അധികാരത്തോടുള്ള ആദരവ്—കുറഞ്ഞുവരുന്നത് എന്തുകൊണ്ട്?
അധികാരത്തോടുള്ള ആദരവ്—കുറഞ്ഞുവരുന്നത് എന്തുകൊണ്ട്?
“മതപരവും മതേതരവും സാമൂഹികവും രാഷ്‌ട്രീയവുമായ അധികാരത്തെ വെല്ലുവിളിക്കുന്നത് ഒരു ലോകവ്യാപക പ്രതിഭാസമാണ്. കഴിഞ്ഞ പതിറ്റാണ്ടിലെ ഒരു ശ്രദ്ധേയ സംഭവമായി അത് ഒരിക്കൽ കണക്കാക്കപ്പെട്ടേക്കാം.”
ചരിത്രകാരിയും തത്ത്വചിന്തകയുമായ ഹന്നാ ആറെന്റ് ഇവിടെ പരാമർശിച്ചിരിക്കുന്ന ആ പതിറ്റാണ്ട്, 1960-കൾ, പിന്നിട്ടിട്ട് ഇപ്പോൾ വർഷങ്ങളായി. അധികാരത്തോടുള്ള അനാദരവിന്റെ അലകൾ ഇന്ന് എന്നത്തേതിലും ശക്തമാണ്.
ദൃഷ്ടാന്തത്തിന്, ലണ്ടനിലെ ദ ടൈംസ് ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ചില മാതാപിതാക്കൾ അധ്യാപകർക്കു തങ്ങളുടെ മക്കളുടെമേലുള്ള അധികാരം അംഗീകരിച്ചു കൊടുക്കാൻ തയ്യാറല്ല. അധ്യാപകർ അവരെ ശിക്ഷിക്കുമ്പോൾ മാതാപിതാക്കൾ പരാതിപ്പെടുന്നു.” അധ്യാപകർ കുട്ടികളെ ശിക്ഷിക്കുമ്പോൾ, പലപ്പോഴും മാതാപിതാക്കൾ സ്‌കൂളിൽച്ചെന്ന് അവരെ ഭീഷണിപ്പെടുത്തുന്നു, ചിലപ്പോൾ ആക്രമിക്കുകപോലും ചെയ്യുന്നു.
ബ്രിട്ടനിലെ, പ്രധാന അധ്യാപകരുടെ ദേശീയ അസോസിയേഷന്റെ ഒരു വക്താവ് ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “പൊതുജനം പറയുന്നത്, ‘ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളുണ്ട്’ എന്നല്ല മറിച്ച് ‘ഞങ്ങൾക്ക് അവകാശങ്ങളുണ്ട്’ എന്നാണ്.” തങ്ങളുടെ മക്കളിൽ അധികാരത്തോടുള്ള ആരോഗ്യാവഹമായ ആദരവ് ഉൾനടാൻ ചില മാതാപിതാക്കൾ പരാജയപ്പെടുന്നുവെന്നു മാത്രമല്ല, അവർ തങ്ങളുടെ മക്കളെ തിരുത്തുകയോ മറ്റുള്ളവരെ അതിന് അനുവദിക്കുകയോ ചെയ്യുന്നുമില്ല. തങ്ങളുടെ ‘അവകാശങ്ങളെ’ കുറിച്ചു വാദിക്കുന്ന കുട്ടികൾ മാതാപിതാക്കളുടെയും അധ്യാപകരുടെയും അധികാരത്തെ തുച്ഛീകരിക്കാൻ ധൈര്യപ്പെടുന്നു. അതിന്റെ ഫലം പ്രവചിക്കാവുന്നതേയുള്ളൂ. കോളം എഴുത്തുകാരിയായ മാർഗരെറ്റ് ഡ്രിസ്‌കോൾ പറയുന്നതുപോലെ, “അധികാരത്തോടു തെല്ലും ആദരവില്ലാത്ത, ശരിയും തെറ്റും സംബന്ധിച്ച് ഒട്ടുംതന്നെ അറിവില്ലാത്ത ഒരു പുതിയ തലമുറ.”
റഷ്യയിലെ മിക്ക യുവജനങ്ങളുടെയും നൈരാശ്യത്തെ എടുത്തുകാണിക്കുന്ന, “തകർന്ന തലമുറ” എന്ന ലേഖനത്തിൽ ടൈം മാസിക ജനസമ്മിതിയുള്ള ഒരു റാപ്പ് സംഗീതജ്ഞന്റെ വാക്കുകൾ ഉദ്ധരിക്കുന്നു: “ഒന്നും ദീർഘകാലത്തേക്കു നിലനിൽക്കാത്ത, ഒന്നും ന്യായാനുസൃതമല്ലാത്ത, ഒരു ലോകത്ത് ജനിക്കുന്ന ഒരുവന് എങ്ങനെ സമൂഹത്തിൽ വിശ്വാസം അർപ്പിക്കാൻ കഴിയും?” ഈ ആശയത്തെ പിന്താങ്ങിക്കൊണ്ട് സാമൂഹ്യശാസ്‌ത്രജ്ഞനായ മീഖായേൽ ടോപാലൊവ് ഇങ്ങനെ പറയുന്നു: “കുട്ടികൾ വിഡ്‌ഢികളല്ല. രാഷ്‌ട്രം തങ്ങളുടെ മാതാപിതാക്കളെ വഞ്ചിക്കുന്നതും അവർക്കു തങ്ങളുടെ ജോലിയും സമ്പാദ്യവും നഷ്ടപ്പെടുന്നതും കുട്ടികൾ കാണുന്നു. അപ്പോൾ അവർ അധികാരത്തെ ആദരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയുമോ?”
എന്നാൽ, അധികാരത്തോടുള്ള അനാദരവ് യുവതലമുറയുടെ മാത്രം പ്രത്യേകതയാണ് എന്നു നിഗമനം ചെയ്യുന്നതു തെറ്റാണ്. ഇന്ന്, എല്ലാ പ്രായത്തിലുള്ള ആളുകളും ഏതൊരു അധികാരത്തെയും സന്ദേഹത്തോടും പുച്ഛത്തോടും കൂടെയാണു വീക്ഷിക്കുന്നത്. യാതൊരു അധികാരത്തെയും വിശ്വസിക്കാനാവില്ല എന്നാണോ അതിന്റെ അർഥം? “മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനോ ന്യായംവിധിക്കാനോ തടയാനോ ഉള്ള അവകാശം” എന്നു നിർവചിക്കപ്പെട്ടിരിക്കുന്ന അധികാരം ശരിയായ വിധത്തിൽ പ്രയോഗിക്കപ്പെടുന്ന പക്ഷം അതു വളരെയേറെ നന്മകൾ കൈവരുത്തും, വ്യക്തികൾക്കും സമൂഹത്തിനും പ്രയോജനം ചെയ്യും. അതെങ്ങനെയെന്ന് അടുത്ത ലേഖനം ചർച്ചചെയ്യും.