ദിവസത്തിൽ തന്റെ 120 ശിഷ്യന്മാരെ പ്രതിനിധാനം ചെയ്യാനും ‘രാജ്യത്തിന്റെ താക്കോലു’കളിൽ ആദ്യത്തേത്‌ ഉപയോഗിക്കാനും അനുതാപം പ്രകടമാക്കിയ അപ്പൊസ്‌തലനെ അനുവദിച്ചുകൊണ്ട്‌ യേശു അവനെ ബഹുമാനിച്ചു. (മത്തായി 16:19; പ്രവൃത്തികൾ 2:14-40) ‘തിരിഞ്ഞു വന്ന്‌ തന്റെ സഹോദരന്മാരെ ഉറപ്പിക്കാൻ’ പത്രൊസിന്‌ ഒരു അവസരം കൊടുക്കപ്പെട്ടു.—ലൂക്കൊസ്‌ 22:31-33.

കുടുംബാംഗങ്ങളെ ബഹുമാനിക്കൽ

8, 9. ഭാര്യയെ ബഹുമാനിക്കുന്ന കാര്യത്തിൽ ഒരു ഭർത്താവിന്‌ യഹോവയെയും യേശുവിനെയും അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

8 ദൈവദത്ത അധികാരം ഉപയോഗിക്കുന്നതിൽ ഭർത്താക്കന്മാരും മാതാപിതാക്കളും യഹോവയെയും യേശുക്രിസ്‌തുവിനെയും അനുകരിക്കേണ്ടതാണ്‌. പത്രൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “അങ്ങനെ തന്നേ ഭർത്താക്കന്മാരേ, . . . ഭാര്യമാരോടുകൂടെ വസിച്ചു, സ്‌ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ്‌ 3:7) ഒരു മരപ്പാത്രത്തെ അപേക്ഷിച്ച്‌ പെട്ടെന്ന്‌ ഉടഞ്ഞുപോകുന്ന ഒരു കളിമൺ പാത്രം ഉപയോഗിക്കുന്നതായി സങ്കൽപ്പിക്കുക. കൂടുതൽ ശ്രദ്ധാപൂർവം ആയിരിക്കില്ലേ നിങ്ങൾ അതു കൈകാര്യം ചെയ്യുക? യഹോവയെ അനുകരിച്ചുകൊണ്ട്‌, കുടുംബ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ഭാര്യയുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നതിനാൽ ഒരു ഭർത്താവിന്‌ അപ്രകാരം ചെയ്യാൻ കഴിയും. അബ്രാഹാമുമായി ന്യായവാദം ചെയ്യാൻ യഹോവ സമയമെടുത്തെന്ന്‌ ഓർമിക്കുക. അപൂർണൻ ആയതിനാൽ, ഉൾപ്പെട്ടിരിക്കുന്ന സംഗതിയുടെ മുഴു വ്യാപ്‌തിയും കാണാൻ ഭർത്താവിനു കഴിയാതെ പോയേക്കാം. ആയതിനാൽ, ഭാര്യയുടെ അഭിപ്രായം ആത്മാർഥമായി പരിഗണിച്ചുകൊണ്ട്‌ അവളെ ബഹുമാനിക്കുന്നതു ജ്ഞാനമായിരിക്കില്ലേ?

