വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധിക്കാരം അപമാനം വരുത്തുന്നു

ധിക്കാരം അപമാനം വരുത്തുന്നു

ധിക്കാരം അപമാനം വരുത്തുന്നു

“ധിക്കാരത്തിന്റെ ഫലം അപമാനം ആയിരിക്കും. എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌.”—സദൃശവാക്യങ്ങൾ 11:2, NW.

1, 2. ധിക്കാരം എന്നു പറഞ്ഞാൽ എന്താണ്‌, ഏതൊക്കെ വിധങ്ങളിലാണ്‌ അതു ദുരന്തത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌?

അസൂയാലുവായ ഒരു ലേവ്യൻ, യഹോവ അധികാരസ്ഥാനത്ത്‌ ആക്കിവെച്ചവർക്ക്‌ എതിരെ മത്സരം ഇളക്കിവിടുന്നു. അധികാരമോഹിയായ ഒരു രാജകുമാരൻ തന്ത്രപരമായ നീക്കത്തിലൂടെ തന്റെ പിതാവിന്റെ സിംഹാസനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. അക്ഷമനായ ഒരു രാജാവ്‌ ദൈവത്തിന്റെ പ്രവാചകൻ നൽകിയ വ്യക്തമായ നിർദേശങ്ങൾ മറികടന്നു പ്രവർത്തിക്കുന്നു. ഈ മൂന്ന്‌ ഇസ്രായേല്യരുടെ പ്രവർത്തനത്തിലും പൊതുവായ ഒരു സംഗതി കാണാൻ കഴിയും: ധിക്കാരം.

2 ഒരുവന്റെ മനോഭാവവുമായി ബന്ധപ്പെട്ടിരിക്കുന്ന ഹാനികരമായ ഒരു സ്വഭാവവിശേഷതയാണു ‘ധിക്കാരം.’ (സങ്കീർത്തനം 19:13, NW) ധിക്കാരിയായ ഒരു വ്യക്തി, തന്റെ അധികാര പരിധിയിൽ അല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്നു. ഇത്‌ പലപ്പോഴും ദുരന്തത്തിലായിരിക്കും കലാശിക്കുക. ‘ധിക്കാരം’ രാജാക്കന്മാരുടെ നാശത്തിനും സാമ്രാജ്യങ്ങളുടെ പതനത്തിനും ഇടയാക്കിയിട്ടുണ്ട്‌. (യിരെമ്യാവു 50:29, 31, 32, NW; ദാനീയേൽ 5:20, NW) അത്‌ യഹോവയുടെ ദാസന്മാരിൽ ചിലരെ പോലും കെണിയിലാക്കുകയും നാശത്തിലേക്കു വലിച്ചിഴക്കുകയും ചെയ്‌തിട്ടുണ്ട്‌.

3. ധിക്കാരത്തിന്റെ അപകടങ്ങളെ കുറിച്ചു നമുക്ക്‌ എങ്ങനെ മനസ്സിലാക്കാൻ കഴിയും?

3 “ധിക്കാരത്തിന്റെ ഫലം അപമാനം ആയിരിക്കും. എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌” എന്നു ബൈബിൾ പറയുന്നത്‌ നല്ല കാരണത്തോടെയാണ്‌. (സദൃശവാക്യങ്ങൾ 11:2, NW) ഈ വാക്യത്തിന്റെ സത്യതയെ സ്ഥിരീകരിക്കുന്ന ദൃഷ്ടാന്തങ്ങളും ബൈബിൾ പ്രദാനം ചെയ്യുന്നു. അവയിൽ ചിലതു പരിചിന്തിക്കുന്നത്‌, നമുക്കു കൽപ്പിച്ചിരിക്കുന്ന അതിരുകൾ ലംഘിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. അതുകൊണ്ട്‌ അസൂയ, അധികാരമോഹം, ക്ഷമയില്ലായ്‌മ എന്നിവ തുടക്കത്തിൽ പ്രതിപാദിച്ച ആ മൂന്നു പുരുഷന്മാരെ ധിക്കാരം കാണിക്കുന്നതിനു പ്രേരിപ്പിച്ചത്‌ എങ്ങനെയെന്നും തുടർന്ന്‌ അത്‌ അവർക്ക്‌ അപമാനം വരുത്തിയത്‌ എങ്ങനെയെന്നും നമുക്കു നോക്കാം.

കോരഹ്‌—അസൂയാലുവായ മത്സരി

4. (എ) കോരഹ്‌ ആരായിരുന്നു, ബൈബിൾ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏതൊക്കെ സംഭവങ്ങളിൽ അവൻ ഉൾപ്പെട്ടിരുന്നിരിക്കണം? (ബി) പിൽക്കാലത്ത്‌ അവൻ നിന്ദ്യമായ ഏതു പ്രവൃത്തിയിലാണ്‌ ഏർപ്പെട്ടത്‌?

