വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യസത്യത്തിന്റെ വിത്തു വിതയ്‌ക്കൽ

രാജ്യസത്യത്തിന്റെ വിത്തു വിതയ്‌ക്കൽ

രാജ്യസത്യത്തിന്റെ വിത്തു വിതയ്‌ക്കൽ

“രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു”—സഭാപ്രസംഗി 11:6.

1. ക്രിസ്‌ത്യാനികൾ ഇന്നു വിത്തു വിതയ്‌ക്കുന്നത്‌ ഏത്‌ അർഥത്തിലാണ്‌?

പുരാതന എബ്രായ സമുദായത്തിൽ കൃഷിക്ക്‌ ഒരു സുപ്രധാന സ്ഥാനമുണ്ടായിരുന്നു. മനുഷ്യൻ എന്ന നിലയിലുള്ള തന്റെ മുഴു ജീവിതവും പാലസ്‌തീനിൽ ചെലവഴിച്ച യേശു തന്റെ ഉപമകളിൽ കാർഷിക വിഷയങ്ങൾ ഉൾപ്പെടുത്തിയത്‌ അതുകൊണ്ടാണ്‌. ദൃഷ്ടാന്തത്തിന്‌, ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിനെ അവൻ വിത്തു വിതയ്‌ക്കുന്നതിനോട്‌ ഉപമിച്ചു. (മത്തായി 13:1-9, 18-23; ലൂക്കൊസ്‌ 8:5-15) നാം ജീവിക്കുന്നത്‌ ഒരു കാർഷിക സമൂഹത്തിൽ ആയിരുന്നാലും അല്ലെങ്കിലും, ഇന്നോളം ക്രിസ്‌ത്യാനികൾ ചെയ്‌തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേല ഈ വിധത്തിൽ ആത്മീയ വിത്തുകൾ വിതയ്‌ക്കുന്നതാണ്‌.

2. നമ്മുടെ പ്രസംഗവേല എത്ര പ്രധാനമാണ്‌, അതു നിർവഹിക്കാനായി ഇന്ന്‌ എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു?

2 ഈ അന്ത്യകാലത്ത്‌ ബൈബിൾ സത്യം വിതയ്‌ക്കുന്നതിൽ പങ്കെടുക്കുന്നത്‌ ഒരു വലിയ പദവിയാണ്‌. റോമർ 10:14, 15-ൽ ഈ വേലയുടെ പ്രാധാന്യം വ്യക്തമായി വിവരിച്ചിരിക്കുന്നു: ‘അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ ഈ ദൈവദത്ത ദൗത്യം നിർവഹിക്കാൻ ശുഭാപ്‌തി വിശ്വാസത്തോടെ മുന്നിട്ടിറങ്ങേണ്ടത്‌ മുമ്പെന്നത്തെക്കാളും ഇന്ന്‌ പ്രധാനമാണ്‌. അക്കാരണത്താൽ, 340 ഭാഷകളിൽ ബൈബിളും ബൈബിൾ പഠന സഹായികളും ഉത്‌പാദിപ്പിച്ചു വിതരണം ചെയ്യുന്നതിൽ യഹോവയുടെ സാക്ഷികൾ പൂർണമായും വ്യാപൃതരായിരിക്കുന്നു. ഇവ തയ്യാറാക്കുന്നതിന്‌ അവരുടെ ഹെഡ്‌ക്വാർട്ടേഴ്‌സിലും വിവിധ രാജ്യങ്ങളിലെ ബ്രാഞ്ച്‌ ഓഫീസുകളിലുമായി 18,000-ത്തിലേറെ സ്വമേധയാ സേവകർ പ്രവർത്തിക്കുന്നു. ഈ ബൈബിൾ സാഹിത്യങ്ങൾ ലോകത്ത്‌ എല്ലായിടത്തും വിതരണം ചെയ്യുന്നതിൽ ഏകദേശം 60 ലക്ഷം പേർ പങ്കെടുക്കുന്നു.

3. രാജ്യസത്യം വിതയ്‌ക്കുന്നതിലൂടെ എന്തു സാധിക്കുന്നു?

