വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തായ്‌വാനിലെ നെൽപ്പാടങ്ങളിൽ സുവാർത്ത പ്രഖ്യാപിക്കുന്നു

തായ്‌വാനിലെ നെൽപ്പാടങ്ങളിൽ സുവാർത്ത പ്രഖ്യാപിക്കുന്നു

നാം വിശ്വാസമുള്ള തരക്കാരാണ്‌

തായ്‌വാനിലെ നെൽപ്പാടങ്ങളിൽ സുവാർത്ത പ്രഖ്യാപിക്കുന്നു

സമൃദ്ധമായ മഴ ലഭിക്കുന്ന തായ്‌വാനിൽ നെൽക്കൃഷിക്കാർക്ക്‌ വർഷത്തിൽ രണ്ടു പ്രാവശ്യം നല്ല വിളവ്‌ കിട്ടുന്നു. എങ്കിലും ചിലപ്പോഴൊക്കെ സമയത്തിന്‌ മഴ കിട്ടാത്തതിനാൽ, ഞാറ്‌ കരിഞ്ഞുപോകാറുണ്ട്‌. ഇങ്ങനെ സംഭവിക്കുമ്പോൾ കർഷകൻ തന്റെ ശ്രമം ഉപേക്ഷിക്കുമോ? ഇല്ല. ഇതൊക്കെ കൃഷിയിൽ പറഞ്ഞിട്ടുള്ളതാണെന്ന്‌ അയാൾക്ക്‌ അറിയാം. അയാൾ വേറെ വിത്തുമുളപ്പിച്ച്‌ പാടത്ത്‌ വീണ്ടും കൃഷിയിറക്കുന്നു. അപ്പോൾ അവസ്ഥകൾ മെച്ചപ്പെട്ടാൽ, കർഷകന്‌ നല്ല വിളവ്‌ കിട്ടും. അയാളുടെ സ്ഥിരോത്സാഹത്തിനു ഫലം ലഭിക്കുന്നു. ആത്മീയ കൃഷിയിറക്കലും വിളവെടുപ്പും ചിലപ്പോഴൊക്കെ അതിനോട്‌ വളരെ സമാനമാണ്‌.

ആത്മീയ വിളവെടുപ്പിലെ സ്ഥിരോത്സാഹം

വർഷങ്ങളായി തായ്‌വാനിലെ യഹോവയുടെ സാക്ഷികൾ ആത്മീയമായി ഫലഭൂയിഷ്‌ഠമല്ലാത്തതെന്നു തോന്നിയിരുന്ന ചില പ്രദേശങ്ങളിൽ തിരുവെഴുത്തു സത്യമാകുന്ന വിത്ത്‌ പാകാനും വിളവെടുക്കാനും കഠിനശ്രമം ചെയ്‌തിരിക്കുന്നു. മിയാൽ-ലീ പ്രവിശ്യയാണ്‌ ഒരു ഉദാഹരണം. സാക്ഷികൾ വല്ലപ്പോഴും മാത്രം പ്രവർത്തിക്കാറുള്ള ഒരു പ്രദേശമായിരുന്നു അത്‌. അവരുടെ പ്രവർത്തനത്തിന്‌ കാര്യമായ പ്രതികരണം ലഭിച്ചതുമില്ല. അതുകൊണ്ട്‌, 1973-ൽ മുഴുസമയ രാജ്യഘോഷകരായി പ്രവർത്തിക്കാൻ ഒരു പ്രത്യേക പയനിയർ ദമ്പതികളെ അങ്ങോട്ട്‌ അയച്ചു. ആരംഭത്തിൽ ചിലർ സുവാർത്തയിൽ താത്‌പര്യം കാട്ടിയെങ്കിലും അത്‌ അധികനാൾ നിന്നില്ല. അതിനാൽ, ആ പ്രത്യേക പയനിയർമാരെ മറ്റൊരു പ്രദേശത്തേക്കു നിയമിക്കുകയും ചെയ്‌തു.

1991-ൽ മറ്റു രണ്ടു പ്രത്യേക പയനിയർമാർ ആ പ്രദേശത്തേക്കു നിയമിക്കപ്പെട്ടു. എന്നാൽ വീണ്ടും അവിടത്തെ അവസ്ഥ ആത്മീയ വളർച്ചയ്‌ക്കു പറ്റിയതല്ലെന്നു തെളിഞ്ഞു. ഏതാനും വർഷങ്ങൾക്കു ശേഷം ആ പ്രത്യേക പയനിയർമാരെ കൂടുതൽ ഫലം ലഭിക്കുമെന്നു തോന്നിയിരുന്ന വയലുകളിലേക്ക്‌ അയച്ചു. അങ്ങനെ, ആ നിലം കുറേക്കാലത്തേക്ക്‌ കൃഷിയിറക്കാതെ കിടന്നു.

