വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനേകം ജനതകൾക്കുവേണ്ടിയുള്ള ഒരു പ്രകാശവാഹകൻ

അനേകം ജനതകൾക്കുവേണ്ടിയുള്ള ഒരു പ്രകാശവാഹകൻ

ജീവിത കഥ

അനേകം ജനതകൾക്കുവേണ്ടിയുള്ള ഒരു പ്രകാശവാഹകൻ

ജോർജ്‌ യങ്ങിന്റെ കഥ രൂത്ത്‌ യങ്‌ നിക്കോൾസൺ പറഞ്ഞത്‌

“നമ്മുടെ സഭ സത്യം പഠിപ്പിക്കാത്തതെന്തേ? സത്യം അറിഞ്ഞിട്ടും അതു സംബന്ധിച്ച്‌ നിശ്ശബ്ദത പാലിക്കാൻ സഭയ്‌ക്ക്‌ എങ്ങനെ കഴിയുന്നു? നമുക്ക്‌ ആളുകളെ അജ്ഞതയിൽ വിടാതിരിക്കാം, പകരം സത്യം തുറന്നു പറയാം.”

എന്റെ ഡാഡി പള്ളിയിലേക്ക്‌ അയച്ച 33 പേജുള്ള രാജിക്കത്തിന്റെ ഒരു ഭാഗമാണ്‌ മേലുദ്ധരിച്ചത്‌. 1913-ൽ ആയിരുന്നു ആ സംഭവം. അന്നുമുതൽ അദ്ദേഹം അനേകം ജനതകൾക്കുവേണ്ടി ഒരു പ്രകാശവാഹകനായി സേവിച്ചു. സംഭവബഹുലമായിരുന്നു ആ ജീവിതം. (ഫിലിപ്പിയർ 2:15) ഒരു കുട്ടി ആയിരുന്നപ്പോൾത്തന്നെ ബന്ധുക്കളിൽനിന്നും മറ്റ്‌ ഉറവിടങ്ങളിൽനിന്നുമൊക്കെയായി മരിച്ചുപോയ എന്റെ ഡാഡിയെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ മനസ്സിലാക്കി. ഇതെല്ലാം ഉപയോഗിച്ചുകൊണ്ട്‌ ഡാഡിയുടെ ജീവിതത്തെക്കുറിച്ച്‌ ഒരു ചിത്രം മെനഞ്ഞെടുക്കാൻ സുഹൃത്തുക്കൾ എന്നെ സഹായിച്ചു. ഡാഡിയെക്കുറിച്ച്‌ ചിന്തിക്കുമ്പോഴൊക്കെ അപ്പൊസ്‌തലനായ പൗലൊസിന്റെ കാര്യമാണ്‌ എന്റെ മനസ്സിലേക്കു വരുന്നത്‌. ‘ജാതികളുടെ അപ്പൊസ്‌തലൻ’ ആയിരുന്ന പൗലൊസിനെ പോലെ, സുവാർത്ത എത്തിക്കാനായി ഏതു രാജ്യങ്ങളിലേക്കും ദ്വീപുകളിലേക്കും യാത്ര ചെയ്യാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. (റോമർ 11:13; സങ്കീർത്തനം 107:1-3) ഇനി ഡാഡിയെക്കുറിച്ച്‌ അൽപ്പം വിശദമായി പറയാം.

ആദ്യകാലങ്ങൾ

സ്‌കോട്ടീഷ്‌ പ്രസ്‌ബിറ്റേറിയൻകാർ ആയിരുന്ന ജോൺ യങ്ങിന്റെയും മാർഗരറ്റ്‌ യങ്ങിന്റെയും ഏറ്റവും ഇളയ മകനായിരുന്നു എന്റെ ഡാഡി, പേര്‌ ജോർജ്‌ യങ്‌. 1886 സെപ്‌റ്റംബർ 8-നാണ്‌ അദ്ദേഹം ജനിച്ചത്‌. സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽനിന്ന്‌ പശ്ചിമ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയിലേക്ക്‌ അവർ മാറിത്താമസിച്ച ഉടനെ ആയിരുന്നു അത്‌. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്മാരായ അലക്‌സാണ്ടർ, ജോൺ, മാൽക്കോം എന്നിവർ സ്‌കോട്ട്‌ലൻഡിൽവെച്ചായിരുന്നു ജനിച്ചത്‌. ഏറ്റവും ഇളയത്‌ ഒരു പെൺകുട്ടിയായിരുന്നു, മരീൻ. ഡാഡിയെക്കാൾ രണ്ടു വയസ്സ്‌ ഇളയതായിരുന്ന മരീനെ അവർ സ്‌നേഹപൂർവം നല്ലീ എന്നാണ്‌ വിളിച്ചിരുന്നത്‌.

ബ്രിട്ടീഷ്‌ കൊളംബിയയിലെ വിക്‌ടോറിയയിൽനിന്ന്‌ അകലെയല്ലാത്ത സാനിച്ച്‌ പട്ടണത്തിൽ വളർന്നുവന്ന അവരുടെ കുട്ടിക്കാലം വളരെ സന്തോഷകരമായിരുന്നു. ആ സമയത്ത്‌ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അവർ പഠിച്ചു. അതുകൊണ്ട്‌, മാതാപിതാക്കൾ വിക്ടോറിയയിൽപോയി തിരിച്ചുവരുമ്പോഴേക്കും കുട്ടികൾ വീടിനു വെളിയിലുള്ള ജോലികളെല്ലാം തീർത്ത്‌ വീട്‌ വൃത്തിയാക്കിയിടുമായിരുന്നു.

