വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തീയ ഇടയന്മാരേ, ‘ഹൃദയവിശാലത ഉള്ളവരായിരിപ്പിൻ!’

ക്രിസ്‌തീയ ഇടയന്മാരേ, ‘ഹൃദയവിശാലത ഉള്ളവരായിരിപ്പിൻ!’

ക്രിസ്‌തീയ ഇടയന്മാരേ, ‘ഹൃദയവിശാലത ഉള്ളവരായിരിപ്പിൻ!’

“യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ആ വാക്കുകളിലൂടെ ദാവീദ്‌ ദൈവത്തിലുള്ള തന്റെ പൂർണമായ വിശ്വാസം പ്രകടമാക്കി. ഒരു ആത്മീയ അർഥത്തിൽ യഹോവ അവനെ, “നീതിപാതകളിൽ” നടത്തിക്കൊണ്ട്‌ ‘പച്ചയായ പുല്‌പുറങ്ങളിലേക്കും’ ‘സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കും’ നയിച്ചു. എതിരാളികളാൽ ചുറ്റപ്പെട്ടപ്പോൾ ദാവീദിനു പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. അതു യഹോവയോട്‌ ഇങ്ങനെ പറയാൻ അവനെ പ്രേരിപ്പിച്ചു: “ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.” അത്തരമൊരു അത്യുന്നത ഇടയൻ ഉണ്ടായിരുന്നതിനാൽ ദാവീദ്‌ ‘യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കാൻ’ ദൃഢനിശ്ചയം ചെയ്‌തു.—സങ്കീർത്തനം 23:1-6.

യഹോവയുടെ സ്‌നേഹപൂർവകമായ പരിപാലനം ആസ്വദിച്ച മറ്റൊരു വ്യക്തിയാണ്‌ അവന്റെ ഏകജാത പുത്രനായ യേശു. തന്റെ താത്‌കാലിക ഭൗമിക ജീവിത കാലത്ത്‌ ശിഷ്യന്മാരോടുള്ള ഇടപെടലിൽ യേശു ദൈവത്തിന്റെ പരിപാലന രീതിയെ പൂർണമായി പ്രതിഫലിപ്പിച്ചു. അതുകൊണ്ടാണ്‌ തിരുവെഴുത്തുകൾ അവനെ, “നല്ല ഇടയൻ,” “വലിയ ഇടയൻ.” “ഇടയശ്രേഷ്‌ഠൻ” എന്നൊക്കെ വിളിക്കുന്നത്‌.—യോഹന്നാൻ 10:11; എബ്രായർ 13:20; 1 പത്രൊസ്‌ 5:2-4.

യഹോവയും യേശുക്രിസ്‌തുവും തങ്ങളെ സ്‌നേഹിക്കുന്നവരെ ഇപ്പോഴും മേയ്‌ച്ചുകൊണ്ടിരിക്കുന്നു. അവർ അതു ചെയ്യുന്നത്‌ ഭാഗികമായി സഭയിലെ കീഴിടയന്മാരിലൂടെയാണ്‌. എത്ര സ്‌നേഹപൂർവകമായ കരുതലാണത്‌. പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ പൗലൊസ്‌ അത്തരം കീഴിടയന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്‌പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.”—പ്രവൃത്തികൾ 20:28.

യഹോവയും യേശുക്രിസ്‌തുവും വെച്ചിരിക്കുന്ന മാതൃകയനുസരിച്ച്‌ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുക എന്നത്‌ അത്ര എളുപ്പമല്ല. പക്ഷേ, ഇന്ന്‌ അതു മുമ്പെന്നത്തെക്കാളും പ്രധാനമാണ്‌. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സ്‌നാപനമേറ്റ പത്തു ലക്ഷത്തിലധികം വരുന്ന സാക്ഷികളെക്കുറിച്ച്‌ ആലോചിച്ചുനോക്കൂ! അത്തരം പുതിയവർക്ക്‌ വർഷങ്ങളായുള്ള പ്രവർത്തനത്തിലൂടെ മാത്രം ലഭിക്കുന്ന ആത്മീയ പശ്ചാത്തലം ഇല്ല. കുട്ടികളോ കൗമാരപ്രായക്കാരോ ആയ സാക്ഷികളെ കുറിച്ചും ചിന്തിക്കുക. അവർക്കു മാതാപിതാക്കന്മാരിൽനിന്നു മാത്രമല്ല സഭയിലെ കീഴിടയന്മാരിൽനിന്നും ശ്രദ്ധ ആവശ്യമാണ്‌.

