വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ സേവനം അർപ്പിക്കാൻ ഗിലെയാദിന്റെ 108-ാമത്തെ ക്ലാസ്സ്‌ ഉദ്‌ബോധിപ്പിക്കപ്പെട്ടു

വിശുദ്ധ സേവനം അർപ്പിക്കാൻ ഗിലെയാദിന്റെ 108-ാമത്തെ ക്ലാസ്സ്‌ ഉദ്‌ബോധിപ്പിക്കപ്പെട്ടു

വിശുദ്ധ സേവനം അർപ്പിക്കാൻ ഗിലെയാദിന്റെ 108-ാമത്തെ ക്ലാസ്സ്‌ ഉദ്‌ബോധിപ്പിക്കപ്പെട്ടു

ബൈബിളിന്റെ പുതിയലോക ഭാഷാന്തരത്തിൽ ദൈവാരാധനയെ മിക്കപ്പോഴും “വിശുദ്ധ സേവനം” എന്നു പരാമർശിക്കുന്നു. ദൈവത്തെ സേവിക്കുന്നതിനെ പരാമർശിക്കുന്ന ഒരു ഗ്രീക്കു പദത്തിൽനിന്നാണ്‌ ആ പ്രയോഗം വരുന്നത്‌. (റോമർ 9:4, NW) 5,562 പേർ സംബന്ധിച്ച, വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 108-ാം ക്ലാസ്സിന്റെ ബിരുദദാന പരിപാടിയിൽ, യഹോവയാം ദൈവത്തിനു സ്വീകാര്യമായ വിശുദ്ധ സേവനം അർപ്പിക്കാൻ ബിരുദധാരികളെ സഹായിക്കുന്ന പ്രായോഗിക ബുദ്ധിയുപദേശങ്ങൾ പ്രസംഗകർ നൽകുകയുണ്ടായി. *

യഹോവയുടെ സാക്ഷികളുടെ ഒരു ഭരണസംഘാംഗമായ തീയോഡർ ജാരറ്റ്‌സ്‌ ആയിരുന്നു പരിപാടിയുടെ അധ്യക്ഷൻ. “നമ്മുടെ പിതാവിന്റെ നാമം” എന്ന 52-ാമത്തെ ഗീതത്തോടെ പരിപാടി ആരംഭിച്ചു. ആ ഗീതത്തിന്റെ രണ്ടാം ഖണ്ഡം ഇങ്ങനെ തുടങ്ങുന്നു: “നിന്നതുല്യനാമശുദ്ധിക്കായ്‌ വഴികൾ തേടുന്നു” ഞങ്ങൾ. ഗിലെയാദ്‌ ക്ലാസ്സിൽ നിന്നു ലഭിച്ച പരിശീലനം തങ്ങളുടെ മിഷനറി നിയമനത്തിൽ ഉപയോഗിക്കാനുള്ള വിദ്യാർഥികളുടെ ഹൃദയംഗമമായ ആഗ്രഹത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നവ ആയിരുന്നു ആ വാക്കുകൾ. പത്തു രാജ്യങ്ങളിൽനിന്ന്‌ എത്തിയ അവരെ 17 രാജ്യങ്ങളിലായി നിയമിച്ചു.

വിദേശ വയലുകളിൽ സേവിക്കാൻ വിദ്യാർഥികളെ സജ്ജരാക്കിയ അഞ്ചുമാസത്തെ തീവ്രമായ ബൈബിൾ പഠനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ്‌ ജാരറ്റ്‌സ്‌ സഹോദരൻ തന്റെ പ്രസംഗം തുടങ്ങിയത്‌. ‘സകലവും ശോധന ചെയ്‌ത്‌,’ അതായത്‌ തങ്ങൾ മുമ്പു മനസ്സിലാക്കിയിരുന്ന കാര്യങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ സൂക്ഷ്‌മമായി പരിശോധിച്ച്‌, ‘നല്ലതു മുറുകെ പിടിക്കാൻ’ ആ പഠനം അവരെ സഹായിച്ചിരിക്കുന്നു. (1 തെസ്സലൊനീക്യർ 5:21) യഹോവയോടും അവന്റെ വചനത്തോടും മിഷനറി നിയമനത്തോടും വിശ്വസ്‌തമായി പറ്റിനിൽക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. അതിന്‌ അവരെ എന്തു സഹായിക്കും?