കാലക്രമത്തിൽ, ഡാഡിയും സഹോദരന്മാരും ഖനനവും തടിക്കച്ചവടവും നടത്താൻ തുടങ്ങി. യങ്‌ സഹോദരന്മാർ പേരുകേട്ട തടിക്കച്ചവടക്കാർ ആയിത്തീർന്നു. ഡാഡിയാണ്‌ പണമിടപാടുകൾ നടത്തിയിരുന്നത്‌.

ആത്മീയ കാര്യങ്ങളിൽ തത്‌പരൻ ആയിരുന്നതിനാൽ അദ്ദേഹം പിന്നീട്‌ ഒരു പ്രസ്‌ബിറ്റേറിയൻ ശുശ്രൂഷകനാകാൻ തീരുമാനിച്ചു. ഏതാണ്ട്‌ ആ സമയത്ത്‌ സയൺസ്‌ വാച്ച്‌ ടവർ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന ചാൾസ്‌ ടെയ്‌സ്‌ റസ്സലിന്റെ പ്രസംഗങ്ങൾ വർത്തമാനപ്പത്രങ്ങളിൽ വന്നിരുന്നു. അവ അദ്ദേഹത്തിന്റെ ജീവിതത്തെ ആഴത്തിൽ സ്‌പർശിച്ചു. അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങളാണ്‌ തുടക്കത്തിൽ പരാമർശിച്ച രാജിക്കത്ത്‌ എഴുതിക്കൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌.

മനുഷ്യന്‌ ഒരു അമർത്യ ആത്മാവുണ്ടെന്നും ദൈവം മനുഷ്യരെ നരകാഗ്നിയിൽ നിത്യം ദണ്ഡിപ്പിക്കുമെന്നുമുള്ള സഭയുടെ പഠിപ്പിക്കലുകൾ തെറ്റാണെന്നു തെളിയിക്കാൻ ഡാഡി നയപരമായി ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുമായിരുന്നു. ത്രിത്വോപദേശത്തിനു പുറജാതി ഉത്ഭവമാണ്‌ ഉള്ളതെന്നും അതു തികച്ചും തിരുവെഴുത്തുവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമായി തെളിയിച്ചു. അക്കാലം മുതൽ അദ്ദേഹം, യേശു ചെയ്‌തതുപോലെ, താഴ്‌മയോടെ തന്റെ മുഴു പ്രാപ്‌തികളും യഹോവയുടെ മഹത്ത്വത്തിനായി ഉപയോഗിച്ചുകൊണ്ട്‌ ക്രിസ്‌തീയ ശുശ്രൂഷ നിർവഹിക്കാൻ തുടങ്ങി.

1917-ൽ, വാച്ച്‌ ടവർ സൊസൈറ്റിയുടെ നിർദേശമനുസരിച്ച്‌ ഡാഡി ഒരു പിൽഗ്രിം—അന്ന്‌ യഹോവയുടെ സാക്ഷികളുടെ സഞ്ചാര പ്രതിനിധികളെ വിളിച്ചിരുന്നത്‌ അങ്ങനെയാണ്‌—ആയി സേവിക്കാൻ തുടങ്ങി. കാനഡയിലുള്ള നഗരങ്ങളിലും പട്ടണങ്ങളിലും അദ്ദേഹം പ്രസംഗങ്ങൾ നടത്തുകയും ചലച്ചിത്രവും സ്ലൈഡുകളും അടങ്ങിയ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിക്കുകയും ചെയ്‌തു. ഡാഡിയുടെ സന്ദർശന സമയത്ത്‌ തീയറ്ററുകൾ തിങ്ങിനിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിൽഗ്രിം സന്ദർശനങ്ങളുടെ പട്ടിക 1921 വരെ വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

സുവിശേഷകനായ യങ്‌ 2,500 പേരെ അഭിസംബോധന ചെയ്‌തെന്നും ഹാൾ തിങ്ങിനിറഞ്ഞിരുന്നതിനാൽ പലർക്കും അകത്തു കടക്കാനായില്ലെന്നും അത്തരമൊരു സന്ദർശനത്തെ റിപ്പോർട്ടുചെയ്‌തുകൊണ്ട്‌ വിന്നിപെഗ്‌ പത്രം പറഞ്ഞു. ഒട്ടോവായിൽവെച്ച്‌ അദ്ദേഹം “നരകത്തിലേക്കും അവിടെനിന്നു തിരിച്ചും” എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രസംഗിച്ചു. പ്രായമുള്ള ഒരു മനുഷ്യൻ അതിനെക്കുറിച്ച്‌ ഇങ്ങനെ പറയുകയുണ്ടായി: “പ്രസംഗം കഴിഞ്ഞപ്പോൾ, പ്രസ്‌തുത വിഷയം തന്നോടൊത്ത്‌ ചർച്ച ചെയ്യാനായി ജോർജ്‌ യങ്‌ ഒരു കൂട്ടം പുരോഹിതന്മാരെ പ്ലാറ്റ്‌ഫാറത്തിലേക്കു ക്ഷണിച്ചു, പക്ഷേ, അവരിൽ ആരും അനങ്ങിയില്ല. ഞാൻ സത്യം കണ്ടെത്തിയെന്ന്‌ അപ്പോൾ എനിക്കു ബോധ്യമായി.”

