റോബിൻസൺ ക്രൂസോദ്വീപിലെ രക്ഷാപ്രവർത്തനം
റോബിൻസൺ ക്രൂസോ ദ്വീപിലെ രക്ഷാപ്രവർത്തനം
ശാന്ത മഹാസമുദ്രത്തിലെ ഒരു ദ്വീപാണ് റോബിൻസൺ ക്രൂസോ. ചിലിയുടെ തീരത്തുനിന്ന് ഏതാണ്ട് 640 കിലോമീറ്റർ അകലെയായി മൂന്നു ദ്വീപുകൾ ചേർന്ന യുവാൻ ഫെർണാണ്ടസ് എന്നൊരു ദ്വീപസമൂഹം ഉണ്ട്, അതിലൊന്നാണിത്. * ഈ ദ്വീപിന് 93 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്. 18-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഗ്രന്ഥകർത്താവായ ഡാനിയൽ ഡിഫോ രചിച്ച റോബിൻസൺ ക്രൂസോ എന്ന പ്രസിദ്ധ നോവലിൽ നിന്നാണ് അതിന് ഈ പേരു ലഭിച്ചത്. ഈ ദ്വീപിൽ നാലു വർഷത്തോളം ഒറ്റയ്‌ക്കു കഴിയേണ്ടിവന്ന അലക്‌സാണ്ടർ സെൽകിർക് എന്നൊരു സ്‌കോട്ട്‌ലൻഡുകാരന്റെ സാഹസികതകളാണ് ഈ നോവലിന്റെ ഇതിവൃത്തം.
ദ്വീപിൽ തടികൊണ്ടു നിർമിച്ച ഒരു ബോർഡ് നാട്ടിയിട്ടുണ്ട്. അതിൽ ഭാഗികമായി ഇപ്രകാരം എഴുതിയിരിക്കുന്നു: “അലക്‌സാണ്ടർ സെൽകിർക് എന്ന സ്‌കോട്ട്‌ലൻഡുകാരൻ നാവികൻ, തന്റെ ഏകാന്തവാസത്തിൽനിന്നു രക്ഷപ്പെടുന്നതിന് ഒരു രക്ഷാപ്രവർത്തന ബോട്ടിനു വേണ്ടി നാലിലേറെ വർഷക്കാലം ദിവസേന ആകാംക്ഷാപൂർവം കാത്തിരുന്ന സ്ഥലമാണിത്.” ഒടുവിൽ സെൽകിർക്കിനെ അവിടെ നിന്നും രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ ജന്മനാട്ടിൽ എത്തിച്ചു. എന്നാൽ തന്റേതു മാത്രമായ ഒരു പറുദീസയിൽ അത്രയുംകാലം ഒറ്റയ്‌ക്കു കഴിഞ്ഞ അദ്ദേഹത്തിന് സ്വന്തം നാട്ടിലെ ജീവിതം ഒട്ടും തൃപ്‌തികരമായിരുന്നില്ല. അദ്ദേഹം പിന്നീട് ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു: “ഓ, എന്റെ പ്രിയ ദ്വീപേ! ഞാൻ ഒരിക്കലും നിന്നെ വിട്ടു പോന്നില്ലായിരുന്നെങ്കിൽ!”