3 ഈ കഠിനാധ്വാനത്തിന്റെ ഫലം എന്താണ്‌? ക്രിസ്‌ത്യാനിത്വത്തിന്റെ ആദിമ ദിനങ്ങളിൽ എന്ന പോലെ ഇന്നും അനേകർ സത്യം സ്വീകരിക്കുന്നു. (പ്രവൃത്തികൾ 2:41, 46, 47) എന്നാൽ, വളരെയേറെ ആളുകൾ പുതുതായി സ്‌നാപനമേറ്റ രാജ്യപ്രസംഗകർ ആയിത്തീരുന്നു എന്നതിനെക്കാൾ പ്രധാനം ഈ വലിയ സാക്ഷ്യം യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനും അവൻ ഏകസത്യദൈവം ആണെന്നുള്ള വസ്‌തുതയുടെ സംസ്ഥാപനത്തിനും സഹായിക്കുന്നു എന്ന വസ്‌തുതയാണ്‌. (മത്തായി 6:9) തന്നെയുമല്ല, ദൈവവചനത്തെ കുറിച്ചുള്ള പരിജ്ഞാനത്തിന്‌ ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്താനും അവരെ രക്ഷയിലേക്കു നയിക്കാനും കഴിയും.—പ്രവൃത്തികൾ 13:47.

4. തങ്ങളുടെ പ്രസംഗം കേട്ടവരോട്‌ അപ്പൊസ്‌തലന്മാർക്ക്‌ എത്രമാത്രം താത്‌പര്യമുണ്ടായിരുന്നു?

4 സുവാർത്ത ജീവത്‌പ്രധാനമാണെന്ന്‌ അപ്പൊസ്‌തലന്മാർക്കു പൂർണ ബോധ്യമുണ്ടായിരുന്നു. തങ്ങളുടെ ശ്രോതാക്കളോട്‌ അവർക്ക്‌ ആഴമായ സഹാനുഭൂതി തോന്നി. പൗലൊസ്‌ അപ്പൊസ്‌തലന്റെ വാക്കുകളിൽനിന്ന്‌ ഇതു വ്യക്തമാണ്‌. അവൻ ഇങ്ങനെ എഴുതി: “ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” (1 തെസ്സലൊനീക്യർ 2:8) ആളുകളോട്‌ അത്തരം ആത്മാർഥ താത്‌പര്യം പ്രകടമാക്കുക വഴി പൗലൊസും മറ്റ്‌ അപ്പൊസ്‌തലന്മാരും ഈ ജീവദായക വേലയിൽ വലിയ ഒരു പങ്കുവഹിക്കുന്ന യേശുവിനെയും സ്വർഗത്തിലെ ദൂതന്മാരെയും അനുകരിക്കുകയായിരുന്നു. രാജ്യസത്യം വിതയ്‌ക്കുന്നതിൽ ദൈവത്തിന്റെ ഈ സ്വർഗീയ ദാസന്മാർ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചു നമുക്കു പരിചിന്തിക്കാം. നമ്മുടെ പങ്കു നിർവഹിക്കാൻ അവരുടെ ദൃഷ്ടാന്തം നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെയെന്നു നമുക്കു കാണാം.

യേശു— രാജ്യസത്യത്തിന്റെ ഒരു വിതക്കാരൻ

5. ഭൂമിയിൽ ആയിരുന്നപ്പോൾ യേശു ഏതു വേലയിലാണു വ്യാപൃതനായിരുന്നത്‌?

5 ഒരു പൂർണ മനുഷ്യനായ യേശുവിന്‌ തന്റെ നാളിലെ ആളുകൾക്കുവേണ്ടി ഭൗതികമായി പല നല്ലകാര്യങ്ങളും പ്രദാനംചെയ്യാൻ കഴിയുമായിരുന്നു. ദൃഷ്ടാന്തത്തിന്‌, തന്റെ നാളിലെ അനേകം വൈദ്യശാസ്‌ത്ര തെറ്റിദ്ധാരണകൾ അവനു നീക്കം ചെയ്യാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ ശാസ്‌ത്രത്തിന്റെ മറ്റു മണ്ഡലങ്ങളിൽ മനുഷ്യനുള്ള അറിവ്‌ വർധിപ്പിക്കാമായിരുന്നു. എന്നാൽ, തന്റെ നിയോഗം സുവാർത്ത പ്രസംഗിക്കുക എന്നതാണെന്ന്‌ ശുശ്രൂഷയുടെ ആരംഭദശയിൽതന്നെ അവൻ വ്യക്തമാക്കി. (ലൂക്കൊസ്‌ 4:17-21) ശുശ്രൂഷയുടെ അവസാനത്തോട്‌ അടുത്ത്‌ അവൻ ഇങ്ങനെ വിശദീകരിച്ചു: “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) അതുകൊണ്ട്‌ രാജ്യസത്യത്തിന്റെ വിത്തു വിതയ്‌ക്കുന്നതിൽ അവൻ വ്യാപൃതനായിരുന്നു. തന്റെ സമകാലികർക്കു വേണ്ടി യേശുവിന്‌ ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും പ്രധാന സംഗതി ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ അവരെ പഠിപ്പിക്കുന്നതായിരുന്നു.—റോമർ 11:33-36.