വിശുദ്ധസേവനം അർപ്പിക്കാനുള്ള പ്രായോഗിക ഉപദേശം

ബെഥേൽ പ്രവർത്തന കമ്മിറ്റിയിലെ ഒരു അംഗമായ ലോൺ ഷില്ലിങ്‌, “നിങ്ങൾ ന്യായബോധമുള്ള ഒരാളാണെന്നു തെളിയുമോ?” എന്ന വിഷയത്തെ കുറിച്ചു സംസാരിച്ചു. ന്യായബോധമുള്ളവർ ആയിരിക്കുന്നതിന്റെ മൂല്യം അദ്ദേഹം വിശേഷവത്‌കരിച്ചു. അത്‌ ദൈവിക ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നു. (യാക്കോബ്‌ 3:17, NW) ന്യായബോധമുള്ള ഒരു വ്യക്തി വഴക്കവും നിഷ്‌പക്ഷതയും മിതത്വവും പരിഗണനയും ദീർഘക്ഷമയും പ്രകടമാക്കും. “ന്യായബോധമുള്ളവർ മറ്റുള്ളവരോടുള്ള ഇടപെടലിൽ സമനിലയുള്ളവരാണ്‌. അവർ അതിരുകടന്ന നിലപാടുകൾ സ്വീകരിക്കുന്നില്ല,” ഷില്ലിങ്‌ സഹോദരൻ വിശദീകരിച്ചു. ഒരു മിഷനറിക്ക്‌ എങ്ങനെ ന്യായബോധം ഉള്ളവനായിരിക്കാൻ കഴിയും? തന്നെക്കുറിച്ചുതന്നെ ഒരു എളിയ വീക്ഷണം വളർത്തിയെടുക്കുകയും മറ്റുള്ളവരിൽനിന്നു കേട്ടുപഠിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ദൈവിക തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ മറ്റുള്ളവരുടെ വീക്ഷണങ്ങൾ പരിഗണിക്കാനുള്ള മനസ്സൊരുക്കം പ്രകടമാക്കുകയും ചെയ്യുന്നതിനാൽത്തന്നെ.—1 കൊരിന്ത്യർ 9:19-23.

പരിപാടിയിലെ അടുത്ത പ്രസംഗത്തിന്റെ വിഷയം രസകരമായിരുന്നു, “ആഹാരം കഴിക്കാൻ മറക്കരുത്‌!” ഭരണസംഘത്തിലെ മറ്റൊരു അംഗമായ സാമുവെൽ ഹെർഡ്‌ ആണ്‌ ആ വിഷയം അവതരിപ്പിച്ചത്‌. വിശുദ്ധസേവനം അർപ്പിക്കാൻ യോഗ്യരായി തുടരുന്നതിന്‌ നല്ല ആത്മീയ ആഹാരക്രമം ഉണ്ടായിരിക്കുന്നത്‌ എത്ര പ്രധാനമാണെന്ന്‌ അദ്ദേഹം വിശദീകരിച്ചു. ഹെർഡ്‌ സഹോദരൻ ഇങ്ങനെ പറഞ്ഞു: “പ്രസംഗ-പഠിപ്പിക്കൽ നിയമനത്തിൽ മുഴുകുന്നതോടെ, പെട്ടെന്നുതന്നെ നിങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾ വർധിക്കും. അപ്പോൾ നിങ്ങളുടെ ആത്മീയ ബലത്തെ അതുമായി സമനിലയിൽ നിർത്താൻ നിങ്ങൾ കൂടുതൽ ആത്മീയ ആഹാരം കഴിക്കേണ്ടിവരും.” ഒരു സ്ഥിരമായ ആത്മീയ ആഹാരക്രമം പാലിക്കുന്നത്‌ ആത്മീയ മാന്ദ്യവും ഗൃഹാതുരത്വവും ഒഴിവാക്കാൻ ഒരു മിഷനറിയെ സഹായിക്കും. കൂടാതെ അത്‌ സംതൃപ്‌തി കൈവരുത്തുകയും, വിശുദ്ധസേവനത്തോടു പറ്റിനിൽക്കാനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.—ഫിലിപ്പിയർ 4:13.

ഗിലെയാദ്‌ അധ്യാപകരിൽ ഒരാളായ ലോറൻസ്‌ ബോവെൻ ‘ആരംഭത്തിലേക്കു മടങ്ങാൻ’ ബിരുദം നേടുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം എന്താണ്‌ അർഥമാക്കിയത്‌? സദൃശവാക്യങ്ങൾ 1:7-ലേക്ക്‌ തങ്ങളുടെ ബൈബിൾ തുറക്കാൻ അദ്ദേഹം സദസ്സിലുണ്ടായിരുന്ന എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന്‌ അവിടെ പറയുന്നു. പ്രസംഗകൻ ഇങ്ങനെ വിശദീകരിച്ചു: “യഹോവയുടെ അസ്‌തിത്വത്തെ നിരാകരിക്കുന്ന യാതൊന്നിനും ഒരിക്കലും യഥാർഥ പരിജ്ഞാനമോ ശരിയായ ഗ്രാഹ്യമോ ആയിരിക്കാൻ കഴിയില്ല.” ബോവെൻ സഹോദരൻ ദൈവവചനമായ ബൈബിളിലെ വിശദാംശങ്ങളെ ഒരു ചിത്രത്തിന്റെ വിവിധ കഷണങ്ങളോടു താരതമ്യം ചെയ്‌തു. ആ കഷണങ്ങൾ ഒരുമിച്ചു വെക്കുമ്പോൾ ചിത്രം പൂർണമാകുന്നു. ഓരോരോ കഷണവും ചേർത്തുവെക്കുമ്പോൾ ചിത്രത്തിന്റെ വലിപ്പം വർധിക്കുകയും അതു കൂടുതൽ വ്യക്തമായിത്തീരുകയും ചെയ്യുന്നു, അതോടൊപ്പം വിലമതിപ്പും വർധിക്കുന്നു. സമാനമായി ദൈവവചനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പഠിക്കുന്നത്‌ ദൈവത്തിനു വിശുദ്ധ സേവനം അർപ്പിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു.

ഗിലെയാദ്‌ സ്‌കൂളിന്റെ രജിസ്‌ട്രാർ ആയ വാലസ്‌ ലിവെറൻസ്‌ ആണ്‌ പ്രസംഗ പരമ്പര ഉപസംഹരിച്ചത്‌. “ദൈവത്തിനുള്ള നിങ്ങളുടെ യാഗമായി നന്ദി അർപ്പിക്കുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. യേശു പത്തു കുഷ്‌ഠരോഗികളെ സൗഖ്യമാക്കിയതിനെ കുറിച്ചുള്ള വിവരണത്തിലേക്ക്‌ അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. (ലൂക്കൊസ്‌ 17:11-19) ദൈവത്തെ സ്‌തുതിക്കാനും യേശുവിനോടു നന്ദി പ്രകാശിപ്പിക്കാനുമായി ഒരാൾ മാത്രമേ മടങ്ങിവന്നുള്ളൂ. “ശുദ്ധരായിത്തീർന്നതിൽ ബാക്കി ഒമ്പതു പേരും ആനന്ദഭരിതരായിരുന്നു എന്നതിന്‌ സംശയം ഏതുമില്ല. തങ്ങളുടെ അവസ്ഥ സംബന്ധിച്ച്‌ അവർക്ക്‌ ആത്മനിർവൃതി തോന്നുകയും ചെയ്‌തിരിക്കണം. എന്നാൽ പുരോഹിതനാൽ ശുദ്ധരായി പ്രഖ്യാപിക്കപ്പെടണമെന്ന ആഗ്രഹമേ അവർക്ക്‌ ഉണ്ടായിരുന്നുള്ളുവെന്നു തോന്നുന്നു,” ലിവെറൻസ്‌ സഹോദരൻ പറഞ്ഞു. സത്യം പഠിക്കുന്നതിനാൽ കൈവരുന്ന ആത്മീയ ശുദ്ധീകരണവും അതിനോടുള്ള വിലമതിപ്പും, ദൈവത്തിന്റെ നന്മയെ പ്രതി അവനോടു നന്ദി പ്രദർശിപ്പിക്കാൻ ഒരുവനെ പ്രേരിപ്പിക്കണം. തങ്ങളുടെ സേവനവും ത്യാഗങ്ങളും ദൈവത്തോടുള്ള നന്ദിയുടെ ഒരു പ്രതിഫലനം ആയിരിക്കേണ്ടതിന്‌, അവന്റെ സകല പ്രവൃത്തികളെയും നന്മകളെയും കുറിച്ചു ധ്യാനിക്കാൻ 108-ാം ഗിലെയാദ്‌ ക്ലാസ്സിലെ വിദ്യാർഥികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു.—സങ്കീർത്തനം 50:14, 23; 116:12, 17.