വർഷങ്ങൾക്കു ശേഷം ആ ദ്വീപ് ഒരു ശിക്ഷാകോളനിയായി ഉപയോഗിക്കാൻ തുടങ്ങി. കത്തോലിക്കാ സഭയ്‌ക്കെതിരെ “വിശ്വാസ സംബന്ധമായ കുറ്റങ്ങൾ” ചെയ്‌തവരെയാണ് അവിടെ താമസിപ്പിച്ചിരുന്നത്. സെൽകിർക്കിന് അനുഭവിക്കാൻ കഴിഞ്ഞ പറുദീസാതുല്യ ദ്വീപിനു സംഭവിച്ച എത്ര വലിയ മാറ്റം! എന്നാൽ ഇന്ന് അവിടത്തെ ദ്വീപവാസികൾ തികച്ചും സമാധാനപൂർണമായ ഒരു ജീവിതമാണ് ആസ്വദിക്കുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ആളുകൾക്ക് സ്വപ്‌നംകാണാൻ പോലും പറ്റാത്തത്ര സമാധാനം. പല ദ്വീപവാസികളുടെയും കാര്യത്തിലെന്നതുപോലെ, ഒട്ടും പിരിമുറുക്കമില്ലാത്ത ഒരു ജീവിതശൈലിയാണ് ഇവരുടേത്. അതുകൊണ്ട് അവരിൽ ആരെങ്കിലുമായി ഒരു സംഭാഷണത്തിൽ ഏർപ്പെടുക എന്നത് വളരെ എളുപ്പമാണ്.
ഔദ്യോഗിക കണക്കനുസരിച്ച് റോബിൻസൺ ക്രൂസോയിലെ ജനസംഖ്യ 500 ആണ്. എന്നാൽ മിക്ക സമയങ്ങളിലും അവിടെ ഏതാണ്ട് 400 പേരേ കാണാറുള്ളൂ. ചില അമ്മമാരും കുട്ടികളും സ്‌കൂൾ വർഷത്തിൽ ഉടനീളം ചിലിയിൽ താമസിച്ചിട്ട്, മറ്റു കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിനായി അവധിക്കാലത്തു മാത്രമേ ദ്വീപിലേക്കു വരാറുള്ളൂ എന്നതാണ് ഒരു പരിധിവരെ അതിനു കാരണം.
റോബിൻസൺ ക്രൂസോയിലെ ഉദ്യാനതുല്യ ചുറ്റുപാടുകളിലെ ജീവിതം ആ ദ്വീപവാസികൾ ആസ്വദിക്കുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും ചിലർക്ക് ആത്മീയമായ ഒരു ശൂന്യതാബോധം അനുഭവപ്പെടുന്നു, അതിനൊരു പരിഹാരം കണ്ടെത്താൻ അവർ ശ്രമിക്കുന്നു. ആത്മീയമായ രക്ഷപ്പെടുത്തപ്പെടലിന്റെ ആവശ്യം തിരിച്ചറിയുന്നവരാണ് മറ്റു ചിലർ.
ഒരു ആത്മീയ രക്ഷാപ്രവർത്തനം
1979-ഓടെ അത്തരമൊരു രക്ഷാപ്രവർത്തനം ആരംഭിച്ചു. ചിലിയിലെ സാന്റിയാഗോയിൽ വെച്ച് യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു സ്‌ത്രീ ഈ ദ്വീപിലേക്കു താമസംമാറ്റി. എന്നിട്ട്, താൻ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാൻ തുടങ്ങി. കുറെക്കാലങ്ങൾക്കു ശേഷം ജോലി സംബന്ധമായ ചില ആവശ്യങ്ങൾക്കായി ഒരു സഭാ മൂപ്പൻ ആ ദ്വീപിൽ വരാനിടയായി. ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ആ സ്‌ത്രീയുടെ സഹായത്തോടെ ഒരു കൂട്ടം ആളുകൾ ആത്മീയ പുരോഗതി കൈവരിക്കുന്നതു കണ്ട് അദ്ദേഹം അതിശയിച്ചുപോയി. മൂന്നു മാസങ്ങൾക്കു ശേഷം ആ മൂപ്പൻ വീണ്ടും ദ്വീപു സന്ദർശിച്ചു. അപ്പോഴേക്കും ആ