6, 7. (എ) സ്വർഗാരോഹണത്തിനു മുമ്പ്‌ യേശു ശ്രദ്ധേയമായ ഏത്‌ ഉറപ്പു നൽകി, അവൻ അതു നിവർത്തിക്കുന്നത്‌ എങ്ങനെ? (ബി) പ്രസംഗവേലയോടുള്ള യേശുവിന്റെ മനോഭാവം വ്യക്തിപരമായി നിങ്ങളെ എങ്ങനെ ബാധിക്കുന്നു?

6 താൻ രാജ്യസത്യത്തിന്റെ വിതക്കാരനാണെന്ന്‌ യേശുതന്നെ സൂചിപ്പിച്ചു. (യോഹന്നാൻ 4:35-38) എല്ലാ അവസരത്തിലും അവൻ രാജ്യസുവാർത്തയുടെ വിത്തു വിതറി. വധസ്‌തംഭത്തിൽ കിടന്നു മരിക്കുന്ന സമയത്തുപോലും അവൻ വരാനിരിക്കുന്ന ഭൗമിക പറുദീസയെ കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിച്ചു. (ലൂക്കൊസ്‌ 23:43) കൂടുതലായി, സുവാർത്ത പ്രസംഗിക്കപ്പെടണം എന്ന അവന്റെ ആഴമായ താത്‌പര്യം ദണ്ഡനസ്‌തംഭത്തിലെ അവന്റെ മരണത്തോടെ അവസാനിച്ചില്ല. തന്റെ സ്വർഗാരോഹണത്തിനു മുമ്പ്‌, രാജ്യസത്യത്തിന്റെ വിത്തു വിതയ്‌ക്കുന്നതിൽ തുടരാനും ശിഷ്യരെ ഉളവാക്കാനും അവൻ തന്റെ അപ്പൊസ്‌തലന്മാരോടു കൽപ്പിച്ചു. എന്നിട്ട്‌ അവൻ അവർക്ക്‌ ശ്രദ്ധേയമായ ഒരു വാഗ്‌ദാനം നൽകി. അവൻ ഇങ്ങനെ പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.”—മത്തായി 28:19, 20.

7 ‘ലോകാവസാനത്തോളം എല്ലാനാളും’ താൻ സുവാർത്താ പ്രസംഗത്തെ പിന്താങ്ങുകയും വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു പ്രസ്‌തുത വാക്കുകളിലൂടെ യേശു ഉറപ്പുനൽകി. നമ്മുടെ ഈ നാൾ വരെ യേശു സുവിശേഷ വേലയിൽ വ്യക്തിപരമായ താത്‌പര്യമെടുക്കുന്നതിൽ തുടർന്നിരിക്കുന്നു. അവനാണ്‌ നമ്മുടെ നായകൻ. രാജ്യസത്യം വിതയ്‌ക്കുന്നതിന്റെ ചുമതല അവനാണ്‌. (മത്തായി 23:10) ക്രിസ്‌തീയ സഭയുടെ തല എന്ന നിലയിൽ അവന്‌ ഈ ലോകവ്യാപക വേല സംബന്ധിച്ച്‌ യഹോവയുടെ മുമ്പാകെ ഉത്തരവാദിത്വം ഉണ്ട്‌.—എഫെസ്യർ 1:22, 23; കൊലൊസ്സ്യർ 1:18.

ദൂതന്മാർ സദ്വർത്തമാനം ഘോഷിക്കുന്നു

8, 9. (എ) ദൂതന്മാർ മാനുഷ കാര്യങ്ങളിൽ അതിയായ താത്‌പര്യം പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ? (ബി) ഏത്‌ അർഥത്തിലാണ്‌ നാം ദൂതന്മാർക്ക്‌ ഒരു നാടകക്കാഴ്‌ച ആയിരിക്കുന്നത്‌?

