വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദോഷൈകദൃക്കുകൾ നിങ്ങളെ സ്വാധീനിക്കുന്നുവോ?

ദോഷൈകദൃക്കുകൾ നിങ്ങളെ സ്വാധീനിക്കുന്നുവോ?

ദോഷൈകദൃക്കുകൾ നിങ്ങളെ സ്വാധീനിക്കുന്നുവോ?

“ഒരു വ്യക്തിയിൽ ഒരിക്കലും ഒരു നല്ല ഗുണം കാണാത്ത, എപ്പോഴും മോശമായ ഗുണങ്ങൾ മാത്രം കാണുന്ന വ്യക്തിയാണ്‌ ദോഷൈകദൃക്ക്‌. ഒരു മൂങ്ങയെ പോലെയാണ്‌ അയാൾ. അന്ധകാരത്തിൽ ജാഗ്രതയുള്ളവൻ, എന്നാൽ വെളിച്ചത്തോടു പ്രതികരിക്കാത്തവൻ. കീടങ്ങൾക്കുവേണ്ടി സൂക്ഷ്‌മമായി പരതും, എന്നാൽ ഒന്നാന്തരം ഇരകളെ കാണില്ല.” 19-ാം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ പുരോഹിതനായ ഹെൻട്രി വാർഡ്‌ ബീച്ചറിന്റെ വാക്കുകളാണ്‌ ഇവ. ഇത്‌ ആധുനികകാലത്തെ ദോഷൈകദൃക്കുകളുടെ മനോഭാവത്തെ കൃത്യമായി ചിത്രീകരിക്കുന്നുവെന്ന്‌ അനേകർക്കും തോന്നിയേക്കാം. എന്നാൽ ദോഷൈകദൃക്ക്‌ എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന “സിനിക്‌” എന്ന ആംഗലേയ പദത്തിന്റെ ഉത്ഭവം പുരാതന ഗ്രീസിലാണ്‌. മേൽപ്രസ്‌താവിച്ച മനോഭാവമുള്ള ഒരുവനെയല്ല, മറിച്ച്‌ ഒരു കൂട്ടം തത്ത്വചിന്തകരെ പരാമർശിക്കാനാണ്‌ നൂറ്റാണ്ടുകളോളം അത്‌ ഉപയോഗിച്ചിരുന്നത്‌.

ദോഷൈകദൃക്കുകളുടെ തത്ത്വചിന്ത വികാസം പ്രാപിച്ചത്‌ എങ്ങനെ? അവർ എന്താണ്‌ പഠിപ്പിച്ചിരുന്നത്‌? ദോഷൈകദൃക്കിന്റെ സ്വഭാവങ്ങൾ ഒരു ക്രിസ്‌ത്യാനിക്കു ചേർന്നതാണോ?

പുരാതന കാലത്തെ ദോഷൈകദൃക്കുകൾ—അവരുടെ ഉത്ഭവവും വിശ്വാസങ്ങളും

ചർച്ചകളുടെയും സംവാദങ്ങളുടെയും ഒരു കേന്ദ്രമായിരുന്നു പുരാതന ഗ്രീസ്‌. പൊതുയുഗത്തിനു മുമ്പുള്ള കുറെ നൂറ്റാണ്ടുകളിൽ, സോക്രട്ടീസ്‌, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവർ തങ്ങളെ വിഖ്യാതരാക്കിയ തത്ത്വചിന്തകൾ അവതരിപ്പിച്ചു. അവരുടെ പഠിപ്പിക്കലുകൾക്ക്‌ ആളുകളുടെമേൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിൽ ഇപ്പോഴും അവരുടെ ആശയങ്ങൾ കാണാവുന്നതാണ്‌.