ബൈബിൾ അധ്യാപികയും അവരുടെ രണ്ടു വിദ്യാർഥിനികളും സ്‌നാപനത്തിനു യോഗ്യത പ്രാപിച്ചിരുന്നു. ആ സഹോദരൻ അവരുടെ സ്‌നാപനത്തിനു മേൽനോട്ടം വഹിച്ചു. പിന്നീട്, അവരിൽ ഒരാൾ വിവാഹിതയാകുകയും ഭർത്താവുമൊന്നിച്ച് അവിടെ ആത്മീയ രക്ഷാപ്രവർത്തനത്തിൽ തുടരുകയും ചെയ്‌തു. അവരുടെ ഭർത്താവ് അവിടെ ഒരു ചെറിയ രാജ്യഹാൾ പണിയുന്നതിനു നേതൃത്വം വഹിച്ചു. ദ്വീപിലെ ചെറിയ കൂട്ടം ആ ഹാളാണ് ഉപയോഗിക്കുന്നത്. കുറെനാളുകൾക്കു ശേഷം, സാമ്പത്തിക കാരണങ്ങളാൽ ആ ദമ്പതികൾക്കു റോബിൻസൺ ക്രൂസോ വിടേണ്ടിവന്നു. ഇപ്പോൾ അവർ മധ്യ ചിലിയിലുള്ള ഒരു സഭയിലാണ്. അവിടെ അവർ യഹോവയുടെ സേവനത്തിൽ ഉത്സാഹപൂർവം തുടരുന്നു.കൂടുതൽ കൂടുതൽ ആളുകൾ വ്യാജമതത്തിൽനിന്നു മോചിതരായതോടെ ആ ദ്വീപിലെ ചെറിയ കൂട്ടം ക്രമേണ വളരാൻ തുടങ്ങി. എന്നിരുന്നാലും, ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾ ചിലിയിലേക്കു പോയതിനാൽ ആ കൂട്ടം സ്‌നാപനമേറ്റ രണ്ടു സഹോദരിമാരും ഒരു ചെറിയ പെൺകുട്ടിയും മാത്രമുള്ള ഒന്നായി ചുരുങ്ങി. അവധിക്കാലങ്ങളിൽ പല അമ്മമാരും ദ്വീപിലേക്കു മടങ്ങിവരുമ്പോൾ കൂട്ടം വലുതാകുന്നു. വർഷത്തിൽ ഉടനീളം ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്ന ആ മൂന്നു ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം അവരുടെ ശക്തിയെ പുതുക്കാനുള്ള ഒരവസരമാണത്. ഈ സഹോദരിമാരുടെ ഉത്സാഹപൂർവകമായ പ്രവർത്തനം നിമിത്തം റോബിൻസൺ ക്രൂസോയിലുള്ളവർക്ക് യഹോവയുടെ സാക്ഷികളെ നന്നായി അറിയാം. ചില ദ്വീപവാസികൾ അവരുടെ പ്രവർത്തനത്തെ എതിർക്കുകയും രാജ്യ സന്ദേശത്തെ നിരസിക്കുന്നതിന് മറ്റുള്ളവരുടെമേൽ സമ്മർദം ചെലുത്തുകയും ഒക്കെ ചെയ്യുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും ആത്മാർഥ ഹൃദയങ്ങളിൽ വിതയ്‌ക്കപ്പെടുന്ന ബൈബിൾ സത്യമാകുന്ന വിത്ത് പൊട്ടിമുളയ്‌ക്കുകതന്നെ ചെയ്യുന്നു.