8 യഹോവ ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൂതന്മാർ “ഘോഷിച്ചുല്ലസിക്കയും . . . സന്തോഷിച്ചാർക്കുകയും” ചെയ്‌തു. (ഇയ്യോബ്‌ 38:4-7) അന്നുമുതൽ എന്നും ഈ സ്വർഗീയ ജീവികൾ മാനുഷ കാര്യാദികളിൽ അതിയായ താത്‌പര്യം പ്രകടമാക്കിയിരിക്കുന്നു. ദിവ്യ പ്രഖ്യാപനങ്ങൾ മനുഷ്യരെ അറിയിക്കാൻ യഹോവ അവരെ ഉപയോഗിച്ചിട്ടുണ്ട്‌. (സങ്കീർത്തനം 103:20) നമ്മുടെ നാളിൽ സുവാർത്ത പ്രചരിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ ഇതു വിശേഷാൽ സത്യമാണ്‌. യോഹന്നാനു ലഭിച്ച വെളിപ്പാടിൽ, ഒരു “ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു” അവൻ കണ്ടു. “ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ [ആ ദൂതന്റെ] പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു” എന്ന്‌ അവൻ പറഞ്ഞുകൊണ്ടിരുന്നു.—വെളിപ്പാടു 14:6, 7.

9 ദൂതന്മാരെ, “രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്ക”ൾ എന്നു ബൈബിൾ പരാമർശിക്കുന്നു. (എബ്രായർ 1:14) തങ്ങളുടെ നിയമിത ജോലികൾ ഉത്സാഹപൂർവം നിർവഹിക്കവെ ദൂതന്മാർക്ക്‌ നമ്മെയും നമ്മുടെ വേലയെയും നിരീക്ഷിക്കാനുള്ള അവസരമുണ്ട്‌. ഒരു തുറന്ന നാടകവേദിയിൽ എന്നപോലെ, നാം സ്വർഗീയ സദസ്സിനു മുമ്പാകെ നമ്മുടെ വേല നിർവഹിക്കുന്നു. (1 കൊരിന്ത്യർ 4:9, NW) രാജ്യസത്യത്തിന്റെ വിതക്കാർ എന്ന നിലയിൽ നാം ഒറ്റയ്‌ക്കല്ല പ്രവർത്തിക്കുന്നത്‌ എന്നറിയുന്നത്‌ എത്ര ആശ്വാസദായകവും പുളകപ്രദവുമാണ്‌!

നാം ഉത്സാഹപൂർവം നമ്മുടെ പങ്കുവഹിക്കുന്നു

10. സഭാപ്രസംഗി 11:6-ലെ പ്രായോഗിക ഉപദേശം നമ്മുടെ സുവിശേഷ വേലയുടെ കാര്യത്തിൽ ബാധകമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

10 യേശുവും ദൂതന്മാരും നമ്മുടെ വേലയിൽ വളരെ തത്‌പരരായിരിക്കുന്നത്‌ എന്തുകൊണ്ട്‌? പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ യേശു ഒരു കാരണം വ്യക്തമാക്കി: “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊസ്‌ 15:10) നമുക്കും ആളുകളിൽ അത്തരം ആത്മാർഥ താത്‌പര്യമുണ്ട്‌. അതുകൊണ്ട്‌, രാജ്യസത്യത്തിന്റെ വിത്ത്‌ എല്ലായിടത്തും വിതറാനായി നാം നമ്മുടെ പരമാവധി പ്രവർത്തിക്കുന്നു. സഭാപ്രസംഗി 11:6-ലെ വാക്കുകൾ നമ്മുടെ വേലയ്‌ക്കു ബാധകമാക്കാവുന്നതാണ്‌. അവിടെ ബൈബിൾ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു [“വൈകുന്നേരം വരെ,” NW] നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” ഒരു വ്യക്തി നമ്മുടെ സന്ദേശം സ്വീകരിക്കുമ്പോൾ നൂറുകണക്കിനോ ആയിരക്കണക്കിനോ വ്യക്തികൾ അതു നിരസിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, “ഒരു പാപി”യെങ്കിലും രക്ഷാസന്ദേശം സ്വീകരിക്കുമ്പോൾ ദൂതന്മാരെപോലെ നാമും സന്തോഷിക്കുന്നു.

11. ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളുടെ ഉപയോഗം എത്ര ഫലപ്രദമായിരിക്കാവുന്നതാണ്‌?

