എന്തുകൊണ്ടാണ് അവർക്കു കുട്ടികൾ ഇല്ലാത്തത്?
എന്തുകൊണ്ടാണ് അവർക്കു കുട്ടികൾ ഇല്ലാത്തത്?
ഡെലെയും ഭാര്യ ഫോലയും * വാച്ച്‌ടവർ സൊസൈറ്റിയുടെ നൈജീരിയ ബ്രാഞ്ചിൽ സേവിക്കുന്നവരാണ്. അവർ ബ്രാഞ്ചിൽ ചെന്നു കുറേ കഴിഞ്ഞപ്പോൾ ഫോലയുടെ അമ്മ അവരെ കാണാൻ ചെന്നു. തന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന, ദിവസങ്ങളായി തന്റെ ഉറക്കം കെടുത്തിയിരുന്ന ഒരു കാര്യം അവരുമൊത്തു ചർച്ച ചെയ്യാനായിരുന്നു ആ അമ്മ അത്രയും ദൂരം യാത്ര ചെയ്‌ത് അവിടെ ചെന്നത്.
“നിങ്ങൾ എനിക്കു വേണ്ടി എന്തൊക്കെ നല്ല കാര്യങ്ങളാണ് ചെയ്യുന്നത്,” അമ്മ അവരോടു പറഞ്ഞു. “എനിക്ക് സമ്മാനങ്ങൾ അയച്ചുതരുന്നു, എന്നെ കാണാൻ വരുന്നു. സ്‌നേഹപൂർവം നിങ്ങൾ ചെയ്യുന്ന അത്തരം കാര്യങ്ങളെല്ലാം ഞാൻ എത്രമാത്രം വിലമതിക്കുന്നുണ്ടെന്നോ. പക്ഷേ അതെല്ലാം എന്നെ വിഷമിപ്പിക്കുന്നുമുണ്ട്. കാരണം, എന്റെ പ്രായമാകുമ്പോൾ നിങ്ങൾക്ക് ഇതൊക്കെ ചെയ്‌തുതരാൻ ആരുണ്ടാകും? കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ടു കഴിഞ്ഞു. ഇതുവരെ കുട്ടികളൊന്നുമായില്ല. ബെഥേലിൽനിന്നു പോന്ന് ഒരു കുടുംബമൊക്കെയായി ജീവിക്കാനുള്ള സമയമായെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?”
ഫോലയുടെ അമ്മ ഇങ്ങനെ ന്യായവാദം ചെയ്‌തു: ഡെലെയും ഫോലയും വേണ്ടത്ര കാലം ബെഥേലിൽ സേവിച്ചിട്ടുണ്ട്. ഇനിയവർക്ക് ഭാവിയെ കുറിച്ചു ചിന്തിക്കാനുള്ള സമയമായിരിക്കുന്നു. അവർ അവിടെനിന്നു പോന്നാലും അവരുടെ ജോലി ഏറ്റെടുക്കാൻ തീർച്ചയായും ആളുകളുണ്ടാകും. തന്നെയുമല്ല, പയനിയറിങ് ചെയ്‌തുകൊണ്ട് അവർക്ക് മുഴുസമയ ശുശ്രൂഷ തുടരാമല്ലോ, ഒപ്പം അച്ഛനും അമ്മയും ആയിരിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുകയുമാകാം.
അമ്മയുടെ ഉത്‌കണ്‌ഠ
ആ അമ്മയുടെ ഉത്‌കണ്‌ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. കുട്ടികൾ ഉണ്ടായിരിക്കാനുള്ള ആഗ്രഹം എല്ലാ കാലങ്ങളിലെയും ആളുകൾക്ക് ഉണ്ടായിരുന്നിട്ടുണ്ട്. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അതിരറ്റ സന്തോഷവും ഒട്ടേറെ പ്രതീക്ഷകളും നൽകുന്ന ഒരനുഭവമാണ്. “ഉദരഫലം സമ്മാന”മാണ് എന്നു ബൈബിൾ പറയുന്നു. അതേ, സന്താനോത്‌പാദനശേഷി നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവിൽനിന്നുള്ള വിലതീരാത്ത ഒരു സമ്മാനമാണ്.—സങ്കീർത്തനം 127:3, പി.ഒ.സി. ബൈബിൾ.
