നിങ്ങളുടെ ജീവിതം കൂടുതൽ അർഥവത്താക്കാൻ കഴിയുമോ?
നിങ്ങളുടെ ജീവിതം കൂടുതൽ അർഥവത്താക്കാൻ കഴിയുമോ?
മുഖവിലയല്ല എല്ലായ്‌പോഴും യഥാർഥ വില. ഐക്യനാടുകളിൽ പുറത്തിറക്കിയ ഏറ്റവും വിലയുള്ള ബാങ്ക് നോട്ടിന്റെ മുഖവില 10,000 ഡോളറാണ്. എന്നാൽ, അത് അച്ചടിക്കാൻ ഉപയോഗിച്ച കടലാസിന്റെ വിലയോ വളരെ തുച്ഛം.
ഇത്തരത്തിലുള്ള ഏതാനും കടലാസു കഷണങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിന് യഥാർഥ അർഥം പകരാൻ കഴിയുമെന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? കഴിയുമെന്നു വിചാരിക്കുന്നവരാണ് അനേകരും. അതുകൊണ്ട്, ആവുന്നത്ര പണം വാരിക്കൂട്ടാൻ കോടിക്കണക്കിനാളുകൾ രാപകലില്ലാതെ അധ്വാനിക്കുന്നു. പണത്തിന്റെ പിന്നാലെ പരക്കം പായുന്നതിന്റെ ഫലമായി ചിലപ്പോഴൊക്കെ അവർക്കു സ്വന്തം ആരോഗ്യത്തെയും സുഹൃത്തുക്കളെയും കുടുംബത്തെപ്പോലും അവഗണിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ടുള്ള നേട്ടം എന്താണ്? പണമോ അതു കൊടുത്തു വാങ്ങുന്ന വസ്‌തുക്കളോ യഥാർഥവും നിലനിൽക്കുന്നതുമായ സംതൃപ്‌തി നേടിത്തരുമോ?
ഭൗതിക വസ്‌തുക്കൾ വാരിക്കൂട്ടിക്കൊണ്ട് സംതൃപ്‌തി നേടാൻ ശ്രമിക്കുന്തോറും അതു നമ്മിൽനിന്ന് അകന്നകന്നു പൊയ്‌ക്കൊണ്ടിരിക്കും എന്ന് ഒരു ഗവേഷകൻ അഭിപ്രായപ്പെടുന്നു. ജേർണലിസ്റ്റായ അൽഫി കോൺ പിൻവരുന്നവിധം നിഗമനം ചെയ്യുന്നു: “സംതൃപ്‌തി എന്നത് വാങ്ങാൻ കിട്ടുന്ന ഒന്നല്ല . . . ജീവിതത്തിൽ സമ്പത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവർക്കിടയിൽ കടുത്ത ഉത്‌കണ്‌ഠയും വിഷാദവും ഒപ്പം മോശമായ ആരോഗ്യസ്ഥിതിയും
കണ്ടുവരുന്നു.”—ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺഅർഥപൂർണമായ ഒരു ജീവിതത്തിന് പണം മാത്രമല്ല ആവശ്യമായിരിക്കുന്നതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞേക്കാമെങ്കിലും, മിക്ക ആളുകളും അങ്ങനെയല്ല വിചാരിക്കുന്നത്. ഇതു നമ്മെ തെല്ലും അതിശയിപ്പിക്കേണ്ടതില്ല, കാരണം പരസ്യങ്ങൾ ഒരു പ്രളയംതന്നെ സൃഷ്ടിച്ചിരിക്കുന്ന ഒരു ലോകമാണ് നമ്മുടേത്. പാശ്ചാത്യ നാടുകളിലുള്ളവർ ദിവസവും 3,000 പരസ്യങ്ങളെങ്കിലും കാണാറുണ്ട്. ഈ പരസ്യങ്ങൾ കാറിനെക്കുറിച്ചോ കൽക്കണ്ടത്തെക്കുറിച്ചോ ആയിക്കൊള്ളട്ടെ അതിന്റെ സന്ദേശം ഇതാണ്: “ഇതു വാങ്ങൂ, കൂടുതൽ സന്തുഷ്ടി നേടൂ.”
ഭൗതിക ചിന്താഗതിയെ ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമെന്താണ്? മിക്കപ്പോഴും ആത്മീയ കാര്യങ്ങൾ അവഗണിക്കപ്പെടുന്നു എന്നതുതന്നെ. ന്യൂസ്‌വീക്ക് മാസികയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജർമനിയിലെ കൊളോണിന്റെ ആർച്ച്‌ബിഷപ്പ് ഈയിടെ ഇങ്ങനെ പ്രസ്‌താവിച്ചു: ‘ദൈവം ഇന്ന് നമ്മുടെയിടയിൽ ഒരു ചർച്ചാവിഷയമേ അല്ലാതായിരിക്കുന്നു.’
ജീവിക്കാനുള്ള വകനേടാൻ പകലന്തിയോളം അധ്വാനിക്കുന്ന ഒരാളായിരിക്കാം നിങ്ങൾ. മറ്റൊന്നിനും സമയമില്ലെന്നു നിങ്ങൾ വിചാരിച്ചേക്കാം. എങ്കിലും, ആരോഗ്യം ക്ഷയിക്കുകയോ പ്രായമേറുകയോ ചെയ്യുന്നതുവരെ ഒരു യന്ത്രത്തെപോലെ പണിയെടുക്കുക എന്നതായിരിക്കില്ല ജീവിതത്തിന്റെ ഉദ്ദേശ്യമെന്നു നിങ്ങൾക്കു ചിലപ്പോഴെങ്കിലും തോന്നാനിടയുണ്ട്.
ആത്മീയ കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകിയാൽ നിങ്ങൾക്കു വർധിച്ച സംതൃപ്‌തി ലഭിക്കുമോ? നിങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം പകരാൻ കഴിയുന്നത് എന്തിനായിരിക്കും?