9 പുരുഷ മേധാവിത്വം ആഴത്തിൽ വേരൂന്നിയിട്ടുള്ള രാജ്യങ്ങളിൽ, തന്റെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന്‌ ഭാര്യ വലിയ ഒരു കടമ്പ കടക്കേണ്ടതുണ്ടെന്ന്‌ ഭർത്താവു മനസ്സിൽപ്പിടിക്കണം. തന്റെ ഭാവി വധുവിന്റെ ഭാഗമായ ശിഷ്യന്മാരോട്‌ ഭൂമിയിൽ ആയിരിക്കെ യേശുക്രിസ്‌തു ഇടപെട്ട വിധം അനുകരിക്കുക. അവർ തങ്ങളുടെ ആവശ്യങ്ങൾ പറയുന്നതിനു മുമ്പുതന്നെ അവരുടെ ശാരീരികവും ആത്മീയവുമായ പരിമിതികൾ കണ്ടറിഞ്ഞ്‌ അവൻ അവരെ പരിപാലിച്ചു. (മർക്കൊസ്‌ 6:31; യോഹന്നാൻ 16:12, 13; എഫെസ്യർ 5:28-30) കൂടാതെ, ഭാര്യ നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ സമയമെടുക്കുക, നിങ്ങളുടെ വിലതിപ്പു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടിപ്പിക്കുക. യഹോവയും യേശുവും യോഗ്യരായവരെ വിലമതിക്കുകയും അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തു. (1 രാജാക്കന്മാർ 3:10-14; ഇയ്യോബ്‌ 42:12-15; മർക്കൊസ്‌ 12:41-44; യോഹന്നാൻ 12:3-8) ഭർത്താവ്‌ യഹോവയുടെ സാക്ഷിയായിത്തീർന്ന ശേഷം പൗരസ്‌ത്യദേശത്തുള്ള ഒരു ക്രിസ്‌തീയ വനിത ഇങ്ങനെ പറഞ്ഞു: “എന്റെ ഭർത്താവ്‌ മുമ്പ്‌ സാധനങ്ങൾ എല്ലാം എന്റെ കയ്യിൽത്തന്നിട്ട്‌ മൂന്നു നാലു ചുവട്‌ മുന്നിൽ നടക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സഞ്ചി പിടിക്കുന്നത്‌ അദ്ദേഹമാണ്‌, ഞാൻ വീട്ടിൽ ചെയ്യുന്ന കാര്യങ്ങളോടു വിലമതിപ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നു!” നിങ്ങളുടെ ആത്മാർഥമായ ഒരു വിലമതിപ്പിൻ വാക്ക്‌, വിലയുള്ളവളാണെന്നു തോന്നാൻ ഭാര്യയെ വളരെയേറെ സഹായിക്കുന്നു.—സദൃശവാക്യങ്ങൾ 31:28.

10, 11. മത്സരികളായിരുന്ന ഇസ്രായേൽ ജനത്തോട്‌ യഹോവ ഇടപെട്ട നല്ല വിധത്തിൽനിന്നു മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

10 കുട്ടികളോട്‌ ഇടപെടുമ്പോൾ, വിശേഷിച്ചും ശാസന നൽകേണ്ടതുള്ളപ്പോൾ, മാതാപിതാക്കൾ ദൈവം വെച്ച മാതൃക അനുകരിക്കണം. തങ്ങളുടെ മോശമായ വഴികൾ വിട്ടുതിരിയാൻ പലവട്ടം ‘യഹോവ യിസ്രായേലിനോടും യെഹൂദയോടും കൽപ്പിച്ചിട്ടും അവർ ദുശ്ശാഠ്യം കാണിച്ചു.’ (2 രാജാക്കന്മാർ 17:13-15) യിസ്രായേല്യർ ‘വായ്‌കൊണ്ട്‌ അവനെ കബളിപ്പിക്കാനും നാവുകൊണ്ട്‌ അവനോടു ഭോഷ്‌ക്കു പറയാനും ശ്രമിച്ചു.’ (NW) തങ്ങളുടെ മക്കൾ ചിലപ്പോൾ ഇതുപോലെ പ്രവർത്തിക്കുന്നതായി പല മാതാപിതാക്കൾക്കും തോന്നിയേക്കാം. ഇസ്രായേല്യർ ദൈവത്തെ “പരീക്ഷിച്ചു.” അവനെ വേദനിപ്പിക്കുകയും വ്രണപ്പെടുത്തുകയും ചെയ്‌തു. എന്നിട്ടും യഹോവ അവരോടു “കരുണകാട്ടി അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു.”—സങ്കീർത്തനം 78:36-41, NW.