വാസ്‌തവത്തിൽ, ഓരോ ക്രിസ്‌ത്യാനിയും സമപ്രായക്കാരിൽനിന്ന്‌ ഉണ്ടാകുന്ന സമ്മർദം ഉൾപ്പെടെ, പുറംലോകത്തിന്റെ സമ്മർദങ്ങൾക്കു വിധേയനാണ്‌. അതിനാൽ, ലോകത്തിന്റെ സ്വാർഥമാർഗത്തിൽ ചരിക്കാനുള്ള ശക്തമായ പ്രലോഭനത്തിനെതിരെ നാമെല്ലാം പോരാടേണ്ടതുണ്ട്‌. ചില രാജ്യങ്ങളിൽ, സുവാർത്തയോട്‌ ആളുകൾ പ്രതികരിക്കാത്തതുകൊണ്ട്‌ രാജ്യപ്രസാധകർ നിരുത്സാഹിതരായേക്കാം. പല പ്രസാധകർക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്‌. മറ്റു ചിലരുടെ കാര്യത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾ രാജ്യം ഒന്നാമത്‌ അന്വേഷിക്കാനുള്ള ഉത്സാഹം കെടുത്തിക്കളഞ്ഞേക്കാം. യഥാർഥത്തിൽ, ദീർഘകാലമായി സത്യത്തിൽ ആയിരിക്കുന്നവർ ഉൾപ്പെടെ നമുക്കേവർക്കും സ്‌നേഹമുള്ള ഇടയന്മാരുടെ സഹായം ആവശ്യമാണ്‌, നാം അതിന്‌ അർഹരുമാണ്‌.

ശരിയായ പ്രചോദനം

‘ഹൃദയവിശാലത ഉള്ളവരായിരിക്കാൻ’ അപ്പൊസ്‌തലനായ പൗലൊസ്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ ബുദ്ധിയുപദേശിച്ചു. (2 കൊരിന്ത്യർ 6:11-13) ക്രിസ്‌തീയ മൂപ്പന്മാർ തങ്ങളുടെ ഇടയവേലയിൽ ഈ ബുദ്ധിയുപദേശം പിൻപറ്റേണ്ടതുണ്ട്‌. എന്നാൽ, അവർക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? ഇനി, ശുശ്രൂഷാദാസന്മാരുടെ—അവരിൽ പലരും ഭാവിയിൽ ഇടയന്മാർ ആകാനുള്ളവരാണ്‌—കാര്യത്തിലോ?

ആട്ടിൻകൂട്ടത്തിന്‌ ഒരു അനുഗ്രഹമായിരിക്കുന്നതിന്‌ ക്രിസ്‌തീയ ഇടയന്മാർക്ക്‌ കർത്തവ്യബോധത്തിൽനിന്ന്‌ ഉളവാകുന്ന പ്രചോദനം മാത്രം പോരാ. അവരെ പിൻവരുന്ന പ്രകാരം ബുദ്ധിയുപദേശിച്ചിരിക്കുന്നു: “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും (“മനസ്സോടെയും,” NW) ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും (“ഉത്സാഹത്തോടെയും,” NW) . . . അദ്ധ്യക്ഷത ചെയ്‌വിൻ.” (1 പത്രൊസ്‌ 5:2) അതുകൊണ്ട്‌ ഫലകരമായ ഇടയവേലയിൽ ഉൾപ്പെട്ടിരിക്കുന്നത്‌ മറ്റുള്ളവരെ സേവിക്കാനുള്ള മനസ്സൊരുക്കവും ഉത്സാഹവുമാണ്‌. (യോഹന്നാൻ 21:15-17) അതിന്റെ അർഥം, ആട്ടിൻകൂട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്‌ സത്വരം പ്രതികരിക്കുക എന്നാണ്‌. മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ ദൈവാത്മാവിന്റെ ഫലങ്ങളായ നല്ല ക്രിസ്‌തീയ ഗുണങ്ങൾ പ്രകടിപ്പിക്കണമെന്നും അത്‌ അർഥമാക്കുന്നു.—ഗലാത്യർ 5:22, 23.

സഹോദരങ്ങളുടെ വീടുകൾ സന്ദർശിക്കുന്നതും ഇടയവേലയിൽ ഉൾപ്പെട്ടിരിക്കുന്നു. * ‘ഹൃദയവിശാലതയുള്ള’ ഇടയന്മാർ സ്വയം ഉഴിഞ്ഞുവെക്കുകയാണു ചെയ്യുന്നത്‌. അതായത്‌, അവർ വല്ലപ്പോഴുമൊക്കെ ഇടയസന്ദർശനങ്ങൾ നടത്തുക മാത്രമല്ല ചെയ്യുന്നത്‌, ആട്ടിൻകൂട്ടത്തെ മേയ്‌ക്കാനുള്ള എല്ലാ അവസരങ്ങളും അവർ പ്രയോജനപ്പെടുത്തുന്നു.

ഇടയന്മാരായിത്തീരാൻ മറ്റുള്ളവരെ പരിശീലിപ്പിക്കൽ

ഒരു സഹോദരൻ, അദ്ദേഹം ഏതു പ്രായത്തിലുള്ള ആളായിരുന്നാലും ശരി, “അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു.” (1 തിമൊഥെയൊസ്‌ 3:1) കൂടുതൽ പദവികൾ എത്തിപ്പിടിക്കാനുള്ള മനസ്സൊരുക്കം അനേകം ശുശ്രൂഷാദാസന്മാർ കാണിച്ചിട്ടുണ്ട്‌. സുപ്രധാനമായ “അദ്ധ്യക്ഷസ്ഥാനം” എത്തിപ്പിടിക്കുന്നതിന്‌ മനസ്സൊരുക്കമുള്ള ഈ സഹോദരന്മാരെ സഹായിക്കാൻ മൂപ്പന്മാർ സന്തോഷമുള്ളവരാണ്‌. ഇതിന്റെ അർഥം ഫലപ്രദരായ ഇടയന്മാരായിത്തീരാൻ അവരെ പരിശീലിപ്പിക്കുകയെന്നാണ്‌.

യഹോവയുടെ ക്രിസ്‌തീയ സഭ ദൈവത്തിന്റെ ഉന്നത ധാർമിക നിലവാരങ്ങളോട്‌ അടുത്തു പറ്റിനിൽക്കുന്നതിനാൽ, യെഹെസ്‌കേൽ 34:2-6-ൽ പരാമർശിച്ചിരിക്കുന്നതുപോലുള്ള വ്യാജ ഇടയന്മാരാൽ അതു ദുർബലമായിട്ടില്ല. ആ വ്യാജ ഇടയന്മാർ യഹോവയുടെ ദൃഷ്ടിയിൽ നിന്ദ്യരായിരുന്നു. അവൻ അവരെ അങ്ങനെ വീക്ഷിച്ചത്‌ ഉചിതമായിരുന്നു. കാരണം, ആട്ടിൻകൂട്ടത്തെ പോറ്റുന്നതിനുപകരം അവർ തങ്ങളെത്തന്നെ കൊഴുപ്പിക്കുകയാണു ചെയ്‌തത്‌. അവർ ബലഹീനമായതിനെ ശക്തീകരിക്കുകയോ രോഗമുള്ളതിനെ സുഖപ്പെടുത്തുകയോ ഒടിഞ്ഞതിനെ വെച്ചുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുകൊണ്ടുവരുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്‌തില്ല. ആട്ടിൻകൂട്ടത്തെ അടിച്ചമർത്തിയ അവർ ഇടയന്മാരെപ്പോലെയല്ല, ചെന്നായ്‌ക്കളെപ്പോലെയാണ്‌ പ്രവർത്തിച്ചത്‌. അനാഥമായ ആട്ടിൻകൂട്ടം ചിതറിക്കപ്പെട്ടു, പരിപാലിക്കാൻ ആരുമില്ലാതെ അവ ഉഴന്നുനടന്നു.—യിരെമ്യാവു 23:1, 2; നഹൂം 3:18; മത്തായി 9:36.

ആ അവിശ്വസ്‌ത ഇടയന്മാരിൽനിന്ന്‌ വ്യത്യസ്‌തമായി ക്രിസ്‌തീയ ഇടയന്മാർ യഹോവയുടെ മാതൃകയാണ്‌ പിൻപറ്റുന്നത്‌. അവർ ആത്മീയമായി ‘പച്ചയായ പുല്‌പുറങ്ങളിലേക്കും’ ‘സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കും’ ആടുകളെ നയിക്കുന്നു. യഹോവയുടെ വചനം ശരിയായ രീതിയിൽ മനസ്സിലാക്കാനും അതു വ്യക്തിപരമായി ബാധകമാക്കാനും സഹായിച്ചുകൊണ്ട്‌ ഇടയന്മാർ അവരെ “നീതിപാതകളിൽ” വഴിനയിക്കാൻ ശ്രമിക്കുന്നു. അവർ “പഠിപ്പിക്കാൻ യോഗ്യരായ”തിനാൽ അവർക്ക്‌ ഇതു ഫലകരമായി ചെയ്യാനാകും.—1 തിമൊഥെയൊസ്‌ 3:2, NW.

മൂപ്പന്മാർ തങ്ങളുടെ പഠിപ്പിക്കലിന്റെ ഏറിയ പങ്കും നിർവഹിക്കുന്നത്‌ സഭാ യോഗങ്ങളിലൂടെയാണ്‌. എന്നാൽ, അവർ വ്യക്തിപരമായ അടിസ്ഥാനത്തിലും പഠിപ്പിക്കാറുണ്ട്‌. മറ്റൊരാളെ വ്യക്തിപരമായി പഠിപ്പിക്കുന്ന കാര്യത്തിൽ ചിലർക്ക്‌ നല്ല കഴിവുണ്ട്‌, എന്നാൽ മറ്റുചിലർക്ക്‌ പ്രസംഗങ്ങൾ നടത്തുന്നതിലാണ്‌ കൂടുതൽ കഴിവ്‌. എന്നിരുന്നാലും, പഠിപ്പിക്കലിന്റെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ പ്രാപ്‌തി അൽപ്പം കുറവാണ്‌ എന്നു കരുതി ഒരു അധ്യാപകൻ ആയിരിക്കാൻ അദ്ദേഹത്തിന്‌ യോഗ്യതയില്ല എന്നുവരുന്നില്ല. ഇടയവേല ഉൾപ്പെടെ, തങ്ങൾക്കു ലഭ്യമാകുന്ന എല്ലാ മാർഗങ്ങളും ഉപയോഗിച്ച്‌ മൂപ്പന്മാർ പഠിപ്പിക്കുന്നു. ചിലപ്പോൾ ഇടയവേല ഔപചാരികമായിട്ടായിരിക്കാം ചെയ്യുന്നത്‌. അതിന്‌ ഉദാഹരണമാണ്‌ മുൻകൂട്ടി ക്രമീകരിച്ച സന്ദർശനങ്ങൾ. എന്നിരുന്നാലും, അനൗപചാരികമായിട്ടും ഇടയസന്ദർശനങ്ങൾ നടത്താൻ കഴിയും, അതും വളരെ പ്രയോജനപ്രദമാണ്‌.

എപ്പോഴും ഇടയന്മാരും അധ്യാപകരും

ഒരു ഡോക്ടർക്ക്‌ തന്റെ ജോലി നിർവഹിക്കുന്നതിന്‌ അറിവും അനുഭവപരിചയവും ആവശ്യമാണ്‌. എന്നാൽ അദ്ദേഹം ദയയും അനുകമ്പയും പരിഗണനയും ആത്മാർഥമായ താത്‌പര്യവും കാണിക്കുമ്പോഴാണ്‌ രോഗികൾ അതു വിലമതിക്കുന്നത്‌. ഈ ഗുണങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണം. നല്ല അധ്യാപകനും ഇടയനുമായ ഒരുവന്റെ കാര്യത്തിലും സമാനമായ ഗുണങ്ങൾ വ്യക്തിത്വത്തിന്റെയും ദൈനംദിന പ്രവർത്തനങ്ങളുടെയും ഭാഗമായിത്തീരണം. ആവശ്യമായിവരുന്ന ഏതൊരു സമയത്തും മറ്റുള്ളവരെ പഠിപ്പിക്കാൻ ഒരു യഥാർഥ അധ്യാപകൻ സജ്ജനായിരിക്കും. “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” എന്ന്‌ സദൃശവാക്യങ്ങൾ 15:23 പറയുന്നു. സഭയിൽ പ്രസംഗങ്ങൾ നടത്തുമ്പോഴോ വീടുതോറുമുള്ള വേലയിൽ ഏർപ്പെടുമ്പോഴോ രാജ്യഹാളിൽവെച്ച്‌ അല്ലെങ്കിൽ ടെലിഫോണിലൂടെ സംഭാഷണത്തിൽ ഏർപ്പെടുമ്പോഴോ ആയിരിക്കാം ആ ‘തക്കസമയം.’ അതുപോലെതന്നെ, ഇടയസന്ദർശനങ്ങൾ നടത്തുമ്പോൾ മാത്രമല്ല, എല്ലായ്‌പോഴും ഉത്‌കൃഷ്ട ഗുണങ്ങൾ പ്രകടമാക്കാൻ ഒരു നല്ല ഇടയൻ ശ്രമിക്കും. ‘ഹൃദയവിശാലത’ ഉള്ളതിനാൽ അദ്ദേഹം ആട്ടിൻകൂട്ടത്തിന്‌ ആവശ്യമായ ശ്രദ്ധ തക്ക സമയത്തു നൽകിക്കൊണ്ട്‌ അവരെ മേയ്‌ക്കാനുള്ള ഓരോ അവസരവും പ്രയോജനപ്പെടുത്തും. അതാണ്‌ അദ്ദേഹത്തെ ആട്ടിൻകൂട്ടത്തിന്റെ ദൃഷ്ടിയിൽ പ്രിയങ്കരനാക്കുന്നത്‌.—മർക്കൊസ്‌ 10:43.

ഒരു ശുശ്രൂഷാദാസനും ഭാര്യയും ഒരിക്കൽ തന്റെ വീട്ടിൽ സന്ദർശനം നടത്തിയതിനെ കുറിച്ച്‌, ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്ന വൊൾഫാങ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഞങ്ങൾ ആ അവസരം നന്നായി ആസ്വദിച്ചു, സംഭാഷണത്തിലും മറ്റും തങ്ങളെ വളരെയേറെ ഉൾപ്പെടുത്തിയതിനാൽ കുട്ടികൾ വലിയ ആഹ്ലാദത്തിലായിരുന്നു. ഇപ്പോൾപ്പോലും അവർ അതേക്കുറിച്ച്‌ പറയാറുണ്ട്‌.” അതേ, മറ്റുള്ളവരിൽ താത്‌പര്യമെടുത്തുകൊണ്ട്‌ ആ ശുശ്രൂഷാദാസൻ ‘ഹൃദയവിശാലത’ പ്രകടമാക്കുകയായിരുന്നു.

രോഗികളെ സന്ദർശിക്കുക, അവർക്കൊരു പ്രോത്സാഹന കാർഡ്‌ അയയ്‌ക്കുക, അവർക്ക്‌ ഫോൺ ചെയ്യുക എന്നിങ്ങനെ അവരിൽ താത്‌പര്യം പ്രകടമാക്കാൻ കഴിയുന്ന ഏതു കാര്യവും ‘ഹൃദയവിശാലത’യുടെ പ്രകടനമാണ്‌. ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കുക. അവർ നിങ്ങളോടു സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ശ്രദ്ധിച്ചു കേൾക്കുക. പ്രാദേശിക സഭയിലെയോ മറ്റു സഭകളിലെയോ ക്രിയാത്മകവും പ്രോത്സാഹജനകവുമായ ദിവ്യാധിപത്യ പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കുക. യഹോവയെ സേവിക്കുന്നവർക്കായി കാത്തിരിക്കുന്ന മഹത്തായ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ സഹായിക്കുക.—2 കൊരിന്ത്യർ 4:16-18.

ഇടയസന്ദർശനങ്ങൾക്ക്‌ പുറമേ

ഇടയവേലയുടെ ഉദ്ദേശ്യം പരിഗണിക്കുമ്പോൾ, സഹോദരന്മാരുടെ ഭവനങ്ങളിൽ ഔപചാരികമായ ഇടയസന്ദർശനം നടത്തുന്നത്‌ പ്രധാനമാണെങ്കിലും, അത്‌ അവരുടെ ഉത്തരവാദിത്വത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നു വ്യക്തമാണ്‌. ഏതു സമയത്തും സാഹചര്യത്തിലും സമീപിക്കാവുന്ന ഒരാൾ ആയിരുന്നുകൊണ്ട്‌ സ്‌നേഹമുള്ള ഇടയൻ ‘ഹൃദയവിശാലത പ്രകടമാക്കുന്നു.’ തന്റെ സഹോദരങ്ങളുമായി അദ്ദേഹം ഊഷ്‌മളമായ ബന്ധം വളർത്തിയെടുക്കുന്നെങ്കിൽ, ദുർഘടസമയങ്ങളിൽ അവർ ചകിതരാകില്ല. കാരണം, സ്‌നേഹവാനായ തങ്ങളുടെ സഹോദരൻ, ക്രിസ്‌തീയ ഇടയൻ, തങ്ങൾക്കുവേണ്ടി കരുതുമെന്ന്‌ അവർക്കുറപ്പുണ്ട്‌.—സങ്കീർത്തനം 23:4.

അതുകൊണ്ട്‌, ക്രിസ്‌തീയ ഇടയന്മാരേ, ‘ഹൃദയവിശാലത ഉള്ളവരായിരിക്കുക.’ സഹോദരങ്ങൾക്ക്‌ പ്രോത്സാഹനവും നവോന്മേഷവും പകർന്നുകൊണ്ടും നിങ്ങൾക്കാവുന്ന എല്ലാ വിധങ്ങളിലും അവരെ ആത്മീയമായി കെട്ടുപണി ചെയ്‌തുകൊണ്ടും അവരോടുള്ള നിങ്ങളുടെ ആത്മാർഥമായ സ്‌നേഹം പ്രകടിപ്പിക്കുക. വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി നിൽക്കാൻ അവരെ സഹായിക്കുക. (കൊലൊസ്സ്യർ 1:23) ‘ഹൃദയവിശാലതയുള്ള’ ക്രിസ്‌തീയ ഇടയന്മാരാൽ അനുഗൃഹീതരായ ആട്ടിൻകൂട്ടത്തിന്‌ ഒന്നിനും കുറവുണ്ടാകയില്ല. ദാവീദിനെപ്പോലെ അവർ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കാൻ ദൃഢചിത്തരായിരിക്കും. (സങ്കീർത്തനം 23:1, 6) സ്‌നേഹവാനായ ഒരു ഇടയന്‌ അതിൽപ്പരം എന്തുവേണം?

[അടിക്കുറിപ്പുകൾ]

^ ഖ. 10 ഇടയ സന്ദർശനങ്ങൾ നടത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾക്ക്‌ വീക്ഷാഗോപുരത്തിന്റെ 1993 സെപ്‌റ്റംബർ 15 ലക്കത്തിലെ 20-3 പേജുകളും 1996 മാർച്ച്‌ 15 ലക്കത്തിലെ 24-7 പേജുകളും കാണുക.

[30-ാം പേജിലെ ചതുരം]

ക്രിസ്‌തീയ ഇടയന്മാർ

•ഉത്സാഹത്തോടെയും മനസ്സോടെയും സേവിക്കുന്നു

•ആട്ടിൻകൂട്ടത്തെ പോറ്റുകയും പരിപാലിക്കുകയും ചെയ്യുന്നു

•ഇടയന്മാർ ആയിത്തീരാൻ മറ്റുള്ളവരെ സഹായിക്കുന്നു

•രോഗികളെ സന്ദർശിക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യുന്നു

•ഏതു സാഹചര്യത്തിലും സഹോദരങ്ങളെ സഹായിക്കാൻ സജ്ജരായിരിക്കും

[31-ാം പേജിലെ ചിത്രങ്ങൾ]

വയൽസേവനത്തിലോ സഭായോഗത്തിലോ സാമൂഹിക കൂടിവരവുകളിലോ ആയിരുന്നാലും മൂപ്പന്മാർ എല്ലായ്‌പോഴും ഇടയന്മാരാണ്‌