ഭൗതിക അനുധാവനങ്ങളോ ഇന്ദ്രിയസുഖങ്ങളുടെ ആസ്വാദനമോ യഥാർഥ സന്തുഷ്ടി കൈവരുത്തുന്നില്ലെന്നു സോക്രട്ടീസ്‌ (പൊ.യു.മു. 470-399) വാദിച്ചു. ധാർമിക ഉത്‌കൃഷ്ടതയ്‌ക്കു വേണ്ടിയുള്ള അന്വേഷണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുന്നെങ്കിൽ മാത്രമേ യഥാർഥ സന്തുഷ്ടി ആസ്വദിക്കാൻ കഴിയൂ എന്ന്‌ അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സോക്രട്ടീസ്‌ ധാർമിക ഉത്‌കൃഷ്ടതയെ ആത്യന്തിക നന്മയായി വീക്ഷിച്ചു. ആ ലക്ഷ്യം നേടാനായി അദ്ദേഹം ഭൗതിക ആഡംബരങ്ങളും അത്യാവശ്യമല്ലാത്ത ഉദ്യമങ്ങളും വേണ്ടെന്നുവെച്ചു. കാരണം അത്തരം കാര്യങ്ങൾ ഒരു ശ്രദ്ധാശൈഥില്യം ആകുമെന്ന്‌ അദ്ദേഹത്തിനു തോന്നി. അദ്ദേഹം മിതത്വം പാലിച്ചു, ഇച്ഛകൾ ത്യജിച്ചു. ലളിതമായ, അരിഷ്ടിച്ചുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്‌.

സോക്രട്ടിക്‌ രീതി എന്നറിയപ്പെടുന്ന ഒരു പഠിപ്പിക്കൽ രീതി അദ്ദേഹം വികസിപ്പിച്ചെടുത്തു. മിക്ക ചിന്തകരും ഒരു ആശയം അവതരിപ്പിച്ചിട്ട്‌ അതിനെ പിന്താങ്ങുന്ന വാദമുഖങ്ങൾ നിരത്തിയപ്പോൾ സോക്രട്ടീസ്‌ അതിൽ നിന്നു വ്യത്യസ്‌തമായ ഒരു രീതി പിൻപറ്റി. അദ്ദേഹം മറ്റുള്ളവരുടെ സിദ്ധാന്തങ്ങൾ ശ്രദ്ധിച്ചിട്ട്‌ അവരുടെ ആശയങ്ങളിലെ പിഴവുകൾ വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ചു. മറ്റുള്ളവരോടു വിമർശനാത്മകമായ, പുച്ഛം കലർന്ന ഒരു മനോഭാവം വെച്ചുപുലർത്താൻ ഈ സമീപനം ഇടയാക്കി.

സോക്രട്ടീസിന്റെ അനുഗാമികളിൽപ്പെട്ട ഒരു തത്ത്വചിന്തകനായിരുന്നു ആന്റിസ്‌തെനീസ്‌ (ഏകദേശം പൊ.യു.മു. 445-365). അദ്ദേഹവും മറ്റു പലരും സോക്രട്ടീസിന്റെ അടിസ്ഥാന പഠിപ്പിക്കലുകളിൽനിന്ന്‌ ഒരു പടികൂടെ കടന്ന്‌, ധാർമിക ഉത്‌കൃഷ്ടതയാണ്‌ ഏക നന്മ എന്നു പഠിപ്പിച്ചു. അവരുടെ അഭിപ്രായത്തിൽ ഉല്ലാസം വെറുമൊരു ശ്രദ്ധാശൈഥില്യം മാത്രമായിരുന്നില്ല, പിന്നെയോ ഒരു തരം തിന്മ കൂടെയായിരുന്നു. സമൂഹത്തിൽനിന്നു തികച്ചും വേർപ്പെട്ടു കഴിഞ്ഞിരുന്ന അവർക്കു സഹമനുഷ്യരോടു കടുത്ത പുച്ഛമായിരുന്നു. അവർ സിനിക്കുകൾ അഥവാ ദോഷൈകദൃക്കുകൾ എന്ന്‌ അറിയപ്പെടാൻ തുടങ്ങി. പാരുഷ്യവും ഗർവും നിറഞ്ഞ അവരുടെ സ്വഭാവരീതിയെ സൂചിപ്പിക്കുന്ന ഒരു ഗീക്കു പദത്തിൽനിന്നായിരിക്കണം (കിനികോസ്‌) സിനിക്‌ എന്ന പേരിന്റെ ഉത്ഭവം. “ശ്വാനസമാനം” എന്നാണ്‌ അതിന്റെ അർഥം. *