മോചിപ്പിക്കപ്പെട്ടവരുടെ ശക്തിയെ പുതുക്കൽ
വർഷത്തിൽ ഒരിക്കൽ സഞ്ചാരമേൽവിചാരകൻ ദ്വീപിൽ സന്ദർശനം നടത്താറുണ്ട്. വിദൂരത്തിലുള്ള ഒരു ദ്വീപിലെ ഏതാനും സാക്ഷികളെ സന്ദർശിക്കുക എന്നത് എങ്ങനെയിരിക്കും? റോബിൻസൺ ക്രൂസോയിലെ തന്റെ സന്ദർശനത്തെക്കുറിച്ച് ഒരു സർക്കിട്ട് മേൽവിചാരകൻ പറയുന്നു:
“ഞങ്ങളുടെ ഒരു സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുകയായിരുന്നു. രാവിലെ 7 മണിക്കുതന്നെ ഞങ്ങൾ വാൽപറൈസോയിൽനിന്ന് യാത്ര പുറപ്പെട്ടു. സാന്റിയാഗോയിലെ സെറീയോസ് വിമാനത്താവളത്തിലേക്കാണ് ഞങ്ങൾ നേരെ പോയത്. അവിടെ നിന്നും വെറും ഏഴു യാത്രക്കാരുള്ള ഒരു വിമാനത്തിലായിരുന്നു യാത്ര. രണ്ടു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ അങ്ങു ദൂരെ മേഘങ്ങളെയും കീറി മുറിച്ചുകൊണ്ട് തല ഉയർത്തി നിൽക്കുന്ന ഒരു പർവത ശിഖരം ഞങ്ങൾ കണ്ടു. വീണ്ടും മുന്നോട്ടു കുതിക്കവെ, റോബിൻസൺ ക്രൂസോ ദ്വീപ് ഞങ്ങൾക്കു വ്യക്തമായി കാണാൻ കഴിഞ്ഞു—മഹാസമുദ്രത്തിന്റെ നടുക്ക് വലിയ ഒരു പാറക്കൂട്ടം. ഒറ്റനോട്ടത്തിൽ, വെള്ളത്തിന്മീതെ അതങ്ങനെ പൊങ്ങിക്കിടക്കുകയാണെന്നേ തോന്നൂ, നടുക്കടലിൽപ്പെട്ടുപോയ ഒരു കപ്പൽപോലെ.
“വിമാനത്തിൽനിന്ന് ഇറങ്ങിയശേഷം ഗ്രാമത്തിലേക്കുള്ള യാത്ര ഒരു ബോട്ടിലായിരുന്നു. വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന പാറക്കൂട്ടങ്ങൾ അവിടവിടെയായി കാണാം. യുവാൻ ഫെർണാണ്ടസിലെ നീർനായ്‌ക്കളുടെ വിശ്രമ കേന്ദ്രങ്ങളായിരുന്നു ആ ചെറിയ ദ്വീപുകൾ. ഈ കടൽക്കരടികളുടെ എണ്ണം നന്നേ ചുരുങ്ങിയിരിക്കുന്നതിനാൽ പ്രത്യേക സംരക്ഷിത വംശമായാണ് അവയെ കണക്കാക്കിയിരിക്കുന്നത്. പെട്ടെന്ന് ബോട്ടിന്റെ വശത്തായിട്ട് എന്തോ ഒന്നു പറക്കുന്നതു കണ്ടു. നിമിഷംകൊണ്ട് അത് കടലിൽ അപ്രത്യക്ഷമാകുകയും ചെയ്‌തു. അതൊരു പറക്കുംമത്സ്യം ആയിരുന്നു. ഞൊറികളോടു കൂടിയ അതിന്റെ ചിറക് പക്ഷികളുടെ ചിറകുപോലെ ആയിരുന്നു. പ്രാണികളെയും മറ്റും പിടിക്കുന്നതിന് വെള്ളത്തിൽനിന്നും ഇങ്ങനെ കുതിച്ചു ചാടുന്നത് അതിനൊരു ഹരമാണെന്നു തോന്നുന്നു. ചിലപ്പോഴൊക്കെ ഈ ചാട്ടം അപകടകരവും ആകാറുണ്ട്, കാരണം, നേരെ ചെന്നു വീഴുന്നത് ഒരുപക്ഷേ ഏതെങ്കിലും ഇരപിടിയന്റെ വായിലായിരിക്കും.
“അങ്ങനെ, അവസാനം ഞങ്ങൾ സാൻ ഹ്വാൻ ബോട്ടിസ്റ്റാ (വി. യോഹന്നാൻ സ്‌നാപകൻ) ഗ്രാമത്തിൽ എത്തിച്ചേർന്നു. കുറെ ആളുകൾ ബോട്ടുജെട്ടിയിൽ ഉണ്ടായിരുന്നു. ചിലർ, തങ്ങളുടെ അതിഥികളെ സ്വീകരിക്കാൻ എത്തിയവരായിരുന്നു; മറ്റു ചിലരാകട്ടെ, ആരൊക്കെയായിരിക്കും വരുന്നത് എന്ന് അറിയാനുള്ള വെറും ആകാംക്ഷയുടെ പേരിൽ എത്തിയവരും. മനോഹരമായ ആ പ്രകൃതിദൃശ്യം ഞങ്ങളുടെ മനംകവർന്നു—വെണ്മേഘങ്ങളുടെ ബോർഡറോടു കൂടിയ തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ കടുംപച്ച കമ്പളം പുതച്ചതുപോലെ എൽ യുങ്കാ പർവതം (ദി അൻവിൽ) പ്രൗഢിയോടെ തല ഉയർത്തിനിന്നിരുന്നു.
“ജെട്ടിയിൽ നമ്മുടെ ക്രിസ്‌തീയ സഹോദരിമാരുടെയും കുട്ടികളുടെയും ഒരു കൂട്ടം ഞങ്ങൾക്കുവേണ്ടി കാത്തുനിന്നിരുന്നു. അതൊരു അവധിക്കാലം ആയിരുന്നതുകൊണ്ട് കൂട്ടം പതിവിലും വലുതായിരുന്നു. ഊഷ്‌മളമായ അഭിവാദ്യങ്ങളോടെ ഞങ്ങളെ സ്വീകരിച്ച അവർ നല്ല ഭംഗിയുള്ള ഒരു ക്യാബിനിലേക്കു ഞങ്ങളെ കൊണ്ടുപോയി, അടുത്ത ഒരാഴ്‌ചത്തേക്കുള്ള ഞങ്ങളുടെ വീടായിരിക്കുമായിരുന്നു അത്.
“എല്ലാംകൊണ്ടും വിശേഷപ്പെട്ട ഒരു വാരമായിരുന്നു അത്. സമയം പെട്ടെന്നു കടന്നുപോകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് അത് എത്രയും നന്നായി ഉപയോഗിക്കണമായിരുന്നു. അന്നുതന്നെ ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഒരു ബൈബിൾ വിദ്യാർഥിയുടെ അടുക്കൽ പോയി. അവർ പെട്ടെന്നുതന്നെ നമ്മുടെ ഒരു ആത്മീയ സഹോദരിയാകാനിരിക്കുകയായിരുന്നു, അങ്ങനെ ദൈവത്തിന്റെ ആത്മീയ പറുദീസയുടെ ഭാഗവും. അവർ തികച്ചും സന്തോഷവതിയായിരുന്നു അതേസമയം അൽപ്പം പരിഭ്രമമുള്ളവളും. ഏറെക്കാലമായി അവർ സ്‌നാപനം എന്ന ലക്ഷ്യം വെച്ചിരുന്നു, അത് പെട്ടെന്നുതന്നെ സാക്ഷാത്‌കരിക്കപ്പെടാൻ പോകുകയായിരുന്നു. അവർക്ക് സുവാർത്തയുടെ ഒരു പ്രസാധികയായിത്തീരാൻ കഴിയേണ്ടതിന് ചില അവശ്യ വിവരങ്ങൾ അവരുമായി പരിചിന്തിച്ചു. പിറ്റേദിവസം അവർ ആദ്യമായി പ്രസംഗവേലയിൽ പങ്കുപറ്റി. മൂന്നാം ദിവസം സ്‌നാപനാർഥികളുമായി ചർച്ചചെയ്യാറുള്ള ചോദ്യങ്ങൾ അവരുമായി ചർച്ചചെയ്യാൻ തുടങ്ങി. ആ ആഴ്‌ചയിൽത്തന്നെ അവർ സ്‌നാപനമേൽക്കുകയും ചെയ്‌തു.