11 യഹോവ ഇസ്രായേല്യരോട്‌ ഇങ്ങനെ അഭ്യർഥിക്കുക പോലും ചെയ്‌തു: “വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം [“കാര്യങ്ങൾ നേരെയാക്കാം,” NW] . . . നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” (യെശയ്യാവു 1:18) തന്റെ ഭാഗത്ത്‌ യാതൊരു തെറ്റും ഇല്ലാതിരുന്നിട്ടും, വന്ന്‌ കാര്യങ്ങൾ നേരെയാക്കാൻ യഹോവ മത്സരികളായ ആ ജനതയെ ക്ഷണിച്ചു. മക്കളോടുള്ള ഇടപെടലിൽ മാതാപിതാക്കൾക്ക്‌ അനുകരിക്കാൻ കഴിയുന്ന എത്ര നല്ല മനോഭാവം! ആവശ്യം വരുമ്പോൾ, അവർക്കു പറയാനുള്ളത്‌ കേട്ടുകൊണ്ട്‌ അവരെ ബഹുമാനിക്കുക, അവർ മാറ്റം വരുത്തേണ്ടത്‌ എന്തുകൊണ്ടെന്ന്‌ അവരുമായി ന്യായവാദം ചെയ്യുക.

12. (എ) യഹോവയെക്കാൾ ഉപരിയായി മക്കളെ ബഹുമാനിക്കുന്നതു നാം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) കുട്ടികളെ ശാസിക്കുമ്പോൾ നാം അവരുടെ മാന്യതയെ ആദരിക്കണമെങ്കിൽ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

12 തീർച്ചയായും ചില അവസരങ്ങളിൽ കുട്ടികൾക്കു ശക്തമായ ബുദ്ധിയുപദേശം നൽകേണ്ടതുണ്ട്‌. ‘പുത്രന്മാരെ യഹോവയെക്കാൾ ബഹുമാനിച്ച’ ഏലിയെപ്പോലെ ആയിരിക്കാൻ മാതാപിതാക്കൾ ആരും ആഗ്രഹിക്കില്ല. (1 ശമൂവേൽ 2:29) എന്നാൽ, തിരുത്തലിനു പിന്നിലെ സദുദ്ദേശ്യം കുട്ടികൾക്കു മനസ്സിലാകണം. മാതാപിതാക്കൾ അവരെ വാസ്‌തവമായും സ്‌നേഹിക്കുന്നു എന്നു തിരിച്ചറിയാൻ അവർക്കു കഴിയണം. പൗലൊസ്‌ പിതാക്കന്മാരെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.” (എഫെസ്യർ 6:4) പിതാക്കന്മാരെന്ന നിലയിലുള്ള അധികാരം ഉപയോഗിക്കുമ്പോൾത്തന്നെ, അവർ തങ്ങളുടെ അമിതമായ പാരുഷ്യംകൊണ്ട്‌ കുട്ടികളെ കോപിപ്പിക്കാതെ അവരുടെ മാന്യതയെ ആദരിക്കണമെന്നാണ്‌ അതിന്റെ അർഥം. അതേ, കുട്ടികളുടെ മാന്യതയെ കണക്കിലെടുക്കുന്നതിന്‌ മാതാപിതാക്കളുടെ ഭാഗത്തു സമയവും ശ്രമവും ആവശ്യമാണ്‌. എന്നാൽ അതിന്റെ പ്രതിഫലം അതിനായി ചെയ്യുന്ന സകല ത്യാഗങ്ങളെക്കാളും മൂല്യവത്താണ്‌.

13. കുടുംബത്തിലെ പ്രായമായവരെ കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്‌?