4 ഒരു കെഹാത്യ ലേവ്യനായിരുന്ന കോരഹ്‌ മോശെയുടെയും അഹരോന്റെയും അടുത്ത ബന്ധുവായിരുന്നു. ദശകങ്ങളോളം അവൻ യഹോവയോടു വിശ്വസ്‌തത പുലർത്തിയിരുന്നു എന്നതു വ്യക്തമാണ്‌. യഹോവ ചെങ്കടലിലൂടെ അത്ഭുതകരമായി വിടുവിച്ചു കൊണ്ടുവന്നവരുടെ കൂട്ടത്തിൽ കോരഹും ഉണ്ടായിരുന്നു. സീനായ്‌ പർവതത്തിനരികെ വെച്ച്‌ കാളക്കുട്ടിയെ ആരാധിച്ച ഇസ്രായേല്യർക്ക്‌ എതിരെ യഹോവയുടെ ന്യായവിധി നടപ്പാക്കിയവരിൽ അവനും ഉൾപ്പെട്ടിരുന്നിരിക്കണം. (പുറപ്പാടു 32:26) എന്നാൽ ഒടുവിൽ അവൻ ദാഥാൻ, അബീരാം, ഓൻ എന്നീ രൂബേന്യരെയും ഇസ്രായേലിലെ 250 സഭാപ്രധാനികളെയും മോശെയ്‌ക്കും അഹരോനും എതിരെ സംഘടിപ്പിച്ച്‌ മത്സരം ഇളക്കിവിട്ടു. * അവർ മോശെയോടും അഹരോനോടും ഇങ്ങനെ പറഞ്ഞു: “മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു?”—സംഖ്യാപുസ്‌തകം 16:1-3.

5, 6. (എ) മോശെയ്‌ക്കും അഹരോനും എതിരെ മത്സരിക്കാൻ കോരഹിനെ പ്രേരിപ്പിച്ചത്‌ എന്ത്‌? (ബി) ദൈവിക ക്രമീകരണത്തിൽ തനിക്കുണ്ടായിരുന്ന പദവിയെ കോരഹ്‌ നിസ്സാരമായി വീക്ഷിച്ചു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

5 വർഷങ്ങളോളം വിശ്വസ്‌തനായിരുന്ന കോരഹ്‌ എന്തിനാണ്‌ ഒടുവിൽ മത്സരിച്ചത്‌? അടിച്ചമർത്തുന്ന രീതിയിലല്ല മോശെ ഇസ്രായേല്യരുടെമേൽ തന്റെ അധികാരം പ്രയോഗിച്ചത്‌ എന്നു തീർച്ചയാണ്‌. കാരണം, അവൻ “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (സംഖ്യാപുസ്‌തകം 12:3) എങ്കിലും മോശെയ്‌ക്കും അഹരോനും ലഭിച്ചിരുന്ന പ്രാമുഖ്യതയിൽ കോരഹിന്‌ അസൂയയും അമർഷവും തോന്നിയിരിക്കണം. മോശെയും അഹരോനും സ്വാർഥതയോടെ തങ്ങളെത്തന്നെ സഭയ്‌ക്കു മീതെ ഉയർത്തുകയാണെന്ന വ്യാജാരോപണം ഉന്നയിക്കുന്നതിലേക്ക്‌ അത്‌ അവനെ നയിച്ചു.—സങ്കീർത്തനം 106:16.

6 കോരഹിന്റെ പ്രശ്‌നത്തിനുള്ള ഭാഗികമായ കാരണം, ദൈവിക ക്രമീകരണത്തിൽ തനിക്കുണ്ടായിരുന്ന പദവികളെ അവൻ വിലമതിച്ചിരുന്നില്ല എന്നതായിരിക്കണം. കെഹാത്യ ലേവ്യർ പുരോഹിതന്മാരായിരുന്നില്ലെങ്കിലും അവർ ദൈവിക ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കളായിരുന്നു. മാത്രമല്ല, സമാഗമന കൂടാരം വേറെ സ്ഥലങ്ങളിലേക്കു മാറ്റേണ്ടി വരുമ്പോൾ കൂടാരത്തിലെ വിശുദ്ധ പാത്രങ്ങളും മറ്റു സാധന സാമഗ്രികളും വഹിച്ചുകൊണ്ടു പോയിരുന്നതും അവരായിരുന്നു. അത്‌ പ്രാധാന്യം കുറഞ്ഞ ഒരു നിയമനം ആയിരുന്നില്ല. കാരണം, ആത്മീയവും ധാർമികവുമായി ശുദ്ധിയുള്ളവർക്കു മാത്രമേ വിശുദ്ധ പാത്രങ്ങൾ കൈകാര്യം ചെയ്യാനാകുമായിരുന്നുള്ളൂ. (യെശയ്യാവു 52:11) അതുകൊണ്ട്‌, കോരഹുമായി ന്യായവാദം ചെയ്യവെ ഫലത്തിൽ മോശെ അവനോട്‌ ഇങ്ങനെ ചോദിക്കുകയായിരുന്നു, ‘നിന്റെ നിയമനം തീർത്തും നിസ്സാരമാണെന്നു കരുതിയിട്ടാണോ നീ പൗരോഹിത്യ പദവി കൂടെ കാംക്ഷിക്കുന്നത്‌?’ (സംഖ്യാപുസ്‌തകം 16:9, 10) ഏറ്റവും വലിയ പദവി യഹോവയുടെ ക്രമീകരണത്തിനു യോജിപ്പിൽ അവനെ സേവിക്കുക എന്നതാണ്‌ എന്നും പ്രത്യേക സ്ഥാനമാനങ്ങൾ ലഭിക്കുക എന്നതല്ല എന്നും തിരിച്ചറിയാൻ കോരഹ്‌ പരാജയപ്പെട്ടു.—സങ്കീർത്തനം 84:10.

7. കോരഹും അവന്റെ ആളുകളും സൃഷ്ടിച്ച പ്രശ്‌നത്തെ മോശെ കൈകാര്യം ചെയ്‌തത്‌ എങ്ങനെ? (ബി) കോരഹിന്റെ മത്സരം അവന്റെ ദുരന്തത്തിന്‌ ഇടയാക്കിയത്‌ എങ്ങനെ?