11 സുവാർത്താ പ്രസംഗത്തിൽ വളരെയേറെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന അച്ചടിച്ച ബൈബിൾ അധിഷ്‌ഠിത വിവരങ്ങളാണ്‌ ഈ വേലയിലെ ഒരു സുപ്രധാന സഹായി. ചില വിധങ്ങളിൽ, ഈ പ്രസിദ്ധീകരണങ്ങളും എല്ലായിടത്തും വിതയ്‌ക്കപ്പെടുന്ന വിത്തു പോലെയാണ്‌. അവ എവിടെയായിരിക്കും സഫലമാകുന്നതെന്ന്‌ നമുക്കറിയില്ല. ചില അവസരങ്ങളിൽ ഒരു പ്രസിദ്ധീകരണം പലരുടെ കൈകളിലൂടെ കടന്നുപോയ ശേഷമായിരിക്കും ഒരാൾ വായിക്കുന്നത്‌. ശരിയായ ഹൃദയനില ഉള്ളവരുടെ പ്രയോജനത്തിനായി അപ്രകാരം സംഭവിക്കാൻ, ചില സന്ദർഭങ്ങളിൽ യേശുവും ദൂതന്മാരും കാര്യങ്ങളെ നയിക്കുക പോലും ചെയ്‌തേക്കാം. ആളുകൾക്കു നമ്മൾ നൽകുന്ന സാഹിത്യങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ അപ്രതീക്ഷിതവും അതിശയകരവുമായ ഫലങ്ങൾ ഉളവാക്കാൻ യഹോവയ്‌ക്കു കഴിയുന്നത്‌ എങ്ങനെയെന്നു ചിത്രീകരിക്കുന്ന ചില അനുഭവങ്ങൾ പരിചിന്തിക്കുക.

സത്യദൈവത്തിന്റെ പ്രവർത്തനം

12. യഹോവയെ കുറിച്ച്‌ അറിയാൻ മാസികയുടെ ഒരു പഴയ ലക്കം ഒരു കുടുംബത്തെ സഹായിച്ചത്‌ എങ്ങനെ?

12 1953-ൽ റോബർട്ട്‌ കുടുംബസമേതം ഒരു വലിയ നഗരത്തിൽനിന്ന്‌ അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള ഒരു കാർഷിക മേഖലയിലെ പഴയ, ജീർണിച്ച ഒരു ഫാംഹൗസിലേക്ക്‌ താമസം മാറി. തുടർന്ന്‌ അധികം താമസിയാതെ, സ്റ്റെയർകേസിനു കീഴെ ഒരു കുളിമുറി പണിയാൻ റോബർട്ട്‌ തീരുമാനിച്ചു. കുറെ പലകകൾ മാറ്റിക്കഴിഞ്ഞപ്പോൾ ഭിത്തിക്കു പിന്നിലായി ചുണ്ടെലികൾ കടലാസു തുണ്ടുകളും വാൽനട്ടിന്റെ തോടുകളും മറ്റ്‌ അവശിഷ്ടങ്ങളും ശേഖരിച്ചു വെച്ചിരിക്കുന്നതു കണ്ടു. അവിടെ അവയുടെ എല്ലാം നടുവിലായി സുവർണയുഗം മാസികയുടെ ഒരു കോപ്പിയും ഉണ്ടായിരുന്നു. കുട്ടികളെ വളർത്തുന്നതിനെ കുറിച്ച്‌ അതിൽ കണ്ട ഒരു ലേഖനം റോബർട്ടിന്‌ വിശേഷാൽ ഇഷ്ടമായി. ആ മാസികയിൽ കൊടുത്തിരുന്ന വ്യക്തമായ ബൈബിൾ അധിഷ്‌ഠിത മാർഗനിർദേശത്തിൽ അദ്ദേഹത്തിനു വളരെയേറെ മതിപ്പുതോന്നി. അതുകൊണ്ട്‌, മുഴുകുടുംബവും “സുവർണയുഗത്തിന്റെ മതത്തിൽ” ചേരാൻ പോകുകയാണെന്ന്‌ അദ്ദേഹം ലൈലയോടു പറഞ്ഞു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ യഹോവയുടെ സാക്ഷികൾ അവരുടെ വീട്ടുവാതിക്കൽ വന്നു. എന്നാൽ തന്റെ കുടുംബത്തിന്‌ “സുവർണയുഗത്തിന്റെ മതത്തിൽ” മാത്രമേ താത്‌പര്യമുള്ളൂ എന്ന്‌ റോബർട്ട്‌ അവരോടു പറഞ്ഞു. സുവർണയുഗത്തിന്റെ പുതിയ പേരാണ്‌ ഉണരുക! എന്ന്‌ സാക്ഷികൾ വിശദീകരിച്ചു. റോബർട്ടും ലൈലയും സാക്ഷികളോടൊത്തു പതിവായി ബൈബിൾ പഠിക്കാൻ തുടങ്ങി. ഒടുവിൽ അവർ സ്‌നാപനമേറ്റു. തുടർന്ന്‌ അവർ സത്യത്തിന്റെ വിത്തു തങ്ങളുടെ മക്കളിൽ വിതച്ചു. സമൃദ്ധമായ പ്രതിഫലം കൊയ്യുകയും ചെയ്‌തു. റോബർട്ടും ലൈലയും ഏഴു മക്കളും ഉൾപ്പെടെ ആ കുടുംബത്തിലെ 20-ലേറെ പേർ ഇന്ന്‌ യഹോവയാം ദൈവത്തിന്റെ സ്‌നാപനമേറ്റ സാക്ഷികളാണ്‌.