പലയിടങ്ങളിലും, ദമ്പതികൾക്ക് കുട്ടികൾക്കു ജന്മം നൽകാൻ സമൂഹത്തിൽനിന്നു വലിയ സമ്മർദം അനുഭവപ്പെടുന്നു. ഉദാഹരണമായി നൈജീരിയയിലെ കാര്യമെടുക്കാം. അവിടെ സാധാരണഗതിയിൽ ഒരു സ്‌ത്രീ ആറു കുട്ടികൾക്കെങ്കിലും ജന്മം നൽകുന്നു. വിവാഹവേളയിൽ നവദമ്പതികൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാൻ എത്തുന്നവർ ഇങ്ങനെ പറയാറുണ്ട്: “ഒമ്പതു മാസം കഴിയുമ്പോൾ ഈ വീട്ടിൽ ഒരു കുഞ്ഞു കരയുന്ന ശബ്ദം ഞങ്ങൾക്കു കേൾക്കണം.” വിവാഹ സമ്മാനമായി വധൂവരന്മാർക്ക് ഒരു തൊട്ടിൽപോലും കിട്ടിയേക്കാം. അമ്മാവിയമ്മയാണെങ്കിൽ ദിവസങ്ങളും മാസങ്ങളും എണ്ണി കഴിയുകയാകും. ഒരു വർഷം കഴിഞ്ഞിട്ടും ‘വിശേഷ’മൊന്നും ഇല്ലെങ്കിലോ, പിന്നെയങ്ങോട്ട് അന്വേഷണങ്ങളുടെ പ്രവാഹമായി.
പല അമ്മമാരെയും സംബന്ധിച്ചിടത്തോളം തന്റെ മകൻ അല്ലെങ്കിൽ മകൾ വിവാഹം കഴിക്കുന്നത് കുട്ടികൾക്കു ജന്മം നൽകാനും അങ്ങനെ കുടുംബം അന്യംനിന്നുപോകാതിരിക്കാനുമാണ്. ഫോലയുടെ അമ്മ അവളോടു ചോദിച്ചു: “കുട്ടികളെ വേണ്ടെങ്കിൽപ്പിന്നെ നീ എന്തിനാ കല്യാണം കഴിച്ചത്? ഞാനും നിന്നെപ്പോലെ വിചാരിച്ചിരുന്നെങ്കിൽ നീ ഉണ്ടാകുമായിരുന്നോ?”
ഉത്‌കണ്‌ഠയ്‌ക്ക് ഇടയാക്കുന്ന വേറെയും ചില സംഗതികളുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിലും പ്രായമായവരുടെ ആവശ്യങ്ങൾക്കായി ഗവൺമെന്റുകൾ കാര്യമായി ഒന്നുംതന്നെ ചെയ്യുന്നില്ല. സാധാരണഗതിയിൽ മക്കളാണ് പ്രായമായ മാതാപിതാക്കളെ നോക്കേണ്ടത്, അവർ ചെറുപ്പമായിരുന്നപ്പോൾ മാതാപിതാക്കൾ അവരെ കാത്തുപരിപാലിച്ചതുപോലെതന്നെ. അതുകൊണ്ട്, ഫോലയ്‌ക്ക് മക്കളില്ലാത്തപക്ഷം വയസ്സാകുമ്പോൾ ആരും നോക്കാനില്ലാതെ, ആർക്കും വേണ്ടാത്തവളായി കഷ്ടപ്പെടേണ്ടിവരുമെന്നും മരിക്കുമ്പോൾ ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും ആരും ഉണ്ടാവില്ലെന്നും ഫോലയുടെ അമ്മ ന്യായവാദം ചെയ്‌തു.