13 കുടുംബാംഗങ്ങളോടു ബഹുമാനം പ്രകടമാക്കുന്നതിൽ, ഭാര്യയോടും മക്കളോടുമുള്ള ആദരവു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. “പ്രായമാകുമ്പോൾ മക്കളെ അനുസരിക്കുക” എന്ന്‌ ഒരു ജപ്പാൻ പഴമൊഴി പറയുന്നു. പ്രായമായ മാതാപിതാക്കൾ തങ്ങളുടെ അധികാരം അതിരുവിട്ടു പ്രയോഗിക്കാതെ പ്രായപൂർത്തിയായ മക്കൾ പറയുന്നതിനു ശ്രദ്ധ കൊടുക്കണമെന്നതാണ്‌ ആ പഴമൊഴിയുടെ പൊരുൾ. മാതാപിതാക്കൾ മക്കളെ ബഹുമാനിക്കുന്നതു തിരുവെഴുത്തുപരമാണ്‌. അതേസമയം മക്കൾ കുടുംബത്തിലെ പ്രായമായ അംഗങ്ങളോട്‌ അനാദരപൂർവകമായ ഒരു മനോഭാവം പ്രകടമാക്കരുത്‌. “നിന്റെ അമ്മ വൃദ്ധയായിരിക്കുന്നു എന്ന കാരണത്താൽ അവളെ നിന്ദിക്കരുത്‌” എന്ന്‌ സദൃശവാക്യങ്ങൾ 23:22 (NW) പറയുന്നു. ശലോമോൻ രാജാവ്‌ ഈ പഴമൊഴിക്കു ചേർച്ചയിൽ ജീവിച്ചു. ഒരു അഭ്യർഥന നടത്താനായി അവന്റെ പ്രായമായ അമ്മ, ബത്ത്‌-ശേബ അവനെ സമീപിച്ചപ്പോൾ അവൻ അവളെ ബഹുമാനിച്ചു. ശലോമോൻ അവളെ തന്റെ വലത്തുഭാഗത്ത്‌ ഒരു സിംഹാസനത്തിൽ ഇരുത്തുകയും അവൾക്കു പറയാനുള്ളതു ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്‌തു.—1 രാജാക്കന്മാർ 2:19, 20.

14. പ്രായമായ സഭാംഗങ്ങളെ നമുക്ക്‌ എങ്ങനെ ബഹുമാനിക്കാനാകും?

14 നമ്മുടെ വലിയ ആത്മീയ കുടുംബത്തിൽ, പ്രായമായ സഭാംഗങ്ങളോടു ബഹുമാനം കാണിക്കുന്നതിൽ ‘മുൻകൈയെടുക്കാൻ’ പറ്റിയ സ്ഥാനത്താണ്‌ നാം. (റോമർ 12:10, NW) കഴിഞ്ഞകാലത്ത്‌ അവർ ചെയ്‌തിരുന്ന അത്രയും കാര്യങ്ങൾ ചെയ്യാൻ അവർക്ക്‌ ഇപ്പോൾ കഴിയില്ലായിരിക്കാം, അത്‌ അവരെ നിരാശപ്പെടുത്തുന്നുമുണ്ടാകാം. (സഭാപ്രസംഗി 12:1-7) കിടപ്പിലായ, പ്രായമുള്ള ഒരു അഭിഷിക്ത സാക്ഷി ഒരിക്കൽ അത്തരം നിരാശ പ്രകടമാക്കുകയുണ്ടായി: “ഞാൻ മരിക്കാൻ അതിയായി ആഗ്രഹിക്കുന്നു, അങ്ങനെയാകുമ്പോൾ സ്വർഗത്തിലെത്തി എനിക്കു ജോലി പുനഃരാരംഭിക്കാൻ സാധിക്കുമല്ലോ.” പ്രായമായ അത്തരം ആളുകളോടു നാം ഉചിതമായ ആദരവും ബഹുമാനവും പ്രകടമാക്കുന്നത്‌ അവർക്ക്‌ ഒരു സഹായമായിരിക്കും. ഇസ്രായേല്യരോട്‌ ഇപ്രകാരം കൽപ്പിച്ചു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും” വേണം. (ലേവ്യപുസ്‌തകം 19:32) പ്രായമായവർ വേണ്ടപ്പെട്ടവരും വിലമതിക്കപ്പെടുന്നവരും ആണെന്ന്‌ അവർക്കു തോന്നാൻ ഇടയാക്കിക്കൊണ്ട്‌ അവരോടു പരിഗണന കാണിക്കുക. ‘എഴുന്നേൽക്കുന്നത്‌’ ബഹുമാന പ്രകടനമാണ്‌. എന്നാൽ ചിലയവസരങ്ങളിൽ, വർഷങ്ങൾക്കു മുമ്പു തങ്ങൾ ചെയ്‌ത കാര്യങ്ങളെ കുറിച്ച്‌ പ്രായമായവർ വിവരിക്കുന്നതു കേട്ടുകൊണ്ട്‌ ‘ഇരിക്കുന്നതും’ ബഹുമാന പ്രകടനമാണ്‌. അതു പ്രായമായവർക്കു മാന്യത നൽകുന്നതിനു പുറമേ നമ്മുടെ ആത്മീയ ജീവിതത്തെ സമ്പുഷ്ടമാക്കുകയും ചെയ്യും.