അവരുടെ ജീവിതരീതിയുടെ ഫലം

ഭൗതികത്വത്തോടും സുഖലോലുപതയോടുമുള്ള എതിർപ്പുപോലെ, ദോഷൈകതത്ത്വചിന്തയുടെ ചില വശങ്ങൾ പൊതുവെ അഭിനന്ദനാർഹമായി കരുതപ്പെട്ടിരുന്നിരിക്കാം. എങ്കിലും ദോഷൈകദൃക്കുകൾക്ക്‌ അത്തരം ആശയങ്ങൾ സംബന്ധിച്ച്‌ അതിരുകടന്ന വീക്ഷണമാണ്‌ ഉണ്ടായിരുന്നത്‌. ദോഷൈകദൃക്കെന്ന നിലയിൽ ഏറ്റവും വിഖ്യാതനായ ഡയോജെനിസ്‌ എന്ന തത്ത്വചിന്തകന്റെ ജീവിതം അതിന്റെ ഒരു തെളിവാണ്‌.

പൊ.യു.മു. 412-ൽ, കരിങ്കടലിന്റെ തീരത്തുള്ള ഒരു നഗരമായ സിനോപ്പിയിലാണ്‌ ഡയോജെനിസ്‌ ജനിച്ചത്‌. തന്റെ പിതാവിനോടൊപ്പം അദ്ദേഹം ഏഥൻസിലേക്കു പോയി. അവിടെവെച്ച്‌ അദ്ദേഹം ദോഷൈകദൃക്കുകളുടെ പഠിപ്പിക്കലുകളുമായി സമ്പർക്കത്തിൽ വന്നു. ആന്റിസ്‌തെനീസ്‌ ആയിരുന്നു ഡയോജെനിസിന്റെ ഗുരു. ദോഷൈകതത്ത്വചിന്ത ആദ്ദേഹത്തിന്റെ ജീവിതത്തെ വളരെ ശക്തമായി സ്വാധീനിച്ചു. സോക്രട്ടീസ്‌ ഒരു ലളിത ജീവിതം നയിച്ചപ്പോൾ ആന്റിസ്‌തെനീസ്‌ ജീവിത സുഖങ്ങൾ ഉപേക്ഷിച്ചു, ഡയോജെനിസ്‌ ആണെങ്കിൽ ആത്മപരിത്യാഗിയായി ജീവിച്ചു. ഭൗതിക സുഖങ്ങളുടെ പരിത്യാഗത്തിന്‌ ഊന്നൽ നൽകാനായി ഡയോജെനിസ്‌ കുറച്ചു കാലം ഒരു വീപ്പയിൽ ജീവിക്കുകപോലും ചെയ്‌തിട്ടുണ്ടത്രെ.

ആത്യന്തിക നന്മ അന്വേഷിച്ചിറങ്ങിയ ഡയോജെനിസ്‌, ധാർമികമായി ഉത്‌കൃഷ്ടനായ വ്യക്തിയെ തേടി നല്ല പകൽ വെളിച്ചത്തിൽ ദീപം കൊളുത്തി ഏഥൻസിലൂടെ നടന്നെന്നു പറയപ്പെടുന്നു! അത്തരം പ്രവൃത്തികൾ ശ്രദ്ധ പിടിച്ചുപറ്റി. മറ്റുള്ളവരെ പഠിപ്പിക്കാൻ ഡയോജെനിസും ഇതര ദോഷൈകദൃക്കുകളും സ്വീകരിച്ച ഒരു മാർഗമായിരുന്നു അത്‌. ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന്‌ മഹാനായ അലക്‌സാണ്ടർ ഒരിക്കൽ ഡയോജെനിസിനോടു ചോദിച്ചപ്പോൾ, മാർഗതടസ്സം സൃഷ്ടിക്കാതെ അലക്‌സാണ്ടർ തന്റെ മുന്നിൽനിന്നൊന്നു മാറിനിൽക്കണമെന്ന ആഗ്രഹമേ തനിക്കുള്ളൂ എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ മറുപടി!

ഡയോജെനിസും മറ്റു ദോഷൈകദൃക്കുകളും യാചകരെപ്പോലെയാണു ജീവിച്ചത്‌. സാധാരണനിലയിലുള്ള മാനുഷിക ബന്ധങ്ങൾ ആസ്വദിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നില്ല. അവർ പൗരധർമങ്ങൾ തള്ളിക്കളയുകയും ചെയ്‌തു. ഒരുപക്ഷേ സോക്രട്ടീസിന്റെ സംവാദരീതിയുടെ സ്വാധീനംകൊണ്ടായിരിക്കാം, അവർ മറ്റുള്ളവരോടു യാതൊരു ആദരവും കാട്ടിയിരുന്നില്ല. വാക്കുകൾകൊണ്ടു കുത്തിമുറിവേൽപ്പിക്കുന്നതിൽ ഡയോജെനിസ്‌ പ്രസിദ്ധനായിരുന്നു. ദോഷൈകദൃക്കുകൾ ‘ശ്വാനസമാനർ’ എന്ന അപഖ്യാതി നേടി. ഡയോജെനിസിന്റെ പരിഹാസപ്പേരുതന്നെ ശ്വാനൻ എന്നായിരുന്നു. പൊ.യു.മു. ഏകദേശം 320-ൽ, ഉദ്ദേശം 90 വയസ്സുള്ളപ്പോൾ, അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ മുകളിൽ ഒരു ശ്വാനന്റെ ആകൃതി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മാർബിൾ സ്‌മാരകം ഉയർത്തപ്പെട്ടു.

ദോഷൈകതത്ത്വചിന്തയുടെ ചില വശങ്ങൾ മറ്റു ചിന്താധാരകളിലും ലയിച്ചുചേർന്നു. എന്നാൽ കാലക്രമത്തിൽ ഡയോജെനിസിന്റെയും അദ്ദേഹത്തിന്റെ പിൽക്കാല അനുയായികളുടെയും വിചിത്രമായ രീതികൾ നിമിത്തം ദോഷൈകതത്ത്വചിന്താ പ്രസ്ഥാനം ക്ഷയിച്ചു. ഒടുവിൽ അതു മുഴുവനായും അപ്രത്യക്ഷമായി.

ഇന്നത്തെ ദോഷൈകദൃക്കുകൾ—നിങ്ങൾ അവരുടെ സ്വഭാവങ്ങൾ അനുകരിക്കണമോ?

ഓക്‌സ്‌ഫോർഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറി ഇന്നത്തെ ദോഷൈകദൃക്കിനെ “എപ്പോഴും ശകാരിക്കുന്ന അല്ലെങ്കിൽ കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവമുള്ള വ്യക്തി; . . . മനുഷ്യരുടെ ലക്ഷ്യങ്ങളിലെയും പ്രവർത്തനങ്ങളിലെയും ആത്മാർഥതയെയും നന്മയെയും അവിശ്വസിക്കുന്ന, അതു കുത്തുവാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന വ്യക്തി; സദാ കുറ്റം കണ്ടുപിടിക്കുന്ന പരിഹാസി” എന്നിങ്ങനെ നിർവചിക്കുന്നു. നമുക്കു ചുറ്റുമുള്ള ലോകത്തിൽ ഈ സ്വഭാവരീതികൾ പ്രകടമാണ്‌. എന്നാൽ അവ തീർച്ചയായും ക്രിസ്‌തീയ വ്യക്തിത്വത്തിനു ചേർന്നവയല്ല. ബൈബിളിന്റെ പിൻവരുന്ന പഠിപ്പിക്കലുകളും തത്ത്വങ്ങളും പരിചിന്തിക്കുക.

“യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്‌പോഴും ഭർത്സിക്കയില്ല; [“കുറ്റം കണ്ടുപിടിക്കുന്നില്ല,” NW] എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.” (സങ്കീർത്തനം 103:8, 9) “ദൈവത്തെ അനുകരിപ്പിൻ” എന്ന്‌ ക്രിസ്‌ത്യാനികളോടു പറയപ്പെട്ടിരിക്കുന്നു. (എഫെസ്യർ 5:1) സർവശക്തനായ ദൈവം “എപ്പോഴും ശകാരിക്കുന്ന അല്ലെങ്കിൽ കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവമുള്ള”വനല്ല. മറിച്ച്‌, അവൻ കരുണയും വളരെയേറെ സ്‌നേഹദയയും പ്രകടമാക്കുന്നവനാണ്‌. അതുകൊണ്ട്‌, തീർച്ചയായും ക്രിസ്‌ത്യാനികളും അതുതന്നെ ചെയ്യാൻ ശ്രമിക്കേണ്ടതാണ്‌.

യഹോവയുടെ വ്യക്തിത്വം അതേപടി പ്രതിഫലിപ്പിച്ച യേശുക്രിസ്‌തു ‘തന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയി.’ (1 പത്രൊസ്‌ 2:21; എബ്രായർ 1:3, പി.ഒ.സി. ബൈബിൾ) യേശു ചില അവസരങ്ങളിൽ മതപരമായ വ്യാജങ്ങളും ലോകത്തിന്റെ ദുഷ്‌പ്രവൃത്തികളും തുറന്നുകാട്ടി. (യോഹന്നാൻ 7:7) എന്നാൽ, ആത്മാർഥരായ ആളുകളെ കുറിച്ച്‌ അവൻ അംഗീകാരപൂർവം സംസാരിച്ചു. ദൃഷ്ടാന്തത്തിന്‌ നഥനയേലിനെ കുറിച്ച്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല.” (യോഹന്നാൻ 1:47) ചില അവസരങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ യേശു, അതിൽനിന്നു പ്രയോജനം കിട്ടിയ ആളുകളുടെ വിശ്വാസത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. (മത്തായി 9:22) ഒരു സ്‌ത്രീ വിലമതിപ്പോടെ നൽകിയ സമ്മാനം ഒരു ധൂർത്ത്‌ ആണെന്നു ചിലർ വിചാരിച്ചപ്പോൾ, യേശു അവളുടെ ആന്തരത്തിൽ ദോഷം കണ്ടെത്താൻ ശ്രമിച്ചില്ല. പകരം അവൻ ഇങ്ങനെ പറഞ്ഞു: “ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്‌തതും അവളുടെ ഓർമ്മെക്കായി പ്രസ്‌താവിക്കും.” (മത്തായി 26:6-13) യേശു തന്റെ അനുഗാമികൾക്ക്‌ ആശ്രയയോഗ്യനായ ഒരു സുഹൃത്തും പ്രിയങ്കരനായ ഒരു കൂട്ടാളിയും ആയിരുന്നു. അവൻ “അവസാനത്തോളം അവരെ സ്‌നേഹിച്ചു.”—യോഹന്നാൻ 13:1.

യേശു പൂർണൻ ആയിരുന്നതിനാൽ അവനു മറ്റുള്ളവരിൽ എളുപ്പം കുറ്റംകണ്ടുപിടിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവിശ്വസിക്കുന്നതും കുറ്റം കണ്ടുപിടിക്കുന്നതുമായ ഒരു മനോഭാവം പ്രകടമാക്കുന്നതിനു പകരം അവൻ ആളുകളെ ആശ്വസിപ്പിക്കുകയാണ്‌ ചെയ്‌തത്‌.—മത്തായി 11:29, 30.

[സ്‌നേഹം] എല്ലാം വിശ്വസിക്കുന്നു.” (1 കൊരിന്ത്യർ 13:7) ഈ പ്രസ്‌താവന, മറ്റുള്ളവരുടെ ലക്ഷ്യങ്ങളെയും പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യുന്ന ദോഷൈകദൃക്കുകളുടെ മനോഭാവത്തിനു നേർവിപരീതമാണ്‌. ഒട്ടനവധി ആളുകൾ ഗൂഢലക്ഷ്യങ്ങൾ ഉള്ളവരായതിനാൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്‌ എന്നുള്ളതു ശരിതന്നെ. (സദൃശവാക്യങ്ങൾ 14:15) എന്നിരുന്നാലും, സ്‌നേഹം വിശ്വസിക്കാൻ സന്നദ്ധമാണ്‌, അകാരണമായി അതു മറ്റുള്ളവരെ സംശയിക്കുന്നില്ല.

ദൈവം തന്റെ ദാസന്മാരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവനു നമ്മെക്കാൾ നന്നായി നമ്മുടെ പരിമിതികൾ അറിയാം. പക്ഷേ യഹോവ ഒരിക്കലും തന്റെ ജനത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നില്ല. അവർക്കു ന്യായമായി ചെയ്യാൻ കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ അവൻ അവരിൽനിന്നു പ്രതീക്ഷിക്കുന്നതുമില്ല. (സങ്കീർത്തനം 103:13, 14) തന്നെയുമല്ല, ദൈവം ആളുകളിലെ നന്മയാണു നോക്കുന്നത്‌. അപൂർണരാണെങ്കിലും വിശ്വസ്‌തരായ തന്റെ ദാസന്മാരെ അവൻ പദവികളും അധികാരവും വിശ്വസിച്ച്‌ ഏൽപ്പിക്കുന്നു.—1 രാജാക്കന്മാർ 14:13; സങ്കീർത്തനം 82:6.

“യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്‌തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” (യിരെമ്യാവു 17:10) ഒരുവന്റെ ഹൃദയം കൃത്യമായി വായിക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ, നമുക്കു കഴിയില്ല. അതുകൊണ്ട്‌, മറ്റുള്ളവരിൽ തെറ്റായ ആന്തരങ്ങൾ ആരോപിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.

ദോഷൈകമനോഭാവം നമ്മിൽ വേരോടാൻ നാം അനുവദിച്ചാൽ കാലക്രമത്തിൽ അതു നമ്മുടെ ചിന്തയെ കീഴ്‌പെടുത്തുകയും നമുക്കും സഹവിശ്വാസികൾക്കും ഇടയിൽ ഭിന്നിപ്പ്‌ ഉണ്ടാക്കുകയും ചെയ്‌തേക്കാം. അതിനു ക്രിസ്‌തീയ സഭയുടെ സമാധാനത്തെ തകർക്കാനാകും. അതുകൊണ്ട്‌ നമുക്ക്‌ യേശുവിന്റെ ദൃഷ്ടാന്തം പിന്തുടരാം. തന്റെ ശിഷ്യന്മാരോടുള്ള ഇടപെടലിൽ അവൻ യാഥാർഥ്യബോധവും അതേസമയം ശുഭാപ്‌തിവിശ്വാസവും ഉള്ളവനായിരുന്നു. അവൻ അവരുടെ വിശ്വസ്‌ത സുഹൃത്തായിരുന്നു.—യോഹന്നാൻ 15:11-15.

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.” (ലൂക്കൊസ്‌ 6:31) യേശുക്രിസ്‌തുവിന്റെ ഈ കൽപ്പന ബാധകമാക്കാൻ കഴിയുന്ന അനേകം വിധങ്ങളുണ്ട്‌. ദൃഷ്ടാന്തത്തിന്‌, മറ്റുള്ളവർ നമ്മോടു ദയയോടും ആദരവോടും കൂടെ സംസാരിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. അപ്പോൾ തീർച്ചയായും നാം അവരോടു ദയയും ആദരവും പ്രകടമാക്കണം. മതനേതാക്കന്മാരുടെ വ്യാജപഠിപ്പിക്കലുകളെ ശക്തമായി തുറന്നുകാട്ടിയപ്പോൾ പോലും യേശു ഒരിക്കലും ദോഷൈകദൃഷ്ടിയോടെ പെരുമാറിയില്ല.—മത്തായി 23:13-36.

ദോഷൈകദൃഷ്ടിയെ ചെറുത്തുതോൽപ്പിക്കാനുള്ള വിധങ്ങൾ

നിരാശിതരായിരിക്കുമ്പോൾ ദോഷൈകവീക്ഷണത്താൽ സ്വാധീനിക്കപ്പെടുക എളുപ്പമാണ്‌. യഹോവ തന്റെ അപൂർണ ജനത്തെ വിശ്വസിക്കുന്നു എന്നു മനസ്സിലാക്കുന്നത്‌ ഈ മനോഭാവത്തെ ചെറുത്തുതോൽപ്പിക്കാൻ നമ്മെ സഹായിക്കും. യഹോവയുടെ മറ്റ്‌ ആരാധകരെ അവർ ആയിരിക്കുന്ന വിധത്തിൽ, അതായത്‌ ശരിയായതു ചെയ്യാൻ ശ്രമിക്കുന്ന അപൂർണ മനുഷ്യർ എന്ന നിലയിൽ, സ്വീകരിക്കാൻ അതു നമ്മെ സഹായിക്കും.

വേദനാജനകമായ അനുഭവങ്ങൾ ആളുകളെ അവിശ്വസിക്കാൻ ചിലരെ പ്രേരിപ്പിച്ചേക്കാം. അപൂർണ മനുഷ്യരിൽ നമ്മുടെ മുഴു ആശ്രയവും അർപ്പിക്കുന്നതു ബുദ്ധിശൂന്യമാണെന്നുള്ളതു ശരിതന്നെ. (സങ്കീർത്തനം 146:3, 4) എന്നാൽ, ക്രിസ്‌തീയ സഭയിലെ അനേകരും പ്രോത്സാഹനത്തിന്റെ ഉറവായിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ്‌. സ്വന്തം കുടുംബങ്ങളെ നഷ്ടപ്പെട്ടവർക്ക്‌ അമ്മമാരും അച്ഛന്മാരും സഹോദരിമാരും സഹോദരന്മാരും മക്കളും ആയിത്തീർന്നിരിക്കുന്ന ആയിരങ്ങളെ കുറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ. (മർക്കൊസ്‌ 10:30) ആപത്തുകാലത്ത്‌, തങ്ങൾ യഥാർഥ സുഹൃത്തുക്കളാണെന്നു തെളിയിച്ച എത്രയെത്ര ആളുകളാണുള്ളതെന്നും ചിന്തിക്കുക. *സദൃശവാക്യങ്ങൾ 18:24.

യേശുവിന്റെ അനുഗാമികളെ തിരിച്ചറിയിക്കുന്ന ഘടകം ദോഷൈകമനോഭാവമല്ല, മറിച്ച്‌ സഹോദര സ്‌നേഹമാണ്‌. എന്തെന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) അതുകൊണ്ട്‌ നമുക്കു സ്‌നേഹം പ്രകടമാക്കാം, സഹക്രിസ്‌ത്യാനികളുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അപ്രകാരം ചെയ്യുന്നതു ദോഷൈകദൃക്കുകളുടെ സ്വഭാവങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 8 സിനിക്‌ എന്ന പേരു വന്നത്‌ ഏഥൻസിലെ ഒരു ജിംനേഷ്യമായ കിനോസാറീസിൽനിന്ന്‌ ആയിരിക്കാനും ഇടയുണ്ട്‌, അവിടെയാണ്‌ ആന്റിസ്‌തെനീസ്‌ പഠിപ്പിച്ചിരുന്നത്‌.

^ ഖ. 27 1999 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ “ക്രിസ്‌തീയ സഭ—ശക്തീകരിക്കുന്ന സഹായത്തിന്റെ ഉറവ്‌” എന്ന ലേഖനം കാണുക.

[21-ാം പേജിലെ ചിത്രം]

ഡയോജെനിസ്‌—ഏറ്റവും വിഖ്യാതനായ ദോഷൈകദൃക്ക്‌

[കടപ്പാട്‌]

ശ്രേഷ്‌ഠ പുരുഷന്മാരും വിഖ്യാത വനിതകളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽനിന്ന്‌