തന്റെ പിൽഗ്രിം യാത്രകളിൽ കഴിയുന്നത്ര ആത്മീയ കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ഡാഡി ശ്രമിച്ചിരുന്നു. ഒരു സ്ഥലത്തെ സന്ദർശനം കഴിഞ്ഞ്‌ ഓടിപ്പിടിച്ചാണ്‌ അദ്ദേഹം അടുത്ത സ്ഥലത്തേക്കുള്ള ട്രെയിനിൽ കയറിപ്പറ്റിയിരുന്നത്‌. യാത്ര കാറിലാണെങ്കിൽ പ്രഭാതഭക്ഷണത്തിനു വളരെ മുമ്പുതന്നെ അദ്ദേഹം യാത്രതിരിക്കുമായിരുന്നു. തീക്ഷ്‌ണതയും പരിഗണനയും ഉള്ളവനായി ഡാഡി പരക്കെ അറിയപ്പെട്ടിരുന്നു. ക്രിസ്‌തീയ പ്രവർത്തനങ്ങളുടെയും ഔദാര്യത്തിന്റെയും കാര്യത്തിലും ഡാഡിയെക്കുറിച്ച്‌ എല്ലാവർക്കും നല്ല മതിപ്പായിരുന്നു.

അദ്ദേഹം സംബന്ധിച്ച കൺവെൻഷനുകളിൽ, ഏറ്റവും സ്‌മരണാർഹമായത്‌ 1918-ൽ ആൽബെർട്ടയിലെ എഡ്‌മോൺടണിൽവെച്ച്‌ നടന്നതായിരുന്നു. നല്ലിയുടെ സ്‌നാപനത്തിനു ദൃക്‌സാക്ഷികളാകാൻ ഡാഡിയുടെ മുഴുകുടുംബവും അവിടെ എത്തിയിരുന്നു. ആൺമക്കളെല്ലാം ഒന്നിച്ചുചേർന്ന അവസാന വേളയുമായിരുന്നു അത്‌. രണ്ടു വർഷംകഴിഞ്ഞ്‌ ന്യൂമോണിയ പിടിപെട്ട്‌ മാൽക്കോം മരണമടഞ്ഞു. തന്റെ മൂന്ന്‌ സഹോദരന്മാരെയും പിതാവിനെയും പോലെ മാൽക്കോമിനും സ്വർഗീയ ജീവന്റെ പ്രത്യാശയുണ്ടായിരുന്നു. അവരെല്ലാം മരണത്തോളം ദൈവത്തോടു വിശ്വസ്‌തരായിരുന്നു.—ഫിലിപ്പിയർ 3:14.

വിദേശ വയലിലേക്ക്‌

ഡാഡി 1921 സെപ്‌റ്റംബറിൽ കാനഡയിലെ തന്റെ പ്രസംഗപര്യടനം പൂർത്തിയാക്കിയപ്പോൾ, സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ അദ്ദേഹത്തെ കരീബിയൻ ദ്വീപുകളിലേക്ക്‌ അയച്ചു. അദ്ദേഹം എല്ലായിടത്തും “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിച്ചു, അതിന്‌ നല്ല സ്വീകരണവും ലഭിച്ചു. ട്രിനിഡാഡിൽനിന്ന്‌ അദ്ദേഹം എഴുതി: “ഇടമില്ലാഞ്ഞതിനാൽ അനേകമാളുകൾ തിരിച്ചുപോയി. രണ്ടാം ദിവസം രാത്രി കെട്ടിടത്തിൽ സൂചികുത്താൻ ഇടമില്ലായിരുന്നു.”

പിന്നെ, 1923-ൽ ഡാഡിക്കു ബ്രസീലിലേക്കു നിയമനം ലഭിച്ചു. അവിടെ അദ്ദേഹം വൻജനാവലികളോടു സംസാരിച്ചിരുന്നു, അതിനായി ചിലപ്പോഴൊക്കെ അദ്ദേഹം പരിഭാഷകരെ കൂലിക്കെടുക്കുകയും ചെയ്‌തിരുന്നു. 1923 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ജൂൺ 1 മുതൽ സെപ്‌റ്റംബർ 30 വരെയുള്ള കാലയളവിൽ യങ്‌ സഹോദരൻ 21 പരസ്യയോഗങ്ങൾ നടത്തി, മൊത്തം ഹാജർ 3,600 ആയിരുന്നു. 48 സഭായോഗങ്ങൾ നടത്തി, അതിന്റെ മൊത്തം ഹാജർ 1,100 ആയിരുന്നു. പോർച്ചുഗീസ്‌ ഭാഷയിലുള്ള സാഹിത്യത്തിന്റെ 5,000 പ്രതികൾ അദ്ദേഹം സൗജന്യമായി വിതരണം ചെയ്‌തു.” “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന വിഷയത്തിൽ ഡാഡി നടത്തിയ പ്രസംഗം കേട്ട അനേകർ അനുകൂലമായി പ്രതികരിച്ചു.

ബ്രസീലിലെ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങളുടെ സമർപ്പണത്തോടനുബന്ധിച്ച്‌ 1997 മാർച്ച്‌ 8-ന്‌ പുറത്തിറക്കിയ ലഘുപത്രിക ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “1923: ജോർജ്‌ യങ്‌ ബ്രസീലിൽ എത്തുന്നു. റിയോ ഡി ജനീറോയുടെ മധ്യഭാഗത്തായി അദ്ദേഹം ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിക്കുന്നു.” സ്‌പാനിഷിൽ ബൈബിൾ സാഹിത്യം ലഭ്യമായിരുന്നെങ്കിലും, ബ്രസീലിലെ പ്രാഥമിക ഭാഷയായ പോർച്ചുഗീസിലും അത്‌ ആവശ്യമായിരുന്നു. അതുകൊണ്ട്‌, 1923 ഒക്‌ടോബർ 1 ലക്കം മുതൽ വീക്ഷാഗോപുരം പോർച്ചുഗീസിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി.