സേവനത്തിലൂടെ എങ്ങനെ നന്ദി പ്രകടിപ്പിക്കാമെന്നു കാണിക്കുന്ന അനുഭവങ്ങളും അഭിമുഖങ്ങളും

പരിപാടിയിലെ അടുത്ത ഭാഗം നിർവഹിച്ചത്‌ ഗിലെയാദ്‌ അധ്യാപകനായ മാർക്ക്‌ നൂമർ ആണ്‌. പരിശീലന കാലത്തു വിദ്യാർഥികൾക്കുണ്ടായ വയൽസേവന അനുഭവങ്ങളെ കുറിച്ചുള്ളതായിരുന്നു അത്‌. ഗിലെയാദിൽ വരുന്നതിനു മുമ്പ്‌ വിദ്യാർഥികൾ ശരാശരി 12-ലേറെ വർഷം മുഴുസമയ സേവനത്തിൽ ചെലവഴിച്ചിരുന്നു. സ്‌കൂളിലെ പഠന കാലത്ത്‌ അവർ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ള അനേകം ആളുകളുമായി ബൈബിൾ അധ്യയനം ആരംഭിച്ചു. “എല്ലാവർക്കും എല്ലാമായിത്തീ”രാൻ വിദ്യാർഥികൾക്ക്‌ അറിയാമെന്ന്‌ ഇതു പ്രകടമാക്കുന്നു.—1 കൊരിന്ത്യർ 9:22.

വിദ്യാർഥികളുടെ അനുഭവങ്ങൾക്കു ശേഷം ചാൾസ്‌ മോലഹാനും വില്യം സാമുവൽസണും ഗിലെയാദിൽ സംബന്ധിച്ചിട്ടുള്ള ചില ബെഥേൽ കുടുംബാംഗങ്ങളുമായും സഞ്ചാര മേൽവിചാരകന്മാരുമായും അഭിമുഖം നടത്തി. 51-ാമത്തെ ഗിലെയാദ്‌ ക്ലാസിൽനിന്നു ബിരുദം നേടിയ ശേഷം ഫിലിപ്പീൻസിൽ സേവനം അനുഷ്‌ഠിച്ച റോബർട്ട്‌ പെവി ആയിരുന്നു അവരിൽ ഒരാൾ. അദ്ദേഹം ക്ലാസ്സിനെ ഇങ്ങനെ ഓർമിപ്പിച്ചു: “ഒരു പ്രശ്‌നം ഉണ്ടായാൽ, അത്‌ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച്‌ എല്ലാവരും നിർദേശങ്ങൾ തരുന്നു. നിങ്ങളെക്കാൾ സമർഥരായ, നിങ്ങൾക്ക്‌ അറിയാവുന്നതിലും മെച്ചമായ ഒരു നിർദേശം തരാൻ കഴിയുന്ന ആരെങ്കിലും എപ്പോഴുമുണ്ടാകും. എന്നാൽ നിങ്ങൾ ബൈബിളിലേക്കു തിരിഞ്ഞ്‌ കാര്യങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം കണ്ടുപിടിക്കാൻ ശ്രമിക്കുന്നെങ്കിൽ, ആരും അതിനെ കടത്തിവെട്ടാൻ പോകുന്നില്ല. അതായിരിക്കും എല്ലായ്‌പോഴും ശരിയായ ഉത്തരവും.”

ഈ ഉത്തമ ആത്മീയ കാര്യപരിപാടിയുടെ ഉപസംഹാരം എന്ന നിലയിൽ, ഭരണസംഘത്തിലെ ഒരു അംഗമായ ജോൺ ബാർ “യഹോവയ്‌ക്കു സ്വീകാര്യമായ വിശുദ്ധ സേവനം അർപ്പിക്കുക” എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. ദൈവത്തെ സ്വീകാര്യമായ രീതിയിൽ സേവിക്കാൻ ആത്മാർഥ ഹൃദയരായ ആളുകളെ സഹായിക്കുന്ന വയൽ ശുശ്രൂഷ ഒരു വിശുദ്ധ സേവനമായിരിക്കുന്നത്‌ എങ്ങനെയെന്ന്‌ അദ്ദേഹം പ്രകടമാക്കി. മത്തായി 4:10-ലെ യേശുവിന്റെ വാക്കുകളിലേക്കു ശ്രദ്ധ ക്ഷണിച്ച ശേഷം ബാർ സഹോദരൻ ഇങ്ങനെ പറഞ്ഞു: “യഹോവയെ മാത്രം ആരാധിക്കാനാണ്‌ നാം ആഗ്രഹിക്കുന്നതെങ്കിൽ, അത്യാഗ്രഹം, ധനമോഹം, ആത്മപ്രശംസ എന്നിങ്ങനെയുള്ള വിഗ്രഹാരാധനയുടെ എല്ലാവിധ വഞ്ചക രൂപങ്ങളും നാം ഒഴിവാക്കണം. 1940-കളുടെ ആദ്യം മുതലുള്ള ഈ വർഷങ്ങളിലെല്ലാം നമ്മുടെ മിഷനറിമാർ ഇക്കാര്യത്തിൽ വെച്ചിരിക്കുന്ന അത്യുത്തമ മാതൃകയെ കുറിച്ചു ചിന്തിക്കുന്നതു നമ്മെ എത്ര സന്തുഷ്ടരാക്കുന്നു! 108-ാം ഗിലെയാദ്‌ ക്ലാസ്സിലെ വിദ്യാർഥികളായ നിങ്ങളും അവരുടെ നല്ല മാതൃക പിൻപറ്റുമെന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. നിങ്ങൾ യഹോവയ്‌ക്കു വിശുദ്ധ സേവനം അർപ്പിക്കാൻ പോകുകയാണ്‌, അവൻ മാത്രമാണ്‌ അതു സ്വീകരിക്കാൻ യോഗ്യൻ.”