ആഫ്രിക്കയിൽ മിക്കയിടങ്ങളിലും കുട്ടികളില്ലാത്തത് ഒരു ശാപമായിട്ടാണു കണക്കാക്കപ്പെടുന്നത്. ചിലയിടങ്ങളിൽ, ഗർഭധാരണശേഷി ഉണ്ടെന്നു വിവാഹത്തിനു മുമ്പുതന്നെ സ്‌ത്രീകൾ തെളിയിക്കേണ്ടതായിട്ടുണ്ട്. ഗർഭം ധരിക്കാൻ കഴിയാതെ വരുമ്പോൾ പല സ്‌ത്രീകളും ചിത്തഭ്രമം
പിടിച്ചതുപോലെ ചികിത്സ തേടി പരക്കംപായുന്നതു കാണാം.ഇത്തരം മനോഭാവങ്ങളുടെ വീക്ഷണത്തിൽ മനഃപൂർവം കുട്ടികൾ വേണ്ടെന്നു വെക്കുന്ന ദമ്പതികൾ എന്തോ നല്ല സംഗതി കളഞ്ഞുകുളിക്കുന്നതുപോലെയാണ് കരുതപ്പെടുന്നത്. വിചിത്ര സ്വഭാവക്കാരും ദീർഘവീക്ഷണം ഇല്ലാത്തവരുമായാണ് ആളുകൾ അവരെ വീക്ഷിക്കുന്നത്. മാത്രവുമല്ല, സഹതാപക്കണ്ണുകളോടെ ആയിരിക്കും മറ്റുള്ളവർ അവരെ നോക്കുന്നത്.
ആനന്ദവും ഉത്തരവാദിത്വവും
കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് ആനന്ദദായകം ആയിരിക്കുമ്പോൾത്തന്നെ അതു വലിയ ഉത്തരവാദിത്വവും കൈവരുത്തുന്നു എന്ന് യഹോവയുടെ ജനത്തിന് അറിയാം. ബൈബിൾ 1 തിമൊഥെയൊസ് 5:8-ൽ ഇപ്രകാരം പറയുന്നു: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”
മാതാപിതാക്കൾ തങ്ങളുടെ കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റാൻ ബാധ്യസ്ഥരാണ്. അതിനായി അവർക്ക് ഗണ്യമായ തോതിൽ സമയവും ശ്രമവും ചെലവഴിക്കേണ്ടതായി വരുന്നു. ദൈവം കുട്ടികളെ തന്ന സ്ഥിതിക്ക് അവൻതന്നെ അവരെ നോക്കട്ടെ എന്ന ചിന്താഗതി അവർക്കില്ല. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് ദൈവം മാതാപിതാക്കൾക്ക് നിയമിച്ചുനൽകിയിരിക്കുന്ന ഒരു മുഴുസമയ ഉത്തരവാദിത്വമാണെന്നും അത് മറ്റുള്ളവർക്കു വീതിച്ചു കൊടുക്കാവുന്ന ഒന്നല്ലെന്നും അവർ മനസ്സിലാക്കുന്നു.—ആവർത്തനപുസ്‌തകം 6:6, 7.
‘“ഇടപെടാൻ പ്രയാസമായ ദുർഘടസമയ”ങ്ങളുടെ ഈ “അന്ത്യനാളുകളിൽ” കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്നത് വിശേഷിച്ചും പ്രയാസകരമാണ്. (2 തിമൊഥെയൊസ് 3:1-5, NW) ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം, ആളുകൾക്കിടയിൽ വർധിച്ചുവരുന്ന അഭക്തി ഇവയൊക്കെ കുട്ടികളെ വളർത്തുക എന്ന ദൗത്യത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കിയിരിക്കുന്നു. എങ്കിലും ലോകമെമ്പാടും നിരവധി ക്രിസ്‌തീയ ദമ്പതികൾ ഈ വെല്ലുവിളി ഏറ്റെടുക്കുകയും കുട്ടികളെ ദൈവഭയമുള്ളവരായി “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും വളർത്തിക്കൊണ്ടു”വരുന്നതിൽ വിജയിക്കുകയും ചെയ്‌തിരിക്കുന്നു. (എഫെസ്യർ 6:4, NW) യഹോവ ഈ മാതാപിതാക്കളെ സ്‌നേഹിക്കുകയും അവരുടെ കഠിനാധ്വാനത്തെ പ്രതി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
ചിലർ കുട്ടികൾ വേണ്ടെന്നു വെച്ചിരിക്കുന്നതിന്റെ കാരണം
എന്നാൽ ഒട്ടേറെ ക്രിസ്‌തീയ ദമ്പതികൾ കുട്ടികൾ ഇല്ലാത്തവരാണ്. ചിലർ വന്ധ്യരാണ്. എങ്കിലും അവർ കുട്ടികളെ ദത്തെടുക്കുന്നില്ല. സന്താനോത്‌പാദന ശേഷിയുള്ള മറ്റു ചില ദമ്പതികളാകട്ടെ, കുട്ടികൾ വേണ്ടെന്നു വെച്ചിരിക്കുന്നു. അത് അവർക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുള്ളതുകൊണ്ടോ ഒരു മാതാവ് അല്ലെങ്കിൽ പിതാവ് ആയിരിക്കുന്നതിന്റെ വെല്ലുവിളികൾ നേരിടാൻ പേടിയുള്ളതുകൊണ്ടോ അല്ല. മറിച്ച്, കുട്ടികളെ വളർത്തുന്നതോടൊപ്പം ചെയ്യാൻ സാധിക്കാത്ത, മുഴുസമയ ശുശ്രൂഷയുടെ വശങ്ങൾക്ക് അവർ പൂർണ ശ്രദ്ധ നൽകാൻ നിശ്ചയിച്ചിരിക്കുന്നതുകൊണ്ടാണ്. ചിലർ മിഷനറിമാരായി സേവിക്കുന്നു. മറ്റു ചിലരാകട്ടെ, സഞ്ചാരവേലയിലോ ബെഥേലിലോ സേവിക്കുന്നവരാണ്.