ബ്രസീലിൽവെച്ച്‌ ഡാഡി ശ്രദ്ധേയമായ അനവധി കൂടിക്കാഴ്‌ചകൾ നടത്തി. സ്വന്തം വീട്‌ യോഗങ്ങൾക്കായി വിട്ടുകൊടുത്ത ജസിന്തോ പിമെന്റൽ കാബ്രാൾ എന്ന ഒരു ധനികനുമായിട്ടായിരുന്നു അതിൽ ഒന്ന്‌. ജസിന്തോ പെട്ടെന്നുതന്നെ ബൈബിൾ സത്യം പഠിക്കുകയും പിന്നീട്‌ ബ്രസീലിലെ ബെഥേലിൽ അംഗമാകുകയുംചെയ്‌തു. പോർച്ചുഗീസുകാരനായ മാനുവൽ ഡി സിൽവ ജോറാഡോ എന്ന യുവ ഉദ്യാനപാലകനായിരുന്നു മറ്റൊരാൾ. ഡാഡി നടത്തിയ ഒരു പ്രസംഗം കേട്ട അദ്ദേഹം പോർച്ചുഗലിലേക്കു മടങ്ങി. പിന്നീട്‌ അദ്ദേഹം ഒരു കോൽപോർട്ടറായി—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അന്ന്‌ അങ്ങനെയാണ്‌ വിളിച്ചിരുന്നത്‌—സേവിക്കുകയുണ്ടായി.

ഡാഡി ബ്രസീലിൽ ഉടനീളം യാത്ര ചെയ്‌ത്‌ താത്‌പര്യക്കാരെ കണ്ടുപിടിച്ചു. പ്രധാനമായും ട്രെയിനിലായിരുന്നു യാത്ര. ഒരു യാത്രയിൽ അദ്ദേഹം ബോണി ഗ്രീനിനെയും കാതറീന ഗ്രീനിനെയും കണ്ടുമുട്ടി. രണ്ടാഴ്‌ചയോളം അദ്ദേഹം തിരുവെഴുത്തുകൾ വിശദീകരിച്ചുകൊണ്ട്‌ അവരുടെ കൂടെ താമസിച്ചു. തത്‌ഫലമായി, ആ കുടുംബത്തിലെ ഏഴുപേരെങ്കിലും യഹോവയ്‌ക്ക്‌ തങ്ങളെത്തന്നെ സമർപ്പിച്ചു സ്‌നാപനമേറ്റു.

മറ്റൊരു കൂടിക്കാഴ്‌ച നടത്തിയത്‌ 1923-ൽ സാറാ ബെല്ലോണാ ഫെർഗ്യൂസണുമായാണ്‌. 1867-ൽ അവളും കുടുംബത്തിലെ മറ്റുള്ളവരും മൂത്തസഹോദരനായ ഇറാസ്‌മസ്‌ ഫൽട്ടൺ സ്‌മിത്തിനോടൊപ്പം ഐക്യനാടുകളിൽനിന്ന്‌ ബ്രസീലിലേക്ക്‌ താമസം മാറ്റിയതായിരുന്നു. അന്ന്‌ അവൾ ഒരു കൊച്ചുകുട്ടിയായിരുന്നു. 1899 മുതൽ സാറായ്‌ക്ക്‌ വീക്ഷാഗോപുരം തപാലിലൂടെ ക്രമമായി ലഭിക്കുന്നുണ്ടായിരുന്നു. ഡാഡിയുടെ സന്ദർശനം സാറായ്‌ക്കും അവളുടെ നാലു മക്കൾക്കും ഓന്റ്‌ സാലീ എന്നു ഡാഡി വിളിച്ചിരുന്ന ഒരാൾക്കും സ്‌നാപനമേൽക്കാനുള്ള അവസരം പ്രദാനം ചെയ്‌തു. അത്‌ 1924 മാർച്ച്‌ 11-ന്‌ ആയിരുന്നു.

അധികം താമസിയാതെ, ഡാഡി മറ്റ്‌ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പ്രസംഗിക്കാൻ തുടങ്ങി. 1924 നവംബർ 8-ന്‌ അദ്ദേഹം പെറുവിൽനിന്ന്‌ എഴുതി: “ലിമായിലും കല്ലോവയിലുമായി 17,000 ലഘുലേഖകൾ സമർപ്പിച്ചുകഴിഞ്ഞു.” പിന്നെ അദ്ദേഹം ലഘുലേഖാ വിതരണത്തിനായി ബൊളീവിയയിലേക്കു പോയി. ആ സന്ദർശനത്തെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ എഴുതി: “നമ്മുടെ [സ്വർഗീയ] പിതാവ്‌ എന്റെ ശ്രമത്തെ അനുഗ്രഹിക്കുകയാണ്‌. ഒരു റെഡ്‌ഇന്ത്യക്കാരൻ എന്നെ സഹായിച്ചു. ആമസോണിന്റെ പ്രഭവസ്ഥാനത്തിന്‌ അടുത്താണ്‌ അദ്ദേഹത്തിന്റെ വീട്‌. തിരിച്ചുപോയപ്പോൾ അദ്ദേഹം 1,000 ലഘുലേഖകളും കുറെ പുസ്‌തകങ്ങളും കൂടെക്കൊണ്ടുപോയിട്ടുണ്ട്‌.”

