വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തന്നെ സ്‌നേഹിക്കുന്നവരെ യഹോവ അമൂല്യരായി വീക്ഷിക്കുന്നു

തന്നെ സ്‌നേഹിക്കുന്നവരെ യഹോവ അമൂല്യരായി വീക്ഷിക്കുന്നു

രാജ്യ ഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

തന്നെ സ്‌നേഹിക്കുന്നവരെ യഹോവ അമൂല്യരായി വീക്ഷിക്കുന്നു

ബൈബിൾകാലം മുതൽതന്നെ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്നു ലെബാനോൻ. (സങ്കീർത്തനം 72:16; യെശയ്യാവു 60:13) വിശേഷിച്ചും, അവിടത്തെ പ്രൗഢമായ ദേവദാരു വൃക്ഷങ്ങൾ വളരെ വിലപിടിപ്പുള്ളവയായിരുന്നു. നിർമാണ രംഗത്ത്‌ അതിനു വളരെ പ്രിയമുണ്ടായിരുന്നു. കാരണം മനോഹാരിതയും നറുമണവും ഉണ്ടായിരുന്നു എന്നതിനു പുറമെ, അതു ദീർഘകാലം കേടുകൂടാതെ നിലനിൽക്കുന്നതും ആയിരുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ, ലെബാനോനിൽ അതിലും അമൂല്യമായ ചിലത്‌ ഉണ്ടായിരുന്നു. അത്‌ എന്തായിരുന്നു? പുരാതന ലെബാനോനിലെ പ്രദേശങ്ങളായ സോരിൽനിന്നും സിദോനിൽനിന്നും ‘വലിയോരു കൂട്ടം ആളുകൾ യേശു ചെയ്‌തത്‌ ഒക്കെയും കേട്ടിട്ട്‌ അവന്റെ അടുക്കൽ വന്നു’ എന്ന്‌ റിപ്പോർട്ടു ചെയ്‌തുകൊണ്ട്‌ മർക്കൊസിന്റെ സുവിശേഷം അതിന്‌ ഉത്തരം നൽകുന്നു.—മർക്കൊസ്‌ 3:8.

സമാനമായി ഇന്നും ലെബാനോൻ യഹോവയുടെ ദൃഷ്ടിയിൽ വളരെ അമൂല്യമായ ഫലം പുറപ്പെടുവിക്കുന്നു. അതു വ്യക്തമാക്കുന്നവയാണ്‌ തുടർന്നുവരുന്ന അനുഭവങ്ങൾ.

• ഒരു യുവ സാക്ഷിയായ വിസ്സാമിനോട്‌ അരമണിക്കൂർ ദീർഘിക്കുന്ന ഒരു പ്രസംഗം നടത്താൻ ടീച്ചർ ആവശ്യപ്പെട്ടു. ഒരു നല്ല സാക്ഷ്യം നൽകുന്നതിനുവേണ്ടി ആ അവസരം വിനിയോഗിക്കാൻ വിസ്സാം തീരുമാനിച്ചു. അതുകൊണ്ട്‌ അവൻ, ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകം ഉപയോഗിച്ച്‌ സൃഷ്ടി എന്ന വിഷയത്തെ കുറിച്ച്‌ ഒരു പ്രസംഗം തയ്യാറാക്കി. അവൻ തയ്യാറാക്കിയിരിക്കുന്ന വിവരങ്ങൾ കണ്ടപ്പോൾ, അതു വളരെ പ്രധാനപ്പെട്ട ഒരു വിഷയമായതിനാൽ പ്രസംഗം മുക്കാൽ മണിക്കൂർ ആക്കാമെന്ന്‌ ടീച്ചർ പറഞ്ഞു.

വിസ്സാം പ്രസംഗം തുടങ്ങിയപ്പോൾ ടീച്ചർ അതു നിറുത്തിച്ചിട്ട്‌ പ്രിൻസിപ്പാളിനെ വിളിച്ചുകൊണ്ടു വരാൻ ഏർപ്പാടു ചെയ്‌തു. പെട്ടെന്നുതന്നെ പ്രിൻസിപ്പാൾ വന്നു. വിസ്സാം വീണ്ടും പ്രസംഗം തുടങ്ങി. പ്രസംഗത്തിന്റെ മുഖവുരയിൽ വിസ്സാം ഉന്നയിച്ച ചോദ്യങ്ങൾ കേട്ടപ്പോൾ പ്രിൻസിപ്പാൾ ആവേശഭരിതയായി. എല്ലാ വിദ്യാർഥികളും ആ പ്രസംഗത്തിന്റെ ഒരു ഫോട്ടോക്കോപ്പി വാങ്ങണമെന്ന്‌ അവർ പറഞ്ഞു.

അൽപ്പനേരം കഴിഞ്ഞ്‌ അതുവഴി പോയ ഒരു അധ്യാപകൻ ക്ലാസ്‌ മുറിയിലെ ആവേശഭരിതമായ അന്തരീക്ഷം കണ്ട്‌ സംഗതി എന്താണെന്ന്‌ അന്വേഷിച്ചു. കാര്യം അറിഞ്ഞപ്പോൾ, സൃഷ്ടി ശരിയാണെന്നാണോ അതോ പരിണാമം ശരിയാണെന്നാണോ വിസ്സാം തെളിയിക്കാൻ ശ്രമിക്കുന്നതെന്ന്‌ അദ്ദേഹം ചോദിച്ചു. “സൃഷ്ടി” എന്നായിരുന്നു മറുപടി. വിസ്സാം യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്നു മനസ്സിലാക്കിയ ആ അധ്യാപകൻ ക്ലാസിനോടായി പറഞ്ഞു: “ശാസ്‌ത്രം പരിണാമത്തെയല്ല, സൃഷ്ടിയെയാണു പിന്താങ്ങുന്നതെന്ന്‌ അവന്റെ പ്രസംഗത്തിൽനിന്ന്‌ നിങ്ങൾക്കു മനസ്സിലാകും.”

സൃഷ്ടി പുസ്‌തകത്തിന്റെ ഒരു പ്രതി കൈവശമുണ്ടായിരുന്ന ഈ അധ്യാപകൻ യൂണിവേഴ്‌സിറ്റിയിൽ ക്ലാസെടുക്കാൻ അത്‌ ഉപയോഗിച്ചിരുന്നു! അടുത്ത ദിവസം തന്റെ ക്ലാസിലെ വിദ്യാർഥികളോടു സംസാരിക്കാമോയെന്ന്‌ അദ്ദേഹം വിസ്സാമിനോടു ചോദിച്ചു. അതും യഹോവയ്‌ക്കുള്ള നല്ലൊരു സാക്ഷ്യത്തിൽ കലാശിച്ചു.

• ഇരുപത്തിരണ്ടുകാരിയായ നീന സത്യത്തിന്റെ ജലത്തിനുവേണ്ടി ദാഹിക്കുകയായിരുന്നു. ഒരിക്കൽ അവളുടെ കസിൻ അവൾക്ക്‌ ഒരു ബൈബിൾ കൊടുക്കുകയും പെന്തക്കോസ്‌തു സഭയുമായി സഹവസിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. സന്തോഷപൂർവം ബൈബിൾ വായിച്ച നീന, ക്രിസ്‌ത്യാനികൾ പ്രസംഗിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കി. അതുകൊണ്ട്‌ അവൾ ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ പരിചയക്കാരോടു പറയാൻ തുടങ്ങി. “നീ ഒരു യഹോവയുടെ സാക്ഷിയാണോ?” എന്ന്‌ അവൾ സംസാരിച്ച എല്ലാവരും അവളോടു ചോദിച്ചു. അത്‌ അവളെ അമ്പരപ്പിച്ചു.

ആറു വർഷം കഴിഞ്ഞ്‌, യഹോവയുടെ സാക്ഷികൾ നീനയുടെ വീടു സന്ദർശിച്ച്‌ അവളോടു ദൈവരാജ്യത്തെ കുറിച്ചു സംസാരിച്ചു. ആദ്യമൊക്കെ അവൾ അവരുടെ പഠിപ്പിക്കലിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമിച്ചു. പക്ഷേ, അവരുടെ ഉത്തരങ്ങൾ എല്ലാം യുക്തിസഹവും ബൈബിൾ അധിഷ്‌ഠിതവുമാണെന്ന്‌ പിന്നീട്‌ അവൾക്കു മനസ്സിലായി.

ദൈവത്തിന്റെ പേര്‌ യഹോവ എന്നാണ്‌, ദൈവരാജ്യം അനേകം അനുഗ്രഹങ്ങൾ കൈവരുത്തും എന്നിങ്ങനെയുള്ള കാര്യങ്ങൾ ബൈബിളിൽനിന്നു പഠിച്ചതോടെ താൻ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന്‌ അവൾക്കു ബോധ്യമായി. അവൾ തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ച്‌ സ്‌നാപനമേറ്റു. കഴിഞ്ഞ ഏഴു വർഷമായി നീന ഒരു മുഴുസമയ ശുശ്രൂഷകയായി സേവിക്കുന്നു. തീർച്ചയായും, തന്നെ യഥാർഥത്തിൽ സ്‌നേഹിക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു.—1 കൊരിന്ത്യർ 2:9.