അടിയന്തിരമായി ചെയ്യേണ്ട ഒരു വേലയുണ്ടെന്ന് എല്ലാ ക്രിസ്‌ത്യാനികളെയുംപോലെ അവരും മനസ്സിലാക്കുന്നു. യേശു ഇപ്രകാരം പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ഈ വേല ഇന്നു നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ഒരു ജീവത്‌പ്രധാന വേലയാണ്, കാരണം “അവസാനം” എന്നത് സുവിശേഷത്തിനു ചെവികൊടുക്കാത്തവർക്ക് നാശത്തെ അർഥമാക്കുന്നു.—മത്തായി 24:14; 2 തെസ്സലൊനീക്യർ 1:7, 8.
നോഹയുടെ കാലത്തിനു സമാനമാണ് നാം ജീവിക്കുന്ന ഈ കാലഘട്ടവും. (ഉല്‌പത്തി 6:13-16; മത്തായി 24:37) നോഹയുടെ മൂന്നു പുത്രന്മാരും വിവാഹിതരായിരുന്നെങ്കിലും പ്രളയത്തിനു ശേഷം മാത്രമാണ് അവർ മക്കളെ ജനിപ്പിച്ചത്. യഹോവ തങ്ങളെ ഏൽപ്പിച്ചിരുന്ന വേലയിൽ, അതായത് അവരുടെ ജീവരക്ഷയ്‌ക്ക് ഉതകുമായിരുന്ന ആ പെട്ടക നിർമാണ വേലയിൽ, തങ്ങളുടെ മുഴു ശ്രദ്ധയും കേന്ദ്രീകരിക്കാൻ ആ ദമ്പതികൾ ആഗ്രഹിച്ചതായിരിക്കണം അതിന്റെ ഒരു കാരണം. ‘മനുഷ്യന്റെ ദുഷ്ടത വലിയതും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതും’ എന്നു വിശേഷിപ്പിക്കപ്പെട്ട, അധഃപതിച്ചതും അക്രമാസക്തവുമായ ഒരു ലോകത്തിലേക്ക് കുട്ടികളെ ജനിപ്പിക്കാനുള്ള വൈമുഖ്യം ആയിരുന്നിരിക്കാം മറ്റൊരു കാരണം.—ഉല്‌പത്തി 6:5.
കുട്ടികളെ ജനിപ്പിക്കുന്നതു തെറ്റാണെന്ന് അതിന് അർഥമില്ലെങ്കിലും ഇന്ന് ഒട്ടേറെ ക്രിസ്‌തീയ ദമ്പതികൾ യഹോവ തന്റെ ജനത്തിനു നൽകിയിരിക്കുന്ന ആ അടിയന്തിര വേലയിൽ കൂടുതൽ പൂർണമായി ഉൾപ്പെടേണ്ടതിന് കുട്ടികൾ വേണ്ടെന്നു വെച്ചിരിക്കുന്നു. ചില ദമ്പതികൾ കുട്ടികൾ കുറച്ചു കാലം കഴിഞ്ഞു മതി എന്നു വെക്കുന്നു, മറ്റു ചിലരാകട്ടെ, ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ കുട്ടികൾക്കു ജന്മം നൽകിയാൽ മതി എന്നു തീരുമാനിച്ചിരിക്കുന്നു. ഇത് ദീർഘ വീക്ഷണമില്ലാത്ത ഒരു തീരുമാനമാണോ? അവർക്ക് ജീവിതത്തിൽ സന്തോഷം നഷ്ടമാകുകയാണോ? മറ്റുള്ളവർ അവരെ സഹതാപത്തോടെ വീക്ഷിക്കേണ്ട ആവശ്യമുണ്ടോ?
