വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂർണതാവാദം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

പൂർണതാവാദം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

പൂർണതാവാദം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

കാര്യങ്ങൾ കഴിവതും മെച്ചമായി ചെയ്യാൻ നിങ്ങൾ എപ്പോഴും കഠിനശ്രമം ചെയ്യാറുണ്ടോ? അത്‌ നിങ്ങൾക്കും മറ്റുള്ളവർക്കും തീർച്ചയായും പല വിധങ്ങളിൽ പ്രയോജനം ചെയ്യും. എന്നാൽ ചിലർ ഇക്കാര്യത്തിൽ അങ്ങേയറ്റം പോയി പൂർണതാവാദികൾ ആയിത്തീർന്നിരിക്കുന്നു. അതിന്റെ അർഥം എന്താണ്‌?

“പൂർണതാവാദം” എന്ന പദത്തിന്റെ ഒരു അർഥം “പൂർണതയിൽ കുറഞ്ഞ എന്തിനെയും അസ്വീകാര്യമായി കരുതുന്ന ഒരു മനോഭാവം” എന്നാണ്‌. അത്തരം മനോഭാവമുള്ളവരെ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. അവർ മറ്റുള്ളവരുടെമേൽ വെക്കുന്ന അതിരുകവിഞ്ഞ നിബന്ധനകൾ അസംതൃപ്‌തിയുടേതും നിരുത്സാഹത്തിന്റേതുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ അനേകം പ്രശ്‌നങ്ങൾ ഉളവാക്കുന്നതായി നിങ്ങൾക്കു കാണാൻ കഴിയും. ജീവിതത്തിന്റെ എല്ലാ തുറകളിലും അതിരുകവിഞ്ഞതും അന്യായവുമായ നിബന്ധനകൾ വെക്കുന്ന പൂർണതാവാദം വാസ്‌തവത്തിൽ അഭികാമ്യമല്ലെന്ന്‌ സമചിത്തതയുള്ള മിക്കവരും സമ്മതിക്കും. അത്തരം മനോഭാവത്തെ കീഴടക്കേണ്ടതുണ്ട്‌. എന്നാൽ അതത്ര എളുപ്പമല്ല. കാരണം, നമുക്ക്‌ അത്തരമൊരു മനോഭാവമുണ്ടെങ്കിൽ, അതു പൂർണതാവാദ പ്രവണത ആണെന്നു തിരിച്ചറിയാൻതന്നെ നമുക്കു കഴിഞ്ഞെന്നുവരില്ല.

വളരെയധികം ഉത്തരവാദിത്വങ്ങളുള്ള നെൽസണ്‌ പരിഹരിക്കേണ്ടതായ പല പ്രശ്‌നങ്ങളുമുണ്ട്‌. അദ്ദേഹം പതിവായി സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുന്നു. ഉത്‌പാദനമാണ്‌ ഏറ്റവും പ്രധാനമെന്ന്‌ അദ്ദേഹം കരുതുന്നു. കടുത്ത മത്സരമുള്ള തൊഴിൽ വിപണിയിൽ വിജയംവരിക്കാൻ പൂർണതാവാദി ആയിരിക്കേണ്ടത്‌ അനിവാര്യമാണെന്നു മിക്കപ്പോഴും തോന്നിയേക്കാം. ചിലർ നെൽസന്റെ കാര്യക്ഷമതയെ വിലമതിച്ചേക്കാമെങ്കിലും, എല്ലാം പൂർണമായിരിക്കണം എന്ന അയാളുടെ മനോഭാവം അയാൾക്കു തലവേദനയും സമ്മർദവും പോലുള്ള ശാരീരിക-വൈകാരിക പ്രശ്‌നങ്ങൾ ഉളവാക്കുന്നു. നിങ്ങൾക്കും നെൽസന്റെ അതേ സ്വഭാവമുള്ളതായി തോന്നിയിട്ടുണ്ടോ?