ഡാഡിയുടെ ശ്രമഫലമായി, മധ്യ-ദക്ഷിണ അമേരിക്കയിലെ അനേക രാജ്യങ്ങളിലും ബൈബിൾ സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെട്ടു. 1924 ഡിസംബർ 1-ലെ വീക്ഷാഗോപുരം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ജോർജ്‌ യങ്‌ തെക്കേ അമേരിക്കയിൽ ചെന്നിട്ട്‌ ഇപ്പോൾ രണ്ടു വർഷത്തോളം ആയിരിക്കുന്നു. . . മഗെല്ലൻ കടലിടുക്കിലുള്ള പുൻടാ അരീനാ എന്ന നഗരത്തിൽ സത്യത്തിന്റെ സന്ദേശം എത്തിക്കാനുള്ള പദവി ഈ പ്രിയ സഹോദരനു ലഭിച്ചിരിക്കുന്നു.” കോസ്റ്ററിക്ക, പാനമ, വെനെസ്വേല എന്നീ രാജ്യങ്ങളിലെ വേലയ്‌ക്കു നേതൃത്വം വഹിച്ചതും ഡാഡിയാണ്‌. മലേറിയ പിടിപെട്ട്‌ ആരോഗ്യസ്ഥിതി മോശമായപ്പോൾപ്പോലും അദ്ദേഹം പ്രസംഗപ്രവർത്തനം തുടർന്നു.

അടുത്തതായി യൂറോപ്പിലേക്ക്‌

1925 മാർച്ചിൽ, അദ്ദേഹം യൂറോപ്പിലേക്ക്‌ കപ്പൽ കയറി. അവിടെ സ്‌പെയിനിലും പോർച്ചുഗലിലുമായി 3,00,000 ലഘുലേഖകൾ വിതരണം ചെയ്യാനും റഥർഫോർഡ്‌ സഹോദരന്റെ പരസ്യ പ്രസംഗങ്ങൾക്കായുള്ള ക്രമീകരണങ്ങൾ ചെയ്യാനുമാണ്‌ ഉദ്ദേശിച്ചിരുന്നത്‌. എന്നാൽ സ്‌പെയിനിൽ എത്തി അവിടത്തെ മതപരമായ അസഹിഷ്‌ണുതയെ കുറിച്ചു മനസ്സിലാക്കിയപ്പോൾ, റഥർഫോർഡ്‌ സഹോദരൻ അവിടെ പ്രസംഗങ്ങൾ നടത്തുന്നത്‌ ബുദ്ധിയായിരിക്കില്ലെന്ന്‌ ഡാഡി എഴുതിയ അറിയിച്ചു.

മറുപടിയായി, യെശയ്യാവു 51:16 ഉദ്ധരിച്ചുകൊണ്ട്‌ റഥർഫോർഡ്‌ സഹോദരൻ എഴുതി: “ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു.” അതിൽനിന്ന്‌ ഡാഡി ഈ നിഗമനത്തിൽ എത്തി: “കാര്യങ്ങൾ കർത്താവിനെ ഭരമേൽപ്പിച്ചുകൊണ്ട്‌ ഞാൻ മുന്നോട്ടു പോകണമെന്നുള്ളതാണ്‌ കർത്താവിന്റെ ഇഷ്ടം.”

1925 മേയ്‌ 10-ന്‌, ബാർസലോണയിലെ നോവിഡാഡെസ്‌ തീയറ്ററിൽവെച്ച്‌ ഒരു പരിഭാഷകന്റെ സഹായത്താൽ റഥർഫോർഡ്‌ സഹോദരൻ തന്റെ പ്രസംഗം നടത്തി. സ്റ്റേജിൽ ഉണ്ടായിരുന്ന ഒരു ഗവൺമെന്റ്‌ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ അംഗരക്ഷകനും ഉൾപ്പെടെ 2,000-ലധികം പേർ അവിടെ സന്നിഹിതരായിരുന്നു. സമാനമായ രീതിയിൽ മാഡ്രിഡിലും പ്രസംഗിച്ചു, 1,200 പേർ ഹാജരായി. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1978 പറയുംപ്രകാരം, ഈ പ്രസംഗങ്ങൾ ഉളവാക്കിയ താത്‌പര്യമാണ്‌ സ്‌പെയിനിൽ “ജോർജ്‌ യങ്ങിന്റെ മാർഗനിർദേശത്തിൻകീഴിൽ” ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിക്കുന്നതിനു വഴിയൊരുക്കിയത്‌.

1925 മേയ്‌ 13-ന്‌, പോർച്ചുഗലിലെ ലിസ്‌ബണിൽ റഥർഫോർഡ്‌ സഹോദരൻ പ്രസംഗിക്കുകയുണ്ടായി. കൂക്കിവിളിക്കുകയും കസേരകൾ തല്ലിയൊടിക്കുകയും ചെയ്‌തുകൊണ്ട്‌ യോഗം അലങ്കോലപ്പെടുത്താൻ പുരോഹിതന്മാർ ശ്രമിച്ചെങ്കിലും, അദ്ദേഹത്തിന്റെ ആ സന്ദർശനവും വൻവിജയമായിരുന്നു. സ്‌പെയിനിലെയും പോർച്ചുഗലിലെയും റഥർഫോർഡ്‌ സഹോദരന്റെ പ്രസംഗത്തിനു ശേഷം, “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ പ്രദർശനം ഡാഡി തുടർന്നു. കൂടാതെ ബൈബിൾ സാഹിത്യങ്ങൾ അച്ചടിച്ച്‌ ആ സ്ഥലങ്ങളിൽ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും ചെയ്‌തു. “സ്‌പെയിനിലെ പട്ടണങ്ങളിലും നഗരങ്ങളിലും ഉടനീളം സുവാർത്ത ഘോഷിക്കപ്പെട്ടിരിക്കുന്നു” എന്ന്‌ 1927-ൽ അദ്ദേഹം റിപ്പോർട്ടു ചെയ്‌തു.