സുരക്ഷിതവും ആനന്ദദായകവുമായ ജീവിതം
മുമ്പു പരാമർശിച്ച ഡെലെയുടെയും ഫോലയുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ പത്തു വർഷത്തിലധികമായി. കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽത്തന്നെയാണ് അവർ ഇപ്പോഴും. “കുട്ടികൾ വേണമെന്നു പറഞ്ഞ് ബന്ധുക്കൾ ഇപ്പോഴും ഞങ്ങളെ നിർബന്ധിക്കുന്നുണ്ട്,”
ഡെലെ പറയുന്നു. “അവരെ ഏറ്റവും അധികം ഉത്‌കണ്‌ഠപ്പെടുത്തുന്നത് ഞങ്ങളുടെ ഭാവി സുരക്ഷിതത്വമാണ്. അവർ ഞങ്ങളോടു കാണിക്കുന്ന ഈ താത്‌പര്യത്തോട് ഞങ്ങൾ എപ്പോഴും വിലമതിപ്പു പ്രകടിപ്പിക്കാറുണ്ട്. അതോടൊപ്പം, ഞങ്ങൾ തികച്ചും സന്തുഷ്ടരാണെന്ന് നയപൂർവം അവർക്കു വിവരിച്ചുകൊടുക്കാറുമുണ്ട്. സത്യസന്ധതയും വിശ്വസ്‌തതയും പുലർത്തുന്നവരുടെ ക്ഷേമത്തിൽ തത്‌പരനായ യഹോവയാം ദൈവത്തിലാണ് ഞങ്ങൾ ആശ്രയം വെച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഉത്‌കണ്‌ഠയില്ലെന്നും ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇനി മക്കൾ ഉണ്ടെങ്കിൽത്തന്നെ, മാതാപിതാക്കൾക്കു വയസ്സാകുമ്പോൾ അവർ അവരെ നോക്കിക്കൊള്ളും എന്നതിന് യാതൊരു ഉറപ്പുമില്ല എന്ന് ഞങ്ങൾ അവരോടു പറയാറുണ്ട്. ചിലർ തങ്ങളുടെ മാതാപിതാക്കൾക്കുവേണ്ടി ഒന്നും ചെയ്യാറില്ല, മറ്റു ചിലർക്കാകട്ടെ മാതാപിതാക്കളെ സഹായിക്കാനുള്ള കഴിവില്ല, ഇനിയും വേറെ ചിലർ തങ്ങളുടെ മാതാപിതാക്കൾക്കു മുമ്പേ മരണമടയുന്നു. എന്നാൽ ഞങ്ങളുടെ ഭാവി യഹോവയുടെ കരങ്ങളിൽ സുരക്ഷിതമാണ്.”ഡെലെയും അതുപോലെ മറ്റനേകരും “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് യഹോവ തന്റെ വിശ്വസ്‌ത ദാസന്മാർക്കു നൽകിയിരിക്കുന്ന വാഗ്‌ദാനത്തിൽ ഉറച്ചു വിശ്വസിക്കുന്നു. (എബ്രായർ 13:5) “രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല” എന്നും അവർ വിശ്വസിക്കുന്നു.—യെശയ്യാവു 59:1.
യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരെ എങ്ങനെ പുലർത്തുന്നു എന്നു നിരീക്ഷിക്കുന്നതും അവനിൽ വിശ്വാസം അർപ്പിക്കാൻ സഹായിക്കുന്നു. “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും [“തീർത്തും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നതും,” NW] അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല” എന്ന് ദാവീദ് രാജാവ് എഴുതി. അതേക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. യഹോവയുടെ വിശ്വസ്‌ത ദാസന്മാരിൽ ആരെങ്കിലും “തീർത്തും ഉപേക്ഷിക്കപ്പെട്ട” നിലയിൽ ആയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?—സങ്കീർത്തനം 37:25.