7 പിറ്റേന്നു രാവിലെ ധൂപകലശവും ധൂപവർഗവുംകൊണ്ട്‌ സമാഗമന കൂടാരത്തിൽ വരാൻ കോരഹിനെയും അവന്റെ ആളുകളെയും മോശെ ക്ഷണിച്ചു. പുരോഹിതന്മാർ അല്ലാതിരുന്നതിനാൽ കോരഹിനും അവന്റെ ആളുകൾക്കും ധൂപവർഗം അർപ്പിക്കാൻ അധികാരമില്ലായിരുന്നു. ധൂപകലശവും ധൂപവർഗവും കൊണ്ടുവരികയാണെങ്കിൽ പുരോഹിത ധർമം നിർവഹിക്കാനുള്ള അവകാശം തങ്ങൾക്ക്‌ ഉണ്ടെന്ന്‌ അവർ അപ്പോഴും—പ്രസ്‌തുത വിഷയത്തെ കുറിച്ച്‌ ഒരു രാത്രി മുഴുവൻ പരിചിന്തിക്കാൻ അവസരം കിട്ടിയിട്ടും—വിശ്വസിക്കുന്നതായി അത്‌ സൂചിപ്പിക്കുമായിരുന്നു. പിറ്റേന്നു രാവിലെ അവർ സമാഗമന കൂടാരത്തിൽ വന്ന്‌ ധൂപവർഗം അർപ്പിച്ചപ്പോൾ യഹോവ തന്റെ ക്രോധം പ്രകടിപ്പിച്ചു, അത്‌ നീതിനിഷ്‌ഠമായിരുന്നു താനും. ‘ഭൂമി വായ്‌ തുറന്നു [രൂബേന്യരെ] വിഴുങ്ങിക്കളഞ്ഞു.’ ‘കോരഹ്‌ ഉൾപ്പെടെ ബാക്കിയുള്ളവരെ ദൈവത്തിന്റെ സന്നിധിയിൽനിന്ന്‌ തീ ഇറങ്ങിവന്ന്‌ നശിപ്പിച്ചു’ എന്നും ബൈബിൾ പറയുന്നു. (ആവർത്തനപുസ്‌തകം 11:6; സംഖ്യാപുസ്‌തകം 16:16-35; 26:10, NW) കോരഹിന്റെ ധിക്കാരം ഒടുവിൽ അവന്‌ ഏറ്റവും വലിയ അപമാനം വരുത്തി. അതായത്‌, അവൻ ദൈവത്തിന്റെ അപ്രീതിക്കു പാത്രമായി!

“അസൂയപ്പെടാനുള്ള പ്രവണത”യെ ചെറുക്കുക

8. “അസൂയപ്പെടാനുള്ള പ്രവണത” ക്രിസ്‌ത്യാനികളിൽ പ്രകടമായേക്കാവുന്നത്‌ എങ്ങനെ?

8 കോരഹിനെ സംബന്ധിച്ച വിവരണം നമുക്കെല്ലാം ഒരു മുന്നറിയിപ്പിൻ പാഠമാണ്‌. അപൂർണ മനുഷ്യർക്കെല്ലാം “അസൂയപ്പെടാനുള്ള പ്രവണത” ഉള്ളതിനാൽ, ക്രിസ്‌തീയ സഭയിലും അതിന്റെ ലക്ഷണങ്ങൾ പ്രകടമായേക്കാം. (യാക്കോബ്‌ 4:5, NW) ഉദാഹരണത്തിന്‌, നാം പദവികൾക്ക്‌ അമിതപ്രാധാന്യം നൽകുന്നവരായിരിക്കാം. നമ്മൾ ആഗ്രഹിക്കുന്ന പദവികൾ മറ്റുള്ളവർക്ക്‌ ലഭിക്കുമ്പോൾ കോരഹിനെപോലെ നമുക്കതിൽ അസൂയ തോന്നിയേക്കാം. അല്ലെങ്കിൽ നാം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിയായിരുന്ന ദിയൊത്രെഫേസിനെപോലെ ആയിത്തീർന്നേക്കാം. അപ്പൊസ്‌തലിക അധികാരത്തെ രൂക്ഷമായി വിമർശിച്ചിരുന്ന ഒരാളായിരുന്നു ദിയൊത്രെഫേസ്‌, ആ പദവി തനിക്കു ലഭിക്കാൻ അവൻ ആഗ്രഹിച്ചിരുന്നതായിരിക്കണം അതിനുള്ള കാരണം. അതുകൊണ്ട്‌, “പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന”വൻ എന്നാണ്‌ ദിയൊത്രെഫേസിനെ യോഹന്നാൻ വിശേഷിപ്പിച്ചത്‌.—3 യോഹന്നാൻ 9.

9. (എ) സഭയിലെ ഉത്തരവാദിത്വങ്ങളോടുള്ള ബന്ധത്തിൽ ഏതു വീക്ഷണം നാം ഒഴിവാക്കണം? (ബി) ദൈവിക ക്രമീകരണത്തിൽ നമുക്കുള്ള സ്ഥാനം സംബന്ധിച്ച്‌ എന്ത്‌ ഉചിതമായ വീക്ഷണം ഉണ്ടായിരിക്കണം?

9 ഒരു ക്രിസ്‌തീയ പുരുഷൻ സഭയിലെ ചില ഉത്തരവാദിത്വ സ്ഥാനങ്ങളിൽ എത്തിച്ചേരാൻ കാംക്ഷിക്കുന്നതു തെറ്റല്ല. പൗലൊസ്‌ അത്തരം ഒരു ഗതിയെ പ്രോത്സാഹിപ്പിക്കുക കൂടെ ചെയ്‌തു. (1 തിമൊഥെയൊസ്‌ 3:1) എന്നിരുന്നാലും, അത്തരം സേവന പദവികളിൽ എത്തിച്ചേരുമ്പോൾ നമുക്ക്‌ എന്തോ വലിയ സ്ഥാനമാനങ്ങൾ ലഭിച്ചെന്ന്‌ അഥവാ നാം മറ്റുള്ളവരെക്കാൾ ഒരു പടികൂടി മുന്നിലായെന്നു കരുതരുത്‌. യേശുവിന്റെ ഈ വാക്കുകൾ ഓർക്കുക: “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.” (മത്തായി 20:26, 27) ദൈവത്തിന്റെ സംഘടനയിൽ ഒരു വ്യക്തിക്കുള്ള “പദവി”യാണ്‌ ദിവ്യാംഗീകാരത്തിന്റെ അളവുകോൽ എന്ന മട്ടിൽ, കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരോട്‌ അസൂയപ്പെടുന്നതു തെറ്റാണ്‌. കാരണം “നിങ്ങളോ എല്ലാവരും സഹോദരന്മാർ” എന്ന്‌ യേശു പറയുകയുണ്ടായി. (മത്തായി 23:8) അതേ, ഒരു പ്രസാധകനോ പയനിയറോ, പുതുതായി സ്‌നാപനമേറ്റ ഒരാളോ ദീർഘനാളായി വിശ്വസ്‌തതയോടെ നിലകൊണ്ടിരിക്കുന്ന ഒരാളോ ആരുതന്നെ ആയിക്കൊള്ളട്ടെ, യഹോവയെ പൂർണാത്മാവോടെ സേവിക്കുന്നെങ്കിൽ ആ വ്യക്തിക്ക്‌ അവന്റെ ക്രമീകരണത്തിൽ വിലയേറിയ ഒരു സ്ഥാനമുണ്ട്‌. (ലൂക്കൊസ്‌ 10:27; 12:6, 7; ഗലാത്യർ 3:28; എബ്രായർ 6:10) “തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്‌മ ധരിച്ചുകൊൾവിൻ” എന്ന ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാൻ കഠിനമായി ശ്രമിക്കുന്ന ദശലക്ഷങ്ങളോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നതു വലിയൊരു അനുഗ്രഹം തന്നെയാണ്‌.—1 പത്രൊസ്‌ 5:5.

അബ്‌ശാലോം—അധികാരമോഹിയും തന്ത്രശാലിയും

10. അബ്‌ശാലോം ആരായിരുന്നു, ന്യായവിസ്‌താരത്തിനായി രാജാവിന്റെ അടുക്കലേക്കു വന്നിരുന്നവരുടെ പ്രീതി പിടിച്ചുപറ്റാൻ അവൻ എന്തെല്ലാം ചെയ്‌തിരുന്നു?

10 ദാവീദ്‌ രാജാവിന്റെ മൂന്നാമത്തെ മകനായ അബ്‌ശാലോം അധികാരമോഹത്തിന്‌ എതിരെയുള്ള ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ്‌. അധികാരമോഹിയും തന്ത്രശാലിയുമായിരുന്ന അവൻ, രാജാവിന്റെ അടുക്കലേക്ക്‌ ന്യായവിസ്‌താരത്തിനായി വന്നിരുന്നവരുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിച്ചു. ആദ്യംതന്നെ, രാജാവ്‌ അവരുടെ ആവശ്യങ്ങളോടു നിസ്സംഗതാമനോഭാവം പുലർത്തുകയാണെന്ന്‌ അവൻ അവരെ ധരിപ്പിക്കും. എന്നിട്ട്‌ നേരെ കാര്യത്തിലേക്കു കടക്കും. അവൻ ഇങ്ങനെ പറയുമായിരുന്നു: “ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവർക്കു ന്യായം തീർപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു.” അബ്‌ശാലോമിന്റെ കുതന്ത്രങ്ങൾക്ക്‌ കൈയും കണക്കുമില്ലായിരുന്നു. “ആരെങ്കിലും അവനെ നമസ്‌കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യു”മായിരുന്നു എന്നു ബൈബിൾ പറയുന്നു. “രാജാവിന്റെ അടുക്കൽ ന്യായവിസ്‌താരത്തിന്നു വരുന്ന എല്ലാ യിസ്രായേലിനോടും അബ്‌ശാലോം ഇവ്വണ്ണം തന്നേ ചെയ്‌തു.” ഫലം എന്തായിരുന്നു? “അബ്‌ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.”—2 ശമൂവേൽ 15:1-6.

11. അബ്‌ശാലോം അട്ടിമറിയിലൂടെ ദാവീദിന്റെ സിംഹാസനം പിടിച്ചെടുക്കാൻ ശ്രമിച്ചത്‌ എങ്ങനെ?

11 തന്റെ പിതാവിന്റെ രാജത്വം അട്ടിമറിച്ച്‌ അധികാരം കൈക്കലാക്കുക എന്നതായിരുന്നു അബ്‌ശാലോമിന്റെ ലക്ഷ്യം. അതിനും അഞ്ചു വർഷം മുമ്പ്‌ അവൻ ദാവീദിന്റെ മൂത്ത മകനായ അമ്‌നോനെ വധിച്ചിരുന്നു. സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ്‌ അവൻ അതു ചെയ്‌തത്‌. (2 ശമൂവേൽ 13:28, 29) എങ്കിലും അപ്പോഴും അബ്‌ശാലോമിന്‌ സിംഹാസനത്തിൽ ഒരു കണ്ണുണ്ടായിരുന്നിരിക്കണം. അതുകൊണ്ട്‌, തന്റെ പ്രതിയോഗിയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യവും അബ്‌ശാലോമിന്‌ ഉണ്ടായിരുന്നിരിക്കാം. * എന്തായാലും, സമയം ഒത്തുകിട്ടിയപ്പോൾ അബ്‌ശാലോം തന്റെ ലക്ഷ്യം സാധിച്ചു. രാജാവായ വിവരം ദേശം മുഴുവൻ അവൻ വിളംബരം ചെയ്യിച്ചു.—2 ശമൂവേൽ 15:10.

12. അബ്‌ശാലോമിന്റെ ധിക്കാരം അവന്‌ അപമാനം വരുത്തിയത്‌ എങ്ങനെയെന്നു വിവരിക്കുക.

12 അൽപ്പകാലത്തേക്ക്‌ അബ്‌ശാലോമിന്റെ ശ്രമങ്ങളൊക്കെ വിജയിച്ചു. “ജനം നിത്യം അബ്‌ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.” കാലാന്തരത്തിൽ ദാവീദ്‌ രാജാവിന്‌ പ്രാണരക്ഷാർഥം അവിടെനിന്ന്‌ ഓടിപ്പോകേണ്ടിവന്നു. (2 ശമൂവേൽ 15:12-17) എന്നാൽ താമസിയാതെ അബ്‌ശാലോമിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. യോവാബ്‌ അബ്‌ശാലോമിനെ വധിച്ചു. എന്നിട്ട്‌ അവനെ ഒരു കുഴിയിൽ ഇട്ട്‌ കൽക്കൂമ്പാരം കൊണ്ടു മൂടി. ഒന്നു ചിന്തിച്ചുനോക്കൂ, രാജാവാകാൻ കൊതിച്ച അധികാരമോഹിയായ ആ മനുഷ്യന്‌ മാന്യമായ ഒരു ശവസംസ്‌കാരം പോലും ലഭിച്ചില്ല! * അങ്ങനെ, അബ്‌ശാലോമിന്റെ ധിക്കാരം അവന്‌ അപമാനം വരുത്തുകതന്നെ ചെയ്‌തു.—2 ശമൂവേൽ 18:9-17.

അധികാരക്കൊതി ഒഴിവാക്കുക

13. ഒരു ക്രിസ്‌ത്യാനിയുടെ മനസ്സിൽ സ്ഥാനമോഹം വേരെടുത്തേക്കാവുന്നത്‌ എങ്ങനെ?

13 അബ്‌ശാലോം അധികാരത്തിലേക്കു വന്നതും തുടർന്ന്‌ അവനു തന്റെ സ്ഥാനം നഷ്ടമായതും നമുക്ക്‌ ഒരു പാഠമാണ്‌. തത്ത്വദീക്ഷയില്ലാത്ത ഇന്നത്തെ ലോകത്തിൽ, പേരെടുക്കാനായി അല്ലെങ്കിൽ പദവികളോ സ്ഥാനക്കയറ്റമോ ലഭിക്കാനായി ആളുകൾ മുഖസ്‌തുതി പറഞ്ഞ്‌ തങ്ങളുടെ മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കാറുണ്ട്‌. അതേസമയം, തങ്ങളുടെ കീഴുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാനായി തങ്ങൾ വേണ്ടതെല്ലാം ചെയ്യാമെന്ന്‌ അവരോടു വീരവാദങ്ങൾ മുഴക്കുകയും ചെയ്‌തേക്കും. ജാഗ്രത പാലിക്കാത്തപക്ഷം സ്ഥാനമാനങ്ങൾക്കായുള്ള മോഹം നമ്മുടെ ഹൃദയങ്ങളിലും വേരെടുത്തേക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളിൽ ചിലർക്ക്‌ അതു സംഭവിച്ചു. ഒടുവിൽ അത്തരം വ്യക്തികൾക്കെതിരെ ജാഗ്രത പുലർത്താൻ അപ്പൊസ്‌തലന്മാർക്ക്‌ ക്രിസ്‌ത്യാനികളെ ശക്തമായി പ്രബോധിപ്പിക്കേണ്ടിവന്നു.—ഗലാത്യർ 4:17; 3 യോഹന്നാൻ 9, 10.

14. സ്ഥാനമോഹവും തന്നെത്തന്നെ ഉയർത്തിക്കാണിക്കുന്ന ശീലവും നാം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 തന്നെത്തന്നെ ഉയർത്തിക്കാട്ടിക്കൊണ്ട്‌ “സ്വന്തമഹത്വം തേടുന്ന” തന്ത്രശാലികൾക്ക്‌ യഹോവയുടെ സംഘടനയിൽ സ്ഥാനമില്ല. (സദൃശവാക്യങ്ങൾ 25:27, ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ) “കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും” എന്ന്‌ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സങ്കീർത്തനം 12:3) കപടമുള്ള അധരമായിരുന്നു അബ്‌ശാലോമിന്റേത്‌. ആളുകളുടെ പ്രീതി പിടിച്ചുപറ്റാനായി അവൻ അവരോടു വമ്പു പറഞ്ഞു. അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ അവനുണ്ടായിരുന്നുള്ളൂ. ഇതിൽനിന്നു വ്യത്യസ്‌തമായി, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണിക്കൊൾവിൻ” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്ന സഹോദരവർഗത്തോടൊപ്പം ആയിരിക്കുന്ന നാം എത്ര അനുഗൃഹീതരാണ്‌!—ഫിലിപ്പിയർ 2:3.