സോവിയറ്റ്‌ യൂണിയനിൽ പ്രസംഗിക്കുന്നു

ഡാഡിയുടെ അടുത്ത മിഷനറി നിയമനം സോവിയറ്റ്‌ യൂണിയനിൽ ആയിരുന്നു. 1928 ആഗസ്റ്റ്‌ 28-ന്‌ ആണ്‌ ഡാഡി അവിടെ എത്തിയത്‌. 1928 ഒക്‌ടോബർ 10-ാം തീയതി അദ്ദേഹം എഴുതിയ ഒരു കത്ത്‌ ഭാഗികമായി ഇങ്ങനെ പറയുന്നു:

“റഷ്യയിൽ വന്നതിൽപ്പിന്നെ എനിക്ക്‌ ‘നിന്റെ രാജ്യം വരേണമേ’ എന്ന്‌ സർവാത്മനാ പ്രാർഥിക്കാൻ കഴിയും. ഞാൻ ഭാഷ അൽപ്പാൽപ്പമായി പഠിച്ചുകൊണ്ടിരിക്കുകയാണ്‌. എന്റെ പരിഭാഷകൻ ഒരു പ്രത്യേക തരക്കാരനാണ്‌. ഒരു യഹൂദനാണെങ്കിലും അദ്ദേഹം ക്രിസ്‌തുവിൽ വിശ്വസിക്കുകയും ബൈബിളിനെ സ്‌നേഹിക്കുകയും ചെയ്യുന്നു. എനിക്ക്‌ ചില രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. പക്ഷേ, എത്രകാലം ഇവിടെ നിൽക്കാൻ കഴിയുമെന്ന്‌ എനിക്കറിയില്ല. 24 മണിക്കൂറിനുള്ളിൽ ഇവിടം വിട്ടുപോകണമെന്ന്‌ എനിക്ക്‌ കഴിഞ്ഞ ആഴ്‌ച ഒരു നോട്ടീസ്‌ ലഭിച്ചതാണ്‌. പക്ഷേ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചു. അതുകൊണ്ട്‌ തത്‌കാലം എനിക്ക്‌ ഇവിടെ തുടരാൻ കഴിയും.”

തുടർന്ന്‌, ഇന്ന്‌ യൂക്രെയിനിലെ ഒരു പ്രധാന നഗരമായ കാർക്കോവിലുള്ള ചില ബൈബിൾ വിദ്യാർഥികളെ ഡാഡി കണ്ടുമുട്ടി. ഡാഡിയുമായുള്ള സംസാരം അവരുടെ കണ്ണുകളെ സന്തോഷംകൊണ്ട്‌ ഈറനണിയിച്ചു. പാതിരാവരെ നീണ്ടുനിൽക്കുമായിരുന്ന ഒരു ചെറിയ കൺവെൻഷൻ എല്ലാ രാത്രികളിലും നടത്തുമായിരുന്നു. ആ സഹോദരങ്ങളുമായുള്ള ഈ കൂടിക്കാഴ്‌ചയെക്കുറിച്ച്‌ പിതാവ്‌ ഇങ്ങനെ എഴുതി: “പാവം സഹോദരങ്ങൾ, അവർക്കുണ്ടായിരുന്ന പുസ്‌തകങ്ങൾ നിർദയരായ അധികാരികൾ കണ്ടുകെട്ടി. എങ്കിലും, ആ സഹോദരങ്ങൾ സന്തുഷ്ടരാണ്‌.”

1997 ജൂൺ 21-ന്‌ റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിൽ നടന്ന പുതിയ ബ്രാഞ്ചിന്റെ സമർപ്പണവേളയിൽ സന്നിഹിതരായവർക്ക്‌ നൽകിയ പ്രത്യേക ലഘുപത്രികയിൽ, സോവിയറ്റ്‌ യൂണിയനിൽ ഡാഡി നിർവഹിച്ച ശുശ്രൂഷയെക്കുറിച്ച്‌ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. ഡാഡിയെ മോസ്‌കോയിലേക്ക്‌ അയച്ചെന്നും “റഷ്യയിൽ വിതരണം ചെയ്യാനായി മാലോകർക്കു സ്വാതന്ത്ര്യം, മരിച്ചവർ എവിടെ? എന്നീ ചെറുപുസ്‌തകങ്ങളുടെ 15,000 പ്രതികൾ അച്ചടിക്കാനുള്ള” അനുവാദം അദ്ദേഹം നേടിയെന്നും ആ ലഘുപത്രിക റിപ്പോർട്ടു ചെയ്യുന്നു.