യഹോവയെയും സഹക്രിസ്‌ത്യാനികളെയും സേവിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ ഖേദം തോന്നുന്നില്ല. ആ ജീവിതഗതിയിൽ അവർ തികച്ചും സംതൃപ്‌തരാണ്. ഉദാഹരണത്തിന്, ഈറോ യൂമാ സഹോദരൻ മുഴുസമയ ശുശ്രൂഷ തുടങ്ങിയിട്ട് 45 വർഷമായി, ഇപ്പോൾ അദ്ദേഹം നൈജീരിയയിൽ ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കുകയാണ്. അദ്ദേഹം പറയുന്നു: “ഞങ്ങൾക്ക് മക്കളില്ല. എങ്കിലും യഹോവ എല്ലായ്‌പോഴും ആത്മീയമായും ഭൗതികമായും ഞങ്ങൾക്കു വേണ്ടി കരുതിയിട്ടുണ്ട് എന്ന സംഗതി ഞാനും ഭാര്യയും മനസ്സിൽ പിടിക്കുന്നു. ഞങ്ങൾക്ക് ഒന്നിനും കുറവുവന്നിട്ടില്ല. എത്ര പ്രായംചെന്നാലും അവൻ ഞങ്ങളെ കൈവെടിയില്ല. മുഴുസമയ ശുശ്രൂഷയിൽ ഞങ്ങൾ ചെലവഴിച്ച ഈ വർഷങ്ങളാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷപൂർണമായിരുന്ന നാളുകൾ. സഹോദരങ്ങളെ സേവിക്കാൻ കഴിയുന്നതിൽ ഞങ്ങൾ കൃതജ്ഞതയുള്ളവരാണ്. സഹോദരങ്ങൾ ഞങ്ങളുടെ സേവനത്തെ വിലമതിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നു.”
പല ദമ്പതികളും അക്ഷരാർഥത്തിൽ മക്കൾക്ക് ജന്മം നൽകിയിട്ടില്ലെങ്കിലും മറ്റൊരർഥത്തിൽ അവർ മക്കൾക്ക് ജന്മം നൽകിയിട്ടുണ്ട്: യഹോവയെ ആരാധിക്കുന്ന ക്രിസ്‌തീയ ശിഷ്യരെ ഉളവാക്കിക്കൊണ്ട്. ഏതാണ്ട് 100 വയസ്സുള്ളപ്പോഴാണ് അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതിയത്: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) യോഹന്നാന്റെ ‘മക്കളുടെ’ അഥവാ അവൻ “സത്യത്തി”ലേക്ക് കൊണ്ടുവന്നവരുടെ വിശ്വസ്‌തത അവന് വലിയ ആനന്ദം കൈവരുത്തി.
ഇന്നും അതേ ആനന്ദം അനുഭവിക്കുന്ന ഒട്ടേറെ പേരുണ്ട്. നൈജീരിയക്കാരിയായ ബെർനിസ് വിവാഹിതയായിട്ട് 19 വർഷമായി. അവർ കുട്ടികൾ വേണ്ടെന്നു വെച്ചിരിക്കുകയാണ്. കഴിഞ്ഞ 14 വർഷമായി അവർ ഒരു പയനിയറാണ്. കുട്ടികൾ ഉണ്ടാകാനുള്ള പ്രായം കഴിയാറായെങ്കിലും ശിഷ്യരാക്കൽ വേലയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ചതിൽ അവർ ഖേദിക്കുന്നില്ല. അവർ പറയുന്നതു ശ്രദ്ധിക്കൂ: “എന്റെ ആത്മീയ മക്കൾ വളർന്നുവരുന്നതു കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നു. എനിക്ക് സ്വന്തമായി മക്കൾ ഉണ്ടായിരുന്നെങ്കിൽ പോലും സത്യം പഠിക്കാൻ ഞാൻ സഹായിച്ചിട്ടുള്ളവർക്ക് എന്നോടുള്ളത്ര അടുപ്പം അവർക്ക് ഉണ്ടായിരിക്കുമായിരുന്നോ എന്നു ഞാൻ സംശയിക്കുന്നു. സ്വന്തം അമ്മയെ പോലെയാണ് അവർ എന്നെ കാണുന്നത്. തങ്ങളുടെ സന്തോഷവും പ്രശ്‌നങ്ങളും അവർ എന്നോടു പറയുന്നു, എന്റെ ഉപദേശം ആരായുന്നു. എനിക്ക് കത്തുകൾ എഴുതുന്നു, എന്നെ വന്നു കാണുന്നു. ഞാനും അവരെ സന്ദർശിക്കാറുണ്ട്.