ശൗൽ—ക്ഷമയില്ലാഞ്ഞ രാജാവ്‌

15. ശൗൽ ഒരു കാലത്ത്‌ എളിമയുള്ളവൻ ആയിരുന്നു എന്നു പറയാൻ കാരണമെന്ത്‌?

15 ഇസ്രായേലിന്റെ രാജാവായിത്തീർന്ന ശൗൽ ഒരു കാലത്ത്‌ എളിമയുള്ളവൻ ആയിരുന്നു. അവൻ ചെറുപ്പമായിരുന്നപ്പോൾ നടന്ന ഒരു സംഭവം പരിചിന്തിക്കുക. ദൈവത്തിന്റെ പ്രവാചകനായ ശമൂവേൽ ശൗലിനെ കുറിച്ച്‌ അനുകൂലമായി സംസാരിച്ചപ്പോൾ ശൗൽ ഇങ്ങനെ പറഞ്ഞു: “ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏററവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏററവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു.”—1 ശമൂവേൽ 9:21.

16. ശൗൽ ക്ഷമയില്ലായ്‌മ പ്രകടിപ്പിച്ചത്‌ ഏതു വിധത്തിൽ?

16 എന്നാൽ പിന്നീട്‌ ശൗലിന്‌ എളിമയില്ലാതായി. ഫെലിസ്‌ത്യരുമായുള്ള യുദ്ധത്തിനിടയിൽ അവൻ ഗില്‌ഗാലിലേക്കു പിൻവാങ്ങി. അവിടെ യഹോവയ്‌ക്ക്‌ യാഗം അർപ്പിച്ച്‌ അപേക്ഷ കഴിക്കാനായി ശമൂവേൽ വരുന്നതുവരെ അവൻ കാത്തിരിക്കണമായിരുന്നു. എന്നാൽ ശമൂവേൽ നിശ്ചയിച്ച സമയത്ത്‌ എത്താഞ്ഞപ്പോൾ ശൗൽ ധിക്കാരപൂർവം ഹോമയാഗം അർപ്പിച്ചു. യാഗം അർപ്പിച്ചു കഴിഞ്ഞയുടനെ ശമൂവേൽ എത്തി. “നീ ചെയ്‌തതു എന്തു,” ശമൂവേൽ ചോദിച്ചു. ശൗൽ മറുപടി പറഞ്ഞു: ‘ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും കണ്ടിട്ടു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി.’—1 ശമൂവേൽ 13:8-12.

17. (എ) ശൗലിന്റെ നടപടി പ്രഥമദൃഷ്ട്യാ ന്യായീകരിക്കത്തക്കതായി തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവ ശൗലിന്റെ നടപടിയെ കുറ്റം വിധിക്കാൻ കാരണം എന്ത്‌?

17 ശൗലിന്റെ നടപടി പ്രഥമദൃഷ്ട്യാ ന്യായീകരിക്കത്തക്കതാണെന്നു തോന്നിയേക്കാം. കാരണം, ദൈവജനം ‘ഉപദ്രവിക്കപ്പെടുകയും വിഷമത്തിലാകുകയും’ തങ്ങളുടെ നിസ്സഹായാവസ്ഥയിൽ പേടിച്ചുവിറയ്‌ക്കുകയും ചെയ്‌ത സാഹചര്യമായിരുന്നല്ലോ അത്‌. (1 ശമൂവേൽ 13:6, 7) ആവശ്യമായ സന്ദർഭങ്ങളിൽ മുൻകൈ എടുത്തു പ്രവർത്തിക്കുന്നത്‌ തീർച്ചയായും തെറ്റല്ല. * എന്നാൽ യഹോവയ്‌ക്ക്‌ നമ്മുടെ ഹൃദയങ്ങളെ വായിക്കാനും നമ്മുടെ ആന്തരങ്ങൾ വിവേചിച്ചറിയാനും സാധിക്കുമെന്നുള്ള വസ്‌തുത നാം വിസ്‌മരിക്കരുത്‌. (1 ശമൂവേൽ 16:7) അതുകൊണ്ട്‌, ബൈബിൾ വിവരണത്തിൽ നേരിട്ട്‌ പ്രതിപാദിച്ചിട്ടില്ലാത്ത ചില കാര്യങ്ങൾ ശൗലിൽ യഹോവ നിരീക്ഷിച്ചിരിക്കണം. ഉദാഹരണത്തിന്‌, ശൗലിന്റെ ക്ഷമയില്ലായ്‌മ അഹങ്കാരത്തിൽനിന്ന്‌ ഉടലെടുത്തതാണെന്നു യഹോവ കണ്ടുകാണണം. മുഴു ഇസ്രായേലിന്റെയും അധിപതിയായ താൻ, കൃത്യനിഷ്‌ഠയില്ലാത്ത ഒരു വയസ്സൻ പ്രവാചകനു വേണ്ടി കാത്തുനിൽക്കുകയോ എന്ന്‌ ശൗൽ ചിന്തിച്ചിരിക്കണം. എന്തായാലും, ശമൂവേൽ വരാൻ താമസിച്ചതുകൊണ്ട്‌ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാനും ലഭിച്ചിരുന്ന വ്യക്തമായ നിർദേശങ്ങൾ അവഗണിക്കാനും തനിക്ക്‌ അവകാശമുണ്ടെന്ന്‌ ശൗൽ വിചാരിച്ചു. ഫലം എന്തായിരുന്നു? ശൗലിന്റെ നടപടിയെ പ്രശംസിക്കുന്നതിനു പകരം ശമൂവേൽ അവനെ ശാസിക്കുകയാണു ചെയ്‌തത്‌. “യഹോവ നിന്നോടു കല്‌പിച്ച കല്‌പന നീ പ്രമാണിച്ചില്ല. . . . നിന്റെ രാജത്വം നിലനില്‌ക്കയില്ല” എന്ന്‌ ശമൂവേൽ ശൗലിനോടു പറഞ്ഞു. (1 ശമൂവേൽ 13:13, 14) അങ്ങനെ, ധിക്കാരിയായ ശൗലും അപമാനത്തിനു പാത്രമായി.