പൂർണതാവാദം യുവജനങ്ങളെയും ബാധിക്കുന്നു. റിയോ ഡി ജനീറോയിൽനിന്നുള്ള റീത്തയ്‌ക്ക്‌ കുട്ടിക്കാലത്ത്‌ സ്‌കൂളിൽ പോകുന്നത്‌ ഇഷ്ടമായിരുന്നു. ഉത്‌കർഷേച്ഛ ഒഴിവാക്കാൻ അവൾ ശ്രമിച്ചു. എന്നിട്ടും, ഏറ്റവും ഉയർന്ന മാർക്ക്‌ ലഭിച്ചില്ലെങ്കിൽ അവൾ ആകെ തകർന്നുപോകുമായിരുന്നു. റീത്ത ഇങ്ങനെ പറയുന്നു: “വളരെയേറെ സമയം ഉണ്ടായിരുന്നവരുമായി ചെറുപ്പം മുതൽ ഞാൻ എന്നെത്തന്നെ താരതമ്യം ചെയ്യുമായിരുന്നു. എനിക്ക്‌ എപ്പോഴും സമ്മർദം അനുഭവപ്പെട്ടിരുന്നു, ഞാൻ കാര്യങ്ങൾ തിരക്കുപിടിച്ച്‌ ചെയ്‌തിരുന്നു. വിശ്രമിക്കാൻ സമയമുള്ളതായി എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല. ഏതു നേരവും എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു.”

മരിയ എന്ന കൊച്ചുപെൺകുട്ടിയുടെ കാര്യമെടുക്കുക. തന്റെ ചിത്രരചന മറ്റുള്ളവരുടേതിനെക്കാൾ മോശമാകുമ്പോൾ അവൾ നിരാശയോടെ പൊട്ടിക്കരയുമായിരുന്നു. സംഗീതത്തിൽ കലാപരമായ പൂർണത കൈവരിക്കാനുള്ള ശ്രമത്തിൽ പലപ്പോഴും സമ്മർദവും ഉത്‌കണ്‌ഠയും അവളെ വേട്ടയാടിയിരുന്നതിനാൽ സംഗീതോപകരണങ്ങൾ വായിക്കുന്നതോ പാട്ടുപാടുന്നതോ ആസ്വദിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. ടോണിയ എന്ന മറ്റൊരു ബ്രസീലിയൻ പെൺകുട്ടി വിവേകമതിയായിരിക്കാനും മത്സരം ഒഴിവാക്കാനും ശ്രമിച്ചിരുന്നു. എന്നിട്ടും, സ്‌കൂളിലും വീട്ടിലും, എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയർന്ന നിലവാരങ്ങളാണ്‌ താൻ തനിക്കുവേണ്ടിത്തന്നെ വെച്ചതെന്ന്‌ അവൾ സമ്മതിക്കുന്നു. തന്റെ പ്രവൃത്തികൾ പൂർണമല്ലെങ്കിൽ ആളുകൾ തന്നെ അത്ര ഇഷ്ടപ്പെടില്ലെന്ന്‌ അവൾ വിചാരിച്ചു. ടോണിയ മറ്റുള്ളവരിൽനിന്നു ചിലപ്പോൾ വളരെയേറെ പ്രതീക്ഷിക്കുകയും ചെയ്‌തിരുന്നു. അത്‌ അവൾക്കു നിരാശയും ദുഃഖവും മാത്രമേ കൈവരുത്തിയുള്ളൂ.

കാര്യനിർവഹണശേഷിയും ഉത്സാഹവും ആത്മസംതൃപ്‌തിയും ഒക്കെ പ്രധാനമാണ്‌. എന്നാൽ എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങൾ വെച്ചാൽ പരാജയഭീതി പോലുള്ള നിഷേധാത്മക വികാരങ്ങളായിരിക്കാം ഫലം. പഠനത്തിന്റെയോ സ്‌പോർട്ട്‌സിന്റെയോ കാര്യത്തിൽ മാതാപിതാക്കൾ വെക്കുന്ന പൂർണതാനിലവാരത്തിൽ എത്തിച്ചേരാൻ കുട്ടികൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. ദൃഷ്ടാന്തത്തിന്‌, റിച്ചാർഡോയുടെ അമ്മയ്‌ക്ക്‌ അവനെ കുറിച്ചു വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്‌. അവൻ ഒരു ഡോക്ടർ ആയിത്തീരണമെന്നും പിയാനോ വായിക്കണമെന്നും പല ഭാഷകൾ സംസാരിക്കണമെന്നും അവൾ ആഗ്രഹിച്ചിരുന്നു. ഇത്തരം സമീപനം അതിരുകവിയുമ്പോൾ അതു പ്രശ്‌നങ്ങളോ നിരാശയോ ക്ഷണിച്ചുവരുത്തുന്നതായി നിങ്ങൾക്കു കാണാൻ കഴിയുന്നില്ലേ?

പൂർണതാവാദം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

ജോലിയിൽ ഉന്നത ഗുണനിലവാരം പുലർത്തുന്ന, കാര്യങ്ങൾ കൃത്യമായും സമർഥമായും ചെയ്യുന്ന, ജോലിക്കാരെയാണ്‌ തൊഴിൽ ഉടമകൾക്ക്‌ ആവശ്യം. അതുകൊണ്ട്‌ ആളുകൾ തൊഴിൽ വിപണിയിൽ പരസ്‌പരം മത്സരിക്കേണ്ടിവരുന്നു. കൂടുതൽ കൂടുതൽ യത്‌നിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം ഉപജീവനമാർഗം നഷ്ടമാകുമോ എന്ന ഭയമാണ്‌. ഒരു പുതിയ റെക്കോർഡ്‌ സ്ഥാപിക്കാനായി വലിയ ത്യാഗങ്ങൾ ചെയ്യുന്ന ഒരു കായികാഭ്യാസിയെ പോലെ ആയിത്തീർന്നിരിക്കുന്നു ചില ജോലിക്കാർ. പിന്നീടു കടുത്ത മത്സരത്തെ അഭിമുഖീകരിക്കുമ്പോൾ പൂർവാധികം ശക്തിയോടെ യത്‌നിക്കാൻ അവർ പ്രേരിതരായേക്കാം. വിജയിക്കുമെന്ന പ്രതീക്ഷയോടെ, നിലവാരം മെച്ചപ്പെടുത്താൻ അവർ ചില ഉത്തേജക ഔഷധങ്ങൾ പോലും ഉപയോഗിച്ചേക്കാം. ഉത്‌കൃഷ്ടതയ്‌ക്കു വേണ്ടി ആരോഗ്യാവഹമായ ശ്രമം നടത്താനല്ല, പകരം “പരാജയഭീതി”യാലോ “ഒന്നാമനാകാനുള്ള ഉത്‌കടമായ ആഗ്രഹത്താലോ പ്രചോദിതർ” ആയിത്തീരാനാണ്‌ പൂർണതാവാദം ഇടയാക്കുന്നത്‌.—ദ ഫീലിങ്‌ ഗുഡ്‌ ഹാൻഡ്‌ബുക്ക്‌.

തങ്ങൾക്ക്‌ എല്ലായ്‌പോഴും ഒന്നിനൊന്ന്‌ മെച്ചപ്പെടാനാകുമെന്ന്‌ കലാ-കായിക രംഗത്തുള്ള ചിലർക്കു തോന്നിയേക്കാമെന്നതു ശരിതന്നെ. എന്നാൽ, “പൂർണതാവാദം ഒരിക്കലും സാക്ഷാത്‌കരിക്കപ്പെടാത്ത പ്രതീക്ഷയാണ്‌” എന്ന്‌ ഡോക്ടർ റോബർട്ട്‌ എസ്‌. ഇലിയോട്ട്‌ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതു കുറ്റബോധത്തിന്റെയും സ്വയരക്ഷയുടെയും പരിഹാസഭീതിയുടെയും ഒരു സങ്കരമാണ്‌.” അപ്പോൾ, ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകൾ എത്ര സത്യമാണ്‌: “സകലപ്രയത്‌നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മററവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്‌നവും അത്രേ.”—സഭാപ്രസംഗി 4:4.

ഒരു പൂർണതാവാദി ആയിരിക്കാനുള്ള പ്രവണത ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? നിങ്ങൾ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം നിരാശനായിത്തീരുന്നു എന്നതു സത്യമാണോ? അനാവശ്യ പ്രയത്‌നങ്ങൾ ഒഴിവാക്കി കൂടുതൽ സ്വസ്ഥരായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? പൂർണതയുണ്ടായിരിക്കുക എന്നാൽ എന്താണ്‌ അർഥം? പൂർണതാവാദം ഒഴിവാക്കാനും അതേസമയം നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാനും നിങ്ങൾക്ക്‌ ആഗ്രഹമില്ലേ? മറ്റുള്ളവരുടെ പ്രയോജനത്തിനായി കണ്ടുപിടിത്തങ്ങൾ നടത്തുന്നതിനു തങ്ങളുടെ ദൈവദത്ത പ്രാപ്‌തികൾ ഉപയോഗിക്കാൻ അപൂർണ മനുഷ്യനു സാധിക്കുമെങ്കിൽ, പൂർണതയുള്ള അവസ്ഥകളിൽ ദിവ്യ മാർഗനിർദേശത്താൽ മനുഷ്യവർഗത്തിന്‌ കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങൾ എത്ര വലുതായിരിക്കും!

[4-ാം പേജിലെ ചിത്രം]

മാതാപിതാക്കളും മറ്റും, കൈവരിക്കാനാവാത്ത പൂർണത കുട്ടികളിൽനിന്ന്‌ ആവശ്യപ്പെട്ടേക്കാം