സ്ഥിരോത്സാഹത്തിലൂടെ വിജയം കൊയ്യുന്നു

1998 സെപ്‌റ്റംബറിൽ, തായ്‌വാനിലെ ആർക്കും നിയമിച്ചുകൊടുത്തിട്ടില്ലായിരുന്ന വിശാലമായ പ്രദേശത്ത്‌ കൂടുതൽ ഫലം ലഭിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത്‌ എങ്ങനെ സാധിക്കുമായിരുന്നു? അതിനുവേണ്ടി, ആളുകൾ തിങ്ങിപ്പാർക്കുന്ന അത്തരത്തിലുള്ള പ്രദേശങ്ങളിലേക്കു 40 താത്‌കാലിക പ്രത്യേക പയനിയർമാരെ നിയമിച്ചു.

മിയാൽ-ലീ പ്രവിശ്യയിൽ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന രണ്ടു പട്ടണങ്ങൾ ഈ പ്രസ്ഥാനത്തിനായി തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഈ പ്രദേശം പരീക്ഷിച്ചുനോക്കാനായി അവിടെ മൂന്നു മാസം പ്രവർത്തിക്കാൻ നാലു സഹോദരിമാരെ നിയമിച്ചു. അവിടെ എത്തി ഉടനെതന്നെ, തങ്ങൾ കണ്ടെത്തിയ താത്‌പര്യക്കാരെക്കുറിച്ചുള്ള സന്തോഷകരമായ റിപ്പോർട്ടുകൾ അവർ സൊസൈറ്റിക്ക്‌ എഴുതി അയച്ചു. ആ പ്രദേശത്തുള്ള അവരുടെ മൂന്നുമാസ പയനിയറിങ്ങിന്റെ അവസാനമായപ്പോഴേക്കും അവർക്ക്‌ അനേകം ബൈബിൾ അധ്യയനങ്ങൾ നടത്താൻ കഴിഞ്ഞു. അടുത്തുള്ള സഭയിലെ ഒരു മൂപ്പന്റെ സഹായത്താൽ അവർക്ക്‌ അവിടെ ഒരു പുസ്‌തകാധ്യയന കൂട്ടം സംഘടിപ്പിക്കാനും സാധിച്ചു.

നന്നായി വളർന്നുകൊണ്ടിരുന്ന ആ “ഞാറുകളെ” പരിപാലിക്കാനായി അവിടെ പയനിയറിങ്ങിൽ തുടരാൻ മൂന്നു സഹോദരിമാർ താത്‌പര്യം പ്രകടിപ്പിച്ചു. തുടർന്ന്‌, രണ്ടു പേർ സ്ഥിര പ്രത്യേക പയനിയർമാരായി നിയമിക്കപ്പെട്ടു, മൂന്നാമത്തെയാൾ സാധാരണ പയനിയറായി സേവനം തുടർന്നു. അടുത്ത സഭയിലെ ഒരു മൂപ്പൻ അവരെ സഹായിക്കാനായി അങ്ങോട്ട്‌ താമസം മാറ്റി. അവിടെ ആദ്യമായി ഒരു പരസ്യപ്രസംഗം നടത്തിയപ്പോൾ 60 പേർ ഹാജരുണ്ടായിരുന്നു. നിരവധി പുസ്‌തകാധ്യയനങ്ങൾക്കു പുറമേ ഞായറാഴ്‌ച തോറുമുള്ള യോഗങ്ങളും ക്രമമായി നടത്താൻ ഈ പുതിയ കൂട്ടത്തെ അടുത്തുള്ള സഭ ഇപ്പോൾ സഹായിക്കുന്നുണ്ട്‌. താമസിയാതെതന്നെ അവിടെ ഒരു പുതിയ സഭ സ്ഥാപിക്കപ്പെട്ടേക്കാം.

സ്ഥിരോത്സാഹം തായ്‌വാനിലെ മറ്റിടങ്ങളിലും ഫലം ഉളവാക്കുന്നു

മറ്റു പ്രദേശങ്ങളിൽനിന്നും അതേ പ്രതികരണംതന്നെ ലഭിക്കുകയുണ്ടായി. ആ ദ്വീപിന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ ഈ-ലാനിൽ ഒരു പുതിയ സഭാ പുസ്‌തകാധ്യയന കൂട്ടം സ്ഥാപിക്കപ്പെട്ടു. അവിടെയും താത്‌കാലിക പ്രത്യേക പയനിയർമാർ പ്രവർത്തിച്ചിരുന്നു.

