വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
രക്തത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന ഏതെങ്കിലും ഘടകമോ ഘടകാംശമോ യഹോവയുടെ സാക്ഷികൾ ചികിത്സാർഥം സ്വീകരിക്കുമോ?
യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കില്ല എന്നതാണ് അടിസ്ഥാനപരമായ വസ്‌തുത. മാറിവരുന്ന അഭിപ്രായങ്ങൾക്ക് അനുസരിച്ച് തോന്നുന്നതുപോലെ വളച്ചൊടിക്കാൻ കഴിയുന്നതല്ല രക്തം സംബന്ധിച്ച ദൈവനിയമം എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. എന്നിരുന്നാലും, ഈ ദൈവനിയമം ബാധകമാക്കുന്നതിനോടുള്ള ബന്ധത്തിൽ പുതിയ ചില സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. കാരണം, രക്തത്തിൽനിന്ന് ഇപ്പോൾ അതിന്റെ നാലു പ്രാഥമിക ഘടകങ്ങളെയും അവയുടെ അംശങ്ങളെയും (ഘടകാംശങ്ങൾ [fractions]) വേർതിരിച്ചെടുക്കാൻ കഴിയും. ഇവയിലേതെങ്കിലും സ്വീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ചു തീരുമാനം എടുക്കുമ്പോൾ ഒരു ക്രിസ്‌ത്യാനി അതിന്റെ വൈദ്യശാസ്‌ത്രപരമായ ഗുണദോഷങ്ങളെ കുറിച്ച് മാത്രമല്ല പരിചിന്തിക്കേണ്ടത്. ഇക്കാര്യത്തിൽ ബൈബിൾ എന്തു പറയുന്നു എന്നതിനും സർവശക്തനായ ദൈവവുമായുള്ള തന്റെ ബന്ധത്തെ അത് എങ്ങനെ ബാധിക്കും എന്നതിനും ആയിരിക്കണം അദ്ദേഹം മുഖ്യ ശ്രദ്ധ നൽകേണ്ടത്.
ഉൾപ്പെട്ടിരിക്കുന്ന മുഖ്യ ആശയങ്ങൾ തികച്ചും ലളിതമാണ്. അത് എന്തുകൊണ്ടെന്നു മനസ്സിലാക്കുന്നതിന് ബൈബിൾപരവും ചരിത്രപരവും വൈദ്യശാസ്‌ത്രപരവുമായ ചില പശ്ചാത്തലങ്ങൾ നമുക്കു പരിചിന്തിക്കാം.
രക്തത്തെ വിശേഷതയുള്ള ഒന്നായി കണക്കാക്കണമെന്ന് യഹോവയാം ദൈവം നമ്മുടെയെല്ലാം പൂർവപിതാവായ നോഹയോടു കൽപ്പിച്ചു. (ഉല്‌പത്തി 9:3, 4) ദൈവം പിന്നീട് ഇസ്രായേലിനു നൽകിയ നിയമങ്ങളും രക്തത്തിന്റെ പവിത്രതയെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു: “യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവെക്കും.” ദൈവനിയമം ലംഘിക്കുന്ന ഒരു ഇസ്രായേല്യൻ മറ്റുള്ളവരെ കൂടെ ദുഷിപ്പിക്കുമായിരുന്നു. അതുകൊണ്ട്, ദൈവം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ . . . അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.” (ലേവ്യപുസ്‌തകം 17:10) പിന്നീട്, ക്രിസ്‌ത്യാനികളെല്ലാം ‘രക്തം വർജിക്കണം’ എന്ന് യെരൂശലേമിലെ ഒരു യോഗത്തിൽ വെച്ച് അപ്പൊസ്‌തലന്മാരും പ്രായമേറിയ പുരുഷന്മാരും കൽപ്പിച്ചു. ലൈംഗിക അധാർമികതയും വിഗ്രഹാരാധനയും വർജിക്കുന്നതുപോലെതന്നെ മർമപ്രധാനമായ ഒരു സംഗതിയാണ് ഇതും.—പ്രവൃത്തികൾ 15:28, 29.
‘വർജിക്കുക’ എന്ന കൽപ്പന അന്നത്തെ ക്രിസ്‌ത്യാനികൾ എങ്ങനെയാണ് ബാധകമാക്കിയിരുന്നത്? ചുടുരക്തം ആയാലും ശരി, കട്ടപിടിച്ച രക്തമായാലും ശരി ക്രിസ്‌ത്യാനികൾ രക്തം ഭക്ഷിക്കുകയില്ലായിരുന്നു. മാത്രമല്ല, രക്തം വാർന്നുപോകാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും മാംസവും അവർ കഴിക്കുമായിരുന്നില്ല. ഇതു കൂടാതെ, രക്തം ചേർത്ത ആഹാരസാധനങ്ങളും—ബ്ലഡ് സോസിജ് പോലുള്ളവ—അവർ പാടേ ഒഴിവാക്കിയിരുന്നു. മേൽപ്പറഞ്ഞ ഏതെങ്കിലും രീതിയിൽ രക്തം ഉപയോഗിക്കുന്നത് ദൈവനിയമത്തിന്റെ ലംഘനം ആകുമായിരുന്നു.—1 ശമൂവേൽ 14:32, 33.
അക്കാലത്തു ജീവിച്ചിരുന്ന മിക്കവർക്കും രക്തം ഭക്ഷിക്കുന്നതിൽ ഒരു പ്രശ്‌നവും തോന്നിയിരുന്നില്ല. പൊ.യു. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ, തെർത്തുല്യന്റെ എഴുത്തുകളിൽനിന്ന് നമുക്ക് ഇതു മനസ്സിലാക്കാനാകും. ക്രിസ്‌ത്യാനികൾ രക്തം ഭക്ഷിക്കുന്നുവെന്ന തെറ്റായ ആരോപണങ്ങളെ ഖണ്ഡിക്കുന്നതിനിടയിൽ അദ്ദേഹം, രക്തം തൊട്ടു നാവിൽ വെച്ചുകൊണ്ട് ഉടമ്പടികളിൽ ഏർപ്പെടുന്ന ഗോത്രങ്ങളെ കുറിച്ച് പരാമർശിക്കുകയുണ്ടായി. “ദ്വന്ദ്വയുദ്ധത്തിനിടയിൽ ഗോദയിൽ മരിച്ചുവീഴുന്ന കുറ്റവാളികളുടെ ചുടുരക്തം . . . അപസ്‌മാരം ഭേദമാക്കാനായി [കാണികളിൽ ചിലർ] ആർത്തിയോടെ കോരിക്കൊണ്ടുപോയിരിക്കുന്നു” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോമാക്കാരിൽ ചിലർ ആരോഗ്യപരമായ കാരണങ്ങളാലാണ് അവ ചെയ്‌തിരുന്നതെങ്കിൽ പോലും ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം അത്തരം കാര്യങ്ങൾ തെറ്റായിരുന്നു. “ജന്തുക്കളുടെ രക്തം പോലും ഞങ്ങൾ ഭക്ഷിക്കാറില്ല,” തെർത്തുല്യൻ എഴുതി. ക്രിസ്‌ത്യാനികളുടെ വിശ്വസ്‌തത പരിശോധിക്കാനായി റോമാക്കാർ രക്തം അടങ്ങിയ ഭക്ഷണസാധനങ്ങൾ അവർക്കു കൊടുത്തുനോക്കുമായിരുന്നു. തെർത്തുല്യൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “[ക്രിസ്‌ത്യാനികൾ] ജന്തുക്കളുടെ പോലും രക്തം തൊടാൻ ഭയക്കുമെന്നു നിങ്ങൾക്കു ബോധ്യമുള്ളപ്പോൾ അവർ മനുഷ്യരക്ത ദാഹികളാണെന്നു നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?”
ഇന്ന്, ഒരു ഡോക്ടർ രക്തം സ്വീകരിക്കണമെന്നു നിർദേശിക്കുമ്പോൾ അതു സ്വീകരിക്കുന്നതിൽ ദൈവനിയമത്തിന്റെ ലംഘനം ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികമാരും ചിന്തിക്കാറേയില്ല. യഹോവയുടെ സാക്ഷികളായ ഞങ്ങൾ ജീവനെ അത്യന്തം വിലമതിക്കുമ്പോൾതന്നെ രക്തം സംബന്ധിച്ച യഹോവയുടെ നിയമം അനുസരിക്കാൻ പ്രതിബദ്ധത ഉള്ളവരാണ്. ആധുനിക ചികിത്സാരീതികളുടെ വെളിച്ചത്തിൽ ഇത് എന്തർഥമാക്കുന്നു?
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, രക്തം കുത്തിവെക്കുന്ന രീതി സാധാരണമായിത്തീർന്നപ്പോൾ, ദൈവനിയമത്തിന് വിരുദ്ധമായ ഒരു പ്രവൃത്തിയായിട്ടാണ് യഹോവയുടെ സാക്ഷികൾ അതിനെ കണ്ടത്. ഇപ്പോഴും ഞങ്ങളുടെ ആ വീക്ഷണത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാൽ വൈദ്യശാസ്‌ത്ര രംഗത്ത് വളരെയേറെ മാറ്റങ്ങൾ വന്നിരിക്കുന്നു. ഇന്ന്, മിക്കപ്പോഴും കുത്തിവെക്കുന്നത് രക്തം അപ്പാടെ—അതായത്, രക്തം അതിന്റെ എല്ലാ ഘടകങ്ങളും സഹിതം (whole blood)—അല്ല, പിന്നെയോ രക്തത്തിലെ പ്രാഥമിക ഘടകങ്ങളിൽ ഏതെങ്കിലും ഒന്നാണ്. അത് അരുണ രക്താണുക്കളോ ശ്വേത രക്താണുക്കളോ പ്ലേറ്റ്‌ലെറ്റുകളോ പ്ലാസ്‌മയോ (സീറം)—രക്തത്തിലെ ദ്രവഭാഗം—ആകാം. ഓരോ രോഗിക്കും ആവശ്യമായിരിക്കുന്നത് എന്താണ് എന്നതിന് അനുസരിച്ച് ഡോക്ടർമാർ അരുണ രക്താണുക്കളോ ശ്വേത രക്താണുക്കളോ പ്ലേറ്റ്‌ലെറ്റുകളോ പ്ലാസ്‌മയോ കുത്തിവെക്കാൻ നിർദേശിച്ചേക്കാം. അങ്ങനെ ചെയ്യുക വഴി ഒരു യൂണിറ്റ് രക്തം പലർക്കായി ഉപയോഗപ്പെടുത്താൻ കഴിയുന്നു. എന്നാൽ, രക്തം അപ്പാടെ ആണെങ്കിലും രക്തത്തിലെ നാലു പ്രാഥമിക ഘടകങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിലും അത് സ്വീകരിക്കുന്നത് ദൈവനിയമത്തിന്റെ ലംഘനം ആണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ഈ ബൈബിളധിഷ്‌ഠിത നിലപാട്, പല അപകടങ്ങളിൽനിന്നും അവരെ സംരക്ഷിച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, രക്തപ്പകർച്ചയിലൂടെ ഹെപ്പറ്റൈറ്റിസ്, എയ്‌ഡ്‌സ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്നതിൽനിന്ന് അവർ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
രക്തത്തെ മേൽപ്പറഞ്ഞ പ്രാഥമിക ഘടകങ്ങളായി മാത്രമല്ല വേർതിരിക്കാൻ കഴിയുക. ഈ പ്രാഥമിക ഘടകങ്ങളിൽനിന്ന് അവയുടെ അംശങ്ങളെയും വേർതിരിച്ചെടുക്കാൻ കഴിയും. അതുകൊണ്ട്, ഈ അംശങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു വരുന്നു. ഈ അംശങ്ങൾ ഏതു വിധത്തിലാണ് ഉപയോഗപ്പെടുത്തുന്നത്? ഇവ സ്വീകരിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ ഒരു ക്രിസ്‌ത്യാനി എന്തെല്ലാം പരിചിന്തിക്കണം?
രക്തം സങ്കീർണമായ ഒരു ദ്രാവകമാണ്. 90 ശതമാനവും വെള്ളം ആയ പ്ലാസ്‌മയിൽ പോലും അനേകം ഹോർമോണുകൾ, അജൈവ ലവണങ്ങൾ, എൻസൈമുകൾ, ധാതുക്കളും പഞ്ചസാരയും പോലുള്ള പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പ്ലാസ്‌മയിൽ ആൽബുമിൻ, രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങൾ (ക്ലോട്ടിങ് ഫാക്ടേഴ്‌സ്), രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രതിദ്രവ്യങ്ങൾ (antibodies) തുടങ്ങിയ മാംസ്യങ്ങളും ഉണ്ട്. വിദഗ്‌ധർ പ്ലാസ്‌മയിൽനിന്ന് അതിലെ പല മാംസ്യങ്ങളും വേർതിരിച്ച് ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, അനിയന്ത്രിതമായ രക്ത വാർച്ചയ്‌ക്ക് ഇടയാക്കുന്ന ഹീമോഫീലിയ എന്ന രോഗം ഉള്ളവർക്ക് ക്ലോട്ടിങ് ഫാക്ടർ VIII നൽകാറുണ്ട്. അതുപോലെതന്നെ, ഒരാൾക്ക് ചില രോഗങ്ങൾ പിടിപെട്ടിരിക്കുന്ന പക്ഷം, അവയോട് പ്രതിരോധശേഷി വളർത്തിയെടുത്തിട്ടുള്ളവരുടെ രക്തത്തിലെ പ്ലാസ്‌മയിൽനിന്നു വേർതിരിച്ചെടുത്ത ഗാമാ ഗ്ലോബുലിൻ കുത്തിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചേക്കാം. പ്ലാസ്‌മയിൽനിന്നെടുക്കുന്ന മറ്റു മാംസ്യങ്ങളും ഇതുപോലെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു. രക്തത്തിലെ പ്രാഥമിക ഘടകങ്ങളിൽ ഒന്നായ പ്ലാസ്‌മയിൽനിന്ന് അതിന്റെ അംശങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയും എന്ന് മേൽപ്പറഞ്ഞ വിവരങ്ങൾ കാണിച്ചുതരുന്നു.പ്ലാസ്‌മയിൽനിന്ന് വ്യത്യസ്‌ത അംശങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്നതുപോലെതന്നെ രക്തത്തിലെ മറ്റു പ്രാഥമിക ഘടകങ്ങളിൽ (അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ) നിന്നും അവയുടെ അംശങ്ങളെ വേർതിരിച്ചെടുക്കാൻ കഴിയും. ഉദാഹരണത്തിന്, ശ്വേത രക്താണുക്കളിൽനിന്ന് ഇന്റർഫെറോണുകളും ഇന്റർല്യൂക്കിനുകളും വേർതിരിക്കാൻ കഴിയും. ഇവ കാൻസറിന്റെയും ചില വൈറസ് രോഗങ്ങളുടെയും ചികിത്സയ്‌ക്കായി ഉപയോഗിച്ചുവരുന്നു. പ്ലേറ്റ്‌ലെറ്റുകളിൽനിന്നാണെങ്കിൽ മുറിവുണക്കുന്ന ഒരു ഘടകത്തെ വേർതിരിച്ചെടുക്കാൻ കഴിയും. രക്തത്തിലെ പ്രാഥമിക ഘടകങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന അംശങ്ങൾ ചേർത്ത്—ചുരുങ്ങിയ പക്ഷം തുടക്കത്തിലെങ്കിലും—തയ്യാറാക്കുന്ന മറ്റു മരുന്നുകളും ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത്തരം ചികിത്സകളിൽ രക്തത്തിലെ പ്രാഥമിക ഘടകങ്ങളല്ല, മറിച്ച് ആ ഘടകങ്ങളുടെ ഭാഗങ്ങൾ അഥവാ അംശങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ക്രിസ്‌ത്യാനികൾക്ക് ഈ അംശങ്ങൾ ഉപയോഗിച്ചുള്ള വൈദ്യ ചികിത്സ സ്വീകരിക്കാമോ? അതിനുള്ള ഉത്തരം ഞങ്ങൾക്കു പറയാനാവില്ല. ബൈബിൾ അതു സംബന്ധിച്ച് വിശദാംശങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് ഓരോ ക്രിസ്‌ത്യാനിയും ദൈവമുമ്പാകെ മനസ്സാക്ഷിയനുസരിച്ച് സ്വന്തമായ തീരുമാനം കൈക്കൊള്ളണം.
ചിലർ രക്തത്തിൽ നിന്നെടുക്കുന്ന യാതൊന്നും (താത്‌കാലികമായ നിഷ്‌ക്രിയ പ്രതിരോധശേഷി [passive immunity] നേടിക്കൊടുക്കുന്ന ഘടകാംശങ്ങൾ പോലും) സ്വീകരിക്കില്ല. ‘രക്തം വർജിക്കണം’ എന്ന ദൈവ കൽപ്പന അവർ മനസ്സിലാക്കുന്നത് ആ വിധത്തിലാണ്. ഒരു ജീവിയിൽനിന്നു രക്തം നീക്കം ചെയ്‌താൽ പിന്നെ അത് “നിലത്തു ഒഴിച്ചുകളയേണം” എന്ന് ദൈവനിയമം ഇസ്രായേല്യരോട് ആവശ്യപ്പെട്ടിരുന്നതായി അവർ ന്യായവാദം ചെയ്യുന്നു. (ആവർത്തനപുസ്‌തകം 12:22-24) ആ ന്യായവാദത്തിന് ഇവിടെ എന്താണു പ്രസക്തി? വാസ്‌തവത്തിൽ, ഗാമാ ഗ്ലോബുലിൻ, രക്തത്തിൽ അധിഷ്‌ഠിതമായ ക്ലോട്ടിങ് ഫാക്ടറുകൾ തുടങ്ങിയവയൊക്കെ തയ്യാറാക്കുന്നത് രക്തം ശേഖരിച്ചുവെച്ചിട്ടാണ്. അതുകൊണ്ട്, രക്തം അപ്പാടെയോ രക്തത്തിന്റെ നാലു പ്രാഥമിക ഘടകങ്ങളോ സ്വീകരിക്കാത്തതുപോലെ തന്നെ, ചില ക്രിസ്‌ത്യാനികൾ അത്തരം ഉത്‌പന്നങ്ങളും സ്വീകരിക്കുന്നില്ല. അവരുടെ ആത്മാർഥതയോടു കൂടിയതും മനസ്സാക്ഷിപരവുമായ നിലപാടിനെ മറ്റുള്ളവർ ആദരിക്കേണ്ടതുണ്ട്.
മറ്റുചില ക്രിസ്‌ത്യാനികൾ ഇക്കാര്യത്തിൽ വ്യത്യസ്‌തമായ ഒരു തീരുമാനം കൈക്കൊള്ളുന്നു. രക്തം അപ്പാടെയോ രക്തത്തിലെ പ്രാഥമിക ഘടകങ്ങളോ—പ്ലാസ്‌മ, അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവ—അവരും ഒരുകാരണവശാലും സ്വീകരിക്കില്ല. എന്നാൽ പ്രാഥമിക ഘടകങ്ങളിൽനിന്നു വേർതിരിച്ചെടുത്ത ഒരു ഘടകാംശം ഉപയോഗിച്ച് തങ്ങളെ ചികിത്സിക്കാൻ അവർ ഡോക്ടറെ അനുവദിച്ചേക്കാം. ഘടകാംശങ്ങൾ സ്വീകരിക്കുന്നവരിൽ തന്നെ വ്യത്യാസങ്ങൾ കണ്ടേക്കാം. ഒരു ക്രിസ്‌ത്യാനി ഗാമാ ഗ്ലോബുലിന്റെ കുത്തിവെപ്പ് സ്വീകരിച്ചേക്കാം. അതേസമയംതന്നെ, അരുണ രക്താണുക്കളിൽനിന്നോ ശ്വേത രക്താണുക്കളിൽനിന്നോ വേർതിരിച്ചെടുത്ത എന്തെങ്കിലും അടങ്ങുന്ന കുത്തിവെപ്പ് അദ്ദേഹം സ്വീകരിക്കാതിരുന്നേക്കാം, ചിലപ്പോൾ സ്വീകരിച്ചെന്നും വരാം. എന്നാൽ ആകമാനമായി നോക്കുമ്പോൾ രക്തത്തിലെ ഘടകാംശങ്ങൾ സ്വീകരിക്കുന്നത് തെറ്റല്ല എന്നു നിഗമനം ചെയ്യുന്നതിലേക്ക് ചില ക്രിസ്‌ത്യാനികളെ നയിച്ചേക്കാവുന്നത് എന്താണ്?
ഗർഭിണിയായ ഒരു സ്‌ത്രീയുടെ രക്തത്തിലെ പ്ലാസ്‌മയിൽ അടങ്ങിയിരിക്കുന്ന മാംസ്യങ്ങൾ (അതായത് രക്തത്തിലെ ഘടകാംശങ്ങൾ)
ഗർഭസ്ഥശിശുവിന്റെ വ്യതിരിക്തമായ രക്തപര്യയന വ്യവസ്ഥയിലേക്കു സഞ്ചരിക്കുന്നുണ്ടെന്ന് 1990 ജൂൺ 1 ലക്കം ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തി ചൂണ്ടിക്കാട്ടുകയുണ്ടായി. പ്ലാസ്‌മയിലെ, ഇമ്മ്യൂണോഗ്ലോബുലിനുകൾ എന്നു വിളിക്കപ്പെടുന്ന മാംസ്യങ്ങൾ മാതാവിൽനിന്ന് കുഞ്ഞിലേക്കു കൈമാറപ്പെടുന്നതു നിമിത്തം കുഞ്ഞിന് അമൂല്യമായ പ്രതിരോധശേഷി ലഭിക്കുന്നു. ഇനി മറ്റൊരു കാര്യം. ഗർഭസ്ഥശിശുവിലെ അരുണ രക്താണുക്കളുടെ സ്വാഭാവികമായ ആയുസ്സ് പൂർത്തിയാകുമ്പോൾ അവയിലെ ഓക്‌സിജൻ വാഹക ഘടകം വിഘടിപ്പിക്കപ്പെടുന്നു. ഈ ഘടകത്തിൽ കുറെ ബിലിറൂബിൻ ആയിത്തീരുന്നു. അത് മറുപിള്ളയിലൂടെ മാതാവിലേക്കു കടക്കുകയും അവളുടെ ശരീരത്തിലെ വിസർജ്ജ്യങ്ങളോടൊപ്പം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഈ വിധത്തിൽ രക്തത്തിന്റെ ഘടകാംശങ്ങൾ മറ്റൊരു വ്യക്തിയിലേക്ക് സ്വാഭാവികമായിത്തന്നെ കൈമാറപ്പെടുന്നതിനാൽ രക്തത്തിലെ പ്ലാസ്‌മയിൽനിന്നോ കോശങ്ങളിൽനിന്നോ വേർതിരിച്ചെടുത്ത ഒരു ഘടകാംശം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ചില ക്രിസ്‌ത്യാനികൾ നിഗമനം ചെയ്‌തേക്കാം.ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളും മനസ്സാക്ഷിപരമായ തീരുമാനങ്ങളും ആയിരിക്കാം ഉള്ളത് എന്ന വസ്‌തുത രക്തം സംബന്ധിച്ച പ്രശ്‌നം ഒരു പ്രാധാന്യമില്ലാത്ത സംഗതിയാണെന്നു സൂചിപ്പിക്കുന്നുണ്ടോ? ഇല്ല. ഇത് പ്രാധാന്യമുള്ളതു തന്നെയാണ്. എങ്കിലും, അടിസ്ഥാനപരമായി നോക്കുമ്പോൾ അതു ലളിതമാണുതാനും. യാതൊരു കാരണവശാലും യഹോവയുടെ സാക്ഷികൾ രക്തം അപ്പാടെയോ രക്തത്തിന്റെ പ്രാഥമിക ഘടകങ്ങളോ സ്വീകരിക്കില്ലെന്നു മേൽവിവരിച്ച വിവരങ്ങൾ പ്രകടമാക്കുന്നു. ‘വിഗ്രഹാർപ്പിതം, രക്തം, പരസംഗം എന്നിവ വർജ്ജിക്കാൻ’ ബൈബിൾ ക്രിസ്‌ത്യാനികളോടു കൽപ്പിക്കുന്നു. (പ്രവൃത്തികൾ 15:28) എന്നാൽ, പ്രാഥമിക ഘടകങ്ങളിൽ ഏതിന്റെയെങ്കിലും അംശങ്ങൾ സ്വീകരിക്കുന്ന കാര്യം വരുമ്പോൾ ഓരോ ക്രിസ്‌ത്യാനിയും ശ്രദ്ധാപൂർവവും പ്രാർഥനാപൂർവവുമായ പരിചിന്തനത്തിനു ശേഷം മനസ്സാക്ഷിയനുസരിച്ച് സ്വന്തമായ തീരുമാനമെടുക്കണം.
ഏതൊരു ചികിത്സയും—ആരോഗ്യസംബന്ധമായ അപകടങ്ങൾ ഉൾപ്പെട്ടിരിക്കുന്നതായി അറിവുള്ള ചികിത്സയാണെങ്കിൽ (ദൃഷ്ടാന്തത്തിന്, രക്തോത്‌പന്നങ്ങൾ ഉപയോഗിച്ചുള്ളവ) പോലും—ഉടനടി പ്രയോജനം ചെയ്യുന്നതായി തോന്നുന്ന പക്ഷം, പിന്നെ മറ്റൊന്നും ചിന്തിക്കാതെ അതു സ്വീകരിക്കാൻ തയ്യാറാകുന്നവരാണ് അനേകരും. എന്നാൽ ആത്മാർഥതയുള്ള ഒരു ക്രിസ്‌ത്യാനി, ഒരു ചികിത്സ സ്വീകരിക്കേണ്ടി വരുമ്പോൾ ആരോഗ്യസംബന്ധമായ വശങ്ങളും അതിൽ കൂടുതലും പരിചിന്തിച്ചുകൊണ്ട് കൂടുതൽ വിശാലവും സമനിലയോടു കൂടിയതുമായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ ശ്രമിക്കുന്നു. മികച്ച വൈദ്യ പരിചരണം നൽകാനുള്ള ശ്രമങ്ങളെ യഹോവയുടെ സാക്ഷികൾ വിലമതിക്കുന്നു. ഏതൊരു ചികിത്സയും സ്വീകരിക്കുന്നതിനു മുമ്പ് അവർ അതിന്റെ ഗുണവും ദോഷവും തൂക്കിനോക്കുന്നു. പക്ഷേ, രക്തോത്‌പന്നങ്ങൾ സ്വീകരിക്കുന്ന കാര്യം വരുമ്പോൾ, നമ്മുടെ ജീവദാതാവായ ദൈവം എന്തു പറയുന്നുവെന്നും അവനുമായുള്ള വ്യക്തിപരമായ ബന്ധത്തെ അത് എങ്ങനെ ബാധിക്കുമെന്നും അവർ ശ്രദ്ധാപൂർവം പരിചിന്തിക്കുന്നു.—സങ്കീർത്തനം 36:9.
“യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നൽകുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല. സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ” എന്നെഴുതിയ സങ്കീർത്തനക്കാരനെ പോലെ, ഉറച്ച വിശ്വാസം ഉണ്ടായിരിക്കുന്നത് ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം എന്തൊരു അനുഗ്രഹമാണ്!—സങ്കീർത്തനം 84:11, 12.
[അടിക്കുറിപ്പുകൾ]
^ ഖ. 12 1978 ജൂൺ 15-ലെയും (ഇംഗ്ലീഷ്) 1994 ഒക്ടോബർ 1-ലെയും വീക്ഷാഗോപുരങ്ങളിലെ “വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തി കാണുക. രക്തത്തിലെ പ്രാഥമിക ഘടകങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന ചില അംശങ്ങൾക്കു പകരം ഉപയോഗപ്പെടുത്താവുന്ന കൃത്രിമ ഉത്‌പന്നങ്ങൾ—ഇവ രക്തത്തിൽനിന്ന് എടുത്തവയല്ല—ഔഷധനിർമാണ കമ്പനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
[30-ാം പേജിലെ ചതുരം]
ഡോക്ടറോടു ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങൾ
ഒരു രക്തോത്‌പന്നത്തിന്റെ ഉപയോഗം ഉൾപ്പെട്ടേക്കാവുന്ന ഒരു ശസ്‌ത്രക്രിയയ്‌ക്കോ ചികിത്സാ നടപടിക്കോ വിധേയനാകേണ്ടതുണ്ടെങ്കിൽ പിൻവരുന്ന പ്രകാരം ചോദിക്കുക:
സാഹചര്യം എത്ര ഗുരുതരമായിരുന്നാലും ഒരു തരത്തിലുള്ള രക്തപ്പകർച്ചയും (രക്തം അപ്പാടെയോ അരുണ രക്താണുക്കളോ ശ്വേത രക്താണുക്കളോ പ്ലേറ്റ്‌ലെറ്റുകളോ പ്ലാസ്‌മയോ) എനിക്ക് നൽകരുതെന്ന് യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ ഞാൻ നിർദേശിക്കുന്ന കാര്യം ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഡോക്ടർമാർക്കും നേഴ്‌സുമാർക്കും അറിയാമോ?
നിങ്ങൾക്ക് നൽകാൻ പോകുന്ന ഏതെങ്കിലും ഒരു മരുന്ന് രക്തത്തിലെ പ്ലാസ്‌മയിൽനിന്നോ ചുവന്ന രക്താണുക്കളിൽനിന്നോ ശ്വേത രക്താണുക്കളിൽനിന്നോ പ്ലേറ്റ്‌ലെറ്റുകളിൽനിന്നോ തയ്യാറാക്കിയതായിരിക്കാൻ ഇടയുണ്ടെങ്കിൽ ചോദിക്കുക:
ഈ മരുന്ന് രക്തത്തിലെ നാലു പ്രാഥമിക ഘടകങ്ങളിലെ ഏതെങ്കിലും ഒന്നിൽനിന്നു തയ്യാറാക്കിയതാണോ? ആണെങ്കിൽ ആ മരുന്നിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ സംബന്ധിച്ചു വിശദീകരിക്കാമോ?
ഈ മരുന്ന് എത്രത്തോളമായിരിക്കും നൽകുക? ഏതു വിധത്തിലായിരിക്കും അതു നൽകുക?
ഈ ഘടകാംശം സ്വീകരിക്കാൻ എന്റെ മനസ്സാക്ഷി അനുവദിക്കുകയും ഞാനത് സ്വീകരിക്കുകയും ചെയ്യുന്ന പക്ഷം വൈദ്യ സംബന്ധമായ എന്തെല്ലാം അപകടങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്?
ഈ ഘടകാംശം സ്വീകരിക്കാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെങ്കിൽ പകരം സ്വീകരിക്കാൻ കഴിയുന്ന മറ്റെന്തു ചികിത്സയാണുള്ളത്?
ഈ വിഷയത്തെ കുറിച്ച് എനിക്ക് കൂടുതലായി പരിചിന്തിക്കേണ്ടതുണ്ട്. എന്റെ തീരുമാനം എനിക്ക് എപ്പോഴാണ് താങ്കളെ അറിയിക്കാൻ സാധിക്കുക?