കെട്ടുപണിചെയ്യുന്ന ആ പരിപാടിയുടെ ഒരു ക്രിയാത്മക പരിസമാപ്‌തിയായിരുന്നു അത്‌. തുടർന്ന്‌, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള അഭ്യുദയകാംക്ഷികളുടെ ആശംസകൾ കേൾക്കാനും ഡിപ്ലോമകൾ നൽകുന്നതു നിരീക്ഷിക്കാനും തങ്ങൾക്കു ലഭിച്ച പരിശീലനത്തോടുള്ള വിലമതിപ്പു പ്രകടിപ്പിക്കുന്ന ക്ലാസ്സിന്റെ കത്തു വായിച്ചു കേൾക്കാനും ഉള്ള അവസരമുണ്ടായിരുന്നു. തങ്ങളുടെ നിയമനത്തിലും യഹോവയുടെ സേവനത്തിലും ഉറച്ചു നിൽക്കാൻ ബിരുദധാരികൾ ഉദ്‌ബോധിപ്പിക്കപ്പെട്ടു. 25 രാജ്യങ്ങളിൽനിന്നുള്ള അതിഥികൾ ഉൾപ്പെടെ ഹാജരായിരുന്ന എല്ലാവരും സമാപന ഗീതത്തിലും പ്രാർഥനയിലും പങ്കുചേർന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 2 2000 മാർച്ച്‌ 11-ന്‌, ന്യൂയോർക്കിലെ പാറ്റേഴ്‌സണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെച്ചാണു പരിപാടി നടന്നത്‌.

[23-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക

പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 10

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 17

വിദ്യാർഥികളുടെ എണ്ണം: 46

ശരാശരി വയസ്സ്‌: 34

സത്യത്തിലായിരുന്ന ശരാശരി വർഷം: 16

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12

[24-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ ബിരുദം നേടുന്ന 108-ാമത്തെ ക്ലാസ്സ്‌

ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക്‌ എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) അമദോരീ, ഇ.; കുക്ക്‌, ഒ.; ബാർൺ, എം.; ലീ, എ. (2) ന്യൂസം, ഡി.; പേഡെർറ്റ്‌സോല്ലീ, എ.; ബീഗ്രാ, എച്ച്‌.; കാറ്റോ, റ്റി.; ഗേറ്റ്‌വുഡ്‌, ഡി. (3) ഇഡ്‌, ഡി.; ഇഡ്‌, ജെ.; വെൽസ്‌, എസ്‌.; ജേമിസൺ, ജെ.; ഗോൺസാലസ്‌, എം.; ഗോൺസാലസ്‌, ജെ. (4) കാറ്റോ, റ്റി.; ലോൺ, ഡി.; നിക്ലൊസ്‌, വൈ.; പ്രൈസ്‌, എസ്‌.; ഫോസ്റ്റർ, പി.; ഇബാറാ, ജെ. (5) അമദോരീ, എം.; മാനിങ്‌, എം.; ജെയിംസ്‌, എം.; ബോസ്റ്റ്രോം, എ.; ഗേറ്റ്‌വുഡ്‌, ബി.; ന്യൂസം, ഡി. (6) ഫോസ്റ്റർ, ബി.; ജേമിസൺ, ആർ.; ഹിഫിങ്കെർ, എ.; കോഫെൽ, സി.; കോഫെൽ, റ്റി.; ബാർൺ, ജി. (7) ഹിഫിങ്കെർ, കെ.; മാനിങ്‌, സി.; കുക്ക്‌, ജെ.; ബോസ്റ്റ്രോം, ജെ.; ലോൺ, ഇ.; പേഡെർറ്റ്‌സോല്ലീ, എ. (8) ജെയിംസ്‌, എ.; വെൽസ്‌, എൽ.; പ്രൈസ്‌, ഡി.; നിക്ലൊസ്‌, ഇ.; ലീ, എം.; ഇബാറാ, പി.; ബീഗ്രാ, വൈ.