13. ബൈബിളിൽ താത്‌പര്യം വളർത്തിയെടുക്കാൻ പോർട്ടറിക്കോയിലെ ഒരു ദമ്പതികളെ പ്രേരിപ്പിച്ചത്‌ എന്ത്‌?

13 പോർട്ടറിക്കോയിൽ നിന്നുള്ള ദമ്പതികളായ വില്യമിനും അഡയ്‌ക്കും ഏകദേശം 40 വർഷം മുമ്പ്‌ ബൈബിൾ പഠിക്കാൻ യാതൊരു താത്‌പര്യവും ഇല്ലായിരുന്നു. യഹോവയുടെ സാക്ഷികൾ വാതിലിൽ മുട്ടുമ്പോഴൊക്കെ ആ ദമ്പതികൾ തങ്ങൾ വീട്ടിൽ ഇല്ലാത്തതായി ഭാവിക്കുമായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണിക്ക്‌ ആവശ്യമായ ഒരു സാധനം വാങ്ങാനായി ഒരു ദിവസം വില്യം പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ പോയി. മടങ്ങിപ്പോരവെ ചപ്പുചവറുകൾ ഇടുന്ന ഒരു വലിയ കൊട്ടയിൽ പച്ചയും മഞ്ഞയും കലർന്ന നിറമുള്ള ഒരു പുസ്‌തകം കിടക്കുന്നത്‌ അദ്ദേഹം കണ്ടു. 1940-ൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മതം എന്ന പുസ്‌തകമായിരുന്നു അത്‌. വില്യം ആ പുസ്‌തകം വീട്ടിൽ കൊണ്ടുപോയി. വ്യാജമതവും സത്യമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച്‌ ആ പുസ്‌തകത്തിൽനിന്നു വായിക്കാൻ കഴിഞ്ഞത്‌ അദ്ദേഹത്തെ വളരെ സന്തോഷിപ്പിച്ചു. അടുത്ത പ്രാവശ്യം യഹോവയുടെ സാക്ഷികൾ വീടു സന്ദർശിച്ചപ്പോൾ വില്യമും അഡയും സന്തോഷപൂർവം അവരുടെ സന്ദേശം ശ്രദ്ധിച്ചു, അവരോടൊത്തു ബൈബിൾ പഠിക്കാനും തുടങ്ങി. കുറെ മാസങ്ങൾ കഴിഞ്ഞ്‌ 1958-ലെ ‘ദിവ്യേഷ്ടം’ സാർവദേശീയ സമ്മേളനത്തിൽ വെച്ച്‌ അവർ സ്‌നാപനമേറ്റു. അന്നുമുതൽ, നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിന്റെ ഭാഗമായിത്തീരാൻ അവർ 50-ലേറെ ആളുകളെ സഹായിച്ചിരിക്കുന്നു.

14. ഒരു അനുഭവം പ്രകടമാക്കുന്നതുപോലെ, നമ്മുടെ ബൈബിൾ അധിഷ്‌ഠിത സാഹിത്യങ്ങൾക്ക്‌ എന്തിനുള്ള കഴിവുണ്ട്‌?

14 കാളിന്‌ അന്ന്‌ 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവൻ ഒരു കുസൃതിയായിരുന്നു, എപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങളിൽ ചെന്നു ചാടുമായിരുന്നു. മോശം ആളുകളെ മരണശേഷം നരകത്തിൽ ചുട്ടെരിക്കുമെന്ന്‌ ഒരു ജർമൻ മെഥഡിസ്റ്റ്‌ ഉപദേശി ആയിരുന്ന അവന്റെ പിതാവ്‌ അവനെ പഠിപ്പിച്ചിരുന്നു. അതുകൊണ്ട്‌ കാളിന്‌ നരകത്തെ വലിയ പേടിയായിരുന്നു. 1917-ൽ, ഒരു ദിവസം കാൾ വഴിയിൽ കണ്ട അച്ചടിച്ച ഒരു കടലാസ്‌ കഷണം എടുത്തു. അതു വായിക്കവെ, “എന്താണു നരകം?” എന്ന ചോദ്യത്തിൽ പെട്ടെന്നുതന്നെ അവന്റെ കണ്ണുകൾ ഉടക്കി. നരകം എന്ന വിഷയത്തെ സംബന്ധിച്ച ഒരു പരസ്യപ്രഭാഷണത്തിനുള്ള ക്ഷണമായിരുന്നു ആ കടലാസിൽ. ഇന്ന്‌ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്ന ബൈബിൾ വിദ്യാർഥികൾ ആയിരുന്നു അതിന്റെ പ്രായോജകർ. അനേകം ബൈബിൾ അധ്യയന സെഷനുകളിൽ സംബന്ധിച്ച കാൾ ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ സ്‌നാപനമേറ്റ്‌ ബൈബിൾ വിദ്യാർഥികളിൽ ഒരാളായിത്തീർന്നു. 1925-ൽ, യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ സേവിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. അദ്ദേഹം ഇപ്പോഴും അവിടെ സേവിക്കുന്നു. എട്ടു പതിറ്റാണ്ടിലേറെ ദീർഘിച്ച ആ ക്രിസ്‌തീയ ജീവിതവൃത്തി ആരംഭിച്ചത്‌ വഴിയിൽ കിടന്ന ഒരു കടലാസ്‌ കഷണത്തിൽനിന്നാണ്‌.