ക്ഷമയില്ലായ്‌മയ്‌ക്കെതിരെ ജാഗ്രത പാലിക്കുക

18, 19. (എ) ക്ഷമയില്ലായ്‌മ ഇന്ന്‌ യഹോവയുടെ ഒരു ദാസനെ ധിക്കാരം കാണിക്കാൻ പ്രേരിപ്പിച്ചേക്കാവുന്നത്‌ എങ്ങനെയെന്നു വിവരിക്കുക? (ബി) ക്രിസ്‌തീയ സഭയുടെ നടത്തിപ്പു സംബന്ധിച്ച്‌ നാം എന്ത്‌ ഓർത്തിരിക്കണം?

18 ശൗൽ കാണിച്ച ധിക്കാരം ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ നമ്മുടെ പ്രയോജനത്തിനായിട്ടാണ്‌. (1 കൊരിന്ത്യർ 10:11) നമ്മുടെ സഹോദരങ്ങളുടെ അപൂർണതകൾ നമ്മെ എളുപ്പത്തിൽ അലോസരപ്പെടുത്തിയേക്കാം. ശൗലിനെ പോലെ നാമും അക്ഷമരായേക്കാം, കാര്യങ്ങളെല്ലാം ഉചിതമായി നീങ്ങണമെങ്കിൽ നമ്മുടെ കൈതന്നെ വേണമെന്നു നമുക്കു തോന്നിയേക്കാം. ഉദാഹരണത്തിന്‌, ഒരു സഹോദരന്‌ നല്ല സംഘാടന പ്രാപ്‌തി ഉണ്ടെന്നിരിക്കട്ടെ. അദ്ദേഹം കൃത്യനിഷ്‌ഠയുള്ളവനും സഭാ നടപടികളെല്ലാം വേണ്ടവിധം കൈകാര്യം ചെയ്യുന്നവനും നല്ല പ്രസംഗ, പഠിപ്പിക്കൽ പ്രാപ്‌തിയുള്ളവനും ആണെന്നു വിചാരിക്കുക. എന്നാൽ, മറ്റുള്ളവർ തന്റെയൊപ്പം എത്തുന്നില്ലെന്നും അവർക്ക്‌ വേണ്ടത്ര കഴിവില്ലെന്നും അദ്ദേഹത്തിനു തോന്നുന്നു. അത്തരമൊരു സാഹചര്യത്തിൽ ക്ഷമയില്ലായ്‌മ പ്രകടിപ്പിക്കുന്നത്‌ ന്യായീകരിക്കത്തക്കതാണോ? അദ്ദേഹം തന്റെ സഹോദരങ്ങളെ വിമർശിക്കുന്നതും താനില്ലെങ്കിൽ സഭയിൽ കാര്യങ്ങളൊന്നും വേണ്ടവിധം നടക്കില്ലെന്ന മട്ടിൽ പെരുമാറുന്നതും ശരിയായിരിക്കുമോ? അങ്ങനെയെല്ലാം ചെയ്യുന്നെങ്കിൽ അതു ധിക്കാരമായിരിക്കും!

19 വാസ്‌തവത്തിൽ, ക്രിസ്‌തീയ സഭയെ ഒരുമിച്ചു നിറുത്തുന്നത്‌ എന്താണ്‌? മേൽവിചാരണ പ്രാപ്‌തിയാണോ? കഴിവുകളാണോ? പരിജ്ഞാനത്തിന്റെ ആഴമാണോ? ഇവയെല്ലാം സഭയുടെ സുഗമമായ നടത്തിപ്പിന്‌ അനിവാര്യമാണ്‌ എന്നതു ശരിതന്നെ. (1 കൊരിന്ത്യർ 14:40; ഫിലിപ്പിയർ 3:16; 2 പത്രൊസ്‌ 3:18) എന്നാൽ, തന്റെ ശിഷ്യന്മാരെ മുഖ്യമായും തിരിച്ചറിയിക്കുന്ന ഘടകം സ്‌നേഹമാണെന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 13:35) അതുകൊണ്ട്‌, കരുതലുള്ള മൂപ്പന്മാർ കാര്യങ്ങളെല്ലാം ക്രമമായി നടക്കാൻ പ്രതീക്ഷിക്കുമ്പോൾത്തന്നെ കടുത്ത അച്ചടക്ക നടപടികളോടെ മുമ്പോട്ടു കൊണ്ടുപോകേണ്ട ഒന്നായി സഭയെ വീക്ഷിക്കുകയില്ല. പകരം, ആർദ്രപരിപാലനം ആവശ്യമായ ആട്ടിൻപറ്റമായിട്ടായിരിക്കും അവർ സഭയിലുള്ളവരെ കാണുക. (യെശയ്യാവു 32:1, 2; 40:11) അങ്ങനെയുള്ള തത്ത്വങ്ങളെ ധിക്കാരപൂർവം അവഗണിക്കുമ്പോൾ അത്‌ മിക്കപ്പോഴും പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കും. എന്നാൽ ദൈവിക അച്ചടക്കം സമാധാനം സൃഷ്ടിക്കുന്നു.—1 കൊരിന്ത്യർ 14:33; ഗലാത്യർ 6:16.

20. അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതായിരിക്കും?

20 സദൃശവാക്യങ്ങൾ 11:2-ൽ പറഞ്ഞിരിക്കുന്നതുപോലെ, ധിക്കാരത്തിന്റെ ഫലം അപമാനം ആയിരിക്കുമെന്നു കോരഹ്‌, അബ്‌ശാലോം, ശൗൽ എന്നിവരെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ അതേ വാക്യംതന്നെ, “എളിമയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌” എന്നും പറയുന്നു. എന്താണ്‌ എളിമ? ഈ ഗുണം പ്രകടമാക്കിയ ആരുടെയൊക്കെ ദൃഷ്ടാന്തങ്ങളാണ്‌ ബൈബിളിലുള്ളത്‌? ഇന്ന്‌ നമുക്ക്‌ എങ്ങനെ എളിമ പ്രകടമാക്കാൻ കഴിയും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 4 രൂബേൻ ആയിരുന്നു യാക്കോബിന്റെ ആദ്യജാതൻ. അതുകൊണ്ട്‌, കോരഹിന്റെ സ്വാധീനത്താൽ വഴിതെറ്റിക്കപ്പെട്ട ആ രൂബേന്യർക്ക്‌, യാക്കോബിന്റെ മൂന്നാമത്തെ മകനായ ലേവിയുടെ പിൻഗാമിയായിരുന്ന മോശെയ്‌ക്കു തങ്ങളുടെ മേൽ ഭരണപരമായ അധികാരം ഉണ്ടായിരുന്നതിൽ നീരസം തോന്നിയിരിക്കണം.

^ ഖ. 11 ദാവീദിന്റെ രണ്ടാമത്തെ മകനായ കിലെയാബിന്റെ ജന്മവിവരം മാത്രമേ ബൈബിൾ നൽകുന്നുള്ളൂ, അവനെ സംബന്ധിച്ച മറ്റു വിശദാംശങ്ങളൊന്നും പറയുന്നില്ല. അബ്‌ശാലോമിന്റെ അട്ടിമറി ശ്രമത്തിന്‌ അൽപ്പനാൾ മുമ്പ്‌ അവൻ മരിച്ചിട്ടുണ്ടാകണം.

^ ഖ. 12 ബൈബിൾ കാലങ്ങളിൽ, ശവസംസ്‌കാരത്തിന്‌ വളരെയധികം പ്രാധാന്യം കൽപ്പിച്ചിരുന്നു. അതുകൊണ്ട്‌ ശവസംസ്‌കാരം നിഷേധിക്കുന്നത്‌ വലിയൊരു നിന്ദയായിരുന്നു, മിക്കപ്പോഴും അത്‌ ദൈവത്തിന്റെ അപ്രീതിയുടെ പ്രകടനമായിരുന്നു.—യിരെമ്യാവു 25:32, 33.

^ ഖ. 17 ഉദാഹരണത്തിന്‌, പതിനായിരക്കണക്കിന്‌ ഇസ്രായേല്യരുടെ മരണത്തിൽ കലാശിച്ച ബാധ നീങ്ങിപ്പോകാൻ ഫീനെഹാസ്‌ സത്വര നടപടി കൈക്കൊണ്ടു. അതുപോലെതന്നെ ദാവീദ്‌ തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ “ദൈവാലയത്തിൽ” ചെന്ന്‌ കാഴ്‌ചയപ്പം ഭക്ഷിച്ചു. എങ്കിലും മേൽപ്പറഞ്ഞ രണ്ടു നടപടികളും ധിക്കാരമായി ദൈവം വീക്ഷിച്ചില്ല.—മത്തായി 12:2-4; സംഖ്യാപുസ്‌തകം 25:7-9; 1 ശമൂവേൽ 21:1-6.

നിങ്ങൾ ഓർക്കുന്നുവോ?

ധിക്കാരം എന്നു പറഞ്ഞാൽ എന്താണ്‌?

• അസൂയ ധിക്കാരം കാണിക്കാൻ കോരഹിനെ പ്രേരിപ്പിച്ചത്‌ എങ്ങനെ?

• അധികാരമോഹിയായ അബ്‌ശാലോമിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ നാം എന്തു പഠിക്കുന്നു?

• ശൗൽ പ്രകടമാക്കിയ ക്ഷമയില്ലായ്‌മ നമുക്ക്‌ എങ്ങനെ ഒഴിവാക്കാം?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

ക്ഷമയില്ലായ്‌മ ധിക്കാരം കാണിക്കാൻ ശൗലിനെ പ്രേരിപ്പിച്ചു