‘ബഹുമാനിക്കുന്നതിൽ മുന്നിട്ടുകൊൾക’

15. സഭാംഗങ്ങൾക്കു മാന്യത കൊടുക്കാൻ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാനാകും?

15 മൂപ്പന്മാർ നല്ല മാതൃക വെക്കുമ്പോൾ സഭാംഗങ്ങൾ വളരെയേറെ പുരോഗതി പ്രാപിക്കുന്നു. (1 പത്രൊസ്‌ 5:2, 3) വളരെ തിരക്കുള്ളവരാണെങ്കിലും, കരുതലുള്ള മൂപ്പന്മാർ ചെറുപ്പക്കാരെയും കുടുംബത്തലവന്മാരെയും ഏകാകികളായ അമ്മമാരെയും വീട്ടമ്മമാരെയും പ്രായമായവരെയും—അവർ എന്തെങ്കിലും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും—സമീപിക്കുന്നതിൽ മുൻകൈ എടുക്കുന്നു. മൂപ്പന്മാർ സഭാംഗങ്ങൾക്കു പറയാനുള്ളതു ശ്രദ്ധിക്കുകയും അവർ ചെയ്യുന്ന കാര്യങ്ങളെ പ്രതി അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഒരു സഹോദരനോ സഹോദരിയോ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു വിലമതിപ്പോടെ സംസാരിക്കുന്ന നിരീക്ഷണപടുവായ ഒരു മൂപ്പൻ, തന്റെ ഭൗമിക സൃഷ്ടികളെ വിലമതിക്കുന്ന യഹോവയെ അനുകരിക്കുകയാണ്‌.

16. സഭയിലെ മറ്റുള്ളവരെപ്പോലെതന്നെ മൂപ്പന്മാരെയും ബഹുമാനം അർഹിക്കുന്നവരായി വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