റഷ്യയിൽനിന്നു മടങ്ങി വന്നശേഷം, പിൽഗ്രിം വേലയ്‌ക്കായി അദ്ദേഹത്തെ ഐക്യനാടുകളിലേക്ക്‌ അയച്ചു. അദ്ദേഹം സൗത്ത്‌ ഡക്കോട്ടയിലുള്ള നലീന പൂളിന്റെയും വെർദാ പൂളിന്റെയും ഭവനം സന്ദർശിച്ചു. ജഡിക സഹോദരിമാർ ആയിരുന്ന അവർ വർഷങ്ങൾക്കു ശേഷം പെറുവിൽ മിഷനറിമാർ ആയിത്തീർന്നു. ഡാഡിയുടെ ഊർജിതമായ ശുശ്രൂഷയോട്‌ അകമഴിഞ്ഞ വിലമതിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ അവർ എഴുതി: “ആ പഴയകാലങ്ങളിൽ വിദേശ വയലുകളിലേക്കു പോയ സഹോദരങ്ങൾക്ക്‌ തീർച്ചയായും പയനിയർ ആത്മാവുണ്ടായിരുന്നു. ഭൗതികമായി അവർക്ക്‌ കുറച്ചേ ഉണ്ടായിരുന്നുള്ളുവെങ്കിലും, യഹോവയോടുള്ള സ്‌നേഹത്തിൽ അവർ സമ്പന്നരായിരുന്നു. അതാണ്‌ ശുശ്രൂഷ നിർവഹിക്കാൻ അവരെ പ്രേരിപ്പിച്ചത്‌.”

വിവാഹവും രണ്ടാം പര്യടനവും

ഈ വർഷങ്ങളിലെല്ലാം ഡാഡി ഒൺടേറിയോയിലെ മാനിറ്റോളിൻ ദ്വീപിലുള്ള ക്ലാര ഹബർട്ടുമായി കത്തിലൂടെ സമ്പർക്കം പുലർത്തിക്കൊണ്ടിരുന്നു. 1931 ജൂലൈ 26-ന്‌ ഒഹായോയിലെ കൊളംബസിൽവെച്ച്‌ നടന്ന കൺവെൻഷനിൽ രണ്ടു പേരും ഹാജരായി—ആ കൺവെൻഷനിൽവെച്ചാണ്‌ ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചത്‌. (യെശയ്യാവു 43:10-12) ഒരാഴ്‌ചയ്‌ക്കു ശേഷം അവർ വിവാഹിതരായി. അതുകഴിഞ്ഞ്‌ ഉടൻതന്നെ, തന്റെ രണ്ടാം മിഷനറി പര്യടനത്തിനായി ഡാഡി വീണ്ടും കരീബിയൻ ദ്വീപുകളിലേക്കു പോയി. അവിടെ അദ്ദേഹം യോഗങ്ങൾ സംഘടിപ്പിക്കുകയും വീടുതോറുമുള്ള ശുശ്രൂഷയിൽ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്‌തു.

സുരിനാം, സെന്റ്‌ കിറ്റ്‌സ്‌ എന്നിവിടങ്ങളിലും മറ്റുപല സ്ഥലങ്ങളിലുംനിന്നു ഡാഡി മമ്മിക്ക്‌ ഫോട്ടോകളും പോസ്റ്റ്‌ കാർഡുകളും കത്തുകളും അയയ്‌ക്കുമായിരുന്നു. ഏതു രാജ്യത്താണോ പ്രവർത്തിക്കുന്നത്‌ അവിടത്തെ പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്‌ കത്തുകളിൽ ഉണ്ടായിരുന്നത്‌. ചിലപ്പോഴൊക്കെ, പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തുമായിരുന്നു. 1932 ജൂണിൽ ഡാഡി കരീബിയനിലെ നിയമനം പൂർത്തിയാക്കിയിട്ട്‌, പതിവുപോലെ കപ്പലിലെ ഏറ്റവും താഴ്‌ന്ന ക്ലാസിൽ, കാനഡയിലേക്കു തിരിച്ചുപോന്നു. അതിനു ശേഷം, 1932/33-ലെ ശൈത്യകാലത്ത്‌ ഡാഡിയും മമ്മിയും ഓട്ടോവായിൽ ഒരുമിച്ച്‌ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടു. വലിയൊരുകൂട്ടം മുഴുസമയ ശുശ്രൂഷകർ അവരോടൊപ്പം ഉണ്ടായിരുന്നു.

കുറച്ചുകാലത്തെ കുടുംബജീവിതം

1934-ലാണ്‌ എന്റെ സഹോദരൻ ഡേവിഡ്‌ ജനിച്ചത്‌. അവൻ കുഞ്ഞായിരുന്നപ്പോൾത്തന്നെ മമ്മിയുടെ തൊപ്പിവെക്കുന്ന പെട്ടിയിൽ കയറിനിന്ന്‌ “പ്രസംഗങ്ങൾ” നടത്തുമായിരുന്നു. ഡാഡിയെപ്പോലെ തന്നെ ഡേവിഡും ജീവിതത്തിലുടനീളം യഹോവയോടുള്ള തന്റെ തീക്ഷ്‌ണത പ്രകടമാക്കിയിരിക്കുന്നു. കാനഡയുടെ കിഴക്കൻ തീരത്തുനിന്നും പടിഞ്ഞാറൻ തീരം വരെയുള്ള സഭകൾ സന്ദർശിക്കാനായി അവർ മൂവരും കാറിൽ—അതിന്റെ മുകളിൽ ശബ്ദോപകരണങ്ങൾ വെച്ചുകെട്ടിയിരുന്നു—പോകുമായിരുന്നു. ഡാഡി ബ്രിട്ടീഷ്‌ കൊളംബിയയിൽ സേവിച്ചുകൊണ്ടിരിക്കെ, 1938-ൽ ആണ്‌ ഞാൻ ജനിച്ചത്‌. എന്നെ മെത്തയിൽ കിടത്തിയിട്ട്‌ ഡാഡിയും മമ്മിയും ഡേവിഡും എനിക്ക്‌ ചുറ്റുമായി മുട്ടുകുത്തി നിന്നതും എന്നെ നൽകിയതിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഡാഡി പ്രാർഥിച്ചതും ഡേവിഡ്‌ ഓർക്കുന്നു.

1939-ലെ ശൈത്യകാലത്ത്‌ ഞങ്ങൾ വാൻകൂവറിൽ താമസിക്കുകയും ഡാഡി ആ പ്രദേശത്തുള്ള സഭകൾ സന്ദർശിക്കുകയും ചെയ്‌തു. ഡാഡി ബ്രിട്ടീഷ്‌ കൊളംബിയയിലെ വെർനോനിൽ ആയിരുന്നപ്പോൾ 1939 ജനുവരി 14-ാം തീയതി ഞങ്ങൾക്ക്‌ എഴുതിയ ഒരു കത്തിൽ, ‘എല്ലാവർക്കും ഡാഡിയുടെ ചക്കരയുമ്മ’ എന്ന്‌ എഴുതിയിരുന്നു. ഞങ്ങൾക്ക്‌ ഓരോരുത്തർക്കുമുള്ള ഓരോ സന്ദേശവും അതിൽ ഉണ്ടായിരുന്നു. കൊയ്‌ത്ത്‌ വലുതാണെന്നും എന്നാൽ വേലക്കാർ ചുരുക്കമാണെന്നുമുള്ള സംഗതിയും ഡാഡി പറഞ്ഞിരുന്നു.—മത്തായി 9:37, 38.

വാൻകൂവറിൽനിന്നു മടങ്ങിവന്ന്‌ ഒരാഴ്‌ച കഴിഞ്ഞ്‌ ഒരു യോഗത്തിൽ സംബന്ധിക്കവെ, ഡാഡി കുഴഞ്ഞുവീണു. തുടർന്നുള്ള വൈദ്യപരിശോധനയിൽ ഡാഡിക്ക്‌ മസ്‌തിഷ്‌ക കാൻസർ ആണെന്നു കണ്ടെത്തി. 1939 മേയ്‌ 1-ന്‌ അദ്ദേഹം തന്റെ ഭൗമിക ഗതി പൂർത്തിയാക്കി. ആ സമയത്ത്‌ എനിക്ക്‌ ഒമ്പതു മാസം പ്രായമായിരുന്നു, ഡേവിഡിന്‌ ഏതാണ്ട്‌ അഞ്ചു വയസ്സും. സ്വർഗീയ പ്രത്യാശയുണ്ടായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മമ്മിയും 1963 ജൂൺ 19-ന്‌ മരിക്കുന്നതുവരെ ദൈവത്തോടു വിശ്വസ്‌തയായി നിലകൊണ്ടു.

മമ്മിക്ക്‌ അയച്ച ഒരു കത്തിൽ, അനേകം രാജ്യങ്ങളിൽ സുവാർത്ത എത്തിക്കാൻ ലഭിച്ച പദവിയെക്കുറിച്ചുള്ള തന്റെ വികാരം ഡാഡി മനോഹരമായി വർണിച്ചിരുന്നു. ഭാഗികമായി അതു ഇങ്ങനെ പറയുന്നു: “രാജ്യ സന്ദേശത്തിന്റെ പ്രകാശവാഹകനായി ഈ രാജ്യങ്ങളിലേക്കു പോകാൻ യഹോവ എന്നെ കടാക്ഷിച്ചു. അവിടുത്തെ തിരുനാമം വാഴ്‌ത്തപ്പെടട്ടെ. [എന്റെ] ദൗർബല്യത്തിലൂടെയും കഴിവില്ലായ്‌മയിലൂടെയും ബലഹീനതയിലൂടെയും അവിടുത്തെ മഹത്ത്വം പ്രകാശിക്കുന്നു.”

ഇപ്പോൾ, യങ്‌ ദമ്പതികളുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും സ്‌നേഹവാനായ നമ്മുടെ യഹോവയാം ദൈവത്തിന്റെ ആരാധകരാണ്‌. എബ്രായർ 6:10-ലെ പിൻവരുന്ന വാക്കുകൾ ഡാഡി കൂടെക്കൂടെ ഉദ്ധരിക്കുമായിരുന്നു എന്ന്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” ഞങ്ങളും ഡാഡിയുടെ പ്രവൃത്തി മറന്നിട്ടില്ല.

[23-ാം പേജിലെ ചിത്രം]

തന്റെ മൂന്നു സഹോദരന്മാരോടൊപ്പം ഡാഡി, വലത്ത്‌

[25-ാം പേജിലെ ചിത്രം]

ഡാഡി (നിൽക്കുന്നത്‌) വുഡ്‌വർത്ത്‌, റഥർഫോർഡ്‌, മാക്‌മില്ലൻ എന്നീ സഹോദരന്മാരോടൊപ്പം

താഴെ: റസ്സൽ സഹോദരനോടൊത്തുള്ള ഒരു കൂട്ടത്തിൽ ഡാഡി (ഇടത്തേ അറ്റത്ത്‌)

[26-ാം പേജിലെ ചിത്രം]

ഡാഡിയും മമ്മിയും

താഴെ: അവരുടെ വിവാഹദിന 

[27-ാം പേജിലെ ചിത്രം]

ഡാഡി മരിച്ച്‌ ഏതാനും വർഷങ്ങൾക്കുശേഷം ഞാൻ ഡേവിഡിനോടും മമ്മിയോടുമൊപ്പം