“ആ വാരത്തിലെ യോഗങ്ങൾക്കു നല്ല പിന്തുണയുണ്ടായിരുന്നു. ഏറ്റവും കൂടിയ ഹാജർ 14 ആയിരുന്നു. ഓരോ ദിവസവും വയൽ സേവനവും മടക്ക സന്ദർശനങ്ങളും, ബൈബിൾ അധ്യയനങ്ങളും ഇടയ സന്ദർശനങ്ങളും ക്രമീകരിച്ചിരുന്നു. വർഷം മുഴുവൻ ഇവ എല്ലാം തനിയെ ചെയ്യുന്ന ആ സഹോദരിമാർക്ക് അത് എന്തൊരു പ്രോത്സാഹനമായിരുന്നെന്നോ!”
സത്യത്തിനുവേണ്ടി ഒരു നിലപാട് എടുക്കുക അവിടത്തെ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം താരതമ്യേന ബുദ്ധിമുട്ടായിരുന്നു. ഒരുപരിധിവരെ അവരുടെ ലൗകിക തൊഴിലായിരിക്കാം അതിനു കാരണം. കൊഞ്ചു പിടിത്തം ആണ് അവരുടെ പ്രധാന തൊഴിൽ. ഏറെ സമയവും ശ്രദ്ധയും ആവശ്യമായ ഒരു ജോലിയാണത്. മുൻവിധിയും അവരുടെ പ്രതികൂല നിലപാടിന് ഒരു കാരണമാണ്. എന്നിരുന്നാലും, ഭാവിയിൽ പുരുഷന്മാരും സ്‌ത്രീകളും ഉൾപ്പെടെ കൂടുതൽ ദ്വീപവാസികൾ അനുകൂലമായ ഒരു നിലപാട് എടുക്കുമെന്നു കരുതുന്നു.
സത്യത്തെക്കുറിച്ചും യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചും അറിഞ്ഞതിന്റെ ഫലമായി ഇതുവരെ പത്തുപേർ ആ ദ്വീപിൽനിന്നും രക്ഷപ്പെട്ടിട്ടുണ്ട്. പലപല കാരണങ്ങളാൽ അവരിൽ പലർക്കും ആ ദ്വീപിൽനിന്നും പോകേണ്ടിവന്നിരിക്കുന്നു. എന്നാൽ അവർ അവിടെത്തന്നെ തുടർന്നാലും ഇല്ലെങ്കിലും അവരുടെ രക്ഷപ്പെടൽ അലക്‌സാണ്ടർ സെൽകിർകിന്റെതിനെക്കാൾ വളരെയേറെ ശ്രദ്ധേയമായിരുന്നിട്ടുണ്ട്. കാരണം, ജീവിക്കുന്നത് എവിടെയായിരുന്നാലും അവർ ഒരു ആത്മീയ പറുദീസയിലാണ്. ആ ദ്വീപിൽ താമസിക്കുന്ന സഹോദരിമാരും അവരുടെ കുട്ടികളും അവിടത്തെ ഉദ്യാനതുല്യ ചുറ്റുപാടുകൾ ആസ്വദിക്കുന്നു. എന്നാൽ അതിലും വലിയ ഒരു പ്രത്യാശ അവർക്കുണ്ട്, എല്ലാ അർഥത്തിലും മുഴുഭൂമിയും ഒരു യഥാർഥ പറുദീസയാകുമ്പോൾ അതിൽ വസിക്കുന്നതിനുള്ള പ്രത്യാശതന്നെ.