16 യഹോവയെ അനുകരിക്കുക വഴി മൂപ്പന്മാർ, പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ നല്ല ദൃഷ്ടാന്തം വെക്കുകയാണ്‌: “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:10) സ്ഥാനമാനങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകുന്നതു സാധാരണമായിരിക്കുന്ന രാജ്യങ്ങളിലെ മൂപ്പന്മാർക്ക്‌ ഇതു കൂടുതൽ ബുദ്ധിമുട്ടായിരിക്കാം. ദൃഷ്ടാന്തത്തിന്‌, ഒരു പൗരസ്‌ത്യ ദേശത്ത്‌ “സഹോദരൻ” എന്നതിന്‌ രണ്ടു വാക്കുകൾ ഉണ്ട്‌, ഒന്ന്‌ ബഹുമാനസൂചകവും മറ്റേതു സാധാരണക്കാരെ പരാമർശിക്കാനുള്ളതും. അടുത്തയിടവരെ സഭാംഗങ്ങൾ മൂപ്പന്മാരെയും പ്രായമായവരെയും ബഹുമാനസൂചക പദം ഉപയോഗിച്ചും മറ്റുള്ളവരെ സാധാരണക്കാർക്കുള്ള പദം ഉപയോഗിച്ചുമാണ്‌ വിളിച്ചിരുന്നത്‌. എന്നാൽ, എല്ലാ സമയങ്ങളിലും സാധാരണ പദംതന്നെ ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. കാരണം, യേശു തന്റെ ശിഷ്യന്മാരോട്‌, ‘നിങ്ങൾ എല്ലാവരും സഹോദരന്മാർ’ ആണെന്നു പറഞ്ഞു. (മത്തായി 23:8) മറ്റു രാജ്യങ്ങളിൽ വ്യത്യാസം ഇത്രമാത്രം പ്രകടമല്ലായിരിക്കാമെങ്കിലും, തരംതിരിവു കാണിക്കാനുള്ള മാനുഷിക പ്രവണത സംബന്ധിച്ചു നാം ജാഗ്രതയുള്ളവരായിരിക്കണം.—യാക്കോബ്‌ 2:3, 4.

17. (എ) മൂപ്പന്മാർ മറ്റുള്ളവർക്കു സമീപിക്കാവുന്നവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) സഭാംഗങ്ങളോട്‌ ഇടപെടുന്നതിൽ മൂപ്പന്മാർക്ക്‌ ഏതു വിധങ്ങളിൽ യഹോവയെ അനുകരിക്കാനാകും?

17 ചില മൂപ്പന്മാരെ “ഇരട്ടി മാനത്തിന്നു” യോഗ്യരായി എണ്ണാൻ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു എന്നതു ശരിതന്നെ, എന്നാൽ അപ്പോഴും അവർ സഹോദരന്മാർതന്നെയാണ്‌. (1 തിമൊഥെയൊസ്‌ 5:17) അഖിലാണ്ഡ പരമാധികാരിയുടെ ‘കൃപാസനത്തെ ധൈര്യത്തോടെ’ സമീപിക്കാൻ നമുക്കു സാധിക്കുമെങ്കിൽ, യഹോവയെ അനുകരിക്കേണ്ടവരായ മൂപ്പന്മാരെ സമീപിക്കാനും നമുക്കു കഴിയേണ്ടതല്ലേ? (എബ്രായർ 4:16; എഫെസ്യർ 5:1) ബുദ്ധിയുപദേശം തേടാനായോ അഭിപ്രായങ്ങൾ പറയാനായോ മറ്റുള്ളവർ എത്ര കൂടെക്കൂടെ തങ്ങളുടെ അടുത്തുവരുന്നു എന്നു പരിശോധിച്ചുകൊണ്ട്‌ തങ്ങൾ മറ്റുള്ളവർക്ക്‌ എത്രമാത്രം സമീപിക്കാവുന്നവർ ആണെന്നു മേൽവിചാരകന്മാർക്കു വിലയിരുത്താനാകും. തന്റെ പ്രവർത്തന പദ്ധതികളിൽ യഹോവ മറ്റുള്ളവരെ ഉൾപ്പെടുത്തുന്നതിൽനിന്ന്‌ ഒരു പാഠം പഠിക്കുക. ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിച്ചുകൊണ്ട്‌ അവൻ മറ്റുള്ളവരെ ബഹുമാനിക്കുന്നു. മറ്റൊരു സാക്ഷി പറയുന്ന അഭിപ്രായം പ്രായോഗികമല്ലെന്നു തോന്നിയാൽപോലും, ആ വ്യക്തി പ്രകടമാക്കിയ താത്‌പര്യത്തെ മൂപ്പന്മാർ നിശ്ചയമായും വിലമതിക്കണം. അബ്രാഹാമിന്റെ അന്വേഷണാത്മക ചോദ്യങ്ങളെയും ഹബക്കൂകിന്റെ ആവലാതിയെയും യഹോവ എങ്ങനെ കൈകാര്യം ചെയ്‌തെന്ന്‌ ഓർമിക്കുക.

18. സഹായം ആവശ്യമുള്ളവരെ യഥാസ്ഥാനപ്പെടുത്തുന്ന കാര്യത്തിൽ മൂപ്പന്മാർക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാനാകും?

18 ചില സഹക്രിസ്‌ത്യാനികളെ യഥാസ്ഥാനപ്പെടുത്തേണ്ടത്‌ ഉണ്ടായിരിക്കാം. (ഗലാത്യർ 6:1) എന്നാൽ, അപ്പോഴും അവർ യഹോവയുടെ ദൃഷ്ടിയിൽ വിലയുള്ളവരാണ്‌. അവരോട്‌ മാന്യതയോടെ പെരുമാറേണ്ടതാണ്‌. “ബുദ്ധിയുപദേശം തരുന്ന വ്യക്തി എന്നോടു ബഹുമാനപൂർവം ഇടപെടുമ്പോൾ, അദ്ദേഹത്തെ സമീപിക്കാൻ എനിക്കു സ്വാതന്ത്ര്യം തോന്നുന്നു” എന്ന്‌ ഒരു സാക്ഷി പറഞ്ഞു. മാന്യതയോടെ ഇടപെടുമ്പോൾ മിക്കവരും ബുദ്ധിയുപദേശത്തോടു നന്നായി പ്രതികരിക്കുന്നു. തെറ്റായ പടികൾ സ്വീകരിച്ചവർ പറയുന്ന കാര്യങ്ങൾ മുഴുവനും ക്ഷമാപൂർവം കേൾക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാമെങ്കിലും, അവരെ സംബന്ധിച്ചിടത്തോളം അത്‌ ആവശ്യമായ ഏതു ബുദ്ധിയുപദേശവും സ്വീകരിക്കുന്നത്‌ കൂടുതൽ എളുപ്പമാക്കുന്നു. ഇസ്രായേല്യരോടുള്ള കരുണ നിമിത്തം യഹോവ എത്ര കൂടെക്കൂടെ അവരോട്‌ ന്യായവാദം ചെയ്‌തെന്ന്‌ മനസ്സിൽപ്പിടിക്കുക. (2 ദിനവൃത്താന്തം 36:15, NW; തീത്തൊസ്‌ 3:2) സമാനുഭാവത്തോടും സഹതാപത്തോടും കൂടെ നൽകുന്ന ബുദ്ധിയുപദേശം, സഹായം ആവശ്യമുള്ളവരുടെ ഹൃദയത്തെ സ്‌പർശിക്കും.—സദൃശവാക്യങ്ങൾ 17:17; ഫിലിപ്പിയർ 2:2, 3; 1 പത്രൊസ്‌ 3:8.

19. നമ്മുടേതിൽനിന്നു വ്യത്യസ്‌തമായ വിശ്വാസം ഉള്ളവരെ നാം എങ്ങനെ വീക്ഷിക്കണം?

19 ഭാവിയിൽ നമ്മുടെ ആത്മീയ സഹോദരന്മാർ ആയിത്തീരാൻ സാധ്യതയുള്ളവരോടും നാം ബഹുമാനം പ്രകടമാക്കേണ്ടതാണ്‌. നമ്മുടെ സന്ദേശം സ്വീകരിക്കാൻ അത്തരം ആളുകൾ ഇപ്പോൾ ഉത്സാഹം കാട്ടിയെന്നു വരില്ല. എന്നാൽ അപ്പോഴും നാം അവരോടു ക്ഷമയുള്ളവരായിരിക്കുകയും വ്യക്തികൾ എന്ന നിലയിലുള്ള അവരുടെ മാന്യത തിരിച്ചറിയുകയും വേണം. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ [യഹോവ] ഇച്ഛി”ക്കുന്നു. (2 പത്രൊസ്‌ 3:9) നമുക്കു യഹോവയുടെ ആ വീക്ഷണം ഉണ്ടായിരിക്കേണ്ടതല്ലേ? നാം എല്ലായ്‌പോഴും സൗഹാർദമുള്ളവർ ആയിരിക്കാൻ ശ്രമിക്കുന്നെങ്കിൽ, പൊതുവെ മിക്കവരുടെയും കാര്യത്തിൽ, ഒരു സാക്ഷ്യം നൽകുന്നതിനുള്ള വഴിയൊരുക്കാൻ കഴിയും. എന്നാൽ ആത്മീയ അപകടം ഉൾപ്പെടുന്ന തരം സഖിത്വം നാം തീർച്ചയായും ഒഴിവാക്കണം. (1 കൊരിന്ത്യർ 15:33) പക്ഷേ, നമ്മുടേതിൽനിന്നു വ്യത്യസ്‌തമായ വിശ്വാസം ഉള്ളവരെ അവമതിക്കാതിരുന്നുകൊണ്ടു നമുക്ക്‌ അവരോടു “മാനുഷിക ദയ” പ്രകടമാക്കാൻ കഴിയും.—പ്രവൃത്തികൾ 27:3, NW.

20. യഹോവയുടെയും യേശുക്രിസ്‌തുവിന്റെയും ദൃഷ്ടാന്തം നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?

20 അതേ, യഹോവയും യേശുക്രിസ്‌തുവും നാം ഓരോരുത്തരെയും ബഹുമാന്യരായി വീക്ഷിക്കുന്നു. അവർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നു നമുക്ക്‌ എല്ലായ്‌പോഴും ഓർമിക്കാം. അന്യോന്യം ബഹുമാനം പ്രകടമാക്കുന്നതിൽ മുൻപന്തിയിലായിരിക്കുകയും ചെയ്യാം. നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിൻവരുന്ന വാക്കുകൾ നമുക്ക്‌ എപ്പോഴും മനസ്സിൽപ്പിടിക്കാം: ‘നിങ്ങൾ എല്ലാവരും സഹോദരന്മാർ.’—മത്തായി 23:8.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• സഹാരാധകരെ നിങ്ങൾ എങ്ങനെ വീക്ഷിക്കണം?

• യഹോവയും യേശുക്രിസ്‌തുവും വെച്ച മാതൃക മറ്റുള്ളവരെ ബഹുമാനിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത്‌ എങ്ങനെ?

• ഭർത്താക്കന്മാർക്കും മാതാപിതാക്കൾക്കും മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കാൻ കഴിയും?

• സഹക്രിസ്‌ത്യാനികളെ സഹോദരന്മാരായി വീക്ഷിക്കുന്നത്‌ ഏതു വിധങ്ങളിൽ പ്രവർത്തിക്കാൻ മൂപ്പന്മാരെ പ്രേരിപ്പിക്കും?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

വിലമതിപ്പു പ്രകടമാക്കുന്ന വാക്കുകളിലൂടെ ഭാര്യയെ ബഹുമാനിക്കുക

[18-ാം പേജിലെ ചിത്രം]

മക്കൾ പറയുന്നതു ശ്രദ്ധിച്ചുകൊണ്ട്‌ അവർക്കു മാന്യത നൽകുക

[18-ാം പേജിലെ ചിത്രം]

സഭാംഗങ്ങളോടു മാന്യതയോടെ ഇടപെടുക