15. അനുയോജ്യമെന്നു തനിക്കു തോന്നുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ യഹോവയ്‌ക്ക്‌ എന്തു ചെയ്യാനാകും?

15 ഈ അനുഭവങ്ങളിൽ, ദൂതന്മാർ നേരിട്ട്‌ ഇടപെട്ടോ, ഇടപെട്ടെങ്കിൽ ഏത്‌ അളവുവരെ, എന്നൊക്കെ നിർണയിക്കാനുള്ള കഴിവ്‌ മനുഷ്യർക്കില്ലെന്നുള്ളതു ശരിതന്നെ. എന്നിരുന്നാലും, യേശുവും ദൂതന്മാരും പ്രസംഗവേലയിൽ സജീവമായ ഒരു പങ്കുവഹിക്കുന്നുവെന്നും അനുയോജ്യമെന്ന്‌ തനിക്കു തോന്നുന്നതുപോലെ കാര്യങ്ങളെ നയിക്കാൻ യഹോവയ്‌ക്കു കഴിയുമെന്നുമുള്ള സംഗതിയിൽ നാം ഒരിക്കലും സംശയാലുക്കൾ ആയിരിക്കരുത്‌. നല്ല ഫലം ഉത്‌പാദിപ്പിക്കാൻ നാം സമർപ്പിക്കുന്ന സാഹിത്യങ്ങൾക്കുള്ള കഴിവിനെ ചിത്രീകരിക്കുന്നവയാണ്‌ ഈ അനുഭവങ്ങളും സമാനമായ മറ്റ്‌ അനുഭവങ്ങളും.

ഒരു നിധി നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു

16. 2 കൊരിന്ത്യർ 4:7-ലെ വാക്കുകളിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

16 പൗലൊസ്‌ അപ്പൊസ്‌തലൻ ‘മൺപാത്രങ്ങളിലെ നിക്ഷേപത്തെ’ കുറിച്ച്‌ സംസാരിച്ചു. പ്രസംഗിക്കാനുള്ള ദൈവദത്ത നിയോഗമാണ്‌ ആ നിക്ഷേപം. യഹോവ ആ നിക്ഷേപം ഭരമേൽപ്പിച്ചിരിക്കുന്ന മനുഷ്യരാണ്‌ ‘മൺപാത്രങ്ങൾ.’ ആ മനുഷ്യർ അപൂർണരും പരിമിതികളുള്ളവരും ആയതിനാൽ അത്തരമൊരു നിയോഗം അവർക്കു നൽകിയിരിക്കുന്നത്‌ “ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു” ഉപകരിക്കുന്നുവെന്നു പൗലൊസ്‌ തുടർന്നു പറയുന്നു. (2 കൊരിന്ത്യർ 4:7) അതേ, നമ്മുടെ വേല നിർവഹിക്കാൻ നമ്മെ പ്രാപ്‌തരാക്കാനുള്ള ശക്തിക്കായി നമുക്കു യഹോവയിൽ ആശ്രയിക്കാനാകും.

17. രാജ്യസത്യത്തിന്റെ വിത്തു വിതയ്‌ക്കുമ്പോൾ നാം എന്ത്‌ അഭിമുഖീകരിക്കും, എന്നിരുന്നാലും നാം ഒരു ക്രിയാത്മക മനോഭാവം നിലനിറുത്തേണ്ടത്‌ എന്തുകൊണ്ട്‌?

17 മിക്കപ്പോഴും നാം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്‌. ചില പ്രദേശങ്ങളിൽ പ്രവർത്തനം വളരെ ബുദ്ധിമുട്ടായിരുന്നേക്കാം. ചിലയിടങ്ങളിൽ മിക്കവരും അങ്ങേയറ്റം നിസ്സംഗത പ്രകടമാക്കുകയോ ശത്രുത പുലർത്തുകയോപോലും ചെയ്യുന്നതായി തോന്നാം. ഒട്ടുംതന്നെ ഫലദായകമല്ലെന്നു തോന്നുന്ന അത്തരം പ്രദേശങ്ങളിൽ നാം വളരെയേറെ ശ്രമം ചെയ്‌തേക്കാം. അനേകരുടെ ജീവൻ അപകടത്തിൽ ആയിരിക്കുന്നതിനാൽ അത്തരത്തിലുള്ള യാതൊരു ശ്രമവും അധികമാകുന്നില്ല. ആളുകൾക്ക്‌ ഇപ്പോൾ സന്തുഷ്ടിയും ഭാവിയിൽ നിത്യജീവനും പ്രദാനം ചെയ്യാൻ നിങ്ങൾ വിതയ്‌ക്കുന്ന വിത്തുകൾക്കാകുമെന്ന്‌ ഓർമിക്കുക. സങ്കീർത്തനം 126:6-ലെ വാക്കുകൾ അനേക അവസരങ്ങളിൽ സത്യമെന്നു തെളിഞ്ഞിട്ടുണ്ട്‌: “വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കററ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.”

18. ശുശ്രൂഷയ്‌ക്കു നിരന്തര ശ്രദ്ധ നൽകാൻ നമുക്ക്‌ എങ്ങനെ കഴിയും, നാം അപ്രകാരം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

18 രാജ്യസത്യം ധാരാളമായി വിതയ്‌ക്കാനുള്ള ഉചിതമായ ഏതൊരു അവസരവും പ്രയോജനപ്പെടുത്തുക. വിത്തു നടുകയും നനയ്‌ക്കുകയും ചെയ്യുന്നതു നാം ആണെങ്കിലും അവ വളരാൻ ഇടയാക്കുന്നത്‌ യഹോവയാണെന്നുള്ളത്‌ ഒരിക്കലും വിസ്‌മരിക്കരുത്‌. (1 കൊരിന്ത്യർ 3:6, 7) എന്നിരുന്നാലും, യേശുവും ദൂതന്മാരും വേലയിലെ തങ്ങളുടെ ഭാഗം നിർവഹിക്കുന്നതുപോലെ, നാം നമ്മുടെ ശുശ്രൂഷ പൂർണമായി നിറവേറ്റാൻ യഹോവ പ്രതീക്ഷിക്കുന്നു. (2 തിമൊഥെയൊസ്‌ 4:5) നമ്മുടെ പഠിപ്പിക്കലിനും മനോഭാവത്തിനും ശുശ്രൂഷയിലെ ഉത്സാഹത്തിനും നമുക്ക്‌ നിരന്തര ശ്രദ്ധ നൽകാം. എന്തുകൊണ്ട്‌? പൗലൊസ്‌ ഉത്തരം നൽകുന്നു: “അങ്ങനെ ചെയ്‌താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊഥെയൊസ്‌ 4:16.

നാം എന്തു പഠിച്ചു?

• നമ്മുടെ വിതയ്‌ക്കൽ വേല നല്ല ഫലങ്ങൾ ഉളവാക്കുന്നത്‌ ഏതു വിധങ്ങളിൽ?

• എങ്ങനെയാണ്‌ യേശുക്രിസ്‌തുവും ദൂതന്മാരും ഇന്ന്‌ സുവിശേഷ വേലയിൽ ഉൾപ്പെടുന്നത്‌?

• രാജ്യസത്യത്തിന്റെ വിതക്കാർ എന്ന നിലയിൽ നാം ഉദാരമതികൾ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ശുശ്രൂഷയിൽ നിസ്സംഗതയോ ശത്രുതയോ അഭിമുഖീകരിക്കുമ്പോൾ, സ്ഥിരോത്സാഹം പ്രകടമാക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

പുരാതന ഇസ്രായേലിലെ കൃഷിക്കാരെ പോലെ, ക്രിസ്‌ത്യാനികൾ ഇന്ന്‌ രാജ്യസത്യത്തിന്റെ വിത്തു ധാരാളമായി വിതയ്‌ക്കുന്നു

[16, 17  പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ നാനാ തരത്തിലുള്ള ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ 340 ഭാഷകളിൽ പ്രസിദ്ധീകരിച്ച്‌ വിതരണം ചെയ്യുന്നു