രക്ഷാപ്രവർത്തനം ഇന്നും തുടരുന്നു
റോബിൻസൺ ക്രൂസോയിലെ യഹോവയുടെ സാക്ഷികളുടെ ഈ ചെറിയ കൂട്ടം തങ്ങളുടെ മറ്റ് ആത്മീയ സഹോദരീസഹോദരന്മാരിൽ നിന്ന് ഭൂമിശാസ്‌ത്രപരമായി വളരെ അകലെയാണ്. എന്നിരുന്നാലും, സ്‌കോട്ട്‌ലൻഡുകാരനായ സെൽകിർക്കിനെപ്പോലെ തങ്ങൾ ഉപേക്ഷിക്കപ്പെട്ടു എന്നൊരു തോന്നൽ അവർക്കില്ല. വാച്ച് ടവർ സൊസൈറ്റിയുടെ ചിലി ബ്രാഞ്ച് തുടർച്ചയായി അവർക്ക് ദിവ്യാധിപത്യ സാഹിത്യങ്ങളും വർഷത്തിൽ മൂന്നു പ്രാവശ്യം വീതം കൺവെൻഷനുകളുടെയും സമ്മേളനങ്ങളുടെയും വീഡിയോകളും അയച്ചുകൊടുക്കുന്നു. കൂടാതെ, വർഷത്തിൽ ഒരിക്കൽ സർക്കിട്ട് മേൽവിചാരകൻ അവരെ സന്ദർശിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഹോവയുടെ സംഘടനയുമായി ഉറ്റ ബന്ധം നിലനിർത്താൻ അവരെ സഹായിക്കുന്നു. അങ്ങനെ അവർ ‘ലോകത്തിലെ മുഴു സഹോദരവർഗത്തിന്റെയും’ സജീവ ഭാഗമായി തുടരുന്നു.—1 പത്രൊസ് 5:9.
[അടിക്കുറിപ്പുകൾ]
^ ഖ. 2 ഈ ദ്വീപിന്റെ ഔദ്യോഗിക പേര് മാസ് ഏ ടിയെറാ എന്നാണ്.
[8, 9 പേജിലെ മാപ്പുകൾ/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ചിലി
സാന്റിയാഗോ
റോബിൻസൺ ക്രൂസോ ദ്വീപ്
സാൻ ഹ്വാൻ ബോട്ടിസ്റ്റാ
എൽ യുങ്കാ
ശാന്തമഹാസമുദ്രം
സാന്റാ ക്ലാര ദ്വീപ്
[ചിത്രം]
മഹാസമുദ്രത്തിന്റെ നടുക്ക് ഒരു പാറക്കൂട്ടം കണക്കെ ദ്വീപ് കാണാൻ കഴിയുന്നു
[കടപ്പാട്]
ചിലിയുടെ ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[8, 9 പേജിലെ ചിത്രം]
പ്രൗഢിയോടെ തല ഉയർത്തിനിൽക്കുന്ന എൽ യുങ്കാ പർവതം (ദി അൻവിൽ)
[9-ാം പേജിലെ ചിത്രം]
സാൻ ഹ്വാൻ ബോട്ടിസ്റ്റാ ഗ്രാമം (വി. യോഹന്നാൻ സ്‌നാപകൻ)
[9-ാം പേജിലെ ചിത്രം]
രോമാവൃതമായതും അല്ലാത്തതുമായ നീർനായ്‌ക്കളുടെ വിശ്രമ കേന്ദ്രമായി ചെറിയ ദ്വീപുകൾ ഉതകുന്നു
[10-ാം പേജിലെ ചിത്രം]
ചിലിയിലെ സാന്റിയാഗോയിൽനിന്നും ഒരു ചെറിയ വിമാനത്തിലാണ് ഞങ്ങൾ പറന്നത്
[10-ാം പേജിലെ ചിത്രം]
റോബിൻസൺ ക്രൂസോ ദ്വീപിന്റെ നിമ്‌നോന്നത തീരപ്രദേശം
[10-ാം പേജിലെ ചിത്രം]
ദ്വീപിലെ ചെറിയ രാജ്യഹാൾ