ഒരു സായാഹ്നത്തിൽ, വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരുന്ന ഒരു താത്‌കാലിക പ്രത്യേക പയനിയർ, താൻ കണ്ടുമുട്ടിയ ചെറുപ്പക്കാരന്‌ സഭാ യോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അച്ചടിച്ചിരുന്ന ഒരു നോട്ടീസ്‌ നൽകി. അയാൾ ഉടനെ ഇങ്ങനെ ചോദിച്ചു: “എനിക്ക്‌ നാളെ രാത്രിയിലെ യോഗത്തിൽ സംബന്ധിക്കാൻ കഴിയുമോ? എന്തു ധരിച്ചുകൊണ്ടാണ്‌ ഞാൻ വരേണ്ടത്‌?” ആഴ്‌ചയിൽ എട്ടു ബൈബിൾ അധ്യയനങ്ങൾ നടത്താൻ ഈ പയനിയറിനു സാധിച്ചു. പല ബൈബിൾ വിദ്യാർഥികളും സ്‌നാപനമേൽക്കുകയെന്ന ലക്ഷ്യത്തിൽ സുവാർത്തയുടെ പ്രസാധകരായിത്തീർന്നു.

ആ പട്ടണത്തിൽനിന്നുതന്നെയുള്ളതാണ്‌ അടുത്ത അനുഭവം. അനേക വർഷങ്ങളായി പള്ളിയിൽ പൊയ്‌ക്കൊണ്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരെ പഠിപ്പിക്കാൻ ആരും ഇല്ലായിരുന്നു. ബൈബിൾ അധ്യയന ക്രമീകരണത്തെക്കുറിച്ചു കേട്ടപ്പോൾ അവർ സന്തോഷത്തോടെ അതിനു സമ്മതിച്ചു. അധ്യയന ഭാഗങ്ങൾ മുന്നമേതന്നെ തയ്യാറാകാൻ പയനിയർ അവരെ പ്രോത്സാഹിപ്പിച്ചു. സഹോദരി അധ്യയനത്തിനായി ചെന്നപ്പോൾ ആ സ്‌ത്രീ തന്റെ “ഗൃഹപാഠം” ചെയ്‌തുകഴിഞ്ഞതായി കണ്ടെത്തി. അവർ ഒരു നോട്ട്‌ ബുക്ക്‌ വാങ്ങി അതിൽ പഠന ഭാഗത്തെ അച്ചടിച്ച ചോദ്യങ്ങളും ആ ചോദ്യങ്ങൾക്കുള്ള ഉത്തരവും എഴുതിവെച്ചിരുന്നു. കൂടാതെ, അധ്യായത്തിൽ പരാമർശിച്ചിരുന്ന എല്ലാ തിരുവെഴുത്തുകളും അവർ നോട്ടുബുക്കിൽ പകർത്തിയെഴുതിയിരുന്നു. അവർ ആ സമയത്ത്‌ പുസ്‌തകത്തിന്റെ ആദ്യത്തെ മൂന്ന്‌ അധ്യായങ്ങൾ തയ്യാറായിരുന്നു!

മധ്യ തായ്‌വാനിലെ ഡോങ്‌ഷിയിലും സമാനമായ ഫലങ്ങൾ ലഭിച്ചു. അവിടെ, താത്‌കാലിക പ്രത്യേക പയനിയർമാർ മൂന്നുമാസംകൊണ്ട്‌ 2,000-ത്തിലധികം ലഘുപത്രികകൾ സമർപ്പിച്ചു. മൂന്നു മാസമായപ്പോഴേക്കും 16 ഭവന ബൈബിളധ്യയനങ്ങൾ നടത്താൻ അവർക്കു കഴിഞ്ഞു. 1999 സെപ്‌റ്റംബർ 21-ന്‌ ഉണ്ടായ ഒരു ഭൂകമ്പത്തിൽ പട്ടണത്തിൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടായി. എന്നിരുന്നാലും, താത്‌പര്യക്കാരായ ചിലർ ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു, ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ എത്താൻ അവർക്ക്‌ ഒരു മണിക്കൂറോളം യാത്ര ചെയ്യേണ്ടതുണ്ടെങ്കിൽപോലും. അതേ, ഭൗതികമായാലും ആത്മീയമായാലും നല്ല വിളവ്‌ കൊയ്യാൻ സ്ഥിരോത്സാഹം ആവശ്യമാണ്‌.

[8-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ചൈന

തായ്‌വാൻ കടലിടുക്ക്‌

തായ്‌വാൻ

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.