“കുട്ടികളെ പ്രസവിക്കാത്തത് ഒരു ശാപമായിട്ടാണു പലരും കരുതുന്നത്. വയസ്സാകുമ്പോൾ നിങ്ങൾ കഷ്ടപ്പെടേണ്ടിവരുമെന്ന് അവർ പറയുന്നു. എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല. യഹോവയെ മുഴു ദേഹിയോടെ സേവിക്കുന്നിടത്തോളം കാലം അവൻ എന്നെ അനുഗ്രഹിക്കുമെന്നും എനിക്കുവേണ്ടി കരുതുമെന്നും എനിക്കറിയാം. വയസ്സാകുമ്പോൾ അവൻ എന്നെ ഉപേക്ഷിക്കുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.”
ദൈവം അവരെ സ്‌നേഹിക്കുന്നു, അവരുടെ വേലയെ വിലമതിക്കുന്നു
ഇനി, കുട്ടികൾക്കു ജന്മം നൽകി അവരെ വളർത്തിക്കൊണ്ടുവന്നവരുടെ കാര്യത്തിൽ, അവരുടെ മക്കൾ “സത്യത്തിൽ നടക്കു”ന്നവരാണെങ്കിൽ ആ മാതാപിതാക്കൾക്ക് യഹോവയോടു നന്ദിയുള്ളവരായിരിക്കാൻ കൂടുതൽ കാരണമുണ്ട്. ബൈബിൾ ഇപ്രകാരം പറയുന്നതിൽ അതിശയിക്കാനില്ല: “നീതിമാന്റെ അപ്പൻ ഏററവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.”—സദൃശവാക്യങ്ങൾ 23:24, 25.
കുട്ടികൾക്കു ജന്മം നൽകുന്നതിന്റെ ആനന്ദം അനുഭവിച്ചിട്ടില്ലാത്ത ക്രിസ്‌ത്യാനികൾ മറ്റു പല വിധങ്ങളിലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഈ ദമ്പതികളിൽ പലരും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ മർമപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. വർഷങ്ങളിലൂടെ അവർ, രാജ്യവേലയ്‌ക്കു വിലപ്പെട്ട സംഭാവന ചെയ്യുന്നതിന് തങ്ങളെ പ്രാപ്‌തരാക്കുന്ന അനുഭവ പരിചയവും ജ്ഞാനവും വൈദഗ്‌ധ്യങ്ങളും നേടിയെടുത്തിരിക്കുന്നു. പലരും ഈ വേലയുടെ മുന്നണിയിൽ പ്രവർത്തിക്കുന്നവരാണ്.
രാജ്യ താത്‌പര്യങ്ങൾക്കുവേണ്ടി കുട്ടികൾ വേണ്ടെന്നു വെച്ചിരിക്കുന്നുവെങ്കിലും അവർ ചെയ്‌തിരിക്കുന്ന ത്യാഗങ്ങളെ ആഴമായി വിലമതിക്കുന്ന സ്‌നേഹസമ്പന്നമായ ഒരു ആത്മീയ കുടുംബം നൽകി യഹോവ അവരെ അനുഗ്രഹിച്ചിരിക്കുന്നു. യേശു ഇങ്ങനെ പറയുകയുണ്ടായി: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, . . . നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—മർക്കൊസ് 10:29, 30.
തന്റെ വിശ്വസ്‌ത ദാസന്മാർ യഹോവയുടെ ദൃഷ്ടിയിൽ വളരെ വിലപ്പെട്ടവരാണ്! വിശ്വസ്‌തരായ ഏവർക്കും, കുട്ടികൾ ഉള്ളവർക്കും ഇല്ലാത്തവർക്കും, അപ്പൊസ്‌തലനായ പൗലൊസ് ഈ ഉറപ്പു നൽകുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രായർ 6:10.
[അടിക്കുറിപ്പുകൾ]
^ ഖ. 2 യഥാർഥ പേരുകൾ അല്ല.
[23-ാം പേജിലെ ചിത്രം]
സ്‌നേഹസമ്പന്നമായ ഒരു ആത്മീയ കുടുംബത്തെ നൽകിക്കൊണ്ട് കുട്ടികൾ ഇല്ലാത്ത ദമ്പതികളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു